Translate

Wednesday, August 7, 2019

വഴി തെറ്റിയ കരിസ്മാറ്റിക്ക് പ്രസ്ഥാനം!


ജോസഫ് മറ്റപ്പള്ളി  ഫോണ്‍: 9495575338

കേരളകത്തോലിക്കാസഭയെ പൊതുസമൂഹത്തില്‍ അവഹേളിതമാക്കാന്‍ ഏറ്റം സഹായിച്ച മൂന്നു ഘടകങ്ങളാണ്, കഴിവുകെട്ട ഭരണാധികാരികളും, സൂത്രക്കാരായ കരിസ്മാറ്റിക്കുകാരും, പിന്നെ തലതിരിഞ്ഞ പാരമ്പര്യവാദവും. തുടങ്ങിയത് സദുദ്ദേശ്യത്തോടെയാണെങ്കിലും വളര്‍ന്നുവന്നപ്പോള്‍ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ രൂപവും മാറി ലക്ഷ്യവും മാറി. വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടാകുന്ന അവസ്ഥയാണിപ്പോള്‍; ദൈവത്തിന്റെ പേരില്‍ ആര്‍ക്കും എന്തും പറയാമെന്ന സ്ഥിതിവിശേഷമാണിവിടെ. മറുഭാഷാവരമെന്നു പറഞ്ഞാല്‍ ഗള കൊള ഗുളു ഗുളു! കുട്ടികളുണ്ടാവാന്‍ പത്രം അരയില്‍ ചുറ്റി കമിഴ്ന്നു കിടക്കുക (മരുന്നിനെങ്കിലും അച്ഛന്‍ നിര്‍ബന്ധമാണെന്നു പറയുന്നില്ല!). കോപിക്കുന്ന ദൈവത്തെ വേണ്ടപ്പോള്‍ പഴയനിയമത്തിലേക്ക്, സ്‌നേഹിക്കുന്ന ദൈവത്തെ വേണ്ടപ്പോള്‍ പുതിയ നിയമത്തിലേക്ക്! തോമ്മാശ്‌ളീഹാ മതം മാറ്റിയത് ബ്രാഹ്മണരെ - ബ്രാഹ്മണര്‍ കേരളത്തില്‍ വന്നതോ, ഏഴാം നൂറ്റാണ്ടില്‍! ചരിത്രം സത്യമാണ് പറയുന്നതെങ്കില്‍, ഇന്നു സഭയിലുള്ള 50 ലക്ഷം സീറോ-മലബാര്‍ കത്തോലിക്കരില്‍ 95 ശതമാനവും 1866 മുതല്‍ 1905 വരെയുള്ള കാലയളവില്‍ മാര്‍ഗ്ഗംകൂടിയ പറയര്‍, പുലയര്‍ മുതലായ 'എളിയവരും അജ്ഞരുമായ' ദളിതരുടെ പിന്‍ഗാമികളാണ്.  ചുരുക്കം ചില വൈരുദ്ധ്യങ്ങളെപ്പറ്റിയേ ഞാനിവിടെ പരാമര്‍ശിച്ചിട്ടുള്ളു. ഒരുളുപ്പുമില്ലാതെ എന്തെല്ലാം വേണമെങ്കിലും പറയാനും അതെല്ലാം അതുപോലെ വിഴുങ്ങാനും സിദ്ധിയുള്ള ഭൂമുഖത്തെ ചുരുക്കം ചില സമൂഹങ്ങളിലൊന്നാണ്, കേരളത്തിലെ സീറോ - മലബാര്‍ സഭയെന്നു പറയാം. യേശു എന്താണുദ്ദേശിച്ചതെന്നു ശരിയായി മനസ്സിലാക്കുകയോ, മനസ്സിലാക്കാന്‍ മറ്റുള്ളവരെ അനുവദിക്കുകയോ ചെയ്യാതിരുന്നതുകൊണ്ടുണ്ടായ തകരാറാണത്.

ഇപ്പോള്‍ കേരളകത്തോലിക്കാസഭയില്‍ ഉടലെടുത്തിരിക്കുന്ന സംഭവവികാസങ്ങള്‍ ശ്രദ്ധിച്ചാല്‍, സമൂലമായൊരു മാറ്റമുണ്ടാവാന്‍ ദൈവം തീവ്രമായി ഇച്ഛിക്കുന്നുവെന്നു വേണം കരുതാന്‍. സീറോ - മലബാര്‍സഭയ്ക്ക് സ്വയംഭരണാവകാശം കിട്ടിയ ആദ്യകാലത്തുതന്നെ സഭ യോഗായെ വിലക്കി. 2014 ഡിസംബര്‍ 11-ന് 69/131 നമ്പര്‍ പ്രമേയത്തിലൂടെ ലോകമെമ്പാടുമുള്ള മുഴുവന്‍ അംഗരാജ്യങ്ങളുടേയും (തീവ്രമുസ്‌ളീം രാജ്യങ്ങളുള്‍പ്പടെ) പിന്തുണയോടെ ഐക്യരാഷ്ട്രസഭ പ്രോല്‍സാഹിപ്പിക്കാന്‍ തീരുമാനിച്ച യോഗായെയാണ് നാം വിലക്കിയതെന്നോര്‍ക്കണം. റയ്ക്കിയും പ്രാണിക് ഹീലിങുമൊക്കെ സാത്താന്റെ പണികളാണെന്നു മാതാവ് വെളിപ്പെടുത്തിയെന്നറിയിച്ചുകൊണ്ട് ഒരു വിരുതന്‍ സ്പെഷ്യല്‍ പതിപ്പിറക്കിയതോര്‍ക്കുന്നു. റയ്ക്കി ഇവിടെ അവതരിപ്പിച്ചത് ഇത്തിത്താനത്തുള്ള (ചങ്ങനാശ്ശേരി) മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്സാണ് - അവരുടെ, 1985 ല്‍ പ്രവര്‍ത്തനമാരംഭിച്ച 'ആയുഷാ'യെന്ന പ്രസ്ഥാനം വിവിധതരം യോഗാ സമ്പ്രദായങ്ങളിലൂടെ അനേകര്‍ക്ക് ഇപ്പോഴും സൗഖ്യം നല്‍കിക്കൊണ്ടിരിക്കുന്നു. ഇന്നിപ്പോള്‍ കെ സി ബി സി-യുടെ പഠനരേഖ പുറത്തിറങ്ങിയിട്ടുണ്ട് - അതു പറയുന്നു, 'കുഴപ്പമില്ല, പക്ഷെ ജാഗ്രത വേണം!' യോഗായെ സമൂലം പുറത്താക്കിയിട്ടാണ് ഇതു പറയുന്നതെന്നോര്‍ക്കണം. മേജര്‍ ആര്‍ച്ചുബിഷപ്പ് കഴുത്തിലഞ്ഞിരിക്കുന്ന രുദ്രാക്ഷമാലയുടെ ബലവും യോഗായുമായി ബന്ധപ്പെട്ടതാണ്. അഭിഷിക്തര്‍ക്കിതൊക്കെയാവാം, അത്മായനു പാടില്ല!

ഈ സമ്പ്രദായങ്ങളെയെല്ലാം സഭ അകാരണമായി വിലക്കിയതിന്റെ കാരണങ്ങളായി കാണാന്‍ കഴിയുന്നത്, ഒന്നുകില്‍ എല്ലാ അസുഖങ്ങള്‍ക്കും പ്രതിവിധി ധ്യാന കേന്ദ്രങ്ങളില്‍ കിട്ടുമെന്നവര്‍ വിശ്വസിച്ചു; അല്ലെങ്കില്‍, ധ്യാനകേന്ദ്രങ്ങളിലൂടെ വിശ്വാസികളെ പിടിയിലൊതുക്കാമെന്നവര്‍ കരുതി. വന്നു വന്നു  ധ്യാനഗുരുക്കന്മാര്‍ പ്രതീക്ഷിച്ചപോലൊന്നും കാര്യങ്ങള്‍ നടക്കാതെയുമായി, ഇതിന്റെ നടത്തിപ്പുകാര്‍പോലും അസുഖം വന്നാല്‍ യാത്ര ആശുപത്രികളിലേക്കുമായി. ഇവര്‍ പൊതു സമൂഹത്തിനു ചെയ്ത ദ്രോഹം ചെറുതല്ല. കൗണ്‍സലിംഗിന്റെപേരില്‍ കുടുംബം നാശമാക്കിയ നിരവധി സംഭവങ്ങള്‍! പഴയനിയമവും വെളിപാടുകളും കാട്ടി വിശ്വാസികളെ ഭയപ്പെടുത്തി മാനസിക രോഗികളാക്കിയ സംഭവങ്ങള്‍ അതിലേറെ. ഏതെങ്കിലും ഒരു സൈക്കാട്രിസ്റ്റിനോട് ചോദിച്ചാല്‍ ഇതിന്റെ ആഘാതത്തെപ്പറ്റി അവര്‍ കൃത്യമായി പറഞ്ഞുതരും. വീടിന്റെ 'ബന്ധനം' ബന്ധുക്കളുടെ 'ബന്ധനം' .... ഇവര്‍ നോക്കുന്നിടത്തെല്ലാം ബന്ധനങ്ങളാണ്. ഇവരഴിച്ച ബന്ധനങ്ങളെപ്പറ്റിയും കൊടുത്ത രോഗസൗഖ്യങ്ങളെപ്പറ്റിയുമൊക്കെ സമഗ്രമായ ഒരു പഠനം നടത്തിയാല്‍ രസകരമായ പലതും അറിയാന്‍ പറ്റും.

ധ്യാനകേന്ദ്രങ്ങളില്‍ ധാരാളം രോഗശാന്തികള്‍ നടക്കുന്നുണ്ടല്ലോ? ഉണ്ട് - മിക്കതും സാധാരണ പ്രകൃതിനിയമങ്ങള്‍ക്കു വിധേയമായതുമാത്രമാണെന്ന് കാണുക. ഇതേതരം രോഗസൗഖ്യങ്ങള്‍ എല്ലാ മതങ്ങളിലും നടക്കുന്നുണ്ട്. പ്രവചനവും സാധാരണ മനുഷ്യനുപോലും അസാദ്ധ്യമായ കാര്യങ്ങളല്ല - ഇന്ന് ഠലഹലുമവ്യേ (അന്യചിത്തജ്ഞാനം), ലേഹലസശിലശെ െ(അകലെയുള്ള വസ്തുക്കള്‍ മനോബലത്താല്‍ ചലിപ്പിക്കുക/മാറ്റം വരുത്തുക) എന്നിവകളിലൊക്കെ പരിശീലനം കൊടുക്കുന്ന സ്ഥാപനങ്ങള്‍വരെയുണ്ട്. പക്ഷേ, എല്ലാറ്റിനും ഒരു പരിധിയുണ്ട്. ആ പരിധിക്കപ്പുറത്തേക്ക് നമ്മുടെ ദിവ്യന്മാരാരും കടന്നിട്ടില്ല. കോമ്പൗണ്ടില്‍ പാര്‍ക്കു ചെയ്യുന്ന വണ്ടികളുടെ നമ്പരുകള്‍ ഇന്റര്‍നെറ്റില്‍ നോക്കി ആളുകളുടെ പേരുകള്‍ വിളിച്ചുപറഞ്ഞിട്ടുണ്ടെന്ന് ഒരു പാസ്റ്റര്‍ വെളിപ്പെടുത്തിയത് അടുത്തിടെ.  വിജയവാഡയ്ക്കടുത്ത് അവിട്ടപ്പള്ളിയെന്ന സ്ഥലത്ത് ജീവിച്ചിരുന്ന ഒരു വിശുദ്ധനുണ്ടായിരുന്നു - ബ്ര. ജോസഫ് തമ്പി. രണ്ടാം ലോകമഹായുദ്ധത്തില്‍ വിദേശങ്ങളില്‍ നടന്നത് അപ്പപ്പോള്‍ അദ്ദേഹം ഇവിടിരുന്ന് അറിഞ്ഞിരുന്നു. ഇവിടുള്ളവരാരെങ്കിലും  മലേഷ്യായുടെ കാണാതെ പോയ വിമാനം കണ്ടെത്താന്‍ സഹായിച്ചിരുന്നെങ്കിലെന്ന് ഞാനാഗ്രഹിച്ചു പോയിട്ടുണ്ട്! 

ഒരു രോഗശാന്തികേന്ദ്രത്തിലും, ചെല്ലുന്നവരെല്ലാം സുഖപ്പെടുന്നില്ല. വെള്ളം മുകളില്‍നിന്നു താഴേക്കൊഴുകണമെന്ന നിയമം സ്രഷ്ടാവ് സൃഷ്ടിച്ചതാണെങ്കില്‍, ആ സ്രഷ്ടാവ് ആ നിയമം ഒരിക്കലും പിന്‍വലിക്കാനിടയില്ല - വെള്ളം താഴേക്കുതന്നെ ഒഴുകും. 'വിതച്ചവന്‍ വിതച്ചതു കൊയ്യും'; 'വാളെടുക്കുന്നവന്‍ വാളാലെ തന്നെ...'. കാര്യ-കാരണ ശൃംഖലയുടെ തുടര്‍ച്ചയാണു ജിവിതമെന്നു തറപ്പിച്ചു പറയുന്നത് യേശുവാണ്. ദൈവത്തിന്റെ നിയമങ്ങള്‍ മാറ്റി എഴുതിപ്പിക്കാമെന്നാണ് കരിസ്മാറ്റിക്കുകാര്‍ പറയുന്നത്. ഓരോ വ്യക്തിയിലും, സ്വയം സുഖമാവാന്‍ ദൈവംതന്നെ നല്‍കിയിരിക്കുന്ന വരത്തെയാണ് ഈ ധ്യാനഗുരുക്കന്മാര്‍ ദൈവത്തിന്റെപേരില്‍ ദുരുപയോഗം ചെയ്യുന്നത്. അവര്‍ക്കൊരത്ഭുതം ചെയ്യാന്‍ ഹാളു വേണം കണ്‍വെന്‍ഷന്‍ വേണം, പാട്ടുകാരു വേണം, ചെവി തുളയ്ക്കുന്ന ശബ്ദം വേണം, ഭ്രമിപ്പിക്കുന്ന കോലാഹലവും വേണം. യേശുവിന്റെ കാലത്തെ പരി. ആത്മാവിന് ഇതൊന്നും ആവശ്യമായിരുന്നില്ല. യേശുവോ ശിഷ്യന്മാരെയൊക്കെ കൊടുത്ത സൗഖ്യങ്ങള്‍ സമ്പൂര്‍ണ്ണവുമായിരുന്നു, അതിനു സ്‌തോത്രക്കാഴ്ച്ചയുമുണ്ടായിരുന്നില്ല, അതിനു പരസ്യവും നല്‍കിയിരുന്നില്ല. നമ്മുടെ ധ്യാനഗുരുക്കന്മാരാരും അഞ്ചപ്പംകൊണ്ട് ആറുപേര്‍ക്കുപോലും ആഹാരവും കൊടുത്തിട്ടില്ല, വെള്ളപ്പൊക്കം വന്നപ്പോള്‍ ഓടാതെയുമിരുന്നിട്ടില്ല. അത്ഭുതങ്ങള്‍ അടയാളമായിട്ടെടുക്കരുതെന്ന് സ്‌നാപകയോഹന്നാന്റെ ശിഷ്യരോട് യേശു പറഞ്ഞതായി സൂചിപ്പിക്കുന്നത് ബൈബിളിലാണ്, അല്ലാതെ സത്യജ്വാലയിലല്ല.

കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍ ലോകമാസകലം ചോദ്യംചെയ്യപ്പെടുന്നുവെങ്കില്‍ അനിവാര്യമായ ദുരന്തമെന്നേ പറയേണ്ടതുള്ളു. ഒരു നൂറ്റാണ്ടുമുമ്പ് ഉണര്‍വ്വു യോഗങ്ങളെന്നപേരില്‍ ഇതിലും വലിയ കോപ്രായങ്ങള്‍ കാട്ടിക്കൊണ്ടിരുന്ന യൂസ്‌തോസ് യൂസഫിനും അദ്ദേഹത്തിന്റെ 'യൂ യൂ' മതത്തിനും എന്തു പറ്റിയെന്ന് ഗൂഗിളില്‍ പരതിയാല്‍ മനസ്സിലാകും. പരി. ആത്മാവിന്റെ  അഭിഷേകം കൊണ്ടു തങ്ങള്‍ നിറഞ്ഞിരിക്കുന്നുവെന്നാണ് ഓരോ ധ്യാനഗുരുക്കന്മാരുടെയും വാദം. പക്ഷേ, അവര്‍ക്കു പറ്റിയ അമളികള്‍ പറഞ്ഞാല്‍ തീരില്ല. ഒരബദ്ധം മറയ്ക്കാന്‍ സ്വന്തം പ്രസംഗംപോലും ഒരു വിരുതന്‍ നിഷേധിച്ചത് അടുത്തിടെ - ഇവരുടെയൊക്കെ പ്രസംഗവും പ്രവൃത്തിയും രണ്ടാണെന്നുള്ളത് മറ്റൊരുകാര്യം. സ്വര്‍ഗ്ഗരതി നിയമവിധേയമായ അയര്‍ലണ്ടില്‍ ചെന്ന് അത് തെറ്റാണെന്നു പ്രസംഗിച്ചുവെങ്കില്‍ അയാളുടെ വിവരക്കേട് എന്തുമാത്രമെന്ന് കാണുക. അത്ര ധൈര്യവാനായിരുന്നെങ്കില്‍ മടങ്ങുന്ന വഴി ഇറാക്കിലും ഇറങ്ങുമായിരുന്നു.

ഒരു നിയോഗത്തിന്, മനുഷ്യശരീരത്തില്‍ വ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ കഴിയുമെന്നത് പരീക്ഷണശാലയില്‍ തെളിയിച്ച വസ്തുതയാണ്. ഒരു പ്രത്യേക ചികിത്സകനിലോ, ഒരു ചികിത്സാ രീതിയിലോ ഉള്ള ദൃഢമായ വിശ്വാസം മതിയാവും ഒരു രോഗംതന്നെ സുഖമാകാന്‍. ഇതിനെ വൈദ്യശാസ്ത്രം പ്ലസിബോ എഫക്ട് (Placibo effect) എന്നാണു വിളിക്കുന്നത്. വിരുദ്ധ (negative) ചിന്തകളുണ്ടാക്കുന്ന ഫലത്തെ നോസിബോ ഇഫക്ട് (Nocebo effect) എന്നും പറയും. രണ്ടും ഒരേ തീവ്രതയില്‍ സംഭവിക്കുന്നുവെന്നറിയുക. ഭയം സൃഷ്ടിക്കുന്നതിലൂടെ ഏതൊരുവനിലും ഇവര്‍ നോസിബോ ഇഫക്ട് സൃഷ്ടിക്കുകയും രോഗികളുടെ എണ്ണം കൂട്ടുകയും ചെയ്യുന്നു. ധ്യാനകേന്ദ്രങ്ങളിലേക്ക്  ഓടിക്കൂടുന്ന ജനസംഖ്യയുടെ വര്‍ദ്ധനവില്‍നിന്ന്, ഇതു മനസ്സിലാക്കാം. സമാധാനവും സന്തോഷവും ഉള്ളവന്‍ ഒരുത്തന്റെയും പിന്നാലെ പായാനിടയില്ല. ഇത്തരക്കാരെ കേള്‍ക്കാന്‍ ആസ്‌ട്രേലിയായിലുള്ള ഒരാള്‍ കൊടുക്കേണ്ടത് ശരാശരി 21000 രൂപയാണ്.  നമ്മുടെ സമൂഹത്തില്‍ നിരവധിയായ പ്രശ്‌നങ്ങളില്‍പ്പെട്ടുഴലുന്ന വീട്ടുകാരെ ശ്രദ്ധിച്ചു നോക്കൂ, കൂടുതല്‍ പേരും കരിസ്മാറ്റിക്കുകാരാണെന്നു കണ്ടാല്‍ അത്ഭുതപ്പെടണ്ട!

വിശ്വാസം ശരീരത്തിലെ ജൈവശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളെ മറികടക്കുന്നുവെന്നാണ് ശാസ്ത്രം പറയുന്നത്. ഞാന്‍ സുഖമായിക്കൊണ്ടിരിക്കുന്നു എന്നൊരു നിയോഗം വെക്കുന്നതുതന്നെ അതിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്യുവാന്‍ ശരീരത്തിനു നിര്‍ദ്ദേശം കൊടുക്കുന്നതിനു തുല്യമാണ്. 'കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍...' എന്നതുകൊണ്ടുദ്ദേശിച്ചത്  മതത്തിലോ ദൈവത്തിലോ ഉള്ള വിശ്വാസത്തെയല്ല, പകരം തന്നില്‍ത്തന്നെയുള്ള വിശ്വാസത്തെയാണ്. ചിന്തകളുടെ നിലവാരമനുസരിച്ച് ശരീരത്തിലേക്ക് രാസമൂലകങ്ങള്‍ വരുന്നു - അതു ഗുണകരമായുള്ളതാവാം, ദോഷകരമായതുമാവാം. നമ്മുടെ ശരീരവും മസ്തിഷ്‌കവുമെല്ലാം മാറ്റത്തിനു വിധേയമാണെന്ന് നമുക്കറിയാം. ആകെ രോഗസൗഖ്യങ്ങളില്‍ മൂന്നിലൊന്നും പോസിറ്റീവ് ചിന്തകള്‍ക്കൊണ്ടുമാത്രം സംഭവിക്കുന്നതാണെന്നു പരീക്ഷണങ്ങള്‍ പറയുന്നു. നാം ചിന്തിക്കുന്നതിനേക്കാള്‍ വളരെക്കൂടുതലാണ് നമ്മില്‍ സംഭവിക്കുന്നത്. ഡോ. ബ്രൂസ് ലിപ്റ്റണ്‍ (American Biologist - author of 'The Biology of Belief') എന്ന ശാസ്ത്രജ്ഞന്റെ അഭിപ്രായത്തില്‍, നാം കണ്ണാടിയില്‍ നോക്കുമ്പോള്‍ ഒന്നായി നമ്മെ കാണുന്നുവെങ്കിലും, നാമോരോരുത്തരും 50 ട്രില്യണ്‍ (50,000,000,000,000,000,000) സ്വതന്ത്ര കോശങ്ങളാല്‍ നിര്‍മ്മിതമായ ഒരു സമൂഹമാണ്. ഓരോ കോശത്തിനുമുള്ള 1.4 വോള്‍ട്ട് വൈദ്യതി കൂട്ടിച്ചേര്‍ത്താല്‍ ഒരു സാധാരണ മനുഷ്യശരീരത്തില്‍ രൂപീകരിക്കാവുന്ന പരമാവധി വൈദ്യതിയുടെ അളവ് 70 ട്രില്യണ്‍ വോള്‍ട്ടുകള്‍ ആണെന്നറിയുക. ഇതിനെയെല്ലാം നിയന്ത്രിക്കുന്ന മനസ്സിനുള്ളിലെ നിയോഗത്തെ മാറ്റാന്‍ കഴിഞ്ഞാല്‍ ശരീരത്തിന്റെ ജീവശാസ്ത്രപരമായ പ്രവര്‍ത്തനവും മാറും. നമ്മുടെ മനോഗതി നമ്മുടെ ജീനുകളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന കോഡിനെ മാറ്റിമറിക്കാന്‍പോലും പര്യാപ്തമാണെന്നറിയുക. ഒന്നു ഭയന്നാല്‍ എന്തെല്ലാം മാറ്റങ്ങള്‍ ശരീരത്തിലുണ്ടാകുമെന്ന് നമുക്കറിയാം. ചുരുക്കത്തില്‍, നിങ്ങള്‍ക്കൊരു രോഗമുണ്ടാകുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ ആ രോഗം നിങ്ങള്‍ക്കുണ്ടായിരിക്കും. സങ്കല്പം, 'ജനറ്റിക് കോഡ്' തിരുത്തിയെഴുതുമെന്നു പറഞ്ഞാല്‍ നിങ്ങളുടെ വിശ്വാസങ്ങളുടെ നിയന്ത്രണത്തിലാണ് നിങ്ങളുടെ ജീവിതമെന്നാണ്. അകത്തും പുറത്തും സംഭവിക്കുന്നതിന്റെ ആകെ ഉത്തരവാദിത്ത്വം അവരവര്‍ക്കുതന്നെയായിരിക്കുന്നത് ഇതുകൊണ്ടാണ്.
ബോധമനസ്സില്‍ സ്ഥാപിക്കപ്പെടുന്ന നിയോഗങ്ങളെക്കാള്‍ വളരെ ശക്തിയുണ്ട് ഉപബോധമനസ്സില്‍ സ്ഥാപിക്കപ്പെടുന്ന ഇച്ഛകള്‍ക്ക്. ഇതിനെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'The power of your subconscious mind'  (Dr. Joseph Murphy) എന്ന പുസ്തകം വളരെ പ്രയോജനം ചെയ്യും.  ഭ്രമിപ്പിക്കുന്ന ശബ്ദം, വെളിച്ചം, ഗന്ധം മുതലായവകളിലൂടെ സൃഷ്ടിക്കുന്ന മാനസികാവസ്ഥയില്‍ (Psychedelik experience) ഇത്തരം നിയോഗങ്ങളെ ഉപബോധമനസ്സിലേക്ക് എളുപ്പത്തില്‍ വിക്ഷേപിക്കാനാവും - അതേ കരിസ്മാറ്റിക്കുകാരും ചെയ്യുന്നുള്ളു. അതുകൊണ്ടാണ് അവരുടെ പരിശുദ്ധാത്മാവ് 'അല്ലെലൂജാ' കേട്ടാല്‍മാത്രമേ പുറത്തിറങ്ങൂവെന്നായിരിക്കുന്നത്. സത്യം മനസ്സിലാക്കിയ സന്ന്യസ്തരും വിശ്വ്വാസികളും നിശ്ശബ്ദതയുടെ ആഴങ്ങളില്‍ചെന്ന് പിതാവുമായി ഒന്നുചേര്‍ന്ന്, എല്ലാം ദൈവഹിതമെന്നു കരുതി സന്തോഷമായി ജീവിക്കുന്നു. അവര്‍ക്കാര്‍ക്കും ആവലാതികളുമില്ല അതിമോഹങ്ങളുമില്ല. ശരിയായ വിശ്വാസിക്ക്  ദൈവത്തോട് പറയാന്‍ ഒരേയൊരു കാര്യമേയുണ്ടാവൂ - 'നന്ദി ദൈവമേ!'


No comments:

Post a Comment