(ശക്തമായ ഭാഷാശൈലി കൊണ്ടും ആശയ സംപുഷ്ടികൊണ്ടും ശ്രദ്ധേയമായ ആനുകാലിക പ്രസക്തിയുള്ള നിരവധി ലേഖനങ്ങളിലൂടെ ലോകമാകെ ബഹുമാനിക്കപ്പെടുന്ന ദൈവശാസ്ത്ര പണ്ഡിതനായ ഡോ. ജയിംസ് കോട്ടൂര്, പ്രായോഗിക ജീവിതത്തില്‍ ശക്തമായ ഒരു ആദ്ധ്യാത്മികതയുടെ ഉടമയും കൂടിയാണ്. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം എഴുതിയ പ്രാര്‍ത്ഥനയെപ്പറ്റിയുള്ള ഈ ലേഖനം വിനയപൂര്‍വ്വം ഞാന്‍ തര്‍ജ്ജമ ചെയ്യട്ടെ. അദ്ദേഹത്തിന്‍റെ ദൈവ പ്രചോദിതമായ ഈ കൊച്ചു പ്രാര്‍ത്ഥന നാനാജാതിമതസ്ഥര്‍ക്കും പ്രയൊജനീഭവിക്കട്ടെയെന്നു ആശംശിക്കുന്നു. ജൊസഫ് മറ്റപ്പള്ളി)
ഒരന്ധനായ മനുഷ്യന് കറുപ്പും വെളുപ്പുമോ, ചുവപ്പും നീലയുമോ, പച്ചയും മഞ്ഞയുമോ തിരിച്ചറിയാന്‍ കഴിയണമെന്നില്ല; പക്ഷേ, നല്ല കാഴ്ച ശക്തിയുണ്ടെന്ന് നാം കരുതുന്നവര്‍ക്ക് വല്ലപ്പോഴുമെന്നല്ല ഒരിക്കലും കണ്ടുപിടിക്കാനാവാത്ത ശരിയും തെറ്റും തമ്മിലുള്ള വേര്‍തിരിവ് അയാള്‍ നമുക്ക് നന്നായി പറഞ്ഞു തന്നെന്നിരിക്കും.
ഈ വൈരുദ്ധ്യാത്മകസത്യം വളരെ ഉച്ചത്തില്‍ പ്രഖ്യാപിക്കുന്ന ഒരു സംഭവമാണ് വഴിയരുകില്‍ ഇരിക്കുകയായിരുന്ന ജെറീക്കോയിലെ അന്ധനായ ഭിക്ഷാടകന്‍റെ കഥ [മര്‍ക്കോസ്:10.46-52]. ഭൌതിക മിഴികളുടെ സഹായം ഇല്ലാതെതന്നെ അയാള്‍ യേശുവിനെ കാണുകയും “ദാവീദിന്‍റെ പുത്രാ എന്നില്‍ നീ കനിയേണമേ” യെന്ന് വിളിച്ചപേക്ഷിക്കുകയും ചെയ്തു. അവന്‍ കേട്ടത്, നസ്രായനായ യേശു ആ വഴി വരുന്നുവെന്നാണ്, അവന്‍ യേശുവിനെ അഭിസംബോധന ചെയ്തതോ, ‘ദാവീദിന്‍റെ പുത്രാ’ യെന്നുമാണ്. അവന്‍ അന്ധനായിരുന്നു, പക്ഷെ വ്യക്തമായി കണ്ടു – അവന്‍ അന്ധമായി കാണുകയായിരുന്നുവോ? ദൈവത്തിന്‍റെ രക്ഷാകര ദൌത്യം മനുഷ്യനില്‍ അവലംബിക്കുന്ന വിചിത്രമായ ഒരു പ്രവര്‍ത്തശൈലി നാമിവിടെ കാണുന്നു.
യേശുവിനു ചുറ്റുംകൂടി ജെറൂസലെമിലേക്ക് പൊയ്ക്കൊണ്ടിരുന്ന, ആ ഭിക്ഷക്കാരനോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ട ശിക്ഷ്യന്മാരും ജനവും അവനെക്കാള്‍ അന്ധരായിരുന്നു. ലോകത്തിന്‍റെ പ്രകാശമായ യേശുവിനോട് ഭൌതികമായി അടുത്തിരിക്കുന്നുവെന്നത് അവന്‍റെ പ്രകാശത്തില്‍ സ്വയം ജ്വലിക്കുവാന്‍ മതിയായ കാരണമല്ലെന്നതും നാമിവിടെ കാണുന്നു. തത്വത്തില്‍ കാഴ്ച്ചയുള്ളവരായിരുന്നെങ്കിലും, അവരില്‍ നിന്നും ദൂരെയായിരുന്ന ആ അന്ധനേ സംബന്ധിച്ചിടത്തോളം എന്താണ് ശരിയായിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ആ യാചകന്‍ മുമ്പത്തേക്കാള്‍ ഉച്ചത്തില്‍ വിളിച്ചു, ‘ദാവീദിന്‍റെ പുത്രാ’യെന്ന്. യേശു എന്താണ് ചെയ്തത്? ചുറ്റും കൂടിയ സ്തുതിപാടകരെ നിശ്ശബ്ദരാക്കിക്കൊണ്ട്, അവനെ തന്‍റെ അടുക്കലേക്കു കൊണ്ടുവരാന്‍ ആജ്ഞാപിക്കുകയും, അവന്‍റെ യാചന ന്യായീകരിക്കത്തക്കതായിരുന്നുവെന്ന് ഉദ്ഘോഷിച്ചു കൊണ്ട് ‘എന്നെ കാണാന്‍ സഹായിക്കണമേ’യെന്നു വിളിച്ചപേക്ഷിച്ച അവന് കാഴ്ച കൊടുക്കുകയും ചെയ്തു.
ലോകം നല്‍കുന്ന പ്രകാശത്തിന്‍റെ പിന്നാലെ?
ഈ ഉദാഹരണം, നമ്മോട്, പ്രത്യേകിച്ച് കാണുകയും അറിയുകയും ചെയ്യുന്നുവെന്നു ചിന്തിക്കുന്ന, യേശുവിന്‍റെ തിരഞ്ഞെടുക്കപ്പെട്ട അനുയായികളെന്നും സന്ദേശവാഹകരെന്നും കരുതുന്ന, അവന്‍റെ ഔദ്യോഗിക വക്താക്കളെന്ന് അഭിമാനിക്കുന്നവരോട്, ‘ലോകത്തിന്‍റെ പ്രകാശത്താലാണോ’ അതോ വേറേതോ ലൌകിക പ്രകാശത്താലാണോ തങ്ങള്‍ പ്രശോഭിതരായിരിക്കുന്നതെന്ന് ആത്മപരിശോധന നടത്താനാണ് ആവശ്യപ്പെടുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ്, ഈ വചനഭാഗത്തെപ്പറ്റി തീഷ്ണതയോടെ ധ്യാനിച്ച ഒരാള്‍ക്കും ഇതുതന്നെ തോന്നി. ബാര്ട്ടിമേയസ് എന്നയാ അന്ധയാചകനെക്കാള്‍ അന്ധനും അജ്ഞനുമാണ് താനെന്ന് അയാള്‍ തിരിച്ചറിഞ്ഞു - ലൌകികവും അലൌകികവുമായ എല്ലാ കാര്യങ്ങളിലും സ്ഥിതി മറിച്ചല്ലെന്നും അയാള്‍ മനസ്സിലാക്കി. എല്ലാം അറിയണമെന്ന് അയാള്‍ ആഗ്രഹിച്ചു, പക്ഷേ അറിഞ്ഞില്ല; ശരിയുടേയും തെറ്റിന്‍റെയും പൂര്‍ണ്ണ ചിത്രം കാണണമെന്ന് ആഗ്രഹിച്ചു, പക്ഷെ കണ്ടില്ല. എന്തായാലും, ബാര്ട്ടിമേയസിനെപ്പോലെ അന്ധനും പക്ഷേ മനക്കണ്ണു തുറന്നവനുമായിരുന്നെങ്കിലെന്ന് അവന്‍ ആഗ്രഹിച്ചു. അതിന്‍റെ ഫലമായി, ആ യാചകനെപ്പോലെതന്നെ ‘ദാവീദിന്‍റെ പുത്രാ എന്നില്‍ കനിയേണമെ, കര്‍ത്താവേ ഞാന്‍ കാണേണ്ടതിന് എന്‍റെ മിഴികളെ തുറക്കേണമേ’ എന്ന് പ്രാര്‍ഥിക്കുവാന്‍ അവനു തോന്നി. ആയിരക്കണക്കിന് പ്രാവശ്യം ആ മന്ത്രം അയാള്‍ ഉരുവിട്ടിരുന്നിരിക്കണം.
ഈ പ്രാര്‍ഥനയുടെ ഇടവേളയിലെങ്ങോ, ആത്മാവിനെ തൊട്ടുണര്‍ത്തുന്ന, കൂടുതല്‍ ഇമ്പമുള്ള മറ്റൊരു പ്രാര്‍ത്ഥന മിന്നല്‍പിണരിനേക്കാള്‍ വേഗത്തില്‍ അയാളുടെ മനസ്സില്‍ പൊട്ടിവിടര്‍ന്നു. അത് മനസ്സിലാക്കിയപ്പോള്‍, അത്യാഹ്ലാദംകൊണ്ട് ‘യുറേക്കാ’ യെന്നു വിളിച്ചു കൂവാനാണ് അയാള്‍ക്ക് തോന്നിയത്, കാരണം അയാള്‍ ഒരു പ്രാര്‍ത്ഥന രചിക്കാന്‍ ശ്രമിച്ചിരുന്നില്ലെന്നും, പകരം ആന്തരിക വെളിച്ചത്തിന് വേണ്ടി യാചിച്ചതേയുള്ളല്ലോയെന്നും അയാള്‍ക്കറിയാമായിരുന്നു. ഈ പ്രാര്‍ത്ഥന ഒരു ഉള്‍ക്കാഴ്ചയായി ലഭിച്ചതാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ട് വാക്കുകളുടെ കൊരുക്കല്‍ അല്‍പ്പം പോലും പിശകാന്‍ അനുവദിക്കാതെ അപ്പോള്‍ത്തന്നെ അയാളത് എഴുതി വെച്ചു. അയാളുടെ മനസ്സിലേക്ക് ഒഴുകിയെത്തിയ ആ വാക്കുകള്‍ ഇങ്ങിനെയായിരുന്നു.
ദൈവമേ ഞാന്‍ കാണട്ടെ !
ഇന്ന് ഞാന്‍ കാണണമെന്ന് ആഗ്രഹിക്കുന്നതെല്ലാം, പക്ഷേ ഞാന്‍ കാണേണ്ടത് മാത്രം കാണുവാന്‍ ദൈവമേ അങ്ങെന്നെ അനുഗ്രഹിക്കേണമേ.
ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നതെല്ലാം, പക്ഷേ അങ്ങ് ഇശ്ചിക്കുന്നത് മാത്രം ആഗ്രഹിക്കുവാന്‍ ദൈവമേ എന്നെ അനുഗ്രഹിക്കേണമേ.
ഇന്ന് ഞാന്‍ ചിന്തിക്കുന്നതെല്ലാം, പക്ഷേ അങ്ങ് ഇശ്ചിക്കുന്നത് മാത്രം ചിന്തിക്കുവാന്‍ ദൈവമേ എന്നെ അനുഗ്രഹിക്കേണമേ.
ഇന്ന് ഞാന്‍ ശ്രവിക്കണമെന്ന് ആഗ്രഹിക്കുന്നതെല്ലാം, പക്ഷേ അങ്ങ് ഇശ്ചിക്കുന്നത് മാത്രം ശ്രവിക്കുവാന്‍ ദൈവമേ എന്നെ അനുഗ്രഹിക്കേണമേ.
ഇന്ന് ഞാന്‍ പറയണമെന്ന് ആഗ്രഹിക്കുന്നതെല്ലാം, പക്ഷേ അങ്ങ് ഇശ്ചിക്കുന്നത് മാത്രം പറയുവാന്‍ ദൈവമേ എന്നെ അനുഗ്രഹിക്കേണമേ.
ഇന്ന് ഞാന്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നതെല്ലാം, പക്ഷേ അങ്ങ് ഇശ്ചിക്കുന്നത് മാത്രം, ചെയ്യുവാന്‍ ദൈവമേ എന്നെ അനുഗ്രഹിക്കേണമേ.
ദൈവമേ, ഈ ദിവസം മുഴുവന്‍ ഞാന്‍ കാണുന്നതിലും ആഗ്രഹിക്കുന്നതിലും ചിന്തിക്കുന്നതിലും കേള്‍ക്കുന്നതിലും പറയുന്നതിലും ചെയ്യുന്നതിലുമെല്ലാം അങ്ങയുടെ സാന്നിദ്ധ്യവും മാര്‍ഗ്ഗദര്‍ശനവും ഉണ്ടാകട്ടെ. ആമ്മേന്‍ !
അയാളുടെ ആത്മാവ് തീവ്രമായി ദാഹിച്ച, അയാള്‍ക്ക് ഒരു നേട്ടവും സമ്മാനവുമായി മാറിയ ഏറ്റവും സുന്ദരമായ ഒരു പ്രാര്‍ഥനയുടെ വാച്യാവിഷ്കാരമാണ് ഇവിടെ എഴുതപ്പെട്ടിരിക്കുന്നത്. ബാര്ട്ടിമേയസിനെ അനുകരിക്കാന്‍ ശ്രമിച്ചതുകൊണ്ട് ലഭ്യമായ, കൃത്യമായ വാക്കുകള്‍ കൊണ്ട് കൊരുത്തെടുത്ത ഈ പ്രാര്‍ത്ഥന, എന്നും അലോസരപ്പെടുത്തിക്കൊണ്ടിരുന്ന അജ്ഞതയേയും അന്ധതയേയും പര്‍വ്വതസമമായ പ്രശ്നങ്ങളെയും സംയക്കായി നേരിടാന്‍ അയാളെ സഹായിച്ചു. അയാളും ദൈവവും തമ്മിലുള്ള ഒരു സ്വകാര്യ ബന്ധത്തിന്‍റെ അടയാളമായി കുറേക്കാലം ഈ പ്രാര്‍ത്ഥന അയാള്‍ രഹസ്യമായി സൂക്ഷിച്ചു. എങ്കിലും, തനിക്കു മാത്രമല്ലല്ലോ തന്‍റെ കുടുംബത്തിനും ഇത് പ്രയോജനപ്പെടുമല്ലോയെന്നു പെട്ടെന്നൊരു ദിവസം അയാള്‍ക്ക് തോന്നി. സ്വന്തം സ്വാര്‍ഥതയില്‍ ഏകവചനമായിരുന്ന ഈ പ്രാര്‍ത്ഥന അങ്ങിനെ ബഹുവചനമായി - ‘ദൈവമേ ഞാന്‍ കാണട്ടെ’ എന്നുള്ളത് ‘ഞങ്ങള്‍ കാണട്ടെ’യെന്നായി. വര്‍ഷങ്ങളായി, അയാളുടെ കുടുംബത്തിന്‍റെ ദൈനംദിന പ്രാര്‍ഥനയുടെ ഭാഗമാണിതിന്ന്.
യുക്തിയുടെ ആറു പടികള്‍
കാണുക, ആഗ്രഹിക്കുക, ചിന്തിക്കുക, ശ്രവിക്കുക, പറയുക, ചെയ്യുക എന്നിവയെല്ലാം ഏതൊരു വ്യക്തിയുടെ ജീവിതത്തിലും കാണുന്ന സാധാരണ പെരുമാറ്റങ്ങളുടെ ഭാഗമാണ്. ബോധപൂര്‍വ്വമുള്ള ഒരു മാനുഷിക കര്‍മ്മത്തിന്‍റെ തുടക്കം ഉള്ക്കാഴ്ചയാണ്. ഭൌതികമായും മാനസികമായും ആത്മീയമായും അന്ധനായിട്ടുള്ള ഒരുവന് അന്ധകാരത്തില്‍ തപ്പിത്തടയാനെ സാധിക്കൂ. അതുകൊണ്ടാണ് ഒരുവന് ആദ്യം ആവശ്യമായിട്ടുള്ളത് ഉള്ക്കാഴ്ചയാണെന്ന് പറയുന്നത്. ഒരുവന്‍റെ മനസ്സിന് പിന്നാലെയാണ് അവനും പായുന്നതെന്നതുകൊണ്ട് എതൊരുവനും കാണാനുള്ള വിശേഷശക്തി ആവശ്യമുണ്ട്. ഒരുവന്‍ സത്യമായിട്ടും സൌന്ദര്യമായിട്ടും പരിശുദ്ധമായിട്ടും, സന്തോഷദായകമായിട്ടും കാണുന്നതിലേക്ക് ഒരു കാന്തത്തിലെക്കെന്നതുപോലെ ആകര്‍ഷിക്കപ്പെടുമെന്നത് കൊണ്ടുകൂടിയാണ് ഇങ്ങിനെ പറയുന്നത്. അതുപോലെ തന്നെ, അസത്യമായതും ചീത്തയായതുകളില്‍ നിന്ന് അവന്‍ വിഘര്ഷിക്കപ്പെടുകയും ചെയ്യും. സത്യം യഥാര്‍ഥത്തില്‍ ഒരു കെണിയാണ്; അത് നഗ്ന നേത്രങ്ങള്‍ക്ക് അദൃശ്യമാണ്.കാണപ്പെടാത്ത സൌന്ദര്യത്തിലേക്ക് ആരാണ് ആകര്ഷിക്കപ്പെടുന്നത്?
രണ്ടാമതായി, കാഴ്ച നല്ലതും സുന്ദരവുമാണെങ്കില്‍, ഈ ആകര്‍ഷണം നിഷേധിക്കാനാവാത്ത അര്‍ത്ഥവത്തായ ഒരിശ്ചയിലേക്ക് അവസ്ഥാന്തരം പ്രാപിക്കും. അത്തരം ഒരിശ്ചയുടെ അന്തര്‍ധാരയിലേക്ക് വലിച്ചടുപ്പിക്കപ്പെട്ട ഒരാള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിന് വിധേയമാകാതെയാണ് അതിലേക്കു ചെന്നെത്തുന്നത്. ഇശ്ചയാണ് നമ്മെ ദൃഢമായ ഒരു ബന്ധനത്തില്‍ കൊണ്ടെത്തിക്കുകയും ആകര്‍ഷണ വലയത്തിലേക്ക് നയിക്കുകയും ചെയ്യുന്നത്.
ഇതിലെ മൂന്നാമത്തെ പടി ചിന്തയാണ്. മനസ്സ് കണ്ടിട്ടുള്ളതും, ഹൃദയം സത്യമായും സുന്ദരമായും നേടേണ്ടതായി വ്യാഖ്യാനിക്കുകയും ചെയ്യുന്നവയെപ്പറ്റിയാണ് നാം മിക്കവാറും ചിന്തിക്കുക. “നിങ്ങളുടെ സമ്പത്ത് എവിടെയോ, അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും” [ലൂക്ക് 13.34]. കാമുകീകാമുകന്മാര്‍ എന്തുമാത്രം പകല്‍ക്കിനാവ് കാണുമെന്നു സങ്കല്‍പ്പിച്ചു നോക്കൂ.
നാലാമത്തെ പടി ആത്മാവിനെ ശ്രവിക്കലാണ്, അതായത് എന്തിലേക്കാണോ ആകര്‍ഷിക്കപ്പെട്ടത് അതിന്‍റെ ഗുണദോഷങ്ങളെപ്പറ്റി മനസ്സും ഹൃദയവും തമ്മില്‍, ബുദ്ധിയും വികാരവും തമ്മില്‍ നടക്കുന്ന സൂഷ്മ സംവാദം ശ്രവിക്കല്‍. ദൈവത്തിന്‍റെ സ്വരമാണ് മനുഷ്യരിലൂടെ കേള്‍ക്കുന്നതെന്ന ചിന്തയോടെ അഭ്യൂദയകാംഷികളുടെ സദുപദേശങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ മന:സാക്ഷി കുറേക്കൂടി ശുദ്ധമാകുന്നു. കാലഘട്ടത്തിന്‍റെ അടയാളങ്ങളിലൂടെ ദൈവത്തിന്‍റെ സ്വരം നാമപ്പോള്‍ കേള്‍ക്കുന്നു - അതായത്, ഒരുവന്‍റെ ഉള്ളിലും പുറത്തും സംഭവിക്കുന്നതെല്ലാം.
അഞ്ചാമത്, നിങ്ങളുടെ മനസ്സും ഹൃദയവും അനിയന്ത്രിതമായ ഒരു ശക്തിയാല്‍ വിലയേറിയ ഒന്നിലേക്ക് ആവഹിക്കപ്പെടുമ്പോള്‍ നാം അതിനെപ്പറ്റി സംസാരിക്കുന്നത് നിര്‍ത്തുന്നേയില്ല. “ഹൃദയത്തിന്‍റെ നിറവില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്” [മത്തായി. 12.34]. മനസ്സെന്നു നാം വിളിക്കുന്ന യന്ത്രം തന്നെ, ചിന്തകളുടെ ഒരു നീണ്ട ശ്രുംഘല, പ്രത്യേകിച്ച് നാം വാക്കുകളിലൂടെ പ്രകീര്‍ത്തിക്കുന്ന നമുക്ക് പ്രിയങ്കരമെന്ന് കരുതുന്നവ മഥനം ചെയ്യപ്പെടുവാനായി നമ്മില്‍ സ്ഥാപിക്കപ്പെട്ടതാണ്.
ആറാമത് നിങ്ങള്‍ ആഗ്രഹിക്കുന്നതും ചിന്തിക്കുന്നതും പറയുന്നതുമായ കാര്യങ്ങള്‍ നേടാനായി എന്തെല്ലാം ചെയ്യാമോ അത് ചെയ്യാന്‍ നിങ്ങള്ക്ക് പ്രേരണ നല്‍കുന്നത് ധൈര്യമാണ്. വ്യക്തമായ കാഴ്ചപ്പാടും തീവ്രമായ ആഗ്രഹവും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലേക്ക് നമ്മെ നയിക്കും.
അറിവില്ലാത്തവര്‍ക്ക് വേണ്ടി
ഇത് എനിക്കെല്ലാമറിയാമെന്ന് കരുതുന്നവര്‍ക്ക് വേണ്ടിയുള്ളതല്ല.
1 ഞാനൊന്നുമറിയുന്നില്ലെന്നോ, ഞാനറിയുന്ന ഒരേയൊരു കാര്യം ഞാന്‍ അജ്ഞനാണെന്നതാണെന്നോ കരുതുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ പ്രാര്‍ത്ഥന.
2 ‘ലോകാ സമസ്താ സുഖിനോ ഭവന്തു’: ആകമാന ലോകത്തിന്‍റെ സൌഖ്യത്തിനു വേണ്ട എല്ലാ ചേരുവകളും ചേര്‍ന്നതാണ് ഈ പ്രാര്‍ത്ഥന.
3 ഒരു കുടുംബത്തിലായാലും, സമുദായത്തിലോ രാജ്യത്തോ ആയാലും, നയിക്കുന്നവരുടെ സങ്കുചിത ശിരസ്സുകളെ നിയന്ത്രിക്കുന്ന സംഘര്‍ഷങ്ങളില്‍ നിന്നും ഏറ്റുമുട്ടലുകളില്‍ നിന്നും മോചിതമാവാനുള്ള ഒറ്റമൂലികൂടിയാണ് ഈ പ്രാര്‍ത്ഥന.
4 ഈ പ്രാര്‍ത്ഥന നാമായിരിക്കുന്ന ഇന്നിനു വേണ്ടി മാത്രമുള്ളതാണ്.
5 എല്ലാ പ്രചോദനങ്ങളുടേയും ഉത്തെജകങ്ങളുടേയും പ്രയത്നങ്ങളുടേയും ഉറവയാണീ പ്രാര്‍ത്ഥനയെന്ന് കാണുന്നവനെ, തീര്‍ച്ചയായും അവനെപ്പറ്റിയുള്ള രക്ഷാകര പദ്ധതിയില്‍ തന്നെ ഇത് കൊണ്ടെത്തിക്കും.
നാലുതരത്തിലുള്ള ആളുകള്‍
1. ഇത് സ്വയം നിയന്ത്രിത വ്യക്തികള്‍ക്ക് വേണ്ടിയുള്ളതല്ല. ലേഡി ബര്‍ട്ടന്‍റെ കാഴ്ചപ്പാട് ഇത് നന്നായി മനസ്സിലാക്കാന്‍ നമ്മെ സഹായിച്ചേക്കാം. അവര്‍ ആളുകളെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 1 അറിവില്ലാത്തവരും, അറിവില്ലെന്ന് തിരിച്ചറിയാത്തവരുമായ വിഡ്ഢികള്‍ - അവരെ ഒഴിവാക്കുക. 2 അറിവില്ലാത്തവരും എന്നാല്‍ അറിവില്ലെന്ന് മനസ്സിലാക്കിയവരും - സാധാരണക്കാരായ അവരെ പഠിപ്പിക്കുക. 3 അറിവുണ്ടെന്ന കാര്യം തിരിച്ചറിയാത്തവര്‍ - അവര്‍ ഉറക്കത്തിലാണ് അവരെ ഉണര്‍ത്തുക. 4 അറിയുന്നവരും, അറിയുന്നുവെന്നു തിരിച്ചറിഞ്ഞവരും - അവര്‍ ജ്ഞാനികളാണ് അവരെ അനുഗമിക്കുക. നാലാമത്തെ വിഭാഗത്തിലുള്ളവര്‍ അപൂര്‍വ്വവും, അവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടുമാണ്. ബഹുഭൂരിപക്ഷവും രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നു. അവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ പ്രാര്‍ത്ഥന.
2. ഇത് ഏറ്റവും നിസ്വാര്‍ത്ഥമായ പ്രാര്‍ത്ഥനയാണെന്നു പറയാന്‍ കാരണം, കാണുക, ആഗ്രഹിക്കുക, ചിന്തിക്കുക, ശ്രവിക്കുക, പറയുക, ചെയ്യുക ഇങ്ങിനെയുള്ള ഓരോ പടിയിലും അവസ്ഥയിലും ദൈവത്തിന്റെ ഇശ്ചക്കാണ് ഇവിടെ പ്രാമുഖ്യം നല്‍കിയിരിക്കുന്നത് എന്നത് കൊണ്ടാണ്. എന്‍റെയോ ഞങ്ങളുടെയോ ഇഷ്ടമല്ല, പകരം അവിടുത്തെ ഇഷ്ടം ഭവിക്കട്ടെയെന്ന് ഉരുവിടുകൊണ്ട് ദൈവേഷ്ടം മാത്രമാണല്ലോ ഒരു യഥാര്‍ത്ഥ മനുഷ്യന്‍ അഭിമാനത്തോടെ അന്വേഷിക്കുന്നത്. പരസ്പരം സഹായിച്ചുകൊണ്ടും, സേവിച്ചുകൊണ്ടും പിന്താങ്ങിക്കൊണ്ടും അപരനെ ദ്രോഹിക്കാതെ ലോകം മുഴുവന്‍ ശാന്തിയിലും ഒരുമയിലും ആയിരിക്കണമെന്നാണ് ദൈവം ഇശ്ചിക്കുന്നത്.
ശാന്തിയിലേക്കൊരൊറ്റമൂലി
3 ഇതിന്‍റെയെല്ലാം ഫലമായാണ് കുടുംബത്തിലും സമുദായത്തിലും രാജ്യത്തുമുള്ള എല്ലാ സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കാനുള്ള അമൃത തുല്യമായ ഒരു ഔഷധമായി ഈ പ്രാര്‍ഥനയെ പരിഗണിക്കുന്നത്. ഒരു സമുദായവും ആള്‍ക്കൂട്ടവും രണ്ടാണ്, സമുദായം ഏക മനസ്സുള്ളതാണെങ്കില്‍ ആള്‍ക്കൂട്ടത്തിന് അനേകം തലകള്‍ മാത്രമേ കാണൂ. പരസ്പരം കണ്ണോടു കണ്ണ് കാണാന്‍ പ്രജകള്‍ക്കു സാധിക്കാതെ വരുമ്പോഴാണ് അസ്വാരസ്യങ്ങള്‍ തലപൊക്കുന്നത്. ഒരു പ്രത്യേക അവസരത്തില്‍ സമുദായത്തിനു കൃത്യമായി വേണ്ടതെന്താണെന്നതിനെപ്പറ്റി ഉള്ളില്‍ തര്‍ക്കങ്ങള്‍ ഉണ്ടായെന്നിരിക്കും. പക്ഷേ ആ അവസരത്തില്‍ സമുദായത്തിന് ഏറ്റവും കരണീയമായതെന്തെന്നു തീരുമാനിക്കാനുള്ള അവകാശം എല്ലാവരും ദൈവത്തിനു വിട്ടുകൊടുക്കുമ്പോള്‍ അവിടെ അസ്വാരസ്യങ്ങള്‍ക്ക് സ്ഥാനമേയില്ല. പക്ഷേ, സമുദായത്തില്‍ രണ്ടാഭിപ്രായങ്ങളാണ് ഉരുത്തിരിയുന്നതെങ്കില്‍ അതിലൊന്ന് വ്യക്തമായും തെറ്റായ ദിശയില്‍ ആയിരിക്കുമെന്നും അത് മാനുഷികമോ സാമാന്യ ബുദ്ധിക്കു നിരക്കുന്നതോ ദൈവേഷ്ടമോയല്ലായിരിക്കും ഉദ്ദേശിക്കുന്നതെന്നും സ്പഷ്ടമാണ്. അത്തരം അസന്നിഗ്ദാവസ്ഥകളില്‍ അപരനെ വേദനിപ്പിക്കുന്നതല്ലാത്ത ഒരു ഐക്യദര്‍ശനം സാദ്ധ്യമാവാന്‍ വേണ്ടി പ്രാര്‍ഥിക്കുകയാണ് വേണ്ടത്.
4. ഈ പ്രാര്‍ത്ഥന ഈ ഒരു ദിവസത്തേക്ക് വേണ്ടി മാത്രമുള്ളതാണ്. “നാളയെക്കുറിച്ച് നിങ്ങള്‍ ആകുലരാകരുത്, നാളത്തെ ദിനം തന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും.” [മത്തായി. 6.34]. ഓരോ സമയത്തും ഒരാള്‍ക്ക് നന്നായി കൈകാര്യം ചെയ്യാവുന്നതിനേക്കാള്‍ വലുതാണ് അവനവനു ലഭിക്കുന്നത്. എന്തുമാത്രം നാളെകള്‍ക്കൊണ്ട് ഇന്നുകളെ നാം നിറയ്ക്കുന്നുവോ, ഇന്നത്തെ കൃത്യങ്ങള്‍ അത്രയും അപൂര്‍ണ്ണമായി അവശേഷിക്കും. അങ്ങിനെയുള്ളവര്‍ക്ക് ഇന്നലെയെ ഓര്‍ത്ത് വ്യസനിച്ച ഇന്നുകള്‍ നാളെകളായി മാറും. നമ്മുടെ പിടിവിട്ടു എന്നന്നേക്കുമായി അപ്രത്യക്ഷമാവുന്ന ശൂന്യസ്വപ്നങ്ങളാണ് ഇന്നലെകള്‍; അതെ സമയം നാളെയെന്നത് നമുക്കുറപ്പില്ലാത്ത ഒരു കാരണവശാലും സ്വന്തം ശക്തികൊണ്ട് നമുക്ക് എത്തിപ്പെടാനാവാത്ത ഒരു സാദ്ധ്യത മാത്രമാണ്. നമ്മള്‍ വിഭാവനം ചെയ്യുന്ന ഒരു നാളെയില്‍ നാമൊരിക്കലും എത്തിപ്പെടാന്‍ ഇടയില്ല. അപ്പോള്‍ പ്രസക്തമായത്, ഇന്ന് എന്ന ജീവിക്കുന്ന യാഥാര്‍ത്ഥ്യം മാത്രമാണ്.
ദൈവ കേന്ദ്രീകൃതമായ പ്രാര്‍ത്ഥന
5 അവസാനമായി, ഈ പ്രാര്‍ത്ഥന സ്വന്തം ആത്മശക്തിയായി കാണാന്‍ കഴിയുന്നവന്, അല്ലെങ്കില്‍ അവന്‍റെ ഹൃദയത്തില്‍ നിന്നുള്ള ജ്ഞാനത്തിന്‍റെ ആവേശത്തോടെയുള്ള കവിഞ്ഞോഴുകലായി ഇതിനെ കാണുന്നവന് ഒരിക്കലും മാര്‍ഗ്ഗ ഭ്രംശം വരാന്‍ ഇടയില്ല, കാരണം ദൈവ കേന്ദ്രീകൃതമായാണ് അവന്‍ ആയിരിക്കുന്നത്. “ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക, അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്ക്ക് ലഭിക്കും” [മത്തായി. 6.34]. അവനെസംബന്ധിച്ചിടത്തോളം ഈ സുവിശേഷവചനം വളരെ പ്രസക്തവും അര്‍ത്ഥവത്തുമായിരിക്കും. ഒരു മോട്ടോര്‍ സൈക്കിളിനെപ്പറ്റി റ്റി വി പരസ്യത്തില്‍ പറയുന്ന, ദൈവാരൂപിയാല്‍ നിറയ്ക്കുക, ലോകത്തിന്‍റെ സ്വാധീനങ്ങളില്‍ നിന്നും ശരീരം അടച്ചു സൂക്ഷിക്കുക, പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുമെന്നു ഉറപ്പുള്ളത് കൊണ്ട് സ്വയം മറന്നു മുന്നോട്ടു പോവുകയെന്ന അര്‍ത്ഥം വരുന്ന, ‘നിറക്കുക, അടയ്ക്കുക, മറക്കുക’ എന്ന മുദ്രാവാക്യം, ലക്ഷ്യത്തിലേക്ക് മുന്നേറുന്ന ഒരുവനെ ശരവേഗത്തിലും കൃത്യതയോടെയും ദൈവിക ദൌത്യത്തില്‍ അടിപതറാതെ മുന്നേറാന്‍ സഹായിക്കും. അനേകം വര്‍ഷങ്ങളുടെ അനുഭവത്തില്‍ നിന്ന് ഇതെഴുതുന്ന ഞാന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യാന്‍ ആഗ്രഹിക്കുന്നതും മറ്റുള്ളവര്‍ എനിക്ക് വേണ്ടി ചെയ്യാന്‍ ആഗ്രഹിക്കുന്നതും ഈ പ്രാര്‍ഥന തന്നെയാണ്.
അഞ്ച് അന്ധന്മാരെപ്പോലെ
പുതുതായി കണ്ടെത്തിയ ഒരു പ്രാര്‍ത്ഥനയെപ്പറ്റിയുള്ള ഈ ചിതറിയ ചിന്തകള്‍ ഒരു വായനക്കാരനെയും മാറ്റിമറിക്കാനോ ഒരുവന്‍റെയും സമനില തെറ്റിക്കാനോ ഉദ്ദേശിച്ചുള്ളതല്ല, കാരണം ഈ വിലയിരുത്തലുകള്‍ തനിക്കൊന്നും അറിയില്ലായെന്നറിയുന്നതോ ബാര്‍ട്ടിമേയുസിനെക്കാള്‍ അന്ധനെന്ന് നിശ്ചയമുള്ളവനുമായതൊ ആയ ഒരാളുടെത് മാത്രമാണ്. വാസ്തവത്തില്‍ കൊമ്പനാനയെ കാണാന്‍ പോയ അഞ്ച് അന്ധന്മാരുടെ കാഴ്ച്ചപ്പാടിനെക്കാള്‍ ഒട്ടും മെച്ചമായിരിക്കില്ല എന്‍റെ വിലയിരുത്തലുകളും, നിഗമനങ്ങളും. അവരെ സംബന്ധിച്ചിടത്തോളം അവര്‍ പറഞ്ഞത് നൂറു ശതമാനം സത്യസന്ധവും അതെ സമയം അത്രയും തെറ്റോ അപൂര്‍ണ്ണവുമോ ആയിരുന്നു. ഒരു കഴുതയുടെ നാവിലൂടെ പ്പോലും ദൈവം സംസാരിച്ചേക്കാം എന്നുള്ളതുകൊണ്ട് ഇത് ഗ്രഹിക്കാന്‍ ശ്രമിക്കുന്നത് ഒരിക്കലും നാശകാരണമാവില്ല. വചനത്തെയാണ് ഇക്കാര്യത്തില്‍ ആശ്രയിക്കുന്നതെങ്കില്‍, “വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോക ദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തിരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാന്‍ ലോക ദൃഷ്ടിയില്‍ അശക്തമായവയെയും, നിലവിലുള്ളവയെ നശിപ്പിക്കാന്‍ വേണ്ടി ലോകദൃഷ്ട്യാ നിസ്സാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്മയെത്തന്നെയും ദൈവം തിരഞ്ഞെടുത്തു” [കോറി. 1.27-2] എന്ന വചനം ശക്തി നല്‍കും.
അങ്ങിനെ, നമ്മുടെ അംഗീകൃത മാനുഷികമാനദണ്ഡങ്ങള്‍ ഒരു സമഗ്ര അവസ്ഥാന്തരത്തിനു വിധേയമാക്കുമ്പോഴേ ദൈവത്തിന്‍റെ കൃപയും മഹത്വവും ഇവിടെ സാദ്ധ്യമാവുകയുള്ളൂ. ‘ഞാന്‍ നന്നായി കാണുന്നതിനു’ വേണ്ടി, ഈ ലിഖിതം വായിക്കുന്നവര്‍ നന്നായി കാണുവാനും ആഗ്രഹിക്കുവാനും, ചിന്തിക്കുവാനും, ശ്രവിക്കുവാനും സംസാരിക്കുവാനും, നീ ഇശ്ചിക്കുന്നത്, ഇശ്ചിക്കുന്നത് മാത്രം, ചെയ്യുവാനും ഇടയാകേണമേ. ആമ്മേന്‍.
സ്വയം വിമര്‍ശനത്തിന്റെ ഒരു കുറിപ്പുകൂടി ചേര്‍ക്കുന്നത് ഉചിതമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. എന്‍റെ മനസ്സിലേക്ക് ആദ്യം വരുന്ന ചോദ്യങ്ങള്‍, മാനുഷിക തലത്തില്‍ അപ്രാപ്ര്യമായ ചന്ദ്രനിലേക്ക് നീ കുതിക്കുകയാണ്, നശ്വരതകൊണ്ട് അനശ്വരതയെ പ്രാപിക്കാമെന്നുള്ള വ്യാമോഹമാണിത് എന്നതൊക്കെയായിരുന്നു. ദൈവേഷ്ടമായതെല്ലാം, ദൈവം നമ്മില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതെല്ലാം ആറെന്നെണ്ണുന്നതിനു മുമ്പു സാധിക്കണമെന്നു വാശിപിടിക്കുന്നവന്‍ നശിക്കുകയെയുള്ളൂവെന്നു മനസ്സിലാക്കാന്‍ സോളമന്‍റെയത്ര ബുദ്ധിയൊന്നും ആവശ്യമില്ല. അങ്ങിനെയെങ്കില്‍ സാധാരണ മനുഷ്യര്‍ക്ക് എത്തിപ്പിടിക്കാവുന്ന കൂടുതല്‍ പ്രായോഗികമായ ഒരു പ്രാര്‍ത്ഥന നിര്‍ദ്ദേശിച്ചു കൂടെയെന്നൊക്കെ ആയിരുന്നു.
യുക്തിസഹമായി ചിന്തിച്ചാല്‍ ഈ വിമര്‍ശനം അര്‍ത്ഥവത്താണ്. പക്ഷെ, ഇതിന്‍റെ വാസ്ഥവികതയിലേക്ക് കടന്നാല്‍ നേടാനും മെച്ചപ്പെടാനുമുള്ള നിത്യമായതല്ലെങ്കിലും അതിരുകളില്ലാത്ത സാദ്ധ്യത മനുഷ്യനിലുണ്ട്. ഒരുവന് കയറിച്ചെല്ലാവുന്ന ഈ അത്യുന്നത കേന്ദ്രത്തേപ്പറ്റി അനുസ്യൂതം പരിശ്രമിക്കുന്നവരല്ലാതെയാരും അറിയുന്നില്ല. അതുകൊണ്ടാണ് നിങ്ങളുടെ വാഹനം നക്ഷത്രങ്ങളെ ലക്ഷ്യമാക്കൂവെന്നു പറഞ്ഞിരിക്കുന്നത്. സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെപ്പോലെ നിങ്ങളും പൂര്‍ണ്ണരായിരിക്കൂവെന്ന വചനം വിമര്‍ശകരെ നിശ്ശബ്ദരാക്കും. മനുഷ്യസാദ്ധ്യമായ ഒരു ലക്ഷ്യമാണോ ഇത്? ഇതിനു വിരുദ്ധമായി ഈ പ്രാര്‍ത്ഥനയിലൂടെ നാം തേടുന്നതെല്ലാം ശൂന്യതയിലെ അപ്രസക്തതയിലേക്ക് ലയിക്കട്ടെ !
ഡോ. ജെയിംസ് കോട്ടൂര്