Translate

Sunday, April 14, 2013

യൂദാസിന്റെ സുവിശേഷത്തിലെ യേശു


യൂദാസിന്റെ ചുംബനം, മുപ്പത് വെള്ളിക്കാശ് തുടങ്ങിയവ വിശ്വസാഹിത്യത്തിന്റെ തന്നെ ഭാഗമാണ്. യൂദാസിനെ വഞ്ചനയുടെ പ്രതീകമായിട്ടാണ്‌ ലോകം കാണുന്നത്. ഹിറ്റ്ലറിന്റെയും സ്റ്റാലിന്റെയും പേരുകൾ ഇന്നും മക്കൾക്ക് നല്കുന്നവരുണ്ട്, പക്ഷേ, ആരും യൂദാസ് എന്ന പേര് തിരഞ്ഞെടുക്കാറില്ല. പത്തുനാല്പത്തേഴു കൊല്ലംമുമ്പ് ലാറി ബെയ്ക്കർ രൂപകൽപ്പന ചെയ്ത ഞങ്ങളുടെ അടിവാരം പള്ളിയുടെ ഭിത്തിയിൽ പന്ത്രണ്ട് അപ്പോസ്തൊലന്മാരുടെ രൂപങ്ങൾ മോഡേണ്‍ ആർട്ട്‌ സ്റ്റൈലിൽ സിമന്റിൽ വാർത്തു ചേർത്തായിരുന്നു ജനാലകളുടെ അഴികൾക്കു പകരം പിടിപ്പിച്ചിരുന്നത്. അക്കൂടെ യൂദാസിന്റെ രൂപവും ഉണ്ടായിരുന്നു. അത് വാർത്തെടുക്കാൻ സമയമായപ്പോൾ സായ്പ്പ് തിരുവനന്തപുരത്തു അസുഖമായിപ്പോയി. വികാരിയച്ചൻ അന്ന് പയ്യനായിരുന്ന എന്നെക്കൊണ്ടാണ് യൂദാസിനെ വരപ്പിച്ചതും അതുപയോഗിച്ച് അച്ചുണ്ടാക്കിയതും. ആളിന്റെ രൂപമല്ലായിരുന്നു, അവർക്ക് ഓരോരുത്തർക്കും സഭ പാരമ്പര്യമായി കൊടുത്തിരുന്ന ചിഹ്നമായിരുന്നു ബെയ്ക്കറിനു പ്രധാനം. ഉദാ. പത്രോസിനു താക്കോലുകൾ, തോമാക്ക് കുന്തം, ജോണിന് ഗരുഡൻ എന്നതുപോലെ, യൂദാസിന്റെ അടയാളം മടിശീലയായിരുന്നല്ലോ. പിഴച്ചവൻ എന്ന് കരുതപ്പെട്ട യൂദാസിനെയും പള്ളിക്ക് കാവൽ നിറുത്താനുള്ള ആർജ്ജവം ലാറി ബെയ്ക്കറിന് അന്നുണ്ടായി എന്നത് ഒരു ചെറിയ കാര്യമല്ല. ഏതായാലും ആ കലയെല്ലാം ഇടിച്ചുപൊളിച്ചിട്ട്‌ ഇപ്പോൾ തൽസ്ഥാനത്ത് നില്ക്കുന്നത് സ്റ്റീലിന്റെയും കോണ്ക്രീറ്റിന്റെയും ഘനം പേറുന്ന, ശാലീനതയൊട്ടുമില്ലാത്ത ഒരു സൗധമാണ്. എനിക്കതിനുള്ളിൽ ശ്വാസം മുട്ടും. യേശുവിനും അതായിരിക്കും അനുഭവം എന്ന് ഞാൻ കരുതുന്നു.  

അംഗീകൃത സുവിശേഷങ്ങൾ നാലും റോമാക്കാരെ മൃദുലമായിട്ടാണ് കൈകാര്യം ചെയ്യുമ്പോൾ, യഹൂദപുരോഹിതരും യൂദാസും അവയിൽ അധിക്ഷേപിക്കപ്പെടുന്നുണ്ട്. റോമൻ സാമ്രാജ്യത്തെ പിണക്കാനാവാത്ത ഒരു സമയത്താണ് അവ എഴുതപ്പെട്ടത്. 
യൂദാസിന്റേതെന്നു പറഞ്ഞ് ഒരു സുവിശേഷം എഴുതപ്പെട്ടു എന്നത് തന്നെ സൂചിപ്പിക്കുന്നത് സംഭവങ്ങൾക്ക് വേറൊരു വശം കൂടി ഉണ്ടായിരുന്നു എന്നാണല്ലോ. ഈ സുവിശേഷത്തിൽ അദ്ദേഹം ഒരു വീരനായകനാണ്. യേശു ഏല്പ്പിച്ചു കൊടുത്ത ഒരു ദൌത്യം അദ്ദേഹം ചെയ്തു എന്ന് മാത്രമേ വായനക്കുശേഷം നമുക്ക് തോന്നൂ. വഞ്ചനയല്ല, കൃത്യനിഷ്ഠയും ധൈര്യവുമാണ് യൂദാസിൽ കാണുന്നത്. നല്ലവൻ എന്നാണു യേശു അയാളെ വിളിക്കുന്നത്‌. ഏതായാലും സഭ തള്ളിക്കളഞ്ഞതോ ഒളിച്ചു വയ്ക്കേണ്ടി വന്നതോ ആയ യേശുവിനെപ്പറ്റിയുള്ള ഇത്തരം എഴുത്തുകളിൽ ജ്ഞാനവാദ/ബുദ്ധ ദർശനങ്ങൾ ധാരാളമുണ്ടായിരുന്നു. രാജാധികാരത്തിന്റെ നാളുകളിൽ രൂപം കൊള്ളുകയോ, തിരുത്തലുകൾ ചേർക്കപ്പെടുകയോ ചെയ്തിട്ടുള്ള സിനോപ്റ്റിക് സുവിശേഷങ്ങളൊക്കെ ദൈവനിവേശിതമാണെന്നു സഭ പറയുമ്പോൾ അതെത്രമാത്രം കണിശമായിട്ടെടുക്കണം എന്ന സന്ദേഹം എന്നും നിലനില്ക്കുന്നുണ്ട്. തന്നെയല്ല, സിനോപ്റ്റിക് ആയാലും അപോക്രിഫാ ആയാലും, അവയുടെ കർത്താക്കളായി കരുതപ്പെടുന്നവർ നേരിട്ട് സാക്ഷ്യംവഹിച്ച കാര്യങ്ങളല്ല അവയിലെ ഉള്ളടക്കം എന്നത് തര്ക്കമറ്റ കാര്യമാണ്.
നന്മയുടെ ആത്യന്തികമായ ഒരു ഉറവിടമുണ്ടെന്നു യൂദാസിന്റെ സുവിശേഷത്തിന രൂപം കൊടുത്ത ജ്ഞാനവാദികൾ വിശ്വസിച്ചു - ഭൌതിക പ്രപഞ്ചത്തിനു പുറത്തുളള ദിവ്യമായ ഒരു ബോധം. അതിന്റെ ഒരു കണിക മനുഷ്യനിലും ഉണ്ട്. നാം ജീവിക്കേണ്ടിവരുന്നത് ഒരു കളങ്കിത ലോകത്തിലാണ്. അവിടെ മാർഗനിർദേശം തരുന്ന ഗുരുവാണ് യേശു. തങ്ങൾക്കുള്ളിൽ നിന്നുതന്നെ ദൈവശബ്ദം കേള്ക്കാം, അവിടെ ഒരു ഇടനിലക്കാരനായ പുരോഹിതന്റെ ആവശ്യമില്ല എന്ന നിലപാടാണ് അവരെ സഭാപിതാക്കന്മാർക്ക് അനഭിമതരാക്കിയത്. ഈ സുവിശേഷത്തിൽ യേശു പൌരോഹിത്യത്തെ നിർദയം ആക്രമിക്കുന്നുണ്ട്. "എന്റെ പേരിൽ ലജ്ജാകരമായ രീതിയിൽ ഫലമില്ലാത്ത വൃക്ഷങ്ങൾ നടുന്ന അബദ്ധത്തിന്റെ പുരോഹിതർ", "എന്റെ പേരിൽ പ്രാര്ഥിക്കുകയും അതേസമയം വ്യഭിചാരം, കൊല തുടങ്ങിയ നിന്ദ്യകർമ്മങ്ങളിൽ ഏര്പ്പെടുകയും ചെയ്യുന്നവർ" എന്നൊക്കെ അതിൽ വായിക്കുമ്പോൾ ഇക്കാലത്തെപ്പറ്റിയാണോ അത് എന്ന് നമ്മൾ സംശയിച്ചു പോകും. യൂദാസ് ആത്മഹത്യ നടത്തുകയല്ല, കൊല്ലപ്പെടുകയാണ് ചെയ്തതെന്ന് ഈ എഴുത്തിൽ സൂചനയുണ്ട്. ഏതായാലും എത്ര സുവിശേഷങ്ങൾ എഴുതപ്പെട്ടിട്ടും, നൂറുകണക്കിന് വചനോത്സവങ്ങൾ നടത്തിയിട്ടും ഇന്നും സഭയുടെ മക്കൾ പോലും അവർക്കാവശ്യം വരുമ്പോൾ തെറ്റിനെ ശരിയാക്കുകയും കുറ്റവാളികൾ രക്ഷപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു.

മഗ്ദലേനയുടെ സുവിശേഷത്തിൽ അവർ മറ്റു ശിഷ്യരെക്കാൾ മേധയിലും കാര്യശേഷിയിലും ഉയര്ന്നു നിൽക്കുന്നതായി എഴുതിക്കാണുന്നതുപോലെ യൂദാസിന്റെ സുവിശേഷ
ത്തിൽ പ്രത്യേക പരിഗണന നൽകി യേശു ആഴമായ കാര്യങ്ങൾ അദ്ദേഹവുമായി ചര്ച്ചചെയ്യുന്നതായി കാണാം. "മറ്റുള്ളവരിൽ നിന്ന് അകന്നുനില്ക്കൂ, ദൈവരാജ്യത്തിന്റെ നിഗൂഡതകളെക്കുറിച്ചു നിനക്ക് ഞാൻ പറഞ്ഞുതരാം" എന്ന് യേശു യൂദാസിനോട്‌ പറയുന്ന സന്ദര്ഭം ഒരിടത്തുണ്ട്. പലപ്പോഴും ശിഷ്യർ യേശുവിനെ ദർശനത്തിൽ കാണുന്നതായും യേശു അവരെ വിട്ടു പോകുന്നതായും പരാമര്ശമുണ്ട്. അതൊക്കെ  എങ്ങനെ മനസ്സിലാക്കണമെന്ന കാര്യത്തിൽ ഒട്ടും വ്യക്തതയില്ല. നഷ്ടപ്പെട്ട ധാരാളം വരികളും യോഹന്നാന്റെ വെളിപാടിലേതുപോലുള്ള നിഗൂഡഭാഷയും അര്ത്ഥം പിടികിട്ടാത്ത ബിംബങ്ങളും മൂലം ഈ പുസ്തകം ഒരു രഹസ്യമായി  ഇപ്പോഴും നിലകൊള്ളുന്നു.

സുവിശേഷങ്ങളിലെ യേശുവിനെ അന്വേഷിക്കുന്ന നാം കാണുന്നത് അന്ധമായി ആചാരങ്ങളെ സൂക്ഷിക്കുകയും അർത്ഥശൂന്യമായ പ്രാര്ത്ഥനാരീതികളെ അവലംബിക്കുകയും ചെയ്യുന്ന ശിഷ്യരെ യേശു ചിരിച്ചു കളിയാക്കുന്ന രംഗങ്ങളാണ്. അതിനുശേഷം അവിടുന്ന് അവരെ സാന്ത്വനിപ്പിക്കുകയും ജ്ഞാനം പകര്ന്നുകൊടുക്കുകയും ചെയ്യുന്നുണ്ട്. ദൈവികമായ ഒരു പരിവേഷത്തെക്കാൾ സ്വാഭാവികമായ മാനുഷിക ഗുണങ്ങളോടുകൂടിയ ഒരു ഗുരുവിനെയാണ് നാം അതിൽ ദര്ശിക്കുന്നത്. യേശുവിന്റെ മരണവും ഉയിർപ്പുമൊന്നും പ്രതിപാദിക്കപ്പെടുന്നേയില്ല. ജ്ഞാനവാദദർശനത്തിൽ അവക്കൊന്നും പ്രാധാന്യമില്ല എന്നതാവാം കാരണം.   

3 comments:

  1. സക്കരിയാച്ചയാ,കൈനിക്കര കുമാരപിള്ളയുടെ "കാൽവരിയിലെ കല്പപാദപം" വിവരിക്കുന്നുണ്ട് യൂദായുടെ മനസ്സു നല്ലോണ്ണം; ഞാൻ പണ്ട് വായിച്ചിട്ടുണ്ട്...പള്ളിയിൽ വച്ചു പരിചയപ്പെട്ട ശപിക്കപ്പെട്ട യൂദായുടെ മറ്റൊരു മുഖം..പാപികൽക്കുവേണ്ടി ആദ്യം മരിച്ചത് ക്രിസ്തുവല്ല , പാവം യൂദായാണന്നു തോന്നിപ്പോകും ഏതു മണ്ടബുദ്ധിക്കും ആ രചനാപാടവത്തിൽ ... അന്ത്യത്താഴനാളിൽ അപ്പം നുറുക്കി യേശു യൂദാക്കു കൊടുത്തു , സാത്താൻ അവനിൽ പ്രാവേശിച്ചു..എന്നാണല്ലോ ബൈബിളിലെ വിവരണം.(മരുന്ന് കുത്തിവച്ചു,രോഗി മരിച്ചു എന്നതിൽ, ..കുത്തിവച്ചില്ലായിരുന്നെങ്കിൽ =അപ്പം നുറുക്കി കൊടുത്തില്ലായിരുന്നെങ്കിൽ, എന്ന ചോദ്യം ഉയരുന്നു.) .എന്നിട്ടുമശീഹാ പാവംയൂദായോട് ,"നീ ചെയ്യാനുള്ളത് വേഗം പോയ്‌ ചെയ്യുക "എന്നും paRanju ..ഇത് കേട്ട ശിഷ്യന്മാർ "നാമറിയാത്ത ഏതോ വേല അവനെ ഗുരു എല്പ്പിച്ചിരിക്കാം" എന്ന് സമാധാനിക്കുന്നു ..എല്ലാംകൂടി കൂട്ടിവായിച്ചാൽ ,ക്രിസ്തുവിന്റെ രക്ഷാകർമ്മത്തിൽ യൂദാ ഒരു പ്രധാന സൂത്രധാരകാൻ ,എന്നേ തോന്നൂ.....മിടുക്കനും വിശ്വസ്തനും യൂദാ മാത്രംയിരുന്നാ പ്ഠിപ്പില്ലാത്ത മുക്കുവശിഷ്യഗണത്തിൽ ...,അതല്ലേ ധനകാര്യം മാണിക്കെന്നപോലെ യൂദാക്കും അവൻ കൊടുത്തതു ? പിന്നെ എങ്ങിനെ യൂദാ ഇങ്ങനെ ആയി? പുരോഹിത മതം ..ഉത്തരം ശരിയല്ലെ ?

    ReplyDelete
  2. സാക്കും മറ്റപ്പള്ളിയും പഠിക്കുന്നകാലങ്ങളിൽ ക്ലാസിൽ മുൻസീറ്റിലിരുന്നു പഠിച്ചവരായി തോന്നിപ്പോവാറുണ്ട്. ആശയങ്ങൾ നിരത്തുന്നതും എഴുത്തിന്റെ ശൈലിയും ഇരുവരുടെയും വളരെ ആകർഷണീയമാണ്.ഞാൻ എക്കാലവും ഇഷ്ടപ്പെട്ടിരുന്നത് പുറകിലത്തെ സീറ്റായിരുന്നു. കോഴിക്കോട് ദേവഗിരിയിൽ ഒരു വർഷം പഠിച്ചകാലത്ത് ഒപ്ത്താത്തൂസ് എന്ന വൈദികനായിരുന്നു കത്തോലിക്കർക്ക് നിർബന്ധമായിരുന്ന ക്യാറ്റികിസം (Catechism) ക്ലാസ് എടുത്തിരുന്നത്. യേശു കഴിഞ്ഞാൽ പുതിയനിയമത്തിലെ പ്രധാന വ്യക്തി ആരെന്നായിരുന്നു ഒരു ദിവസം ക്ലാസ്സിലെ ചൊദ്യം. മേരി, പോൾ , സ്നാപകൻ, മാത്യു എന്നെല്ലാം പലരും ഉത്തരം പറഞ്ഞെങ്കിലും എന്റെ അന്നത്തെ ഉത്തരം 'യൂദാസ്' എന്നായിരുന്നു. ക്ലാസ്മൊത്തം എന്നെ പരിഹസിക്കുകയും അച്ചനും അവരോടൊപ്പം കൂടിയതും ഒർക്കുന്നു. അന്നത്തെ ഞാൻ പറഞ്ഞ ഉത്തരം ശരിയെന്ന് ഇന്ന് എനിക്ക് തൊന്നുന്നു. യൂദാസും മഗ്ദലനായും കഥാപാത്രങ്ങളെ നീക്കം ചെയ്‌താൽ പുതിയ നിയമംതന്നെ അർഥമില്ലാത്ത മറ്റൊരു കാഴ്ചപ്പാടിൽ കാണേണ്ടിവരും.

    നാഷണൽ ജിയോഗ്രാഫിക്ക് എന്ന ലോകപ്രസിദ്ധമായ മാസികയിൽ യൂദാസിന്റെ സുവിശേഷത്തെപ്പറ്റി ഒരു ഗവേഷണലേഖനം ഉണ്ടായിരുന്നു. അനേക വിസ്മയകരങ്ങളായ ചരിത്രവസ്തുതകൾ നീണ്ട ആ ലേഖനത്തിൽ വായിക്കുന്നതിനും ഇടയായി. സഭ പഠിപ്പിച്ച പലതിനും വിപരീതമായ ജ്ഞാനവിഷയങ്ങൾ വായിക്കുന്ന സമയങ്ങളിൽ യേശുവുമായി ഞാൻ കൂടുതൽ അടുക്കുന്നതായും തോന്നി. യേശുവിൽ ഒരു ആൾദൈവത്തെക്കാൾ മനുഷ്യത്വം കൂടുതൽ പ്രകാശിക്കുന്നതായും എന്റെ മനസ് വിളിച്ചു പറഞ്ഞു. ആദിമസഭയ്ക്കും യൂദാസ് സുവിശേഷത്തെപ്പറ്റി അറിവുണ്ടായിരുന്നുവെന്നും പണ്ഡിതർ അഭിപ്രായപ്പെടുന്നു. സഭ അന്ന് കണ്ടുകെട്ടി നശിപ്പിക്കാതെ കാലത്തെ അതിജീവിച്ച് ഇന്നും ജീർണ്ണിച്ച അവസ്ഥയിൽ ഈ മാനുസ്ക്രിപ്റ്റ് ആർക്കിയോളജി ഗ്രന്ഥപ്പുരയിൽ ഉണ്ട്. ജൂദാസ് സുവിശേഷത്തിന്റെ ചരിത്രപശ്ചാത്തലം മറ്റൊരവസരത്തിൽ ലേഖനമായി എഴുതണമെന്നും ഞാൻ വിചാരിക്കുന്നു.

    ജൂദാസ് സുവിശേഷത്തിന്റെ ഉള്ളടക്കം എന്താണ്? യേശുവും ജൂദാസും തമ്മിലുള്ള സംഭാഷണവിഷയമാണ് ഇതിലെ മുഖ്യ വിഷയം. യേശു, യൂദാസിനോട്‌ ആവശ്യപ്പെടുകയാണ്, 'ഞാൻ മിശിഹായെന്നു പ്രവചനം പൂർത്തിയാക്കുവാൻ നീ എന്നെ സഹായിച്ചേ മതിയാവൂ. ഒറ്റി കൊടുക്കണം.' യൂദാസ് യേശുവിന്റെ ഏറ്റവും വിശ്വസ്തനും രഹസ്യം സൂക്ഷിപ്പുകാരനും, പണം സൂക്ഷിക്കുന്നവനുമായിരുന്നു. യേശുവിന് ഏറ്റവും ഇഷടമുണ്ടായിരുന്ന ശിക്ഷ്യനുമായിരുന്നു. ജൂദാസിനെ സംബന്ധിച്ച് യേശുവിനെ അധികാരികൾക്ക് പിടിച്ചുകൊടുക്കുകയെന്നത് ഭീകരവും സാഹസമേറിയ ഒരു ജോലിയുമായിരുന്നു. യേശുവിന്റെ മറ്റു ശിക്ഷ്യന്മാർ തന്നെ വെറുക്കുന്നതായി അവനൊരു സ്വപ്നം ഉണ്ടായിരുന്നുവെന്ന് ഭയത്തോടെയും അമ്പരപ്പോടെയും യൂദാസ് യേശുവിനോട് പറഞ്ഞു. അവനെ ആക്രമിക്കുന്നതും അവന്റെമേൽ മരിക്കുന്നതുവരെ കല്ലെറിയുന്നത് സ്വപനത്തിൽ കണ്ട വിവരവും യൂദാസ് യേശുവിനെ വിവരിപ്പിച്ചു കേൾപ്പിച്ചു. യേശു പറഞ്ഞു, "അതെ നീ പറഞ്ഞത് സത്യമാണ്, നിന്റെ ചില പ്രവർത്തനങ്ങളെ വിലയിരുത്തി നീ ഒരു ഭീകരനെന്ന് അവർ ചിന്തിക്കുന്നുണ്ട്. ഞാൻ എല്പ്പിക്കുന്ന ഈ ചുമതലകൾ നീ വഹിച്ചേ തീരൂ. അവരങ്ങനെ ചിന്തിക്കുന്നതും തെറ്റായിരിക്കാം. നിന്റെ ചെറുചിന്തയിൽ അസാധാരണമായ രൂപഭാവമാറ്റങ്ങളും ഉടൻ കൂടിയേ തീരൂ. "

    കാര്യമില്ലാതെ യേശു തന്നെ യൂദാസിനോട്‌ ഒറ്റികൊടുക്കുവാൻ ആവശ്യപ്പെട്ടു. ഈ സുവിശേഷത്തിലെ സാരാംശം എടുക്കുകയാണെങ്കിൽ യേശുവിനെ ഒറ്റി കൊടുത്തത് കുറ്റകരമായ ഒരു പ്രവർത്തിയല്ല. യൂദാസ് ഒരു വിശ്വാസഘാതകനല്ലന്നും അനുമാനിക്കും.

    യൂദാസ്, മാനവിക ചരിത്രത്തിലെ ഏറ്റവും വലിയ വില്ലനാണ്.എന്നാൽ അത് ചരിത്രത്തിന് നാളിതുവരെ തെളിയിക്കുവാൻ സാധിക്കാത്ത യേശുവും അവനും തമ്മിലുള്ള ദുർഗ്രാഹ്യമായ ഒരു രഹസ്യമാണ്. കാലത്തിന് ഉത്തരം കണ്ടെത്താനാവാതെ മനുഷ്യമനസ്സിൽ അജ്ഞേയമായിതന്നെ കുടികൊള്ളുന്നു. ഇതിൽനിന്നും നാം മനസിലാക്കേണ്ടത് യൂദാസ് ഒരു ചതിയനല്ലന്നല്ലേ? യേശുവിന്റെ ഉത്തമശിക്ഷ്യനെന്ന നിലയിൽ മരണത്തിനും അവൻ യേശുവിനൊപ്പം ഉണ്ടായിരുന്നു. ഗുരുവിന്റെ ആജ്ഞ അനുസരിച്ച ഉത്തമ ശിക്ഷ്യനെന്ന നിലയിൽ സ്വർഗത്തിലെ നക്ഷത്രവിഹായസിങ്കൽ യൂദാസും വെട്ടി തിളങ്ങുന്നില്ലേ?

    അവൻ ചതിയനെന്നതിനെക്കാളും യേശുവിന്റെ ഉറ്റ തോഴനെന്നു പറയുന്നതല്ലേ ശരി. ലോകമുള്ളടത്തോളം കാലം അവൻ യേശുവിനുവേണ്ടി സ്വയം വെറുക്കപ്പെട്ടവനായി. അവന്റെ പേരിൽ എത്രയെത്ര യഹൂദജനം കൊല്ലപ്പെട്ടു. പാപിനിയായ സ്ത്രീയെ ഒരിക്കലേ കല്ലെറിഞ്ഞുള്ളൂ. എന്നാൽ അന്നും ഇന്നും ജനം യൂദാസിനെ കല്ലെറിഞ്ഞുകൊണ്ടിരിക്കുന്നു.

    ReplyDelete
  3. കാലത്തിന്റെ ശാപവാക്കെന്നും ഏറ്റു വാങ്ങുന്ന പാവം യൂദാസ് നാമിന്നവനിൽ ആക്ഷേപിക്കുന്ന നീചകർമ്മം ചെയ്തില്ലായിരുന്നങ്കിൽ :> കർത്താവിനെ കയ്യാപ്പ ഒരു ചുക്കും ചെയ്യില്ലായിരുന്നു... .പകൽനേരം ജനാവലി എപ്പോഴും ഏശുവിനുചുറ്റും ഉണ്ടായിരുന്നു., രാത്രികാലങ്ങളിൽ പ്രാർഥിക്കാൻ ഏതെങ്കിലും അജ്ഞാത ഇടങ്ങളിൽ ഒരു അവദൂദനെപൊലെ അവൻ മാറിക്കൊണ്ടുമിരുന്നു...പകൽസമയത്തു ജനത്തെപേടിച്ചു ക്രിസ്തുവിനെ തൊടാൻപോലും പറ്റില്ല ..സന്ധ്യ ആയാൽ ആളൂമുങ്ങും ...പിന്നെ കണ്ടുപിടിക്കാനുംപാടായി.."ഈ പോക്കുപോയാൽ ഇവൻ ജനത്തെ നമുക്കെതിരേ അണിനിരത്തും,"എന്ന് പാതിരിപ്പട പിറുപിറുത്തു..ഒടുവിൽ അവർ യൂദാസിനെ കണ്ടെത്തി ..കാര്യം മംഗളമായി മുടിച്ചു. ..ഈ ഒറ്റിക്കൊടുക്കൽ നടന്നില്ലായിരുന്നെങ്കിൽ അവർ ക്രിസ്തുവിനെ പിടിക്കില്ലായിരുന്നു....ഒരു പിടികിട്ടാപ്പുള്ളിയായി ക്രിസ്തു ആനാട്ടിലോക്കെ തേരാപ്പാരാ നടന്നിട്ടു, വയസായി,വയസായി, വാർധിക്കസഹജമായ ഏതോ അസുഖം പിടിപെട്ടു മരണപ്പെട്ടുപോയേനേം...എങ്കിൽ മാനവരക്ഷ സീറോ.....സീറോമലബാർസഭയും സീറോ.....പാതിരിസീറോ , പാപംസീറോ . പള്ളികൾസീറോ . ഖുര്ബാനതൊഴിലാളികൾ സീറോ , പിരിവുംസീറോ .....എല്ലാ സീറോകൾക്കും മുന്നിൽ മശിഹായെ "ഏകരക്ഷകനാകി" നിർത്താൻ കാരണം യൂദായുടെ (നാം ലോകാവസാനത്തോളം നീചമെന്നു ശപിക്കുന്ന) കർമ്മമാണുള്ളതു....."ആ നാശയോഗ്യൻ","അവൻ ജനിക്കാതെയിരുന്നെങ്കിൽ എത്ര നന്നായിരുന്നു"....ഈവകയെല്ലാം രചിച്ചു ബൈബിളിൽ ചേർത്തത് പിൻകാല കത്തനാരൻമ്മാരാണു ... മനസുണ്ടെങ്കിൽ മനസിലാക്കൂ....

    ReplyDelete