സീറോ മലബാര്‍ അല്മായാ കമ്മിഷന്‍റെ ഔദ്യോഗിക
പ്രസിദ്ധികരണമായ ‘Laity Voice’ ഏപ്രില്‍
ലക്കത്തെപ്പറ്റി രണ്ടു വാക്ക് പറയാതെ വയ്യ. മുഖലേഖനം അറക്കല്‍ പിതാവിന്‍റെ വക.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രത്യേകതകളിലേക്കാണ് ലേഖനം വിരല്‍ ചൂണ്ടുന്നത്. അദ്ദേഹത്തിന്‍റെ
ലാളിത്യവും പാവങ്ങളോടുള്ള ആഭിമുഖ്യവും സവിശേഷ ഗുണങ്ങളാണെന്നു പറഞ്ഞിരിക്കുന്നു.
അത് അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ കൊണ്ടതാണെങ്കില്‍ ഞാന്‍ അത്യധികം
സന്തോഷിക്കുന്നു. ആ സന്ദേശം കാഞ്ഞിരപ്പള്ളിയിലെങ്കിലും നടപ്പാക്കുമെന്ന് കരുതാം.
ചെരിഞ്ഞു തുടങ്ങുന്ന ഒരു കത്തിദ്രലിനെ താങ്ങി നിര്‍ത്താന്‍ ഒരാള്‍ വരുമെന്ന്
ഫ്രാന്‍സിസ് അസ്സിസ്സിക്ക് ദര്‍ശനം ഉണ്ടായതിനെപ്പറ്റി അദ്ദേഹം സൂചിപ്പിക്കുന്ന
ഭാഗമാണ് ഏറെ എനിക്കിഷ്ടപ്പെട്ടത്. ചെരിഞ്ഞു നില്‍ക്കുന്നത് റൊമാണോ കാക്കനാടാണോ എന്ന്
പറഞ്ഞില്ല. റോമ്മാ ആയിരിക്കാനാണ് സാദ്ധ്യത. അറക്കലുള്ളിടം ചെരിയാതെ നോക്കാന്‍
അദ്ദേഹത്തിനു അറിയാമല്ലോ. സര്‍ക്കാര്‍ ചിലവില്‍ നടത്തപ്പെടുന്ന എയിഡെഡ്
വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സര്‍ക്കാര്‍ കുട്ടികളെ ഇനിമേല്‍ നിര്‍ദ്ദേശിക്കരുതെന്ന
ബോസ്കോ പുത്തൂരിന്‍റെ ആഹ്വാനം വന്നപ്പോള്‍ ചെരിഞ്ഞതെല്ലാം നിവരേണ്ടതാണ്. ഇനിയും നിവരാനുണ്ടെങ്കില്‍
അടുത്ത വര്‍ഷം മുതല്‍ കാലു കഴുകുന്നവര്‍ക്ക് കഴുകല്‍ പണം ഏര്‍പ്പെടുത്തി
ശരിയാക്കാവുന്നതേയുള്ളൂ.
ഇപ്പോഴത്തെ UDF ഗവണ്മെണ്ട് അമ്പേ പരാജയപ്പെട്ടുവെന്ന് ഒരു
ബോക്സില്‍ എഴുതിയിട്ടുണ്ട്. അല്മായാ കമ്മിഷന്‍റെ സെക്രട്ടറിയും വിതയത്തിലെ ഒരു
ദേഹമാണെന്നും, വിതയത്തില്‍ പിതാവ് കമ്മ്യുണിസത്തെ ന്യായികരിച്ചു ചാനലില്‍ പണ്ടൊരു
അഭിമുഖം നടത്തിയിരുന്നുവെന്നും അറിയാവുന്നവര്‍ക്ക് കാര്യം
മനസ്സിലാക്കാവുന്നതേയുള്ളൂ. കൂടുതല്‍ ചിന്തിച്ചാല്‍ ഈ പ്രസിദ്ധികരണം ഏതെങ്കിലും സ്ഥാപിത താല്പ്പര്യക്കാരുടെതാണോയെന്നും തോന്നിപ്പോയെക്കാം.
എന്ന് പവ്വം വായ് തുറക്കുന്നോ അന്ന്
ചിന്തിക്കുന്നവര്‍ക്ക് ചിരിക്കാന്‍ ധാരാളമുണ്ടാവും. മറ്റുള്ളവരെ അപമാനിക്കുന്ന
രീതിയില്‍ ആവിഷ്കാര സ്വാതന്ത്ര്യം പാടില്ലായെന്നതാണ് അദ്ദേഹത്തിന്‍റെ ലേഖനത്തിലെ ആവശ്യം.
അതദ്ദേഹം ഉദാഹരണ സഹിതം പറഞ്ഞിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി
നിലകൊണ്ട ചെസ്റ്റേര്‍ട്ടനോട് ബെര്‍ണാര്ട് ഷാ ചോദിച്ചത്രേ, ഷായുടെ കുടയെടുത്തു
അദ്ദേഹത്തിന്‍റെ തലക്കടിച്ചാല്‍ പ്രതിഷേധിക്കില്ലേയെന്ന്. ചെസ്റ്റര്ട്ടന്‍ പറഞ്ഞത്
തല അയാളുടെതായതുകൊണ്ട് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നാണ്. നാനാവശത്ത് നിന്നും
സഭ ചീത്ത കേള്‍ക്കുമ്പോള്‍ സഭക്ക് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നാണ് പവ്വം പറഞ്ഞു
വന്നത്. അത് കാഞ്ഞിരപ്പള്ളി മോടലിലോ, ചങ്ങനാശ്ശേരി മോടലിലോ ആവാം എന്നദ്ദേഹം
പറഞ്ഞില്ല. പത്തു കല്പ്പനകളിലും അദ്ദേഹം പ്രവര്‍ത്തന സ്വാതന്ത്ര്യം കണ്ടു. അത്
വെച്ച് ആരെയും നോവിക്കാതെ ആരെയും കൊല്ലാതെ ഗാന്ധിജി ഇന്ത്യക്ക് പുല്ലുപോലെ
സ്വാതന്ത്ര്യം നേടി തന്നില്ലേ? സഭക്കെതിരെ
മാധ്യമങ്ങള്‍ കള്ള കഥകള്‍ ചമച്ചു വിടരുതെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
അഥവാ വൈദികരാണ് കള്ളകഥകള്‍ പ്രചരിപ്പിക്കുന്നതെങ്കില്‍, തെളിവ് സഹിതം
മോനിക്കയെപ്പോലുള്ള സ്ത്രികള്‍ കോടതിയില്‍ കൊടുക്കുന്ന കേസ് വിവരം യാതൊരു
കാരണവശാലും പുറത്തുവിടാനും പാടില്ല. സിനിമാകളില്‍ സെക്സ് വഴിതെറ്റിക്കുന്ന
രീതിയില്‍ കാണിക്കുന്നതിനെപ്പറ്റി നല്ല അമര്‍ഷം ഉണ്ടദ്ദേഹത്തിന്. പക്ഷെ
കുഴപ്പമില്ല, അതിന്റെ പേരില്‍ കേസിനും പൊക്കാറിനുമോന്നുമില്ലെന്നാണ് സൂചന. ഞങ്ങളെ
തൊടാതിരുന്നാല്‍ മതിഎന്നേയുള്ളൂ.
ജെസ്ടിസ് ബസന്ത്, സ്വകാര്യ സംഭാഷണത്തില്‍
സൂര്യനെല്ലി പെണ്‍കുട്ടിയെപ്പറ്റി പറഞ്ഞത് ഒരു ചാനല്‍ പ്രസിദ്ധികരിച്ച് അദ്ദേഹത്തെ
കുഴപ്പത്തിലാക്കിയത് പോലെ വൈദികരും മെത്രാന്മാരും സ്വകാര്യമായി
കാട്ടിക്കൂട്ടുന്നതും പറയുന്നതുമൊന്നും മാധ്യമങ്ങള്‍ തൊടരുതെന്നായിരിക്കണം തുടര്‍ന്നദ്ദേഹം
ഉദ്ദേശിച്ചത്. മൂല്യ ബോധമുള്ള മാധ്യമങ്ങള്‍ ഉണ്ടാവണം എന്നദ്ദേഹം സൂചിപ്പിക്കുന്നു.
ജീവന്‍ റ്റിവി യും അതുപോലുള്ള ചില പ്രസിദ്ധീകരണങ്ങളും സഭക്ക് നഷ്ടപെട്ടുവെന്നു
അദ്ദേഹം ചൂണ്ടിക്കാണിച്ചപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടാതിരുന്നില്ല. മുന്‍ അനുഭവങ്ങള്‍
വെച്ച് നോക്കിയാല്‍, സ്വന്തം പാര്‍ട്ടി, സ്വന്തം പത്രം, സ്വന്തം നിയമസഭ തുടങ്ങിയ കാര്യങ്ങളിലേക്ക്
ശ്രദ്ധ തിരിക്കണമെന്നും, അതിനുള്ള പിരിവു തന്ത്രങ്ങള്‍ തുടങ്ങാനുമാണോ അദ്ദേഹം പരോക്ഷമായി
ആവശ്യപ്പെടുന്നതെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ചങ്ങനാശ്ശേരിയില്‍ ആരംഭിച്ച
കത്തോലിക്കാ ചുമട്ടുതൊഴിലാളി സംഘടനയെപ്പറ്റിയോ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
എന്ന പരുവത്തിലുള്ള ദീപികയെപ്പറ്റിയുമോ അദ്ദേഹം മിണ്ടാതിരുന്നത് ആരുടെയെങ്കിലും
തലക്കിട്ടു കുട കൊള്ളാതെ നോക്കിയതായിരിക്കണം. വൈദീകാധിപത്യം ചില കുഴപ്പങ്ങള്‍ക്ക്
കാരണമായീയെന്നുള്ള സൂചന ആരുടേയും തല്ക്കിട്ടുള്ള അടിയാവാന്‍ സാധ്യതയുമില്ല.
കുറെ കാര്യങ്ങള്‍ കൂടി അദ്ദേഹം പറയേണ്ടതുണ്ടായിരുന്നുവെന്നാണ്
എന്‍റെ പക്ഷം. അടുത്ത കാലത്തു ഇറങ്ങുന്ന സിനിമകളില്‍ വൈദികരെയും മെത്രാന്മാരെയും
വെറും ഹാസ്യ കഥാപാത്രങ്ങളായി ചിത്രീകരിക്കുന്നു. സമൂഹത്തിനു ലഭിച്ച സന്ദേശമാണോ
കുഴപ്പം അതോ അങ്ങിനെയാണോ ഈ ബഹുമാന്യര്‍ എന്നതിനെപ്പറ്റി ഒരു പഠനം നടത്തി താമസിയാതെ
അദ്ദേഹം പ്രതികരിക്കുമെന്ന് പ്രതിക്ഷിക്കാം. ചെങ്ങനാശ്ശെരിയില്‍ നിന്നും
ഏതെങ്കിലും വൈദികന്‍ കിഡ്നി സംഭാവന ചെയ്തെന്നു കേട്ടാല്‍ അതിനെ അധികരിച്ച് സ്വന്തം
ചിലവില്‍ ഒരു സിനിമയെടുത്ത്, തീയെറ്ററുകള്‍ കിട്ടാന്‍ ഇടയില്ലാത്തതുകൊണ്ട്))) തെരുവീഥികളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെപ്പറ്റി ചങ്ങനാശ്ശേരി നസ്രാണികള്‍
ചിന്തിച്ചു കൂടായ്കയില്ല.
വര്‍ക്കി വിതയത്തില്‍ പിതാവിന്‍റെ ചരമ വാര്‍ഷിക
കുറിപ്പും ഇതിലുണ്ട്. അദ്ദേഹത്തിന്‍റെ മഹിമ അദ്ദേഹം പറഞ്ഞ വാക്കുകളിലൂടെ
കാണണമെന്ന് ലേഖനത്തോടോപ്പമുള്ള ബോക്സില്‍ പറഞ്ഞിരിക്കുന്നു. അനുകരിക്കാന്‍
പ്രവൃത്തിയൊന്നുമില്ലായെന്ന സൂചന സ്വന്തം കുടുംബക്കാരില്‍നിന്നു തന്നെ ഉണ്ടായല്ലോ
ദൈവമേ! സഭ വിതയത്തിലിനെയാണോ അതോ വിതയത്തില്‍ സഭയെയാണോ നയിച്ചതെന്നതിനെപ്പറ്റി
എസ്പുര്‍ക്കാനക്കാര്‍ക്കും പോലും എകാഭിപ്രായമല്ലായിരിക്കും ഉള്ളതെന്നത് വേറൊരു
കാര്യം.
ഫ്രാന്‍സിസ് മാര്‍പ്പാപ്പാ ആസ്പത്രിയില്‍ പോയി ഒരു മുസ്ലിം വനിതയുടെയും കാലുകഴുകി ചുംബിച്ചെന്നുള്ള വാര്‍ത്തയും ഫോട്ടോ സഹിതം അതിലുണ്ട്. ആരെങ്കിലും ഇതിനു
മുമ്പ് അങ്ങിനെ അന്യജാതിക്കാരി സ്ത്രികളുടെ കാലുപിടിക്കുകയോ കഴുകുകയോ
ചെയ്തിട്ടുണ്ടെങ്കില്‍ അത് നല്ല കാര്യമാണെന്നുള്ള ഒരു സൂചനയാണോ അതിലുള്ളത്?
ഈ ഇന്റര്‍നെറ്റ് പ്രസിദ്ധികരണം 3 ലക്ഷം പേര്‍ക്ക്
അയക്കപ്പെടുന്നുണ്ടെന്നു പ്രവര്‍ത്തകര്‍ എഴുതി കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി (ഒരു
കത്തോലിക്കാ വീട്ടില്‍ ഒന്നില്‍ കൂടുതല്‍ കംപ്യുട്ടര്‍ വെച്ച് ഉണ്ടാകുമായിരിക്കും).
ഇപ്പോഴത്തെ നില വെച്ച് ജി മെയിലില്‍ 500 അക്കൌണ്ടുണ്ടെങ്കിലെ
അത് സാധിക്കൂ. ഇത് ഏപ്രിലിലെ ഇഷ്യു ആണെന്നറിഞ്ഞപ്പോള്‍ സമാധാനമായി. ലോകത്തുള്ള
ലക്ഷക്കണക്കിന് ഈമെയില്‍ ID കള്‍ സംഘടിപ്പിച്ച്
ആരുടേയും അനുവാദം ചോദിക്കാതെ മെയില്‍ അയക്കുന്നതില്‍ അല്‍പ്പം അസാംഗത്യമില്ലെയെന്നു
കൂടി ചിന്തിക്കുന്നത് കൊള്ളാം.
ഇതില്‍ പരസ്യം ഇടുമോയെന്നു ചോദിച്ചു
ലോകമെങ്ങുനിന്നും നിരന്തരം കോളുകള്‍ വന്നാല്‍ എന്ത് ചെയ്യും? നിവൃത്തിയില്ലാതെ പരസ്യം ഇടാന്‍ തന്നെ
തീരുമാനിച്ചുവെന്നും അറിയിച്ചിരിക്കുന്നു.ഇന്റര്‍നെറ്റ് പരിപാടിയല്ലേ, പരസ്യത്തിന് ഇതില്‍ ഇടവേണ്ടവര്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ബുക്ക് ചെയ്യേണ്ടി വന്നേക്കാം. അങ്ങിനെ അതും മുതലാക്കി. ആകെക്കൂടെ നോക്കിയാല്‍ കൊള്ളാം. അല്മായന്‍റെ ആവശ്യങ്ങളെപ്പറ്റിയോ അല്മായന്‍റെ കാഴ്ച്ചപ്പാടുകളെപ്പറ്റിയോ, അല്മായന്‍റെ നവീകരണത്തിനു വേണ്ട കാര്യങ്ങളെപ്പറ്റിയോ ഒന്നും പറഞ്ഞിട്ടില്ലായെന്നത് ഒരു കുറവല്ലല്ലോ!
ശുദ്ധ
മലയാളം, നല്ല DTP - സമഗ്രം സത്യസന്ധം! വായിക്കുവിന്‍
വരിക്കാരാകുവിന്‍.
No comments:
Post a Comment