യേശുവിന്റെ കത്തിന് (2013 മാര്‍ച്ച് ലക്കം സത്യജ്വാല) മഗ്ദലേന മറിയത്തിന്റെ മറുപടി
കുറെ ദിവസങ്ങളായി
അങ്ങ് ഈ വഴിക്ക് വരാത്തതിനാലും എവിടെയെങ്കിലും വന്ന് അങ്ങയെ ഒന്ന് കാണാൻ
എനിക്ക് സാധിക്കാത്തതിനാലും ആഴമായ വിരഹദുഃഖത്തിലാണ് ഞാൻ എന്ന് പറയാതെതന്നെ
അങ്ങേയ്ക്ക് അറിയാമല്ലോ. അടുത്തു തന്നെ അങ്ങ് ബഥനിയിലേയ്ക്ക് വരുമെന്നും
ഒരു പൊതുവിരുന്നിനുള്ള ഒരുക്കങ്ങൾ നടക്കുന്നുവെന്നും അറിയിച്ചതിനു നന്ദി.
അവിടെയായതുകൊണ്ട് എനിക്ക് എളുപ്പമായി ലാസറിന്റെ വീട്ടിൽ എനിക്ക്
തങ്ങാമല്ലോ.
അങ്ങേയ്ക്ക് നേരേ ഉയരുന്ന ഭീഷണികള്‍ മറ്റാരേക്കാളും എന്നെ ഭയപ്പെടുത്തുന്നു. അങ്ങ് ഭയപ്പെടുന്നതുപോലെയൊന്നും സംഭവിക്കാതിരിക്കട്ടെ. എന്നാലും
നീ എതോ കടത്തിന്റെയൊക്കെ കാര്യം പറഞ്ഞ് എന്നെ സങ്കടപ്പെടുത്തരുതായിരുന്നു.
നീ എന്നെയും ഞാൻ നിന്നെയും സ്നേഹിക്കുന്നതുപോലെ ഈ ലോകത്തിൽ ആരും
ചെയ്തിട്ടുണ്ടാവില്ല എന്നെനിക്ക് തീർച്ചയുണ്ട്.
നിനക്കുമതറിയാം. സ്നേഹമുള്ളിടത്ത് എന്ത് കടം? നമ്മുടെ സ്നേഹം ഒരു
രഹസ്യമല്ലല്ലൊ. എന്നോടു നീ പ്രത്യേകമായ വാത്സല്യം കാണിക്കുന്നതും എന്നെ
മറ്റു സുഹൃത്തുക്കളുടെ അടുക്കൽ വച്ചുപോലും ചുംബിക്കുന്നതും ഇതിനകം പല തവണ
ശിമയോനും യോഹന്നാനും മറ്റും നീരസത്തോടെ കാണുകയും നിന്നോട് അതെപ്പറ്റി കെറു
പറയുകയും ചെയ്തിട്ടുണ്ടല്ലോ. നീ സംസാരിക്കുമ്പോൾ മനസ്സിലാകാത്ത
വിഷയങ്ങളെപ്പറ്റി ഞാൻ എപ്പോഴും ചോദ്യങ്ങൾ ചോദിക്കുന്നത് അവരെ
ആലോസരപ്പെടുത്താറുമുണ്ട്. ലേവി മാത്രമാണ് എന്റെ ജിജ്ഞാസയെ
പ്രോത്സാഹിപ്പിക്കാറുള്ളത്. നിന്റെ ഓരോ വാക്കും എനിക്ക് തേൻ മൊഴിയാണ്.
അതുകൊണ്ടാണ് നീ കൂടുതൽ പറയാൻ വേണ്ടി ഞാൻ ഓരോന്ന്
ചോദിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ ചേട്ടന്മാർക്ക് അതത്ര
സുഖിക്കുന്നില്ലെങ്കിൽ ഞാനെന്തു വേണം?.
....
..... ഈ കത്തിന്റെ ബാക്കി ഭാഗം നഷ്ടപ്പെട്ടു പോയി. ചിതലരിച്ച നിലയിൽ
കണ്ടെത്തിയ ഈ കത്ത് യേശുവിന്റെ കൈയിലെത്തുകയോ ഒരു മറുപടി വിട്ടിരുന്നു
എന്ന് അദ്ദേഹത്തെ അറിയിക്കാൻ മറിയത്തിന് അവസരം കിട്ടുകയോ ചെയ്തില്ല. അതിലും
വലിയ വിഷയങ്ങൾ കൊണ്ട് സന്തപ്തമായിരുന്നു യേശുവിന്റെ ആഗ്രഹപ്രകാരം നടത്തിയ കൂട്ടായ്മാവിരുന്ന്.
അതാകട്ടെ അവസാനത്തേതും ആയിരുന്നു. പിന്നീടുണ്ടായതെല്ലാം അവിടുത്തെ
ശിഷ്യരും അവരുടെ ശിഷ്യരും പല പേരുകളിൽ കുറിച്ചിട്ടെങ്കിലും പലതും
നഷ്ടപ്പെട്ടുപോയി. ഏതാനും കൈയെഴുത്തു പ്രതികൾ യാദൃശ്ചികമായി 1945 ഡിസംബറിൽ നാഗ്
ഹമ്മാദിയിൽ നിന്ന് കണ്ടെടുക്കപ്പെട്ടു. മഗ്ദലേന മറിയത്തിന്റെ
സുവിശേഷമാകട്ടെ അതിനും അര നൂറ്റാണ്ട് മുമ്പ് കണ്ടെത്തിയതാണ്. പല
വിഷയങ്ങളെപ്പറ്റി യേശു നടത്തിയ സംഭാഷണങ്ങളാണ് അതിൽ
ഉൾപ്പെടുത്തിയിരിക്കുന്നത്. കുറേ താളുകൾ
നഷ്ടപ്പെട്ടിട്ടുണ്ട്. വ്യവഹാരപരമായ നിബന്ധനകൾക്ക് ആക്കം
കൊടുത്തും അങ്ങുമിങ്ങും ശ്രദ്ധിച്ചും സമയം കളയാതെ
അവനവന്റെ ഉള്ളിൽ നോക്കുക എന്നതാണ് അതിലെ പ്രധാന
ആശയം. ഇന്നിതാ സ്നേഹസൂര്യനായ യേശു ഉദിച്ചിട്ട് രണ്ടായിരത്തി പത്തോളം
വര്ഷം കഴിഞ്ഞ്, ഭൂമിയുടെ ഒരു കുഞ്ഞു കോണിൽ കേരളം എന്ന രമണീയമായ നാട്ടിൽ
യേശുവിന് മഗ്ദലെനമറിയം എഴുതിയ കത്തും അവളുടെ പേരിലുള്ള സുവിശേഷവും ചർച്ച
ചെയ്യപ്പെടുകയാണ്. യേശുവിന്റെ മനുഷ്യത്വത്തിന്റെ, അതായത്, അനന്തമായ
സ്നേഹത്തിന്റെ ഒരു പ്രതീകമായി ഇന്നും മറിയം ഓർമിക്കപ്പെടുന്നു. അവൾ അവന്റെ
പാദങ്ങളിൽ കെട്ടിപ്പിടിച്ചിരുന്ന് എങ്ങിക്കരയുകയും തൈലം പൂശി അവയെ ഓമനിക്കയും ചെയ്തപ്പോൾ അവൻ ഒരു കാര്യം പ്രവചിച്ചിരുന്നു. ലോകമുള്ളിടത്തോളം
നാൾ, എന്റെ സുവിശേഷം മനുഷ്യരുടെയിടയിൽ കൈമാറപ്പെടുവോളം നാൾ, നിന്റെ ഈ
സ്നേഹത്തിന്റെ ധാരാളിത്തം മനുഷ്യർക്ക് മറക്കാനാവില്ല. എന്റെ സുവിശേഷം
എന്നവൻ പറഞ്ഞത് പരിധിയില്ലാത്ത സ്നേഹം എന്നയർത്ഥത്തിൽ
തന്നെയായിരുന്നു. അതങ്ങനെത്തന്നെ സംഭവിച്ചിരിക്കുന്നു. നമ്മുടെ എളിയ അല്മായശബ്ദം അതിനുള്ള വേദിയാവാൻ പോകുന്നു.
ഈ
സുവിശേഷത്തിൽ മറിയം സ്ത്രീകളുടെ സ്ഥാനം ഉയർത്തിപ്പിടിക്കുന്നുണ്ട്.
നേതൃസ്ഥാനത്തിന്റെ പേരിൽ അവൾ പത്രോസുമായി ഇടയുന്നുണ്ട്. സഭയിലെ
പുരുഷമേധാവിത്തത്തെ ചോദ്യം ചെയ്യുന്നുണ്ട്. അധികാരത്തിന്റെ അപ്രമാദിത്വത്തെ
ഈ സുവിശേഷം തകർത്ത് കളയുന്നുണ്ട്. വെറുതെയല്ല സഭ ഇത്രയും നാൾ ഇത് ഒളിച്ചു
വച്ചിരുന്നത്.
നഷ്ടപ്പെട്ട
സുവിശേഷങ്ങൾ എന്ന പുസ്തകം (കോപ്പിക്ക് KCRM നെ സമീപിക്കാം) വാങ്ങി
വായിച്ചും പഠിച്ചും ധാരാളം സഹൃദയരും സഹചാരികളും ഈ സംവാദത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
No comments:
Post a Comment