Translate

Sunday, April 21, 2013

ആര്‍ക്കാണ് കുഴപ്പം?

എനിക്കെന്തോ കുഴപ്പമുണ്ടെന്നു പലരും പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും അതില്‍ സത്യമുണ്ടെന്ന് തോന്നിയത് ഇക്കഴിഞ്ഞ മാസം. പ്രശ്നം തുടങ്ങിയത് ഒരു ദിവസം പകല്‍ ഒന്ന് മയങ്ങാന്‍ കിടന്നപ്പോള്‍. മയക്കത്തിലേക്ക് വഴുതിയാതെ, ആരോ എന്‍റെ ചെവിയില്‍ ‘വാഷര്‍’ ‘വാഷര്‍’ എന്ന് പറയുന്നത് പോലെ തോന്നി. പല ദിവസം ഇത് അനുഭവപ്പെട്ടെങ്കിലും ഞാന്‍ ആരോടും പറഞ്ഞില്ല. ഒത്തിരി ആലോചിച്ചതിനു ശേഷം ഒരു വാഷര്‍ സംഘടിപ്പിച്ചു പോക്കറ്റിലിടാന്‍ ഞാന്‍ തീരുമാനിച്ചു. ഏറ്റവും വില കുറഞ്ഞതെന്ന് തോന്നിയതുകൊണ്ട് അരയിഞ്ചിന്‍റെയൊരു ടാപ്പ് വാഷറാണ് ഞാന്‍ വാങ്ങിയത്. അതും പോക്കറ്റിലിട്ടു ഞാന്‍ ഉറങ്ങാന്‍ കിടന്നു. നേരം വെളുത്തപ്പോള്‍ മഹാത്ഭുതം പോലെ പോക്കറ്റിലെ  വാഷര്‍ കാണാനില്ല. പോയത് പോട്ടെ, ശല്യം തിര്ന്നല്ലോ എന്നു കരുതി സമാധാനിച്ചിരുന്നപ്പോഴാണ് വീണ്ടും അതുപോലെതന്നെ ശബ്ദം കേട്ട് തുടങ്ങിയത്. ഇപ്രാവശ്യം, ‘മസാലപ്പൊടി’ ‘മസാലപ്പൊടി’, എന്നാണ് കേട്ടത്. എന്നാല്‍ ഇതൊന്നു കണ്ടിട്ട് തന്നെയെന്നു കരുതി, അന്ന് ഞാന്‍ ഒരു പാക്കറ്റ് സാമ്പാര്‍ മസാലപ്പൊടി വാങ്ങി പാന്‍സിന്‍റെ പോക്കറ്റിലിട്ടുകൊണ്ട് ഉറങ്ങി. നേരം വെളുത്തപ്പം അതും കാണാനില്ല.

ഇത്തരമൊരു മാനസികരോഗത്തെപ്പറ്റി  ആരും പറയുന്നതോ ചിന്തിക്കുന്നതോ പോലും ഞാന്‍ കേട്ടിട്ടില്ലായിരുന്നു. എനിക്ക് വട്ടാണെങ്കില്‍ ഞാന്‍ മാത്രം അറിഞ്ഞാല്‍ മതിയല്ലോയെന്നു കരുതി ആരോടും പറഞ്ഞില്ല. അങ്ങിനെ പേടിച്ചും ഒതുങ്ങിയും കഴിയുമ്പോഴാണ് അടുത്ത തമാശ. എനിക്കാകെപ്പാടെ ഒരേക്കര്‍ സ്ഥലവും ഒരു കൊച്ചു വീടുമാണുള്ളത്. അതിലാണ് ഭാര്യയും മക്കളും ഞാനും സന്തോഷമായി കഴിഞ്ഞിരുന്നത്. ജോലിയും കഴിഞ്ഞുള്ള സമയം ഞാന്‍ കുറച്ചു ഭാഗത്ത് ജൈവകൃഷി നടത്തുന്നുണ്ടായിരുന്നു. അതില്‍ വെണ്ട, പാവല്‍, കോവല്‍, പയര്, വാഴ തുടങ്ങിയ കൃഷിയും ഉണ്ടായിരുന്നു. പയര്, വെണ്ടക്കാ തുടങ്ങിയ സാധനങ്ങള്‍ ദിവസവും മോഷണം പോകുന്നുണ്ടെന്ന് എനിക്ക് തോന്നി. പെമ്പ്രന്നോരോ പിള്ളേരെ പറിക്കുന്നതായിരിക്കുമെന്നു കരുതിയിരുന്നപ്പോഴാണ്, ഒരു മൂത്ത ഞാലിപ്പൂവന്‍ കുല അപ്പാടെ അപ്രത്യക്ഷമായത്. ആരെങ്കിലും വെട്ടിക്കൊണ്ടു പോയതിന്‍റെ ഒരു ലക്ഷണവും കണ്ടില്ലതാനും.

പ്രശ്നം എന്‍റെത് മാത്രമല്ലല്ലോയെന്നു മനസ്സിലായപ്പോള്‍ ആരെ കണ്ടാല്‍ പ്രശ്നം തീരുമെന്നതിനെ പ്പറ്റിയായി ചിന്ത. അങ്ങിനെയാണ് ഒരു മുതിര്‍ന്ന സ്നേഹിതന് ഞാന്‍ വിശദമായി എഴുതിയത്. അങ്ങേരു കൃത്യം തന്നെ മറുപടി തന്നു. അദ്ദേഹത്തിന്‍റെ ‘അച്ചാ ബച്ചാ’യെന്ന കവിതയില്‍ ഈ പ്രശ്നം സംയക്കായി പറയുന്നുണ്ടെന്നും, അദ്ദേഹത്തിന്‍റെ, ‘ഇവിടെ വാടാ’യെന്ന കവിതാ സമാഹാരം വായിച്ചാല്‍ തീരുന്നതെയുള്ളൂ പ്രശ്നവുമെന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്കൊന്നും മനസ്സിലായില്ല. അപ്പോഴാണ്‌ വേറൊരു സാറിന്‍റെ കാര്യം ഓര്‍ത്തത്. അദ്ദേഹത്തിനു ഞാന്‍ ഒരു മെയില്‍ അയച്ചു. അദ്ദേഹവും വിശദമായി മറുപടി പറഞ്ഞു. അതിങ്ങനെ, ‘സമ്മതം എന്ന വാക്കില്‍ നിന്നാണ് മതം ഉണ്ടായതെന്നും, മതത്തിലായിരിക്കുന്നവര്‍ക്കെല്ലാം ട്രിഗ്, മ്രിഗ്, സ്രിഗ് എന്നിങ്ങനെ മൂന്നു തരം ഭ്രമങ്ങള്‍ ഉണ്ടാകുമെന്നും സ്വര്‍ഗ്ഗോപനിഷത്തില്‍ അത് വിശദീകരിക്കുന്നുണ്ടെന്നും’ അദ്ദേഹം പറഞ്ഞു തന്നു. അതും എനിക്ക് മനസ്സിലായില്ല.
അവസാനത്തെ ശ്രമം എന്ന നിലക്കാണ് ഇത്തിരി ദൂരെയുള്ള ഒരഭ്യുദയകാംഷിക്ക് ഞാന്‍ എഴുതിയത്. അദ്ദേഹമാണ് ഇത് മാലാഖമാരുടെ ഇടപെടലായിരിക്കാമെന്നും, സ്വര്‍ഗ്ഗത്തിലേക്ക് ഉടലോടെ പോയവര്‍ ഉപയോഗിക്കുന്ന ബാത്ത് റൂമിലെ പൈപ്പിന്‍റെ ലീക്ക് മാറ്റാനായിരിക്കും വാഷര്‍ മേടിപ്പിച്ചതെന്നും പറഞ്ഞത്. അവര്‍ക്ക് സാമ്പാറുണ്ടാക്കാനായിരിക്കും മസാലപ്പൊടി മേടിപ്പിച്ചതെന്നും, അവര്‍ തന്നെയായിരിക്കും പച്ചക്കറികള്‍ മോഷ്ടിച്ചതെന്നും, ജൈവകൃഷിയായതുകൊണ്ടാണ് അവിടെ വന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാം കേട്ടപ്പോള്‍ എനിക്ക് ഒത്തിരി സന്തോഷമായിയെന്നു പറയാതെ വയ്യ. എനിക്ക് മാത്രമല്ലല്ലോ കുഴപ്പമുള്ളതെന്ന അറിവ് ആരെയാണ് സന്തോഷിപ്പിക്കാതിരിക്കുക?

4 comments:

  1. ഈ ട്രിഗ്, മ്രിഗ്, സ്രിഗ് എന്നിങ്ങനെ മൂന്നു തരം ഭ്രമങ്ങള്‍ ഉണ്ടാകുന്നതിനെപ്പറ്റി സ്വര്‍ഗ്ഗോപനിഷത്തില്‍ അല്ല, സ്വപ്നോപനിഷത്തിൽ ആയിരിക്കാം റോഷൻ, വിശദീകരിക്കുന്നത്. എനിക്കറിയാവുന്നത് ഛാന്ദൊക്യോപനിഷത്തിൽ പറഞ്ഞിരിക്കുന്ന കാര്യമാണ്. അതിങ്ങനെ: സ-തി-യം എന്ന മൂന്നക്ഷരങ്ങൾ കൊണ്ടാണ് സത്യം എന്ന വാക്കുണ്ടാകുന്നത്. സംസ്കൃതത്തിൽ 'സ'യും 'ത' യും ഉള്ളതിനെ കുറിക്കുമ്പോൾ, തി,മ,ന എന്നിവ ഇല്ലായ്മയെ കുറിക്കുന്നു. 'സ'യ്ക്കും 'യ'ക്കും ഇടക്കായതുകൊണ്ട് തിയുടെ ദോഷം മാറിപ്പോകുന്നു. എന്റെ ലേഖനത്തിൽ അല്പം വ്യത്യാസപ്പെടുത്തിയാണ് ഞാൻ ഇക്കാര്യം എഴുതിയത്. ഇഷ്ടമുള്ളവർ അത് അംഗീകരിച്ചാൽ മതി. സ്വപ്നത്തിൽ ശല്യം ചയ്യാൻ മാത്രം ഇത് തലക്കു പിടിച്ചെങ്കിൽ അതിനു വേറെ ചികിത്സ തേടണം.

    സാമുവേൽ കൂടലിന്റെ പാട്ട് മോഷ്ടിച്ചയാൾ മാലാഖമാരുടെ ഏജെന്റായിരിക്കും. എങ്കിൽ അയാൾക്ക്‌ എവിടെയും ഇടപെടുകയും വേണ്ടതൊക്കെ എടുക്കുകയും അതുംകൊണ്ട് സ്വര്‍ഗ്ഗത്തിലേക്ക് ഉടലോടെ പോകുകയും ആകാമല്ലോ. പക്ഷേ, കോർട്ടിൽ നിന്ന് വിളിവരുമ്പോൾ ഇറങ്ങി വരേണ്ടിവരും. പേടിക്കണ്ടാ, അതിനു മുമ്പ് സ്വപ്നേന അത് റോഷനെ അറിയിക്കും. അതുവരെ ഉറക്കം കളയണ്ടാ.

    ReplyDelete
  2. റോഷന്റെ ലേഖനത്തിലുള്ള അനുഭൂതികൾ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ അനേക തവണ ഗവേഷണങ്ങൾ നടത്തിയിട്ടുള്ളതാണ്. നാല് തരക്കാരാണ് ഇതിനായി ഇവർ തെരഞ്ഞെടുത്തത്. ഒന്ന് സ്നേഹമുള്ള ദൈവത്തിൽ വിശ്വസിക്കുന്നവർ, കുപിതനായ പഴയ നിയമ ദൈവത്തിലെ വിശ്വാസികൾ, രണ്ടിനും ഇടക്ക് ദൈവങ്ങളെ വിശ്വസിക്കുന്നവർ, ഒന്നും വിശ്വസിക്കാത്തവർ. ബുദ്ധിയുടെ പരിണാമവെല്ലുവിളികൾ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് കുപിതനായ പഴയനിയമ ദൈവത്തെ വിശ്വസിക്കുന്നവരെന്നും കണ്ടെത്തി. സ്നേഹിക്കുന്ന ദൈവത്തെ വിശ്വസിക്കുന്നവരുടെ ബുദ്ധിയുടെ പരിണാമത്തിന് വലിയ കുഴപ്പമില്ല. എങ്കിലും ദൈവത്തിന്റെ സ്നേഹം തനിക്കുമാത്രം ലഭിക്കണമെന്ന ഫോബിയാ ഇവരുടെയിടയിൽ ഉണ്ട്. സ്വപ്നത്തിൽ കാമുകിയുടെ പേര് വിളിച്ചു പറയുന്നതുപോലെ എന്തൊക്കെയോ ഭക്തിയുടെ പദങ്ങളും ഇവരും സ്വപ്നത്തിൽ പിറുപിറുക്കാറുണ്ട്. ഈ രോഗം ചീകത്സിച്ചാൽ ഭേദമാകും. നോമ്പ് നോക്കുക,ഭക്ഷണം കഴിക്കാതെയിരിക്കുക എന്ന രോഗവും ഇവരുടെയിടയിൽ സാധാരണമാണ്‌.

    കുപിതനായ ദൈവത്തെ പ്രീതിപ്പെടുത്തുന്നവരുടെ സ്ഥിതിവിശേഷം കഷ്ടമായിരിക്കും. പാപികളെ ദൈവം ശിക്ഷിക്കുന്നതായി ഉറക്കത്തിലും സ്വപ്നം കാണും. ഞെട്ടി ഉണരും. ഉപബോധമനസ്സിൽ ബോധം ഉണ്ടെങ്കിലും ശബ്ദം പുറത്തുവരുകയില്ല. ഉറക്കത്തിൽ കൈകാലുകൾ മരവിച്ചിരിക്കും. ഉച്ചത്തിൽ ശൈത്താന്റെ ഉച്ചയിൽ കാറും. ആ സമയം ആരെങ്കിലും ദേഹത്തു സ്പർശിച്ചാൽ മനസുണർന്ന് സാധാരണ നിലയിൽ ആകും. റോഷൻ ഈ ലേഖനത്തിൽ വിവരിച്ച എല്ലാ വിവരങ്ങളും രോഗലക്ഷണങ്ങളാണ്. ചിലർ നിയന്ത്രിക്കാൻ സാധിക്കാതെ തടിച്ചു കൊഴുക്കുന്നതായും കാണാം. ചിലർ മാനസികരോഗികളാകും. അങ്ങനെയുള്ള രോഗികളിൽ കൂടുതലും ധ്യാനകേന്ദ്രങ്ങളിൽനിന്നും വരുന്നവരാണ്. ഇവര്ക്ക് ഒരു തരം സാമൂഹ്യഫോബിയായെന്നും പറയാം. ഭയം, ഭീരുത്വം,പരിഹാരമായി സദാ പ്രാർഥന ഇതെല്ലാം മൂർച്ചിച്ഛ രോഗ ലക്ഷണങ്ങളാണ്. അത്തരക്കാർക്ക് കടുത്ത ചീകത്സ വേണ്ടിവരും.

    ഒരു വസ്തുവിനെ കണ്ട് പുണ്ണ്യാളന്മാരായൊ മാതാവായോ തോന്നുന്നുവെങ്കിലും സ്വപ്നോപനിഷത്തു തന്നെയാണ്. അമേരിക്കയിലെ പ്രസിദ്ധ മനശാസ്ത്രജ്ഞ സിൽട്ടൻ പറഞ്ഞത് ഓരോ മതങ്ങളുടെ വിശ്വാസ സമ്പ്രാദായങ്ങളിലുള്ള ഭക്തിയുടെ ഗഹനമായ ഒരു പഠനം ആവശ്യമെന്നാണ്. ദൈവവും ആയി ബന്ധിച്ച് ഭക്ഷണം കഴിക്കാതെയുള്ള രോഗത്തെപ്പറ്റി ഇവർ ഇപ്പോൾ ഗവേഷണത്തിൽ ആണ്. ഭക്തിയൊന്നുമില്ലാതെ സാധാരണ രീതിയിൽ ജീവിതം നയിക്കുന്നവരുടെ ഇടയിൽ ഇത്തരം രോഗലക്ഷണം ഇല്ല. വലിയ ഭക്തിക്കാർ അകാലത്തിൽ പെട്ടെന്ന് പ്രായവും പിടി കൂടുന്നതായി കാണുന്നു.

    ReplyDelete
  3. കുറെ നാളുകളായി നല്ല തമാശകൾ ആസ്വദിച്ചിട്ട് ...സിനിമയിലെ തമാശകൾ ആസ്വദിക്കണമെങ്കിൽ തല ഫ്രീസറിൽ വെച്ചിട്ടേ പറ്റൂ ...ഇതിപ്പ ഭേഷായി ...നന്നായി ചിരിച്ചു ..
    നന്ദി റോഷൻ ചേട്ടാ ...
    പക്ഷെ , ഒരു വാക്ക് : തമാശയും കോമാളിത്തവും മാറിപ്പോകല്ലേ !! വേദാന്തമോക്കെ അതിന്റെ വഴിക്കങ്ങനെ പോകും , അതിനർഹതയുള്ളവരെ പ്രകാശിപ്പിച്ചുകൊണ്ട്...
    വെറുതെ കടലിൽ ചാടി വെള്ളം നക്കി കുടിച്ചു മാളോരേക്കൊണ്ട് അതുമിതും പറയിപ്പിക്കണ്ട .

    ReplyDelete