Translate

Tuesday, April 23, 2013

ആത്മാവിനു ശരിയെന്നു തോന്നുന്ന ചില കാര്യങ്ങള്‍

 (ലേഖനം അയച്ചു തന്ന ബിലാത്തി മലയാളിയോട് കടപ്പാട്)
 
By- പ്രൊഫ. മാത്യു പ്രാല്‍

റോമാ നമ്മുടെ സിരാകേന്ദ്രമാണ്. ഈ റോമാപുരിയില്‍ വര്ഷങ്ങള്‍ താമസിച്ചു ബൈബിള്‍ പഠിച്ചു ഡോക്ടറേറ്റു എടുത്തു നമ്മുടെ വൈദികര്‍ വരുന്നുണ്ട്. അവര്‍ സഭയുടെ സൗകര്യം ഉപയോഗിച്ചു അച്ചടിച്ച ബൈബിളിന് ഭാഷ്യങ്ങള്‍ ചമയ്ക്കുന്നുണ്ട്. ഇവയെല്ലാം എടുത്തൊന്നു വായിക്കുക. എന്തുവെളിപാടുകളാണ് ഈ പുസ്തകങ്ങള്‍ നല്കുന്നത്.

റോമില്‍ ഒരു ദിവസംപോലും പോകാത്ത ഹിന...്ദുവായ കെ.പി. അപ്പന്റെ അക്ഷരങ്ങളില്‍ 'ബൈബിള്‍ വെളിച്ചത്തിന്റെ കവച' മായിത്തീരുന്നു. കെ.പി. കേശവമേനോന്‍ എത്ര ലളിതസുന്ദരമായി 'യേശുദേവ'നെ വെളിപ്പെടുത്തുന്നു. നിത്യചൈതന്യയതിയുടെ ചൈതന്യവത്തായ വചസ്സുകള്‍ ബൈബിളില്‍ മുങ്ങിക്കുളിച്ചു കേറി വരുന്നതാണ്. സി.വി. ബാലകൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തകം', ടി.വി. കൊച്ചുബാവയുടെ 'വൃദ്ധസദനം' എന്നിവ ബൈബിള്‍ പ്രചോദിതമാണ്. ഇവരൊക്കെ ബൈബിള്‍ സിസ്റ്റമാറ്റിക്കായി പഠിക്കാത്ത ഹിന്ദു-മുസ്ലീം സഹോദരങ്ങളാണ്.

എല്ലാ ക്രിസ്ത്യാനികളും ഒന്നിച്ചിരുന്നെഴുതിയാലും വള്ളത്തോളിന്റെ 'മഗ്ദലനമറിയം' പോലൊരു കാവ്യം പിറക്കുമോ? ഡി. വിനയചന്ദ്രന്റെ 'മഗ്ദലനമറിയത്തിന്റെ വിശുദ്ധി' എത്ര ക്രിസ്ത്യാനികള്ക്കു ബോധ്യപ്പെടും. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കാവ്യബിംബാവലികളാകെ പൂത്തുലയുന്നത് ബൈബിളിന്റെ വളക്കൂറില്‍ നിന്നാണെന്ന് ഞാന്‍ പറയേണ്ടതുണ്ടോ? ഖലില്‍ ജിബ്രാന്‍ എന്ന പേര്ഷ്യന്‍ കവിയുടെ 'മനുഷ്യപുത്രനായ യേശുവിനെ' അനുഭവിക്കുവാന്‍ എത്ര കത്തോലിക്കാ പണ്ഡിതന്മാര്ക്കു കഴിയും.

ഏതെങ്കിലും ഒരു ക്രിസ്ത്യാനി ഏതെങ്കിലും ഒരു കാലത്തു ബൈബിള്‍ തൊട്ടു ചില സത്യങ്ങള്‍ പറഞ്ഞാല്‍ അവന്‍ അതോടെ ഔട്ട്. കേരളസമുദായത്തില്‍ മുണ്ടശ്ശേരിയും എം.പി. പോളും സി.ജെ. തോമസും സഭയ്ക്കകത്തു അധികനാള്‍ ആയുസ്സില്ലാത്തവരായിരുന്നു. അവരെ നിഷേധികളെന്നു വിളിച്ചു പുറത്തുനിര്ത്തിയപ്പോഴാണ് അവര്‍ കേരള സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ രാജരാജന്റെ മാറ്റൊലികളായി മാറിയത്. ഇന്നു ബൈബിള്‍ തൊട്ടെഴുതുന്ന ഒരു നസ്രാണിയേ നമുക്കുള്ളൂ-സക്കറിയ. അയാളാകട്ടെ വ്യവസ്ഥാപിതമതത്തിന്റെ അകത്തളങ്ങളില്‍ പ്രവേശനമില്ലാത്തവനും.

(1998 ജനുവരി ലക്കം ഫെര്‍മന്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന്)

1 comment:

  1. നാല് വര്‍ഷം സാറിന്‍റെ വിദ്യാര്‍ത്ഥി ആയിരിക്കുവാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട് . അന്നേ വേറിട്ട ഒരു ചിന്താഗതിക്കാരനും , മാനേജുമെന്റിന്റെ കണ്ണിലെ കരടും ആയിരുന്നു പ്രാലന്‍ സാര്‍

    ReplyDelete