(യേശുവും മഗ്ദലാനായുമായുള്ള ഈ കഥ എഴുതിയപ്പോൾ ബാല്യത്തിലെ എന്റെ ഗ്രാമപ്രദേശമാണ് ഓർമ്മവന്നത്. സ്ത്രീയും പുരുഷനുമായ ദൈവികപ്രേമത്തിൽക്കൂടി നിത്യതയുടെ അർഥവ്യാപ്തിയിൽ അവരിവിടെ ഒന്നായ ജ്വലിക്കുന്ന ദീപങ്ങളാവുകയാണ്. ഈ കഥ വചനാധിഷ്ടിതമല്ലെങ്കിലും എഴുതിയപ്പോൾ ദൈവവുമായുള്ള ഒരു സംവാദമായി തോന്നിപ്പോയി. ദി ഏറ്റെർനൽ ഹാർട്ട് ഓഫ് ലവ് എന്ന പുസ്തകവും ഈ എഴുത്തിനു ആധാരമായുണ്ട്.)
മഗ്ദലനാ മറിയത്തിന്റെയും യേശുവിന്റെയും വിശ്വപ്രേമത്തിന്റെ എഴുതപ്പെടാത്ത കഥയാണിത്. ചരിത്രത്തിൽ തങ്കലിപികളാൽ കുറിക്കപ്പെട്ട ഈ കഥയിലെ നായകൻ നാഥനായ യേശുവും നായിക മഗ്ദലനായെന്ന് വിളിക്കുന്ന മേരിയുമാണ്. ഭക്തി കൂടുമ്പോൾ അവൾ അവനെ നാഥായെന്നും പ്രേമത്തിന്റെ ലഹരിയിൽ ജെഷുവായെന്നും വിളിച്ചിരുന്നു.
യേശു പറഞ്ഞു, ’ ഞാൻ വീണ്ടും വന്നിരിക്കുന്നു. ശങ്കിക്കേണ്ടാ, മക്കളെ, രണ്ടായിരം വർഷങ്ങൾക്കുമുമ്പ് ജേറുസ്ലേമിൽ ജീവിച്ച അതേ യേശുതന്നെ സത്യത്തിന്റെ ചുരുൾ അഴിക്കുവാൻ വീണ്ടും വന്നതാണ്. ഞാനാണ് നീ അറിയുന്ന യേശു. ഭൂമിയിൽ ഞാൻ ഉണ്ടായിരുന്ന കാലത്തെ കഥകൾ പറയട്ടെ. മഗ്ദലനാ എന്റെ കളിക്കൂട്ടുകാരിയായിരുന്നു. മഗ്ദാലനായെന്നു വിളിക്കുന്ന മേരിയുമായുള്ള ദിഗംബരങ്ങൾ മുഴങ്ങേണ്ട എന്റെ പ്രേമത്തിന്റെ കഥ ഞാൻ തന്നെ പറയാം.
യുഗങ്ങളായി അലഞ്ഞ് കാലചക്രങ്ങൾ തിരിഞ്ഞ് ലോകംതന്നെ പ്രേമത്തിന്റെ ഗീതം പാടുമ്പോൾ മക്കളേ, ഞാൻ ആരെന്നും ഒർമ്മിക്കാൻ സമയമായി. അതിനായി ഞാനിതാ വാഗ്ദാനഭൂമിയായ വാസസ്ഥലത്തുനിന്നും വീണ്ടും വന്നിരിക്കുന്നു. കുഞ്ഞായിരുന്നപ്പോഴെ മേരിയും ഞാനും പരസ്പ്പരം അറിയുമായിരുന്നു. സത്യത്തിൽ, ആറു വയസു മുതൽ ഞങ്ങൾ തമ്മിൽ സ്നേഹിച്ചിരുന്നു. ഞാൻ അവളെയും അവൾ എന്നെയും. അന്നും അവൾ എന്റെ ഹൃദയത്തിൽ കുടികൊള്ളുന്നുവെന്നും അറിയാമായിരുന്നു. കുട്ടിക്കാലംമുതൽ കറയറ്റ ആ സ്നേഹം പരിശുദ്ധവും പരിപാവനവും ആയിരുന്നു. നിഷ്കളങ്കമായ പ്രേമത്തിന്റെ തത്ത്വങ്ങളും ഹൃദയങ്ങൾ തമ്മിൽ കൈമാറി കുഞ്ഞുങ്ങളെപ്പോലെ മനസിലാക്കിയിരുന്നു.
കുഞ്ഞാടുകളുമായി മലകളിലും താഴ്വരകളിലും ഞങ്ങൾ ചുറ്റി കറങ്ങിയിരുന്നു. നൃത്തം ചെയ്തുകൊണ്ട് ഞാനും അവളോടൊപ്പം മരം ചുറ്റുകയും അക്കുകളിക്കുകയും പതിവായിരുന്നു. ഓടിചാടി കുട്ടിയും കോലും കളിക്കാൻ അവളെന്നും ഒപ്പം കാണും. പൂമ്പാറ്റകളെയും പിടിക്കും. കണ്ണുപൊത്തിക്കളിയും കള്ളനും പോലീസും അങ്ങനെ അവൾ പോലീസും ഞാൻ കള്ളനും. മൊട്ടിട്ട പച്ചകുന്നുകളും വിളവാർന്ന താഴ്വരകളും ചുറ്റും പ്രകൃതിയും ഒപ്പം ശിശിരകാലവും കൌമാര സ്നേഹത്തിന്റെ സാക്ഷിയായി മാറി. സത്യത്തിന്റെ കാഹളമായി വസന്തകാലത്തിലെ കുസുമതല്ലജങ്ങൾ പുഞ്ചിരിച്ചുകൊണ്ട് ഈ പ്രേമസല്ലാപത്തിൽ ഒത്തുചേർന്നിരുന്നു. അസ്തമയ സൂര്യൻ എന്റെയും അവളുടെയും പേരുകൾ ചൊല്ലി നിദ്രയിൽ അണയുന്നതും നോക്കി നിൽക്കും. സൃഷ്ടാവിന്റെ സ്നേഹം ഹൃദയമന്ത്രങ്ങളായി മനസിനക്കരെയും ഇക്കരെയും ഓടി നടന്നിരുന്നു. ഒജസുള്ള പ്രഭാത കിരണങ്ങൾക്കായി പിന്നെയും ഞങ്ങൾ കാത്തിരിക്കുമായിരുന്നു.
സുപ്രഭാതത്തിൽ കുരുവികൾ പ്രകൃതിയുടെ ഗാനങ്ങൾ ഉരുവിടുമ്പോൾ ഞാൻ ഉണർന്ന് തോട്ടിൻകരയിൽ എത്തും. അവിടെനിന്ന് കീഴ്ക്കാൻ തൂക്കായി ഒഴുകിവരുന്ന മലവെള്ള പാച്ചിലിന്റെ മാറ്റൊലി കൂട്ടാക്കാതെ മരിയായെന്ന് ഞാനെന്നും ഉറക്കെ വിളിക്കുമായിരുന്നു. എന്റെ ശബ്ദം കേള്ക്കുവാൻ അവൾ അകലെ കാതോർത്ത് നിൽക്കുമായിരുന്നു. നാഥാ ജെഷുവായെന്ന അവളുടെ അങ്ങകലത്തുള്ള ഇമ്പമേറിയ ശബ്ദം മനസിന് കുളിർമ്മ നൽകിയിരുന്നു. അതുപോലെ അവളും ഹൃദയാനുഭൂതികൾകൊണ്ട് സ്നേഹഗീതങ്ങൾ പാടുമായിരുന്നു. അവളോടി വരും. എനിക്കായി അവൾ തന്നെയുണ്ടാക്കിയ കപ്പയും മീനും പ്രഭാതത്തിൽ ഒന്നിച്ച് മൂവാണ്ടൻ മാവിൻ ചുവട്ടിലിരുന്നു കഴിക്കും. വാഴയിലയിൽ പൊതിഞ്ഞ ചോറും കറിയും ഉച്ച ഭക്ഷണത്തിനായും അവൾ കരുതിയിട്ടുണ്ടാകും. എന്റെ അമ്മ മേരിക്കും അവളെ ഇഷ്ടമായിരുന്നു.
ഞാനും അവളും തോളിൽ സഞ്ചികൾ തൂക്കികൊണ്ട് കുന്നിൻ മലകളിൽ കുശലം പറഞ്ഞിരിക്കും. പ്രഭാത സൂര്യനറെ കിരണങ്ങൾ കവിളത്തു പതിയുമ്പോൾ നിഷ്കളങ്കതയുടെ സൌന്ദര്യം അവളിൽ പൊട്ടിവരുമായിരുന്നു. ഞങ്ങൾ ഒന്നിച്ചിരിക്കും, ചിരിക്കും, പൊട്ടിച്ചിരിക്കും, പാട്ടു പാടും. അവളുടെ കൈകളിൽ ഞാൻ പിടിക്കുമ്പോൾ അവളെന്റെ കവിളത്ത് കുളിർമ്മയേറിയ ചുംബനങ്ങൾ സമ്മാനിക്കുമായിരുന്നു. സ്നേഹത്തിന്റെ മാലാഖയെ ഞാൻ ഇമ വെട്ടാതെ നോക്കി നിൽക്കും. അവളും ഞാനും പാടിയത് സൃഷ്ടാവിന്റെ സ്തോത്ര ഗാനങ്ങളായിരുന്നു. പിന്നെ താലോലിക്കുന്ന ഭൂമിദേവിക്കായി പൊട്ടാത്ത വീണകമ്പികളിൽ പിടിച്ച് താളം തെറ്റാതെ ഈണമിട്ട ഗാനങ്ങൾ പാടുമായിരുന്നു.
ഋഗുഭേദങ്ങൾ ഭേദിച്ച് കാലചക്രങ്ങൾ തിരിഞ്ഞുകൊണ്ടിരുന്നു. ഒമനത്വമുള്ള പെണ്‍കുട്ടിയായി അവൾ വളർന്നു കഴിഞ്ഞിരുന്നു. അവളുടെ ചാരിത്രശുദ്ധിയെ, വെള്ളയടിച്ച കുഴിമാടങ്ങളായ ഫാരീസിയർ വിമർശിച്ചിരുന്നു. നിഷ്കളങ്കയായ അവളിൽ ചിലർ പിശാചുണ്ടെന്നു പറഞ്ഞു. ചിലർ വേശ്യായെന്നും വിളിച്ചു. ആരോ പറഞ്ഞുണ്ടാക്കിയ അപവാദങ്ങൾ പിന്നീടേതോ കാലത്തെ പുരോഹിതൻ സ്ത്രീയെ താറടിക്കുവാൻ വചനമായി കൂട്ടിചേർത്തു. സ്നേഹത്തിന്റെ മുമ്പിൽ പ്രകൃതിതന്നെ തല കുമ്പിട്ടു നിൽക്കുമ്പോൾ നാഥൻ തന്നെ അരികിലുള്ളപ്പോൾ ഞാൻ ആരെ പേടിക്കണമെന്ന് അവൾ ഉച്ചത്തിൽ ജനക്കൂട്ടത്തോട് ചോദിച്ചിരുന്നു.
ഒരിക്കൽ, പൊടിപടലങ്ങൾ നിറഞ്ഞ തെരുവിന്റെ നടുവിൽ അവൾ നിൽക്കുകയായിരുന്നു. അവളുടെ കറുത്തുനീണ്ട തഴച്ച തലമുടി മാറിടംചുറ്റി അഗ്നിപോലെ ജ്വലിച്ചുകൊണ്ട് മുട്ടുവരെയുണ്ടായിരുന്നു. ആയിരം സൂര്യോദയംപോലെ തേജാസ്സാർന്ന അവളുടെ മുഖം വെട്ടി തിളങ്ങിയിരുന്നു. നയനസുഭഗമായ ആ പൊന്നിൻ തങ്കത്തിന്റെ ഹൃദയാമൃതം, കരകവിഞ്ഞ സ്നേഹം, അവളിൽ ഞാൻ മാത്രമായിരുന്നു. ആദരസമന്വിതമായ ഭയഭക്തിയോടെ വിനീതയായി അവളെന്റെയടുത്ത് നാഥായെന്നു വിളിച്ചുകൊണ്ട് ഓടിവന്നപ്പോൾ അറിയാതെയെന്റെ കണ്ണുകൾ കണ്ണുനീർ തുള്ളികൾകൊണ്ട് പൊട്ടിവീണു.
അവൾ പറഞ്ഞു, 'ജെഷുവാ, എഴുന്നേൽക്കൂ. സമയമാം രഥത്തിൽ ഞാനും നിന്നോടൊപ്പം ഉണ്ട്. നാം എന്നുമായിരുന്നതുപോലെ എന്റെയടുത്തു വരൂ. രണ്ടായ നാം ഒരേ ഹൃദയത്തുടിപ്പോടെ ഞാൻ നിനക്കും നീ എനിക്കുമുള്ളതല്ലേ. എന്നും ആയിരിക്കട്ടെ, നിത്യമായും ആയിരിക്കും. പവിത്രമായ ഈ പ്രേമത്തിന്റെ മുമ്പിൽ നീ അരികിലുള്ളപ്പോൾ ഞാൻ ആരെ ഭയപ്പെടണം. വിശ്വപ്രേമത്തിന്റെ മൃദലമായ വികാരങ്ങൾ തുടിച്ചു നില്ക്കുന്ന ഈ മംഗളമുഹൂർത്തിൽ നനഞ്ഞു കുതിർന്ന എന്റെ അഴകാർന്ന മുടികൊണ്ട് നിന്റെ പാദങ്ങൾ ഞാൻ തടവട്ടെ. നാഥാ ക്ഷമിച്ചാലും.’
യേശു പറഞ്ഞു, "കുട്ടീ കല്ലറകൾ പൊട്ടിത്തുറന്ന് ഞാൻ ഉയർത്തെഴുന്നേറ്റ സമയം നീ അവിടെയുണ്ടായിരുന്നു. പിതാവിങ്കലെക്കുള്ള യാത്രയിൽ എന്നെ തൊടരുതെന്ന് പറഞ്ഞു. അന്ന് നീ എനിക്കായി നിലവിളിച്ചുകൊണ്ട് ഭൂമിയിലായിരുന്നു. ഇനിമേൽ നീ കരയേണ്ട. ഇന്ന് നീ ആത്മാവാണ്. വരൂ, നിത്യമായ പിതാവിങ്കൽ ഇന്നുമുതൽ നീ എന്റെ ഭവനത്തിലാണ്. നിന്റെ വാസസ്ഥലം അവിടെ ഞാൻ ഒരുക്കിയിട്ടുണ്ട്.”
യേശുവും മഗ്ദലാനായുമായുള്ള ഈ പ്രേമകഥ എഴുതിയപ്പോൾ ബാല്യത്തിലെ എന്റെ ഗ്രാമപ്രദേശമാണ് ഓർമ്മവന്നത്. സ്ത്രീയും പുരുഷനുമായുള്ള പ്രേമത്തിന് നിത്യമായ ദൈവിക പ്രേമംവഴി ഒരു അർഥം കൽപ്പിക്കുകയാണ്. ഈ കഥ വചനാധിഷ്ടിതമല്ലെങ്കിലും എഴുതിയപ്പോൾ ദൈവവുമായുള്ള ഒരു സംവാദമായി തോന്നിപ്പോയി. ദി ഏറ്റെർനൽ ഹാർട്ട് ഓഫ് ലവ് എന്ന പുസ്തകവും ഈ എഴുത്തിനു ആധാരമായുണ്ട്.
ReplyDeleteദൈവവുമായി പരസ്പരം ഒരു ആശയ വിനിമയമായി എനിക്ക് തോന്നിപ്പോയി. ഞാനും ആ വിശ്വപ്രേമത്തിനു മുമ്പിൽ അറിയാതെ കരഞ്ഞു. നിത്യമായ ഒരു പ്രേമത്തിന്റെ അർഥവ്യാപ്തിയിലേക്ക് മനസ് ചലിച്ചെങ്കിലും വ്യക്തമായ ആശയങ്ങൾ വികാരതിമിർപ്പിൽ പ്രകടിപ്പിക്കുവാൻ സാധിച്ചില്ല. വചനത്തിൽനിന്നുള്ള ആശയങ്ങളല്ലാത്തതിനാൽ മൗലികചിന്താഗതിക്കാരെ അവളുടെ കഥ ചൊടിപ്പിക്കുമെന്നും അറിയാം. അത്തരക്കാരുടെ വികാരങ്ങൽ ഞാൻ ഒരിക്കലും ഗൗനിക്കാറില്ല. വചനത്തിൽ മഗ്ദാലനായെ വേശ്യയായി കാണിക്കുന്നു. എന്നാൽ അവൾ എനിക്ക് പുണ്യവതിയാണ്. നിത്യതയിലെ യേശുവിനെ കണ്ടത് അവൾ മാത്രമേയുള്ളൂ. ഒരു മാർപാപ്പയും അവളെ പുണ്യവതിയാക്കിയില്ലന്നുള്ളതാണ് അവളുടെ മഹത്വം. സ്നേഹവും സൌന്ദര്യവും സത്യവും നിത്യതയിലെ ഈ പ്രേമത്തിലുണ്ട്.
യേശുവും മഗ്ദാലനായും നിത്യജീവിതത്തിന്റെ അടയാളമാണ്. മരണമില്ലാത്ത ഒരു പ്രേമമാണ്. പ്രേമിക്കുന്നവരുടെ ദേവത ക്രിസ്ത്യൻ ചിന്താഗതിയിലുണ്ടെങ്കിൽ നാം എന്തിന് വേദങ്ങളും പുരാണങ്ങളും തേടിയലയണം? അമ്മയായ ഭൂമിയും ലൈംഗികതയും ഹൃദയത്തിന്റെ സ്നേഹസ്പുരണങ്ങൾ തന്നെയാണ്. യേശുവും മഗ്ദാലനായും തമ്മിലുള്ള പ്രേമത്തിന്റെ ഈ ഗീതം നിത്യസൌഭാഗ്യത്തിന്റെയും നൂല്പ്പാലം തന്നെയാണ്. ദൈവവുമായി ഒരു ഉണർവ് ഇവിടെ സൃഷ്ടിക്കും. ഈ അന്വേഷണം ഹൃദയങ്ങൾക്ക് ഉത്തേജനം നൽകും. ക്രിസ്തുവിനെപ്പറ്റിയുള്ള സങ്കല്പം ഒരു ആൾദൈവത്തിൽ ഒതുക്കാവുന്നതല്ല. ഈ ദിവ്യപ്രേമം മനുഷ്യനും മനുഷ്യനും തമ്മിലും, സ്ത്രീയും പുരുഷനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും ഒരു ഒത്തുചേരലാണ്. നിത്യമായ ഹൃദയങ്ങളുടെ പ്രേമവുമാണ്. ഈ പ്രേമത്തിൽ വിശുദ്ധിയുണ്ട്. സത്യം മറച്ചുവെക്കുന്ന പുരോഹിതർക്കെതിരെ മഗ്ദലനാ ഒരു വെല്ലുവിളിയാണ്. അവൾ വേശ്യയല്ല, പിശാചല്ല. കർത്താവിന്റെ മണവാട്ടി അവൾ മാത്രം.എനിക്ക് അവിടുത്തെ അവനെന്നു വിളിക്കാമെങ്കിൽ അവിടുത്തെ മണവാട്ടിയെ ഞാനും അവളെന്ന് വിളിക്കട്ടെ. കാരണം അവളും ഭൂമിദേവി താലോലിച്ച സത്യത്തിന്റെ കൂട്ടുകാരിയായിരുന്നു.
വിശുദ്ധ ഗ്രന്ഥത്തിൽ നിരവധി മറിയങ്ങൾ ഉണ്ട്. അതിൽ ഒരാളാണ് മഗ്ദലയിലെ മറിയം. ബഥാനിയായിലെ ലാസറിന്റെ സഹോദരി മറിയം വേറൊരു മറിയമാണ്.
ReplyDeleteമത്തായി 26 - 'ഒരു സ്ത്രീ' ബഥാനിയായിൽ കുഷ്ടരോഗിയായ ശിമയോന്റെ വീട്ടിൽ വച്ച് യേശുവിന്റെ ശിരസിൽ സുഗന്ധതൈലം ഒഴിച്ചു. ശിഷ്യന്മാർ അത് പഴ്ച്ചിലവാണന്നു പറയുന്നു. സാബത്തീകം.
മാർക്കോസ് -14 'ഒരു സ്ത്രീ' ബഥാനിയായിൽ കുഷ്ടരോഗിയായ ശിമയോന്റെ വീട്ടിൽ വച്ച് യേശുവിന്റെ ശിരസിൽ സുഗന്ധതൈലം ഒഴിച്ചു. 300 ലധികം ദിനാറായ്ക്ക് വിൽക്കാമെന്നു ചിലർ പരയുന്നു. സാബത്തീകം.
ലൂക്കോസ് -7 'പാപിനിയായ ഒരു സ്ത്രീ' ഫരിസേയന്റെ വീട് (അയാളെ ശിമയോൻ എന്ന് യേശു വിളിക്കുന്നുണ്ട്), പട്ടണത്തിൽനിന്നു വന്ന സ്ത്രീ (ആ പട്ടണം ബഥാനിയാ ആയിരിക്കണം) സുഗന്ധതൈലംകൊണ്ട് അവന്റെ പാദങ്ങൾ കഴുകി, മുടികൊണ്ട് തുടച്ചു, ചുംബിച്ചു. പാപിനിയായ സ്ത്രീ ആയതിനാൽ സെക്സ് ആയിരിക്കാം ഇവിടത്തെ വിഷയം.
യോഹ - 12 സംഭവസ്ഥലം ബഥാനിയായിലെ ലാസർ, മാർത്താ, മറിയം എന്നിവരുടെ ഭവനം; ഒരുകുപ്പി സുഗന്ധതൈലം മറിയം യേശുവിന്റെ പാദത്തിൽ പൂശി; മുടികൊണ്ട് തുടച്ചു. ചുംബിച്ചില്ല. യൂദാസ് സ്കറിയോത്താ പറഞ്ഞു തൈലം 300 ദിനാറായ്ക്ക് വിൽക്കാമായിരുന്നു എന്ന്. സാബത്തീകം.
എന്റെ നിഗമനത്തിൽ മത്തായി, മാർക്കോസ്, ലൂക്കോസ് സുവിശേഷ സംഭവങ്ങൾ ഒന്നു തന്നെയാണ്. ബഥാനിയായിൽ കുഷ്ടരോഗിയായ ശിമയോന്റെ വീട്ടിൽ വച്ച്. വിവരണങ്ങളിൽ അൽപ വ്യത്യാസങ്ങൾ ഉണ്ടന്നുമാത്രം. എന്നാൽ യോഹന്നാനിലെ സംഭവം ലാസറിന്റെ വീട്ടിൽ വച്ചാണ് നടക്കുന്നത്. നാല് വിവരണങ്ങളിൽ ലൂക്കോസിൽ മാത്രമെ സെക്സ് ഉള്ളു.
രണ്ട് തൈലാഭിഷേകങ്ങൾ നടന്നു, ശിമയോന്റെ വീട്ടിലും ലാസറിന്റെ വീട്ടിലും. രണ്ടും നടന്നത് ബഥാനിയായിൽ.
ഈ സംഭവങ്ങളിൽ മഗ്ദല മറിയം ഇല്ല. ഏഴ് ദുഷ്ടാത്മാക്കൾ പോയ മഗ്ദലയെ എന്തിനു വേശ്യയാക്കുന്നു. 'ഒരു സ്ത്രീ', 'പാപിനിയായ ഒരു സ്ത്രീ' എന്നൊക്കെ പറഞ്ഞാൽ എങ്ങനെ മഗ്ദല മറിയമാകും? അത് സഭയിൽ സ്ത്രീകളെ തരം താഴ്ത്തി താറടിച്ച് ആണ്‍ കോയ്മ്മ സ്ഥാപിച്ചെടുക്കാൻ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്.
ജോസഫ് മാത്യുവിന്റെ കമന്റ്റിൽ "വചനത്തിൽ മഗ്ദാലനായെ വേശ്യയായി കാണിക്കുന്നു" എന്ന് കുറിച്ചിരിക്കുന്നത് കണ്ടു. സുവിശേഷത്തിൽ എവിടെയാണ് അത് രേഖപ്പെടുത്തിയിരിക്കുന്നത് എന്നറിയാൻ കഴിഞ്ഞിട്ടില്ല.
മറ്റൊരു പോസ്റ്റിന് വേണ്ടി എഴുതിയ കമെന്റാണെങ്കിലും ഇവിടെയും ഇത് ചേരും എന്ന് തോന്നുകയാൽ ഇവിടെയും ചേർക്കുകയാണ്.
Delete"എന്റെ സങ്കല്പ്പത്തിലുള്ള മേരി ചട്ടയും മുണ്ടുമുടുത്ത, എന്റെ ചെറുപ്പകാലത്തെ ഓർമയിലുള്ള, ഗ്രാമീണസ്ത്രീ തന്നെയാണ്."
ഇത് വായിച്ചുകഴിഞ്ഞ്, അല്മായശബ്ദത്തിൽ പല താളുകൾ വീണ്ടും മറിഞ്ഞു. എന്നാലും ഈ വാക്യം എന്നെ വീണ്ടും വീണ്ടും തിരികെ വിളിച്ചുകൊണ്ടിരുന്നു. ഹൃദയത്തെ തഴുകിയ ചിലയനുഭവങ്ങളുടെ ഓർമ്മകൾ ജീവിതത്തെ പുതുക്കികൊണ്ടിരിക്കാൻ പോരുന്നവയാണ്.
ഇതൊന്നു വായിക്കൂ: "കാലവര്ഷം ആരംഭിച്ച കാലം. കോരിച്ചൊരിയുന്ന മഴ. ആളുകൾ ഉന്മേഷശൂന്യരായി ചൂളിപ്പിടിച്ച് ഇരിക്കുകയാണ്. ഞങ്ങളോ, തെക്കിനിപ്പടിമേൽ തുടയോടുതുടയുരുമ്മി തിക്കിയിരുന്നു ചിന്തിക്കുകയും. നടുമുറ്റത്തു തളംകെട്ടിനിൽക്കുന്ന മഴവെള്ളത്തിൽ കൂറ്റൻ മഴത്തുള്ളികൾ വീണു വട്ടത്തിൽ വളർന്നു വിലയിക്കുന്നതും നോക്കിക്കൊണ്ടുള്ള ആ ഇരുത്തം ഒരിക്കലും മായാത്ത ഒരു ചിത്രമാണ്. ഞങ്ങൾ അന്യോന്യം സംസാരിച്ചിരുന്നില്ല. അനങ്ങിയിരുന്നുമില്ല. കൂടെക്കൂടെ പരസ്പരം ഒന്ന് നോക്കും. കണ്ണുകൾ കൂട്ടിമുട്ടുമ്പോൾ രണ്ടാളും ഒന്നമ്പരക്കും. ആ ഘട്ടത്തിൽ, ഉപബോധമനസ്സിൽ ഞങ്ങൾ അന്യോന്യം ആലിംഗനം ചെയ്തിട്ടുണ്ടാവണം."
ശൈശവകൌമാരങ്ങളിലെ ഈ നിഷ്ക്കളങ്കത ആരെയാണ് വശീകരിക്കാത്തത്! ഇതാരുടെ ഓർമ്മകൾ എന്നല്ലേ? കണ്ണീരും കിനാവും ആരുടേതെന്നറിയാമല്ലോ. കളിക്കൂട്ടുകാരിയെ വി.റ്റി. വർണ്ണിക്കുന്നതുകൂടി കേൾക്കൂ." എന്റെ കളിത്തോഴി നങ്ങേമ. ഒക്കും കുളത്തും വെച്ചുടുത്തു നടക്കുന്ന പ്രായം. കാതിൽ തെച്ചിപ്പൂവണിക്കൊരട്. കഴുത്തിൽ സ്വർണമാല. തെളുതെളെ തിളങ്ങുന്ന തോളത്ത് ചിന്നിയിഴയുന്ന കുനുകൂന്തളങ്ങൾ. തൂമിന്നലെന്നപോലെ ഇടയ്ക്കിടെ പാറുന്ന കാറൊളിക്കണ്ണുകൾ. പുതുവർഷത്തിൽ തളിര്ത്തുവരുന്ന പൂച്ചെടിയുടെ ഓമനത്തം തുളുമ്പുന്ന ശരീരപ്രകൃതിയാണ് അവളുടേത്."
ജോസഫ് മാത്യു ചേർത്തിരുന്ന യഹൂദമിധുനങ്ങളുടെ ആ പടം ഞാനേറെ നേരം നോക്കിയിരുന്നു. എന്റെ പ്രണയാനുഭവങ്ങൾ തിരിച്ചെത്തിയതുപോലെ. സത്യം പറയട്ടെ, അവയാണ് ഇന്നുമെന്നെക്കൊണ്ട് സൌഗന്ധികമായി ചിന്തിക്കാനും ചിന്തിക്കുന്നവയ്ക്കപ്പുറത്തേയ്ക്ക് ദൃഷ്ടികളെ അയക്കാനും ശക്തനാക്കുന്നത്. അവയിലെ പരിശുദ്ധി അനന്യമായിരുന്നു. പാരുഷമല്ല സ്ത്രൈണമാണ് ദൈവികത എന്നെന്നെ പഠിപ്പിച്ചത് ആ അനുഭവങ്ങളാണ്.
"ഒരു മാർപാപ്പയും അവളെ പുണ്യവതിയാക്കിയില്ലന്നുള്ളതാണ് അവളുടെ മഹത്വം." ഗുരുകുലം എന്ന് പേരിട്ടിരിക്കുന്ന ഒരു കെട്ടിടത്തിൽ (ഈരാറ്റുപേട്ടയിൽ സെന്റ് ജോർജ് H. S.ന്റെ എതിർവശത്ത് ശ്രീ ജോസഫ് ജോര്ജ് - ഇപ്പൻ - ന്റെ ഉടമസ്തതയിലുള്ളത്)ചേർന്ന മീറ്റിങ്ങിൽ മരിച്ചുപോയ ഓണംകുളത്തിനെയും ജോണ്‍ പോൾ രണ്ടാമനെയും വിശുദ്ധരായി പ്രഖ്യാപിക്കാൻ സ്വാർത്ഥ താത്പര്യമുള്ള ചില സഭാവിഭാഗങ്ങൾ നടത്തുന്ന ശ്രമങ്ങളെപ്പറ്റി ചർച്ചയുണ്ടായി. തോന്നുന്നവരെയോക്കെ വിശുദ്ധൻ വിശുദ്ധ എന്ന് സ്ഥാനം കൊടുക്കാൻ പോപ്പിന് ആരാണ് അധികാരം കൊടുത്തത്? എത്രയോ കള്ളക്കഴുവേറികൾ ഇതിനകം ഈ പദവി കൈക്കലാക്കിയിരിക്കുന്നു! ഈ പതിവ് നിറുത്തലാക്കണമെന്ന് മറ്റു പല കാര്യങ്ങളുടെയും കൂടെ ഒരു നിവേദനം ഇപ്പോഴത്തെ പോപ്പിന് സമർപ്പിക്കാൻ നിർദ്ദേശമുണ്ടായി. അരുവിത്തുറയിലെ ഗീവര്ഗീസ് പോലും കള്ളപ്പുന്ന്യാളനാനെന്നു അറിഞ്ഞുകൊണ്ടാണ് സഭ അങ്ങേരെ രൂപക്കൂട്ടിൽ ഇന്നും വച്ചിരിക്കുന്നത്.
ReplyDeleteകാത്തോലിക്കാ സഭയുടെ വിശുദ്ധരിൽ പ്രമുഖയാണ് മഗ്ദലനമറിയം സാക്ക്ജി , ഇന്ത്യയിൽ മാർക്കെറ്റ് വാല്യൂ ഇല്ലെന്നു മാത്രം . പുണ്യവതി എങ്ങനെ പാപിനി ആയ സ്ത്രീ ആയി ?പുണ്യവാൻമാരുടെ ലിസ്റ്റിൽ ഗബ്രിയേൽ മാലാഖയും മിഖായേൽ മാലാഖയും ഉണ്ട് .
ReplyDeleteമാതാവിന്റെ അമ്മയായ അന്ന പുണ്യവതിയും ഉണ്ട് . ഇവരൊക്കെ ലിസ്റ്റിൽ ഇപ്പോഴും ഉള്ളപ്പോഴും ഗീവര്ഗ്ഗീസ് ,ഫിലോമിന ,ബ്രിജീത്ത എന്നിങ്ങനെ കുറേപ്പേരെ ചരിത്രത്തിൽ തെളിവുകളില്ല എന്ന് പറഞ്ഞ് പുറത്താക്കിയത് എന്തിനാവും ?