Translate

Saturday, April 27, 2013

സഭ ഒരു സ്വതന്ത്ര സര്‍ക്കാരേതര സംഘടനയല്ല !


പോപ്പ് ഫ്രാന്‍സിസിന്‍റെ ദൂരവ്യാപകമായ മുന്നറിയിപ്പ്

(വത്തിക്കാനിലെ മതകാര്യ വിഭാഗത്തിലെ (IOR) ജീവനക്കാര്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പാ നേരിട്ട് നല്‍കിയ സന്ദേശത്തിന്റെ തര്‍ജ്ജമ - UCANINDIA: Posted on April 2520133:29 PM)

(ഒരു സമഗ്ര മാറ്റത്തിന് തയ്യാറെടുക്കുന്ന കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം മൌലികമായ മാറ്റം എവിടെ, എങ്ങിനെ വേണമെന്നതിനെപ്പറ്റി ഫ്രാന്‍സിസ് മാര്‍പ്പാപ്പാ നല്‍കുന്ന ഈ മാര്‍ഗ്ഗരേഖ വളരെ നിര്‍ണ്ണായകമെന്നു തോന്നിയതുകൊണ്ട്, തര്‍ജ്ജമ ചെയ്തു പോസ്റ്റ്‌ ചെയ്യുന്നു - ജൊസഫ് മറ്റപ്പള്ളി)

  


“കത്തോലിക്കാസഭ ഒരു വ്യവസ്ഥാപിത മുതലാളിത്വ സംവിധാനമല്ല, മറിച്ച്, ഒരു തീവ്രപ്രണയബന്ധത്തിന്‍റെ, ഇപ്പോഴും തുടരുന്ന, കഥയാണത്. അനേകം ഭരണ/നിയന്ത്രണ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് അതിനൊരു മുതലാളിത്വ സ്വഭാവം നല്‍കുമ്പോൾ, അതിന്‍റെ ആത്മാവ് നഷ്ടപ്പെടുകയും, വെറുമൊരു സ്വതന്ത്ര സംഘടനയായി അധഃപ്പതിക്കാനുള്ള സാദ്ധ്യത വര്‍ദ്ധിക്കുകയും ചെയ്യും. സഭ അത്തരമൊരു സംഘടനയല്ല.” (201ഏപ്രില്‍ 25ന് രാവിലെ  റോമിലെ സെ. മാര്‍ത്താ ഭവനത്തില്‍ മാര്‍പ്പാപ്പാ ചൊല്ലിയ വി. കുര്‍ബാനയില്‍,ഇക്കാര്യം പലപ്രാവശ്യം അദ്ദേഹം ആവര്‍ത്തിക്കുകയുണ്ടായി. IOR ലെ ജോലിക്കാരായിരുന്നു ആ കുര്‍ബാനയില്‍ സംബന്ധിച്ചിരുന്നത്).


 “ഈ പ്രണയബന്ധത്തിന്‍റെ കഥ നിങ്ങളെ ഓര്‍മ്മിപ്പിക്കേണ്ടിവരുന്നതില്‍ എനിക്ക് ദു:ഖമുണ്ട്; ചില കാര്യങ്ങളൊക്കെ ഒഴിവാക്കാന്‍ സാധിക്കുകയില്ല, ഓഫീസുകളും ആവശ്യമുണ്ട്. ഒക്കെ ശരി; പക്ഷെ, ഇതെല്ലാം ഒരു പരിധിവരെയേ ആകാവൂ, ഞാന്‍ സൂചിപ്പിച്ച പ്രണയബന്ധത്തെ പിന്താങ്ങാന്‍ വേണ്ടിമാത്രമേ ഇതാകാവൂ താനും. പ്രസ്ഥാനം പ്രഥമ സ്ഥാനത്തേക്ക് ഉയരുമ്പോള്‍ പ്രണയം തകരുന്നു, നിസ്സഹായയായ സഭ പൂര്‍ണ്ണമായും ഒരു  NGO (സ്വതന്ത്ര സര്‍ക്കാരേതര സംഘടന) യായി തകരുകയും ചെയ്യുന്നു. പക്ഷേ, മുന്നോട്ടുള്ള വഴിയായിരിക്കേണ്ടത് ഇതല്ല.”

 


“ഇന്നത്തെ വായനയില്‍ നാം കേട്ടത്, അനുഗാമികള്‍ കൂടുകയും അങ്ങനെ അതിവേഗം വളരുകയും ചെയ്തുകൊണ്ടിരുന്ന ആദ്യ ക്രിസ്തീയ കൂട്ടായ്മകളെപ്പറ്റിയാണ്. ഇതൊരു നല്ല കാര്യം തന്നെ. ഈ വളര്‍ച്ച തുടരാനാവശ്യമായ തന്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ അതൊരു പ്രേരണയായേക്കാമെങ്കിലും, സഭ ഇങ്ങനെ വളരണമെന്നല്ല യേശു ഉദ്ദേശിച്ചതെന്നു പറയാതെ വയ്യ. പ്രതിബന്ധങ്ങളുടെയും, കുരിശിന്‍റെയും, പീഢനങ്ങളുടെയും ഒരു മാര്‍ഗ്ഗമാണ് യേശു തന്‍റെ സഭക്ക് വിഭാവനം ചെയ്തത്. അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അതിനു കഴിയും - സഭ മനുഷ്യനിര്‍മ്മിതമല്ലെന്നുള്ള ചിന്ത അതുണര്‍ത്തുകയും ചെയ്യും.”

“നാം കാണുന്നതിലും കൂടുതല്‍ ആയിരിക്കേണ്ടതാണ് സഭ. ഒരു ശിക്ഷ്യനും സഭയുടെ നിര്‍മ്മിതിയല്ല, പകരം എല്ലാവരും യേശുവിന്‍റെ സന്ദേശവാഹകരാണ്; ക്രിസ്തുവാകട്ടെ, പിതാവിനാല്‍ നിയോഗിക്കപ്പെട്ടവനുമാണ്. എവിടെയാണ് സഭയുടെ തുടക്കം എന്ന് ശ്രദ്ധിച്ചു മനസ്സിലാക്കൂ. ഈ ആശയം വിഭാവനം ചെയ്ത പിതാവിന്‍റെ ഹൃദയത്തില്‍ നിന്ന് തുടങ്ങി ... പിതാവിന് വിഭാവനം ചെയ്യാന്‍ എന്തെങ്കിലും ആശയം ഉണ്ടായിരുന്നുവോയെന്നെനിക്കറിയില്ല, പക്ഷെ പിതാവിന് സ്നേഹമുണ്ടായിരുന്നുവെന്നു നിശ്ചയമുണ്ട്. സമയ ബന്ധനങ്ങളെ ഭേദിച്ച്, ഇപ്പോഴും തുടരുന്ന ഈ പ്രണയ കഥ പിതാവില്‍ നിന്നാരംഭിച്ചു. സ്ത്രീയും പുരുഷനുമായി ഇവിടെയായിരിക്കുന്ന നാമോരോരുത്തരും ഈ പ്രണയകഥയിലെ കഥാപാത്രങ്ങളാണ്, ഈ സ്നേഹചങ്ങലയിലെ കണ്ണികളാണ്. ഇത് നമുക്ക് മനസ്സിലാകുന്നില്ലെങ്കില്‍ സഭ എന്താണെന്നും നമുക്കു മനസ്സിലാക്കാന്‍ സാധിക്കില്ല.”

“മനുഷ്യശക്തികൊണ്ട് സഭ വളരുന്നില്ല. ചരിത്രപരമായ കാരണങ്ങളാല്‍ തെറ്റായ ദിശയിലേക്കു തിരിഞ്ഞ ക്രിസ്ത്യാനികളുണ്ട്; അവര്‍ക്ക് സൈന്യമുണ്ടായിരുന്നു, മത യുദ്ധങ്ങള്‍ അവര്‍ നയിക്കുകയും ചെയ്തു. പക്ഷെ, ഞാന്‍ പറഞ്ഞ സ്നേഹത്തിന്‍റെ ഇപ്പോഴും തുടരുന്ന കഥയുടെ ഭാഗമല്ല അതൊക്കെ. നമ്മുടെ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഈ പ്രണയകഥ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്ന് പഠിക്കണം. എങ്ങനെയാണ് ഈ കഥ തുടരേണ്ടത്?”

“കടുകുമണി പോലെയും, മാവിലെ പുളിപ്പുപോലെയും നിശ്ശബ്ദമായിയാണ് അത് വളരേണ്ടതെന്ന് യേശു ലളിതമായി പറഞ്ഞു. അതിന്‍റെ ആഴത്തിലുള്ള കേന്ദ്രത്തില്‍ നിന്ന് സഭയും സാവധാനം വളരണം. സഭ അതിന്‍റെ ഭൌതിക വലിപ്പത്തില്‍ ഊറ്റം കൊള്ളുകയും, അനേകം ഭരണ/നിയന്ത്രണ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് അതിനൊരു മുതലാളിത്ത സ്വഭാവം നല്‍കുകയും ചെയ്യുമ്പോള്‍, അതിന്‍റെ ആത്മാവ് നഷ്ടപ്പെടുകയും, വെറുമൊരു സ്വതന്ത്ര സംഘടനയായി അധഃപ്പതിക്കാനുള്ള സാദ്ധ്യത വര്‍ദ്ധിക്കുകയും ചെയ്യും. ചില കാര്യങ്ങളൊക്കെ ഒഴിവാക്കാന്‍ സാധിക്കുകയില്ല, ഓഫീസുകളും ആവശ്യമുണ്ട്. ഒക്കെ ശരി; പക്ഷെ, ഇതെല്ലാം ഒരു പരിധിവരെയേ ആകാവൂ, ഞാന്‍ സൂചിപ്പിച്ച പ്രണയ ബന്ധത്തെ പിന്താങ്ങാന്‍ വേണ്ടിമാത്രമേ ഇതാകാവൂ താനും. പ്രസ്ഥാനം പ്രഥമ സ്ഥാനത്തേക്ക് ഉയരുമ്പോള്‍ പ്രണയം തകരുന്നു, നിസ്സഹായയായ സഭ പൂര്‍ണ്ണമായും ഒരു  NGOയായി തകരുകയും ചെയ്യുന്നു. പക്ഷെ, മുന്നോട്ടുള്ള വഴിയായിരിക്കേണ്ടത് ഇതല്ല.”

“സഭയുടെ തലവന്‍റെ സൈന്യത്തിന്‍റെ വലിപ്പം ഒന്ന് നോക്കൂ. പരി.ആത്മാവിന്‍റെ ശക്തിയാലല്ലാതെ  സൈന്യത്തിന്‍റെ വലിപ്പത്തിലൂടെ സഭ വളരുകയില്ല. കാരണം, സഭ ഒരു പ്രസ്ഥാനമല്ല, ഒരിക്കലുമല്ല. അത് അമ്മയാണ്, അമ്മ. ഈ ബലിയില്‍ സംബന്ധിക്കാന്‍ എത്തിയിരിക്കുന്നവരില്‍ നിരവധി അമ്മമാരുണ്ട്. അവരോട്, ‘നിങ്ങള്‍ ഒരു വീടിന്‍റെ മാനേജര്‍’ ആണെന്ന് പറഞ്ഞാല്‍ എന്ത് തോന്നും? ‘അല്ല ഞാന്‍ അമ്മയാണ്’ എന്നല്ലേ നിങ്ങള്‍ പറയൂ? സഭയും അമ്മയാണ്. പരിശുദ്ധാത്മാവിന്‍റെ കൃപയാല്‍ ഇപ്പോഴും തുടരുന്ന ഒരു പ്രണയകഥയുടെ മദ്ധ്യത്തിലുമാണ് നാം ഓരോരുത്തരും. നാമെല്ലാം ഒരുമിച്ച് ഒരു കുടുംബമായി സഭയാകുന്ന അമ്മയോടൊത്ത്‌ ആയിരിക്കുകയും ചെയ്യുന്നു.”

9 comments:

  1. ഈയിടെയായി അ.ശബ്ദം ഗൗരവമുള്ള, നല്ല ഭാഷാവബോധമുള്ള, എഴുത്തുകാരുടെ സംഭാവനകൾ കൊണ്ട് സമൃദ്ധമാണ്‌.. എഴുതുന്നതിൽ എത്ര കാര്യമുണ്ടെങ്കിലും, ഭാഷയിൽ കൂടെ ശ്രദ്ധിക്കുന്നില്ലെങ്കിൽ പലരും പാതി വായിച്ചിട്ട് ഇട്ടിട്ടു പോകും. അത് വരരുതല്ലോ. അതുകൊണ്ട്, സമയമെടുത്താലും, അക്ഷരത്തെറ്റുകൾ പോലും തിരുത്തിയ ശേഷം പോസ്റ്റ്‌ ചെയ്യുന്നത് ഒരു കടമയായി കാണണം. ഇക്കാര്യത്തിൽ മുമ്പില്ലാതിരുന്ന ഒരു ശുഷ്ക്കാന്തി എല്ലാവരും കാണിക്കുന്നു എന്നത് സന്തോഷകരമാണ്. ഈ ബ്ലോഗിന്റെ ഭാഗമായിരിക്കുന്നതിൽ അഭിമാനം തോന്നുന്നു എന്നത് ഒളിച്ചുവയ്ക്കുന്നില്ല. വരണ്ട ചിന്ത മാത്രമല്ല, ഹൃദ്യമായ നർമ്മവും കവിതയുടെയും പാട്ടിന്റെയും സുഖവും തന്റേടത്തോടെ എതിര്ത്തു പറയാനുള്ള ധൈര്യവും ഉള്ളവർ സഹകരിക്കുമ്പോൾ ഒരു നല്ല കൂട്ടായ്മ പൊലിച്ചു വളരും. അതാണിവിടെ സംഭവിക്കുന്നത്‌. എല്ലാവര്ക്കും അഭിനന്ദനങ്ങൾ.

    നല്ല ഭാഷയിൽ പോപ്പ് ഫ്രാൻസിസിന്റെ ഈ തന്റേടമുള്ള കാഴ്ചപ്പാട് പങ്കുവച്ചതിന് ശ്രീ ജോസെഫ് മറ്റപ്പള്ളിയെ അനുമോദിക്കുന്നു. അദ്ദേഹത്തിൻറെ നീക്കങ്ങളെപ്പറ്റി നമുക്കുണ്ടായ ആകാംക്ഷകൾ സാവധാനം നീങ്ങിപ്പോകുമെന്ന് സമാശ്വസിക്കാം.

    ReplyDelete
  2. സ്നേഹത്തെപ്പറ്റിയുള്ള ചർച്ചയുടെ തുടർച്ചയായി ഈ പോസ്റ്റും കാണണം. ഇവിടെയും മാർപാപ്പാ പറയുന്നത് ഒരു പ്രണയകഥയെപ്പറ്റിയാണ്. സഭയുടെ കാതൽ പ്രണയമാണ്, ഇന്ന് തോന്നിക്കുംപോലെ പണമല്ല എന്ന സത്യത്തിലേയ്ക്ക് വിശ്വാസികളെ തിരിച്ചുകൊണ്ടുവരിക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഇതൊരു തുടക്കമാണ്. ശരിയായ വഴിയിൽ കാലുകുത്തിയാൽ ബാക്കിയൊന്നും ഭയക്കേണ്ടിവരില്ല. എന്നാലും നടന്നു തീർക്കേണ്ട വഴി നടന്നുതന്നെ തീർക്കണം. പണത്തിന്റെ വഴി ഹൈവേ ആയിരുന്നു. പ്രണയത്തിന്റെ വഴിയാകട്ടെ കുടുസുവഴിയും. നടക്കാനിഷ്ടമുള്ളവർക്ക് അതാണ് നല്ലതും. അമ്പതും അറുപതും ലക്ഷത്തിന്റെ വണ്ടികളിൽ കയറിയവർ ഈ വഴിക്ക് വരില്ല എന്ന സമാശ്വസിപ്പിക്കുന്ന നല്ല നേട്ടവും നടപ്പുകാർക്കുള്ളതാണ്.

    ReplyDelete
  3. അ.ശബ്ദം വേറിട്ട്‌ നില്‍ക്കുന്നുവെന്നുള്ളത് സത്യമാണ്. "Dear young people, do not bury your talents, the gifts that God has given you! Do not be afraid to dream of great things!" എന്നാണു ഫ്രാന്‍സിസ് മാര്‍പ്പാപ്പാ പറഞ്ഞത്. നിര്‍ഭയം സത്യത്തിനു വേണ്ടി നില്‍ക്കുകയും, അതിനു വേണ്ടി സ്വന്തം കഴിവുകള്‍ ഉപയോഗിക്കുകയുമാണ് ശരിയായ ക്രൈസ്തവ ജീവിതം എന്ന് മനസ്സിലാക്കിയ നിരവധി ആളുകള്‍ ഇവിടെ ഒത്തു കൂടിയിരിക്കുന്നു. ഇവിടെ നടക്കുന്ന ചര്‍ച്ചകള്‍ ആരെയും കുറ്റപ്പെടുത്താനോ, ആരെയും ന്യായീകരിക്കാനോ അല്ലെന്നുള്ളത് സന്തോഷം തരുന്നു.

    അക്ഷര തെറ്റുകള്‍ ഒഴിവാക്കുന്നത് നല്ലത്...മലയാളം കമ്പ്യുട്ടറില്‍ തെറ്റ് കൂടാതെ അടിക്കാന്‍ കൂടല്‍ അച്ചായനേപ്പോലുള്ളവര്‍ക്ക് ഈ പ്രായത്തില്‍ കഴിയണമെന്നില്ല. എങ്കിലും ഒരു നവോഥാന പ്രസ്ഥാനത്തില്‍ ചുറുചുറുക്കോടെ പങ്കെടുക്കുന്ന അദ്ദേഹത്തെപ്പോലുള്ളവരുടെ ഊര്‍ജ്ജം ഈ മുന്നേറ്റത്തിനു ഒരു മുതല്ക്കൂട്ടാണെന്നു പറയാതെ വയ്യ. വളരെ കാവ്യാത്മകമായ അദ്ദേഹത്തിന്‍റെ പോസ്റ്റുകള്‍ എനിക്കിഷ്ടമാണ്. പലപ്പോഴും വാക്കുകള്‍ ഞാന്‍ കാണാറെയില്ല.

    മാര്‍പ്പാപ്പയുടെ സന്ദേശം എങ്ങിനെ ഒതുക്കാമെന്ന് ഇന്നത്തെ കാക്കനാട് സഭ ചിന്തിക്കും....പക്ഷെ ഇത് ഓരോ ഇടവകയിലും അച്ചടിച്ച്‌ വിതരണം ചെയ്യുന്ന ഒരു നാള്‍ ഉണ്ടാവും. എങ്ങിനെ ഉടുതുണി നഷ്ടപ്പെടാതെ തലയൂരാമെന്നു മെത്രാന്മാര്‍ ചിന്തിക്കട്ടെ. വട്ടായിക്കും കൂട്ടര്‍ക്കും ഇതൊന്നും അറിയാഞ്ഞിട്ടല്ല...പിതാവുമായി നൂല്‍ ബന്ധം പോലുമില്ലാ ഈ സഭക്കെന്നു മാര്‍പ്പാപ്പാ പറഞ്ഞതുകൊണ്ടും ആരും ഉടനെ നന്നാകാനും പോകുന്നില്ല. ഓരോ അഭിഷേകാഗ്നിയുടെയും ആദ്യത്തെ ചടങ്ങ് തന്നെ ഏതെങ്കിലും ഒരു മുഴുത്ത കള്ളനെ സ്വീകരിക്കലാണ്.

    ഏതായാലും ഈ വണ്ടി ഈ രീതിയില്‍ അധികം പോകില്ല. ഇരു ചെവിയറിയാതെ റോമില്‍ മേടിച്ച പ്രോക്കൂറാ ഹൌസ് ഒരു മെത്രാനും കേറാതെ കിടക്കാനാണ് സാദ്ധ്യത. റോമിലെ മാധ്യമങ്ങളുടെ ചെവിയില്‍ ഈ വാര്‍ത്തയും എത്തിയിട്ടുണ്ടെന്നു കേള്‍ക്കുന്നു. ഉടന്‍ വന്നേക്കാം ഒരു പഠന റിപ്പോര്‍ട്ട്.

    ReplyDelete
  4. സഭയാകുന്ന സാമ്പ്രാജ്യം , അതിനെ ഭൂമിയുടെ അതിരുകളോളം വളർത്താൻ , കാലാകാലമായി കത്തോലിക്കാസഭ കൊന്നൊടുക്കിയ കോടികളായ പ്രേതാത്മാക്കൾ ഇന്നാർത്തട്ടഹസിക്കും ! സ്വർഗരാജ്യത്തിന്റെ താക്കോലും പിടിച്ചൊരു പത്രോച്ഛനും , ക്രിസ്തുവിനെ അറിയാത്ത , അവന്റെ "സ്നേഹമാം" പ്രത്യയശാസ്ത്രം മനസിൽപോലും അറിയാത്ത , വി.മത്തായി പത്തിൽ ഒളികണ്ണു കൊണ്ടുപോലും കണ്നോടിച്ചിട്ടില്ലാത്ത കുറെ "പോപ്പുദൈവങ്ങളും ", അവർ മേയിച്ചു മുടിച്ച , കർത്താവിന്റെ മണവാട്ടിമാരിൽ സ്വയം വിരൂപയായി വേഷം കെട്ടിയ സഭ ഇതാ അവസാനനാളിൽ ക്രിസ്തുവിനെ സ്നേഹിക്കാൻ തുടങ്ങുന്നു..അവന്റെ "ജീവൻകൊടുക്കുന്നസ്നേഹം", "ജീവനെടുക്കുന്ന സഭ" ഇതാ കരളിൽ ഏറ്റുവാങ്ങി! കാലം കാതോർത്തിരുന്ന നാൾ സമാഗതമായി ! മാലാഖമാർ ഹാലേലുയ്യാ പാടട്ടെ... ക്രോബകൾ കാദീശു ആർത്തു പാടട്ടെ...മശിഹാ വീണ്ടും വരാറായി..പുതിയ പോപ്പ് മശിഹായെ , ആ പൊന്നുമനസിനെ തൊട്ടറിഞ്ഞവൻ തന്നെ !.. "ഹൃദയശുദ്ധിഉള്ളവൻ" ദൈവത്തെ കണ്ടു.! .

    ReplyDelete
  5. പൊന്നു മനസ്സിനെ തൊട്ടറിഞ്ഞ ഒരേ ഒരാള്‍ക്ക്‌ എന്ത് ചെയ്യാന്‍ സാധിക്കും? കാര്യം സ്വന്തം ഒരു സുഖത്തിനു ചെയ്യുന്നതാ ഓരോന്നും. ചങ്ങനാശ്ശെരിയില്‍ കത്തോലിക്കാ പ്രതിഷേധക്കാരെ നേരിടാന്‍ എത്തിയ പോലീസിനോപ്പം MLA യുടെ പൊന്നു കുഞ്ഞനുജന്‍ . ആ ഫോട്ടോ ലോകമാസകലം കണ്ടു.

    റോമന്സിന്‍റെ പോസ്ടര്‍ വലിച്ചു കീറിയപ്പോഴും യൂത്ത് ഫ്രണ്ടുകാര്‍ കേസ് കൊടുത്തപ്പോഴുമൊക്കെ എന്താണ് സംഭവിക്കുന്നതെന്ന് ജനം കണ്ടു. NSSഉം SNDPയും ഹിന്ദു ഐക്യം അനിര്‍വ്വാര്യമാണെന്നു പറഞ്ഞത് അവര്‍ക്ക് ചങ്ങനാശ്ശേരി- കുട്ടനാട് ഭാഗത്തൊക്കെ ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്കൂടി കണക്കിലെടുത്തായിരിക്കും എന്ന് ഓര്മ്മിക്കുക. ഓരോ നിയോജക മണ്ഡലത്തിലും ഇന്ന സ്ഥാനാര്‍ഥി വേണമെന്ന് പിതാക്കന്മാര്‍ പറഞ്ഞപ്പോള്‍ .... ഇനി അത് നിഷ്കര്‍ഷിക്കാന്‍ തന്റെടത്തോടെ മുന്നോട്ടു പോവുമ്പോള്‍ മറ്റു ജാതികാര്‍ക്കു വേറെന്തു മാര്‍ഗ്ഗം?

    ചങ്ങനാശ്ശേരി കുറ്റകൃത്യങ്ങളുടെ തലസ്ഥാനം ആണെന്ന് ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറ്റം ചെയ്യുന്നത് ആര്? ഇത് ഒതുക്കുന്നതാര്?

    ഒരു പ്രത്യേക സമുദായ നേതാവിന് റാന്‍ പറയുന്ന ഒരു നേതാവിനെ ചെങ്ങനാശ്ശെരിയിലെ ജനങ്ങള്‍ തിരഞ്ഞെടുക്കുമോയെന്നു സംശയിക്കുന്നവര്‍ ധാരാളം.

    പാലായിലും ഇത്തിരി വിഷമിക്കും, മോനിക്കായെന്ന ജീവിക്കുന്ന രക്തസാക്ഷിയെ നേരിടാന്‍ ഡ്റാക്കുളാ തന്നെ വേണ്ടിവരും.

    ഇരിക്കുന്ന കൊമ്പു മാത്രമല്ല നാട്ടുകാര്‍ കിടക്കുന്ന പുല്‍മേട്‌ കൂടി ഈ സഭാധികാരികള്‍ തീയ്യിടും.

    ReplyDelete
  6. രോഷന്മോന്റെ കാഴ്ച്ചപ്പാടുകൾ 100% ശരിയാണു... . വിവരവും ദൂരക്കഴ്ച്ചയുമില്ലാത്ത ഈ പാതിരിപ്പട , ഈ നാടും അച്ചായന്മാരുടെ പൊരുതിയും മുട്ടിക്കും !... .സമൂഹത്തിലേക്കു വളരെ വിഷവീര്യമുള്ള കർമയമ്പുകളാണിവർ തൊടുത്തു വിടുന്നതും , സ്വയം മൃഗങ്ങളായി (ആടുകൾ) ആമ്മേൻ കരയുന്ന ജനത്തിനെകൊണ്ടു ചെയ്യിക്കുന്നതും !... "ഹിന്ദുമൈത്രി ഉറങ്ങുന്ന സിംഹമാണെന്നൊർത്തു വേണേ ആടുകളെ കരയിക്കാൻ , സിംഹമുണരും"!(അപ്രിയ യാഗങ്ങൾ) എന്ന് പണ്ടേ ഞാൻ നച്ചൊല്ലു പറഞ്ഞതും.....ആരു കേൾക്കാൻ? പണി പാളി കർദിനാളെ ,..തമ്മിൽത്തല്ലുന്ന കതോലിക്കകളെ...അറിഞ്ഞില്ലേൽ ചൊറിയുമ്പോൾ അറിയും....കോട്ടയത്ത് ഞങ്ങടെ മേത്ത്രാന്മാർ കൂടുന്ന സുന്നഹദോസു ദിവസം , ദേവലോകം അരമനയിൽ കോടികളുടെ കാറുകളുടെ showroom കാണാം !.. ആർക്കാണീ ചെത്ത് ജീവിതം കണ്ടാലസൂയ തോന്നാത്തത്?."കാലു കഴുകൽ" മിമിക്സ് കാണിച്ചാലും "എളിമ" എന്നെഴുതാന്പോലും ഇവർക്കറിയില്ല എന്നത്താണീശൊയുടെ ദുഃഖം !" കഴുതമേൽ എറിയോനെ കളിയാക്കാൻ മേര്സിടീസും കുരിശിലെ സ്നേഹം വിറ്റു നിങ്ങൾ വാങ്ങുമ്പോൾ , വിറയ്ക്കുന്നു മാലാഖമാർ.!..ഭയക്കുന്നു സാത്താൻ പോലും...! കാശു വീഴാൻ കുരിശടി പണിയുവോരെ..! യുനിഫോര്മിൽ ബിഷൊപ്പന്മാർ ദൈവവേല ചെയ്യേന്റുന്നോർ തറവേല രാഷ്ട്രീയത്തിൻ വോട്ടു പിടിച്ചാൽ , ആട്ടിൻകിട വോട്ടുബാങ്ക് ഗ്രൂപുകൾക്ക് വിറ്റാലച്ചൻ.... അതും യൂദാപ്പണി ഈശോ ക്രൂസിൽ ഏറുമേ വീണ്ടു..!"(അപ്രിയ യാഗങ്ങൾ).നന്നാവുകില്ലെന്നൊരുൾവാശിയുള്ളവർ ആണീക്കൂട്ടർ!

    ReplyDelete
  7. സ്വാമി അഗ്നിവേശ് ഡല്‍ഹിയില്‍ ഈയ്യിടെ നടത്തിയ ഒരു പ്രസ്താവന പത്രങ്ങളില്‍ വന്നിരുന്നു. രാജ്യത്താകെ അപമാനകരമായി അരങ്ങേറുന്ന ബലാല്‍സംഗങ്ങളെ പരാമര്‍ശിച്ചു അദ്ദേഹം പറഞ്ഞത്, മാംസാഹാരത്തിനോടുള്ള കൂറും, മദ്യപാനവുമാണ് മനുഷ്യനിലെ ആസക്തികള്‍ അധമമായ ഒരു മാനം കൈവരിക്കുന്നതെന്നാണ്. 'പുല്ലല്ലാത്തതെല്ലാം തിന്നുന്നവന്‍ ക്രിസ്ത്യാനി' എന്നൊരു ചൊല്ല് പണ്ട് തന്നെ നാട്ടിലുണ്ട്.

    മാര്‍പ്പാപ്പാ പ്രധാനമായും, പ്രസ്ഥാനങ്ങള്‍ വേണ്ടായെന്നല്ല പറഞ്ഞിരിക്കുന്നത്, പക്ഷേ ഓരോന്നും പിതാവിന്‍റെ ഹൃദയത്തില്‍ നിന്നാരംഭിച്ചതെന്നും, പിതാവിന്‍റെ സംരക്ഷണയിലാണ് നിലനില്‍ക്കുന്നതെന്നും തോന്നിക്കണം എന്നാണ്. ശുദ്ധിയില്‍ ജീവിക്കാന്‍ ബ്രഹ്മചര്യത്തോടൊപ്പം അനുഷ്ടിക്കേണ്ടാതാണ് ആഹാര ക്രമങ്ങളിലുള്ള നിയന്ത്രണങ്ങളും. മാംസ ഭക്ഷണം കഴിക്കുന്ന മൃഗങ്ങള്‍ പൊതുവേ ആക്രമണകാരികളായിരിക്കുമെന്നു കാണാവുന്നതെയുള്ളൂ.

    ഏറിയ സൌന്ദര്യ ബോധം, കൂടിയ മദ്യപാനം, അതിരുകളില്ലാത്ത ആഭരണഭ്രമം, സദ്യകളിലും സല്കാരങ്ങളിലും മാംസ ഭക്ഷണത്തോടുള്ള അമിതാസക്തി, ആര്ഭാടങ്ങളോടുള്ള ആഭിമുഖ്യം, സ്ഥാനമാനങ്ങളോടുള്ള ഭ്രമം, പണം കുന്നുകൂട്ടാനുള്ള വ്യഗ്രത ... ഇതെല്ലാം കേരള ക്രൈസ്തവരുടെ മുഖ മുദ്രകളായി മാറിയിരിക്കുന്നു. ഒന്നൊന്നായി ഇവകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്‌താല്‍ ..... കാലാന്തരേ വലിയ വ്യതിയാനങ്ങള്‍ സംഭവിച്ചേക്കാം. ഏതു പോക്രിത്തരം കാട്ടി ജീവിച്ചാലും മരിക്കുമ്പോള്‍ വികാരിയച്ചന്‍ വന്നു തൊണ്ട പോട്ടുംന്ന ശബ്ദത്തില്‍ 'ഇതാ ഒരു പുണ്യവാന്‍ കടന്നു പോവുന്നു' വെന്നു പ്രസംഗിക്കും. പിന്നെ ആരെ ഭയപ്പെടാന്‍.?

    അടുത്ത ദിവസം ഒരു നല്ല സത്യക്രിസ്ത്യാനി മരിച്ചു. രണ്ടാഴ്ച ആശുപത്രിയില്‍ കിടന്നിട്ടാണ് ആ വൃദ്ധന്‍ മരിച്ചത്. സാന്ദര്‍ഭികമായി ഇക്കാര്യം പറഞ്ഞ സ്നേഹിതന്‍ അദ്ദേഹം അവസാനം പറഞ്ഞത്, 'പറമ്പിലെ പന ചെത്തുന്ന ചെത്തുകാരന്‍റെ കൈയ്യില്‍ നിന്നും കാശ് വാങ്ങാന്‍ മറക്കരുതെന്നാണ്‌... എന്ന് കേട്ടപ്പോള്‍ സങ്കടം തോന്നി.

    ReplyDelete
  8. ഉണ്ണണം , പുണരണം , ഉറങ്ങണം ഈ മൂന്നു കാര്യങ്ങളും പിന്നെ വീട്(കുരുവിയെ തോല്പ്പിക്കാനിന്നും മനുഷ്യൻ വളർന്നിട്ടില്ല ) പിന്നെ ,അർഥങ്ങൾ തേടിഉള്ള നെട്ടോട്ടം !(ഉറുമ്പിനെ തോല്പ്പിക്കാനും ഇവനു പറ്റിയില്ലിതുവരെ) .ഇതിനിടയിൽ , സ്വയം അറിയാൻ ഒരുവനും സമയം കണ്ടെത്തിയില്ല . ഉള്ളിന്റെ ഉള്ളിലെ ജീവചലനത്തിനാധാരമായ പരമ്പൊരുളിനെ ഇവൻ അറിഞ്ഞുമില്ല ! "ഈശനുള്ളിൽ ഉണ്ടന്നാരും പറഞ്ഞുതന്നില്ലാ പള്ളീൽ,...പഠിപ്പ് ഉള്ളോർ ഉണ്ടാകേണ്ടേ ഗുരുക്കളാകാൻ ." (അപ്രിയ യാഗങ്ങൾ) കാളേത്തിന്നി കാളപോലെ ജീവിച്ചു.... കർമ്മഫലത്തിൽ വിശ്വാസമില്ലാതെ , കുമ്പസാരക്കൂട്ടിൽ സ്വയം ആശ്വസിച്ചു....."കുമ്പസാരിച്ചൊരെൻ പാപങ്ങൾ വീണ്ടും ഞാൻ കുമ്പസാരിക്കുവാൻ ചെയ്തിടുന്നു , യാചിച്ചും പ്രാർത്ഥിച്ചും യാമം കൊഴിച്ചു ഞാൻ , നിൻഹിതം ചെയ്യാൻ കഴിഞ്ഞുമില്ല. " എന്ന ഗതികേടിലായി ഈ ബഹുത്തച്ചായ സമൂഹം! .കത്തനാർക്കു കളയും പന്നിയുമില്ലേൽ സംഗതി ഓടത്തുമില്ല .! .മദ്യം ,വീഞ്ഞിൻ ലഹരിയുടെ മുകളിലും! .കണ്ടു പഠിച്ച കുഞ്ഞാടിനു ലവലും പോയി !

    ReplyDelete
  9. മനുഷ്യന്റെ ക്രൂരതക്ക് കാരണം മാംസാഹാരമെന്ന് ശ്രീ ജോസഫ് മറ്റപ്പള്ളി എഴുതി. ആരും എതിരഭിപ്രായം പറയാത്തതിൽനിന്നും അല്മായശബ്ദ എഴുത്തുകാരെല്ലാം സസ്യാഹാരം മാത്രം കഴിക്കുന്നുവരെന്ന് അനുമാനിക്കട്ടെ. എന്തോ, ഈ അഭിപ്രായത്തോട് എനിക്ക് യോജിക്കുവാൻ സാധിക്കുന്നില്ല. ഫ്രാൻസീസ്‌ മാർപാപ്പായും മാംസാഹാരം കഴിക്കുന്നു. സസ്യാഹാര മൃഗങ്ങളായ വെട്ടാൻ വരുന്ന വെട്ടുപോത്തും കാട്ടാനയും ശാന്തരായ മൃഗങ്ങളല്ല. മൃഗങ്ങളെ വേട്ടയാടി ജീവിച്ചിരുന്ന മനുഷ്യന്റെ സൃഷ്ടിതന്നെ മാംസാഹാര പ്രിയനായിട്ടാണ്. നമ്മൾ ദൈവത്തിന്റെ സൃഷ്ടികർമ്മത്തെ വെല്ലുവിളിക്കണോ? ലക്ഷകണക്കിന് മനുഷ്യജാതിയെ കൊന്നൊടുക്കിയ 'ഹിറ്റ്ലർ' വെജിറ്റെറിയൻ ആയിരുന്നു. മാംസം തൊടുകപോലും ഉണ്ടായിരുന്നില്ല. ഗാന്ധിജിയെ വെടിവെച്ച നത്തുരാം ഗോഡ്സേയും പശുപാല് കട്ടുകുടിച്ച് പുല്ലുതിന്നു ജീവിച്ചിരുന്ന സസ്യഭുക്കായിരുന്നു. വീട്ടിൽ വളർത്തുന്ന മാംസപ്രിയനായ നായയോളം നന്ദി പുല്ലുതിന്നു ജീവിക്കുന്ന മൃഗങ്ങള്ക്ക് ഉണ്ടാവുകയില്ല.

    ഫ്രാൻസീസ് മാർപാപ്പാ സമകാലീക ചരിത്രത്തിലെ ഏറ്റവും നല്ല ഒരു ഇടയനെന്നതിൽ സംശയമില്ല. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പോടെ സഭയിൽ പരിശുദ്ധ ആത്മാവിന്റെ ചൈതന്യം അനുഭവപ്പെടുവാൻ തുടങ്ങിയെന്ന് സഭാക്കെതിരായി എഴുതികൊണ്ടിരുന്ന പത്രങ്ങൾവരെ അഭിപ്രായപ്പെടുന്നു. എന്നാൽ അനേകർക്ക്‌ സഭാപ്രേമത്തിന്റെ കഥയല്ല, മുൾകിരീടത്തിന്റെ കഥയാണ് പറയുവാനുള്ളത്. മനസിന്റെ നൊമ്പരകഥകൾ അനേകർക്ക് പറയുവാനുമുണ്ട്.

    സഭയുടെ തകർന്ന പ്രേമത്തിൽ കാഞ്ഞിരപ്പള്ളി കൊള്ളക്കാരനായ രാജകുമാരന്റെ ചതിയിൽപ്പെട്ട മോനിക്കായുമുണ്ട്. നീതി ലഭിക്കുവാൻ കാത്തുകിടക്കുന്ന സഭയുടെ ഈ മകളെപ്പോലെ എത്രയോ ലക്ഷങ്ങൾ സഭമൂലം കണ്ണീരുമായി കഴിയുന്നു. കോടികളുടെ കാറും ആർഭാട വിദേശവുമായി ജീവിതം നയിക്കുന്ന കേരളത്തിലെ പുരോഹിത ശ്രേഷ്ഠന്മാർ സഭയാകുന്ന പ്രേമത്തിൽ നഞ്ചു കലക്കുന്നവരാണ്. ഹെരൊദോസിന്റെ കുപ്പായം അണിഞ്ഞിരിക്കുന്ന ഇവർ തക്കം കിട്ടിയാൽ ബലിപീഠത്തിൽ കൊണ്ടുവന്ന് ഫ്രാൻസീസ് മാർപാപ്പയെ വിസ്തരിക്കുവാനും മടിക്കുകയില്ല.

    കടുകുമണി വളരും, വൻ വൃഷം ആവും. മാവ് പുളിക്കും. അങ്ങനെ നൂറ്റാണ്ടുകൾ സഭയെ പ്രേമിച്ച് കമിതാക്കളുടെ ഒരൊഴുക്കായിരുന്നു. യേശുവിൽനിന്നാരംഭിച്ച പരിശുദ്ധമായ പ്രേമത്തിന്റെ ഒഴുക്കുകൾ ഇന്ന് അഴുക്കുചാലുകളാൽ നിറ കവിഞ്ഞൊഴുകുകയാണ്. യാഥാസ്ഥിതികരും കത്തോലിക്കാ ഓർത്തഡോക്സും പ്രേമം എന്തെന്നറിയുന്നില്ല. പ്രേമത്തിന്റെ മന്ത്രം നീണ്ടതാടിയിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നു.

    കുടുംബാസൂത്രണ യാഥാസ്ഥിതിക നിലപാടുകളിൽ ഫ്രാൻസീസ് മാർപാപ്പയും മുൻ മാർപാപ്പാമാരുടെ അതെ നയം ആവർത്തിക്കുന്നു. ആഗോളതലത്തിലുള്ള 95 ശതമാനം കത്തോലിക്കർ ആ പ്രേമത്തിൽ പങ്കുചെരുകയില്ല. കുടുംബാസൂത്രണ നിലപാടിൽ അമേരിക്കൻ കന്യാസ്ത്രികളെ ബനഡിക്റ്റിനെപ്പോലെ ഫ്രാൻസീസും കുറ്റപ്പെടുത്തിയതിൽ അവർ അതൃപ്തരാണ്. ആതുരാലയങ്ങളും ഹോസ്പിറ്റലുകളും സ്കൂളുകളുമായി മാത്രം ജീവിതം നയിക്കുന്ന ഈ കന്യാസ്ത്രികളെ ബനഡിക്റ്റിനെപ്പോലെ കരയിപ്പിക്കുന്നതും ഫ്രാൻസീസ് അസ്സീസിയോട് ചെയ്യുന്ന അനീതിയാണ്. പ്രാകൃതമായ വത്തിക്കാന്റെ ലൈഗിക നിയന്ത്രണപരിപാടികൾ പ്രചരിപ്പിക്കുവാൻ കന്യാസ്ത്രികളെ എന്തിന് നിർബന്ധിക്കണം?

    ഇന്നത്തെ പത്രത്തിൽ വന്ന മാർപാപ്പായെപ്പറ്റിയുള്ള വാർത്ത വളരെ ഹൃദ്യമായിരുന്നു.സാധാരണ ഒരു മാർപാപ്പാ കുർബാന അർപ്പിച്ചുകഴിഞ്ഞാൽ മാർപാപ്പായുടെ പീഠത്തിൽ ഇരിക്കുകയേയുള്ളൂ. എന്നാൽ ഈ മാർപാപ്പാ പീഠത്തിൽ ഇരിക്കുകയില്ല. ജനങ്ങളുമായി സല്ലപിക്കുവാനാണ് പ്രിയം. വത്തിക്കാനിൽ പൂക്കൾ അലങ്കരിക്കുന്ന ഒരു പൂക്കാരന്റെ വാക്കുകൾ ഇങ്ങനെ: "ഞങ്ങൾ പള്ളിയിലെ പൂക്കൾ അലങ്കരിക്കുന്നവർ മദുബായിൽനിന്ന് അങ്ങകലെ നിൽക്കുകയായിരുന്നു. പാപ്പാ കുർബാന കഴിഞ്ഞ് ആദ്യം ഓടിവന്നത് ഞങ്ങളുടെ അടുത്താണ്. നന്ദിയെന്ന് എന്റെ കൈകൾ പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പൂക്കൾ എനിക്കിഷ്ടമാണെന്നും മാർപാപ്പാ ഒരു പുഞ്ചിരിയോടെ പറഞ്ഞു. ചുറ്റുമുള്ള ഓരോ പൂക്കാരന്റെയും കണ്ണുകൾ നോക്കി ചിരിച്ചു. ബനഡിക്റ്റോ മുമ്പുള്ള മാർപാപ്പാമാരോ ആരും ഞങ്ങളുടെ സേവനം ഒരിക്കലും മാനിച്ചിട്ടില്ല. മാർപാപ്പ സമീപത്തുവന്നപ്പോൾ എന്തോ ആത്മീയശക്തി ഞങ്ങളിൽ ഉണർന്നതായി തൊന്നി. മുമ്പൊന്നും ബനഡിക്റ്റ് കടന്നുപോവുമ്പോൾ അത്തരം ഒരു അനുഭൂതി ഉണ്ടായിട്ടില്ല."

    മുന്നൂറു പേർക്ക് താമസിക്കാവുന്ന പേപ്പസിമന്ദിരം വേണ്ടെന്നുവെച്ച് എളിയ ഒറ്റമുറിയിൽ താമസിക്കുന്ന മാർപാപ്പായെ പുകഴ്ത്തുവാൻ നാളിതുവരെ യാതൊരു തത്ത്വങ്ങളും കാത്തുസൂക്ഷിക്കാത്ത ശ്രീ അറക്കന് എന്ത് യോഗ്യതയുണ്ടെന്നു അദ്ദേഹം സ്വയം ചോദിക്കണമായിരുന്നു. മാർപാപ്പയെ തെരഞ്ഞെടുക്കുമ്പോൾ വത്തിക്കാനിലെ ജോലിക്കാർക്ക് നല്കിയിരുന്ന 2000 ഡോളർ ബോണസ് ഇത്തവണ ഫ്രാൻസീസ് മാർപാപ്പാ ദരിദർക്ക് ദാനം ചെയ്തതിൽ വത്തിക്കാനിലെ ബ്യൂറോക്രസിയിൽ പലർക്കും എതിർപ്പുണ്ട്. പവിഴമുത്തുകൊണ്ടുള്ള രുദ്രാക്ഷമാല ധരിക്കുന്ന ശ്രീ ആലഞ്ചേരിയും മരകുരിശു ധരിക്കുന്ന മാർപാപ്പായും തമ്മിലുള്ള ആശയസംഘടനം അവസാനിപ്പിക്കുന്ന കാലത്ത് പ്രേമിക്കുന്ന ഈ സഭയിൽ ക്രിസ്തു വരും.

    ReplyDelete