Translate

Wednesday, April 17, 2013

വിമോചനത്തിന്‍റെ ദൈവശാസ്ത്രം


Author: George Katticaren

1950-60കളില്‍ ലത്തീന്‍ അമേരിക്കയില്‍ നിലവിലിരുന്ന സാമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥിതി സാധാരണജനങ്ങളെ ദാരിദ്ര്യത്തിന്‍റെയും പട്ടണിയുടെയും നടുവില്‍ കൊണ്ടുവന്നെത്തിച്ചു. സാമൂഹ്യനീതിയെന്ന പദം അധികാരവര്‍ഗ്ഗത്തിന്‍റെ നിഘണ്ടുവില്‍നിന്നു തന്നെ നീക്കം ചെയ്യപ്പെട്ടിരുന്ന ആ ഇരുണ്ട കാലഘട്ടത്തില്‍, തൊഴിലില്ലായ്മയും സാമ്പത്തിക ഞെരുക്കവും പകര്‍ച്ച വ്യാധികളും കൂടി കൂട്ടിനെത്തിയപ്പോള്‍ ജനങ്ങളുടെ നിലനില്‍പ്പ്‌ തന്നെ അപകടത്തിലായി.  അന്ന് ജനഹൃദയങ്ങളില്‍  ഉരുത്തിരിഞ്ഞ ധാര്‍മ്മികരോഷത്തിന്‍റെ അഗ്നിനാളങ്ങള്‍ നാടാകെ പടര്‍ന്നു പിടിക്കുവാന്‍ അധിക സമയം വേണ്ടിവന്നില്ല. പിന്നിട് നാം കാണുന്നത്, വ്യത്യസ്തമായ ഒരു വിപ്ലവത്തിന്‍റെയും വേറിട്ട ഒരു വിജയത്തിന്‍റെയും കഥയാണ്. 


രണ്ടായിരം കൊല്ലങ്ങള്‍ക്കുമുമ്പ് പുരോഹിതവര്‍ഗ്ഗത്തിന്‍റെ ചുഷണവലയത്തില്‍നിന്ന് ഇസ്രായേല്‍ ജനതയെ മോചിപ്പിക്കുവാന്‍ യേശു അവലംബിച്ച സ്നേഹത്തിന്‍റെയും, സഹിഷ്ണതയുടെയും, അതേ യുദ്ധതന്ത്രങ്ങളാണ് ലത്തീന്‍ അമേരിക്കയിലെ യേശുവിന്‍റെ അനുയായികളായ പുരോഹിതരും മേല്‍പ്പട്ടക്കാരും അവിടത്തെ ജനതയെ അധികാരവര്‍ഗ്ഗത്തിന്‍റെ ചൂഷണവലയത്തില്‍ നിന്നും മോചിപ്പിക്കുവാന്‍ തിരഞ്ഞെടുത്തത്. സാമൂഹ്യമായ മോചനത്തിനും ഉപകരിക്കുന്ന ഈ വ്യത്യസ്ഥമായ വിമോചനദൈവശാസ്ത്രം ലോകത്തിനു നല്‍കിയത് യേശുവാണ്. ഈ വിമോചനദൈവശാസ്ത്രത്തില്‍ നിന്നാണ് പിന്നീട് മാര്‍ക്‌സിസം രൂപം കൊണ്ടതെന്നു പറയാം. അതുകൊണ്ടായിരിക്കണം, വിമോചനദൈവശാസ്ത്രം ഒരു രാഷ്ട്രീയ ചിന്താധാരയായി പിന്നീട് തെറ്റിദ്ധരിക്കപ്പെട്ടത്. ലാറ്റിന്‍ അമേരിക്കയില്‍ ജനങ്ങള്‍ നയിച്ച നൂതനമായ ആ വിപ്ലവം, അനായാസമായ വിജയത്തിലേക്ക് അവരെ നയിച്ചുവെന്നത് ചരിത്രം.

കാലത്തിന്‍റെ കുത്തൊഴുക്കില്‍, ഈ വിമോചനദൈവശാസ്ത്രം ആവശ്യമായി വന്നത് സഭയിലെ തന്നെ അധികാര ശ്രേണിക്കെതിരെയായിരുന്നുവെന്നത് വൈരുദ്ധ്യം. ക്രിസ്തിയ ചിന്തകള്‍ക്കു പ്രധാന്യം കൊടുക്കാതെ, ക്രിസ്തുവിനെ ചില്ല് മേടകളില്‍ ആരാധനവസ്തുവായി ബന്ധിച്ച പുരോഹിത സംസ്ക്കാരത്തോടുള്ള വെല്ലുവിളിയായിരുന്നു, പെറുവിലെ കത്തോലിക്ക പുരോഹിതനായ  ഗുസ്താവോ ഗുട്ടിയേരസ് എഴുതി പ്രസിദ്ധീകരിച്ച എത്തിയോളജി ഓഫ് ലിബറേഷന്‍എന്ന ഗ്രന്ഥം. അടിച്ചമര്‍ത്തപ്പെട്ട അല്മായന് അത് പുതിയ ഉന്മേഷവും ഉണര്‍വും നല്‍കി. പിന്നീട്, ബ്രസീലിലെ ലിയനാര്‍ഡോ ബോഫ്എല്‍ സാല്‍വദോറിലെ ജോണ്‍ സോബ്രിനോഓസ്മാര്‍ റൊമേരോഉറുഗ്വേയിലെ ഹുവാന്‍ ലൂയീസ് സെഗുന്‍ടോ എന്നിവര്‍ ഈ വിമോചന ദൈവശാസ്ത്രത്തിന് പുതിയ രുപവും ഭാവവും ജീവനും നല്‍കി അതിനെ വളര്‍ത്തിയെടുത്തു. പക്ഷെ, 1984ലും 1986ലും വത്തിക്കാനിലെ വിശ്വാസ തിരുസംഘം വിമോചനദൈവശാസ്ത്രത്തിലെ മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങളോടുള്ള സാമ്യം ഉയര്‍ത്തിപിടിച്ച് അത് ഒരു രാഷ്ട്രിയപ്രസ്ഥാനമാണെന്ന് വ്യാഖ്യാനിക്കുവാന്‍ ശ്രമിച്ചതോടെ ഈ പ്രസ്ഥാനത്തിനു മങ്ങല്‍ തട്ടി എന്ന് പറയാതെ വയ്യ. എളിമയുടെ മാതൃകയായ പോപ്പ് ഫ്രാന്‍സിസ് വിമോചനദൈവശാസ്ത്രത്തിന്‍റെ ഈറ്റില്ലത്തില്‍ നിന്നാണ് വന്നിരിക്കുന്നതെന്നുള്ള വസ്തുത വിമോചനദൈവശാസ്ത്രത്തിന്‍റെ വക്താക്കള്‍ക്കു പ്രത്യാശകക്കു വക നല്‍കുന്നു.

Video 1        Video 2       Video 3      Video 4

 ദിവംഗതനായ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ തുറന്ന മനസ്സോടെ’ എന്ന തന്‍റെ ഗ്രന്ഥത്തിലൂടെ കേരള കത്തോലിക്കസഭയില്‍ ഇന്നുനടക്കുന്ന വിദ്യാഭ്യാസ കച്ചവടംഅദ്ധ്യാപകനിയമനത്തിലുള്ള അഴിമതികള്‍, സന്യസിനികളെ ചൂഷണം ചെയ്യല്‍, അല്‍മായരുടെ മേലുള്ള പുരോഹിതരുടെ കടന്നു കയറ്റം തുടങ്ങിയ വിഷയങ്ങളെ സമഗ്രമായി സമൂഹമദ്ധ്യേ അവതരിപ്പിച്ചു. ഇത്തരം വ്രവണതകളില്‍ നിന്ന് എല്ലാ ക്രൈസ്തവരും, പ്രത്യേകിച്ച് അഭിഷിക്തര്‍ ഒഴിഞ്ഞു നില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും യാതൊന്നും ഇവിടെ സംഭവിച്ചില്ല. തുടര്‍ന്ന്, സീറോ മലബാര്‍ സഭയെ രക്ഷിക്കുവാന്‍ അദ്ദേഹം വിഭാവനം ചെയ്തത് ഇതേ വിമോചനദൈവശാസ്ത്രമായിരുന്നു. പക്ഷെ,  അദ്ദേഹത്തിന്‍റെ നടപടികള്‍ക്ക് തടയിടാന്‍, സഭയിലെ കുബുദ്ധികളും ചില മാദ്ധ്യമങ്ങളും അദ്ദേഹം ഒരു മാര്‍ക്‌സിസ്റ്റ് ചിന്തകനാണെന്നുപോലും പറഞ്ഞു പരത്തുന്നതാണ് നാം തുടര്‍ന്ന് കണ്ടത്.  മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങള്‍ ക്രിസ്തുവിന്‍റെ സാമൂഹ്യശാസ്ത്രത്തെ അധികരിച്ച് രൂപം കൊണ്ടതാണെന്ന വസ്തുത അവര്‍ മറന്നു. അഴിമതിയിലും അനാശാസ്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവര്‍ ക്രിസ്ത്യാനികളല്ലെന്ന് ഇപ്പോഴത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല.

അടുത്ത കാലത്ത് വൈദികരുടെ ലൈംഗിക അതിക്രമങ്ങള്‍ക്ക്‌ ഇരയായ സ്ത്രികള്‍ എല്ലാവരുടെയം തന്നെ കുമ്പസ്സാര ഗുരുക്കന്മാര്‍, അതിക്രമം കാട്ടിയ വൈദികര്‍ തന്നെയായിരുന്നുവെന്ന ആരോപണം, കൂദാശകള്‍ പോലും ദുരുപയോഗപ്പെടുത്തപ്പെടുന്നു എന്ന വസ്തുതയിലെക്കാണ് വിരല്‍ ചൂണ്ടുന്നത്. 

ഇന്ന്, സഭയിലെ ബഹുഭൂരിപക്ഷം അല്‍മായരും, വൈദികരും, സന്യസ്ഥരും അസംതൃപ്തരാണ്. യൂറോപ്പിലും,അമേരിക്കയിലും സീറോ മലബാര്‍ വിശ്വാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ സഭ അവഗണിച്ചത് പ്രവാസികളുടെ ഇടയിലും അമര്‍ഷവും രോഷവും വളരുവാന്‍ കാരണമായി. സീറോമലബാര്‍ സഭയില്‍ ‘ദൈവജനം ഇന്നും അടിമകളാണ്. അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ ഒരു മെത്രാനാണ്, അല്ലാതെ അല്‍മായ സംഘടനകള്‍ തെരഞ്ഞെടുത്ത അല്‍മായ നേതാവല്ല. ഈ കമ്മീഷന്‍ രാജ്യത്തിനകത്തും പുറത്തും വമ്പിച്ച രീതിയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ വ്യാപൃതരാണെന്നു പല തവണസീറോമലബാര്‍ വോയിസ്' റിപ്പോര്‍ട്ടു ചെയ്തുവെങ്കിലും അതു നിരാകരിക്കുവാനോ സ്ഥിരീകരിക്കുവാനോ ഈ കമ്മീഷന്‍ തുനിഞ്ഞിട്ടില്ല.

ജര്‍മ്മന്‍ പ്രവാസികളായ മോനിക്ക-തോമസ് ദമ്പതികളുടെ സ്വത്തുക്കള്‍ അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ അദ്ധ്യക്ഷം വഹിക്കുന്ന രൂപത കരസ്ഥമാക്കിയ സംഭവം അന്തര്‍ദേശിയതലത്തില്‍ പ്രവാസികളുടെ ഇടയില്‍ വന്‍പ്രതിഷേധത്തിന് ഇടയാക്കി. അല്‍മായകമ്മീഷന്‍ ചെയര്‍മാന്‍റെയും സെക്രട്ടറിയുടെയും ജര്‍മ്മന്‍ പര്യടനം അവിടുത്തെ മലയാളി ക്രിസ്ത്യാനികള്‍ തിരസ്ക്കരിച്ചു.

ഒരു മാസത്തെ പര്യടനത്തിന് അമേരിക്കയില്‍ എത്തിയ അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍, പുറത്തിറങ്ങുവാന്‍ പറ്റാത്ത അന്തരീക്ഷമാണ് അമേരിക്കന്‍ സീറോ മലബാര്‍ വശ്വാസികള്‍ സംജാതമാക്കിയതെന്ന് സീറോ മലബാര്‍ വോയ്‌സ്’ റിപ്പോര്‍ട്ടു ചെയ്യുന്നു.

മാര്‍പ്പാപ്പയുടെ ലാളിത്യം മഹോന്നതമാണെന്നു മെത്രാന്‍ മുഖപ്രസംഗം എഴുതുന്നതും, അതിന്‍റെ മഷി ഉണങ്ങുന്നതിന് മുമ്പ്, വിദേശനിര്‍മ്മിത അത്യാഡംബര ബുള്ളറ്റ്പ്രൂഫ്‌ കാറ് അരമന വളപ്പില്‍ കറങ്ങുന്നതുമാണ് വിശ്വാസികള്‍ കാണുന്നത്.

സീറോമലബാര്‍ സഭയുടെ ചിക്കാഗോ വിഭാഗം ഇന്ന് ഏറ്റവും വലിയ പ്രശ്‌നമേഖലയാണ്. അവിശ്വസനീയമായ കെട്ടുകഥകളുടെ പാര്യമ്പര്യമാണ് സീറോ മലബാര്‍സഭയ്ക്കുള്ളതെന്ന് സഭാധികാരികള്‍ വിശ്വാസികളെ അടിച്ചേല്‍പ്പിക്കുവാന്‍ ആരംഭിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. എവിടെയെല്ലാം അനീതിയും ചുഷണവും ശക്തിപ്പെടുന്നുവോ അവിടെയെല്ലാം വിമോചനദൈവശാസ്ത്രവും വളരുന്നു. അത് പരിശുദ്ധാന്മാവിന്‍റെ പ്രവര്‍ത്തനമാണ്. ഉത്തമോദാഹരണമാണ് പത്രോസിന്‍റെ സിംഹാസനത്തിലേക്കുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വരവ്. സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പാകൊണ്ട് എടുത്തേ അടങ്ങുവെന്നു തോന്നുന്നു.  

1 comment:

  1. വിമോചന ദൈവശാസ്ത്രത്തെപ്പറ്റിയുള്ള ലേഖനത്തിലെ അനേക കാര്യങ്ങൾ അല്മായ ശബ്ദത്തിൽ വിവിധ പോസ്റ്റുകളായി വിവരിച്ചിട്ടുണ്ട്. എങ്കിലും കാതലായ വിഷയത്തിലേക്ക് പരിചിന്തനം നടത്തേണ്ടിയിരിക്കുന്നു. എന്താണ് ഈ വിമോചന ദൈവശാസ്ത്രം.തെക്കേഅമേരിക്കയിൽ യേശുവിന്റെ വചനങ്ങളുടെ അർഥവ്യാപ്തിയിൽ സാമൂഹ്യ, രാഷ്ട്രീയ,സാംസ്ക്കാരിക തലങ്ങളിൽ സമൂലമാറ്റങ്ങൾക്കായി വിമോചനമുന്നേറ്റം അറുപതുകളിൽ ഉണ്ടായിരുന്നു. ദരിദ്രരുടെ കഷ്ടപ്പാടുകളും അവരുടെ ക്ഷേമങ്ങളും പ്രതീക്ഷകളും വചനങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി ക്രിസ്ത്യൻ മാർക്സിസവും സഭയുടെ വിശ്വാസവും കൂട്ടികലർത്തി തെക്കേഅമേരിക്കയിൽ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് വിമോചന ദൈവശാസ്ത്ര സംഘടന.

    വിമോചന ദൈവശാസ്ത്രത്തിൽ അനേകം ഗവേഷണങ്ങളും നടന്നിരുന്നു. മാർക്സിസ്റ്റ് ആശയങ്ങൾ വിമോചന ദൈവശാസ്ത്രത്തിൽ ശക്തിയായതോടെ വത്തിക്കാൻ 1984ൽ ഈ പ്രസ്ഥാനം സഭയുടെ വിശ്വാസസത്യങ്ങൾക്കെതിരെന്നു പറഞ്ഞ് വിലക്കുകയായിരുന്നു. വിമോചന ദൈവശാസ്ത്രത്തിൽ സജീവമായി പ്രവർത്തിക്കുന്നത് പാപമായും സഭ മഹറോണ്‍ ശിക്ഷവരെയും കൽപ്പിച്ചു.

    ഫ്രാൻസീസ് മാർപാപ്പയിൽ അങ്ങനെ ഒരു വിമോചന ദൈവശാസ്ത്രത്തിൽ ലേഖകൻ പ്രതീക്ഷ കാണുന്നുണ്ട്. അത്തരം കാഴ്ച്ചപ്പാട് അമിത പ്രതീക്ഷയെന്നേ പറയുവാൻ സാധിക്കുകയുള്ളൂ.സാമൂഹ്യ അസമത്വങ്ങൾക്കെതിരെ പാവങ്ങൾക്കുള്ള ദൈവശാസ്ത്രമെങ്കിലും മുതലാളിത്ത വ്യവസ്ഥിതിയിൽ അടിസ്ഥാനമിട്ട സഭയ്ക്ക് ഒരിക്കലും ധനതത്ത്വശാസ്ത്രം മാറ്റുവാൻ സാധിക്കുകയില്ല. എളിമയുടെ മാതൃകയായ മാർപ്പാപ്പ വിമോചന ദൈവശാസ്ത്രത്തിന്റെ നാട്ടിൽനിന്ന് വന്നുവെന്ന് ശരിതന്നെ. അദ്ദേഹത്തിന്റെ ഉൾബോധ മനസും പാവങ്ങൾക്കുള്ളതു തന്നെ. എന്നാൽ അദ്ദേഹം മാർക്സിയാൻ ചിന്താഗതിക്കാരൻ അല്ല. വൻകിട സമ്പത്തിന്റെ ഉടമയായ വത്തിക്കാന് അത്തരം ഒരു വിമോചന ദൈവശാസ്ത്രം അംഗികരിക്കുവാൻ സാധിക്കുകയില്ല. അമേരിക്കയിലെ നിക്ഷേപങ്ങളിൽ ഏറിയ പങ്കും വത്തിക്കാന്റെയാണ്. വത്തിക്കാൻ ഈ നിക്ഷേപം ഒരു സുപ്രഭാതത്തിൽ പിൻവലിച്ചാൽ അമേരിക്കൻ സാമ്പത്തികവ്യവസ്ഥ തന്നെ തകിടംമറിയും. സഭയെ കമ്മ്യൂണിസ ചിന്താഗതിയിൽ പോകുവാൻ സാമ്പത്തികശക്തികൾ അനുവദിക്കുകയില്ല. സോവിയറ്റ് യൂണിയൻ തന്നെ നിലംപതിച്ചതിനു കാരണവും സഭയുടെ ശക്തിയും പണവുമാണ്.

    സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ ഫ്രാൻസീസ് മാർപാപ്പാ വത്തിക്കാൻ നിരോധിച്ചിരിക്കുന്ന വിമോചന ദൈവശാസ്ത്രം സഭയിൽ അനുവദിക്കുമോ? ദാരിദ്ര്യത്തെപ്പറ്റിയും സാമൂഹ്യ നീതിയെപ്പറ്റിയും മാർപാപ്പാ വാതോരാതെ സംസാരിക്കുന്നുണ്ട്. കഴിഞ്ഞകാല കഥകളിൽ അദ്ദേഹം സാധാരണക്കാരനെപ്പോലെ,സ്വയം പാകം ചെയ്തും, പൊതുവണ്ടികളിലും സഞ്ചരിച്ച് ജീവിച്ചു. ആഡംബരമേറിയ ഭവനങ്ങളിൽ താമസിച്ചില്ല. കാഞ്ഞിരപ്പള്ളിയിലെ മിസ്റ്റർ അറക്കനെപ്പോലെ വില കൂടിയ സഭയുടെ കാറുകളൊന്നും വാങ്ങികൂട്ടിയില്ല. കാര്യം ശരി തന്നെ.

    എത്രമാത്രം അദ്ദേഹത്തിന് പാവങ്ങളോട് ഈ ഭക്തി തുടരുവാൻ സാധിക്കും. ഇത്തരം സാമ്പത്തിക ശാസ്ത്രം നടപ്പിലാക്കുവാൻ വിശ്വാസത്തെ മറികടന്ന് അദ്ദേഹത്തിന് എന്ത് ചെയ്യുവാൻ കഴിയും? ക്രിസ്ത്യൻ രാജ്യങ്ങളുടെ നികുതി സംവിധാനത്തിന് മാറ്റം വരുത്തി പണം പാവങ്ങൾക്കായി ആഹ്വാനം ചെയ്യുവാൻ സാധിക്കുമോ? സമൂഹത്തിൽ താണവരെ സഹായിക്കുവാൻ വിശ്വാസികളിൽ നിന്ന് വീണ്ടും പിരിവുകൾക്ക് ഉത്തരവിടുമോ?

    വാർത്താലേഖകരും മാർപാപ്പായും തമ്മിൽ ടെലെഫോണ്‍ ചർച്ചയിൽ അദ്ദേഹം വിമോചന ദൈവശാസ്ത്രത്തെ അനുകൂലിക്കുകയില്ലായെന്നും പറഞ്ഞു. സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനല്ലെന്നും വ്യക്തമാക്കി. വിമോചന ദൈവശാസ്ത്രം അർജന്റീനായിൽ പരാജയവുമായിരുന്നുവെന്ന്
    മാർപാപ്പാ പറഞ്ഞു. അനീതിയും അസമത്വവും എവിടെയും എതിർക്കുമെന്നും അതിനർഥം പുരോഹിതരുടെ വിമോചന ദൈവശാസ്ത്രം പോലുള്ള രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും മാർപാപ്പാ വ്യക്തമാക്കി. തെക്കേ അമേരിക്കയിൽ ഉണ്ടായ ഈ പ്രസ്ഥാനം മാർക്സിയൻ വേരുകളിൽനിന്ന് ഉണ്ടായിയെന്ന് മാർപാപ്പാ വിശ്വസിക്കുന്നു. അനേക ഈശോസഭാ വൈദികർ വിമോചന ദൈവശാസ്ത്രത്തിൽ പ്രവർത്തിച്ചതിലും അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. മാർപാപ്പാ ഒരു കാലത്തും വിമോചന ദൈവ ശാസ്ത്ര ചിന്താഗതിക്കാരൻ ആയിരുന്നില്ല. 2 0 0 1 ൽ തെക്കേ അമേരിക്കയിൽ സാമ്പത്തിക വ്യവസ്ഥ തകർന്നപ്പോൾ അദ്ദേഹം 'കാപ്പിറ്റലിസം' (Capitalism) അഴിമതികളെ വിമർശിച്ചിരുന്നു. അതിനർഥം അദ്ദേഹം സോഷ്യലിസ്റ്റോ, വിമോചന ദൈവശാസ്ത്രത്തെ അനുകൂലിക്കുന്നവനോയെന്നല്ല.

    ReplyDelete