Translate

Saturday, June 1, 2013

സ്വാമി സച്ചിദാനന്ദ ഭാരതി പ്രതികരിക്കുന്നു.

ധര്മ്മഭാരതി പ്രസ്ഥാനങ്ങളുടെ സ്ഥാപകനായ ആചാര്യ സച്ചിദാനന്ദ ഭാരതിയെന്ന
നവഭാരത ദാര്ശനികനെപ്പറ്റി കേട്ടിട്ടില്ലാത്തവര്‍ ചുരുക്കം. UNO യുടെ
ആഭിമുഖ്യത്തില്‍ ന്യുയോര്ക്കില്‍ വെച്ച് നടന്ന ലോകസമാധാന ഉച്ചകോടിയില്‍
ഭാരതത്തെ പ്രതിനിധികരിച്ച അദ്ദേഹത്തെപ്പോലെ വിവിധ മതങ്ങളെപ്പറ്റി
ആഴത്തില്‍ പഠിച്ചിട്ടുള്ള പണ്ഡിതര്‍ ഇന്ന് വിരളമാണ്. യേശുവിന്‍റെ
പ്രബോധനങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന അദ്ദേഹം ദാരിദ്ര്യവിമുക്തമായ,
അഴിമതിരഹിതമായ, ജാതിവിവേചനമില്ലാത്ത ഒരു ഭാരതം കെട്ടിപ്പടുക്കാനുള്ള
ശ്രമത്തിലാണ്. നലം തികഞ്ഞ ഒരു വാഗ്മിയും ഗ്രന്ഥകാരനുമായ അദ്ദേഹത്തിന്‍റെ 

കൃതികളില്‍ ‘An Indian Face of Christian Faith’ എന്ന ഗ്രന്ഥം വളരെയേറെ
പരാമര്ശിക്കപ്പെട്ടിട്ടുള്ളതാണ്.


കേരള കത്തോലിക്കാസഭയെ ആദ്ധ്യാത്മീകരിക്കുക.

മെയ്‌ 2013ലെ സത്യജ്വാലയിൽ വായിച്ച എഡിറ്റോറിയൽ ഉള്ക്കാഴ്ചയുള്ളതും ചിന്തോദ്വീപകവുമായിരുന്നു. മതത്തിന്റെ അർത്ഥവും ലക്ഷ്യവും, പരമാർത്ഥത്തെ കാണിച്ചുതരുന്നതിൽ മതത്തിനുള്ള പങ്ക് എന്നിവ ലേഖകൻ അതിൽ മനോഹരമായി വ്യക്തമാക്കിയിട്ടുണ്ട്. അവനവന്റെ ശരിയായ സത്തയെപ്പറ്റിയുള്ള ധാരണയെ രൂപപ്പെടുത്തുകയും സഹവാസികളുമായുള്ള ബന്ധത്തെ ഉറപ്പിക്കുകയും ചെയ്യുന്നതിലൂടെ പരമസത്തയായ ദൈവവുമായി ജീവോഷ്മളവും സ്നേഹമസൃണവുമായ അടുപ്പത്തിലെത്താൻ മതം സഹായിയാകണം എന്ന് ശ്രീ ജോര്ജ് മൂലേച്ചാലിൽ കുറിക്കുന്നു. അങ്ങനെയെങ്കിൽ എല്ലാ മനുഷ്യരുമായും മറ്റു സഹജീവികളുമാ
യും സ്വരുമയോടെ കഴിയാൻ ഏവർക്കും സാദ്ധ്യമാകും. ഈ കാഴ്ചപ്പാടുമായി പൂർണമായും യോജിക്കാതിരിക്കാനാവില്ല.

നമ്മൾ വിശ്വസിക്കുന്ന ദൈവം നമ്മുടെ സ്വഭാവത്തെയെന്നപോലെ അന്യരുമായുള്ള ബന്ധത്തെയും സ്വാധീനിക്കണമെങ്കിൽ, ആ സത്ത സത്യത്തിന്റെ പര്യായം തന്നെയായിരിക്കണം. "ഏക സത്യദൈവമായ അങ്ങയെയും അങ്ങയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ." (ജോണ്‍ 17, 3)

നമ്മുടെ കാലയളവിൽ മതത്തിന്റെ പ്രാധാന്യത്തെ ഏറ്റവും നന്നായി മനസ്സിലാക്കിയത് മഹാത്മാ ഗാന്ധിയാണ്. "മതത്തെ നശിപ്പിക്കാൻ നോക്കുന്നത് പാഴ്വേലയാണ്. അങ്ങനെയൊരുദ്യമം വിജയിച്ചാൽ സമൂഹത്തിന്റെ നാശമായിരിക്കും ഫലം. അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും മറ്റു പോരായ്മകളും ഇടയ്ക്കിടയ്ക്ക് മതത്തെ കളങ്കപ്പെടുത്തിക്കൊണ്ടിരുന്നാലും, യഥാർത്ഥ മതം നിലനില്ക്കുകതന്നെ ചെയ്യും. കാരണം, വിശാലമായ അർത്ഥത്തിൽ മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിന് മതം അനിവാര്യമാണ്." മനുഷ്യവ്യവഹാരങ്ങളിൽ മതമെത്ര പ്രാധാന്യമുള്ളതാണെന്ന് ഗാന്ധിജിയുടെ ഈ വാക്കുൾ വ്യക്തമാക്കുന്നു.

ശരിയായ മതം നമ്മെ ദൈവവുമായും തമ്മിൽത്തമ്മിലും സൃഷ്ടജാലവുമായും സ്നേഹംകൊണ്ട് ബന്ധിപ്പിക്കുന്നു. പൊതുവായ ഒരു ഭാഗധേയത്തെ കാത്തിരിക്കുന്ന ഭൂമിയൊരു കുടുംബം (വാസുധൈവ കുടുംബകം) എന്നതാണതിന്റെ 
ർത്ഥവ്യാപ്തി. എല്ലാ ജീവജാലങ്ങളിലും അന്തർലീനമായിരിക്കുന്ന എകത്വമെന്ന സത്യത്തെ സന്വേഷിച്ച് കണ്ടെത്തി, അതിനനുസരിച്ച് സർവാശ്ലേഷിയായ സ്നേഹബന്ധത്തിൽ ജീവിക്കാനാണ് മതം നമ്മെ ഉത്ബോധിപ്പിക്കുന്നത്. അത് സംഭവിക്കുന്നില്ലെങ്കിൽ മതം നിരർത്ഥകമാണ്.

കത്തോലിക്കാസഭയുൾപ്പെടെയുള്ള അനുഷ്ഠാനപ്രധാനമായ മതങ്ങൾ ഈയർത്ഥത്തിൽ മതങ്ങളാണെന്നു പറയാനാവില്ല എന്നാണു ശ്രീ ജോര്ജിന്റെ വാദം. അത് സത്യമാണെന്ന് നിര്ഭാഗ്യവശാൽ പറയേണ്ടിയിരിക്കുന്നു. അതുകൊണ്ട്, കത്തോലിക്കർ തങ്ങളോടുതന്നെ ചോദിക്കേണ്ടത്‌ ഇതാണ്: സഭയെ ഒരു സത്യമതമായി നവീകരിച്ചെടുക്കാൻ ഓരോരുത്തർക്കും എന്താണ് ചെയ്യാവുന്നത്?

എന്റെ അഭിപ്രായത്തിൽ, ആദ്യം നമ്മൾ ചെയ്യേണ്ടത്, ദൈവമക്കളെന്ന നിലക്ക് നമ്മുടെ അസ്തിത്വത്തിന്റെ വില മനസ്സിലാക്കുകയാണ്. സർവ്വശക്തനും സർവ്വജ്ഞാനിയും സർവ്വവ്യാപിയുമായ ഈ പരമാത്മാവ്‌ നമ്മെ നയിക്കുന്നു. ഈ അറിവിന്റെ ആഴമനുസരിച്ച് അവിടുത്തെ ക്രിസ്തുവുമായുള്ള നമ്മുടെ അടുപ്പവും ഉറയ്ക്കും. അങ്ങനെമാത്രമേ മനുഷ്യവംശത്തെ മുഴുവനായും നമ്മുടെ സ്നേഹവലയത്തിൽ ഉൾക്കൊള്ളാനാവൂ. കത്തോലിക്ക എന്ന വാക്കിന്റെ അർത്ഥംതന്നെ സർവ്വാശ്ലേഷി എന്നാണ്. അപ്പോൾ അതിന്റെയംഗങ്ങളുടെ കാഴ്ചപ്പാടും സ്നേഹവും സർവ്വാശ്ലേഷിയാകേണ്ടിയിരിക്കുന്നു. ആദ്ധ്യാത്മികതയുടെ ലക്ഷ്യവും അത് തന്നെയാണല്ലോ.

7 comments:

  1. എന്നെ വളരെ സ്വാധീനിച്ചിട്ടുള്ള ഒരു വ്യക്തിയാണ് സ്വാമി സച്ചിദാനന്ദ ഭാരതി. ഞാന്‍ ഒരു മുഖ്യ പ്രവര്‍ത്തന മേഖലയായി തിരഞ്ഞെടുത്തിരിക്കുന്ന 'ഇന്ത്യന്‍ തോട്സ്' ഇത്രയും വളരാന്‍ അദ്ദേഹത്തിന്‍റെ പിന്തുണ നിര്‍ണ്ണായകമായിരുന്നു. ഇന്ത്യന്‍ തോട്സിന്‍റെ രക്ഷാധികാരിയും കൂടിയാണ് അദ്ദേഹം.

    അദ്ദേഹം ഒരു മലയാളിയാണെന്നതും, ഇന്ത്യന്‍ എയര്‍ ഫോഴ്സിലെ ബഹുമതി മുദ്രകള്‍ വാരിക്കൂട്ടിയ ഒരു ഓഫിസര്‍ ആയിരുന്നെന്നതും അറിഞ്ഞിരിക്കുക. ജോലി രാജിവെച്ച് സത്യം തിരഞ്ഞു ഭാരതം മുഴുവന്‍ സഞ്ചരിക്കുകയും അനേകം സദ്‌ഗുരുക്കളുടെ കൂടെ വസിക്കുകയും ചെയ്തിട്ടുള്ളയാളാണ് അദ്ദേഹം.

    അദ്ദേഹത്തിന്‍റെ, 'സമാധാനത്തിനു വേണ്ടിയുള്ള ക്രിസ്തുവിന്‍റെ ശിക്ഷ്യന്മാര്‍ (Disciples of Christ for Peace - DCP)വടക്കേ ഇന്ത്യയില്‍ പല നഗരങ്ങളിലും ശക്തമാണ്. അനേകം ഹിന്ദുക്കള്‍ ഇതില്‍ അംഗങ്ങളുമാണ്. യേശു പഠിപ്പിച്ചതുപോലെ പരസ്പര ധാരണയോടെ സമൂഹത്തിന്‍റെ വളര്‍ച്ചക്ക് വേണ്ടി ജീവിക്കുകയെന്ന ഏക ലക്ഷ്യമാണ് ഈ സംഘടനയുടെതെന്നു പറയാം.

    അദ്ദേഹം സ്ഥാപിച്ച School of Forgiveness and Reconciliation അനേകര്‍ക്ക്‌ മാര്ഗ്ഗദര്‍ശിയായിരുന്നിട്ടുണ്ട്. 2012 ല്‍ മനിലയില്‍ വെച്ച് നടന്ന ഏഷ്യന്‍ ബിഷപ്സ് കൊണ്ഫറന്സില്‍ മുഖ്യ പ്രബന്ധം അവതരിപ്പിച്ചത് അദ്ദേഹമാണ്. നാഗ്പ്പൂര്‍ രൂപതയിലെ അത്മായാ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിര്‍ണ്ണായകമായിരുന്നിട്ടുണ്ട്.

    അദ്ദേഹത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ http://www.navasrushti.org/indianface.html എന്ന സൈറ്റ് സന്ദര്‍ശിക്കുക.

    ReplyDelete
  2. ജോർജിന്റെ എഡിറ്റോറിയൽ കേന്ദ്രീകരിച്ചത് മതത്തെ മതമായി മാത്രമെടുത്താൽ അതിറെ ഉള്ളടക്കം എന്തായിരിക്കണം എന്ന അന്വേഷണത്തിലും, ആ ഉള്ളടക്കം ഇന്നത്തെ കത്തോലിക്കാസഭക്ക് അവകാശപ്പെടാനാവുമോ എന്ന ചോദ്യത്തിലുമായിരുന്നു. അതെപ്പറ്റി നിരൂപണമെഴുതിയവർ ആ വിഷയത്തിൽ നിന്ന് കുറെയെല്ലാം വഴിമാറിയാണ് സഞ്ചരിച്ചത്. സ്വാമി സച്ചിദാനന്ദ ഭാരതിയും വിഷയത്തിന്റെ കാതലിൽ നിന്ന് ഏതാണ്ടൊന്ന് വ്യതിച്ചലിചില്ലേ എന്ന് ചോദിച്ചുപോകുന്നു. ക്രിസ്തുവിനെ ഈ അന്വേഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ, കാഴ്ചപ്പാട് നിഷ്പക്ഷമല്ലാതായിപ്പോകുന്നുണ്ട് എന്നാണു ഞാൻ പറഞ്ഞുവരുന്നത്. ക്രിസ്ത്യാനികൾ മാത്രമാണ് വായനക്കാരെങ്കിൽ അതിൽ ആക്ഷേപം പറയേണ്ടതില്ല. എന്നാൽ ജോർജ് കൈകാര്യം ചെയ്തത് 'മതനിരപേക്ഷിതമായ' ഒരന്വേഷണമായിരുന്നു എന്നാണ് എന്റെ ധാരണ.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. മതം സനാതനമായതിനെ ഒരു "Essentially Crashed Version" എന്നപോലെ പ്രതിനിധാനം ചെയ്യുന്നു എന്നുമാത്രമല്ലേ പറയാനൊക്കൂ ? കാരണം , മതം എന്ന വാക്കിന്റെയർത്ഥം അഭിപ്രായം എന്നാകുന്നു . ഒരഭിപ്രായത്തിനു സ്വീകരിക്കലിന്റെയോ നിരാകരിക്കലിന്റെയോ സാധ്യതയുണ്ട് . സനാതനമായതൊന്നും നിരാകരിക്കാനും കഴിയില്ല . "ശ്രീ .ജോർജ് കൈകാര്യം ചെയ്തത് 'മതനിരപേക്ഷിതമായ' ഒരന്വേഷണമായിരുന്നു എന്നാണ് എന്റെ ധാരണ"(സക്കറിയാസ് നെടുങ്കനാല്‍), എന്റെയും ..

    ReplyDelete
  5. "സർവ്വശക്തനും സർവ്വജ്ഞാനിയും സർവ്വവ്യാപിയുമായ ഈ പരമാത്മാവ്‌ നമ്മെ നയിക്കുന്നു" എന്നത് വെറുമൊരു ധാരണയെന്നതിൽക്കവിഞ്ഞ് ഒരാളുടെ അവബോധത്തിന്റെ കാതലായിത്തീരുമ്പോൾ മതത്തിന്റെയും അതുമായി ബന്ധപ്പെട്ട ഒന്നിന്റെയും ആവശ്യം പിന്നെ അവശേഷിക്കുന്നില്ല. ആ അവബോധത്തിലേയ്ക്ക് ആഴ്ന്നിറങ്ങാനാണ് മതനിഷ്ഠകൾ മനുഷ്യരെ സഹായിക്കേണ്ടത്. ഈ മൂന്നു വിശേഷണങ്ങളും കാതലിൽ ഒന്നുതന്നെയാണ്. ആ സത്തയുടെ നിയന്ത്രണത്തിലാണ് എല്ലാം എന്നുള്ള ബോധ്യം നിരന്തരമായിക്കഴിഞ്ഞാൽ അതുതന്നെയല്ലേ പരമാനന്ദം?

    ഇന്നത്തെ മതങ്ങളെല്ലാം അനുഗ്രഹങ്ങൾക്കായുള്ള യാചനകളുമായി "സർവ്വജ്ഞാനിയായ പരാശക്തിയെ" ശല്യം ചെയ്യാനാണ് മനുഷ്യരെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എത്ര വലിയ ഒരു വിരുദ്ധോക്തിയാണ് ഈ പ്രവണതക്ക് പിന്നിലുള്ളത്. ശരിയായ വിശകലനത്തിൽ, മതാചാരങ്ങൾ എല്ലാം തന്നെ മേല്പ്പറഞ്ഞ പ്രാഥമികമായ അവബോധത്തിൽനിന്നു വിശ്വാസികളെ അകറ്റുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

    ReplyDelete
  6. "സഭയെ ഒരു സത്യമതമായി നവീകരിച്ചെടുക്കാൻ സ്വന്തം സത്തയെ തിരിച്ചറിഞ്ഞ് ഓരോരുത്തർക്കും എന്താണ് ചെയ്യാവുന്നത്?"(ലേഖകൻ)

    ഒരു ആഗോള ഏകാധിപതി സഭയെ മൊത്തമായി വാർത്തെടുക്കാതെ ഒരു വ്യക്തിക്കോ, സമൂഹത്തിനോ വലിയ സമൂഹത്തിനോ ഒന്നും ചെയ്യുവാൻ സാധിക്കുകയില്ല. അതിലും വലിയ തത്ത്വങ്ങൾ മലയിലെ പ്രസംഗത്തിൽ ഉണ്ട്. ആരു ശ്രവിക്കുന്നു?

    മഹാബലി കാലത്തെപ്പോലെ മനുഷ്യരെല്ലാം സ്വരൂമയോടെ കഴിയുവാൻ സ്വയം നമ്മിലുള്ള സത്തയെ കണ്ടെത്തുകായെന്ന് ശ്രീ സച്ചിദാനന്ദസ്വാമി പറയുന്നു. സ്വയം നമ്മെത്തന്നെ രൂപപ്പെടുത്തി കഴിഞ്ഞാൽ സഹജീവികളോടുള്ള ദയ, കരുണ, സ്നേഹം വഴി ദൈവത്തെ അറിയുക, നിത്യ ജീവന് യേശുവിനെ അറിയുക എന്നൊക്കെ ലേഖനത്തിൽ ഉണ്ട്.
    കേരളകത്തോലിക്കാ സഭയെ ആദ്ധ്യാത്മീകരിക്കുക എന്ന തലവാചകംവഴി 'കാതോലിക്കാ' 'വാസുധൈവ കുടുംമ്പകം' വരെ മഹത്തായ ആശയങ്ങൾ ലേഖനത്തിൽ കാണാം.


    അധ്യാത്മികതക്ക് ഒരു നിർവചനം ഉണ്ടോയെന്ന് സംശയമാണ്. ഉപബോധമനസിനെ ക്രിസ്തുവായി മാറ്റുകയെന്നായിരിക്കാം ശ്രീ സച്ചിദാനന്ദ ഭാരതി ഉദ്ദേശിക്കുന്നത്. ക്രിസ്തുവിനെ മാത്രമെന്നുള്ളതും നീതികരിക്കുവാൻ സാധിക്കുന്നില്ല. വാസുദൈവിക കുടുംബമോ കാതോലിക്കയോ ആവുകയില്ല. അപരന്റെ പൂജാമുറിയിലെ വിഗ്രഹവും ഇസ്ലാമിന്റെ അനുകരണീയ പ്രവാചകനായ മൊഹമ്മദും, ബുദ്ധമതക്കാരുടെ ബുദ്ധനും സ്വീകാര്യമാണെന്ന് തോന്നാതിരിക്കുവോളം കാതോലിക്കവും വാസുദൈവിക കുടുംബകമൊക്കെ അർഥമില്ലാത്തതാണ്. കറുത്തവരും ദളിതരും ക്രിസ്തുവിൽ ഒന്നാണ്, അല്ലെങ്കിൽ ബ്രാഹ്മണരും ശൂദ്രരും അധക്രുതരും ബ്രഹമാവിന്റെ ഒരേ അവയവങ്ങൾ എന്നൊക്കെപ്പറയുന്ന പൊള്ളയായ തത്ത്വങ്ങൾ മാത്രം.

    മനുഷ്യൻ മനുഷ്യനെ വെറുക്കുന്ന മതമേ ലോകത്തുള്ളൂ. എന്റെ മതം മറ്റവന്റെ മതത്തെക്കാൾ മെച്ചമെന്ന് തലക്കുപിടിച്ച ലോകത്ത് ഇന്ന് വേദാന്തമല്ല ആവശ്യം. ചീകത്സ തന്നെയാണ്. പുരോഹിതരെ അകറ്റിനിറുത്തി പുതിയ ഒരു തലമുറയെ വാർത്തെടുക്കണം. മാനവജാതിയെ പുരോഹിത സർപ്പങ്ങളിൽനിന്ന് രക്ഷിക്കുവാൻ ശക്തിയായ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കണം. സ്നേഹമാണ് വലിയ തത്ത്വമെന്ന് കുഞ്ഞുങ്ങളെ അമ്മയുടെ മുലപ്പാൽതൊട്ട് പഠിപ്പിക്കണം.

    മതമെന്ന് പറഞ്ഞ് നടക്കുന്നവർക്ക് മാനസിക ചീകത്സയാണ് ആവശ്യം. തമിഴ്നാട്ടിൽ ഒരു ദളിത പുരോഹിതൻ കുർബാനയുമായി സമീപിച്ചാൽ ഇന്നും സവർണ്ണർ പങ്കുചേരാതെ പള്ളിയിൽ നിന്നിറങ്ങിപ്പോവും. വിവേചനത്തിനെതിരെ ഭാരതത്തിൽ ശക്തിയേറിയ നിയമമുണ്ടായിട്ടും സവർണ്ണരുടെ മാനസികാവസ്ഥ മാറ്റുവാൻ സാധിച്ചിട്ടില്ല.

    ഗാന്ധിജിയെ കണ്ണുമടച്ച് അഗാധമായി പിന്തുടരണമോ? ഗാന്ധിജിയും ഒരു സാധാരണ മനുഷ്യനായിരുന്നു. അദ്ദേഹത്തിനും മനുഷ്യനെന്ന നിലയിൽ തെറ്റുപറ്റിയിട്ടുണ്ട്. മതത്തിന്റെ ആചാരങ്ങളിൽനിന്നും വേറിട്ടുനിൽക്കുന്നവരിൽ മനുഷ്യത്വം കൂടുതൽ നിഴലിക്കുന്നതായിട്ടാണ് എനിക്കനുഭവപ്പെട്ടിട്ടുള്ളത്. മതമില്ലാത്ത രാജ്യമായ സോവിയെറ്റ് യൂണിയനെ കത്തോലിക്കാ സഭയുടെ പണംകൊണ്ട് തകർക്കുവാൻ സാധിച്ചുവെങ്കിലും അവർ നേടിയ ശാസ്ത്രീയനേട്ടങ്ങൾ ലോകത്ത് ഒരു രാജ്യത്തിനും നിഷേധിക്കുവാൻ സാധിക്കുകയില്ല. മാർപാപ്പായുടെ വാക്കുകൾ പുല്ലുവില കൽപ്പിക്കുന്ന ചൈനാ ഉയർന്നതും മതത്തെ നിരാകരിച്ചു കഴിഞ്ഞാണ്. ചൈന അമേരിക്കയെ വെല്ലുന്ന വൻശക്തിയുമാണ്. ലോകത്തിലെ ഡ്രഗ് മാഫിയാമൂലം നശിച്ചുകൊണ്ടിരിക്കുന്നതും മതത്തിനെ അടിസ്ഥാനമാക്കി ഭരിക്കുന്ന തെക്കൻ അമേരിക്കൻ കത്തോലിക്കാ രാജ്യങ്ങളാണ്. യൂറോപ്പിലും അമേരിക്കയിലും ഭൂരിഭാഗവും മതമില്ലെന്നുള്ള സങ്കൽപ്പത്തിൽ ജീവിക്കുന്നു. അധ്യാത്മികതക്ക് ഇത്രമാത്രം ശക്തിയുണ്ടെങ്കിൽ ദലൈലാമാക്ക് ഇന്നും അഭയാർഥിക്യാമ്പിൽ കഴിയണമോ?

    ReplyDelete
  7. ഈ കൂട്ടായ വിചാര ധാരയിൽ ഒരു കണമായി ചേരുവാനുള്ള മനസിലെ ദാഹമാണീ അക്ഷരങ്ങൾ !പുരോഹിതനെന്ന കറുത്ത മറ നീക്കിയാലുടൻ ദൈവത്തെ നമുക്ക് നേരിൽ കാണാം ഉള്ളിന്റെ ഉള്ളിൽ ,ഗുരുവായി ക്രിഷ്ണ / ക്രിസ്തു മനനങ്ങളിൽ കൂടെവേണംതാനും..മനുഷ്യാ നീ തിരയുന്ന "സത്ത" നീ തന്നെയാകുന്നു ,സംശയിക്കണ്ട ! ഇത്രനാളും നിന്നെ ആത്മീകാന്ധതയിൽ നടത്തിയ സ്വാർഥനായ പുരോഹിതനെ വെറുക്കൂ..അവന്റെ പാഴ്വചനങ്ങളൂം !..രക്ഷ നിന്നിൽ തന്നെയിരിക്കുമ്പോൾ നിന്നെ രക്ഷിക്കുവാൻ നീ സ്വയമുണർന്നാൽ മാത്രംമതി ... ente(അപ്രിയ യാഗങ്ങൾ ഒരുവട്ടം വായിക്കാനപേക്ഷ )

    ReplyDelete