തേനും പാലുമൊഴുകുന്ന കാനാന്‍ദേശത്തേക്ക് ദൈവജനമടുത്തുകൊണ്ടിരുന്ന സുവര്‍ണകാലം. വഴിയില്‍ക്കണ്ട പുറജാതിക്കാരെയെല്ലാമവര്‍ ദൈവനാമത്തില്‍ കൊല്ലുകയും കൊളളയടിക്കുകയും ചെയതുകൊണ്ടിരുന്നു. അപ്പോള്‍ ദൈവജനത്തിനിടയില്‍ത്തന്നെ രാഷ്ട്രീയചേരികളും തമ്മിത്തല്ലും തലപൊക്കാന്‍ തുടങ്ങി. ഒരു കൂട്ടര്‍ മോശക്കെതിരെ തിരിഞ്ഞു. അവരെയെല്ലാം യഹോവ അഗ്നിയും പകര്‍ച്ചവ്യാധിയുംകൊണ്ടാണ് ഒതുക്കിയത്. കലാപമടങ്ങിയപ്പോള്‍ കര്‍ത്താവിനെ സ്‌തുതിച്ചുകൊണ്ട് കാനാനിലേക്കുളള ലോംഗ് മാര്‍ച്ച് വീണ്ടും മുന്നോട്ടുനീങ്ങി. വീണ്ടും അവിശുദ്ധരാഷ്ട്രീയം തലപൊക്കുകയും മോശക്കെതിരെ കലാപമുണ്ടാവുകയും ചെയ്‌തപ്പോഴാണ് മോശ തെരഞ്ഞടുപ്പു പ്രഖ്യാപിച്ചത്. അതനുസരിച്ച് പന്ത്രണ്ടു ഗോത്രങ്ങളില്‍ ഓരോന്നിനും ഒന്നുവീതം പന്ത്രണ്ടുവടികള്‍ സമ്മേളനകൂടാരത്തില്‍ നിക്ഷേപിച്ച് വാതിലുകള്‍ അടച്ചുപൂട്ടി. നിശ്ചിതദിവസം കൂടാരത്തിന്റെ കവാടം തുറന്നപ്പോള്‍ ഒരു വടിമാത്രം പുഷ്‌പിച്ച് കായ്‌കനികളുമായി കാണപ്പെട്ടു. അത് മോശയുടെ വലംകൈ ആയിരുന്ന അഹറോന്റേതുതന്നെ ആയിരുന്നു. അഹറോന്റെ ഗോത്രം ഭരണഗോത്രമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നെന്ന് മോശ പ്രഖ്യാപിക്കുകയും ചെയ്‌തു. ഒരു കല്ലുപോലും വലിച്ചെറിയാതെ ജനം സംപ്രീതരായി കൂരകളിലേക്കു മടങ്ങി. (സംഖ്യാ പുസ്‌തകം 16, 17 അദ്ധ്യായങ്ങള്‍)
കാലോചിതമായ ചില്ലറ മാറ്റങ്ങളോടെ, സമാധാനപൂര്‍ണവും ഒരുപക്ഷേ ലോകത്തിലെ ആദ്യത്തേതും ആയ, ഈ തെരഞ്ഞെടുപ്പുരീതി നമ്മുടെ സഭാസമിതികളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ പരീക്ഷിക്കാവുന്നതാണ്. ഈ തിരുവചനമാര്‍ഗ്ഗം എല്ലാവരും അംഗീകരിച്ചാല്‍ ചര്‍ച്ച്‌ആക്ട് നടപ്പിലാക്കാന്‍ നമ്മുടെ മെത്രാന്മാര്‍തന്നെ മുന്നിട്ടിറങ്ങിയേക്കും.
മുതുകാടൻ ഈ കാടന്മാരെക്കാളും ഉഗ്രൻ മന്ത്രവാദം കാണിക്കും. ഒന്നല്ല വേണ്ടിവന്നാൽ പന്ത്രണ്ടുവടിയും അയാൾക്ക് പുഷ്പ്പിക്കുവാൻ സാധീക്കും.
ReplyDeleteപുറജാതിക്കാരെ കൊള്ളയടിക്കുക, കൊല്ലുക, മോശക്കെതിരെ കലാപമുണ്ടാവുക എല്ലാമായിരുന്നു ദൈവജനങ്ങൾ ചെയ്തത്. ആരെഴുതിയാലും ഇത് കുറ്റവാളികളുടെ പുസ്തകമാണ്.
അഗ്നിയും പകർച്ച വ്യാധിയുംകൊണ്ട് കൊന്നൊടുക്കിയ യേഹൊവാ എങ്ങനെ സ്നേഹം, കരുണ, അയല്ക്കാരനെ സ്നേഹിക്കുന്ന നമ്മുടെ പ്രിയപ്പെട്ട യേശുവാകും. കൊലയാളിയായ മോശയേയും ക്രൂരനായ യാഹോവായെയും മാതൃകയാക്കി ചർച്ച് ആക്റ്റ് നടപ്പാക്കണമെന്നാണൊ ഉദ്ദേശിക്കുന്നത്? രക്തം കുടിച്ചു വളർന്ന സഭയ്ക്ക് ഈ തത്ത്വങ്ങളോട് താല്പര്യം വന്നേക്കാം.
പുറജാതിക്കാരെ കൊള്ളയടിക്കുക, കൊല്ലുക,അഗ്നിയും പകർച്ച വ്യാധിയുംകൊണ്ട് കൊന്നൊടുക്കുക.... ആരെഴുതിയതായാലും ഇത് കുറ്റവാളികളുടെ പുസ്തകമാണ്.(പഴയ നിയമത്തിലെ ദൈവവും ദൈവജനവും ചെയ്തത്.)
ReplyDeleteആയിക്കോട്ടെ. ഇന്നത്തെ കേരളത്തിന്റെയോ ഇന്ത്യയുടെയോ അമേരിക്കയുടെയോ കഥ വ്യത്യസ്തമാണോ? ഒരുകാലത്ത് മനുഷ്യരെ ഒരുമിപ്പിച്ചിരുന്നത് ചിന്തയായിരുന്നെങ്കിൽ ഇന്നത് ചെയ്യുന്നത് ചന്തയാണ്. അതിന്റെ പ്രതീകമാണ് അമേരിക്ക. 'അമേരിക്ക ഇന്ന് നമ്മുടെ വീട്ടുപടിക്കലെത്തിയിരിക്കുന്നു' എന്നാണ് എം.എൻ. വിജയൻ ഒരിക്കൽ പറഞ്ഞത്. മൂല്യരഹിതമായ ഉപഭോഗത്വരയുടെ, കൊള്ളയുടെ, തീരാത്ത വിശപ്പിന്റെ സംസ്കാരമാണത്. യേശു പഠിപ്പിച്ച അഹിംസ, ക്ഷമ, സഹിഷ്ണുത എന്നതൊക്കെ അതിന് അന്യമാണ്, ബലഹീനതയാണ്. ഈ സംസ്കാരമാണ്, നിർഭാഗ്യവശാൽ നമ്മുടെ മെത്രാന്മാർ ഇവിടെയും വിദേശങ്ങളിലും വിറ്റഴിക്കാൻ നോക്കുന്നത്. ആദ്ധ്യാത്മികതയും ചന്തസംസ്കാരവും ഒരുമിച്ചുപോകില്ല എന്നത് പോലും അറിയാത്ത ഇവർ ചെയ്തുകൂട്ടുന്ന വിക്രിയകൾ പെരുകിവരുന്നു. സഭയിൽ ബാക്കിയുള്ള അല്പമെങ്കിലും നന്മ ഇവർ നശിപ്പിക്കാതെ നോക്കേണ്ടത് അല്മേനികളാണ്. അതുകൊണ്ടാണ് കല്ലറങ്ങാട്ടിന്റെയും ആലഞ്ചേരിയുടെയും മറ്റും വിദേശദൗത്യങ്ങൾ വിജയിക്കരുതാത്തത്.