ജോര്‍ജ് മൂലേച്ചാലില്‍
(സത്യജ്വാല മാസികയുടെ ജൂണ്‍ ലക്കത്തിലെ എഡിറ്റോറിയല്‍)
എന്തൊരാശ്വാസം! ജൂണ്‍ പിറന്നു! അതായത് മെയ് പോയി, മാതാവിന്റെ വണക്കമാസം കഴിഞ്ഞു! പ്രാര്‍ത്ഥനാരവങ്ങളൊഴിഞ്ഞ് അന്തരീക്ഷം ശാന്തമായി. ഇനി മാതാവിന് - അമ്മയുടെ ശിപാര്‍ശകള്‍ നടത്തിക്കൊടുക്കാന്‍ ഉറക്കിളച്ചിരിക്കുന്ന യേശുവിനും - ഒക്‌ടോബറില്‍ 'കൊന്തമാസം' തുടങ്ങുംവരെ കൂര്‍ക്കംവലിച്ചുറങ്ങാം! ഇതിനിടെ കേരളത്തിലെ ഏതെങ്കിലുമൊരു മെത്രാന്‍ 'തിരുഹൃദയവണക്കമാസ'ത്തിന്റെ കാര്യമെങ്ങാനും ഓര്‍ത്തുപോയാല്‍, ജൂണ്‍ മാസത്തിലും യേശുവിന്റെ കാര്യം കഷ്ടത്തിലായതുതന്നെ!
കേരളീയര്‍ ഒരു 'പൊതുശല്യകലണ്ടര്‍' ഉണ്ടാക്കുന്നപക്ഷം, സീറോ-മലബാര്‍ സഭാകലണ്ടറില്‍, 'ശ്ലീഹാക്കാല'മെന്നും, 'കൈത്താക്കാല'മെന്നും 'ദനഹാക്കാല'മെന്നുമൊക്കെ ഓരോ കാലയളവിനെ വിശേഷിപ്പിക്കുന്നതുപോലെ, 'കവലപ്രാര്‍ത്ഥനാകാലം'. 'കവലക്കൊന്തക്കാലം', 'വഴിയോരപ്രദക്ഷിണക്കാലം' എന്നിങ്ങനെ കത്തോലിക്കര്‍ക്കായിട്ടുതന്നെ കുറേ 'ശല്യകാലങ്ങള്‍' അതില്‍ അടയാളപ്പെടുത്താനിടയുണ്ട്.
മനുഷ്യരുടെ ശ്രദ്ധയെ ദൈവാലയമായ തങ്ങളുടെ ഹൃദയത്തില്‍നിന്നു കുടിയിറക്കി, അവരെ ആള്‍ക്കൂട്ടമാക്കിമാറ്റി, കുരിശുപള്ളികളിലേക്കും പൊതുനിരത്തുകളിലേക്കും പ്രാര്‍ത്ഥനയെന്നും ദൈവാരാധനയെന്നുംപറഞ്ഞ് ആട്ടിത്തെളിക്കുകയാണ്, പുരോഹിതര്‍. അതോടെ, യേശുവചസ്സുകള്‍, ഏട്ടിലെ പശുവിനെപ്പോലെ, ബൈബിള്‍ എന്ന ഗ്രന്ഥത്തിലെ വെറും അച്ചടിമഷിയായിത്തീരുന്നു.
പ്രാര്‍ത്ഥനയെക്കുറിച്ചും ദൈവാരാധനയെക്കുറിച്ചും എത്ര വ്യക്തമായാണ് യേശു പഠിപ്പിച്ചിട്ടുള്ളത്! പ്രാര്‍ത്ഥനയെക്കുറിച്ച് യാതൊരു അര്‍ത്ഥശങ്കയ്ക്കും ഇടയില്ലാത്തവിധം അവിടുന്ന് ഇങ്ങനെ പറഞ്ഞു: ''പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ കപടഭക്തരെപ്പോലെ ആകരുത്. മനുഷ്യര്‍ കാണത്തക്കവിധം സുനഗോഗുകളിലും തെരുവുമൂലകളിലുംനിന്നു പ്രാര്‍ത്ഥിക്കാനാണ് അവര്‍ക്ക് ഇഷ്ടം. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. മറിച്ച്, നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ ഉള്ളറയില്‍ കയറി നിന്റെ വാതിലടച്ച്, അവിടെ അദൃശ്യനായി വസിക്കുന്ന നിന്റെ പിതാവിനോടു പ്രാര്‍ത്ഥിക്കുക. രഹസ്യമായി കാണുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം തരും. നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ അര്‍ത്ഥമില്ലാത്ത ധാരാളം വാക്കുകള്‍ ഉരുവിടരുത്. അതിഭാഷണംകൊണ്ടു തങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കപ്പെടുമെന്ന് അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്. നിങ്ങള്‍ ചോദിക്കുംമുമ്പുതന്നെ നിങ്ങളുടെ ആവശ്യമെന്തെന്ന് നിങ്ങളുടെ പിതാവിന്ന് അറിയാം'' (മത്താ. 6:5-8). ദൈവരാധനയെക്കുറിച്ച് യേശു പറഞ്ഞു: ''.... നിങ്ങള്‍ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലോ ജെറുശലേമിലോ അല്ലാതാകുന്ന സമയം വരുന്നു....യഥാര്‍ത്ഥ ആരാധകര്‍ പിതാവിനെ അരൂപിയിലും സത്യത്തിലും ആരാധിക്കുന്ന സമയം വരുന്നു; അതു വന്നുകഴിഞ്ഞു. അത്തരം ആരാധകരെയാണു പിതാവ് അന്വേഷിക്കുന്നത്..... ദൈവം ആത്മാവാണ്; അവനെ ആരാധിക്കുന്നവര്‍ അരൂപിയിലും സത്യത്തിലും ആരാധിക്കണം'' (യോഹ. 4:21-24). പ്രാര്‍ത്ഥനയെപ്പറ്റിയും ദൈവരാധനപ്പറ്റിയുമുള്ള ഈ പ്രബോധനങ്ങള്‍ക്കുപോദ്ബലകമായി വേറെയും എത്രയോ വാക്യങ്ങളാണ് യേശുവിന്റേതായി സുവിശേഷങ്ങളിലെമ്പാടുമുള്ളത്!
ഇതെല്ലാം ഉരുക്കഴിച്ചു പഠിച്ചവരെന്നും മറ്റുള്ളവരെ ഇക്കാര്യങ്ങള്‍ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും നിയോഗിതരായവരെന്നും നാം കരുതുന്ന വൈദികരാണ് അതിനെല്ലാം കടകവിരുദ്ധമായി, കവലപ്രാര്‍ത്ഥനകളിലേക്കും കപട ആരാധനാസമ്പ്രദായങ്ങളിലേക്കും മനുഷ്യരെ നയിക്കുന്നത് എന്നത് ഒരു വിരോധാഭാസമാണ്. ഇവര്‍ ദീര്‍ഘകാലം സെമിനാരികളില്‍ പഠിക്കുന്നതും അഭ്യസിക്കുന്നതും എന്തൊക്കെയാണെന്നു കൈചൂണ്ടി ചോദിക്കാന്‍, അവരുടെ പഠനത്തിനു പണം മുടക്കുന്ന വിശ്വാസിസമൂഹത്തിന് അവകാശമുണ്ട്. കാരണം, ഇവരുടെ രീതികളെല്ലാം യേശുവിരുദ്ധമായിട്ടു കാണപ്പെടുന്നു. അതിനു മാറ്റംവരുത്തിയേ മതിയാവൂ. സ്വന്തം ഉള്ളറയില്‍ വസിക്കുന്ന ദൈവത്തെ, തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന ദൈവാത്മാവിനെ, കണ്ടെത്താന്‍ മനുഷ്യരെ സഹായിക്കുകതന്നെയാണ് വചനശുശ്രൂഷകരുടെ ദൗത്യം. അതവര്‍ നിര്‍വ്വഹിച്ചേ പറ്റൂ.
പ്രാര്‍ത്ഥന പുറത്തേക്കുരുവിടാനുള്ളതല്ലെന്നും, അകത്തേക്ക് ഉള്‍ക്കൊള്ളാനുള്ളതാണെന്നും പറയുമ്പോള്‍, 'അപ്പോള്‍പ്പിന്നെ, യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ കാര്യമോ?' എന്നു പലരും തിരിച്ചുചോദിക്കാറുണ്ട്.'ഇങ്ങനെ പ്രാര്‍ത്ഥിക്കുക' എന്നുപദേശിച്ച് യേശു പഠിപ്പിച്ച, 'സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനയും അധരപ്രാര്‍ത്ഥനയ്ക്കായി ചൊല്ലാനുള്ളതല്ലെന്ന് അതിലെ ഓരോ വാക്കും സൂചിപ്പിക്കുന്നുണ്ട്. യേശുവിന്റെ ദൈവരാജ്യസങ്കല്പത്തെ മനുഷ്യന്റെ സാമൂഹികബോധമായി ഊട്ടിയുറപ്പിക്കുകയും, അതിന്റെ സാക്ഷാത്കാരത്തിനാവശ്യമായ ഇച്ഛാശക്തികൊണ്ട് മനുഷ്യമനസ്സുകളെ നിറയ്ക്കുകയും, ദൈവരാജ്യസൃഷ്ടിയ്ക്കായി ദൈവാനുഗ്രഹം യാചിക്കുകയുമാണ് ആ പ്രാര്‍ത്ഥനയുടെ ആദ്യഭാഗം ചെയ്യുന്നത്.
രണ്ടാംഭാഗം, അതിനാവശ്യമായ ദൈവരാജ്യമൂല്യങ്ങള്‍ സ്വയം സ്വാംശീകരിച്ച് ദൈവരാജ്യപൗരത്വം നേടാന്‍; ഓരോരുത്തരെയും സജ്ജരാക്കാനുദ്ദേശിച്ചുള്ളതാണ്. 'ഞങ്ങളുടെ അന്നന്നയപ്പം ഇന്നു ഞങ്ങള്‍ക്കു തരണമേ!' എന്ന പ്രാര്‍ത്ഥനഭാഗം, ഭാവിയെക്കുറിച്ച് ആശങ്കയില്ലാത്ത, ദൈവപരിപാലനയില്‍ ഉറച്ചവിശ്വാസമുള്ള, 'ഇപ്പോള്‍, ഇവിടെ' എന്ന മട്ടില്‍ ഓരോ നിമിഷവും ദീപ്തമായി ജീവിക്കാന്‍ പ്രാപ്തിയുള്ള മനുഷ്യനെ രൂപപ്പെടുത്താന്‍ പോന്നതാണ്. പ്രധാനമായി വരുന്ന മറ്റൊന്ന്, 'ഞങ്ങളോട് തെറ്റു ചെയ്തവരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെമാത്രം ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിച്ചാല്‍ മതി' എന്ന ഏറ്റുപറച്ചിലാണ്. അതോടെ, എല്ലാ ദൈവകല്പനകളുടെയും പ്രവാചകവചസ്സുകളുടെയും ചുരുക്കെഴുത്തായി യേശു അവതരിപ്പിച്ച ആ ഏകകല്പന (മത്താ. 7:12) അംഗീകരിക്കപ്പെടുകയാണ്; മറ്റുള്ളവരില്‍നിന്ന് ആഗ്രഹിക്കുന്നതുപോലെതന്നെ മറ്റുള്ളവരോടും പെരുമാറണമെന്ന കല്പന ശിരസ്സാവഹിക്കുകയാണ്. പിന്നെ വേണ്ടത്, തിന്മയില്‍ വീഴാതിരിക്കാന്‍ പ്രലോഭനങ്ങളെ അതിജീവിക്കലാണ്. അതുകൊണ്ട്, അതിനാവശ്യമായ അനുഗ്രഹം യാചിച്ച്, പ്രാര്‍ത്ഥന അവസാനിപ്പിക്കുന്നു.
ചുരുക്കത്തില്‍, യേശുവിന്റെ മുഴുവന്‍ സന്ദേശവും ഉള്‍ക്കൊള്ളുന്ന അതിമഹത്തായ ഒരു പ്രാര്‍ത്ഥനയാണിത്. യേശുവിന്റെ ദൈവരാജ്യകാഴ്ചപ്പാട് മനസ്സുകളിലേക്കു പകര്‍ന്നു നല്‍കുകയും അതിന്റെ ആവിഷ്‌കാരത്തിനുള്ള ഇച്ഛാശക്തി ഊട്ടിയുറപ്പിക്കുകയും, ദൈവരാജ്യമൂല്യങ്ങള്‍ സ്വാംശീകരിപ്പിക്കുകയും സ്വയം തിരുത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന അത്യുജ്ജലപ്രാര്‍ത്ഥന! സാമൂഹിക പരിവര്‍ത്തനത്തിനും സ്വയം രൂപാന്തരണ (transformation)ത്തിനും പുളിമാവായി വര്‍ത്തിക്കുന്ന ജീവനുള്ള പ്രാര്‍ത്ഥന!
പക്ഷേ, അത് ഹൃദയത്തിലേക്കെടുക്കാതെ പുറത്തേക്കൊഴുകിക്കളഞ്ഞാലോ? അപ്പോഴത് മൃതമായിത്തീരും; അത്രതന്നെ. എന്നാല്‍, ഈ പ്രാര്‍ത്ഥന ഉള്ളിലേക്കെടുത്തു മനനം ചെയ്യുന്നപക്ഷം, അല്ലെങ്കില്‍ ധ്യാനിക്കുന്ന പക്ഷം, ഈ പ്രാര്‍ത്ഥനയിലെ വാക്കുകള്‍ക്കു ജീവന്‍ വയ്ക്കുകയും മനുഷ്യമനസ്സിന്റെ അജ്ഞാത ഉള്ളറകളില്‍വരെ കയറിച്ചെന്ന് അവിടമെല്ലാം പ്രകാശനമാക്കുകയും ചെയ്യും. ഉള്ളില്‍ പ്രാര്‍ത്ഥന കടക്കുന്നതോടെ, അതിലുള്‍ച്ചേര്‍ന്നിരിക്കുന്ന ജ്ഞാനം മനസ്സിലെ എല്ലാ മൃതകോശങ്ങള്‍ക്കും ജീവന്‍ പകരുകയും എല്ലാ കല്ലിപ്പുകളെയും തൊട്ടുഴിഞ്ഞ് മൃദുലമാക്കുകയും ചെയ്യും. തമ്മില്‍ പോരടിച്ചുനില്‍ക്കുന്ന മനസ്സുകള്‍ പരസ്പരം അഭിമുഖമായി വരും. അധികാരഭാവവും അഹന്തയും ധനമോഹവും ഒഴിഞ്ഞുപോകുകയും സ്‌നേഹവും സേവനമനോഭാവവും തന്റെ സഹജഭാവമാണെന്ന് മനുഷ്യനറിയുകയും ചെയ്യും. ഇത്രയുമായാല്‍ ദൈവരാജ്യത്തിന് അടിത്തറയായി. പരസ്പരം ഉത്തേജിപ്പിക്കുന്ന പോസിറ്റീവ് ഭാവങ്ങള്‍, ഒരു രാസപ്രക്രിയപോലെ, പതഞ്ഞുപൊങ്ങുകയും തുരുമ്പിച്ചുകിടന്നിരുന്ന എല്ലാ ജന്മവാസനകളും സിദ്ധികളും ഒരു നവലോകസൃഷ്ടിക്കായി സട കുടഞ്ഞുണരുകയും കര്‍മ്മോത്സുകമാകുകയും ചെയ്യും. കര്‍മ്മവും ജീവിതംതന്നെയും ഇവിടെ പ്രാര്‍ത്ഥനയായി മാറുകയാണ്. സ്വകാര്യനേട്ടങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥനയല്ല; മുഴുവന്‍ മനുഷ്യരാശിക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന.
പ്രാര്‍ത്ഥനയും അനുഷ്ഠാനങ്ങളുമൊക്കെ മനുഷ്യന്റെ ആദ്ധ്യാത്മികവളര്‍ച്ചയ്ക്കുവേണ്ടിയാണെന്നാണ് സഭ പഠിപ്പിക്കുന്നത്. ഇവിടെ ആദ്ധ്യാത്മികവളര്‍ച്ചയെന്നാല്‍ എന്തെന്നു കൃത്യമായി മനസിലാക്കേണ്ടതുണ്ട്. ആത്മാവിന്റെ ഫലങ്ങളായ സ്‌നേഹം, ആനന്ദം, ക്ഷമ, കരുണ., നന്മ, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം (ഗലാ. 5:22-23) എന്നിവ പുറപ്പെടുവിക്കാനുള്ള മനോഭാവത്തിലെ വളര്‍ച്ചയല്ലാതെ മറ്റൊന്നുമല്ല അത്. ഇതെല്ലാം പ്രകടമാകുന്നത് മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലാണുതാനും. ഇതില്‍നിന്നും, ആദ്ധ്യാത്മികവളര്‍ച്ചയെന്നാല്‍ മനുഷ്യന്റെ സ്വകാര്യമാത്രപരതയില്‍നിന്ന് പരാര്‍ത്ഥതാഭാവത്തിലേക്കുള്ള വളര്‍ച്ചയാണെന്നു കാണാം. ഇവിടെ 'ആദ്ധ്യാത്മികത' എന്ന വാക്കിന്റെ പച്ചയായ അര്‍ത്ഥവും നമുക്കു തെളിഞ്ഞുകിട്ടുകയുമാണ്. പരാര്‍ത്ഥതാഭാവംതന്നെയാണത്. മറ്റുള്ളവരിലേക്കു ഒരാളുടെ മനസ്സ് എത്രമാത്രം വിടര്‍ന്നുവിശാലമാകുന്നുവോ, അയാള്‍ അത്രമാത്രം ആദ്ധ്യാത്മികഔന്നത്യത്തിലേക്ക് ഉയരുകയാണ്; ഉന്നതശീര്‍ഷനാകുകയാണ്. നേരെതിരിച്ച്, ഒരാള്‍ അവനവന്റെ കാര്യങ്ങളിലേക്ക് എത്രമാത്രം ചുരുങ്ങുന്നുവോ, അയാള്‍ അത്രമാത്രം ഭൗതികനാകുകയാണ്; തരംതാഴുകയാണ്. 'ഭൗതികത' എന്ന വാക്കിന്റെ പച്ചയായ അര്‍ത്ഥവും ഇവിടെ വ്യക്തമാകുന്നു. സ്വന്തം കാര്യങ്ങളില്‍ മാത്രമുള്ള താത്പര്യം, വ്യഗ്രത, ഒറ്റവാക്കില്‍ സ്വകാര്യമാത്രപരത ആണത്.
ഇനി, സഭ പ്രോത്സാഹിപ്പിക്കുന്ന പ്രാര്‍ത്ഥനകളും അനുഷ്ഠാനങ്ങളുമൊക്കെ മനുഷ്യരെ എങ്ങോട്ടേക്കാണു നയിക്കുന്നതെന്നു നോക്കുക. പുണ്യവാളന്മാരോടുള്ള പ്രാര്‍ത്ഥനകള്‍, മാതാവിനോടുള്ള പ്രാര്‍ത്ഥനകള്‍, നൊവേനകള്‍, അനുഷ്ഠാനങ്ങള്‍ എല്ലാം, സ്വകാര്യകാര്യസാധ്യത്തിനുള്ളവയാണ്. കുറഞ്ഞപക്ഷം, തനിക്കു സ്വര്‍ഗ്ഗംനേടാന്‍ വേണ്ടിയെങ്കിലും ഉള്ളതാണ്. ഇവിടെയൊന്നും മനസ്സ് മറ്റുള്ളവരിലേക്കു തുറക്കുന്നേയില്ല. പകരം, മനസ്സ് അവനവനിലേക്കു കൂമ്പിയടയുകയാണ്. സ്വകാര്യമാത്രപരതയിലേക്ക്, ഭൗതികതയിലേക്ക്, ആഴ്ന്നിറങ്ങുകയാണ്. അതായത്, ആത്മീയവളര്‍ച്ചയ്‌ക്കെന്നു പറഞ്ഞുനടത്തുന്ന, പ്രാര്‍ത്ഥനാനുഷ്ഠാനങ്ങളിലൂടെ മനുഷ്യന്‍ അവസാനം എത്തിച്ചേരുന്നത് തികഞ്ഞ സ്വകാര്യമാത്രപരതയിലാണ്, ഭൗതികമനോഭാവത്തിലാണ്.
ഇതാണു പൗരോഹിത്യം! അവര്‍ മുന്നോട്ടെന്നു പറഞ്ഞ് മനുഷ്യരെ പിന്നോട്ടു നയിക്കും. ആദ്ധ്യാത്മികതയെന്ന വ്യാജേന, മനുഷ്യരെ ഭൗതികമനോഭാവത്തിലെത്തിക്കും. ദൈവത്തെ ചൂണ്ടിക്കാട്ടി മാമോനിലെത്തിക്കും. മതവിശ്വാസമെന്നു പറഞ്ഞു സിദ്ധാന്തവിശ്വാസത്തിലെത്തിക്കും. ശുശ്രൂഷയെന്ന മട്ടില്‍ അധികാരം കയ്യാളും. പ്രാര്‍ത്ഥനയെന്നു പറഞ്ഞ് റാലികള്‍ നടത്തിക്കും. ധ്യാനമെന്നു പറഞ്ഞ് ബഹളം വയ്പിക്കും...
ഗദ്‌സമേനില്‍ എല്ലാ ശിഷ്യന്മാരുടെയും സാന്നിദ്ധ്യമുണ്ടായിരുന്നിട്ടും, യേശു പ്രാര്‍ത്ഥിച്ചിടത്തേക്ക് പത്രോസിനെയും സെബദിപുത്രന്മാരെയും കൂടെക്കൊണ്ടുപോയിട്ടും, അവരോടു ചേര്‍ന്നുള്ള ഒരു കൂട്ട പ്രാര്‍ത്ഥനയായിരുന്നില്ല യേശു നടത്തിയത് എന്നോര്‍ക്കുക. അവരോട് 'ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കാ'നാണ് അവിടുന്നു പറഞ്ഞത്, തന്റെ പ്രാര്‍ത്ഥനയില്‍ പങ്കുചേരാനല്ല.
'സ്വന്തം ഉണര്‍വി'ലുള്ള പ്രാര്‍ത്ഥനയ്‌ക്കേ അവിടുന്നു പ്രാധാന്യം കല്പിക്കുന്നുള്ളൂ. യേശുവിനെ സംബന്ധിച്ച് പ്രാര്‍ത്ഥനയെന്നാല്‍ അവനവനിലെ ദൈവികസത്തയുമായുള്ള ഏകാന്തഭാഷണമാണ്; തന്നെപ്പോലെതന്നെ മറ്റുള്ളവരെയും കണ്ടുപെരുമാറാന്‍ കഴിയുംവിധം ആ അനന്തമായ ശക്തിസ്രോതസ്സില്‍നിന്നുള്ള ഊര്‍ജ്ജശേഖരണമാണ്. നമ്മെ സംബന്ധിച്ചും അത് അങ്ങനെ ആകേണ്ടതുണ്ട്; പുരോഹിതരത് അംഗീകരിച്ചാലുമില്ലെങ്കിലും.
പ്രാർത്ഥനയെപ്പറ്റി സാമാന്യം നീണ്ട ഒരു ചർച്ച അല്മായശബ്ദത്തിൽ നടന്നു കഴിഞ്ഞു. അതുകൊണ്ടായിരിക്കാം ഇപ്പോൾ സദൃശമായ ഈ വിഷയം അധികമാരുടെയും ശ്രദ്ധ പിടിച്ചുപറ്റാത്തത്. ഏതായാലും ചര്ച്ചയുടെ ഫലമായി വളരെക്കാര്യങ്ങൾ തെളിഞ്ഞുവന്നു. അതിൽ പ്രധാനമായത്, സാധാരണ ധരിച്ചുവച്ചിരിക്കുന്നതുപോലെ, അനുഗ്രഹങ്ങൾക്കായുള്ള യാചനയല്ല പ്രാർത്ഥന, മറിച്ച്, നിരന്തരമായ ദൈവസാന്നിദ്ധ്യത്തെപ്പറ്റിയുള്ള അവബോധമാണ് എന്നതാണ്. അതുപോലെ തന്നെ പ്രധാനമാണ്, പ്രാർത്ഥന നമ്മുടെ ജീവിതശൈലിയെ ശുദ്ധീകരിച്ചുകൊണ്ടിരിക്കണം എന്നത്. പ്രാർത്ഥനകൊണ്ട് ഒരാളുടെ ചിന്തയും പ്രവൃത്തിയും മെച്ചപ്പെടുന്നില്ലെങ്കിൽ അയാളുടെ പ്രാർത്ഥന വ്യാജമാണെന്നതിന് മറ്റു തെളിവുകൾ ആവശ്യമില്ല.
ReplyDeleteഒരു ചെറിയ ഉദാഹരണം പറയുകയാണ്, വിശദീകരണം ആവശ്യമില്ല. ആരെന്നും എവിടെയെന്നും പറയേണ്ടതില്ല. ഞങ്ങൾ വെറുതേയോന്നു നടക്കാനിറങ്ങി. മടുത്തപ്പോൾ വഴിവക്കിൽ കണ്ട ഒരു ബഞ്ചിൽ ഇരുന്നു. ഒരു മദ്ധ്യവയസ്ക ദൂരെനിന്നു വരുന്നുണ്ട്. അവരും നടക്കാനിറങ്ങിയതാണ്. വരുന്ന വഴിയരികിൽ കിടന്ന കൈവണ്ണമുള്ള, ഏതാണ്ട് രണ്ടര മീറ്റർ നീളമുള്ള ഒരു കമ്പ് അവർ കുനിഞ്ഞെടുക്കുന്നു. ഞങ്ങളിരിക്കുന്നതിനു മുമ്പിലായി ചപ്പുചവറുകളുടെ ഒരു കൂനയുണ്ട്. അല്പം മാറി പാഴ്ത്തടികൾ കണ്ടിച്ചു കൂട്ടിയിട്ടിരിക്കുന്നു. വീണ്ടും കുറേക്കൂടി മുന്നോട്ട് മാറി വിറകായി ഉപയോഗിക്കാവുന്ന കമ്പുകളും മറ്റും കൂട്ടിയിട്ടിരിക്കുന്നു. വനം സൂക്ഷിപ്പുകാർ തരംതിരിച്ച് ഇട്ടിരിക്കുന്നവയാണ്. ആ സ്ത്രീ കമ്പുമായി വരുമ്പോൾ ഇതൊന്നും ഞങ്ങൾ ശ്രദ്ധിച്ചിരുന്നില്ല. ആദ്യത്തെ കൂനയിൽ അവർ ആ കമ്പ് എറിഞ്ഞിട്ട് പോകും എന്ന് ഞങ്ങൾ കരുതി. ഇല്ല, അവർ മുന്നോട്ടുതന്നെ പോയി. എന്നാൽ തടികൾ കിടക്കുന്നിടത്ത് കൊണ്ടിടുമായിരിക്കും, ഞങ്ങൾ ഓർത്തു. അവർ മുന്നോട്ടു വീണ്ടും നടന്ന്, വിറകുശേഖരത്തിൽതന്നെ ആ കമ്പ് നിക്ഷേപിച്ചിട്ട് കടന്നുപോയി.
എപ്പോഴോ ഒടിഞ്ഞുവീണ ആ ഉണക്കക്കമ്പ് എടുത്തുമാറ്റുമ്പോൾ ഇനിയും അതിലേ നടന്നു വരാവുന്ന മനുഷ്യരെ, കുഞ്ഞുങ്ങളെ, അവർ ഓർത്തിരിക്കാം. കാട്ടിലൂടെയുള്ള ആ നടപ്പുവഴിക്കും അതിന്റേതായ വൃത്തി വേണം എന്ന ചിന്താശീലം, നിസ്സാരകാര്യങ്ങളിലും പൊതുവായ ഒരു ചിട്ടയും അടുക്കും ജീവിതത്തിന്റെ ഭാഗമായിത്തീർന്ന ആ സ്ത്രീക്ക് ജീവിതംതന്നെ ഒരു പ്രാർത്ഥനയാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു.
ഡോമസ്തനീസ് എന്നൊരു മഹാപ്രാസംഗികനെ കുറിച്ച് കേട്ടിട്ടുണ്ട് . അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുന്നവർ അദേഹത്തെ അനുമോദിക്കാനോ അതോർത്തു വിസ്മയിക്കാനോ മിനക്കെടില്ല , മറിച്ച് തങ്ങളുടെ ജീവിതത്തിൽ അതു പകർത്തുകയും പഠിപ്പിക്കുകയും ചെയ്യുകയായിരുന്നു പതിവ് . ഇതേ സാഹചര്യമാണ് ശ്രീ.ജോർജ് മൂലേച്ചാലിൽ സാറിന്റെ 'സത്യജ്വാല' എഡിറ്റോറിയൽ വായിക്കുമ്പോൾ എനിക്ക് അനുഭവപ്പെടുക . അത്രശക്തവും , വ്യക്തവും ആധികാരികവുമാണ് സാറിന്റെ നിരീക്ഷണങ്ങളും ഭാഷയും .
Deleteശ്രദ്ധ പിടിച്ചു പറ്റുന്നില്ല എന്നതായിരിക്കില്ല യാഥാർത്ഥ്യം . വായന കഴിഞ്ഞ് കമന്റ് ചെയ്യാനല്ല , പകരം തങ്ങൾക്കു പരിചിതമല്ലാത്ത പുറം ചട്ടകൾ എടുത്തു മാറ്റപ്പെട്ടപ്പോൾ ചിറകുകൾ സ്വതന്ത്രമായതിന്റെ ആഹ്ലാദം പങ്കുവെയ്ക്കാനാവും പോയിട്ടുണ്ടാകുക .
മറ്റള്ളിസാറിന്റെ Indian Thoughts ൽ ഇന്ന് കണ്ട എഴുത്തിൽ being natural എന്ന വിഷയത്തെപ്പറ്റി വായിക്കാം. സ്വന്തമല്ലാത്ത പരിവേഷം പുറമേ പ്രകടിപ്പിച്ചുകൊണ്ട് അന്യരെ തെറ്റിദ്ധരിപ്പിക്കുക എന്നത് എല്ലാ നാട്ടിലും സാധാരണ ജീവിതത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു.
ReplyDeleteജീവൻ നിലനിർത്താൻ ആവശ്യമായവക്ക് പരസ്യം വേണ്ടതില്ല. പരസ്യങ്ങളിലൂടെ വിറ്റഴിക്കപ്പെടുന്ന എല്ലാം തന്നെ നമ്മളെ നമ്മളല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് എന്ന് കാണാം - ഇല്ലാത്ത ഭംഗി ഉണ്ടെന്നു തോന്നിപ്പിക്കുക, ഇല്ലാത്ത ആഡ്യത്വം ഉണ്ടെന്നു വരുത്തുക തുടങ്ങിയവ.
ആദ്ധ്യാത്മികതയിലാണ് ഒരാൾ അങ്ങേയറ്റം നിഷ്ക്കളങ്കത സൂക്ഷിക്കേണ്ടത്. കാരണം ദൈവം എല്ലാം ഉള്ളിലേയ്ക്ക് കാണുന്നതുകൊണ്ട് കാപട്യം അവിടുത്തെ മുമ്പിൽ വിലപ്പോവില്ല. എന്നിട്ടും നമ്മുടെ നാട്ടിൽ സർവ്വസാധാരണമായിത്തീർന്നിരിക്കുന്ന കവലപ്രാർത്ഥനകളിലും പെരുന്നാളുകളിലുമൊക്കെ ദൈവത്തെ പറ്റിക്കാനുള്ള സൂത്രങ്ങൾ എത്രമാത്രമാണ് പ്രയോഗിക്കപ്പെടുന്നത്. ജോർജ് അതൊക്കെ സസൂക്ഷ്മം വിശദീകരിക്കുമ്പോൾ, ജീജോ പറഞ്ഞതുപോലെ കളിപ്പ് പറ്റിയവർ അവയെ തിരിച്ചറിഞ്ഞ്, ഒന്നും മിണ്ടാനാവാതെ മൌനികളായിപ്പോകുന്നു എന്നത് സത്യമായിരിക്കട്ടെ.
This comment has been removed by the author.
Deleteഎന്തു ചെയ്തുകൊടുത്താൽ തിരികെ ലഭിക്കുന്നത് പണമാണോ , ആ പ്രവൃത്തി 'തൊഴിൽ' എന്നാണിന്നു അറിയപ്പെടുന്നത് . പരസ്യങ്ങളിൽ നിറച്ചു വെച്ചിരിക്കുന്ന , മനുഷ്യനെ അവനല്ലാതാക്കാൻ പോരുന്ന എല്ലാ ആകർഷണ തന്തുക്കളും ചില മനുഷ്യരുടെ സൂക്ഷ്മമായ 'തൊഴിൽ' സാമർത്ഥ്യത്തിന്റെ അമൂർത്തരൂപങ്ങളാണ് .
Deleteഎന്തൊക്കെയാണെങ്കിലും 'തൊഴിൽ ' ന്യായീകരിക്കപ്പെടുന്നു , എന്തുകൊണ്ട് 'ഉപഭോഗം' അങ്ങനെയല്ല ? ഉയർന്ന തൊഴിൽ സാധ്യത എന്നതിന് ഉയർന്ന ഉപഭോഗം എന്നു തന്നെയല്ലേ അർത്ഥം ? 'Scope' ഉള്ള കാര്യങ്ങൾക്കു മാത്രമേ നമ്മളും നിൽക്കാറുള്ളൂ . ആ അർത്ഥത്തിൽ കിരാതമാണ് നമ്മുടെ സമ്പ്രദായങ്ങൾ .
പ്രാര്‍ഥനയെപ്പറ്റിയുള്ള ഈ ലേഖനത്തിലെ പരാമര്‍ശനങ്ങളോടു മുഴുവന്‍ യോജിക്കുമ്പോഴും രണ്ടു സംശയങ്ങള്‍ നിലനില്ക്കുന്നു. കരിസ്മാറ്റിക്ക് / പെന്തക്കോസ്ത് കൂട്ടപ്രാര്‍ഥനകളിലൂടെ അത്ഭുത രോഗശാന്തികള്‍ ഉണ്ടാകാറുണ്ടന്നത് വെറുതെ അങ്ങു നിഷേധിക്കുന്നത് ശരിയാണോ? വിശ്വാസമുണ്ടെങ്കില്‍ അസാധ്യമായ യാതൊന്നുമില്ലെന്ന യേശുക്രിസ്തുവിന്റെ വചനത്തിന്റെ അടിസ്ഥാനത്തില്‍ അതൊക്കെ വിശദീകരിക്കുന്നതല്ലേ ശരി?
ReplyDelete"സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ ,നിന്റെ നാമം പൂജിതമാക്കപ്പെടെണമെ ;നിന്റെ രാജ്യം വരേണമേ" എന്ന് മനസിന്റെ നാവിനാൽ ഉരുവിടുന്ന ഏവനും ഒര്ത്തിരിക്കേണ്ട ഒരു മർമ്മമുണ്ട്. "നിന്റെ രാജ്യം"എന്ന് പിതാവിനോടു പറയുമ്പോൾ.ആ പിതാവ് ഒരു രാജാവാണെന്ന് വരുന്നു !പിതാവ് രാജാവെങ്കിൽ മകൻ സ്വയമെവാ രാജകുമാരനുമാകുന്നു ! ഈ രാജകുമാരന്മാരെയാണീ വിവരദോഷി പാതിരി പള്ളിയിൽ ചെന്നാൽ വെറും ആടാക്കി മാറ്റി , മാനസീകാടിമത്തത്തിനു വിധേയനാക്കുന്നതെന്ന് ഓർത്തലെന്റെ അചായാന്മാരെ അന്തമില്ല ..ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണ് ക്രിസ്തു "നിങ്ങൾ പ്രാർഥിക്കാൻ പള്ളിയില പോകരുതെന്ന്" അഡ്വാൻസായി കല്പിച്ചതും !
ReplyDeleteഒരു കണ്ഫ്യൂഷന് മുകളിൽ മറ്റൊരു കണ്ഫ്യൂഷൻ! നിങ്ങൾ പ്രാർത്‌ഥിക്കുമ്പോൾ അധികം വാക്കുകൾ ഉപയോഗിക്കരുത് എന്നും യേശു തന്നെയല്ലേ പഠിപ്പിച്ചത്? കാരണം മറ്റൊന്നുമല്ല. ഒന്നാം നൂറ്റാണ്ടിലെ അർത്ഥമല്ല രാജ്യത്തിനും പിതാവിനും പുത്രനുമൊക്കെ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നല്കപ്പെടുന്നത്. രാജ്യമെന്ന് കേട്ടാലുടനെ രാജാവെന്നും രാജപുത്രനെന്നും സിംഹാനമെന്നുമൊക്കെ കണക്കുകൂട്ടുന്നത് തന്നെയാണ് കുഴപ്പം. "സ്വർഗസ്ഥനായ പിതാവേ ..." എന്നതുതന്നെ മൊത്തം അഴിച്ചുപണിയണം. എന്നാലും അത് ഒരു വര്ഷത്തെയ്ക്ക് കൊള്ലാമായിരിക്കും. അതിലും നല്ലത് പ്രാർത്‌ഥിക്കുമ്പോൾ വാക്കുകളേ വേണ്ടെന്നു വയ്ക്കുകയാണ്. യേശു ബുദ്ധിമാനായിരുന്നു എന്നോർക്കണം.
Delete'നിന്റെ രാജ്യം' എന്നാൽ ദൈവരാജ്യം എന്നു തന്നെയാണല്ലോ വിവക്ഷ .. എനിക്ക് ഏറ്റവുമിഷ്ടമുള്ള ഒരു Interpretation ഇങ്ങനെയാണ് :
ReplyDeleteദൈവരാജ്യമെന്നാൽ , "ദൈവഹിതമനുസരിച്ച് ക്രമപ്പെടുന്ന ഭൂമിയും എന്റെ സ്വകാര്യജീവിതവും" എന്നത്രേ ! (ഫാ.ബോബി ജോസ് കപ്പൂച്ചിൻ )
അത് പക്ഷേ, പറഞ്ഞു പഠിപ്പിക്കണ്ടേ. അതിനു പകരം രാജ്യവും ശക്തിയും മഹത്വവും കിരീടവും നിന്റെതാകുന്നു, യേശു ക്രിസ്തുരാജൻ ആകുന്നു,മെത്രാൻ രാജകുമാരനാകുന്നു എന്നൊക്കെ ദീപിക പോലുള്ള പത്രങ്ങളിലെഴുതിയും ആർത്തുവിളിച്ചുമൊക്കെ പഴയ രാജാക്കന്മാരുടെ രീതിയിലുള്ള അങ്കിയുമണിഞ്ഞ്, ചെങ്കോലും വീശി മുത്തുക്കുടക്കീഴിൽ നടക്കുന്ന ദ്രാവിടഡമക്കളോടൊക്കെ എന്താ പറയുക! സാമ്രാജ്യങ്ങളും രാജാക്കന്മാരും മണ്‍മറഞ്ഞതൊന്നും ഇവന്മാർ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.
ReplyDeleteഇപ്പോഴത്തെ പോപ്പും അത്രക്കങ്ങു വിട്ടുകൊടുക്കാൻ തയ്യാറല്ല. ളോഹക്ക് മുകളിൽ വട്ടത്തിലുള്ള മുസ്ലിം സ്ത്രീകളുടെ മേല്വസ്ത്രം പോലെ ഒരു സാധനം ആണുങ്ങൾക്ക് ചേരുന്നതാണോ? നിറം മാറ്റിയതുകൊണ്ടെന്താ വിശേഷം? ശീലിച്ചത് അർത്ഥമില്ലാതായാലും മാറ്റാൻ ഇത്തിരി വിഷമമാണ്.
ആരാധനക്രമത്തിൽ അനുഷ്ടിക്കുന്ന കിക്ക കാര്യങ്ങളും ഇതുപോലെ ഒരാവശ്യവുമില്ലാത്ത ഗോഷ്ടികളല്ലേ? മണിയടിയും പുകക്കുറ്റി വീശലുമൊക്കെ എന്തൊരു മേനകെടാണ്! അതൊക്കെ ഇപ്പോഴും ഉണ്ടെന്നാണെന്റെ ധാരണ. സഹികെട്ട്, ഞാനിതൊക്കെ ഉപേക്ഷിച്ചിട്ട് എത്രയോ ദശാബ്ദങ്ങളായി. എന്നാലും പറഞ്ഞുപോകുന്നു.
"നിങ്ങൾ യാചിക്കുന്നതു ഇന്നതെന്നു നിങ്ങൾ യാചിക്കുന്മുന്പേ നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ"എന്ന ഒറ്റവചനം ഈ പാസ്റെർ/പാതിരിവർഗത്തിനു മനസിലായിരുന്നെങ്കിൽ ,ഇന്നുകാണുന്ന 100 മേനി, 60 മേനി ,20 മേനി വിളയുന്ന വിവിധ സഭാനിലങ്ങളുണ്ടാകുമായിരുന്നില്ല ! മുൻകൂട്ടി അറിയുന്നവനോടു എന്തിനു പ്രാർഥിക്കണം? അല്ല പ്രാർഥിച്ചെ പറ്റൂ എന്ന് വല്ല പിടിവാശിയും ഉള്ളവർ ഈവണ്ണം പ്രാർഥിക്കൂ...അല്ലാതെ വിവരമുള്ളവർ മനസിന്റെ അറയിൽ കയറി വാതിലുകളടച്ചു മൌനമായിരിക്കട്ടെ എന്നാണെന്റെ മശിഹാ മൊഴിഞ്ഞത്..please understand . പിന്നെ സകരിആചയൻ കണ്ടെത്തിയ കൂദാശാ/കുര്ബാന വിവിധ രൂപ ഭാവ രീതിയിലുള്ള കലാപരിപാടികളെക്കുറിച്ചു ഇനിയും നാം വിശദമായി വിശകലനം ചെയ്യേണ്ടിയിരിക്കുന്നു
ReplyDeleteThis comment has been removed by the author.
ReplyDeleteഎന്റെ കുടുംബത്തിൽപ്പെട്ട ഒരുപെണ്ണ് ഉദ്ദിഷ്ടകാര്യത്തിനായി അടുത്തയിടെ വട്ടായുടെ ധ്യാനംകൂടിയിരുന്നു. ധ്യാനകേന്ദ്രത്തിലെ ഉപദ്ദേശിഅച്ചൻമാർ പ്രവാചകവരമുള്ളവരെന്ന് വിശ്വസിക്കുന്നു. ഭൂതവും ഭാവിയും പറയും. വീട്ടുപേര് ചോദിച്ചുകഴിഞ്ഞ് "നിങ്ങളുടെ കുടുബത്തിൽ 'ജോസ്' എന്ന് വീട്ടിൽ വിളിക്കുന്ന ഒരു ജോസഫ് ഉണ്ടോ"യെന്ന് ഉപദ്ദേശിഅച്ചൻ ചോദിച്ചു. "എന്റെ കുടുംബത്തിലുള്ള ഒരു അങ്കിൾ" ആ പേരിൽ അറിയപ്പെടുന്നുവെന്ന്" മറുപടി കൊടുത്തു. "എങ്കിൽ എന്നും തീവ്രമായി അങ്കിളിനുവേണ്ടി പ്രാർത്ഥിക്കണമെന്നായിരുന്നു" പ്രവചനം നടത്തുന്ന അച്ചന്റെ ഉപദ്ദേശം.
ReplyDeleteവത്തിക്കാനിലെ 27 മില്ല്യൻ ഡോളർ കട്ട അച്ചന്റെ അത്രയും പാപം ഞാൻ ചെയ്തിട്ടുണ്ടോ? എങ്കിൽ ഇപ്പോഴത്തെ മാർപാപ്പായും പാപിയോ? പണത്തിൽ ക്രമക്കേട് കാണിച്ചെന്നു കുറ്റാരോപിതനായ വത്തിക്കാനിലെ അച്ചന് എത്ര നന്മ നിറഞ്ഞ മറിയം ചൊല്ലിയാൽ പാപം തീരും.? ജയിലിൽപോയ വത്തിക്കാനിലെ ബാങ്കർ അച്ചനുവേണ്ടി പ്രാർഥിക്കണമെന്നല്ലേ ഉപദേശിക്കേണ്ടത്? പ്രവചനം നടത്തുന്നതും വചനങ്ങൾക്ക് എതിരല്ലേ?
എനിക്കുവേണ്ടി പ്രാർഥിക്കാൻ ആരെയും ഞാൻ ചതിച്ചിട്ടില്ല. പള്ളി പണിയിച്ചിട്ടില്ല. മരാമത്ത്പണി ചെയിപ്പിക്കാനും കക്കാനും അറിയത്തില്ല.
മലബാറിലെ എതോ സ്ഥലത്തുള്ള അച്ചൻ ഇത്ര കൃത്യമായി പ്രവചനം പറഞ്ഞതിൽ ധ്യാനം കൂടിയവർക്കെല്ലാം മഹാഅതിശയവും ദൈവത്തിന്റെ വരപ്രസാദമെന്നും വിശ്വസിക്കുന്നു. അല്മായശബ്ദം വായിക്കുന്ന അച്ചന്മാർ വട്ടായുടെ ധ്യാനകേന്ദ്രത്തിൽ കാണുമെന്ന് പറഞ്ഞിട്ട് ആരും സമ്മതിക്കുന്നില്ല." ഈശോ' അച്ചന്മാരുടെ അധരങ്ങളിൽനിന്ന് സംസാരിക്കുന്നുവെന്ന് കേട്ടവർ കേട്ടവർ പറയുന്നു.
ആവർത്തനം 18: 10-13
നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തിയശേഷം അവിടത്തെ ജാതികളുടെ മ്ലേച്ഛതകൾ നീ പഠിക്കരുതു.
10
തന്റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവൻ, പ്രശ്നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ,
11
മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അജ്ഞനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു.