Translate

Thursday, June 6, 2013

പുന്നയ്ക്കല്‍ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ പ്രശ്‌നം

താമരശ്ശേരി രൂപതാ മെത്രാന് 'കാത്തലിക് ലേമെന്‍സ് അസ്സോസിയേഷ'ന്റെ കത്ത്
 

കാത്തലിക് ലേമെന്‍സ് അസ്സോസിയേഷനുവേണ്ടി കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് വിന്‍സന്റ് മാത്യു, താമരശ്ശേരി രൂപതയുടെ മെത്രാന്‍ റെമീജിയോസ് പോള്‍ ഇഞ്ചനാനിയെ ബോധ്യപ്പെടുത്തുന്നത്:
 

യേശുവില്‍ പ്രിയ സഹോദരാ,
താങ്കള്‍ ക്രൈസ്തവ വിശ്വാസവര്‍ഷത്തിലെ നോമ്പുകാലസന്ദേശമായി 2013 ഫെബ്രുവരി 10-ാം തീയതി ഞായറാഴ്ച താമരശ്ശേരി രൂപതയിലെ എല്ലാ ഇടവക പള്ളികളിലും വിശുദ്ധകുര്‍ബാ
നമദ്ധ്യേ വായിക്കുന്നതിനു നല്‍കിയ ലേഖനം വായിച്ചുകേട്ടു. ഈ ലേഖനത്തില്‍ ''ക്രിസ്തുവിന്റെ ദാസനായ താമരശ്ശേരി രൂപതാമെത്രാന്‍'' എന്ന് താങ്കളെക്കുറിച്ച് താങ്കള്‍തന്നെ സംബോധന നടത്തിയിട്ടുണ്ട്. എന്നാല്‍ ദാസന്‍ എന്ന സംബോധന മെത്രാന്മാരായ നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം പ്രാവര്‍ത്തികമാണ് എന്നതില്‍ അല്‍മായരായ ഞങ്ങള്‍ക്ക് തികച്ചും സംശയമുണ്ട്. ദാസന്‍ ആകണമെങ്കില്‍ വിധേയത്വം അനിവാര്യമാണ്. പ്രത്യേകിച്ച് ക്രിസ്തുവിന്റെ ദാസനാകണമെങ്കില്‍ കൂടുതല്‍ വിധേയത്വം ആവശ്യമാണ്. ക്രിസ്തു ഇന്നു ജീവിക്കുന്നത് സഭയിലൂടെയാണ്. ക്രിസ്തുവിന്റെ മണവാട്ടിയെന്നാണ് സഭയെക്കുറിച്ച് പറയുന്നത്. ക്രിസ്തുവിനു വിധേയപ്പെടുക എന്നത് സഭയ്ക്കു വിധേയപ്പെടുക എന്നതാണ്. ഈ വിധേയത്വമാണ് ദാസന്റെ രൂപം ധരിക്കുന്നത്. ചുരുങ്ങിയ ദശാബ്ദങ്ങളായി താങ്കള്‍ ഉള്‍പ്പെടെ മെത്രാന്മാര്‍ ആരും ക്രിസ്തുവിന്റെ ദാസരല്ല. യേശുക്രിസ്തു മെത്രാന്മാരുടെ ദാസനായിരിക്കണം എന്ന രീതിയിലാണ് നിങ്ങളുടെ പ്രമാണങ്ങളും ശൈലിയും പ്രവൃത്തികളും. നിങ്ങളുടെ അധികാരത്തിനും നേട്ടങ്ങള്‍ക്കുംവേണ്ടി യേശുക്രിസ്തുവിനെ അപഹാസ്യനാക്കുകയാണ് നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ക്രിസ്തുവിന്റെ വചനം പറയുന്നത് നിങ്ങള്‍ ഭൂമിയില്‍ ആരെയും പിതാവെന്നും പരിശുദ്ധരെന്നും അഭിസംബോധന ചെയ്യരുതെന്നാണ്. നിങ്ങള്‍ക്ക് പിതാവ് ഒന്നേയുള്ളൂ. അവന്‍ മാത്രമാണ് പരിശുദ്ധന്‍ (മത്തായി 23:8-12 കാണുക). എന്നാല്‍, നിങ്ങള്‍ പിതാവെന്നും പരിശുദ്ധ പിതാവെന്നും സ്വയം നാമധേയത്വം സ്വീകരിച്ച് യേശു വചനങ്ങളെ അവഹേളിക്കുന്നു. അതുപോലെ വി.ബൈബിളിനും ഇന്‍ഡ്യന്‍ ഭരണഘടനയ്ക്കും ജനാധിപത്യവ്യവസ്ഥിതിക്കും സന്മാര്‍ഗത്തിനും എതിരായ അനീതി നിറഞ്ഞതും ഒന്നിനൊന്ന് എതിരായതുമായ നിയമങ്ങള്‍ സൃഷ്ടിച്ച് സഭയില്‍ പ്രാബല്യത്തിലാക്കുവാന്‍ ശ്രമിച്ച് നിങ്ങള്‍ ദൈവവചനത്തെ ലംഘിക്കുന്നു. ബൈബിള്‍ പ്രമാണമല്ലെന്നും, സഭയും സഭാസ്ഥാപനങ്ങളും ജീവകാരുണ്യപ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തിയുള്ളതല്ലെന്നും, മതപരമായ പൊതു ആവശ്യാര്‍ത്ഥമുള്ളതല്ലെന്നും, ദൈവജനത്തിന് (സഭാംഗങ്ങള്‍ക്ക്) ഇവകളിന്മേല്‍ യാതൊരുവിധ നിയന്ത്രണ അവകാശാധികാരങ്ങളോ ഇല്ലെന്നും, ട്രസ്റ്റോ ട്രസ്റ്റിന്റെ നിര്‍വചനത്തില്‍പോലുമോ വരുന്നവയല്ലെന്നും കാണിച്ച് വിവിധ കോടതികളില്‍ കളവായി സത്യവാങ്മൂലങ്ങള്‍ നല്‍കി ഒന്നര ദശാബ്ദമായി സഭയുടെ നേര്‍ച്ചപ്പണം ഉപയോഗിച്ച് സഭയ്‌ക്കെതിരെ വ്യവഹാരം നടത്തിക്കൊണ്ടിരിക്കുന്ന നിങ്ങള്‍ എങ്ങനെ, ഏതുപ്രകാരം യേശുവിന്റെ ദാസന്മാരായിത്തീരുന്നുവെന്ന്, ഇടവകപ്പള്ളികള്‍വഴി ദൈവജനത്തെ ബോധ്യപ്പെടുത്തണം. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാനാണ് സ്വര്‍ഗ്ഗസ്ഥനായ പിതാവ് തന്റെ പുത്രനായ യേശുവിനെ നിയോഗിച്ചത്. ഈ നിയോഗത്തില്‍ ദാസന്റെ സമ്പൂര്‍ണ്ണ സമര്‍പ്പണമാണുള്ളത്. യേശുക്രിസ്തു സ്വതന്ത്രമാക്കിയവരെ ബൈബിള്‍വിരുദ്ധ കാനോന്‍ നിയമവും രൂപതാനിയമങ്ങളുംമറ്റും ഉപയോഗിച്ച് വീണ്ടും ബന്ധിതരാക്കി അവരുടെ സ്വാതന്ത്ര്യം ഹനിച്ച് സഭയെ നിങ്ങളുടെ അടിമത്വത്തിലാക്കിയിരിക്കുന്നു.
 

താങ്കള്‍ ഉള്‍പ്പെടെയുള്ള രൂപതാമെത്രാന്മാര്‍ സഭയുടെ പിതാക്കന്മാരാണെന്ന് നിങ്ങളുടെ നിയമംവഴി സ്വയം അവകാശപ്പെടുകയും പഠിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെയെങ്കില്‍ യേശുക്രിസ്തുവും മെത്രാന്മാരായ നിങ്ങളും തമ്മില്‍ ആത്മീയമായോ നിയമപരമായോ നിലവിലുള്ള ബന്ധം എങ്ങനെയാണെന്ന് സഭയില്‍ വ്യക്തമാക്കണം.
ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുന്നതിന് സത്യപ്രതിജ്ഞയെടുത്ത നിങ്ങള്‍ ഭൂമിയിലുള്ള ഭൗതികവസ്തുക്കളെ അന്വേഷിക്കുകവഴി യേശുവിന്റെ ദാസ്യത്വം വെടിഞ്ഞ് അന്തിക്രിസ്തുവിന്റെ ദാസ്യത്വം സ്വീകരിച്ചിട്ടുള്ളവരായിമാറി. അതിനു തെളിവാണ്, പുന്നയ്ക്കല്‍ സെന്റ്‌സെബാസ്റ്റ്യന്‍സ് ഇടവക ഹൈസ്‌കൂള്‍ താമരശ്ശേരി കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സിക്ക് വിട്ടുകൊടുക്കേണ്ടതില്ലെന്നുള്ള ഇടവക പൊതുയോഗതീരുമാനങ്ങള്‍ മറച്ചുവച്ചും നിയമനങ്ങളെ മുന്നില്‍ കണ്ട് കോടികള്‍ കരസ്ഥമാക്കാമെന്ന വ്യാമോഹത്തോടെയും ഈ സ്‌കൂള്‍ താമരശ്ശേരി കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയില്‍ ലയിപ്പിക്കാന്‍ ഇടവക പൊതുയോഗ തീരുമാനമുണ്ടെന്ന് താങ്കള്‍ വ്യാജരേഖകള്‍ ഡി.ഇ.ഒക്ക് നല്‍കിയിട്ടുള്ളത്.
 

നിലവിലുള്ള ഇടവകപ്പള്ളി പൊതുയോഗങ്ങളെ അട്ടിമറിക്കുന്നതിനുവേണ്ടി താങ്കളുടെ കാനോന്‍ നിയമങ്ങളും രൂപതാനിയമങ്ങളും പ്രാബല്യത്തിലാക്കി, സഭാരംഭംമുതല്‍ നിലനിന്നുപോരുന്നതും വിശ്വാസാധിഷ്ഠിതവും ഭരണഘടനാവിധേയവും മൗലികാവകാശസംരക്ഷണാര്‍ത്ഥവുമായ പള്ളിപ്പൊതുയോഗത്തിന്റെ അവകാശാധികാരങ്ങളെ ഹനിക്കുന്നതിനുവേണ്ടി താങ്കള്‍ നടത്തിവരുന്ന ശ്രമങ്ങളില്‍നിന്നും പിന്തിരിയണം. താങ്കള്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചു രൂപംകൊടുത്തുവരുന്ന പാരീഷ് കൗണ്‍സിലും അല്‍മായരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പാസ്റ്ററല്‍ കൗണ്‍സിലും റദ്ദാക്കണം. പാരീഷ് കൗണ്‍സിലില്‍നിന്നും ഇടവക ട്രസ്റ്റിമാരായി നോമിനേറ്റ് ചെയ്തിട്ടുള്ളവരെ താങ്കള്‍ പിന്‍വലിക്കണം. അല്ലാത്തപക്ഷം ഇടവകപൊതുയോഗത്തിന്റെ (അല്‍മായരുടെ) അവകാശസംരക്ഷണാര്‍ത്ഥം ഇടവകപ്പൊതുയോഗങ്ങള്‍ നിലനിര്‍ത്തുന്നതിനുവേണ്ടി താങ്കള്‍ക്കും മറ്റുമെതിരെ 'കാത്തലിക് ലേമെന്‍സ് അസ്സോസിയേഷ'ന്റെ നേതൃത്വത്തില്‍ നിയമനടപടികള്‍ ആരംഭിക്കുവാന്‍ നിര്‍ബന്ധിതരാകുമെന്ന വിവരം ഈ കത്തുവഴി താങ്കളെ അറിയിച്ചുകൊള്ളുന്നു.
 

വിന്‍സന്റ് മാത്യു -9846177221
(പ്രസിഡന്റ്, കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍), കൂടരഞ്ഞി പോസ്റ്റ്, കോഴിക്കോട് - 673604

11-2-2013 

2 comments:

  1. കാത്തലിക് ലേയ്മെന്‍സ് അസ്സോസിയേഷന്‍ പ്രസിഡന്റിന് അഭിനന്ദനങ്ങൾ.ഇത്തരം കാര്യകാരങ്ങൾ കാണിച്ചുള്ള കത്തുകൾ തെറ്റ് ചെയ്യുന്ന ഓരോ മെത്രാനും കിട്ടിക്കൊണ്ടിരിക്കണം. ഒരു പക്ഷെ, സെക്രെട്ടറിമാർ അതൊക്കെ ചവറ്റു കുട്ടയിൽ കളഞ്ഞേക്കും, എന്നാലും വേണ്ടില്ല, അവര്ക്കും പതിയെ ബോധം വരും തങ്ങളുടെ ബോസ് എത്തരക്കാരനാണെന്ന്. മക്കളെല്ലാം തങ്ങൾക്കെതിരാണെന്നു കാണുമ്പോൾ പിതാക്കന്മാർ അനുതപിക്കാൻ തുടങ്ങും എന്ന് പ്രതീക്ഷിക്കാം. യൂറോപ്പിലുള്ള പിരിവിന്റെ കാര്യത്തിൽ എന്തുമാത്രം വ്യത്യാസം വന്നിട്ടുണ്ടെന്ന് ഇത്തവണത്തെ റ്റൂർ കഴിയുമ്പോൾ കല്ലറങ്ങാട്ടും ഒന്നറിയും.

    ReplyDelete
  2. ഏതാനും അപവാദങ്ങൾ ഒഴിച്ച്, കേരളത്തിലിന്നുള്ള മെത്രാന്മാരെല്ലാം എകമാനമനുഷ്യരാണ്; അതായത് തങ്ങളുടെ തിരുമുഖം മാത്രം കാണുന്നവർ. സ്വതന്ത്ര ബുദ്ധിയോടെയുള്ള അന്വേഷണങ്ങൾ അവർ ആര്ക്കും അനുവദിക്കുന്നില്ല. സാമൂഹിക മൂല്യങ്ങളെ തങ്ങളായിരിക്കണം നിയന്തിക്കുന്നത് എന്നാണവരുടെ വാശി. മെത്രാന്മാരുടെയും മിക്കവാറും അച്ചന്മാരുടെയും താത്പര്യങ്ങൾ അവരുടെ ഉപഭോഗ സംസ്കാരമാനദണ്‍ഡങ്ങളിൽ ആണ്ടുകിടക്കുകയാണ്. അവരുടെ വ്യക്തിഗതമായ താത്പര്യങ്ങൾതന്നെ സമൂഹത്തിനും മതി എന്നാണവരുടെ നിർബന്ധം. എല്ലാത്തിലും അവരുടെ ഉയർച്ചയാണ്‌ ഒളിഞ്ഞിരിക്കുന്നത്. അതുകൊണ്ടാണവർ സ്വന്തം ഇഷ്ടം പോലെ സാമൂഹിക പ്രസ്ഥാനങ്ങളെ ദുരുപയോഗിക്കുന്നത്. മതത്തിന്റെ സത്തയെത്തന്നെ അവർ ചോർത്തിക്കളയുന്നു.

    ReplyDelete