(മെയ് ലക്കം സത്യജ്വാല മാസികയില്‍നിന്ന്)
പത്രാധിപര്‍ക്ക് ഒരു കത്ത്
ജെ. വലിയമംഗലം
1) ''നാം കാണാനാഗ്രഹിക്കുന്ന മാറ്റമായിരിക്കണം നാം'' എന്ന ഗാന്ധിജിയുടെ ഉള്‍ക്കാഴ്ച ഏതു തിരുത്തല്‍ സംരംഭത്തിലും ഉത്തമ വഴികാട്ടി.
2) സത്യം സമഗ്രമായിരിക്കണം.
സമൂഹത്തിലെ രണ്ട് പ്രധാന രംഗങ്ങളാണ് മതവും രാഷ്ട്രീയവും. കുടുംബനാഥന്മാരായ സാധാരണക്കാര്‍ക്ക് പൊതുവെ, ഈ രംഗങ്ങളിലെ പോരായ്മകളെക്കുറിച്ച് ഉറക്കെപ്പറയുക, ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം, മതത്തിലായാലും രാഷ്ട്രീയത്തിലായാലും ഒറ്റപ്പെടും. അതു ചെറിയ പ്രശ്‌നമല്ല.
എന്നാല്‍, തിരുത്തല്‍ദൗത്യം ഏറ്റെടുത്തു മുമ്പോട്ടിറങ്ങുന്നവരുടെ കാര്യം അങ്ങനെയാകാന്‍ പാടില്ല. അവര്‍ തിരുത്തല്‍ പറ്റുന്നത്ര സ്വയം ആരംഭിച്ച് മാതൃകയും പ്രചോദനവുമാകാന്‍ നല്ല പരിധിവരെ ചുമതലപ്പെടുന്നു. ടീം ആയി പ്രവര്‍ത്തിക്കുന്നവരെങ്കില്‍, ചില ബദല്‍ സംവിധാനങ്ങള്‍ ആരംഭിച്ചുതന്നെ തിരുത്തല്‍ ഫലപ്രദമാക്കാന്‍ ശ്രമിക്കേണ്ടതായും വരാം.
പക്ഷേ, 'ഞാനില്ലാതെ നീ' എന്ന മട്ടാണ് അവരെ സംബന്ധിച്ച് ഏറെയും കാണുക. ''എല്ലാവരും മറ്റുള്ളവര്‍ മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു, ആരും സ്വയം മാറുന്നതിനെക്കുറിച്ചുചിന്തിക്കുന്നില്ല'' എന്ന ടോള്‍സ്റ്റോയിയുടെ നിരീക്ഷണവും മേല്‍പ്പറഞ്ഞ ഗാന്ധിനിര്‍ദ്ദേശത്തോട് ചേര്‍ത്തുവായിക്കാമെന്നു ചുരുക്കം.
അങ്ങനെവരുമ്പോള്‍, എന്തോ ചൊരുക്കു തീര്‍ക്കുക എന്നവിധം പകയും വാശിയുമാണ് പലര്‍ക്കും വിമര്‍ശനം. സ്വന്തം തെറ്റുകള്‍ കാണാനും, കണ്ടാല്‍ തിരുത്താനും തയ്യാറല്ലെന്നും വരും.
മറ്റൊന്ന്, സത്യം സമഗ്രമായിരിക്കണം എന്നതാണ്. സ്ഥാപനവത്കരിക്കപ്പെട്ട പ്രസ്ഥാനങ്ങളില്‍, ബന്ധപ്പെട്ടവരുടെ മേലുള്ള നീരാളിപ്പിടുത്തം പലപ്പോഴും കട്ടിയാകാം, ആകുന്നുണ്ട്. അതില്‍നിന്നു മോചനം ആവശ്യമെങ്കിലും, ഗുണവശങ്ങള്‍, കൂടുതലും കഴിഞ്ഞകാലത്തേത്, കുറേയെല്ലാം തുടര്‍ന്നുള്ളതും, മറക്കാന്‍ പാടില്ല. പകയും വാശിയും മേല്‍ക്കൈ നേടുന്ന വിമര്‍ശകര്‍ തീരെ മറന്നുപോകുന്ന കാര്യമാണിത്. തങ്ങള്‍ക്കുതന്നെയും ലഭിച്ചിട്ടുള്ളതും ലഭിക്കുന്നതുമായ ഗുണവശങ്ങളാണ് അവ പലപ്പോഴും എന്നത്, വൈരുദ്ധ്യത്മകമെന്നതും ചിന്തിപ്പിക്കേണ്ടതാണ്.
കത്തോലിക്കാസഭയില്‍ കാതലായ മാറ്റങ്ങള്‍ അനിവാര്യംതന്നെ. എന്നാല്‍, സംസ്ഥാനവും രാജ്യവുമാകുന്ന രംഗങ്ങളിലെ വിശാലസമൂഹത്തെ സംബന്ധിച്ച് അടിയന്തിരമായി ആവശ്യമായ തിരുത്തലുകളുടെ നേര്‍ക്കും തിരിഞ്ഞ് മാറ്റത്തിന് മുന്‍കൈ എടുക്കാനും ചുമതലപ്പെട്ടവര്‍, അതിന്റെയൊക്കെ നേരെ സൗകര്യമായി കണ്ണടച്ച് തടിതപ്പുന്ന വഞ്ചനാത്മകനിലപാടാണ് കാണുക. പലപ്പോഴും, ഈ രംഗത്തെ ചൂഷണങ്ങളില്‍ അവരും പങ്കുകാരും, ഫലത്തില്‍ സ്വയം വഞ്ചിക്കുന്നവരും മറ്റുള്ളവരെ വഞ്ചിക്കുന്നവരുമായി പരിണമിക്കുകയും ചെയ്യുന്നു!
സഭയ്ക്കുള്ളതില്‍ എത്രയോ മടങ്ങ് ധനമാണ് സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും പൊതു ഖജനാവുകളിലുള്ളത്. അവിടെ ഒരച്ചനും കന്യാസ്ത്രീയും ഭരണത്തിലില്ല. എത്ര കെടുകാര്യസ്ഥതയും അനീതിയുമാണ് അവിടെ നടക്കുക! സഭാസ്വത്തിന്റെ മേല്‍ക്കോയ്മ അവകാശപ്പെടുന്നവര്‍, അതു പ്രയോഗത്തിലായാല്‍ ഇപ്പറഞ്ഞതുപോലെ താറുമാറാക്കുകയില്ലെന്ന് എന്തുറപ്പാണുള്ളത്? രാജ്യത്തിന്റെ പൊതുഖജനാവില്‍ സംഭവിക്കുന്നതിലും എത്ര തുച്ഛമാണ്, പൊതുവേ സഭയിലെ ഖജനാവില്‍ സംഭവിക്കുക എന്നതും ചിന്തിപ്പിക്കണ്ടേ? (അതുകൊണ്ട്, അതു ശരിയെന്ന് സമ്മതിക്കുകയല്ല) ദുരുപയോഗവും സ്വന്തം കീശകളില്‍ പോകുന്നതും ഒക്കെ, രാഷ്ട്രീയരംഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറുതെന്നതില്‍ സംശയമില്ലല്ലോ. കൈക്കൂലി പോലുള്ളവ എത്ര കുറവും!
പ്രതിദിനം ഇരുപത് രൂപ വരുമാനവുമായാണ് ജനസംഖ്യയിലെ 77% ജീവിക്കുന്നതെന്നും 50% ദാരിദ്ര്യരേഖയ്ക്കു താഴെയാണെന്നതുംപോലുള്ള ആധികാരിക കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ (മലയാളം, ആഗസ്റ്റ്, 6, 2010), വെറും ന്യൂനപക്ഷത്തിന്റെ സുഖസൗകര്യങ്ങള്‍ക്കുവേണ്ടി പൊതുഖജനാവു ചോരുന്ന സംവിധാനമായി ജനാധിപത്യം മാറുന്നതിലെ വൈരുദ്ധ്യം, 'സത്യജ്വാല' പോലുള്ളവയുടെ ഉജ്ജ്വലവക്താക്കള്‍ക്ക് മനഃസാക്ഷിക്കടിയും തലവേദനയുമാകാത്തത്, സഭ നന്നാക്കല്‍ അനേകര്‍ക്കും പകപോക്കലും വാശിയുമാണ് എന്ന മേല്‍നിരീക്ഷണത്തിനു ബലമേകുകതന്നെ ചെയ്യുന്നു.
സംസ്ഥാന റവന്യൂ വരുമാനത്തിന്റെ 93% ത്തിലധികം, ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും പെന്‍ഷനും മറ്റുമായി പോകുന്നുവെന്ന് മുന്‍ യു.ഡി.എഫ്. സര്‍ക്കാരും, അത് 75% ത്തിലധികമെന്ന് പിന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാരും വെളിപ്പെടുത്തിയതാണ്. ഉദ്യോഗസ്ഥര്‍ തിരിച്ചുചെയ്യുന്ന സേവനം ആനുപാതികമായി എത്ര അസന്തുലിതമെന്നതുകൂടി കണക്കിലെടുക്കുമ്പോഴാണ്, ഇവിടുത്തെ ജനാധിപത്യത്തിന്റെ ജീര്‍ണത ശരിയായി വ്യക്തമാവുക! കൈക്കൂലിക്കാര്യവും മറ്റും പറയുകയും വേണ്ട!!
സഭയിലെ ജനാധിപത്യക്കുറവിനെക്കുറിച്ചു ന്യായമായും വാചാലരാകുന്നവര്‍ക്ക്, അതിലൊക്കെ എത്രയോ വിശാലവും പ്രധാനവുമായ രാഷ്ട്രീയരംഗത്തെ ജനാധിപത്യത്തെക്കുറിച്ച്, അതു ജനത്തിനുമേലുള്ള ആധിപത്യമാണ്, 'ജനാധിപൈത്യ'മാണ് എന്നതിനെക്കുറിച്ച് ഒന്നും പറയാനില്ലാത്തതും ലജ്ജിപ്പിക്കേണ്ടവിധം വൈരുദ്ധ്യമെന്നതില്‍ സംശയം വേണമോ? രാഷ്ട്രീയമുതലെടുപ്പുകള്‍ക്കും ചൂഷണത്തിനും ഇവരില്‍ത്തന്നെ പലരും പങ്കുകാരാണെന്നതും പലതും അവഗണിക്കാന്‍ കാരണമാകാം! സത്യത്തോടുള്ള പ്രതിബദ്ധതയെങ്കില്‍ ഒരുമിച്ച് ചിലതു, വേണ്ടെന്നുവച്ചു മാതൃകയാകാനും ചുമതലപ്പെടുകയില്ലേ?
ഉദ്യോഗസ്ഥരാരും തങ്ങള്‍ക്കു പണിയുന്നവര്‍ക്ക്, പണിയാത്ത ഒരു ദിവസത്തിനോ ഒരു മണിക്കൂറിനുപോലുമോ, വെറുതെ വേതനം നല്‍കുന്നില്ല. വീട്ടിലെ ആശുപത്രി പ്രശ്‌നംകൊണ്ടോ, മരണം കൊണ്ടോ ഉച്ചകഴിഞ്ഞ് അവധിയാക്കേണ്ടിവന്നാല്‍, ഉച്ചവരെ മാത്രമല്ലേ വേതനം നല്‍കുന്നുള്ളൂ? 500 റബ്ബര്‍ മരമുണ്ടെങ്കില്‍, ഏതെങ്കിലും ദിവസം 300 മരം വെട്ടിയാല്‍ കൂലി നല്‍കുന്നത് അതിനുമാത്രവും! ഇവര്‍ക്ക്, പണിയാത്ത എത്രയോ ദിവസങ്ങളിലും മണിക്കൂറുകളിലും ശമ്പളം! ഇവിടെയൊക്കെ ഒരു വൈരുദ്ധ്യവും കാണാത്തതും സത്യത്തിനുവേണ്ടിയുള്ള ജ്വലിക്കലിനേക്കാള്‍ അഗ്നിയുടെ നശിപ്പിക്കാനുള്ള ജ്വലിക്കല്‍ ആണെന്ന നിഗമനത്തിന് പ്രാബല്യമേകുന്നു. സഭയുടെ ആത്മീയനന്മ കണക്കിലെടുത്തുള്ള രോഷം അല്ലെന്നതിന് വീണ്ടും തെളിവും?
ആത്മീയതയും ദൈവവിശ്വാസവും ഒക്കെ അത്ര കാര്യമാക്കാത്തവരും സഭ നന്നാക്കലില്‍ ജ്വലനാത്മകരാകുന്നത് മറ്റൊരു വൈരുദ്ധ്യവും!
ധാരാളം ആദായം, മക്കളെല്ലാംതന്നെ ജോലിക്കാരും. എന്നാലും, ഭര്‍ത്താവിനും ഭാര്യയ്ക്കും പെന്‍ഷന്‍ എന്നതുപോലുള്ളവയിലെ അസത്യവും അനീതിയും കാണാത്തതും ചോദ്യചിഹ്നം ഉയര്‍ത്തുകതന്നെ ചെയ്യുന്നില്ലേ?
പൊതുഖജനാവിന്റെ അസന്തുലിത ചോര്‍ച്ചകള്‍വഴി, പൊതുജനനന്മയ്ക്ക് ഭവിക്കുന്ന കോട്ടം നിസ്സാരമോ? തൊഴിലില്ലാവേതനം, തൊഴിലുറപ്പുപോലുള്ളവയും പലപ്പോഴും രാഷ്ട്രീയക്കളി ആകാതില്ല! കാട്ടിലെ തടി, തേവരുടെ ആന......
സത്യത്തോടുള്ള പ്രതിബദ്ധത, തങ്ങളില്‍ത്തന്നെ തിരുത്തല്‍ ആരംഭിക്കാനും, സത്യം സമഗ്രമാക്കാനും ബാദ്ധ്യസ്ഥരാക്കുമെന്നുകണ്ടാലേ സദുദ്ദേശ്യ ധാര്‍മ്മിക പിന്‍ബലമുള്ളതാകൂ എന്നു സാരം!
ജെ. വലിയമംഗലം, പ്രാപ്പൊയില്‍
കണ്ണൂര്‍-670511
മറുപടി:
ഞാനേറെ ആദരിക്കുകയും, കത്തോലിക്കാ വൈദികരില്‍ ആത്മാര്‍ത്ഥതകൊണ്ടും മൗലികചിന്തകൊണ്ടും വേറിട്ടുനില്‍ക്കുന്നു എന്നു വിലയിരുത്തപ്പെടുകയും ചെയ്യുന്ന റവ. ഡോ. ജെ. വലിയമംഗലത്തിന്റെ ഈ വിമര്‍ശനകത്തുപോലും 'സത്യജ്വാല'യെ സംബന്ധിച്ച് ഒരംഗീകാരമാണ് എന്ന് ആദ്യമേ പറയട്ടെ. ഇനി വിമര്‍ശനങ്ങള്‍ക്കു മറുപടി പറയേണ്ടിയിരിക്കുന്നു:
ഒറ്റപ്പെടല്‍സാഹചര്യമുള്ളതിനാല്‍, മത-രാഷ്ട്രീയരംഗങ്ങളിലെ പോരായ്മകളെ വിമര്‍ശിക്കാന്‍ സാധാരണ കുടുംബനാഥന്മാര്‍ക്കു സാധിക്കാറില്ല എന്നദ്ദേഹം ആദ്യമേതന്നെ സമ്മതിക്കുന്നുണ്ട്. അതില്‍നിന്നു മനസിലാകുന്നത്, അവരതിനു ധൈര്യപ്പെടുന്നപക്ഷം അദ്ദേഹം അതിനെ സ്വാഗതംചെയ്യുകയേയുളളൂ എന്നാണ്. അതുകൊണ്ടാണല്ലോ, 'എന്നാല്‍ തിരുത്തല്‍ദൗത്യം ഏറ്റെടുത്ത് മുന്നോട്ടിറങ്ങുന്നവരുടെ കാര്യം അങ്ങനെയാകാന്‍ പാടില്ല', എന്നദ്ദേഹം ഉടനെതന്നെ എടുത്തുപറഞ്ഞിരിക്കുന്നത്. പക്ഷേ, സാധാരണ കുടുംബനാഥന്മാര്‍ചേര്‍ന്ന് കത്തോലിക്കാസഭയിലെ പോരായ്മകളെ വിമര്‍ശിക്കാന്‍ ഒരു പ്രസ്ഥാനത്തിനു രൂപംകൊടുത്തതിനെയും, മാസിക ആരംഭിച്ചതിനെയും സ്വാഗതംചെയ്യാന്‍ എന്തുകൊണ്ടോ അദ്ദേഹത്തിനു കഴിയുന്നില്ലതാനും! അപ്പോള്‍പ്പിന്നെ അദ്ദേഹത്തിന്റെ ഉപദേശം എന്തായിരിക്കുമോ അര്‍ത്ഥമാക്കുന്നത്? അദ്ദേഹം പറയുന്ന കുടുംബനാഥന്മാര്‍ പിന്നെ എന്തുചെയ്യണം? ഒറ്റപ്പെടല്‍ പേടിച്ച് തുടര്‍ന്നും മൗനംപാലിക്കണമോ? അതോ, തങ്ങള്‍ സഭയില്‍ കാണുന്ന പോരായ്കളെ തുറന്നുകാണിക്കാന്‍ ധൈര്യപ്പെടണമോ? അതിനുത്തരം തരാതെ, തന്റെ വാദമുഖംതന്നെ മാറ്റുകയാണദ്ദേഹം. 'സമഗ്രമായ സത്യം ഉള്‍ക്കൊള്ളാതെയും സ്വയം മാറാതെയും ആരും മാറ്റത്തിനായി മുന്നിട്ടിറങ്ങാന്‍ പാടില്ല' എന്നതാണ് ആ വാദമുഖം!
സ്വയം മാറാതെ പള്ളികളില്‍ ആദര്‍ശപ്രസംഗങ്ങള്‍ നടത്തുന്ന വൈദികരെയും, സന്മാര്‍ഗ്ഗത്തെക്കുറിച്ച് ഇടയലേഖനങ്ങളിറക്കുന്ന മെത്രാന്മാരെയും, സഭയെ കച്ചവടശാലയാക്കുന്ന സഭാസംവിധാത്തെയുമൊന്നും, ഈ വാദമുഖത്തിന്റെ അടിസ്ഥാനത്തില്‍ ബഹുമാനപ്പെട്ട ജെ.വലിയമംഗലം കുറ്റപ്പെടുത്തിയിട്ടുള്ളതായി കേട്ടിട്ടില്ല. യേശുവിനെ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെടന്ന പുരോഹിതവിഭാഗത്തെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഈ വാദമുഖം കൂടുതല്‍ പ്രസക്തമായിരുന്നില്ലേ? അതോ, വേട്ടക്കാരനൊരുനീതി, ഇരകള്‍ക്ക് മറ്റൊരു രീതി എന്ന ഇരട്ടത്താപ്പുനയമായിരിക്കുമോ ഇദ്ദേഹം സ്വീകരിച്ചിരിക്കുന്നത്? സാധാരണ വൈദികര്‍ വേറൊരു ഭാഷയില്‍ ജെ.വലിയമംഗലത്തിന്റെ ഇതേ വാദമുഖം അവതരിപ്പിച്ചുകേട്ടിട്ടുണ്ട്; 'ആദ്യം പോയി യേശുക്രിസ്തുവകാന്‍ നോക്ക്; എന്നിട്ടുമതി ഞങ്ങളെ വിമര്‍ശിക്കാന്‍' എന്ന്! വൈദികരായ ആര്‍ക്കും, വൈദികവൃത്തി ഉപേക്ഷിച്ചിച്ചവര്‍ക്കുപോലും, തങ്ങളുടെ വര്‍ഗ്ഗബോധത്തില്‍നിന്നും രക്ഷയില്ലെന്നുവേണോ നാം മനസിലാക്കാന്‍?
സ്വയം വിമര്‍ശനം വേണ്ടെന്നോ, സ്വയം മാറേണ്ടെന്നോ, സത്യത്തെ സമഗ്രമായി ഉള്‍ക്കൊള്ളേണ്ടെന്നോ ഒന്നും ഇവിടെ വാദമില്ല. അവിടെയൊന്നും മനുഷ്യന്, പൂര്‍ണത സാദ്ധ്യമായിക്കൊള്ളണമെന്നില്ല എന്ന വസ്തുത മനസിലാക്കി അംഗീകരിക്കുന്നു എന്നുമാത്രം. കാരണം, നാം കാണാനാഗ്രഹിക്കുന്ന, സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന, ആ ഭാവിസമൂഹത്തിലല്ല, മനുഷ്യന് ഇന്നു ജീവിക്കേണ്ടിവരുന്നത് എന്നതാണ്. അതായത്, ഇന്നിന്റെ ഒഴുക്കിനെതിരെ തുഴയുന്നവരും ആയിരിക്കുന്നത് ഇന്നിന്റെ ഒഴുക്കിലാണ്. തീവണ്ടിയെ മുച്ചൂടും എതിര്‍ത്ത ഗാന്ധിജിക്കും, മൂന്നാം ക്ലാസിലാണെങ്കിലും ട്രയിന്‍യാത്ര ഒഴിവാക്കാനായില്ല. തങ്ങള്‍ നികുതി കൊടുക്കേണ്ടവരെല്ലെന്നു തീര്‍ച്ചയുണ്ടായിരുന്ന യേശുവും നികുതിയടയ്ക്കാന്‍ ശിഷ്യരോടു നിര്‍ദ്ദേശിച്ചു. ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തോടു എതിര്‍പ്പുള്ളവര്‍ക്കും സ്വന്തം കുട്ടികളെ ആ സമ്പ്രദായത്തില്‍ത്തന്നെ പഠിപ്പിക്കേണ്ടിവരുന്നു. വിമര്‍ശിക്കുന്നവര്‍ ആദ്യം സ്വന്തമായി ഒരു സ്‌കൂളുണ്ടാക്കട്ടെ എന്നാരെങ്കിലും പറഞ്ഞാല്‍, അതെന്തു പറച്ചിലാണ്!
മറ്റൊന്ന്, എന്തെങ്കിലും ചെയ്യുന്നവര്‍ക്കെതിരെ, അവര്‍ സമഗ്രസത്യമുള്‍ക്കൊള്ളാതെയും സ്വയം മാറാതെയും പകപോക്കുന്നതിനും നശീകരണത്തിനുമായാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്നൊക്കെ വിധി കല്പിക്കാന്‍ ഇവിടെ ആര്‍ക്കാണധികാരം എന്നതാണ്. അതൊക്കെ അങ്ങനെയാണെന്നു തെളിയിക്കുന്ന യാതൊന്നും ചൂണ്ടിക്കാട്ടാതെ പടപ്പടച്ചുള്ള ഈ വെടിവയ്പിന് ബഹുമാന്യനായ ജെ. വലിയമംഗലത്തിന്റെ പക്കല്‍ എന്തെങ്കിലും നീതികരണമുണ്ടാകുമോ എന്തോ?
എന്തുകൊണ്ട്, രാഷ്ട്രീയമേഖലയില്‍ നടമാടുന്ന അഴിമതികളും ചൂഷണങ്ങളും കെടുകാര്യസ്ഥതയും കാണാന്‍ തയ്യാറാകാതെ മതരംഗത്തേക്കു കടന്നുപ്രവര്‍ത്തിക്കുന്നു എന്നതാണദ്ദേഹത്തിന്റെ ഒരു ചോദ്യം. 'സത്യജ്വാല'യ്ക്കു ചുക്കാന്‍ പിടിക്കുന്നവരും അതിലെഴുതുന്നവരും ഇതൊന്നും കാണുന്നില്ലെന്ന് ആരാണ് ജെ. വലിയമംഗലത്തോടു പറഞ്ഞത്? വേറെയും എന്തെല്ലാം കാണുന്നു! ആദിവാസികളുടെ യാതനകള്‍, പോലീസ് മര്‍ദ്ദനങ്ങള്‍, ജയിലിലെ പീഡനങ്ങള്‍, സ്ത്രീ വിവേചനം, ആയിരംവിധത്തിലുള്ള മനുഷ്യാവകാശലംഘനങ്ങള്‍, എത്യോപ്യയിലെ പട്ടിണിമരണങ്ങള്‍.... ഇതിലെവിടെയാണു പ്രവര്‍ത്തിക്കേണ്ടതില്ലാത്തത്? പക്ഷേ, എല്ലായിടത്തും പ്രവര്‍ത്തിക്കാന്‍ ആര്‍ക്കാണു കഴിയുക? ഈ എല്ലാ രംഗങ്ങളിലും നടക്കുന്ന പ്രതിരോധപരവും സൃഷ്ടിപരവുമായ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചുകൊണ്ട് സ്വന്തമായ ഒരു മേഖലയില്‍ ഫോക്കസ് ചെയ്യുകയെന്നതേ, സാധാരണക്കാരായ ആര്‍ക്കും പറ്റൂ. ഊന്നല്‍ എവിടെയായിരിക്കണമെന്നു നിശ്ചയിക്കുന്നത് ഓരോരുത്തരുമാണ്.
ഞങ്ങളുടെ നോട്ടത്തില്‍, മനുഷ്യനെ സംബന്ധിച്ച് ഏറ്റവും അടിസ്ഥാനപരമായിട്ടുള്ളതു മതമാണ്. മതത്തെ അതിന്റെ പ്രാക്തനവിശുദ്ധിയിലേക്കു കൊണ്ടുവന്നാല്‍, മറ്റു മേഖലകളും ശരിയായിക്കൊള്ളും. ' ആദ്യം ദൈവരാജ്യവും അവന്റെ നീതിയും തേടുക. എങ്കില്‍, മറ്റുള്ളവയുംകൂടി നിങ്ങള്‍ക്കു നല്‍കപ്പെടും' എന്ന യേശുവചസ്സ് ചിന്തയുടെയും പ്രവര്‍ത്തനങ്ങളുടെയുമെല്ലാം പ്രഥമമേഖല ഏതായിരിക്കണം എന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് ഉള്‍ക്കാഴ്ച നല്‍കുന്നുണ്ട്. മതനവോത്ഥാനമാണ്, സാംസ്‌കാരിക-രാഷ്ട്രീയരംഗങ്ങളിലെ ഗുണപരമായ മാറ്റങ്ങള്‍ക്കു കാരണമാകുന്നതെന്ന് ചരിത്രം പരിശോധിച്ചാല്‍ ആര്‍ക്കും കാണാനാകും. കാരണം, അതാണടിത്തറ. അതുകൊണ്ടാണ്, ദൈവശാപവും പുരോഹിതശാപവും പേടിച്ച് ആരും അടുക്കാതിരിക്കുന്ന മതമേഖലതന്നെ ഞങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. പക്ഷേ, അതിന്റെ പേരില്‍ ഞങ്ങള്‍ പ്രത്യേകമായിട്ടെന്തൊക്കെയോ ഉത്തരവാദിത്വഭാരം വഹിക്കേണ്ടവരാണെന്ന തോന്നലൊന്നും ഞങ്ങള്‍ക്കില്ല.
മറ്റാരെയുംപോലെ, വ്യക്തിപരമായ അല്പസ്വല്പ വ്യത്യാസങ്ങളോടെ, ഞങ്ങളും ഈ സഭയിലും സമൂഹത്തിലും ജീവിക്കുന്നു. സഭയില്‍ നീതിക്കുവേണ്ടി കഴിയുന്നതുപോലെ പറയുകയും എഴുതുകയും പാടുപെട്ടു പ്രവര്‍ത്തിക്കുകയും ചെ യ്യുന്നു. അത്രതന്നെ!
യേശുവിനെക്കുറിച്ചും കത്തോലിക്കാമതത്തെക്കുറിച്ചും സെമിനാരികളിലും തനതായ രീതിയിലും ആഴത്തില്‍ പഠിച്ച ബഹു. ജെ. വലിയമംഗലത്തിന്, ഒരുപക്ഷേ രാഷ്ട്രീയരംഗത്തെ ശുദ്ധികലശപ്രവര്‍ത്തനങ്ങളിലായിരിക്കാം കൂടുതല്‍ കഴിവും താല്പര്യവും. അതിനുവേണ്ടി അദ്ദേഹം നടത്തുന്ന എല്ലാ ഉദ്യമങ്ങള്‍ക്കും 'സത്യജ്വാല'യുടെ ഭാവുകങ്ങള്‍!
-ജോര്‍ജ് മൂലേച്ചാലില്‍
(എഡിറ്റര്‍, സത്യജ്വാല)
റെവ. വലിയ മംഗലത്തിന്റെ ലേഖനം വായിച്ചു. ജോര്ജിന്റെ മറുപടി നന്നായിരിക്കുന്നു. വലിയമംഗലം ചുറ്റുമുള്ള കൊച്ചുലോകം കാണുന്നില്ല. കൊച്ചച്ചന്മാരുടേയും വെല്ല്യച്ചന്മാരുടെയും തോന്ന്യാസങ്ങളൊന്നും അദ്ദേഹത്തിന് അറിയണ്ടാ. പിണറായി മുതൽ അങ്ങ് ഡൽഹിവരെയുള്ള രാഷ്ട്രീയ അഴിമതികൾ അല്മായശബ്ദവും സത്യജ്വാലയും തുടച്ചുമാറ്റണം പോലും. അതിനെളുപ്പമാർഗം മാർപാപ്പായെ ഇന്ത്യൻ പ്രധാനമന്ത്രിയാക്കി പിണറായിയെ മാർപാപ്പായും ആക്കിയാൽ വലിയ മംഗലത്തിന്റെ സ്വപ്നം സഫലമാകും.
ReplyDeleteസ്വയം നന്നായിട്ട് സഭയെ നന്നാക്കുവാൻ ശ്രമിക്കണമെന്ന് പറയുന്ന ലേഖകൻ നാറുന്ന സ്വന്തം തൊഴുത്ത് വൃത്തിയാക്കിയോ? ചുറ്റിനുമുള്ള ദുർഗന്ധം പിടിച്ച കുപ്പായം കഴുകിയിട്ട് എന്തുകൊണ്ട് താങ്കൾക്ക് രാഷ്ട്രീയത്തിൽ ഇറങ്ങി കൂടാ?
അല്മായശബ്ദത്തിൽ എഴുതുന്നവരുടെ ജോലി രാഷ്ട്രം നന്നാക്കലല്ല. ആ തൊഴിലിൽ വിദക്തരായവർ രാഷ്ട്രീയം കളിച്ചുകൊള്ളട്ടെ. ആദ്യകടമ സ്വന്തം കുടുംബം. കുടുംബം താറുമാറായവർ ആരും ഇതിൽ എഴുതുന്നത് കണ്ടിട്ടില്ല. അടുത്തത് ആത്മീയം. ആത്മീയവും രാഷ്ട്രീയവും ഒന്നിച്ചു കൊണ്ടുപോകുവാൻ കഴിവുള്ളവർ പുരോഹിതർ മാത്രമേയുള്ളൂ. കാരണം അവർ രാഷ്ട്രീയക്കാരെക്കാളും പഠിച്ച കള്ളന്മാരാണ്. കുടുംബവും ആത്മീയതയും ആയി നടക്കുന്ന അല്മേനിക്കു രാഷ്ട്രീയം സാധിക്കുകയില്ല.
തല്ക്കാലം ആത്മീയകള്ളന്മാരെ മാളത്തിൽനിന്ന് പുറത്തിറക്കുന്ന ജോലിയാണ് അല്മായശബ്ദവും സത്യജ്വാലയും ഏറ്റെടുത്തിരിക്കുന്നത്. കുടുംബവും സ്വന്തം സമുദായവും നന്നാക്കിയിട്ട് സമയം ഉണ്ടെങ്കിൽ നാട് നന്നാക്കുവാൻ അവർ ഇറങ്ങി കൊള്ളും.
രാഷ്ട്രീയത്തിലെ വില്ലന്മാരെക്കാളും പഠിച്ച വില്ലന്മാരാണ് പുരോഹിതർ. അഴിമതിയുടെ കാര്യം പറയുന്ന പുരോഹിതർ ഏതു ഭരണം വന്നാലും മന്ത്രിവരെ ഇവരുടെ പോക്കറ്റിലാക്കും. പണത്തിന്റെ മീതെ നീതിപീഠം വരെ തട്ടി തെറിപ്പിക്കുവാൻ കഴിയുന്നവരാണ് പുരോഹിതവർഗം . അഭയാകേസും മറിയക്കുട്ടി കേസും പണത്തിന്റെമീതെ ഊരിപൊന്നു.
ഒരു സർക്കാർ ഉദ്യോഗസ്ഥൻ അവധിയെടുത്താൽ അവകാശപ്പെട്ട അവധിദിനത്തിന്റെ പണം കൈപ്പറ്റുന്നുവെന്നാണ് ശ്രീ വലിയമംഗലത്തിന്റെ പരാതി. പെൻഷൻ മേടിക്കുന്നവരും ചക്കാത്തെന്ന് ഈ ബുദ്ധിമാൻ ചിന്തിക്കുന്നു. ജീവിതകാലം മുഴുവൻ പണിയെടുത്തിട്ടാണ് പെൻഷൻ വാങ്ങുന്നതെന്ന് ഒരു പുരോഹിതചിന്തക്ക് മനസിലാവുകയില്ല.
വേലചെയ്യാതെ കാഞ്ഞിരപ്പള്ളി അഭിഷിക്തൻ കോടികണക്കിന് വിലപിടിപ്പുള്ള കാറിൽ സഞ്ചരിക്കുന്നതിന് പരാതിയില്ല. ട്രാഫിക് പോലീസ് മെത്രാനെ തടഞ്ഞപ്പോൾ ഒറ്റരാത്രികൊണ്ട് പോലീസുകാരനെ കണ്ണൂർക്ക് സ്ഥലം മാറ്റം കൊടുക്കാൻ മെത്രാനു കഴിഞ്ഞു. മറ്റുള്ളവന്റെ പണത്തിൽ വിമാനത്തിൽ എന്നും കഴിഞ്ഞുകൂടുന്ന ആലഞ്ചേരിയെയോ കല്ലറങ്ങാടിനെയോ എന്തുകൊണ്ട് വലിയ കുമാര മംഗലം വിമർശിക്കുന്നില്ല?. പേടിയാണോ?
കത്തോലിക്കന്റെ ഒരു ഹോസ്പിറ്റലിൽ രോഗിയായ ഒരു ദളിതന് പോകുവാൻ സാധിക്കുമോ. സൗജന്യമായി ചീകൽസിക്കുമോ? എത്ര പുരോഹിതർ ഭിക്ഷ യാജിക്കുന്നവന് ഭിക്ഷ കൊടുത്തിട്ടുണ്ട്. കുർബാനപണം പോക്കറ്റിലിട്ടുകൊണ്ട് സൗജന്യമായി കുർബാന ചൊല്ലുന്നവർ, ജോലിചെയ്തു കൊടുക്കുന്നവർ എത്രപേർ ഉണ്ടെന്നാണ് വലിയ മംഗലം ചോദിക്കുന്നത്.
ആദ്യം ചെയ്യേണ്ടത് പുരോഹിത കൊള്ളക്കാരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുക. അത് രാഷ്ട്രത്തോട് ചെയ്യുന്ന നീതിയായിരിക്കും. എല്ലാ മേഖലകളിലും കൊള്ളനടത്തുന്ന തീവെട്ടികൊള്ളയാണ് ഇവരുടെ പ്രാഥമിക ജോലി.
സഭാവക സ്കൂളുകളിൽ ജോലിചെയ്യുന്ന പാവപ്പെട്ട അധ്യാപകരുടെ ശമ്പളത്തിൽ ഭൂരിഭാഗവും പുരോഹിത മേലാളന്മാരുടെ പോക്കറ്റിലാണ് പോവുക. ഒരു കുട്ടിക്ക് സ്കൂളിൽ പ്രവേശനത്തിനും ജോലിക്കും കോടികളാണ് ഇവർ വെട്ടുന്നത്. ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന നേഴ്സിന് ശമ്പളം കൊടുക്കാതെ മൂന്നു ഷിഫ്റ്റുകൾ കന്യാസ്ത്രികളും അച്ചന്മാരും ചെയ്യിപ്പിക്കും.
വലിയ മംഗലം വചനം വായിച്ചാൽ പോരാ, പ്രാവർത്തികമാക്കണം. വേല ചെയ്യുന്നവന് കൂലി കൊടുക്കുവാൻ കർത്താവ് മുന്തിരിത്തോട്ടത്തിലെ ഉപമയിൽക്കൂടി പറഞ്ഞിട്ടുണ്ട്. രാവിലെ വന്നവനും താമസിച്ചു വന്നവനും ജോലി ചെയ്യാത്തവനും ഒരു കൂലി. അതുകൊണ്ട് ഒരു സർക്കാർ ജോലിക്കാരാൻ വേലചെയ്യാതെ പണം മേടിച്ചാലും പ്രയാസ്സപ്പെടേണ്ടാ. അഞ്ഞൂറ് മരം വെട്ടുന്നവന്റെ ഉപമ ശ്രദ്ധിക്കാതെ കർത്താവിനെ ശ്രദ്ധിക്കൂ.
മത്തായി സുവിശേഷം ഇരുപതാം അധ്യായം ഒന്നു മുതൽ പതിനാറു വരെ വാക്യങ്ങൾ വായിക്കൂ. സർക്കാർ പോലും വചനം പാലിക്കുന്നു. പുരോഹിതരോ!
8."സന്ധ്യയായപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ തന്റെ വിചാരകനോടു: വേലക്കാരെ വിളിച്ചു, പിമ്പന്മാർ തുടങ്ങി മുമ്പന്മാർവരെ അവർക്കു കൂലി കൊടുക്ക എന്നു പറഞ്ഞു.
9. അങ്ങനെ പതിനൊന്നാം മണിനേരത്തു വന്നവർ ചെന്നു ഓരോ വെള്ളിക്കാശു വാങ്ങി.
10.മുമ്പന്മാർ വന്നപ്പോൾ തങ്ങൾക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവർക്കും ഓരോ വെള്ളിക്കാശു കിട്ടി.
ഇതാണ് വാക്കിന്റെ ശക്തി എന്ന് പറയുന്നത്. വാക്കിനോട് യുക്തി ചേരുമ്പോഴാണ് അതിന് ശക്തിയുണ്ടാകുനത്. വന്ദനം, ജോസഫ് മാത്യു!
ReplyDelete"മാർപാപ്പായെ ഇന്ത്യൻ പ്രധാനമന്ത്രിയാക്കി പിണറായിയെ മാർപാപ്പായും ആക്കിയാൽ വലിയ മംഗലത്തിന്റെ സ്വപ്നം സഫലമാകും."
"വലിയമംഗലത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാക്കി മൻമോഹനെ മാർപാപ്പായും ആക്കിയാൽ" എന്താ കുഴപ്പം എന്ന് ഞാനങ്ങ് നിരൂപിച്ചുപോയി.
അഭയാകേസും മറിയക്കുട്ടി കേസും പണത്തിന്റെമീതെ ഊരിപൊന്നു. ഈ സംഭവങ്ങലിലൊന്നും പ്രതികളിലല്ലാതെ,ജീവൻ നഷ്ടപ്പെട്ട അഭയ, മറിയക്കുട്ടിമാരുടെ പേരില് ഒരു സെക്കന്റുപോലും നമ്മുടെ പുരോഹിതർ വ്യാകുലപ്പെട്ടതായി കേട്ടില്ല. അതുപോലെതന്നെ സ്ത്രീകൾ കൊടുംക്രൂരതകൾക്ക് വിധേയരാകുന്നിടത്തോന്നും പള്ളിക്ക് സ്വരമില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അവരിലാരെങ്കിലും കുടുങ്ങുമ്പോൾ കോടികൾ വാരിയെരിയുക എന്നതാണ് തഴക്കം. ഒരു പരമാധികാര ന്യായ പീഠത്തിന്റെ നിളയും വിലയും പോലും നശിപ്പിക്കാൻ കേരളത്തിലെ പുരോഹിതവർഗം ഇടവരുത്തിയില്ലേ? ഇതല്ലേ ഏറ്റവും വലിയ രാജ്യദ്രോഹക്കുറ്റം? എന്തുകൊണ്ട് അതിനുള്ള ശിക്ഷ നടപ്പാക്കപ്പെടുന്നില്ല? തെളിവില്ലാഞ്ഞിട്ടാണോ?
അച്ചന്മാരും കന്യാസ്ത്രീകളും ഓടിക്കുന്ന ആശുപത്രികളിൽ, സ്കൂളുകളിൽ എത്ര ജോലിക്കാർക്ക് അവരെക്കൊണ്ടു ഒപ്പിടീക്കുന്നത്ര ശമ്പളം കൊടുക്കുന്നുണ്ട്?
സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളേണ്ടവർ ഇങ്ങനെ ചെയ്തിട്ട്, ഏതു ലോകത്തെയാണ് ഇവർ നന്നാക്കാൻ പോകുന്നത്?
റവ.വലിയമംഗലം ഒരു ചിന്തകനാണ്. പലപ്പോഴും അദ്ദേഹം കത്തോലിക്കാ സഭയിലെ വിശ്വാസ പ്രമാണങ്ങളെ തുറന്നു വിമര്‍ശിക്കുന്നതും ഞാന്‍ കേട്ടിട്ടുണ്ട്, ഔദ്യോഗിക പാതയിലല്ലാ അദ്ദേഹം സഞ്ചരിക്കുന്നതും. അദ്ദേഹത്തെ അവസാനം ഞാന്‍ കണ്ടിട്ട് ഒരു പത്തു വര്‍ഷങ്ങളെങ്കിലും ആയിക്കാണും. ഇപ്പോള്‍ അത്മായാ പ്രസിദ്ധീകരണങ്ങളില്‍ വരുന്ന ലേഖനങ്ങള്‍ അദ്ദേഹത്തെ അലോസരപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് എനിക്കും വ്യക്തമല്ല.
ReplyDeleteസഭയെ അനുകൂലിച്ചും പ്രതികൂലിച്ചും എത്രയോ പ്രസിദ്ധീകരണങ്ങളുണ്ട്. അനുകൂലിക്കുന്നവര്‍ പറയുന്നത് ഇത് കൂദാശയാണ് അത് കൊണ്ട് സഭ പറയുന്നത് അനുകൂലിച്ചേ മതിയാവൂ എന്ന അര്‍ത്ഥത്തിലാണ്. അവരാകട്ടെ മുകളില്‍ ഇരിക്കുന്ന മാര്‍പ്പാപ്പാമാരെ ഇന്നേവരെ ഗൌനിക്കാറുമില്ല. ഭക്ഷണം വെറുതെ കളയുന്നത് പാവപ്പെട്ടവന്‍റെ പിച്ചച്ചട്ടിയില്‍ നിന്ന് മോഷ്ടിക്കുന്നതിനു തുല്യമാണെന്ന് മാത്രമല്ല അദ്ദേഹം പറഞ്ഞത്; മനുഷ്യ ജീവന് ഇവിടെ ചപ്പിന്‍റെ വിലയേ കൊടുത്തിട്ടുള്ളൂവെന്നുമാണ്. സ്വര്‍ണ്ണ സിംഹാസനവും ആഡംബരങ്ങളും ഒഴിവാക്കുക മാത്രമല്ല അദ്ദേഹം ചെയ്തത് കാവല്‍ നിന്ന സ്വിസ് ഗാര്‍ഡിന് സ്വയം ചായ അനത്തി കൊടുക്കുകയും ഇരിക്കാന്‍ കസേര എത്തിച്ചു കൊടുക്കുകയും ചെയ്തു. ഇതൊന്നും ഇവിടുള്ളവര്‍ കേട്ട ഭാവമേയില്ല. ഇവര്‍ പറയുന്നത് കേട്ടാല്‍ വിവാഹ ഒരുക്ക ധ്യാനം വളരെ ആരോഗ്യപ്രദമാണ് ആളുകള്‍ ആവേശത്തോടെയാണ് അങ്ങോട്ട് വരുന്നതെന്ന്. ഈ സാധനം ഒരിക്കല്‍ കൂടി തിന്നാന്‍ ആരും പോയിട്ടുള്ളതായി ശത്രുക്കള്‍ പോലും പറഞ്ഞു കേട്ടിട്ടില്ല. ഉണ്ടോ?
എതെടുത്താലും പണം പണം പണം അതാണിവിടുത്തെ ദൈവശാസ്ത്രം. അടുത്ത കാലത്ത് ഒരു കഥ കേട്ടു. ഒരു ബ്രഹ്മാണ്ടന്‍ പള്ളിയില്‍ ഒരു കല്യാണം. കോട്ടും സ്യുട്ടും ഇട്ടു വരുന്ന വരന്‍ എത്ര ഫാനിട്ടാലും വിയര്‍ക്കും. വരന്‍റെ വീട്ടുകാര്‍ വികാരിയച്ചനോട് ചോദിച്ചു, "ഒരു പെഡസ്ടല്‍ ഫാന്‍ വെച്ചോട്ടെ?" "അതിനെന്താ? എത്രയെണ്ണം വേണമെങ്കിലും വെച്ചോളൂ..പക്ഷെ.." "പക്ഷെ..?" ഉടന്‍ വന്നു മറുപടി, "അതവിടെനിന്നും എടുക്കാന്‍ പറ്റില്ല." അങ്ങിനെ അന്നും കിട്ടി പള്ളിക്കൊരു സംഭാവന. കല്യാണ സമയത്ത് വിവാഹ നിധിയിലേക്ക് ഒരു പിരിവുണ്ട്. മറ്റൊരിക്കല്‍ വരന്‍റെ വീട്ടുകാര്‍ പറഞ്ഞു, "പിരിക്കെണ്ടാ ...അത്രയും ഞങ്ങള്‍ തന്നോളം." ഉടന്‍ വന്നു മറുപടി, "തന്നോളൂ...പക്ഷെ പിരിക്കാതിരിക്കാന്‍ പറ്റില്ല." തെണ്ടണം തെണ്ടണം മരിക്കുവോളം... ഈ പ്രാര്‍ത്ഥന ഏതു കൂദാശയുമായി ബന്ധപ്പെട്ടതാണെന്ന് അറിയില്ല.
ബഹു. വലിയമംഗലത്തിനോട് എല്ലാ ആദരവോടെയും പറയട്ടെ, അങ്ങുദ്ദേശിക്കുന്ന ഒരു കത്തോലിക്കാ സഭ ഇന്നിവിടെ നിലവിലില്ല. ഇവിടെയുള്ളത് ഒരു ക്രിസ്ത്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ് മാത്രമാണ്. വില്‍പ്പനക്കുള്ള സാധനങ്ങളുടെ സ്ടോക്കും വിലനിലവാരവും പള്ളിയുടെ മുമ്പില്‍ തന്നെ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. ഇനി നിങ്ങള്‍ ഒരിക്കലും കുര്‍ബാനയ്ക്ക് വരേണ്ടെന്നു പെരുമ്പറ കൊട്ടി പ്രഖ്യാപിച്ചാലും, പള്ളി തുറക്കുമ്പോഴേ ഇരച്ചു കേറുന്ന ഒരു വലിയ സമൂഹത്തെയും ഇവര്‍ സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് പൂജിക്കാന്‍ താമര കുരിശായാലും കണ്ണന്‍ ചിരട്ടയായാലും പരാതിയില്ല. അല്ലെലൂജാ...സ്തോത്രം കര്‍ത്താവേ!
വലിയമംഗലത്തിന്റെ ചിന്ത ഒരു "chickenhearted fellow " യുടെ ചിന്തപോലെ വളരെ വളരെ ചെറുതായിപോയത്തിൽ സങ്കടമുണ്ട് ! "വലിയമംഗളം" ഇനിയും മനുഷ്യമനസുകളിൽ ചെറിയ മംഗളമായി " സോറി , മണ്‍കലമായി വിരാജിക്കുമാരാകട്ടെ .സോടോമ്യരെക്കാൾ മ്ലെച്ഛരായ പാതിരി /തിരുമാനസുകളിലാകെ അഴുക്കുചാലുകളുടെ ദുർഗന്ധം ! കൈമുത്താൻ പോയിട്ട് കണികാണാനും കൊള്ളാത്ത ഈ വർഗത്തിന്റെ സ്ഥിരം അടിമത്തത്തിൽനിന്നും പാവം ജനം ഒരുകാലത്തും മോചിതരാകെണ്ടേ ? നാണമുള്ള പാതിരിയെ ഭാവാനിതുവരെ നേരിൽ കണ്ടിട്ടുണ്ടോ ? ളൊഹകൽ 100 ധരിച്ചാലും നാണക്കേടുമാറില്ലിവരുടെ തെമ്മാടിത്തരം കാരണം ...അനുഭവത്തിൽനിന്നും മനസ് പഠിച്ച പാഠങ്ങളാണിവിടെ ഈ ശരീരം വെടിയുംമുന്പേ ഞങ്ങൾ ഈ കുത്തിക്കുറിക്കുന്നത്തു , അടുത്ത തലമുറ നിങ്ങളില്നിന്നു രക്ഷപ്പെടാൻ..മനസിലായോ ?വലിയമംഗലത്തെ ചെറിയ മനസുകാരാ..മനസ് വിശാലമാക്കൂ ആ നീലാകാശംപോലെ ... ആകാശം പോലെ.മനസും വിശാലമല്ലായെങ്കിലീ മനസുമാനസല്ലാതാകും ..കേട്ടോ! change your track of thoughts please .. ബഹു. വലിയമംഗലത്തിനോട് എല്ലാ ആദരവോടെയും പറയട്ടെ......
ReplyDelete