Translate

Thursday, June 6, 2013

മഗ്‌ദലനാമറിയത്തിന്റെ തമ്പുരാന്‍ പ്രണയം

 
                 സത്യദീപത്തില്‍ ഡോ. റോസി തമ്പി എഴുതിയത്രേ, മഗ്‌ദലനാമറിയം നമ്മുടെ തമ്പുരാന്‍ കര്‍ത്താവിനെ പ്രണയിച്ചു എന്ന്‌... ...

....കുടുംബജ്യോതിസില്‍ പ്രൊഫ. മാത്യു ഉലകംതറയുടെ പ്രതികരണത്തില്‍ നിന്നാണു ഞാനിതറിഞ്ഞത്‌. 
റോസിക്കു മലയാളഭാഷപോലും ശരിക്കറിയാന്‍ പാടില്ലെന്നൊക്കെ പറഞ്ഞ്‌ ശരിക്ക്‌ ഒതുക്കിയിട്ടുണ്ട്‌. 
അങ്ങനെ വേണം കര്‍ത്താവിനെ നിന്ദിക്കുന്നവരോട്‌. 
മലയാളം പ്രൊഫസര്‍ ജോലിയില്‍നിന്നുതന്നെ ഡോ. റോസിയെ പുറത്താക്കേണ്ടതാണ്‌. 
നമ്മുടെ കോളേജുകളൊക്കെ സ്വയം ഭരിതമായെങ്കില്‍ അതൊക്കെ എത്ര എളുപ്പമായേനെ.
                 ഇനി പ്രണയത്തിന്റെ കാര്യം. കര്‍ത്താവിനെ പ്രണയിക്കാന്‍ ലക്ഷക്കണക്കിനു മണവാട്ടികള്‍ ലോകമൊട്ടുക്കുണ്ട്‌. അത്‌ ഇന്ന്‌. 
നമ്മുടെയൊക്കെ പ്രണയ-പാപങ്ങള്‍ക്കു പരിഹാരമായി സ്വയം ബലിയായതിനു സഭയുടെ വക പ്രത്യുപകാരം. 
അതിനു മുമ്പേതന്നെ ആരോ കര്‍ത്താവിനെ പ്രണയിച്ചെന്നൊക്കെ പറഞ്ഞാല്‍ അതിന്റെ നാണക്കേടു നമുക്കല്ലിയോ? 

7 comments:

  1. കർത്താവിനെ നിത്യപുരോഹിതൻ ആക്കിയവർക്കു ഇത് ദഹിക്കുമോ സെബാസ്റ്റ്യൻ സാർ ?
    ഫ്രാൻസിസ് മാർപ്പാപ്പയുടെ കൗമാരപ്രണയം പോലും ഒരു കുഞ്ഞാടിന് താങ്ങാൻ പറ്റാത്തതാണ് .

    ReplyDelete
  2. ക്രിസ്തുവിന്റെ ജീവിതകാലങ്ങളെ സംബന്ധിച്ചുള്ള അനേക മാനുസ്ക്രിപ്റ്റുകൾ കൊണ്സ്റ്റാന്റിൻകാലത്തുതന്നെ നശിപ്പിച്ചുകളഞ്ഞതായി ചരിത്രങ്ങൾ ഉണ്ട്. ആദികാല ക്രിസ്ത്യൻവിശ്വാസങ്ങളിൽ പലതും കാലഹരണപ്പെട്ടുപോയി.അന്ന് അവർ വിശ്വസിച്ചുവന്നവ കാനോൻനിയമത്തിലോ സുവിശേഷങ്ങളിലോയില്ല. ചിലത് നശിച്ച അവസ്ഥയിൽ കണ്ടെടുത്തിട്ടുണ്ട്.

    അന്നത്തെ സമൂഹരാഷ്ട്രീയത്തിലെ വിവേചനംകാരണം ആദികാല ക്രിസ്ത്യാനികളുടെ ആധികാരികമായിരുന്ന പല വിശ്വാസങ്ങളെയും അധികാരത്തിന്റെ വാൾമുനയിൽ ഇല്ലാതാക്കി. ഫിലിപ്പിന്റെ സുവിശേഷത്തിലാണ് യേശുവും മഗ്ദാലനായും തമ്മിലുള്ള പ്രേമം വ്യക്തമാക്കുന്നത്.

    ബൈബിളിലെ സാഹചര്യങ്ങൾ പലതും യേശുവും മഗ്ദാലനായും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നുണ്ട്. ലൂക്കോസ് എട്ടാംഅദ്ധ്യായം രണ്ടാംവാക്യത്തിൽ മഗ്ദാലനായിൽനിന്ന് ഏഴ് ബാധകൾ ഒഴിപ്പിച്ചതായി കാണാം. ഒരു പൗരാണിക കൈയെഴുത്തുപ്രതിയിൽ യേശു മഗ്ദാലനായെ ഉമ്മവെച്ചിരുന്നുവെന്നും എഴുതിയിട്ടുണ്ട്. മഗ്ദാലനായിൽ യേശുവിന് അമിതാവേശം ഉണ്ടായിരുന്നുവെന്ന് സുവിശേഷങ്ങളിൽനിന്നും വ്യക്തമാണ്.


    1945 ൽ നാഗ്ഹമ്മാദിയിൽ കണ്ടെത്തിയ അപ്പോസ്തോലികമല്ലാത്ത ജ്ഞാനവിഷയമായ ചില പൗരാണിക സുവിശേഷങ്ങളിൽ മേരി മഗ്ദാലനായെപ്പറ്റി സവിസ്തരം വിവരിച്ചിട്ടുണ്ട്.യേശുവിന്റെ മഗ്ദലനായിൽ ഉണ്ടായിരുന്ന അമിതസ്നേഹം ശിക്ഷ്യരിൽ അസൂയയും ഉണ്ടാക്കിയിരുന്നു.

    നാഗ്ഹമ്മാദി ടെക്സ്റ്റിൽ യേശുവുമായുള്ള ഹൃദയടുപ്പം പ്രേമത്തിന്റെ ഭാവനയിൽ കാണാം. 'പ്രിയപ്പെട്ടവളേ' യെന്നു മഗ്ദാലനായെ യേശു വിളിക്കുന്നതായും എഴുതിയിട്ടുണ്ട്. വിലയേറിയ സുഗന്ധതൈലങ്ങൾകൊണ്ട് മഗ്ദലനാ അവന്റെ പാദങ്ങളിൽ പൂശി. ശിഷ്യന്മാർ തടയുവാൻ ശ്രമിച്ചപ്പോൾ യേശു അവളുടെ ആഗ്രഹത്തിന് കീഴ്വഴങ്ങുകയായിരുന്നു.


    ലൂക്കോസ് സുവിശേഷം എട്ടാം അദ്ധ്യായം പറയുന്നു "മേരി യേശുവിനെ അനുഗമിക്കുന്ന ഒരുവളായിരുന്നു. അവൾ യേശുവിനൊപ്പം യാത്രചെയ്തിരുന്നു." മഗ്ദാലനായെ അറിയുവാൻ ബൈബിൾ മാത്രമല്ല, കണ്ടെടുത്ത അനേക പൗരാണിക രെഖകളുമുണ്ട്. 1945 ൽ തെക്കേ ഈജിപ്റ്റിലെ നാഗ് ഹമ്മാദിയിൽ അടച്ചുവെച്ച കളിമണ്ണുകൊണ്ടുള്ള ഭരണിക്കുള്ളിൽനിന്നും പൗരാണിക പപ്പിറസ് കടലാസ്സുകളിൽ എഴുതിയ ചുരുളുകൾ കണ്ടെടുത്തു.

    ഭരണിയിലുണ്ടായിരുന്ന ലിഖിതങ്ങൾ ക്രിസ്ത്യൻചരിത്രത്തിന് വെളിച്ചം നല്കുന്നവയായിരുന്നു. എഴുത്തുകൾ പൌരാണിക കോപ്റ്റിക്ക് ഭാഷയിൽ ആയിരുന്നു. അനേകഗ്രന്ഥങ്ങൾ നഷ്ടപ്പെട്ടെങ്കിലും കിട്ടിയ ബുക്കുകൾ വിലമതിക്കുവാൻ സാധിക്കുകയില്ല. അന്ന് ലഭിച്ചത് തോമസ്,ഫിലിപ്പ്,പീറ്റർ എന്നിവർ എഴുതിയ സുവിശേഷങ്ങളായിരുന്നു. ക്രിസ്ത്യൻ വിശ്വാസത്തിലുള്ള സുവിശേഷങ്ങളിൽനിന്നും പരസ്പരവിരുദ്ധമായി യേശുവിനെയും വചനങ്ങളെയും വിവരിച്ചിരിക്കുന്നതുമൂലം സഭ ഈ ഗ്രന്ഥങ്ങളെ നിരോധിച്ചിരിക്കുകയാണ്.പഴയ ഭരണികളിൽ കണ്ടെടുത്ത ചുരുളുകളിൽ ആദികാല ക്രൈസ്തവ കാഴ്ചപ്പാടുകളും യേശുവിനെപ്പറ്റിയും അനേകവിവരങ്ങൾ ലഭിക്കുന്നുണ്ട്. മേരി മഗ്ദലനായും യേശുവും തമ്മിലുള്ള സ്നേഹബന്ധം വ്യക്തമാക്കുന്നുണ്ട്.

    യേശു ശിക്ഷ്യന്മാരോട് ചോദ്യങ്ങൾ ചോദിക്കുന്ന വേളയിൽ ശിക്ഷ്യന്മാരെക്കാൾ ബുദ്ധിപരമായ ആശയങ്ങൾ അവതരിപ്പിച്ചിരുന്നതും മേരി മഗ്ദാലനായെന്ന് മാനുസ്ക്രിപ്റ്റുകളിൽ വ്യക്തമാണ്. മറ്റുള്ള ശിക്ഷ്യന്മാർ പലപ്പോഴും ഉത്തരംകിട്ടാതെ മനസ്സിനെ കുഴുക്കുമ്പോൾ മഗ്ദലനാ യേശു നല്കുന്ന ചോദ്യങ്ങൾക്ക് ബുദ്ധിപരമായി ഉത്തരങ്ങൾ നല്കുമായിരുന്നു. യേശു പറയുന്നത് അവൾക്ക് മാത്രം മനലാകുമായിരുന്നു.

    നാഗ ഹമാദിയിൽ കണ്ടെടുക്കപ്പെട്ട ഫിലിപ്പിൻറെ സുവിശേഷങ്ങളിൽ മഗ്ദാലനായെ സംബന്ധിച്ചുള്ള വിവാദങ്ങൾ ഏറെയുണ്ട്. ചുരുളുകളിൽ ആശയങ്ങൾ പലതും ചിതൽ നശിപ്പിച്ചതായി കാണുന്നു. യേശു, മഗ്ദാലാന തന്റെ കൂട്ടുകാരത്തിയെന്ന് വ്യക്തമാക്കുന്നുണ്ട്. അവൻ ശിക്ഷ്യന്മാരെക്കാളും മഗ്ദാലനായെ സ്നേഹിച്ചിരുന്നു.ശിക്ഷ്യന്മാർ അവനോട് ചോദിച്ചു, "ഗുരോ നീ ഞങ്ങളെക്കാളും എന്തുകൊണ്ട് അവളെ സ്നേഹിക്കുന്നു" യേശു ഉത്തരം പറഞ്ഞു " എനിക്ക് എന്തുകൊണ്ട് നിങ്ങളെപ്പോലെ അവളെ സ്നേഹിച്ചുകൂടാ, അന്ധനായവൻ അന്ധകാരത്തിൽ തപ്പിനടക്കും. പകലും രാത്രിയും അവന് ഒരുപോലെയാണ്. പ്രകാശം വരുമ്പോൾ കാഴ്ച്ചയുളളവൻ പ്രകാശത്തെ ദർശിക്കും. അന്ധൻ പ്രകാശത്തിലും തപ്പിനടക്കും. ഫിലിപ്പിന്റെ സുവിശേഷത്തിൽ യേശു മഗ്ദാലനായെ പ്രേമിച്ചിരുന്നുവെന്ന് വ്യക്തമാണ്. ഈ പുസ്തകങ്ങൾക്കെല്ലാം സുവിശേഷങ്ങളോളം പഴക്കവുമുണ്ട്.

    ReplyDelete
  3. പ്രണയം, ഏറ്റവും കൃത്യമായ അർത്ഥത്തിൽ ഒട്ടും സ്വാർത്ഥതയില്ലാത്ത സ്നേഹമെന്നാണ്. ഇത് ഏവർക്കുമറിയാവുന്നതുപോലെ വളരെ വിരളമാണ്. അത്തരം പ്രണയം, ഒരിക്കൽ സംഭവിച്ചാൽ എന്നും നിലനില്ക്കും. പ്രണയത്തിനു മരണമില്ല, അത് മരണത്തേക്കാൾ ശക്തമാണ് എന്നൊക്കെ പറയുന്നത് അതുകൊണ്ടാണ്. നമ്മുടെ സാഹിത്യത്തിലും തിരശീലയിലുമൊക്കെ പ്രദർശിക്കപ്പെടുന്ന 'പ്രണയം' യഥാർത്ഥ പ്രണയത്തിന്റെ ഏഴയലത്തുപോലും എത്തില്ല എന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെയാണ് പ്രണയം എന്ന് പറഞ്ഞ് യുവതീയുവാക്കൾ ചാടിപ്പോകുമ്പോൾ മിക്ക മാതാപിതാക്കളും എതിർക്കുന്നത്. എന്നുവച്ച് ശരിയായ പ്രണയം ഇല്ലെന്നു പറയാൻ ആർക്കുമൊടട്ട് അവകാശമില്ല താനും.

    അനൂപ്‌ തന്ന വീഡിയോ കണ്ടു. അവിടെയും അങ്ങേയറ്റത്തെ നിസ്വാർത്ഥതയാണ് മധ്യബിന്ദു. ഏതു മനുഷ്യനും അത്രകണ്ട് അസ്സാദ്ധ്യമായതും അത് തന്നെ. അതുകൊണ്ടുതന്നെയാണ് അതിൽ (അല്ലെങ്കിൽ തോമസിന്റെ സുവിശേഷത്തിൽ) പറയുന്നതരത്തിലുള്ള സംഭവങ്ങൾ എത്രയും വിരളമായിരിക്കുന്നത്. എന്നാൽ, നിസ്വാർത്ഥതയും വിശ്വാസവും ഒരുമിക്കുമ്പോൾ അപ്രതീക്ഷിതമായവ സംഭവിക്കുന്നു എന്നതിന് നമ്മുടെയടുത്തുതന്നെ തെളിവുകൾ ഇല്ലാതുമില്ല. ചില അനാഥാലയങ്ങൾ അതിനുദാഹരണങ്ങളാണല്ലൊ.

    "മഗ്ദാഗ്ദലെനായിൽ യേശുവിന് അമിതാവേശം ഉണ്ടായിരുന്നുവെന്ന് സുവിശേഷങ്ങളിൽനിന്നും വ്യക്തമാണ്." (J. മാത്യു) യേശുവിനെപ്പോലെ ബൌദ്ധിക, ധാർമ്മിക, ആദ്ധ്യാത്മിക ഔന്നത്യം ഉണ്ടായിരുന്ന ഒരാളെപ്പറ്റി അമിതാവേശം എന്നുപയോഗിക്കുന്നത് ശരിയല്ല എന്നെനിക്കു തോന്നുന്നു. എല്ലാം കൈചൂണ്ടുന്നത് മഗ്ദലെനമറിയവും അത്രകണ്ട് ബൗദ്ധികമായും ആദ്ധ്യാത്മികമായും ഉന്നതിയിൽ എത്തിയവളായിരുന്നു എന്നാണ്. സ്വന്ത ജീവിതത്തിൽ ശുദ്ധ പ്രണയത്തിന്റെ അയൽവക്കത്ത്കൂടിയെങ്കിലും പോയിട്ടില്ലാത്തവർക്ക് ഇതിന്റെ പൊരുൾ പിടികിട്ടില്ല. വെറും താത്ത്വികമായ ചർച്ചകൾക്ക് അതീതമാണ് ഇത്തരം വിഷയങ്ങൾ.

    ReplyDelete
  4. മശിഹായെ കുരിശിൽനിന്നും താഴെ ഇറക്കുവാനും , ഉയര്ത്തെഴുനേറ്റവനെ ഒന്നാമതായി കാണുവാനും മേരിമഗ്നലനക്ക് കഴിഞ്ഞത് , എല്ലശിഷ്യന്മാരും അവനെ ഉപേക്ഷിചിട്ടോടിയിട്ടും സദാ അവനെ അവൾ പിൻതുടർന്നതുമൂലമായിരുന്നു.....ഇതു മനസിന്റെ അളവില്ലാത്ത പ്രേമം മൂലമല്ലാതെ എന്തുകൊണ്ടാണ് ? "തന്നെ മറന്നുള്ള സ്നേഹം" ,അതായിരുന്നു അവൾക്കവനോട്‌; സത്യം !ഇതിലെന്താണിത്ര നാണീക്കാനചായനു ? അവനും നമ്മേപോലെ മനുഷ്യനായിരുന്നില്ലേ ? വിശന്നില്ലെ ,ദാഹിച്ചില്ലേ ?,കരഞ്ഞില്ലേ ,പ്രാർഥിചില്ലെ ?,കോപിച്ചില്ലേ,സ്നേഹിച്ചില്ലേ ,എന്തിനധികം , സുന്നത്തും ചെയ്യിച്ഛതല്ലേ ? ഉള്ളതുള്ളതുപോലെ പറഞ്ഞാൽ "അവൻ"അവനല്ലാതാകുമോ? വീണ്ടും വരാതിരിക്കുമോ? "നഷ്ട്ടപെട്ട സുവിശേഷങ്ങൾ" ഇന്ന് പുസ്തകമായി ,!എന്റെ കയ്യിലുമുണ്ടൊരു കോപ്പി ..വായിക്കൂ കിണറ്റിലെ തവളകളാകാതിരിക്കൂ.. അറിവിന്റെ കടലോരംവരെ യാനം ചെയ്യൂ ..ഈ ജന്മം പുണ്യമുള്ളതക്കൂ..

    ReplyDelete
  5. സാധാരണ പൗരാണിക തത്ത്വജ്ഞാനത്തിലെ യേശുവിനെ സംബന്ധിച്ച് കുറിപ്പ് എഴുതുമ്പോൾ എന്റെതായി ഒന്നുംതന്നെ എഴുതാറില്ല. പലതും ഹാർവാര്ഡ്, യേൽ യൂണിവേഴ്സിറ്റി പ്രൊഫസർമാരുടെ ഗവേഷണലേഖനങ്ങൾ വായിച്ചശേഷമാണ് എന്തെങ്കിലും എഴുതുന്നത്‌. അതിൽ വിയോജിപ്പുകൾ ഉണ്ടാകാം. എങ്കിലും ജ്ഞാനികളെ ബഹുമാനിച്ചേ മതിയാവൂ.

    വിശ്വാസം അനുസരിച്ച് യേശു ദൈവവും, ചിലർക്ക് ദൈവവും മനുഷ്യനും ചുരുക്കം ചിലർക്ക് യേശു ധർമ്മിഷ്ഠനായ മനുഷ്യനും മാത്രമാണ്. ഇത്തരം വാദവിവാദ സംവാദങ്ങളിൽ ഞാൻ ആരുടെകൂടെയുമല്ല. സത്യം തേടി ജ്ഞാനികളുടെ ഗവേഷണപ്പുരയിൽ എത്തിനോക്കാൻ ചിലപ്പോൾ ശ്രമിക്കാറുണ്ട്. ഇന്നലെ ഞാൻ എഴുതിയ കുറിപ്പിലും സത്യങ്ങളില്ല. എന്നാൽ സത്യങ്ങളില്ലെന്ന് തെളിയിക്കുവാനും സാധിക്കുകയില്ല. ബൈബിളിൽ യേശുവിനും മഗ്ദാലാനാക്കും പ്രേമബന്ധങ്ങൾ ഉണ്ടായിരുന്നുവെന്ന് ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. പ്രേമം ഇല്ലായിരുന്നുവെന്നും പറഞ്ഞിട്ടില്ല. വിവാഹിതനെന്നോ വിവാഹിതനല്ലായിരുന്നുവെന്നോ ഒരു വചനത്തിലും ഇല്ല. യേശുവിനെ സംബന്ധിച്ച മറ്റു വിവരങ്ങൾ ലഭിക്കുന്നത് സഭ അംഗീകരിക്കാത്ത കൃതികളിൽനിന്നുമാണ്.

    ഹാർവാര്ഡ് യൂണിവേഴ്സിറ്റി പ്രൊഫസർ കാരണ്‍കിംഗിന്റെ അഭിപ്രായത്തിൽ നാലാംനൂറ്റാണ്ടിലേതെന്ന് പറയപ്പെടുന്ന കണ്ടെടുക്കപ്പെട്ട ഒരു ബിസനസ് കാർഡിന്റെ വലിപ്പമുള്ള പപ്പിറസ്സികടലാസിലെ വിവരങ്ങളനുസരിച്ച് യേശുവിന് ഭാര്യയുണ്ടായിരുന്നുവോ എന്ന നിഗമനത്തിൽ എത്തുവാൻ സാധിക്കുകയില്ലായെന്നാണ്. ഇതിന്റെ പേരിൽ ശക്തിയായ വാദങ്ങൾ തുടരുന്നുണ്ട്. ഇത്തരം ശാസ്ത്രീയവിവാദങ്ങൾ പുരോഹിതർക്കും പാസ്റ്റർമാർക്കും രസിക്കുകയില്ല.


    മിസ്സസ് കിംഗ്‌, കോപ്റ്റിക്ക് സാഹിത്യത്തിലെ ഒരു സ്പെഷ്യലിസ്റ്റാണ്. യൂദായുടെയും മേരിയുടെയും സുവിശേഷങ്ങൾ ഉൾപ്പടെ അനേക ഗ്നോസ്റ്റിക്ക് പുസ്തകങ്ങളുടെ ഗ്രന്ഥകർത്രിയുമാണ്‌. ഈ പൗരാണികലിഖിതങ്ങൾ ക്രിത്രമങ്ങളെന്നും ചിലർ വിശ്വസിക്കുന്നു. അക്ഷര വടിവ്, ഗ്രാമർ, പപ്പിറാസ് ആകൃതി, മഷിയുടെ നിറം, ഇവകളെല്ലാം കണക്കിലെടുത്താണ് അടുത്ത കാലത്ത് കണ്ടെടുത്ത ലിഖിതങ്ങൾ കൃത്രിമങ്ങൾ എന്ന് അനുമാനിക്കുന്നത്. യേശുവും മരിയായും തീവ്രവും ആവേശവുമായ പ്രേമത്തിലായിരുന്നുവെന്ന വാദങ്ങൾ എന്റെതല്ലാ. പ്രസിദ്ധരായ ഗെവേഷകരുടെ ചിന്താഗതികളാണ്. അവരുടെ തെളിവുകളില്ലാത്ത കണ്ടുപിടുത്തങ്ങളാണ്. അവിടെ ധർമ്മിഷ്ഠനായ യേശുവിലുള്ള വിശ്വാസത്തിന് കോട്ടവും വരുകയില്ല.


    യേശു മേരി മഗ്ദാലനായെ വിവാഹം ചെയ്തിരുന്നുവെന്നും യഹൂദാ എന്ന പുത്രൻ ഉണ്ടായിരുന്നുവെന്നും ചിലർ വാദിക്കുന്നു. ഈ വിവരം ഡിസ്ക്കവറി ചാനലിൽ വന്ന "The Jesus family tomb' എന്ന ഡോക്കുമെന്റിയിൽ കാണാം. പ്രസിദ്ധമായ ദാവഞ്ചികോട് വലിയ ഒരു ജനവിഭാഗം സത്യമെന്നു വിശ്വസിക്കുന്നു. ഹോളിബ്ലഡ് എന്ന പുസ്തകത്തിൽ യേശുവിന്റെയും മേരിയുടെയും രഹസ്യ വേഴ്ചകളെപ്പറ്റി പറഞ്ഞിരിക്കുന്നത് അനേകർ അക്ഷരാർഥത്തിൽ വിശ്വസിക്കുന്നുണ്ട്. ചരിത്രപരമായ തെളിവുകൾ ഒരു പുസ്തകത്തിലും ഇല്ല. പുതിയ നിയമത്തിൽ മേരിയെ ഒരു വ്യപിചാരിയായി ചിത്രീകരിച്ചിട്ടുണ്ട്. ക്രൈസ്തവലോകത്തിന്റെ ചിന്താഗതിയിലും അവൾ വേശ്യതന്നെ. സ്ത്രീത്വ ത്തിന്റെ പവിത്രതയെ സുവിശേഷം എഴുതിയവർക്ക് അറിയത്തില്ലായിരുന്നു. സുവിശേഷത്തിൽ സ്ത്രീയെ സ്നേഹിച്ചത് യേശു മാത്രമേയുള്ളൂ.


    ഫിലിപ്പ് സുവിശേഷത്തിൽ മേരിയെ യേശുവിന്റെ കൂട്ടുകാരിയായി കണക്കാക്കുന്നു. അവളെ യേശു ഉമ്മ വെക്കുന്നു. പ്രിയപ്പെട്ടവളെയെന്ന് വിളിക്കുന്നു. അവളോട്‌ ശിക്ഷ്യന്മാർക്ക്‌ അസൂയ ഉണ്ടാകുന്നു. ഇതെല്ലാം കാണിക്കുന്നത് മനുഷ്യനായ യേശുവിലെ പൂർണ്ണതയാണ്. ധർമ്മിഷ്ഠനെങ്കിലും മനുഷ്യന്റെ വികാരങ്ങളും ആവേശങ്ങളും യേശു അടക്കി പിടിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ആറാം നൂറ്റാണ്ടിലെ പോപ്പ് ഗ്രീഗറിയും അവളെ വേശ്യായെന്ന് വിളിച്ചു.

    അനേക ചിന്തകർ ചിന്തിക്കുന്നതുപോലെ യേശുവും മേരിയും തമ്മിലുണ്ടായിരുന്ന പ്രേമമോ വിവാഹബന്ധമോ ലൈംഗിക ബന്ധമോ മേരിയുടെയോ ഫിലിപ്പിന്റെയോ സുവിശേഷങ്ങളിൽ ഇല്ല. ഉണ്ടെങ്കിൽ തന്നെയും ഗുരു പഠിപ്പിച്ചതിനൊന്നും മങ്ങലുമേക്കുകയില്ല. ലോകത്തിന്റെ ദീപമായ ആ പ്രകാശത്തെ ഒരു ശക്തിക്കും കെടുത്തുവാൻ സാധിക്കുകയുമില്ല.



    ReplyDelete
    Replies
    1. "സ്ത്രീത്വത്തിന്റെ പവിത്രത സുവിശേഷം എഴുതിയവർക്ക് അറിയത്തില്ലായിരുന്നു."

      എന്തിനെയും ആരെയും വിലയിരുത്തുമ്പോഴും അതിന്റെ സ്ഥലകാലങ്ങലെപ്പറ്റി ബോധമില്ലെങ്കിൽ വളരെയേറെ തെറ്റുകളും മുൻവിധികളും സംഭവിക്കും. സ്ത്രീകളെ മനുഷ്യരായിപ്പോലും കാണാതിരുന്ന ഒരുസമൂഹത്തിലാണ് യേശു സ്ത്രീകളെ അത്ര ബഹുമാനത്തോടും സമഭാവനയോടെയും തന്റെ ശിഷ്യഗണത്തിൽ ഉള്പെടുത്തിയത് എന്നോർക്കുമ്പോഴാണ് അതിലെ മഹത്വം അറിയുക. എന്നിട്ടും സുവിശേഷകർത്താക്കൾ പോലും അക്കാര്യത്തിൽ മായം കലർത്തി, കഴിവതും അത്തരം കാര്യങ്ങൾ ഒതുക്കിവച്ചു. പിന്നെയങ്ങോട്ട് സഭയിൽ സ്ത്രീവിദ്വേഷം വർദ്ധിക്കുകയാണ് ചെയ്തത്. ആ വിദ്വേഷം ഇന്നും വച്ചുപുലർത്താനാണ് പുരോഹിതസമൂഹം ശ്രമിക്കുന്നത്. അത് പറയുമ്പോൾ നാം ഓർക്കണം, പുരോഹിതരുടെ മാത്രം പ്രശ്നമല്ല ഇത്. നമ്മുടെ സമുദായവും സ്ത്രീയെ അനുദിനജീവിതത്തിൽ വേറൊരു കണ്ണുകൊണ്ടല്ലേ നോക്കുന്നത്? പെട്ടെന്നൊന്നും വിവരം ഉദിക്കുന്ന വർഗമല്ല പുരുഷൻ.

      Delete
  6. ശ്രീ ചാക്കോ കളരിക്കലിന്റെ 'ലൈംഗികതയും പൗരോഹിത്യവും' എന്ന പുസ്തകത്തിലെ ആദ്യ അധ്യായംതന്നെ യേശു വിവാഹിതനോ?' എന്നതു സംബന്ധിച്ച ഒരു പഠനമാണ്. അല്മായശബ്ദത്തിലെ ഇലക്‌ട്രോണിക് ലൈബ്രറിയില്‍നിന്ന് ഡൗണ്‍ലോഡ്‌ചെയത് വായിക്കാം. (നമ്മുടെ ഇ-ലൈബ്രറിയിലെ പുസ്തകങ്ങള്‍ സൗജന്യമാണെങ്കിലും ഡൗണ്‍ലോഡ് ചെയ്ത് വായിച്ചിട്ട് 'സത്യജ്വാല'യ്ക്ക് എന്തെങ്കിലും സംഭാവന അയച്ചു കൊടുക്കുന്നത് നന്നായിരിക്കും.)

    ReplyDelete