Translate

Saturday, June 22, 2013

പ്രാപഞ്ചിക ദര്‍ശനം

R K Mittal I A S (Lucknow)

(Indian Thoughts  കഴിഞ്ഞ പത്തുവര്‍ഷങ്ങളായി നടത്തുന്ന Share and Learn  എന്ന ധാര്‍മ്മികാദ്ധ്യായന പരിപാടിയുടെ ഭാഗമായി, കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ശ്രി R K Mittal IAS എഴുതിയ Cosmic Vision എന്ന ലേഖനത്തിലൂടെ കടന്നു പോയപ്പോള്‍, പല മേഖലകളിലും അനുഭവപ്പെടുന്ന ക്ഷയങ്ങളുടെ കാരണം ദിര്ഘവീക്ഷണം ഇല്ലാത്ത നേതൃത്വമാണെന്ന് അസന്നിഗ്ദമായി അദ്ദേഹം എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചു. ലേഖനത്തിന്‍റെ തര്‍ജ്ജമ വായിക്കുക. അദ്ദേഹത്തിന്‍റെ കൂടുതല്‍ ലേഖനങ്ങള്‍  വായിക്കാന്‍ താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

ദര്‍ശനം  എന്നാല്‍ അദൃശ്യ  കാര്യങ്ങള്‍ കാണുന്ന കലയാണെന്ന് പറയപ്പെടുന്നു. ഏതു സമൂഹമാണെങ്കിലും ദീര്ഘകാലം ഐശ്വര്യത്തില്‍ നിലനില്‍ക്കണമെങ്കില്‍ ആ സമൂഹത്തില്‍ പ്രഗല്‍ഭരായ ദാര്‍ശനികരുമുണ്ടായിരുന്നേ മതിയാവൂ. ദര്‍ശനം  ഇല്ലായെങ്കില്‍ മനുഷ്യ വംശം തന്നെ നശിക്കും. മഹാത്മാക്കളായ അനേകം ദാര്‍ശനികര്‍ക്ക് ജന്മം കൊടുത്ത ഭാരതം ആ അര്‍ത്ഥത്തില്‍ ഭാഗ്യവതിയാണ്. അവരുടെ കാലഘട്ടത്തിനും ഏറെ അപ്പുറത്തേക്ക് ആ മഹാത്മാക്കള്‍ ചിന്തിച്ചതുകൊണ്ടാണ്‌ ഭാരതത്തിന്‌ ഇത്രയും ധന്യമായ ഒരു പൈതൃകം അവകാശപ്പെടാനാവുന്നത് തന്നെ. ഈ രാഷ്ട്രം  ഹൃദയത്തില്‍ സൂക്ഷിച്ച മൂല്യങ്ങളും, ആര്‍ജ്ജിച്ച ആദ്ധ്യാത്മിക ചൈതന്യവും, അവകാശമായി ലഭിച്ച മഹത്തായ സാംസ്കാരിക പാരമ്പര്യവും ഇന്ത്യ ഭൌതികമായി കൈപ്പിടിയിലൊതുക്കിയ ബ്രിട്ടിഷ്കാരെ ഭയപ്പെടുത്തിയിരുന്നുവെന്നു വേണം, മക്കാളെ പ്രഭു 1835 ഫെബ്രുവരിയില്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ആ ഭയമാണ് ഒരു പുതിയ വിദ്യാഭ്യാസ നയം തന്നെ ഇവിടെ നടപ്പാക്കാന്‍ അവരെ പ്രേരിപ്പിച്ചത്. ആ നടപടി നമ്മുടെ ദര്‍ശനങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു; ദൌര്‍ഭാഗ്യവശാല്‍, ഇപ്പോഴും നാം അത് തന്നെ തുടരുന്നു.

ഭാരതം സ്വാതന്ത്ര്യം പ്രാപിച്ചിട്ട് ആറു ദശാബ്ദങ്ങള്‍ കഴിഞ്ഞിരിക്കുന്നു. നിരവധി മേഖലകളില്‍ നാം വളര്‍ന്നിട്ടുമുണ്ട്. ശാസ്ത്ര സാങ്കേതിക മേഖലകളിലെ നമ്മുടെ നേട്ടങ്ങള്‍ ഏറെ ലോകപ്രശംസ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്. വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചില്ലെങ്കില്‍, നാം നേടിയെടുത്ത സര്‍വ്വ നേട്ടങ്ങളും നിഷ്പ്രഭമാക്കിയേക്കാവുന്ന നാണക്കേട്‌ സമ്മാനിക്കാന്‍ ഇടയുള്ള മേഖലകളുമുണ്ട്‌. ഇതിനു രാഷ്ട്രത്തിന്‍റെ ദര്‍ശനശേഷി വര്‍ദ്ധിക്കേണ്ടതുണ്ട്. സങ്കുചിതമായ കാഴ്ച്ചപ്പാടുകളില്‍ നിന്ന് ജനങ്ങള്‍, പ്രത്യേകിച്ചും ഭരണാധികാരികള്‍, പാടെ മാറേണ്ടതുണ്ട്. അധികാരികളാണെങ്കിലും, രാഷ്ട്രിയക്കാരാണെങ്കിലും,  മാധ്യമ പ്രവര്‍ത്തകരാണെങ്കിലും ഒരു വ്യത്യാസവുമില്ലാതെ, വികസിക്കുന്ന ഒരു ദര്‍ശനത്തിന്‍റെ ഉടമകളായേ   തീരൂ. ഈ മേഖലയില്‍ ഞാന്‍ മനസ്സിലാക്കിയ ചില കാര്യങ്ങള്‍ ഞാന്‍ ഇവിടെ പങ്കു വെയ്ക്കട്ടെ.

നമ്മുടെ സാമൂഹ്യവൈവിദ്ധ്യം വളരെ വലുതാണ്‌, അതുകൊണ്ട് തന്നെ ജനങ്ങളുടെ കാഴ്ച്ചപ്പാടുകളിലും ദര്‍ശനശേഷിയിലും കാര്യമായ വ്യത്യാസവും കാണുന്നു. ദൈനംദിന നിലനില്‍പ്പ്‌ പോലും ചോദ്യം ചെയ്യപ്പെടുന്നത്ര ദരിദ്രരായ  അനേകര്‍ ഇവിടുണ്ട്. ഉണര്‍ന്നിരിക്കുന്ന അതാതു ദിവസങ്ങള്‍ക്കപ്പുറത്തേയ്ക്ക്  അവര്‍ ചിന്തിക്കാറേയില്ല, അതിനുള്ള ശേഷിയും അവര്‍ക്കില്ല. ദാരിദ്ര്യരേഖക്ക് താഴെ നാം കാണുന്ന അവരെ  സഹായിക്കുവാന്‍ ഉദ്ദേശിച്ചു നാം ചെയ്തതൊന്നും ഇനിയും ഫലവത്തായിട്ടില്ല. അവരുടെ സ്ഥിതിയും സംഖ്യയും ഇന്നും അതുപോലെ തന്നെ തുടരുന്നു. നോക്കാന്‍ ഒരു ജോലിയോ  ചെയ്യാന്‍ ഒരു പണിയോ ഉറപ്പുള്ള സാധാരണക്കാരാണ് അടുത്തത്‌. അവരുടെ ദൃഷ്ടി പരമാവധി ഒരു വര്ഷം വരെയേ മുമ്പോട്ട്‌ കാണൂ. ഓരോ വര്‍ഷവും  കൂടുതല്‍  കൂടുതല്‍ ലാഭവും നേട്ടങ്ങളും മാത്രമാണ് അവരുടെ ലക്‌ഷ്യം; അത് നേടിയാല്‍ അവര്‍ സംതൃപ്തരുമാണ്.

പരമാവധി അഞ്ചു വര്‍ഷങ്ങള്‍ നീളുന്ന പഞ്ചവത്സര പദ്ധതിയെപ്പറ്റി മാത്രം ചിന്തിക്കുകയും ഏതു വിധേനയും അടുത്ത തിരഞ്ഞെടുപ്പില്‍ ജയിക്കുകയെന്ന ലക്‌ഷ്യം പരമമായി കാണുകയും ചെയ്യുന്ന രാഷ്ട്രിയക്കാരാണ് അടുത്ത വിഭാഗം. കുറഞ്ഞ ഒരു കാലഘട്ടത്തിനുള്ളില്‍ തന്നെ  അവരില്‍ മിക്കവരും സൗകര്യം പോലെ കൂറും ചുവടും മാറ്റുന്നത് കാണാം. രാഷ്ട്രിയം ഒരു സേവന മേഖലയാണെന്നും ആയിരിക്കുന്ന ഇന്നിനെയും അടുത്ത തലമുറക്ക് വേണ്ട നാളെയും  മുന്നില്‍ കണ്ടു പ്രവര്‍ത്തിക്കുന്ന അപൂര്‍വ്വം ചിലരെ ഇപ്പോഴുള്ളൂ. പക്ഷേ, അത്തരം സമര്‍പ്പിത നേതാക്കള്‍ ഒരുകാലത്ത്  ഭാരതത്തില്‍ ധാരാളം ഉണ്ടായിരുന്നു - അവരെ രാജ്യ സ്നേഹികളുടെ ഗണത്തില്‍പ്പെടുത്താം. അവര്‍ കൈമാറിയ മൂല്യാധിഷ്ടിത രാജ്യതന്ത്രജ്ഞതയുടെ സവിശേഷത കൊണ്ട്  അവര്‍ ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നു. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കുമപ്പുറം അവരുടെ ദിര്ഘദൃഷ്ടിയുടെ ഗുണം ജനങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു.

അനേകം തലമുറകള്‍ക്കും അപ്പുറത്തേക്ക് കണ്ണ്നട്ട് പദ്ധതികള്‍ ആസൂത്രണം ചെയ്ത റാം മോഹന്‍ റോയി, ടാഗോര്‍, ബാബാ ആംതെ, മഹാത്മാ ഗാന്ധി, അബ്ദുല്‍ കലാം ആസാദ്, അംബേദ്‌കര്‍ തുടങ്ങിയ മഹാരഥന്മാര്‍ ഈ രാജ്യതന്ത്രജ്ഞാന്മാര്‍ക്കും വളരെ മുകളിലാണ്. അനേക കാലം നിലനില്‍ക്കുന്ന സമഗ്ര വികസനം  അവരേപ്പോലുള്ളവര്‍ ആണ് സമൂഹത്തില്‍ കൊണ്ടുവരുന്നത്. അവരെയാണ് നാം ദാര്‍ശനികര്‍ എന്ന് വിളിക്കുന്നത്‌. ആയിരക്കണക്കിന്  വര്‍ഷങ്ങള്‍ നീണ്ട് നില്‍ക്കുന്ന പ്രതിഫലനങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന വിശിഷ്ട ജന്മങ്ങള്‍ ഈ വിഭാഗത്തിനു മുകളിലുമുണ്ട്. ഞാനവരെ അവതാരങ്ങള്‍ എന്ന് വിളിക്കും. രാമന്‍, കൃഷ്ണന്‍, ക്രിസ്തു, ഗുരു നാനാക്ക്, മുഹമ്മദ് തുടങ്ങിയവര്‍ ഈ ഗണത്തില്‍ പെടും.


അവസാനമായി, നിത്യതയും ആകമാന പ്രപഞ്ചവും സ്വദര്‍ശനമാക്കിയ പരാ ശക്തിയെക്കൂടി പരാമര്ശിക്കട്ടെ. ആ ശക്തിയുടെ വീക്ഷണത്തെയാണ് പ്രാപഞ്ചിക ദര്‍ശനം എന്ന് പറയുക. അതൊരു വ്യക്തിയല്ല, ഈശ്വരന്‍ തന്നെയാണ്. മനുഷ്യകുലത്തിന്‍റെ ആയുസ്സ് ഏതാനും സഹസ്രാബ്ദങ്ങളെ കാണൂവെങ്കില്‍, ഈശ്വരന്‍ കാലാതീതനാണ്. യുഗാബ്ദങ്ങളായി ഈശ്വരന്‍ ഇവിടെയുണ്ടായിരുന്നു, ഇനിയും അനേകം യുഗാബ്ദങ്ങള്‍ ഇവിടെ ഉണ്ടായിരിക്കുകയും ചെയ്യും. ഈശ്വര സമാനമായതോ, അതിനോട് ഉപമിക്കാവുന്നതോ ആയ ഒരു ദര്‍ശനമാണ് നമുക്കും ഉണ്ടായിരിക്കേണ്ടത്. ദിനാധിഷ്ടിതമായ ഒരു കാഴ്ചപ്പാടില്‍ നിന്നും നിത്യമായ ഒരു പ്രാപഞ്ചിക ദര്‍ശനത്തിലേക്കുള്ള സമഗ്രമായ ഒരു മാറ്റത്തിന് നമുക്ക് ഒരുങ്ങാം. അസാദ്ധ്യമെന്നു കരുതാതെ സാദ്ധ്യമാവുന്നിടത്തോളം മുന്നേറാന്‍ നമുക്ക് പരിശ്രമിക്കാം.  

8 comments:

  1. നാം വാസ്തവമായി എണ്ണുന്നതിൽ മിക്കതും താത്ക്കാലികമായ വ്യാഖ്യാനങ്ങൾ മാത്രമാണ്. ശ്രീബുദ്ധൻ കണ്ടെത്തിയ ഈ സത്യം നമുക്കും സഹായകരമാകാം. ചുറ്റും കാണുന്ന ചേർച്ചയില്ലായ്മകളെ എങ്ങനെ തരണം ചെയ്യാമെന്നത്‌ സാമൂഹിക പ്രതിബദ്ധതയോടെ ചിന്തിക്കുന്ന മനസ്സിന്റെ നിത്യവ്യാകുലതയാണ്. ഈ പ്രതിബദ്ധത സവ്വവ്യാപകമല്ല. പുറവും അകവും എന്ന രണ്ടു തലങ്ങളിലും ശ്രദ്ധയുണ്ടാകുന്നതിനു പകരം ഇവയിൽ ഒരിടത്ത് മാത്രം കുടുങ്ങിപ്പോകുന്നവർക്ക് അന്യമാണിത്. ലൌകികമായ നിലനില്പ്പ് ഒരു ദിവസത്തേയ്ക്ക് മാതം ചുരുക്കുന്നവർ മുതൽ അത് പല തലമുറകളിലെയ്ക്കുവരെ നീട്ടി സുസ്ഥിരപ്പെടുത്തുന്നവർ വരെ ഒരേ സമൂഹത്തിൽ ഉണ്ടായിരിക്കുകയും അവരുടെയെല്ലാം വീക്ഷണം ഒന്നുകിൽ പുറമേ മാത്രം അല്ലെങ്കിൽ പുറമേ എന്നതുപോലെ അതേ സമയം അകമേയും വ്യാപിക്കുന്നതാകുകയും ചെയ്യുമ്പോൾ മാത്രമേ സമൂഹത്തിലെ പന്തികേടിനെപ്പറ്റി അസ്വസ്ഥതകൾ തോന്നൂ. അസ്ഥിരതകൾക്ക് തക്കതായ പരിഹാരമുണ്ടാക്കണമെന്ന ആഗ്രഹവും അപ്പോൾ മാത്രമേ ജനിക്കൂ. ഉദാ. നമ്മുടെ രാഷ്ട്രീയക്കാർ തന്നെ. അവർ തങ്ങളുടെ ഭൌതികാസ്തിത്വം പല തലമുറകളിലെയ്ക്ക് ഉറപ്പിക്കാൻ നോക്കുന്നതിനിടക്ക് സാധാരണക്കാരന്റെ അനുദിന ജീവിതത്തിൽ ശ്രദ്ധിക്കുന്നവരും കൂടി ആകാൻ വഴിയില്ല. തൻകാര്യവ്യഗ്രതകൾക്കിടയിൽ അവര്ക്ക് ആന്തരിക ദർശനത്തിനുള്ള കഴിവ് നഷ്ടപ്പെട്ടു പോകുന്നു. നമ്മുടെ ഇന്നത്തെ മിക്കവാറും മതമേധാവികളെയും ഇക്കൂടെപ്പെടുത്താം.

    മറ്റൊരുദാഹരണം പറയാം. വിദേശത്തുള്ള ബന്ധുക്കളെ സന്ദർശിക്കുമ്പോൾ കാണുന്നതാണ്. എല്ലാ ആഴ്ചയിലും എന്നോണം അവരില ചിലർ വാങ്ങിക്കൂട്ടുന്ന ഉടയാടകൾ, അലങ്കാരവസ്തുക്കൾ, മേയ്ക്കപ് സാധനങ്ങൾ, തീറ്റക്കും കുടിക്കുമുള്ള വകകൾ എന്നതൊക്കെ, വീട്ടിൽ സ്ഥലമില്ല എന്ന ഒറ്റക്കാരണത്തിന്റെ പേരിൽ എടുത്ത് ചാക്കിൽ കെട്ടി പുറത്തുകൊണ്ടുപോയി കളയുന്നത് കാണുമ്പോൾ ദരിദ്രരെ കണ്ടു ശീലിച്ച നമ്മൾ ചോദിക്കും, കലയാനാണെങ്കിൽ എന്തിനാണ് ഇത്രയും സാധങ്ങൾ വാങ്ങിക്കൂട്ടുന്നത്; ആവശ്യത്തിനുള്ളവ ആവശ്യം വരുമ്പോൾ മാത്രം വാങ്ങിയാൽ പോരേ എന്ന്? എന്നാൽ അങ്ങനെയൊരു ചോദ്യം ഇവര്ക്ക് മനസ്സിലാക്കാനാവില്ല. കാരണം. നിരന്തരം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന നവീനമായ ഉപഭോഗ വസ്തുക്കൾ വേണ്ടെങ്കിലും വാങ്ങിപ്പിക്കുക എന്ന തന്ത്രം ഏറ്റവും വിജയകരമായി നടപ്പിലാക്കിയിട്ടുള്ള സംമ്പദ് വ്യവസ്ഥകളാണ് അവിടങ്ങളിലുള്ളത്. ആദ്ധ്യാത്മികമായി ഒരുപകാരവും ഇല്ലാത്ത അനുഷ്ഠാനങ്ങൾ വിശ്വാസികലെളെക്കൊണ്ട് ചെയ്യിക്കുന്ന അതേ തന്ത്രമാണ് ഇവിടെ കമ്പോള ഏജൻസികൾ ചെയ്യുന്നതും. ആന്തരികമായ വീക്ഷണങ്ങൾ അപ്പാടേ അപ്രത്യക്ഷമായ ഇത്തരം സഹൂഹങ്ങളുടെ നിലവാരത്തിലേയ്ക്കാണ് നമ്മുടെ നാട്ടിലെ പുതു മുതലാളിമാരും ചെന്നെത്തിയിരിക്കുന്നത്. അക്കൂടെപ്പെടുന്നു നമ്മുടെ മെത്രാന്മാരും മരാമത്തച്ചന്മാരും എന്നതിൽ ആര്ക്കും സംശയം വേണ്ടതില്ല. വീക്ഷണം ഒരിട ത്ത് ഉറച്ചുപോകുന്ന ദയനീയ സ്ഥിതി. ഗലീലിയൊയെ വിചാരണ ചെയ്യുന്ന സമയത്ത് കർദിനാൾ ബെല്ലാർമിൻ പറഞ്ഞു: യേശു ഒരു കന്യകയിൽ നിന്ന് ജനിച്ചു എന്ന സത്യത്തെ ചോദ്യം ചെയ്യുന്നതുപോലെ അബദ്ധജടിലമാണ് ഭൂമി സൂര്യനെ ചുറ്റി സഞ്ചരിക്കുന്നു എന്ന് പറയുന്നതും.

    അനുബന്ധം: ഒരാവശ്യവുമില്ലാഞ്ഞിട്ടും വിദേശഫണ്ട് ശേഖരണത്തിനായി നമ്മുടെ പാലാ കല്ലറങ്ങാട്ട് സ്വിറ്റ്സർലന്റിൽ വന്നിറങ്ങുന്നത് ഇന്നാണ്, ഇന്നാണ്, ഇന്നാണ്.

    ReplyDelete
  2. ശ്രീ മിറ്റല്‍ അവതരിപ്പിച്ച ദര്‍ശനം സമഗ്രമല്ല. വളരെ ലളിതമായി, നാം ഇന്ന് സ്വീകരിക്കുന്ന തെറ്റായ നിലപാടുകള്‍ എത്രമാത്രം സമൂഹത്തിന്‍റെ വളര്‍ച്ചക്ക് വിഘാതമാകുന്നുവെന്നു കാണിക്കുകയാണ് അദ്ദേഹം ചെയ്തത്. നമ്മുടെ ഫോക്കസ് വ്യക്തിഗത ആഗ്രഹങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതുകൊണ്ടാണ് അങ്ങിനെ സംഭവിക്കുന്നത്‌ എന്ന് സാക് സൂചിപ്പിച്ചതും പ്രശ്നത്തിന്‍റെ പ്രമുഖ വശം മാത്രമേ ആവുന്നുള്ളൂവെന്നാണ് എന്‍റെ പക്ഷം.

    ജീവിതമെന്ന് പറയുന്നത് തന്നെ പ്രാപഞ്ചിക വേദിയില്‍ നടക്കുന്ന ഒരു നാടകം മാത്രമാണ്. നിരവധി സംഭവങ്ങള്‍ കോര്‍ത്തും കുരുങ്ങിയും കിടക്കുന്ന ഒരു വലിയ മഹാഭാരതമാണ് ജീവിതം. ജീവിതം ഒരു നാടകം കാണുന്നതുപോലെ കാണുകയും, ഞാന്‍ ഒരു കാഴ്ചക്കാരന്‍ മാത്രമാണെന്ന് എപ്പോഴും അറിഞ്ഞുകൊണ്ടുമിരിക്കുന്നവനാണ് ഈ പ്രകടനം നന്നായി ആസ്വദിക്കുന്നത്. അവന്‍ നാടകത്തെ കൊണ്ടുപോകുമ്പോള്‍ മറ്റുള്ളവരെ നാടകം കൊണ്ടുപോവുകയാണ്‌ ചെയ്യുന്നത്. സാക് ചൂണ്ടിക്കാണിച്ചത് വളരെ സാധാരണമായ ഒരു സംഭവമാണ്. കുട്ടികളുള്ള ഏതു വീട്ടില്‍ ചെന്നാലും കഷ്ടിച്ച് ഒന്നോ രണ്ടോ പ്രാവശ്യം മാത്രം ഉപയോഗിച്ചിട്ടുള്ള ആയിരക്കണക്കിന് രൂപയുടെ പട്ടുടുപ്പുകള്‍ അടുക്കി വെച്ചിരിക്കുന്നത് കാണാം. ഒരു കല്യാണത്തിനു പോകണമെങ്കില്‍ കുറഞ്ഞത്‌ അയ്യായിരം രൂപാ വിലയുള്ള പുതിയ സാരി വേണം എന്ന് നിഷ്കര്‍ഷിക്കുന്ന സ്ത്രീകള്‍ ഇന്ന് കേരളത്തില്‍ ധാരാളം. വിദേശങ്ങളില്‍ ഈ ഭ്രമം ഒരു പടികൂടി കടന്ന് ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകാനും പുതിയ സാരി എന്ന അവസ്ഥയായിട്ടുണ്ട്. പള്ളിയില്‍ വരുന്ന സ്ത്രീകളുടെ ലക്‌ഷ്യം മേനി പ്രദര്‍ശനം ആണെന്ന് തന്നെ കരുതേണ്ടി വരുന്നു.

    മറ്റുള്ളവര്‍ക്ക് കൂടി അവകാശപ്പെട്ട പണം അനാവശ്യമായി ചിലവഴിച്ചാല്‍ നാം അതിനു വലിയ വില കൊടുക്കേണ്ടി വരും. ഈ ഭ്രമവും മുകളില്‍ നിന്നാണ് തുടങ്ങുന്നത്. മാര്‍ കല്ലറങ്ങാട്ടിന്‍റെ അരമനയിലെ അടുക്കളയിലിടാന്‍ ഇറ്റലിയില്‍ നിന്ന് മാര്‍ബിള്‍ ഇറക്കുമതി ചെയ്യുകയായിരുന്നില്ലേ? ഉള്ളിലേക്കെടുക്കുന്ന ശ്വാസം പുറത്തേക്ക് വരുമെന്ന് ഉറപ്പില്ല. എങ്കില് നാം ഓടിക്കൊണ്ടെയിരിക്കുന്നു, ആര്‍ക്കോ വേണ്ടി. ധര്‍മ്മപുത്രര്‍ പറഞ്ഞത് എത്ര ശരി. ഇതാണ് ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം!

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ഈ രാഷ്ട്രം ഹൃദയത്തില്‍ സൂക്ഷിച്ച മൂല്യങ്ങളും, ആര്‍ജ്ജിച്ച ആദ്ധ്യാത്മിക ചൈതന്യവും, അവകാശമായി ലഭിച്ച മഹത്തായ സാംസ്കാരിക പാരമ്പര്യവും ബ്രിട്ടിഷ്കാരെ ഭയപ്പെടുത്തിയിരുന്നുവെന്നു വേണം മനസ്സിലാക്കേണ്ടത്. ആ ഭയമാണ് ഒരു പുതിയ "വിദ്യാഭ്യാസനയം" തന്നെ ഇവിടെ നടപ്പാക്കാന്‍ അവരെ പ്രേരിപ്പിച്ചത്. ആ നടപടി നമ്മുടെ ദര്‍ശനങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു.

    ഏറ്റവും സത്യമായ നിരീക്ഷണമാണിത് . നയം അല്ലെങ്കിൽ നയതന്ത്രം , ഹൃദയശൂന്യമായ നിലപാടുകളെ സൂചിപ്പിക്കുന്ന രണ്ടു പദങ്ങൾ . ആയുധശേഖരണം , സമാധാന സംസ്ഥാപനത്തിനു വേണ്ടിയാണെന്ന് ചില വികസിത രാഷ്ട്രങ്ങൾ പറയുമ്പോൾ , ഈ വിദ്യാഭ്യാസ - ബോധവൽക്കരണ നയങ്ങൾ മാനവരാശിയുടെ ആകമാന ധാർമികനിലയേയും നീതിബോധത്തെയും എന്തുമാത്രം ഗുരുതരമായി തകർത്തിരിക്കുന്നുവെന്ന് മനസ്സിലാക്കാൻ കഴിയും ! ഒരുവന്റെ ബോധമണ്ഡലത്തിൽ കടന്നു കയറി അവന്റെ സഹജമായ പ്രജ്ഞയെയും ഉള്ളടക്കത്തെയും തിരുത്തിയെഴുതി വിപണിക്ക് അനുകൂലമാക്കാനുള്ള കുത്സിതശ്രമങ്ങളാണ് "വിദ്യാഭ്യാസം" എന്നപേരിലിന്നു നടന്നുകൊണ്ടിരിക്കുന്നത് . നമ്മളത് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം . കാരണം "അറിവേകാൻ" കഴിയുന്നതെന്തും നമുക്കഭികാമ്യമാണ് . അല്ലെങ്കിൽ ഇത്രയും അധപതിക്കുമായിരുന്നില്ല ലോകം . ഇതാണ് തമാശ ; നമ്മുടെ ഗവേഷണ വിദ്യാർഥികൾ തന്നെയാണ് 'Food Preservative' രാസവസ്തുക്കൾ വിജയകരമായി ലാബിൽ നിർമ്മിച്ചു 'ബിരുദം' നേടുന്നത്!!!

    എങ്ങനെ ചിന്തിക്കണം , എന്തു പറയണം , എന്തെഴുതണം എന്നൊന്നും എനിക്കൊരു ഊഹവുമില്ല .ആരെങ്കിലുമൊന്നു സഹായിക്കുമോ ?




    ReplyDelete
    Replies
    1. ജിജോ ബേബി ജോസ്‌,
      താങ്കളുടെ സംശയത്തിനു തരുന്ന മറുപടി താങ്കളുടെ സംശയത്തെ പൂര്‍ണമായും ദൂരീകരിക്കുന്നതാവണം. അതു സാധ്യമാകണമെങ്കില്‍ താങ്കളെക്കുറിച്ചു കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കണം. ടെലിഫോണിലൂടെയോ കത്തുകളിലൂടെയോ ഇ-മെയ്‌ലിലൂടെയോ കണ്‍സള്‍ട്ട്‌ ചെയ്യുന്ന ഡോക്ടര്‍മാരുടെ സ്ഥിതിയാകും താങ്കള്‍ ഏതാനും വാക്കുകളില്‍ കുറിച്ചിട്ട ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നത്‌.
      ഏതായാലും ഒരു കാര്യം ഉറപ്പ്‌: ജീവിതത്തെക്കുറിച്ചു തെറ്റായ വീക്ഷണങ്ങള്‍ വളരുന്ന മനസ്സുകളിലാണ്‌ അശാന്തി. ഇതിനുള്ള കാരണങ്ങള്‍ പലതായിരിക്കാം. ഏതായാലും, അത്തരം പ്രശ്‌നങ്ങള്‍ ബാധിക്കാതെ അനേക കോടി പേര്‍ ലോകത്തു ജീവിക്കുന്നുണ്ട്‌.
      നമുക്കു നേരിടുന്ന പ്രശ്‌നങ്ങള്‍ നമ്മുടേതു മാത്രമാണെന്ന്‌ ആദ്യം മനസ്സിലാക്കുക. (നാം സ്വാഭാവികമായും അടുപ്പം സൂക്ഷിക്കുക സമാന സ്വഭാവവും ജീവിത സാഹചര്യവുമുള്ളവരോടായിരിക്കും. അവര്‍ക്കും നമ്മുടെ അതേ പ്രശ്‌നങ്ങള്‍ ഉണ്ടെന്നറിയുന്നതോടെ നാം അവയെ പൊതു പ്രശ്‌നങ്ങളായി കാണും. എന്നാല്‍ മിക്കപ്പോഴും ഇതു ശരിയല്ലെന്നറിയണമെങ്കില്‍ പൊതുസമൂഹത്തെക്കുറിച്ച്‌ ആകെക്കൂടി മനസ്സിലാക്കാന്‍ ശ്രമിക്കണം).
      അന്ധവിശ്വാസങ്ങളെന്നും ചില മതങ്ങളുടെ മാത്രം ആചാരങ്ങളെന്നും നാം ധൃതിപിടിച്ചു ചില ജീവിത രീതികള്‍ എഴുതിത്തള്ളിയതു പൊതുസമൂഹത്തിന്റെ നിലനില്‍പിനെത്തന്നെ ചോദ്യംചെയ്യുന്നതിലേക്ക്‌ എത്തിയിട്ടുണ്ടെന്നു വ്യക്തം.
      ഗുരു എന്ന വാക്കിനു കാല്‍ക്കല്‍ സാഷ്ടാംഗം പ്രണമിക്കേണ്ടവന്‍ എന്നതിനപ്പുറം വഴികാട്ടിയെന്ന വിശാല അര്‍ഥമുണ്ട്‌. അതുള്‍ക്കൊള്ളാന്‍ നമുക്കായില്ല. വഴികാട്ടിയായിത്തീരുന്ന മനുഷ്യനോടു തോന്നുന്ന ആദരവില്‍നിന്നാണു കാല്‍ക്കല്‍ വീണു പ്രണമിക്കാനുള്ള ബഹുമാനം ജനിക്കുന്നത്‌.
      ഗുരുവില്‍ നിന്നാണു ഗുരുത്വം ഉണ്ടാകുന്നത്‌. അതു നമുക്കുണ്ടോ? ധിക്കാരം എന്ന വാക്കിന്റെ അര്‍ഥമെന്ത്‌? നമ്മുടെ ജീവിതത്തില്‍ ആ വാക്ക്‌ പറയേണ്ടിവരുന്നുണ്ടോ? ഒരര്‍ഥത്തില്‍ പൊതുരീതികളില്‍നിന്നുള്ള മാറിനടക്കലാണു ധിക്കാരം. അങ്ങനെ മാറിനടന്നാലും ചില ധൈര്യവാന്‍മാര്‍ ജീവിത്തില്‍ സന്തോഷം കണ്ടെത്തിയേക്കാം. എന്നാല്‍ ഭൂരിപക്ഷം പേരും ഈ ശ്രമത്തില്‍ ഇടറിവീഴാനാണു സാധ്യത.
      ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞു ജീവിച്ചുതുടങ്ങിയാല്‍ ഏതാനും വര്‍ഷംകൊണ്ടു ചിന്തകള്‍ നേര്‍വഴിക്കാകും. (പക്ഷേ, ഇതു ശ്രമകരമാണ്‌. ചിലപ്പോള്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാം. കൂലി വരമ്പത്തു കിട്ടണമെന്നു കരുതുന്ന ഇക്കാലത്ത്‌ അതു നടപ്പുണ്ടോ എന്നതാണു ചോദ്യം).

      Delete
    2. "ധിക്കാരം എന്ന വാക്കിന്റെ അര്‍ഥമെന്ത്‌? നമ്മുടെ ജീവിതത്തില്‍ ആ വാക്ക്‌ പറയേണ്ടിവരുന്നുണ്ടോ? ഒരര്‍ഥത്തില്‍ പൊതുരീതികളില്‍നിന്നുള്ള മാറിനടക്കലാണു ധിക്കാരം. അങ്ങനെ മാറിനടന്നാലും ചില ധൈര്യവാന്‍മാര്‍ ജീവിത്തില്‍ സന്തോഷം കണ്ടെത്തിയേക്കാം. എന്നാല്‍ ഭൂരിപക്ഷം പേരും ഈ ശ്രമത്തില്‍ ഇടറിവീഴാനാണു സാധ്യത. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞു ജീവിച്ചുതുടങ്ങിയാല്‍ ഏതാനും വര്‍ഷംകൊണ്ടു ചിന്തകള്‍ നേര്‍വഴിക്കാകും. പക്ഷേ, ഇതു ശ്രമകരമാണ്‌. ചിലപ്പോള്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാം."

      രാജ്കുമാർ എന്നൊരു പുതിയ അല്മായശബ്ദം സഹൃദയൻ ജീജോയ്ക്കയച്ച ഒരു മറുപടിയുടെ ഭാഗമാണ് ഈ വാക്കുകൾ. ശ്രീ രാജശേഖരൻറെ പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ ധിക്കാരം എന്ന വാക്കിന്റെ ശരിയായ അർത്ഥം നമുക്ക് ശരിക്കും പിടികിട്ടും. നമ്മുടെ ചരിത്രത്തിൽ അലിഞ്ഞു കിടന്ന വിവിധ തരത്തിലുള്ള ജീർണ്ണതകളെ കഴുകിക്കളയാൻ എത്രയെത്ര ധിക്കാരികളുടെ ആജീവനാന്ത ശ്രമങ്ങള വേണ്ടിവന്നു എന്നത് അദ്ദേഹം വളരെ തന്മയത്വത്തോടെ എടുത്തു കാണിക്കുന്നുണ്ട്. ഇന്ന് ഒരു തരത്തിൽ പറഞ്ഞാല അല്പം സ്വാത്രത്യ ബോധാത്തോടെയും അഭിമാനത്തോടെയും ജീവിക്കാൻ നമുക്ക് സാഹചര്യങ്ങളുണ്ടെങ്കിൽ, അതിന് ഈ മനുഷ്യ സ്നേഹികൾ ധിക്കാരം കാണിച്ചതുകൊണ്ടാണ്. ഇന്ന് അലമായശബ്ദം ചെയ്യാൻ ശ്രമിക്കുന്നതും അത്തരം ധിക്കാരമാണെന്നാണ്, ആയിരിക്കണമെന്നാണ്എനിക്ക് പറയാനുള്ളത്.
      ഈ അർത്ഥമാണോ ശ്രീ രാജ്കുമാർ മനസ്സിൽ കണ്ടിരുന്നത്‌, എങ്ങനെയാണ് ജീജോ അത് മനസ്സിലാക്കിയത് എന്നൊന്നും എനിക്കറിയില്ല.

      Delete
  5. "ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടപ്പാക്കിയ പുതിയ വിദ്യാഭ്യാസനയം നമ്മുടെ ദർശനങ്ങൾക്കു മങ്ങലേൽപ്പിച്ചു " എന്ന് ശ്രീ മിറ്റൽ സർ നീരീക്ഷിച്ചതിനെ ഉപജീവിച്ചാണ് , സമകാലിക വിദ്യാഭ്യാസനയങ്ങൾ നമുക്കെങ്ങനെ ഭീഷണിയായി തീരുന്നു എന്നു പറയാൻ ഞാനും ശ്രമിച്ചത്‌ .

    "ഒരർ‍ഥത്തിൽ ‍ പൊതുരീതികളിൽ ‍നിന്നുള്ള മാറിനടക്കലാണു ധിക്കാരം. അങ്ങനെ മാറിനടന്നാലും ചില ധൈര്യവാൻ‍മാർ ‍ ജീവിത്തിൽ സന്തോഷം കണ്ടെത്തിയേക്കാം" എന്നു ശ്രീ.രാജ്കുമാർ പറഞ്ഞുവല്ലോ ?എന്നാൽ ഞാൻ വിചാരിക്കുന്നു , ചിലർ മാറിനടക്കുന്നത് പൊതുരീതികൾ അവരെ സന്തോഷിപ്പിക്കാത്തതുകൊണ്ടാണ് എന്ന് . നമ്മളാണവരെ ധിക്കാരികൾ എന്നും ധൈര്യശാലികളെന്നുമൊക്കെ വിളിക്കുന്നത്‌ . അവരെ അതിനു പ്രേരിപ്പിക്കുന്നത് സത്യത്തോടുള്ള പ്രണയവും പൊതുരീതികളിലെ ജീർണ്ണതകളോടുള്ള വെറുപ്പുമാണ് .

    ഇനി , "ഭൂരിപക്ഷം പേരും ഈ ശ്രമത്തിൽ ഇടറിവീഴാനാണു സാധ്യത. ഇത്തരം കാര്യങ്ങൾ ‍ തിരിച്ചറിഞ്ഞു ജീവിച്ചുതുടങ്ങിയാൽ ‍ ഏതാനും വർ‍ഷംകൊണ്ടു ചിന്തകൾ ‍ നേർവഴിക്കാകും" , എന്നത് എന്താണ് ദ്യോതിപ്പിക്കുന്നത് ? ഏതു കാര്യങ്ങൾ തിരിച്ചറിഞ്ഞാണ്‌ ജീവിച്ചു തുടങ്ങേണ്ടത് ? ചിന്തക്കു നേർവഴി കാട്ടിക്കൊടുക്കുന്ന തിരിച്ചറിവുകൾ ഏതാണ് ? എന്താണ് ചിന്തയുടെ നേർവഴി ? ഭൂരിപക്ഷം പേരും ഈ ശ്രമത്തിൽ ഇടറിവീഴാൻ സാധ്യതയുണ്ട് എന്നതാണോ ഈ "തിരിച്ചറിവ്" ?

    ആദ്ധ്യാത്മിക മനുഷ്യനിൽ സാമൂഹിക പ്രതിബദ്ധതയുടെ പ്രേരണയുണ്ട് . ആദ്ധ്യാത്മികതയുടെ അർത്ഥവും അതുതന്നെയാണ് ; പരാർത്ഥഭാവം . വിശ്വമാനവികതയുടെ ഉൾപ്രേരണകൾ പേറുന്നവന് വഴിമാറി നടക്കാതെ തരമില്ല . കാരണം പൊതുരീതികളൊന്നും അത്രകണ്ട് പരാർത്ഥങ്ങളല്ല. 'ചിലപ്പോൾ ‍വർഷങ്ങൾ വേണ്ടിവന്നേക്കാം' , അത്തരം മനുഷ്യരെ നമുക്കൊന്നു മനസ്സിലാകാൻ ....

    ഇന്ന് ഒരു തരത്തിൽ പറഞ്ഞാൽ അല്പം സ്വാതന്ത്ര്യ ബോധത്തോടെയും അഭിമാനത്തോടെയും ജീവിക്കാൻ നമുക്ക് സാഹചര്യങ്ങളുണ്ടെങ്കിൽ, അത് ഈ മനുഷ്യ സ്നേഹികൾ ധിക്കാരം കാണിച്ചതുകൊണ്ടാണ്. ഇന്ന് അലമായശബ്ദം ചെയ്യാൻ ശ്രമിക്കുന്നതും അത്തരം ധിക്കാരമാണെന്നാണ്, ആയിരിക്കണമെന്നാണ്എനിക്ക് പറയാനുള്ളത്(സക്കറിയ സാർ ). ഇതുതന്നെയാണ് ശ്രീ .രാജ്‌കുമാർ ഉദ്ദേശിച്ചതെന്നു ഞാനും കരുതട്ടെ ?

    ReplyDelete
  6. ശ്രീ ആർ. കെ. മിറ്റൽ I A S (Lucknow) എഴുതി ശ്രീ മറ്റപ്പള്ളി തർജിമചെയ്ത 'പ്രാപഞ്ചിക ദർശനത്തിൽ' ഒരു ഉൾക്കാഴ്ച്ചയുണ്ട്. ഒരു ദിവസം എങ്ങനെ തള്ളിനീക്കണമെന്ന് ചിന്തിക്കുന്ന ദുഖങ്ങളുടെ ദരിദ്രൻമുതൽ അഞ്ചുവർഷം ചിന്തിക്കുന്ന കപടരാഷ്ട്രീയക്കാർ, നിഷ്കളങ്ക യുഗപുരുഷന്മാർ, യുഗങ്ങളിലെ അവതാരങ്ങൾ എന്നിങ്ങനെ ലേഖനത്തെ നല്ല മലയാളപദങ്ങൾകൊണ്ട് താത്ത്വികമായി വർണ്ണിച്ചിട്ടുണ്ട്. എങ്കിലും ലേഖനത്തിലെ മുഴുവൻ സംഗതികൾ ഉൾകൊള്ളുവാൻ എനിക്ക് സാധിച്ചില്ല.

    ശ്രീ മിറ്റൽ I A S (Lucknow) എഴുതിയിരിക്കുന്നു, "നിരവധി മേഖലകളിൽ നാം വളർന്നിട്ടുണ്ട്. നാം നേടിയെടുത്ത നേട്ടങ്ങൾ നിഷ്പ്രഭമാക്കിയെക്കാവുന്ന നാണക്കേട്‌ ഇല്ലാതാവാൻ ദരശനശേഷി വർധിക്കേണ്ടതുണ്ട്." ബ്രിട്ടീഷ്കാർ ഭാരതദർശനത്തെ നശിപ്പിച്ചുവെന്നും അഭിപ്രായങ്ങളിൽ വ്യക്തമാക്കുന്നു.

    ഇത്രമാത്രം ഉൾകാഴ്ചയുള്ള ശ്രീ മിറ്റൽ തന്റെ പേരിന്റെകൂടെ ബ്രിട്ടീഷ്കാർ സൃഷ്ടിച്ച I A S (Lucknow) എന്ന് എന്തിന് വെക്കുന്നു. അതൊരു യൂണിവേഴ്സിറ്റി ഡിഗ്രിയല്ല. ആരും ക്ലർക്കെന്ന് പേരിന്റെകൂടെ വെക്കാറില്ല. അടിമകളായ ഇന്ത്യാക്കാരിൽനിന്നും വ്യത്യസ്തമായി പ്രഭുത്വം കാണിക്കാൻ ബ്രിട്ടീഷ്കാർക്കുവേണ്ടി ബ്രിട്ടീഷ്കാരൻ ഉണ്ടാക്കിയതാണ് ഈ പദവി. 'പിതാവെന്ന' പദവിപോലെ മറ്റൊരു പദവി. ഇന്നും സർക്കാരിന്റെ വെള്ളാനകൾ. ഒരു പരിഷ്കൃത രാജ്യത്തും ഇങ്ങനെ ഒരു പദവിയില്ല. സെക്രട്ടറിയേറ്റിലെ ഒരു ക്ലാർക്കിന് ചെയ്യാവുന്ന ജോലിക്ക് പത്തു ക്ലാർക്കിന്റെ ശമ്പളംപറ്റി സാധാരണക്കാരന്റെ നികുതികൊണ്ട് വെള്ളാനകൾ കൊഴുത്തു. കസേരകളെ ദുരുപയോഗം ചെയ്യുന്ന ഒരു വർഗമായി. ഒരു മത്സരപരീക്ഷ ജയിച്ചതുകൊണ്ട് സേവകരും പ്രഭുക്കളും അടിമകളുമായ സമ്പ്രദായം ഇന്ത്യാ ഇന്നും തുടരുന്നു.

    ദാർശനിക ക്രാന്തികൾ നമുക്കുണ്ടായിരുന്നു. ബ്രിട്ടീഷ്കാരന്റെ ഐ സി എസ് നാലാം റാങ്കുകാരൻ സുബാഷ് ചന്ദ്രബോസ് ആ പദവി വേണ്ടാതെ പുല്ലുപോലെ ദൂരെയെറിഞ്ഞു.


    ഭാരതീയ ദാർശനികത ബ്രിട്ടീഷ്കാരൻ നശിപ്പിച്ചുവെന്ന് എല്ലാ സാമൂഹിക രാഷ്ട്രീയ മേഖലകളില നേതാക്കന്മാരും സ്വദേശീയപ്രേമികളും വിലപിക്കുന്നത് കേള്ക്കാം. ഇംഗ്ലീഷ് വിദ്യാഭ്യാസം അവർ ഭാരതത്തിൽ അടിച്ചേൽപ്പിച്ചില്ലായിരുന്നെങ്കിൽ ആഫ്രിക്കാപോലെ അനേക കോളനിരാജ്യങ്ങൾ ഭാരതത്തിൽ കാണുമായിരുന്നു. വിഷം കുത്തിയ അമ്പും വില്ലുംകൊണ്ട് പരിശീലനം നേടേണ്ടിവരുമായിരുന്നു. വിദേശത്ത് ജീവിക്കുന്ന എനിക്കും കൈകാലുകളുടെ ആംഗ്യഭാഷ പഠിക്കേണ്ടിവരുമായിരുന്നു.


    എന്നാണ് ഒന്നായ ഭാരതം ഉണ്ടായിരുന്നതെന്നും ഒരു സംസ്ക്കാരത്തിലും കാണുന്നില്ല. ദ്രാവിഡ സംസ്ക്കാരത്തിലെ ശിവനെയും ദ്രാവിഡനായ മുക്കവ സ്ത്രീയുടെ മകൻ വേദവ്യാസനെയും ഹൈജാക്ക് ചെയ്തത് പുറത്തുനിന്നു വന്ന ആര്യകുലങ്ങളായിരുന്നു. അലക്സാണ്ടർ മുതൽ മുഗളൻമാരും അറബികളും പാർസികളും യവനന്മാരും യഹൂദരും ഭാരതസംസ്ക്കാരത്തെ സങ്കരമാക്കി. പഴയതിനെ പുകഴ്ത്തി പുതിയ നേട്ടങ്ങളെ കാണാതെ പോവുന്നതും പുരോഗതിയുടെ ലക്ഷണമല്ല.

    ഗാന്ധിജിയും നെഹൃവും ബ്രിട്ടീഷ് വിദ്യാഭ്യാസം ലഭിച്ചവരാണ്. ഗാന്ധിജി തന്റെ മക്കളെ ഇംഗ്ലീഷ് വിദ്യാഭ്യാസം പഠിപ്പിക്കാതെ അവരെ ദരിദ്രരാക്കി. നെഹ്രു മകളെ വിദേശത്ത് പഠിപ്പിച്ച് ദൈനാസ്റ്റി (dynasty) ഉണ്ടാക്കി. ഇവരെല്ലാം പ്രസംഗിക്കുന്നത് ഭാരതീയ ദാർശനികതയാണ്. മുള്ളാമാരെപ്പോലെ ദാർശനികരായ ഹിന്ദുമുനിമാരുടെ കൈകളിൽ ഭാരതം ചെന്നിരിന്നുവെങ്കിൽ ഹരേ രാമാ കീർത്തനങ്ങളുടെ ഒരു ഭീകരരാജ്യം ആകുമായിരുന്നു.

    ഗാന്ധിജിയുടെ സ്വരാജുലക്‌ഷ്യം രാഷ്ട്രീയ ചിന്തയോടെയുള്ള ഇന്ത്യൻ സ്വാതന്തൃത്തിനായിരുന്നു. "ഭാരതം ഹിന്ദു സംസ്ക്കാരം മാത്രമല്ല,ഒരേ സംസ്ക്കാരത്തിൽക്കൂടിയല്ല, വിവിധ സംസ്ക്കാരങ്ങളുടെ സമ്മിശ്രമെന്നാണ്" ഗാന്ധിജി പറഞ്ഞത്. വൈവിദ്ധ്യങ്ങളിൽക്കൂടിയാണ് രാജ്യം പുരോഗമിക്കേണ്ടത്. അവിടെ മതപുരോഹിതരുടെ ദാർശനികത മടക്കിവെച്ച് ആത്മീയതിയിൽ അവർ മാത്രം വ്യാപ്രുതരാകട്ടെ. രാഷ്ട്രം രാഷ്ട്രത്തിന്റെ വഴിക്ക് പോവണം.

    രാഷ്ട്രീയമുതലെടുപ്പിനായി സ്വാതന്ത്ര്യം കിട്ടികഴിഞ്ഞ് ഇന്ത്യയിലെ കപടരാഷ്ട്രക്കാരുടെ പ്രാധാനപ്രചരണതന്ത്രം വിദേശീയ ബഹിഷ്കരണമായിരുന്നു. ഫലം ലോകരാജ്യങ്ങളിൽ ഇന്ത്യാ അന്ന് ഒറ്റപ്പെട്ടിരുന്നു. പഴയ സംസ്ക്കാരത്തിലേക്ക് പുറകോട്ട് പോകണമെന്ന വാദഗതിയും പ്രായോഗികമല്ല. അങ്ങനെയുള്ള മുനിമാർ ഹിമാലയത്തിൽ സ്ഥലം ഉണ്ടെങ്കിൽ അവിടെപ്പോയി തപസുചെയ്യട്ടെ.

    ദലൈലാമായെന്ന മുനിമൂലമാണ് ഒരേ സംസ്ക്കാരമായിരുന്ന ചൈനയും ഇന്ത്യയും രണ്ട് ശത്രുരാജ്യങ്ങളായത്. ഇന്ത്യയിലെ പുരോഗതിയിൽ പ്രപഞ്ച ദാർശനികത ഇല്ലാതായതും സത്യമാണ്. മന്ത്രവും പൂജയും ആര്യഭട്ടും മാത്രമല്ല പ്രപഞ്ചസത്യം. അവിടെ വിദേശിയനുമുണ്ട്. സ്വദേശിയനുമുണ്ട്.

    ReplyDelete