സ്വാമി സച്ചിദാനന്ദജിയോടു സംസാരിച്ചിരിക്കുക വളരെ
സന്തോഷം തരുന്ന ഒരു കാര്യം. അറിയാനോ ചിന്തിക്കാനോ എന്തെങ്കിലും കാണും, അത് സന്ദര്‍ഭത്തിനിണങ്ങുന്ന
ഒരു ഉപമയുടെയോ കഥയുടെയോ പശ്ചാത്തലത്തിലായിരിക്കുന്നത് കൊണ്ട് പെട്ടെന്ന് ക്ലിക്ക്
ചെയ്യുകയും ചെയ്യും. അദ്ദേഹം ഒരു ചടങ്ങിന് തേക്കടിക്ക് പോകുന്നുവെന്നറിഞ്ഞു ഞാന്‍
അദ്ദേഹത്തെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. മുളന്തുരുത്തിയില്‍ നിന്ന് ഞങ്ങളുടെ
മുമ്പിലൂടെയെ അദ്ദേഹത്തിനു പോകാമായിരുന്നുള്ളൂ. അങ്ങിനെയാണ്, ഇടവപ്പാതി ചുവടു
വെച്ച് തുടങ്ങിയ ഒരു മഴ ദിവസം അദ്ദേഹം എന്‍റെ വീട്ടിലെത്തിയത്. ഒപ്പം രണ്ടു
സുഹൃത്തുക്കളും കൂടെണ്ടായിരുന്നു. സ്വാമിജി വരുന്നുവെന്നറിഞ്ഞ് അദ്ദേഹത്തെ കാണാന്‍ ‘ഏകം സത്’ എന്ന ബ്രഹുത് ഗ്രന്ഥത്തിന്‍റെ
കര്‍ത്താവ് ഇമ്മാനുവേല്‍ സത്യാനന്ദും എത്തിയിരുന്നു.
ക്രിസ്തു കെന്ദ്രീകൃതമായ ഒരു നവീകരണം കേരളത്തില്‍
നടപ്പിലാക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി അദ്ദേഹം പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
അപ്പോള്‍ എനിക്കൊരു കുസൃതി തോന്നി. ഞാന്‍ സ്വാമിജിയോടു ഒരു അമേരിക്കന്‍ കഥ പറഞ്ഞു.
കഥ ഇതാണ്: ഒരു പള്ളിയുടെ നേരെ മുമ്പില്‍ ആരോ ഒരു ബാര്‍ പണിയാന്‍ തുടങ്ങി.
അതിനെതിരെ പല പരാതികളയച്ചിട്ടും ഫലം കണ്ടില്ല. അവസാനം പള്ളിയില്‍ അവര്‍ ഒരു
ആരാരാധന മാസം തന്നെ നടത്തി. എങ്ങിനെയെങ്കിലും ഈ ബാര്‍ ഇവിടെനിന്നു മാറ്റണം
അതായിരുന്നു ഉദ്ദേശ്യം. പക്ഷേ, ബാറിന്‍റെ പണിയും തീര്‍ന്നു, ഉത്ഘാടനവും നടന്നു.
ഉത്ഘാടനത്തിന്‍റെ ദിവസം വൈകിട്ട് അപ്രതീക്ഷിതമായി ഒരു വലിയ കൊടുങ്കാറ്റും
പേമാരിയും വന്നു, പുതുതായി കെട്ടിയ ബാര്‍ കെട്ടിടം അപ്പാടെ തകര്‍ന്നു വീഴുകയും
ചെയ്തു. സംഗതി കേസായി. പള്ളിക്കാര്‍ പ്രാര്‍ഥിച്ചതുകൊണ്ടാണ് കെട്ടിടം തകര്‍ന്നത്,
അതിനു നഷ്ടപരിഹാരം വേണമെന്നായി ബാറുടമ. രണ്ടു കക്ഷികളുടെയും വാദം കേട്ടതിനു ശേഷം ജഡ്ജി
പറഞ്ഞത്രേ, ഇത്രയും വിഷമം പിടിച്ച ഒരു കേസ് അദ്ദേഹത്തിനു കേള്‍ക്കേണ്ടി
വന്നിട്ടില്ലെന്ന്. പ്രാര്‍ഥിച്ചതുകൊണ്ടാണ് കെട്ടിടം തകര്ന്നതെന്നും പ്രാര്‍ത്ഥന
ഫലിക്കുമെന്നും വാദിച്ചു ബാറുടമ, പ്രാര്‍ത്ഥന ഫലിച്ച ചരിത്രമില്ലെന്ന് വാദിക്കുന്ന
പള്ളിക്കാര്‍. ഏതു ജഡ്ജിയാണ്
ചിന്താക്കുഴപ്പത്തില്‍ ആവാതിരിക്കുക? സമാനമായ ഒരു ചിന്താക്കുഴപ്പത്തിലാണ് കേരള
കത്തോലിക്കാ സഭയെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.
സഭയില്‍ വിമതസ്വരം കനത്തു വരുന്നുവെന്ന്
സമ്മതിച്ച സച്ചിദാനന്ദജി, അധികാരികളുടെ നിശ്ശബ്ദതയെപ്പറ്റി പറയാനും ഒരു കഥയാണ്
ഉപയോഗിച്ചത്. അതൊരു സന്യാസിയുടെ കഥയായിരുന്നു. കഥയിലെ സന്യാസിക്ക്
ആകെയുണ്ടായിരുന്ന സ്വത്ത് ഒരു പുതപ്പായിരുന്നു. ഒരിക്കല്‍ ആ പുതപ്പും
തട്ടിപ്പറിച്ചോണ്ട് ഒരു കള്ളന്‍ ഓടി. ഈ സന്യാസി കള്ളന്‍റെ പിറകെ കുറെ ദൂരം ഓടി.
പക്ഷെ അയാളെ പിടിക്കാന്‍ കഴിഞ്ഞില്ല. സന്യാസി ഒന്ന് നിന്നിട്ട് ഒരു സ്മശാനത്തിന്‍റെ
ദിക്കിലേക്ക് ഓട്ടം തുടങ്ങി. ഇത് കണ്ടു നിന്ന ഗ്രാമീണന്‍ ചോദിച്ചു, ഈ വഴി ഓടിയാല്‍
എങ്ങിനെ കള്ളനെ പിടിക്കുമെന്ന്. സന്യാസി പറഞ്ഞു, അവന്‍ ഈ സ്മശാനത്തില്‍
വരാതിരിക്കില്ലായെന്ന്. കാര്യങ്ങള്‍ വളരെ അകലെ കണ്ട് സഭാധികാരികള്‍ വേണ്ട ഒരുക്കം
നടത്തുന്നുവെന്നാണോ സ്വാമിജി ഉദ്ദേശിച്ചതെന്ന് എനിക്ക് വ്യക്തമായില്ല. ഒരു പക്ഷേ, കാര്യങ്ങള്‍
അകലെക്കണ്ട് വ്യത്യസ്തമായ ഒരു ദിശയിലേക്കാണ് സഭാധികാരികള്‍
ഓടിക്കൊണ്ടിരിക്കുന്നതെന്നായിരിക്കണം അദ്ദേഹം ഉദ്ദേശിച്ചത്. പല മുന്‍ അനുഭവങ്ങളും
വെച്ച് നോക്കുമ്പോള്‍ വിമതരെ മുഴുവന്‍ ശവക്കോട്ടയിലേയ്ക്കുള്ള യാത്രയിലാണല്ലോ സഭാധികാരികള്‍
പിടികൂടാറെന്നത് ഓര്‍ക്കാതിരിക്കാനും കഴിഞ്ഞില്ല. പത്തോളം മരിച്ചടക്ക്
കേസുകള്‍ ഇവിടെ നടന്നിട്ടുണ്ടെന്നുള്ളതും മിക്കതിലും അമേരിക്കന്‍ കഥയിലേപ്പോലെ സാക്ഷി
പറയേണ്ടി വന്നിട്ടുണ്ടെന്നുള്ളതും, ചിലതില്‍ ക്ഷമ പറയേണ്ടി വന്നിട്ടുള്ളതുമൊന്നും എല്ലാ
വികാരിമാരും അറിഞ്ഞിരിക്കണമെന്നില്ലല്ലോ.
ഒരിക്കല്‍ ഡോ. ജെയിംസ് കോട്ടൂര്‍ എന്ന പ്രശസ്ത
മാധ്യമ പ്രവര്‍ത്തകനോടു ഞാന്‍ പറഞ്ഞു, അദ്ദേഹം ശക്തമായ ഭാഷയില്‍ പറയുന്നത്
സത്യമാണെങ്കിലും ഇങ്ങിനെ തുറന്നു പറയുമ്പോള്‍ പള്ളിക്കാര്‍ക്ക് അത്
ഇഷ്ടപ്പെടണമെന്നില്ലല്ലോയെന്ന്. അങ്ങ് മരിക്കുമ്പോള്‍ അടക്കുടക്ക് പ്രശ്നം
ഉണ്ടാകാന്‍ ഇടയില്ലേയെന്നും ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞത്, അദ്ദേഹത്തിന്‍റെ
മരണശേഷം ഭൌതിക ശരീരം മെഡിക്കല്‍ കോളേജിനു സംഭാവന ചെയ്തുകൊണ്ടുള്ള, കുടുംബാംഗങ്ങള്‍
എല്ലാം ഒപ്പ് വെച്ച സമ്മതപത്രം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിക്കഴിഞ്ഞുവെന്നാണ്.
ഇവിടെ, ‘ഏകം സത്’ എന്ന കൃതിയേയും അതിന്‍റെ കര്‍ത്താവിനെയും
കൂടി പരാമര്ശിക്കാതിരിക്കാന്‍ ആവില്ല. ശ്രി. ഇമ്മാനുവേല്‍ സത്യാനന്ദിനെ എന്‍റെ ചെറുപ്പ
കാലം മുതല്‍ ഞാന്‍ അറിയുന്ന ആളാണ്. എന്‍റെ അമ്മ വീടിന്‍റെ തൊട്ടുമുമ്പിലായിരുന്നു
അവരുടെ തറവാട്. “യഥാര്‍ത്ഥ ക്രിസ്ത്യാനി യഥാര്‍ത്ഥ
ഹിന്ദുവാണ്, യഥാര്‍ത്ഥ ഹിന്ദു യഥാര്‍ത്ഥ ക്രിസ്ത്യാനിയും.” സ്വാമി വിവേകാനന്ദന്‍റെ
ഈ വാക്കുകളില്‍ ആശ്രയിച്ച് ഉപനിഷദ് ദര്‍ശന വെളിച്ചത്തില്‍ പുതിയ നിയമസത്ത അനാവരണം
ചെയ്യുന്ന 600 പേജുകളുള്ള ‘ഏകം സത്’ എന്ന ഗ്രന്ഥത്തിന് അവതാരിക എഴുതിയത് ഡോ.
സുകുമാര്‍ അഴിക്കോടാണ്. അഭിപ്രായം പറയുവാനും അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുവാനും
അണി നിരന്നവരില്‍ സക്കറിയാ, സ്വാമി സുധി ചൈതന്യ, ഡോ. സി.ജെ റോയി, തോപ്പില്‍ രാമചന്ദ്രപിള്ള,
കാക്കനാടന്‍, ഡോ.പുതുശ്ശേരി രാമചന്ദ്രന്‍, സ്വാമി സച്ചിദാനന്ദ ഭാരഥി, ഫാ. കെ റ്റി
ജെയിംസ് OFM
(Cap), ജെ സി ദേവ്, പോള്‍
മണലില്‍ തുടങ്ങിയ പ്രഗത്ഭര്‍ ഉള്‍പ്പെടുന്നു. ആ ഗ്രന്ഥത്തില്‍ അറിയാന്‍
ഒത്തിരിയുണ്ട്, കത്തോലിക്കാ സഭയില്‍ ഇന്ന് നിലവിലുള്ള അസ്വീകാര്യ വ്രവണതകളെയെല്ലാം
അതില്‍ തൊലിയുരിഞ്ഞു കാണിക്കുന്നുമുണ്ട്. ബഹു. കേരളാ നിയമസഭാ സ്പീക്കര്‍ ശ്രി കാര്‍ത്തികേയനെ
നമ്മുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് സന്ദര്‍ശിച്ചപ്പോള്‍ ഉപഹാരമായി കൊടുത്തത് ഈ
ഗ്രന്ഥം ആണെന്നുള്ളത് വൈരുദ്ധ്യമായാണ് ഞാന്‍ കാണുന്നത്.
കത്തുന്ന അനവധി അനുഭവങ്ങളിലൂടെ കടന്നാണ്
ഇമ്മാനുവേല്‍ സത്യാനന്ദ് ഈ അവസ്ഥയില്‍ എത്തിയത്. സ്കൂളില്‍ സമര്‍ത്ഥനായ ഒരു
വിദ്യാര്‍ഥിയായിരുന്നു, യൌവ്വനത്തില്‍ അടിച്ചു പൊളിച്ച ഒരു യുവാവും ആയിരുന്നു.
സമ്പത്തിന്‍റെ ഉള്ളായ്മയും ഇല്ലായ്മയും ഇത്രമേല്‍ ആവര്‍ത്തിച്ചനുഭവിച്ച അധികം സാഹസികര്‍
ഭൂമുഖത്ത് ഉണ്ടായിരിക്കാന്‍ ഇടയില്ല. ആത്മീയ കാര്യങ്ങളിലേക്കുള്ള അദ്ദേഹത്തിന്‍റെ
ചുവടു മാറ്റം എന്നെ ആശ്ചര്യപ്പെടുത്തുക തന്നെ ചെയ്തു. ഒരു കാലത്ത് ധ്യാനങ്ങള്‍ക്ക്
വേദിയില്‍ അദ്ദേഹം ഒരു ആവേശമായിരുന്നു. ആത്മാവിലും, ഹൃദയത്തിലും, വചനത്തിലും
യേശുവിനെ അനുഗമിക്കാന്‍ എല്ലാം ഉപേക്ഷിക്കാന്‍ തയ്യാറായ ആ അത്മായനെയും സഭക്ക്
ആവശ്യമുണ്ടായിരുന്നില്ല. അങ്ങിനെയാണ് അദ്ദേഹവും പുറത്തേക്ക് നടന്നത്. അദ്ദേഹത്തോടും
ഞാന്‍ ചോദിച്ചു, സഭയുടെ ഈ മരണപ്പിടുത്തത്തില്‍ നിന്ന് എങ്ങിനെ രക്ഷപെടുമെന്ന്.
അതിനുത്തരമായാണ് അദ്ദേഹം ഈ സംഭവം പറഞ്ഞത്. അദ്ദേഹം അടുത്തിടെ കോട്ടയത്തുള്ള ഒരു
സ്മശാന നടത്തിപ്പുകാരെ സന്ദര്‍ശിച്ച്, ഒരു ശവം ദഹിപ്പിക്കാന്‍ എന്ത് ചെലവ്
വരുമെന്നും അതിന്‍റെ നടപടി ക്രമങ്ങള്‍ എന്തെല്ലാമെന്നും കൃത്യമായി അന്വേഷിച്ചുവത്രെ.
ആരെയാണ് ദഹിപ്പിക്കേണ്ടതെന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞു, “എന്നെ തന്നെ.” അവര്‍
ആദ്യമായായിരുന്നു ഒരു ജീവനുള്ള ശവത്തോട് സംസാരിച്ചത്.
സ്വാമി സച്ചിദാനന്ദ ഭാരതിയോടു സഭയുടെ
മരണപ്പിടുത്തത്തെ പേടിയുണ്ടോയെന്ന് ഞാന്‍ ചോദിച്ചിട്ടില്ല. ഒരു കടുത്ത യാഥാസ്തിതിക
കത്തോലിക്കാ കുടുംബത്തില്‍ അദ്ദേഹം ജനിച്ചുവെന്നത് ശരി, അദ്ദേഹത്തിനു പക്ഷേ കല്ലറ
മോഹങ്ങളുമില്ല, കൂടെ കൊണ്ട് നടക്കുന്ന ശരീരത്തെപ്പറ്റി വലിയ വ്യാകുലതകളുമില്ല.
ഒക്കെയാണെങ്കിലും, ആ ദേഹം ദഹിപ്പിച്ചാലും കാണും വലിച്ചെറിഞ്ഞാലും കാണും സാക്ഷ്യം
നില്‍ക്കാന്‍ കുറെ ബിഷപ്പുമാരെങ്കിലും.
ഈ മരണ പിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള
തന്ത്രങ്ങള്‍ എല്ലാ അത്മായാ സ്വാതന്ത്ര്യ പോരാളികളും കണ്ടു
വെച്ചിട്ടുണ്ടെന്നുള്ളത് എന്നെ അത്ഭുതപ്പെടുത്താതിരുന്നില്ല. ഞാനും അടിയന്തിരമായി
എന്തെങ്കിലും കരുതല്‍ നടത്തേണ്ടിയിരിക്കുന്നു. എനിക്കിഷ്ടം വീടിന്‍റെ തെക്ക്
വശത്ത് നില്‍ക്കുന്ന ഇനിയും കായ്ക്കാത്ത തെങ്ങിന്‍റെ ചുവടാണെന്നുള്ളത്
പ്രഖ്യാപിക്കാന്‍ സമയമായോ എന്തോ?
വീടിന്റെ തെക്കുവശത്തെ തെങ്ങിഞ്ചുവടീ പള്ളിപുരയിടത്തിലെ കൂട്ടക്കല്ലറയെക്കാളെത്ര സ്വസ്തം,സുന്ദരം ! എല്ലാക്കൊല്ലവും കത്തനാര് പുകവീശി കാശു വാങ്ങില്ലല്ലോ ...മക്കൾക്കും സുഖം !
ReplyDeleteവീടിരിക്കുന്ന മണ്ണിൽ തന്നെ മൃതദേഹം മറവു ചെയ്യുന്ന പാരമ്പര്യം കേരളത്തിൽ ചില ക്രിസ്തീയ വിഭാഗങ്ങളിൽ ഉള്ളതായി കേട്ടിട്ടുണ്ട് . കൊച്ചിയിലെ ഒരു പ്രമുഖ ക്രിസ്ത്യൻ വ്യവസായിയുടെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു .( അതും കാനോൻ നിയമം അനുവദിക്കുന്നുണ്ട് ). "മരിച്ചവര്ക്കുള്ള ശുശ്രൂഷകളും പ്രാർത്ഥനകളും കൊണ്ട് ആത്മാവിനു ഗുണം കിട്ടുമോ എന്ന് അറിയില്ല "എന്ന് കോടതി കയറിയപ്പോൾ ബൈബിൾ തൊട്ടു പറഞ്ഞ ബിഷോപ്പ്മാരും കേരളത്തിൽ ഉണ്ടായിട്ടുണ്ടല്ലോ . മരണാനന്തര ചടങ്ങുകളിൽ പണത്തിന്റെ കൊഴുപ്പ് അനുസരിച്ച് ഇത്രയേറെ വ്യത്യാസങ്ങൾ ഉള്ള വേറെ ഒരു മത വിഭാഗവും ലോകത്തിൽ ഉണ്ടാവില്ല .ഒന്നുകിൽ എല്ലാവര്ക്കും കല്ലറ കൊടുക്കണം -അല്ലെകിൽ ആർക്കും കല്ലറ പാടില്ല .
ReplyDeleteശ്രീ. മറ്റപ്പള്ളിയുടെ ലേഖനം വളരെ നന്നായിരിക്കുന്നു.
ReplyDeleteസഭാ നവീകരണത്തെപ്പറ്റി ഞാൻ പുസ്തകങ്ങൾ എഴുതി പ്രസിദ്ദീകരിച്ചപ്പൊൽ ചിലരെന്നോട് ചോദിച്ചു പള്ളില് അടക്കൽ നടക്കുമോയെന്ന്. ഇവിടെ അമേരിക്കയിൽ പള്ളിലച്ചന്മർക്കു 'മരണ പിടി' പറ്റില്ല. അങ്ങനെ ഒരു ആശ്വാസം ഉണ്ട്.
ശവം അടക്കലിനു 10,000.00 ഡോളർ ആകുമ്പോൾ ശവം ദാഹിപ്പിക്കലിനു വെറും 500.00 ഡോളർ മാത്രമേ ആകു. ഞാന്ൻ പണ്ടേ ശവദാഹത്തിനുള്ള ഡോളർ കണ്ടുവെച്ചിട്ടുണ്ട്.
കണക്കനുസരിച്ചു 35% കത്തോലിക്കരും ശവദാഹമാണു അമേരിക്കയിൽ നടത്തുന്നത്.
കനോൻ നിയമത്തിൽ ശവദാഹത്തിനുള്ള അനുമതി ഉണ്ടായിട്ടും കേരളത്തിലെ മുതലാളിക്ക് വലിയ മെത്രാപ്പൊലീത്തയുടെ അനുമതി വേണ്ടിവന്നു. എന്തൊരു കടുംപിടുത്തം! അദ്ദേഹത്തിന്റെ ചിതാഭസ്മം ഭാര്യയുടെ കല്ലറയിൽ അടക്കം ചെയ്യാൻ വികാരി സമ്മതിച്ചില്ല എന്നും കേട്ടു.
തെക്കൻകേരളത്തിൽ നാടാർക്രിസ്ത്യാനികൾ അവരവരുടെ പറമ്പിൽ തെക്കുകിഴക്കേ ഭാഗത്ത് കല്ലറ പണിയുന്നവരാണു ! എന്റെ ഒരു സ്നേഹിതന്റെ പിതാവിന്റെ മരണവിവരമറിഞ്ഞ് ഞാൻ ആ വീട്ടിൽ ചെന്നപ്പോൾ പള്ളിമണി വീട്ടിൽ കൊണ്ടുവന്നു കെട്ടിത്തൂക്കി മണിയടിക്കുന്നു , വീട്ടുപറമ്പിൽ ശവക്കുഴി കുഴിക്കുന്നു ! ഉന്നതകുലജാതർ , അവരാരും പള്ളിപ്പറമ്പിൽ ശവമടക്കില്ല..സ്വന്തമായി ഇത്തുരിമണ്ണില്ലാത്തവരാണുപോലും പള്ളിപ്പറമ്പ് പൂകുക ! ഇതൊരു വല്യശരിയെന്നെനിക്കന്നേ തോന്നി .. ശവപ്പറമ്പിന്റെ പേരിൽ തമ്മിൽതല്ലുന്ന നെറികെട്ട അച്ചായൻ ചിന്തിക്കട്ടെ , കാലത്തിന്റെ കൂദാശചൊല്ലുന്ന കത്തനാരും വീണ്ടുവിചാരത്തോടെ ചിന്തിക്കട്ടെ... സമൂഹക്കല്ലറ നിലവിൽ വന്നതോടെ കൂട്ടക്കല്ലറയിൽ , ശവക്കൂമ്പാരത്തിൽ ഒരുവന്റെ അസ്തികൽക്കുപോലും "തനിമ" ഇല്ലാതാക്കിയ പാതിരിവർഗത്തെ നാം ശത്രുപക്ഷത്തു കാണേണ്ടതാണ് . ഏതെങ്കിലുമൊരു മേത്രാനെയോ കത്തനാരെയോ ഈ നരകക്കുഴിയിൽ മൂടുമൊ? ജനം വെറും ആടുകൾ ,അവരൊടെന്തുമാകാം , പാതിരി എന്ത് പറഞ്ഞാലും "ആമേൻ" കരയാനറിയുന്ന ജന്തുക്കൾ ! ഈ നിത്യനരകകുഴിയിൽ ഇടം കിടയ്ക്കുന്നതിനൊ ആയിരങ്ങൾ പള്ളിപ്പരീശഫണ്ടിന് കുഴിക്കാണവും ! പിന്നെ ആണ്ടുതോറും "അപ്പനെ സ്വർഗത്തിൽ കയറ്റണെ" എന്ന് കത്തനാരെകൊണ്ട് പുസ്തകം (തക്സാ)വായിക്കാൻ വേറെ കാശും മക്കൾ കരുതണം . "ക്രിമിനൽ വെയീസ്റ്റജ് ഓഫ് മണി" ! മനുഷ്യാ നീ മനസിനെ ഉണര്ത്തൂ ,മനനം മൂലം വിവേകിയാകൂ
ReplyDeleteചുരുങ്ങിയത് പതിനഞ്ചു വര്ഷം മുമ്പാണ് "പള്ളി സിമിത്തേരിയിൽ എന്നെ അടക്കല്ലേ!" എന്നൊരു കുറിപ്പ് ഞാൻ ഓശാന മാസികയിൽ എഴുതിയിരുന്നു. സിമിത്തെരിയോടുള്ള ഭയം അതിനും മുമ്പ് തുടങ്ങിയതാണ്. ഏതായാലും മരണശേഷം എന്റെ കുടുംബത്തിലെ സത്യക്രിസ്ത്യാനികൾ പള്ളിയിലേയ്ക്ക് ചുമന്ന് എന്നെ അപമാനിക്കയില്ലെന്നു തന്നെയാണ് എന്റെ വിശ്വാസം. എനിക്കും ഭാര്യക്കുംകൂടെ ഞാനൊരു കുഴി കുത്തി ഇട്ടിട്ടുണ്ട്. വിശുദ്ധന്മാരുടെ ശവം പോലെ ഞങ്ങൾ കൊല്ലങ്ങളോളം അഴിയാതെ കിടക്കുകയില്ലെന്നും പെട്ടെന്ന് തന്നെ മണ്ണായി മാറുമെന്നുമുള്ള ശുഭ വിശാസത്തോടെയാണ് ഇപ്പോഴത്തെ ജീവിതം. ഇച്ചിരെ മണ്ണെങ്കിലും ഉള്ളവർ മരിച്ചു കഴിഞ്ഞും മനുഷ്യരെ ശല്യം ചെയ്യുന്നത് ഒട്ടും നന്നല്ല.
ReplyDeleteപതിവിനെതിരായി, ഈ കഴിഞ്ഞ ദിവസം ഞാനൊരു അടക്കിനു പോയി. ശവമെടുക്കുന്നതിനു ഒരു മണിക്കൂർ മുമ്പ് മുതൽ, പള്ളിയിലേയ്ക്ക് എടുക്കുംവരെ എന്തൊരു കോലാഹലമായിരുന്നു! വഴിയെ പോകുന്നവരെയും മൈക്ക് വച്ച് പാട്ടും പ്രാർത്ഥനയും കേള്പ്പിച്ചുള്ള ഈ ശല്യം എന്നാണോ നിയമവിധേയമായി ഒന്നവസാനിക്കുന്നത്! ഒന്നാമതെ, വേര്പാടിന്റെ വേദന തിന്നുന്നവരെ, ശോകം കുത്തിത്തിരുകിയ പാട്ട് പാടിയും ഇങ്ങനെ ദ്രോഹിക്കാൻ ഏതവനാണ് ഇതൊക്കെ തുടങ്ങിവച്ചത്? മരിച്ച ആളിന്റെ ബന്ധുക്കൾക്കും വിവരം ഒട്ടുമില്ല. ഉറ്റവരുടെ കണ്ണീരും പാരവശ്യവുമെല്ലാം നിത്യസ്മാരകമാക്കാൻ ഒരുങ്ങി, തിക്കിക്കയറുരുന്ന വീഡിയോക്കാർ മറ്റൊരു ശല്യം അങ്ങനെ! എന്തെല്ലാം പേക്കൂത്തുകളാണ് ഒരാൾ ഈ ഭൂമി വിട്ടൊന്നു പോകാൻ ഒരുങ്ങുമ്പോൾ ജീവനുള്ള മനുഷ്യർ കാട്ടിക്കൂട്ടുന്നത്!