Translate

Monday, June 10, 2013

സീറോ മലബാര്‍ സഭയില്‍ 'സഭാസിനഡി'ന്റെ അടിയന്തിര പ്രസക്തി


ഫാ. ഡേവീസ് കാച്ചപ്പള്ളി സി.എം.ഐ.
(മെയ് ലക്കം സത്യജ്വാല മാസികയില്‍ നിന്ന്) 

സഭാനവീകരണം എന്ന സമുന്നത ലക്ഷ്യത്തോടെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രസിദ്ധീകരിച്ച പതിനാറ് പ്രമാണരേഖകളിലുടനീളം കാണുന്ന സഭാനവീകരണ അന്തര്‍ധാരയെ, സഭാകൂട്ടായ്മ, അധികാരവികേന്ദ്രീകരണം, അല്‍മായ
ശാക്തീകരണം എന്നീ മൂന്നുപദങ്ങളില്‍ ഒതുക്കാനാകും. 


കൗണ്‍സിലിനുശേഷം അമ്പതുവര്‍ഷം കടന്നുപോയിരിക്കുന്നു; ഇത് (2013) കൗണ്‍സിലിന്റെ 50 -ാം വാര്‍ഷികമാണ്. എന്നാല്‍ ഇന്നോളം മേല്പറഞ്ഞ മഹനീയ ആദര്‍ശങ്ങള്‍ സഭയില്‍ കാര്യക്ഷമമായി നടപ്പിലാക്കാനായിട്ടില്ല. സഭാകൂട്ടായ്മയാണ് മറ്റു രണ്ടിന്റെയും അടിസ്ഥാനം. അതിലൂടെ അധികാരവികേന്ദ്രീകരണവും അത്മായശാക്തീകരണവും നടപ്പിലാക്കപ്പെടും. ആഗോളസഭയില്‍ നാലാം നൂറ്റാണ്ടുവരെയും കേരളസൂറിയാനിസഭയില്‍ 16 -ാം നൂറ്റാണ്ടുവരെയും നിലവിലുണ്ടായിരുന്ന സഭാകൂട്ടായ്മാസമ്പ്രദായം, ക്രിസ്തു പ്രഘോഷിച്ചതും മാതൃക നല്‍കിയതും സഭയോട് അനുവര്‍ത്തിക്കാന്‍ കല്പിച്ചതുമായ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രായോഗികരൂപമാണ്.


സഭയുടെ ആദിമചൈതന്യത്തിലേക്കും ശൈലിയിലേക്കും (മാര്‍ത്തോമ്മാ നിയമവും പള്ളിയോഗസമ്പ്രദായവും) തിരിച്ചുപോയി സഭയെ വിശ്വാസികളുടെ കൂട്ടായ്മയായി നവീകരിക്കണം എന്നതായിരുന്നു കൗണ്‍സിലിന്റെ പ്രബോധനം. എന്നാല്‍, കേരളസുറിയാനി സഭയുടെ തലപ്പത്ത് സഭാകൂട്ടായ്മ രൂപീകരിക്കപ്പെട്ടിട്ടില്ല. സീറോ-മലബാര്‍ സഭയുടെ കാര്യങ്ങളെല്ലാം ചര്‍ച്ചചെയ്യുന്നതും തീരുമാനിക്കുന്നതുമായ വേദിയായി 1991-നു ശേഷം നിലകൊള്ളുന്നത് സഭയിലെ ഏകപക്ഷീയഘടകമായ മെത്രാന്മാരുടെ സിനഡാണ്. മെത്രാന്മാര്‍ സഭയിലെ ഒരു ഘടകം മാത്രമാണല്ലോ. സഭയിലെ മറ്റ് അടിസ്ഥാനഘടകങ്ങളാണ് വൈദികരും സന്യസ്തരും അല്മായരും. സഭ വിശ്വാസികളുടെ കൂട്ടായ്മയാണ് എന്ന അടിസ്ഥാനത്തില്‍ ഇവരുടെ പ്രതിനിധികളെയും സിനഡില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. അത്തരത്തിലുള്ള ഉന്നതാധികാരവേദിയെയാണ് സഭാസിനഡ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതിലൂടെ മാത്രമേ സഭയില്‍ അധികാരവികേന്ദ്രീകരണവും അല്മായശാക്തീകരണവും സാധ്യമാക്കി വിശ്വാസികളുടെ കൂട്ടായ്മയായി സഭയെ നവീകരിക്കാനും വളര്‍ത്താനും യേശുവിന്റെ സഭയാക്കാനും സാധിക്കുകയുള്ളൂ. 

അധികാരവികേന്ദ്രീകരണം അടിസ്ഥാനപ്പെടുത്തിയാണ് റോമാസഭ സീറോ-മലബാര്‍ സഭയ്ക്ക് 1991-ല്‍ സ്വയംഭരണാവകാശം നല്‍കിയത്. പക്ഷേ, മാര്‍ത്തോമ്മാപാരമ്പര്യപ്രകാരം നസ്രാണിസഭയില്‍ അല്മായര്‍ക്കുണ്ടായിരുന്ന സാതന്ത്ര്യവും അധികാരാവകാശങ്ങളും അവഗണിച്ചുകൊണ്ട് സഭാഭരണം മെത്രാന്മാരുടെമാത്രം അധീനതയിലാക്കുകയായിരുന്നു. അതാണ് മെത്രാന്‍ സിനഡിലൂടെ സംഭവിച്ചത്. അതിനുശേഷം സഭാകൂട്ടായ്മ ഇവിടെ നടപ്പിലാക്കാനായിട്ടില്ല.


മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ പരമ്പരാഗതമായ കൂട്ടായ്മാശൈലിക്ക് അനുകൂലമായ സഭാസമ്പ്രദായമല്ല, മെത്രാന്‍ സിനഡിലൂടെ നിലവില്‍ വന്നത്. മറിച്ച്, അത് സീറോ-മലബാര്‍ സഭയെ നല്ലൊരളവോളം കോണ്‍സ്റ്റന്റൈന്‍ പ്രൗഢിയുടെയും സ്വേച്ഛാധികാരത്തിന്റെയും പതിപ്പാക്കിത്തീര്‍ക്കുകയാണു ചെയ്തത്. 23-ാം യോഹന്നാന്‍ മാര്‍പ്പാപ്പാ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലൂടെ ലക്ഷ്യംവച്ചത് കോണ്‍സ്റ്റന്റൈന്‍ സഭാശൈലികളെ പൊളിച്ചുമാറ്റി സഭാഭരണത്തെ കൂട്ടായ്മയാക്കുക എന്നതായിരുന്നു. എന്നാല്‍, മെത്രാന്‍ സിനഡ് സഭാഭരണത്തെ കൂടുതല്‍ ഏകാധിപത്യപരമാക്കിത്തീര്‍ത്തു. കൗണ്‍സിലിനുശേഷം ഉപരിപ്ലവമായ ചില നവീകരണങ്ങള്‍ വരുത്തിയെന്നല്ലാതെ സഭയെ കൂട്ടായ്മയായി വളര്‍ത്തുകയോ സ്ഥിരപ്പെടുത്തുകയോ ചെയ്തില്ല. സഭ കേവലമൊരു നൈയാമികസംഘടനയല്ല; മറിച്ച്, സ്‌നേഹക്കൂട്ടായ്മയാണ് എന്ന കൗണ്‍സില്‍ പ്രഖ്യാപനത്തിന് അനുസൃതമായ മാറ്റങ്ങള്‍ 1992-ലെ കാനോന്‍ നിയമപരിഷ്‌കരണത്തില്‍ ഉണ്ടായിട്ടില്ലെന്നുമാത്രമല്ല, സഭയെ അതു കൂടുതല്‍ നൈയാമികവും ആധിപത്യപരവും ആക്കുകയും ചെയ്തു. തന്മൂലം, രൂപതകളില്‍ ഇന്നും മെത്രാന്മാരുടെ ഏകാധിപത്യഭരണമാണ് നടമാടുന്നത്. അതിനുതെളിവാണ് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് തലോര്‍ ഇടവകയില്‍ പ്രഖ്യാപിച്ച ഇടവക പുനഃസംവിധാനം. അതേക്കുറിച്ച് രൂപതയിലെ വൈദികസമിതിയുമായും ഇടവകക്കാരുമായും വികാരിയുമായും അയല്‍പക്ക വികാരിമാരുമായും ആലോചിക്കണമെന്ന കാനോന്‍ നിയമവും രൂപതാനിയമവും ഇടവകനിയമവും പൂര്‍ണ്ണമായി അവഗണിച്ചുകൊണ്ട് തീര്‍ത്തും ഏകാധിപത്യപരമായ പ്രഖ്യാപനമാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചെയ്തത്. ഇത്രയും വലിയൊരു അധികാരദുര്‍വിനിയോഗം കേരളസഭാചരിത്രത്തില്‍ ഉണ്ടായിട്ടില്ല. 

കാനോന്‍ നിയമപ്രകാരം സ്ഥാപിക്കപ്പെട്ട മറ്റൊരു ഇടവകയും കേരളത്തില്‍ ഇന്നോളം പ്രവര്‍ത്തനരഹിതമാക്കിയിട്ടില്ല.
ഇതിലെ മറ്റൊരു വിരോധാഭാസം, നാലു വര്‍ഷത്തോളമായി നിലനില്‍ക്കുന്ന ഈ അധികാരദുര്‍വിനിയോഗം പിന്‍വലിപ്പിക്കാനോ തിരുത്തിക്കാനോ സീറോ-മലബാര്‍ സഭയുടെ മെത്രാന്‍സിനഡിന് സാധിച്ചിട്ടില്ല എന്നതാണ്. തലോറിലെ അയ്യായിരത്തിലധികം വിശ്വാസികളുടെ കൂട്ടായ്മയാണ് ഇവിടെ തകര്‍ക്കപ്പെട്ടിരിക്കുന്നത്. 


ഭിന്നതകളും വഴക്കുകളും സംഘര്‍ഷങ്ങളും അവിടെ നിത്യസംഭവങ്ങളായിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് രൂപതാധികാരികളും വിശ്വാസികളും തമ്മിലുള്ള നിരവധി കേസുകള്‍ സിവില്‍ കോടതിയിലും സഭാകോടതിയിലും നിലനില്‍ക്കുന്നുണ്ട്. തൃശൂര്‍ മെത്രാന്റെ അനീതിക്കും നിയമലംഘനങ്ങള്‍ക്കും മെത്രാന്‍ സിനഡ് കൂട്ടുനില്‍ക്കുന്നു എന്നതുകൊണ്ടാണ് തലോര്‍ പ്രശ്‌നം നീതിപൂര്‍വ്വം പരിഹരിക്കപ്പെടാത്തത്. എന്നാല്‍, സഭയുടെ ഉന്നതാധികാരവേദിയായ ഇപ്പോഴത്തെ മെത്രാന്‍സിനഡിനു പകരം ഇവിടെ ശരിയായ ഒരു സഭാസിനഡ് - മെത്രാന്മാരും, വൈദികരും, സന്യസ്തരും, അല്മായരും ഉള്‍പ്പെടുന്ന കൂട്ടായ്മാസിനഡ്- ഉണ്ടായിരുന്നെങ്കില്‍, ഇത്തരം അധികാരദുര്‍വിനിയോഗങ്ങള്‍ ഉണ്ടാകില്ലായിരുന്നു. ഉണ്ടായാല്‍ത്തന്നെയും അവ എത്രയും വേഗം തിരുത്തപ്പെട്ടേനെ. ഇതുപോലെതന്നെ ഗൗരവമായ മറ്റൊരു പ്രശ്‌നമാണ് ഞാറയ്ക്കല്‍ സ്‌കൂള്‍പ്രശ്‌നം. മെത്രാന്മാരുടെ ഏകാധിപത്യത്തിലൂടെ സഭാകൂട്ടായ്മകള്‍ തകരുന്നു എന്നതിന് ഇത്തരം ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. കേരളസഭയിലിന്ന് ഗൗരവമായ പ്രശ്‌നങ്ങളില്ലാത്ത രൂപതകള്‍ ഉണ്ടെന്ന് പറയാനാകില്ല.


ചുരുക്കത്തില്‍, സഭയുടെ ആധുനികസഭാനവീകരണപ്രബോധനം പ്രാവര്‍ത്തികമാക്കാനും ഏകപക്ഷീയ മെത്രാന്‍സിനഡിനെ കൂട്ടായ്മാസിനഡാക്കി ഉയര്‍ത്തി ശക്തിപ്പെടുത്താനും, സഭയെ കാലഹരണപ്പെടാന്‍ ഇടയാക്കാതെ കാലോചിതമായി വളര്‍ത്താനും, കൂട്ടായ്മയിലെ എല്ലാ ഘടകങ്ങളുടെയും നന്മകളും സിദ്ധികളും സഭയ്ക്കാകമാനം സംലഭ്യമാക്കാനും, സമവായ ചര്‍ച്ചകളിലൂടെയും തീരുമാനങ്ങളിലൂടെയും സഭയിലെ എല്ലാ ഘടകങ്ങള്‍ക്കും നീതി ഉറപ്പിക്കാനും, ഏതൊരു വിഭാഗത്തിന്റെയും പ്രശ്‌നങ്ങള്‍ യഥാസമയം പരിഹരിക്കപ്പെടാനും, സഭാപ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പങ്കാളിത്തം ഉറപ്പാക്കാനും, സുതാര്യതയും കര്‍മ്മശേഷിയും വര്‍ദ്ധിപ്പിച്ച് സഭയെ സുസ്ഥിരമാക്കാനും എല്ലാവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുളള ശരിയായ ഒരു സഭാസിനഡ് അടിയന്തിരമായി രൂപപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള എല്ലാ ശ്രമങ്ങളും സഭയുടെ എല്ലാ തലങ്ങളിലും ഉണ്ടാകേണ്ടിയിരിക്കുന്നു.

(ഒരു അഭ്യര്‍ത്ഥന: ഈ ലേഖനവും കഴിഞ്ഞലക്കത്തിലെ 'രൂപതാദ്ധ്യക്ഷന്റെ തട്ടിപ്പ്' എന്ന ലേഖനവും തുടര്‍ന്നുള്ള ലേഖനങ്ങളും അവയ്ക്കു ലഭിക്കുന്ന പ്രതികരണങ്ങളുംകൂടി ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട്, താഴെകൊടുത്തിരിക്കുന്ന ഫോണ്‍നമ്പരും, വിലാസവും ശ്രദ്ധിക്കണമെന്നും പ്രതികരണങ്ങള്‍ അയച്ചുതരണമെന്നും പ്രബുദ്ധരായ 'സത്യജ്വാല' വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു - ലേഖകന്‍)
ഫോണ്‍: 9497179433
വിലാസം: ഫാ. ഡേവീസ് കാച്ചപ്പിള്ളി-സി.എം.ഐ, കാര്‍മ്മല്‍ഗിരി ആശ്രമം, കോര്‍മല, കുറ്റിച്ചിറ പി.ഒ. തൃശൂര്‍ - 680 724

4 comments:

  1. സഭാ നവീകരണത്തിന് വേണ്ടിയുള്ള മുറവിളി അത്മായരെയും കടന്നു വൈദികരിലേക്കും, മെത്രാന്മാരിലേക്കും എത്തിയിരിക്കുന്നു. സഭയുടെ ഏകാധിപത്യപരമായ പോക്കിനെക്കാള്‍ അത് ക്രിസ്തുവില്‍ നിന്ന് എന്ത് മാത്രം അകന്നുവെന്നതാണ് ഒരു സമൂഹത്തെ മുഴുവന്‍ വേദനിപ്പിക്കുന്നതും, വരും വരായ്കകള്‍ നോക്കാതെ തുറന്നു വിമര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്നതും. കൂദാശകള്‍ എഴുണ്ട്. ഒരെണ്ണം പോലും യേശു അടിത്തറയായി പ്രഖ്യാപിച്ച സ്നേഹത്തെ അടിസ്ഥാനമാക്കിയുള്ളതല്ല; ഒരെണ്ണം പോലും സൌജന്യമായും കിട്ടുന്നതല്ല.

    കുറേക്കാലം മുമ്പു ഒരു സാധുവിന്‍റെ മൃതദേഹം സംസ്കരിക്കാന്‍ ഇടയില്ലാതെ വീട്ടുമുറ്റത്തിരുന്നു അഴുകിതുടങ്ങിയപ്പോള്‍ ഞാന്‍ ചിന്തിച്ചു സഭക്ക് എത്ര വലിയ ശവകോട്ടകളുണ്ട്. നാല്‍പ്പതു കി.മീറ്റര്‍ ഗര്‍ഭിണിയായ ഭാര്യയേയും ചുമന്നു ആശുപത്രിയിലെത്തിയ ഒരു ആദിവാസിയുടെ കഥ ഇന്നലെ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ആസ്പത്രിയിലായ ആ യുവതിക്ക് സമീപം P U തോമസും കൂട്ടരും കാവല്‍ നില്‍ക്കുന്ന ചിത്രം ഇന്നത്തെ പത്രങ്ങളിലുമുണ്ട്. വഴിയരുകില്‍ അവശനായി കിടന്ന യാത്രക്കാരനെ ജാതിയും മതവും നോക്കാതെ സംരക്ഷിച്ച സമ്രായാക്കാരനെയും ചുമന്നു കൊണ്ട് നടക്കുന്നവരാണ് നാമെന്നോര്‍ക്കുക.

    ഒരു മേത്രാനോ സാക്ഷാല്‍ യേശുവിനു തന്നെയോ തിരുത്താവുന്നതില്‍ കൂടുതല്‍ വ്യാപ്തിയിലാണ് ധനാര്‍ത്തി ക്രൈസ്തവരില്‍ വളരുന്നതെന്നു നിഷേധിക്കാനാര്‍ക്കാവും? രൂപതകളുടെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗയിഡന്‍സ് സെമ്മിനാറുകള്‍ സൌജന്യമായി നടത്തപ്പെടുന്നു. ഒരു നല്ല കാര്യം എന്ന് ചിന്തിച്ചു ആശ്വസിച്ചിരുന്നപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കഥകള്‍ കേള്‍ക്കാന്‍ ഇടയായത്. രൂപത തന്നെ സ്പോന്‍സര്‍ ചെയ്യുന്ന കോഴ്സ് ഗൈഡന്സിലൂടെ അനേകം വിദ്യാര്‍ഥികളെ മയക്കു മരുന്നുകളുടെ കോട്ടയായ നഗരങ്ങളിലെ ഷെട്ടിമാരുടെ സ്ഥാപനങ്ങളിലേക്ക് കയറ്റുമതി ചെയ്തു വന്‍ തുക കമ്മീഷനായി ആരോ കൈപ്പറ്റുന്നു. മാസം മൂന്നു തവണ ഒരു വൈദികന്‍ ഇവരെ സന്ദര്‍ശിക്കുമെന്നാണ് വാക്ക്. മുന്‍ അനുഭവം വെച്ച് ആണ്ടില്‍ രണ്ടു തവണ പോലും അതുണ്ടായിട്ടുമില്ല. പരസ്യത്തില്‍ കാണിക്കുന്ന തുകക്ക് അവര്‍ റിക്രൂട്ടുമെന്റിനു തയ്യാറുമല്ല. സോഡോമില്‍ ഇത്രമാത്രം മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിരിക്കാന്‍ ഇടയില്ല. ഫ്രാന്‍സിസ് മാര്‍പ്പാപ്പാ അവസാനത്തെ മാര്‍പ്പാപ്പാ ആയിരിക്കുമെന്നുള്ള പ്രവചനങ്ങള്‍ ശരിയായികൂടെന്നില്ല.

    ReplyDelete
  2. സീറോ മലബാര്‍ സഭയില്‍ മാത്രമല്ല, ആഗോളസഭയില്‍ ആകെത്തന്നെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രബോധനങ്ങല്‍ അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. അല്മായരുടെ നേതൃത്വത്തില്‍ ചില മെമ്മോറാണ്ടങ്ങള്‍ റോമിലേക്കയച്ചതിനെത്തുടര്‍ന്നായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രബോധനങ്ങളില്‍ പറഞ്ഞിരുന്നതനുസരിച്ച് വ്യക്തിസഭകള്‍ക്കുണ്ടായിരിക്കേണ്ട തനിമയുടെയും സ്വതന്ത്ര വ്യക്തിത്വത്തിന്റെയും അടിസ്ഥാനത്തില്‍ സീറോ മലബാര്‍ സഭയും സീറോ മലങ്കര സഭയുമൊക്കെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭകളായി അംഗീകരിക്കപ്പെട്ടത്. തുടര്‍ന്ന് വത്തിക്കാനില്‍നിന്നു രണ്ടു കമ്മീഷനുകള്‍ ഇവിടെ എത്തിയെങ്കിലും അവരുടെ റിപ്പോര്‍ട്ടുകള്‍ ഇനിയും വെളിച്ചം കണ്ടിട്ടില്ല.അവരിലൊരാളായിരുന്ന മാര്‍ കാട്ടുമനയുടെ മരണം ദുരൂഹവുമായിരുന്നു. പോര്‍ട്ടുഗീസുകാരുടെ ആഗമനം വരെ എന്നല്ല, അവര്‍ നടത്തിയ ഉദയംപേരൂര്‍ സിനഡില്‍ പോലും അല്മായര്‍ക്ക് ഭൂരിപക്ഷമുണ്ടായിരുന്നു. കേരളസഭയുടെ തനിമയുടെ മുഖ്യഘടകമായിരുന്ന സഭാസംവിധാനത്തില്‍ നിലവിലുണ്ടായിരുന്ന ജനാധിപത്യസംവിധാനം പുനസ്ഥാപിക്കപ്പെടാത്തിടത്തോളം സഭാസിനഡ് എന്ന പേരില്‍ ഇവിടെ ചേരുന്ന യോഗങ്ങളെ കാപട്യമെന്നേ വിളിക്കാനാവൂ.

    ReplyDelete
  3. വൈദികരും സന്യസ്തരും അല്മായരും സഭയുടെ ഘടകങ്ങൾ എന്ന നിലയിൽ മെത്രാന്മാരുടെ സിനഡിൽ ഉള്‍പ്പെടുത്തേണ്ടതായിരുന്നു.(ഫാദർ ഡേവിഡ് കാച്ചപ്പള്ളി). എന്തിന്? ഉവ്വേ തിരുമേനിയെന്നു പറഞ്ഞ് കൈപൊക്കാനോ? പണം മുഴുവൻ സ്വന്തം അധീനതയിൽ നിയന്ത്രിക്കുന്ന മെത്രാന്മാർ എന്തു വികീന്തിരികരണമാണ് അല്മേനിക്ക് നല്കുവാൻ പോവുന്നത്?


    ആദ്യമസഭയും കൂട്ടായ്മയുമെന്ന സംവിധാനത്തിൽക്കൂടി ലേഖകൻ തലോർപള്ളി പ്രശ്നത്തിന് പരിഹാരം നിർദ്ദേശിക്കുന്നുണ്ട്. നല്ല കാര്യം. അല്മേനി ഉൾപ്പടെ മെത്രാൻ സിനഡിൽ പങ്കെടുത്ത് ആദ്യമസഭയുടെ ചൈതന്യം വീണ്ടെടുക്കുവാൻ ലേഖൻ ആഗ്രഹിക്കുന്നു. എങ്ങനെയുള്ള അല്മേനികൾ പങ്കെടുക്കണമെന്ന് ലേഖനത്തിൽ വിശദീകരിച്ചിട്ടില്ല.


    ഒന്നാം നൂറ്റാണ്ടിലേക്ക് നമുക്ക് യാത്ര ചെയ്യാം. ആദിമസഭയുടെ ചൈതന്യത്തിൽ പന്ത്രണ്ടു ശിക്ഷ്യന്മാരും ആഗതരായിട്ടുണ്ട്. അന്ന് മെത്രാനൊ പുരോഹിതനോ ഉണ്ടായിരുന്നില്ല. ബിബ്ലിക്കൽകാലശേഷം സിനഡുകളുടെ നിയമങ്ങൾ പിന്തുടരേണ്ടത് പഴയനിയമമോ പുതിയ നിയമമോ ഏതെന്ന് നിശ്ചയമില്ല. ആഗതാരായിരിക്കുന്ന അപ്പോസ്തോലന്മാരോട് ചോദിക്കൂ? ഒന്നാം നൂറ്റാണ്ടിനുശേഷം സമ്മേളനം നടക്കുന്നത് ഈജിപ്റ്റിലെ അലക്സാണ്ട്രിയയിലാണ്. അന്ന് സംബന്ധിച്ചവർ യഹൂദവിശ്വാസികൾ ആയിരുന്നു. സുവിശേഷങ്ങൾ പഠിച്ചുവരുന്നതേയുള്ളൂ. അവരോടൊപ്പം അജ്ഞാനികളായ ഇന്നത്തെ അല്മായർക്കും താഴെപറയുന്ന ചോദ്യങ്ങൾ അപ്പോസ്തോലന്മാരോട് ചോദിക്കാം.

    1. അപ്പോസ്തൊലന്മാരെ, എങ്ങനെയുള്ള അല്മായനെ സിനഡിൽ പങ്കെടുപ്പിക്കണം. ഉവ്വേ തിരുമേനിയെന്ന് പറയുന്നവരെയോ? നിങ്ങളുടെ കാലത്ത് മെത്രാനും പുരോഹിതനും എവിടെയായിരുന്നു? പിന്നെ എങ്ങനെ മെത്രാൻ സിനഡ് അപ്പോസ്തോലിക പാരമ്പര്യം ആകും.?

    2. യോഗം പള്ളിപരിസരത്തോ, മലമുകളിലോ, കടൽത്തീരത്തൊ മരത്തിൽചുവട്ടിലോ. മെത്രാൻ പറയുന്നു പള്ളി പരിസരത്തെന്ന്. പള്ളികൾ ഒന്ന് കാണിച്ചു തരൂ? ഞങ്ങൾക്കും പള്ളികൂട്ടായ്മയിലും മെത്രാൻസിനഡിലും വരണം. നിങ്ങളുടെ മയിൽ‌പ്പീലിതൊപ്പി ധരിച്ച്‌ അംശവടിയും പിടിച്ചു നില്ക്കുന്ന അപ്പൊസ്തോലരുടെ മോതിരം ഞങ്ങൾക്കും മുത്തണം.

    3. യേശുവിനെ മറന്നുപോയ പുരോഹിതരും മെത്രാന്മാരും യേശുവിന്റെ ജനം ആകുന്നതെങ്ങനെ?

    4. അപ്പോസ്തലരുടെ കാലത്തില്ലാതിരുന്ന അറക്കന്റെ കേസില്ലാവക്കീൽ പോലുള്ള മതനേതാക്കന്മാരെ ആദിമസഭയിൽ ആവശ്യമുണ്ടായിരുന്നോ?

    5. അല്മേനിമാർ പങ്കെടുക്കുന്ന ഏതു തരം സഭാ ഭരണമാണ് വേണ്ടത്? ധനകാര്യം കൈകാര്യം ചെയ്യുവാൻ തെരഞ്ഞെടുക്കുന്നത് വീണ്ടും യൂദാസ്സിനെയോ?

    6 . അല്മേനിയെ സംഘടനയുടെ പൂർണ്ണാധികാരിയാക്കുമോ? ആദിമ സഭയിൽ കാര്യങ്ങൾ നടത്തിയിരുന്നത് വെറും മുക്കവരും സാധാരണക്കാരുമായിരുന്നു.

    7 . കർത്താവിന്റെ അന്ത്യഅത്താഴ ഉദ്ദേശം എന്തായിരുന്നു? പുരോഹിതരും മെത്രാന്മാരും പഠിപ്പിച്ചിരുന്നത് ശരിയോ തെറ്റോ?

    8 . എപ്പോഴെല്ലാം കഴിക്കണം. ദിവസത്തിലോ, ആഴ്ചയിലോ, മാസത്തിലോ, വർഷത്തിലോ?

    9 . ദൈവത്തിന്റെ അപ്പം ജീവന്റെ അപ്പമോ അതോ അടയാളമോ?

    10 . അരീത്ര ഗീവർച്ചുപുണ്ണ്യാളന്റെയും വട്ടായുടെയും പണം അല്മേനിക്കു സൂക്ഷിക്കാമോ?

    11. ഓരോ പള്ളിക്കും വികാരിക്കും തോന്നുന്നതുപോലെ ഭരിക്കാമൊ?


    അപ്പോസ്തോലന്മാരെ നിങ്ങളൊടായി ഒരു ചോദ്യം. ഒന്നാം നൂറ്റാണ്ടിൽ നിങ്ങളോടൊപ്പം ഞങ്ങൾ അല്മായർ മെത്രാൻ സിനഡിൽ ഇരുന്നിട്ടും ഒരു പള്ളിപോലും ഒരു സ്ഥലത്തും കാണുന്നില്ലല്ലോ. ഒരു മെത്രാനെയും പുരോഹിതനെയും കാണുന്നില്ല. പള്ളിയില്ലാതെ പള്ളി ഭരണം അപ്പോസ്തോലിക കാലം പോലെ വേണമെന്നും പറയുന്നു. പാറയാകുന്ന ഹലോ പീറ്റർ ഉത്തരം പറയൂ?

    ReplyDelete
  4. രണ്ടാം വത്തിക്കാന്റെ പ്രമാണ രേഖകളിൽ പ്രധാനപ്പെട്ടവ അക്കാലത്ത് ഗൌരവമായി ഞാൻ വായിച്ചുപഠിച്ചിട്ടുണ്ട്. അവയിൽ നാലിലൊന്നെങ്കിലും പ്രവൃത്തിപഥത്തിൽ കൊണ്ടുവന്നിരുന്നുവെങ്കിൽ ഇന്ന് സഭയുടെ മുഖം പരിശുദ്ധിയുടേതാകുമായിരുന്നു. എന്നാൽ റോമാ തൊട്ടു ഇന്ത്യ വരെയുള്ളിടത്തെ യാഥാസ്ഥിതികരും തീവ്രവാദികളുമായ ക്ലെര്ജി തന്നെ ജോണ്‍ ഇരുപത്തിമൂന്നാമന്റെ സ്വപ്നങ്ങളെല്ലാം കുഴിച്ചുമൂടി. ഈ സഭയിൽ, പുലിക്കുന്നേൽ എഴുതുന്നതുപോലെയുള്ള, പരിശുദ്ധാരൂപിയുടെ നിയന്ത്രണം അല്പമെങ്കിലും ഉണ്ടെന്ന് അന്ന് തൊട്ട് ഞാൻ ലേശംപോലും വിശ്വസിക്കുന്നില്ല. ഇപ്പോഴത്തെ പപ്പാ യാദൃശ്ചികമായി തിരഞ്ഞെടുക്കപ്പെട്ടുവെന്നേയുള്ളൂ. വല്ലതും മെച്ചപ്പെട്ടാൽ തന്നെ അത് മനുഷ്യന്റെ മാത്രം പ്രവർത്തനം എന്ന് കരുതണം. ദൈവത്തിന്റെ താതപര്യങ്ങളിലൊന്നും പെടുന്ന കാര്യങ്ങളല്ല ഈ സഭയും അതിലുള്ളതൊന്നും. ചുമ്മാ മനുഷ്യര് ഓരോന്ന് വിശ്വസിച്ചു സായൂജ്യം കൊള്ളുന്നു.

    ReplyDelete