Translate

Saturday, May 12, 2012

പുണ്യവാളന്റെ ആള്‍മാറാട്ടം

പുണ്യവാളന്റെ ആള്‍മാറാട്ടം
ജോസഫ് പുലിക്കുന്നേല്‍
ഓശാന മാസികയുടെ (1975 നവംബര്‍) ലക്കത്തില്‍നിന്ന് )

സംഭവം നടന്നത് പാലാ രൂപതയിലുള്ള പൂവത്തോട് സെന്റ് തോമസ്സ് പള്ളിയിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇടവകക്കാര്‍ക്ക് വി: തോമ്മാശ്ലീഹായോട് അസാമാന്യമായ ഭക്തി തോന്നി. ഭക്തന്മാര്‍ തോമ്മാശ്ലീഹായുടെ ഒരു രൂപം വാങ്ങാന്‍ തീരുമാനിച്ചു. പ്രതിനിധികള്‍ നിയോഗിക്കപ്പെട്ടു. 'മാര്‍തോമ്മാശ്ലീഹായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിയ്ക്കണമേ' എന്ന് വിഗ്രഹത്തിനടയില്‍ എഴുതിയിട്ടുള്ള ഒരു രൂപം സമ്പാദിച്ചു. തലയില്‍ മുതലവായന്‍ തൊപ്പിയുമായി, മെത്രാന്റെ സ്ഥാന വസ്ത്രമണിഞ്ഞു നിന്ന 'മാര്‍തോമ്മാശ്ലീഹായെ' മനോഹരമായ രൂപക്കൂടുണ്ടാക്കി, ആഘോഷമായി വെഞ്ചരിച്ചു പ്രതിഷ്ഠിച്ചു. ഭക്തന്മാര്‍ പെരുന്നാള്‍ ദിവസം തോമ്മാശ്ലീഹായെയും വഹിച്ച് പ്രദക്ഷിണം നടത്തി; ഇടവകക്കാര്‍ നേര്‍ച്ചപ്പെട്ടിയില്‍ തങ്ങളുടെ മദ്ധ്യസ്ഥനായ തോമ്മാശ്ലീഹായ്ക്കു നേര്‍ച്ചകള്‍ ഇട്ടു. (ഈ തോമ്മാശ്ലീഹ അത്ഭുതം പ്രവര്‍ത്തിച്ചതായി ഈ ലേഖകന് നേരിട്ടറിവില്ല: പ്രവര്‍ത്തിച്ചു കാണണം). സംഭവ ബഹുലങ്ങളായ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. പൂവത്തോട്ടു പള്ളിയില്‍ വികാരിയായി മറ്റപ്പള്ളില്‍ തോമ്മാച്ചന്‍ നിയമിതനായി. തോമ്മാച്ചനൊരു സംശയം. ഇത് മാര്‍ത്തോമ്മാശ്ലീഹാതന്നെയാണോ? അദ്ദേഹം സൂക്ഷിച്ചുനോക്കി, കമ്പിളുതടി കൊണ്ട് മനോഹരമായി കൊത്തിയ ആ തടിരൂപത്തെ തോമ്മാച്ചന്‍ അംഗപ്രത്യഗം പരിശോധിച്ചു. അവസാനം വിധിയെഴുതി! ആള്‍മാറാട്ടം!!! ഇതു തോമ്മാശ്ലീഹായല്ല; വി. അഗസ്തിനോസിന്റെ രൂപമാണ്. തോമ്മാശ്ലീഹായ്ക്ക് മുതലവായന്‍ തൊപ്പിയില്ല. വികാരിയച്ചന്‍ പറഞ്ഞപ്പോള്‍ ഇടവകക്കാര്‍ക്ക് കാര്യം ബോദ്ധ്യമായി. വി. ആഗസ്തീനോസാണ്, ''തോമ്മാ''യാണെന്നും പറഞ്ഞ് ആള്‍മാറാട്ടം നടത്തി പറ്റിച്ചത്!!! ഏതായാലും മറ്റപ്പള്ളില്‍ തോമ്മാച്ചന്‍, വിശുദ്ധ ആഗസ്തീനോസ്സായ, തോമ്മാശ്ലീഹായെ പള്ളിയില്‍നിന്നും നിഷ്‌കാസനം ചെയ്ത്, ''ആറുപൂട്ടി''ന്റെ കോണില്‍ തള്ളി. ഭക്തജനങ്ങള്‍ പ്രകോപിതരായിട്ടില്ല. സന്തോഷണം! ഇപ്പോഴെങ്കിലും ഈ ആള്‍മാറാട്ടം കണ്ടുപിടിച്ചല്ലോ? ആശ്വാസമായി!!
മറ്റപ്പള്ളില്‍ തോമ്മാച്ചന്‍ സ്ഥലം മാറിപ്പോയി. കുറെക്കാലത്തിനുശേഷം കത്തിവളച്ചേന്‍ ജോര്‍ജ്ജച്ചന്‍ പൂവത്തോടുപള്ളി വികാരിയായി നിയമിതനായി. ആറു പൂട്ടു തുറന്നപ്പോള്‍ ഒരു കോണില്‍ ഇരിക്കുന്നു, ആള്‍മാറാട്ടക്കാരനായ ആഗസ്തീനോസ്സ് അപമാനിതനായി!! ഭക്തനാമാരില്ലാതെ!!! ഇതു പാടില്ല. പക്ഷേ എന്തു ചെയ്യും? ഇന്നലെവരെ വിശുദ്ധ തോമ്മായായിരുന്ന രൂപത്തെ ആഗസ്തീനോസ്സാണെന്നു പറഞ്ഞു ജനത്തിനെ വിശ്വസിപ്പിക്കാന്‍ വിഷമം. ഏതായാലും പരാജയപ്പെടാന്‍ പാടില്ല. ഒരു ശില്പിയെ വരുത്തി, ആഗസ്തീനോസിന്‍രെ മൊതലവായന്‍ തൊപ്പി അറുത്തുമാറ്റി ഒരു കിരീടം വെച്ചു. ''വടി'' പിടിച്ചിരുന്ന കയ്യില്‍ ഒരു ഭൂഗോളം പ്രതിഷ്ഠിച്ചു. ചായം മാറ്റി അടിച്ചു. വികാരിയച്ചന്‍ സൂക്ഷിച്ചുനോക്കി. ആര്‍ക്കും മനസ്സിലാവുകയില്ല. ഇത് ആള്‍മാറാട്ടക്കാരന്‍ ആഗസ്തീനോസാണെന്ന്. ''ഒന്നാം തരം ക്രിസ്തുരാജന്‍'' പള്ളിയില്‍ ക്രിസ്തുരാജനായി അദ്ദേഹം വിരാജിച്ചു.
അപ്പോഴാണ് പനയ്ക്കക്കുഴിയില്‍ ദേവസ്യാച്ചന്‍ വികാരിയായി വന്നത്. അദ്ദേഹം പുരോഗമനവാദിയായിരുന്നു! പുരോഗമനത്തിന്റെ ലക്ഷണമായി, പടിഞ്ഞാട്ടു തിരിഞ്ഞിരുന്ന ആനവാതില്‍, കിഴക്കും, കിഴക്കിരുന്ന അള്‍ത്താര പടിഞ്ഞാറും പ്രതിഷ്ഠിച്ച്, 'പുരോഗമനം' നടപ്പാക്കി. ഇങ്ങനെ പുരോഗമനം നടന്നുവന്നപ്പോഴാണ് ഒരിയ്ക്കല്‍ മാര്‍ത്തോമ്മായും, പിന്നീടു ക്രിസ്തുരാജനുമായി വേഷം മാറി വന്ന് ആഗസ്തീനോസിനെ കണ്ടുപിടിച്ചത്. ഇടവകക്കാരില്‍ ചിലരോടാലോചിച്ച്, ആള്‍മാറാട്ടക്കാരനെ കൊച്ചിയില്‍ ഏതോ വ്യാപാരിക്ക് വിറ്റു. ജനം ഇളകി. ജനത്തിന് ഇളകാന്‍ പല കാരണങ്ങളുണ്ടായിരുന്നു. ജനം മെത്രാനച്ചനെ കണ്ടു. ''പല കാലങ്ങളില്‍ പല വേഷങ്ങളില്‍'' പൂവത്തോട്ടു ഇടവക ജനങ്ങളില്‍ അനുഗ്രഹം ചൊരിഞ്ഞിരുന്ന രൂപത്തിന്റെ നിരോധാനത്തിലുള്ള പ്രതിഷേധം അറിയിച്ചു.
പനയ്ക്കക്കുഴിയില്‍ അച്ഛന്‍ മാറിപ്പോയി. ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട്. ''അങ്ങേര് ആഗസ്തീനോസു തന്നെയായിരുന്നോ? ഏതായാലും ആഗസ്തിനോസ് മാര്‍ത്തോമ്മായായി രൂപക്കൂട്ടില്‍ ഇരുന്നപ്പോള്‍ നേര്‍ച്ചപ്പെട്ടിയില്‍ ഇട്ട പണവും, ക്രിസ്തുരാജനായിരുന്നപ്പോള്‍ നേര്‍ച്ചപ്പെട്ടിയില്‍ ഇട്ട പണവും പള്ളി എടുത്തു!! മറ്റൊരു ചോദ്യം അവശേഷിയ്ക്കുന്നു. ഓരോ കാര്യസാദ്ധ്യത്തിനായി ഇടവകകക്കാര്‍ ഈ 'തിരു' സ്വരൂപത്തിന്റെ മുന്‍പില്‍ ഇട്ട പണത്തിന് ആരാണ് അത്ഭുതം പ്രവര്‍ത്തിക്കേണ്ടത്? വിശുദ്ധ ആഗസ്തീനോസോ, വിശുദ്ധതോമ്മായയോ ക്രിസ്തുരാജനോ, ഒരു പക്ഷേ സ്വര്‍ഗ്ഗത്തില്‍ തര്‍ക്കം നടക്കുന്നുണ്ടാകാം?

1 comment:

  1. ഇന്നത്തെ ദീപികയില്‍ എടത്വായിലുള്ള പുത്തന്‍പറമ്പില്‍ തോമ്മച്ചനെ ദൈവദാസന്‍ എന്നു വിളിക്കുന്നുവെന്നു വാര്‍ത്തയുണ്ടായിരുന്നു. ഇദ്ദേഹം ജനിച്ചത്‌ 1856ലും മരിച്ചത്
    1908ലുമാണ്.

    കുട്ടനാട്ടിലും എടത്വാപരിസരങ്ങളിലും അമ്മ വീട്ടില്‍ വളര്‍ന്ന ഞാന്‍ ഇങ്ങനെ ഒരു പുണ്യാളനെ ദീപികയില്‍ വായിച്ചപ്പോഴാണ് കേള്‍ക്കുന്നത്. പാലാക്ക് അരീത്രവല്യച്ചന്‍, അല്‍ഫോന്‍സാ, കുഞ്ഞച്ചന്‍, ഇനി നരിക്കാട്ടച്ചന്‍ പുണ്യാളന്മാരുടെ പട്ടികകളില്‍ ഉള്ളതുകൊണ്ട് ചങ്ങനാശേരി ബിഷപ്‌ ആകെ വിരളിപിടിച്ചു നടക്കുകയാണ്.

    മറിയക്കുട്ടി കൊലക്കേസിലെ മറിയക്കുട്ടിയെയും ബനടിക്റ്റിനെയും പുണ്യാളത്തി പുണ്യാളന്‍ ആക്കി സ്വര്‍ഗത്തില്‍ കെട്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത്മായശബ്ദംപോലുള്ള ബ്ലോഗുകളെ പേടിച്ചു ഇപ്പോള്‍ ദീപികവാര്‍ത്തകള്‍ ഒന്നും പ്രസിദ്ധീകരിക്കുന്നില്ല.ഇവര്‍ക്ക് ഉപകാരസ്മരണ വരുമാനം രാമപുരം കുഞ്ഞച്ചന്‍റെയത്രയും പോലുമില്ല.

    ഒരു പറങ്കിയുടെ വേഷത്തില്‍ മുഴുവനായ
    ആള്‍രൂപത്തില്‍ തോമ്മാച്ചന്‍പടവും ദീപികയില്‍ ഉണ്ട്. കൈവശം ഒരു ഇംഗ്ലീഷ് ബൈബിളും പിടിപ്പിച്ചിട്ടുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ വിവാഹിതരായ ഒരാള്‍ക്ക്‌ ബൈബിള്‍ വായിക്കുന്നത് നിരോധിച്ചിരുന്നുവെന്നും കേട്ടിട്ടുണ്ട്.ഏതായാലും അന്നു കത്തോലിക്കര്‍ക്ക് അച്ചടിച്ച മലയാളം ബൈബിള്‍ ഇല്ലാത്തതിനാല്‍ തോമ്മാച്ചന്‍റെ കൈയില്‍ പിടിപ്പിക്കാത്തത് ബുദ്ധിപൂര്‍വ്വംതന്നെ.

    ഒരു അനാഥാലയം സ്ഥാപിച്ചുവെന്നും ഫ്രാന്സിസ്ക്കാന്‍ സഭ പ്രചരിപ്പിച്ചിരുന്നുവെന്നും നേട്ടങ്ങളില്‍ ഉണ്ട്. ഇത്രയുംകാലം ഒളിച്ചു വെച്ചിരുന്ന ഇദ്ദേഹത്തിന്റെ തലമുറകള്‍ മുഴുവന്‍ ചത്തൊടുങ്ങിയെന്നും ആരും ഇനി കുറ്റവുമായി വരുകയില്ലായെന്നും ചങ്ങനാശേരി പിതാവിനറിയാം.

    കുട്ടനാട്ടുകാരനായ ചാവറപുണ്യാളന്‍ ആയാല്‍ കൊവേന്തക്കെ ഉപകാരപ്പെടുകയുള്ളുവെന്നും അരമനക്ക് ബോധ്യമുണ്ട്. അതുകൊണ്ടാണ് പുതിയ അവതാരം തോമ്മാച്ചന്‍ പെട്ടെന്ന് പ്രത്യക്ഷന്‍ ആയിരിക്കുന്നത്.

    മീന്‍പിടിച്ചു കാളയുംപൂട്ടി നടന്ന തോമ്മാച്ചന്‍ പാവമായിരിക്കാം. എന്നാല്‍ അയാളുടെ കാലത്തു ജീവിച്ചിരുന്നവരില്‍ കുറേപ്പേരുള്ള സമയങ്ങളിലെങ്കിലും പുണ്യാളന്‍ആക്കാത്തത് പലതും വെളിച്ചത്തു വരുമെന്നു ഭയപ്പെട്ടാണ്‌.

    ഇയാള്‍ പെണ്ണുപിടിയാനാണെങ്കിലും ഇനി
    സകല വിശുദ്ധരുടെ പ്രാര്‍ഥനയില്‍ അതു
    വിശുദ്ധര്‍ക്കുള്ളതെന്നു ചേര്‍ത്തുകൊള്ളും.

    കട്ട് ആന്‍ഡ്‌ പേസ്റ്റ് താഴത്തെലിങ്കില്‍ ദീപികവാര്‍ത്ത വായിക്കുക.
    http://malayalam.deepikaglobal.com/News_Cat2_sub.aspx?catcode=cat2&newscode=213096

    ReplyDelete