Translate

Tuesday, May 8, 2012

ഇതെന്തൊരു കുരിശു?ഒരു കുരിശിന്റെ വിലാപം.


(വേളാങ്കണ്ണിയിലെ വിഗ്രഹാരാധന" എന്ന പോസ്റ്റിനു ജോണ്‍ മൂന്നു ഭാഗങ്ങളായി അയച്ചുതന്ന കമന്റാണ് ഒരു പോസ്റ്റായി ഇവിടെ കൊടുക്കുന്നത്. Administrator)

ആളും അരങ്ങും ഒഴിഞ്ഞപ്പോള്‍ ചിക്കാഗോ കത്തീദ്രല്‍ നിശബ്ദം ആയി. അള്‍ത്താരയിലെ വലതു വശത്തെ ക്രൂശിത രൂപത്തില്‍ നിന്നും ഒരു നിശ്വാസം ഉയര്‍ന്നത് ഇടതു വശത്തെ ക്ലാവര്‍ കുരിശു കേട്ട് ഇങ്ങനെ ചോദിച്ചു. എന്തെ?

ക്രൂശിത രൂപം ഇങ്ങനെ മൊഴിഞ്ഞു.

ഹ ഇനി നിന്റെ കാലമാ. ഇത്രയും കാലം എന്നെ അവര്‍ കഴുത്തിലണിഞ്ഞു. ഭിത്തിയില്‍ തൂക്കി ഇട്ടു. ശവക്കോട്ടയില്‍ സ്ഥാപിച്ചു. പള്ളികള്‍ക് മുകളില്‍ വച്ചു, കപ്പേളയുടെ ഗോപുരത്തില്‍ പിടിപ്പിച്ചു. അന്നൊക്കെ ഒത്തിരി ആശ്വാസം ഉണ്ടായിരുന്നു. ഇന്നോ എന്നെ വേണ്ട നിന്നെ മതി എല്ലാവര്‍ക്കും. ഇനി എത്ര കാലം ഇവിടെ ഉണ്ടാവും എന്നറിയില്ല. എനിക്കാണേല്‍ പ്രായവും ഇത്രേം ആയില്ലേ? എന്നെ പാശ്ചാത്യര്‍ കൊണ്ട് വന്നതാണത്രേ. അതുകൊണ്ട് മാത്രം ഞാന്‍ അത്ര മോശക്കാരന്‍ ആണോ? ഇപ്പൊ നിന്നെ ആണ് അവര്‍ക്കിഷ്ടം. നിന്നെ സുറിയാനികുരിശു, തോമാകുരിശു, ക്ലാവര്‍കുരിശു എന്നൊക്കെ എന്തെല്ലാം ഓമനപേരുകള്‍ ഇട്ടാണ് വിളിക്കുന്നത്‌. നിന്‍റെ ഒരു ഭാഗ്യെ! എനിക്കാണേല്‍ കുരിശെന്ന പേരല്ലാതെ വേറെ പേരില്ല. ഇതെന്തൊരു കുരിശാണ് തമ്പുരാനേ എന്നോര്‍ത്ത് ഞാന്‍ ദിവസവും കരയും. അല്ല നീയും വിദേശി ഞാനും വിദേശി. ഒരു പക്ഷെ കുറെ കഴിയുമ്പോള്‍ നിന്നെ മാറ്റി അവര്‍ ഒരു ശിവലിംഗകുരിശു ഉണ്ടാക്കും. അപ്പൊ നിനക്ക് മനസിലാവും എന്‍റെ വേദന. അത്ര നന്ദി ഇല്ലാത്തവരാണ് ഈ സുറിയാനി ക്രിസ്തിയാനി എന്ന വര്‍ഗം. പാശ്ചാത്യര്‍ തരുന്ന ഡോളറും, മാര്‍ക്കും, യുറോയും ഒക്കെ രണ്ടു കയ്യും നീട്ടി ഇളിച്ച മുഖത്തോടെ വാങ്ങി പോക്കറ്റിലും ബാങ്കിലും ഇടും. പള്ളി പണിയും, മഠം പണിയും, പള്ളിക്കൂടം പണിയും, എസ്റ്റേറ്റ്‌ വാങ്ങിക്കും, വിദേശയാത്ര നടത്തും എന്തിനേറെ വീട്ടുകാരെയും രക്ഷിക്കും. എന്നിട്ടും പാശ്ചാത്യം എന്ന് കേള്‍ക്കുമ്പോള്‍ ഇവര്‍ക്ക് പുശ്ചം. പുച്ഛം ആണത്രേ പുച്ഛം. പാശ്ചാത്യ കുരിശും ദൈവശാസ്ത്രവും കൊള്ളില്ലത്രേ. നിന്നെ പോലുള്ള സുറിയാനി കുരിശു വച്ചാലേ ദൈവത്തിനു പ്രീതി ഉണ്ടാകൂ അത്രേ. ഇവര്‍ക്ക് നന്ദി ഇല്ല എന്ന് മാത്രം അല്ല യുക്തിയും ബുദ്ധിയും ഇല്ലതായല്ലോ കര്‍ത്താവേ. കേരള സുറിയാനി സഭയിലെ അച്ചനും, മെത്രാനും അവരുടെ ഏറാന്‍ മൂളികള്‍ക്കും പുച്ഛം. ഇവരൊക്കെ അമേരിക്കയില്‍ വരുന്നത് "ഇന്‍ ഗോഡ് വി ട്രസ്റ്റ്‌ എന്ന്" ഡോളറില്‍ അച്ചടിച്ചിട്ടുള്ളത് കൊണ്ടാണത്രേ. ഹോ എന്തൊരു പുണ്യം. ആ വാക്കുകള്‍ ഉള്ള ഡോളര്‍ കാണുമ്പോള്‍ അവരുടെ വിശ്വാസം പതിന്മടങ്ങ്‌ വര്‍ധിക്കും എന്നാണ് പറയപ്പെടുന്നത്‌. പക്ഷെ ബാക്കി പാശ്ചാത്യം എന്ന് പറയുന്നതിനോട് അവര്‍ക്ക് വലിയ മതിപ്പില്ല. എന്നെ തെറി പറയാനും നിന്നെ പുകഴ്ത്താനും ബ്ലോഗുകളും, സെമിനാറുകളും വരെ ഉണ്ടത്രേ. കാലം പോയ പോക്കെ. നീ വന്നതില്‍ പിന്നെ ആണ് ഇത്രയും വഴക്ക് സഭയില്‍ തുടങ്ങിയത്. നിന്‍റെയും എന്റെയും പേര് പറഞ്ഞ്‌ ഈ മെത്രാന്‍മാരും അച്ചന്മാരും അല്മേനികളും അലമുറയിട്ടു അടി നടത്താന്‍ തുടങ്ങിയിട്ട് കുറെ കാലമായി. കര്‍ത്താവേ കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് ഒഴിവാക്കി തരണമേ എന്നേ എനിക്ക് പ്രാര്‍ത്ഥിക്കാന്‍ ഉള്ളു. സക്രാരിയിലേക്ക് നോക്കി കുരിശു പറഞ്ഞ്‌ നീ പറുദീസയില്‍ ആയിരുക്കുമ്പോള്‍ എന്നെയും ഓര്‍ക്കേണമേ.

ഇടതു വശത്തെ ക്ലാവര്‍ കുരിശു തിരിച്ചടിച്ചു.

അതെന്‍റെ മിടുക്കാ. ഞാന്‍ എല്ലാവരെയും തമ്മില്‍ തല്ലിക്കും. മണ്ടന്മാര്‍ അവര്‍ തലത്തല്ലി ചാകും. തല്ലി പിരിയും. ആരാണ് എന്‍റെ പിന്നില്‍ ഉള്ളത് എന്നറിയാമോ?. സാക്ഷാല്‍ ലുസിഫര്‍ ആണ്!!. എന്തിനാ എന്നറിയുമോ?. ഇത്രയും നല്ല ഒരു സഭയെ കുരിശെന്ന മായയില്‍ കുരുക്കി നശിപ്പിക്കാന്‍. യേശു എന്ന മഹാരക്ഷയെ മറന്നിട്ടു കുരിശെന്ന മഹാകെണിയില്‍ കുരുക്കി അവരുടെ ആത്മാവിനെ തറച്ചു കൊല്ലാന്‍ അങ്ങിനെ ഇപ്പോള്‍ കത്തോലിക്കാസഭയിലെ അവസാനത്തെ ശക്തിയായ സുറിയാനിസഭയെ മൂന്നാണികളില്‍ തറച്ചു അവന്‍ കൊല്ലും. ആ നാശത്തിന്റെ പെരുമ്പറ മുഴക്കം ആണ് ഈ കേള്‍ക്കുന്നത്. എന്നിട്ട് ക്ലാവര്‍ കുരിശു സക്രാരിയിലേക്ക് നോക്കി പറഞ്ഞു. നീ സര്‍വശക്തന്‍ അല്ലെ.ഞങ്ങളെയും നിന്നെയും നിന്‍റെ ജനത്തെയും രക്ഷിക്ക്.

അപ്പോള്‍ സക്രരിയില്‍ നിന്ന് ഇങ്ങനെ കേട്ടു.

ഛെ ഒന്ന് മിണ്ടാതിരി. ഇനി ഇത് കേട്ടിട്ട് വേണം അവര്‍ എന്നെ കൂടി അടിച്ചു പുറത്താക്കാന്‍. ചിലപ്പോള്‍ അവര്‍ എന്നെ ഇവിടെ നിന്നും മാറ്റി വേറെ വല്ല സുറിയാനി അപ്പവും ചിലപ്പോള്‍ അയ്യപ്പ ഓസ്തിയും, അല്‍ഫോന്‍സവീഞ്ഞും, ചാവറവെള്ളവും ഒക്കെ ഉപയോഗിക്കാന്‍ തുടങ്ങും. പിന്നെ അതിന്‍റെ പേരില്‍ വേറെ ചവിട്ടു നാടകവും, ദൈവശാസ്ത്ര സമ്മേളനവും ബ്ലോഗും ഒക്കെ അവര്‍ തുടങ്ങി സഭാനഗരത്തിനു തീയിട്ടു വീണ വായിക്കും. റോമക്കാര്‍ എന്നെ കുരിശില്‍ തറച്ചപ്പോള്‍ ഈ കുരിശു കേരളത്തില്‍ പോയി ഇത്രയും വലിയ കുരിശാകും എന്ന് എല്ലാം അറിയാവുന്ന ഞാന്‍ പോലും ഓര്‍ത്തില്ല. ഞാന്‍ ഏതാനും മണിക്കൂര്‍ കിടന്ന ഈ കുരിശിന്റെ പേരില്‍ ഇത്ര പേക്കൂത്ത് നടത്തുന്നവര്‍ എന്തെ എന്നെ മറന്നു പോയി? എന്നെ വാളിന് വെട്ടി കൊന്നിരുന്നെങ്കില്‍ അല്ലെങ്കില്‍ കുന്തത്തിനു കുത്തി കൊന്നിരുന്നു എങ്കില്‍ ഇവര്‍ എന്ത് ചെയ്യുമായിരുന്നു. അതോര്‍ക്കുമ്പോള്‍ എനിക്ക് തന്നെ ചിരി വരുന്നു. ഒരു പ്രാവ് തല കീഴായി കുന്തിന്റെ മുനയില്‍. ഒരു വാളിന്റെ ഏത് വശത്ത് ഇവര്‍ ഇവര്‍ ക്ലാവര്‍ വയ്ക്കും?.അവര്‍ അതൊക്കെ നേരെ വക്കുമോ? ചരിച്ചു വയ്ക്കുമോ? എനിക്ക് വയ്യ.

വലതു വശത്തെ കുരിശു ഇങ്ങനെ കേട്ടു. നീ ഇന്ന് മുതല്‍ എന്നോടൊപ്പം ലത്തീന്‍ പള്ളിയില്‍ ആയിരിക്കും.

ഇടതു വശത്തെ കുരിശു ഇങ്ങനെ കേട്ടു. നീ കലഹത്തിന്റെ ചിഹ്നമാകയാല്‍ എന്‍റെ ജനത്തെ ആണ് നശിപ്പിക്കുന്നത്. അത് കൊണ്ട് വിദ്വേഷം നിറയ്ക്കുന്ന ഈ സുറിയാനി പള്ളിയില്‍ തന്നെ ഇരുന്നോ. തല്ലു കൂടുന്നവര്‍ ഇനിയും തല്ലു കൂടട്ടെ. അവരാണ് അന്ധരെ നയിക്കുന്ന അന്ധര്‍ എന്ന് പണ്ട് ഞാന്‍ പറഞ്ഞത്.മനുഷ്യന്‍ കുരിശിനെ സ്രഷ്ടിച്ചു, റീത്തുകള്‍ കുരിശുകളെ സ്രഷ്ടിച്ചു. മനുഷ്യരും മെത്രാനും വൈദികരും കൂടി കുരിശു പങ്കുവച്ചു, അവര്‍ മനസ് പങ്കു വച്ചു. ജനങ്ങള്‍ പള്ളിയില്‍ തളരുന്നു. മെത്രാന്‍ ചിരിക്കുന്നു. മനസില്‍ ദൈവം മരിക്കുന്നു.

ആരോ അവിടെ കടന്നു വന്ന്‌ ഈ പാരഡി മൂളിപ്പാട്ട് പാടിയപ്പോള്‍ അവിടത്തെ തിരശീല കീറിപ്പോയി.

ഈ കുരിശൊന്നും തന്നെ നിങ്ങളെ രക്ഷിക്കില്ല. മാര്‍ത്തോമ കുരിശും മറ്റേ കുരിശിന്റെയും പേരില്‍ തമ്മില്‍ തല്ലുന്ന നമ്മളെ തമ്പുരാന്‍ അവസാന നാളില്‍ ഇടതുവശത്തേക്ക് ഒറ്റ തള്ള് തള്ളും. എന്നിട്ട് പറയും നിങ്ങള്‍ പിശാചിനും അവന്റെ സന്തതികള്‍കും വേണ്ടി ഒരുക്കിയ അഗ്നിയിലേക്ക് പോയ്കോ എന്ന്. അന്ന് ഈ ക്ലാവര്‍ കുരിശും വിരിയും, അല്ലാത്ത ലത്തീന്‍ കുരിശും പിന്നെ ഈ കിട്ടിയ ഡോളറും ഉണ്ടാക്കിയ കഴുത്തിലിട്ട ഉറാലയും,തലയിലെ തൊപ്പിയും, പ്രസംഗത്തിലെ ശാപങ്ങളും, പെരുന്നാളിന്റെ വെടിക്കെട്ടും ചെണ്ടയും, ഈ കുരിശിന്റെ പേരിലെ ദുരഭിമാനവും കള്ളവിശ്വസവും ഒക്കെ വെറും മിഥ്യ ആയിരുന്നു എന്ന് മാത്രമല്ല മഹാപപങ്ങളുടെയും ഉതപ്പിന്റെയും കാരണങ്ങള്‍ ആണെന്ന് തിരിച്ചറിയും. അന്ന് ഇന്ന് കളിച്ച ഈ രാഷ്ട്രീയക്കളി ആത്മനാശത്തിനു കാരണമായല്ലോ എന്നോര്‍ത്ത് കരഞ്ഞിട്ടു കാര്യം ഉണ്ടാവുമോ?

ഈ എളിയവരില്‍ ഒരുവന് ഇടര്‍ച്ച ഉണ്ടാക്കുന്നതിനെക്കാള്‍ നല്ലത് സ്വന്തം കഴുത്തില്‍ ഒരു തിരികല്ല് കെട്ടി കടലില്‍ ചാടുന്നതാണ് എന്ന് കര്‍ത്താവു പറഞ്ഞ ഒറ്റ വാക്ക് ഓര്‍ത്താല്‍ ഈ പൌരോഹിത്യ ഇടര്‍ച്ചയും അല്‍മായ ഇടര്‍ച്ചയും ഒഴിവാക്കാവുന്നതാണ്.നാശം പടിവാതുക്കല്‍ കാത്ത് നില്കുന്നത് കണ്ടാലും ഓടിരക്ഷപ്പെടാന്‍ നോക്കാത്തത് എന്തേ? ഈ പറയുന്ന പൌരസ്ത്യ സഭ പരിഭോഷണം എന്ന് തുടങ്ങി എന്തിനു തുടങ്ങി. പാശ്ചാത്യസഭ ശുന്യമായ് തീര്‍ന്നു. ഇന്ന് യൂറോപ്പില്‍ പള്ളികള്‍ എല്ലാം കാലി. എന്നാല്‍ കേരളത്തില്‍ പള്ളി ഫുള്‍. അപ്പോള്‍ ആ പറയുന്ന പള്ളികള്‍ പോഷിപ്പിചില്ലെങ്കില്‍ സഭ ഇല്ലാതാകും. പാശ്ചാത്യര്‍ ബുദ്ധി ഉള്ളവരാ. നമ്മള്‍ വിഡ്ഢികള്‍ അവരുടെ പരിപോഷണം കേട്ട് തമ്മില്‍ തല്ലി തല കീറുന്നു. എന്തൊരു സഭാസ്നേഹം. പരസ്പരം തല തല്ലി കീറുന്ന സഭാസ്നേഹം വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണ്. കുരിശിനും, കര്ട്ടനും കിഴക്കിനും വേണ്ടി വെറുതെ നമ്മള്‍ കര്‍ത്താവിന്റെ സ്നേഹത്തെ ബാലികൊടുക്കുന്നു.ആരൊക്കെയോ നിങ്ങളെ കൊണ്ട് മുതലെടുക്കുന്നു. നമുക്കും കിട്ടണം പണം.നമുക്കും കിട്ടണം അധികാരം.അല്ലാതെ ഈ കുരങ്ങിനെ കൊണ്ട് കനല്‍ വരിക്കുന്ന സഭ നേതാക്കളും അല്‍മായ നേതാക്കളും ദൈവതിരുമുന്‍പില്‍ കണക്കു ബോധിപ്പിക്കേണ്ടി വരും. സുവിശേഷത്തിനു നിരക്കാത്ത ആചാരങ്ങള്‍ക്ക് വേണ്ടി ജനങ്ങളെ നിങ്ങള്‍ തല്ല് കൂടി ആത്മനാശത്തില്‍ പെടല്ലേ. വെറുതെയല്ല ആയിരങ്ങള്‍ പെന്തക്കൊസ്തയിലും , അതെയിസത്തിലും, ഇസ്ലാമിലും ശരണം തേടുന്നത്.

പാശ്ചാത്യ സഭക്ക് വന്ന അഭഭ്രംശം പൌരസ്ത്യ സുറിയാനി സഭയിലും വലിയ താമസം ഇല്ലാതെ ഉണ്ടാകാന്‍ പോകുന്നതിന്റെ അശുഭലക്ഷണമാണിത്. വിശുദ്ധസ്ഥലത്ത് നില്‍ക്കുന്ന അശുദ്ധിയുടെ അടയാളം എന്ന് വിളിക്കാം. എവിടെ അധ്യാത്മികതക്ക് പകരം പാരമ്പര്യവും, നിയമവും, ബാഹ്യചാരങ്ങളും, കൊടിയും തോരണവും, തൊപ്പിയും, വടിയും കുടയും, അഹങ്കാരവും, അഞ്ജ്തയും, അധികാരവും, അവസരവാദവും അടിയൊഴുക്കുകള്‍ ആകുന്നുവോ അവിടെ ക്രിസ്തുമതം മരിക്കുന്നു. വിഗ്രഹാരാധനയും അധാര്‍മികതയും വളര്‍ന്നു നാശത്തിന്റെ തമോഗര്‍ത്തം രൂപം കൊള്ളുന്നു. പിന്നെ പറയാം എന്റെ ഉപ്പാപ്പക്ക് ഒരാനെന്ടര്‍ന്നു എന്ന്. ഊരയില്‍ തഴമ്പുണ്ടാവില്ല. നാമമാത്ര ക്രിസ്ത്യാനികള്‍. "റോമന്‍" "സുറിയന്‍ " എന്നൊക്കെ പറയാവുന്ന ഒരു ഊര് തെണ്ടിയുടെ അവസ്ഥയിലെത്തിയ ഒരു ശവസഭയായി മാറുന്ന കാഴ്ച ഇങ്ങനെ പോയാല്‍ വിദൂരമല്ല. മക്കളെ കുരിശിലെ കര്‍ത്താവിലേക്ക് നോക്കുക. ഏതെങ്കിലും തിയോളജിയിലേക്കല്ല മനുഷ്യനിര്‍മിത ദൈവശാസ്ത്ര പുഷ്പാങ്കിത കുരിശിലേക്കും അല്ല ഹൃദയം തുറക്കേണ്ടത്. ക്രൂശിതനെ മറന്നിട്ടുള്ള ഒരു കുരിശു പ്രേമവും ഒരുവനെയും രക്ഷിക്കില്ല.

21 comments:

  1. 'കുരിശിലെ കര്‍ത്താവിലേക്ക് നോക്കുക. ഏതെങ്കിലും തിയോളജിയിലേക്കല്ല മനുഷ്യനിര്‍മിത ദൈവശാസ്ത്ര പുഷ്പാങ്കിത കുരിശിലേക്കും അല്ല ഹൃദയം തുറക്കേണ്ടത്. ക്രൂശിതനെ മറന്നിട്ടുള്ള ഒരു കുരിശു പ്രേമവും ഒരുവനെയും രക്ഷിക്കില്ല.'

    കുരിശോ കുരിശില്‍ കിടന്നു മരിച്ച കര്‍ത്താവോ അതോ, ദൈവപരിപാലനയില്‍ വിശ്വസിച്ച് സ്വന്തം സഹോദരനെ തന്നെപ്പോലെ സ്‌നേഹിക്കുക എന്ന് കര്‍ത്താവു നമുക്കു നല്കിയ സുവിശേഷമോ സുപ്രധാനം?

    ReplyDelete
    Replies
    1. "ഞാനാണ് വഴിയും സത്യവും ജീവനും. എന്നിലൂടെ അല്ലാതെ ആരും പിതാവിന്റെ പക്കല്‍ എത്തുന്നില്ല. ഞാനാണ് ആദിയും അന്ത്യവും, ഞാന്‍ എല്ലാം നവീകരിക്കുന്നു" തീര്‍ച്ചയായും ഒന്നാമത് യേശു തന്നെ അവന്‍ ഇല്ലെങ്കില്‍ ഈ പറഞ്ഞ സുവിശേഷവും,സഹോദര സ്നേഹവും ഇല്ലല്ലോ. പിന്നെ യേശു എന്ന് പറയുമ്പോള്‍ യേശുവും അവിടത്തെ സുവിശേഷവും മരണവും ഉദ്ധാനവും എല്ലാം ഉള്‍പെട്ടിരിക്കുന്നു. "യേശുവില്‍ ആ സത്യാ സ്വരൂപനില്‍ സര്‍വ സംപൂര്‍ണതയും. അവനാണ് സത്യ ദൈവവും നിത്യജീവനും"

      Delete
    2. This comment has been removed by a blog administrator.

      Delete
    3. 'ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല' എന്ന പോസ്റ്റിനു (SATURDAY, MARCH 31, 2012) ഞാൻ കൊടുത്തിരുന്ന കമന്റ് ഇവിടെയും പ്രസക്തമെന്നു തോന്നുന്നതിനാൽ ആവർത്തിക്കുന്നു:
      “യേശു തന്റെ മൗലികപ്രബോധനങ്ങളില്‍ എവിടെയെല്ലാം 'ഞാന്‍'എന്നു പറഞ്ഞിട്ടുണ്ടോ, അപ്പോഴൊന്നും അദ്ദേഹം തന്റെ വ്യക്തിത്വത്തെയല്ല സൂചിപ്പിചത് എന്നു വേണം കരുതാന്‍. കാരണം, ''നിങ്ങളോടു പറയുന്ന വാക്കുകള്‍ ഞാന്‍ സ്വമേധയാ പറയുന്നതല്ല; പിതാവ് എന്നില്‍ വസിച്ച് തന്റെ പ്രവൃത്തികള്‍ ചെയ്യുന്നു'' (യോഹ.6:62) എന്നും ''ഞാന്‍ സ്വമേധയാ ഒന്നും ചയുന്നില്ല'' (യോഹ. 8:26) എന്നുമാണു യേശു പരഞ്ഞിട്ടുള്ളത്. അപ്പോള്‍, യേശു തന്റെ വ്യക്തിഭാവത്തില്‍ നിന്നുകൊണ്ടല്ല 'ഞാന്‍ മുഖാന്തരമല്ലാതെ...' എന്നു പറഞ്ഞത്; മറിച്ച്,പിതാവായ ദൈവം അഥവാ, ആത്മാവ് എന അര്ഥത്തിലായിരുന്നു എന്നു ചുരുക്കം. ''ദൈവം ആത്മാവാണു'' എന്നും യേശു പഠിപ്പിച്ചിട്ടുണ്ടല്ലോ.
      ഇതെല്ലാം സൂചിപ്പിക്കുന്നതു, ഓരോ വ്യക്തിക്കും സ്വയം ആത്മയാവബോധം നേടിക്കൊണ്ടേ ആത്മരക്ഷ നേടാനാവൂ എന്ന തത്വമാണ്‍ യേശു പഠിപ്പിചത് എന്നാണു. ഇതിനു അടിവരയിടുന്ന മറ്റൊരു വാക്യവും ചൂണ്ടിക്കാണക്കട്ടെ: ''ഞാന്‍ ആകുന്നു'' എന്നു നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ പാപത്തില്‍ മരിക്കും''(യോഹ.8:4). ഇവിടെ, ''ഞാന്‍ ആകുന്നു'' എന്നു ഓരോരുത്തരുമാണു ബോധ്യപ്പെട്ടു വിശ്വസിക്കേണ്ടത്. ''ഞാന്‍ ആകുന്നു'' എന്നതിന്റെ വിവക്ക്ഷിതാര്ഥം, ഞാന്‍ ഉണ്മയാകുന്നു എന്നാണു. ഉണ്മയെന്നാല്‍ എന്നൂം ഉള്ളത്,സത്യം; അതായത്, ദൈവാത്മാവ്. ഇങ്ങനെ നോക്കുമ്പോള്‍, ആര്ക്കും , ആത്മബോധത്തിലെത്തിക്കൊണ്ടുമാത്രമേ ദൈവത്തെ പ്രാപിക്കാനാവൂ എന്ന പ്രബോധനമാണു യേശു നല്കുന്നതെന്നു കാണാം. ''ആത്മാവു മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല'' എന്ന അര്ഥണത്തില്ത്ത്ന്നെവേണം യേശുവിന്റെ പ്രസ്തുത വചനത്തെ മനസിലാക്കാന്‍. ഇത് എല്ലാ മതസ്ഥര്ക്കും അംഗീകരിക്കാനാവുന്ന ആത്മതത്വമാണുതാനും. മറിച്ചായാല്‍, അത് മതമൗലികവാദംതന്നെ. യേശു തീര്ച്ചയായും ഒരു മതമൗലികവാദി അല്ലല്ലോ.
      ജോര്ജ് മൂലേച്ചാലില്‍

      Delete
    4. "ഇതെല്ലാം സൂചിപ്പിക്കുന്നതു, ഓരോ വ്യക്തിക്കും സ്വയം ആത്മയാവബോധം നേടിക്കൊണ്ടേ ആത്മരക്ഷ നേടാനാവൂ എന്ന തത്വമാണ്‍ യേശു പഠിപ്പിചത് എന്നാണു"
      "ആത്മബോധത്തിലെത്തിക്കൊണ്ടുമാത്രമേ ദൈവത്തെ പ്രാപിക്കാനാവൂ എന്ന പ്രബോധനമാണു യേശു നല്കുന്നതെന്നു കാണാം. ''ആത്മാവു മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല'' ( George Moolechaalil)
      അല്പം വിശദീകരികാമോ? എന്താണീ "അല്മാവബോധം" എന്നത് കൊണ്ട് ഉദേശിക്കുന്നത് അത്യായത് ഞാന്‍ എന്ന എനിക്ക് എന്നെ കുറിച്ചുള്ള അവബോധം (സെല്‍ഫ് അവെയര്‍നെസ്സ്) ആണോ അതോ "അഹം ബ്രഹ്മാസ്മി" " തത്വം അസി" എന്നീ വിധത്തിലുള്ള വ്യാഖ്യാനം ആണോ ഉദ്ദേശിച്ചത്.? ഇത് രണ്ടു ആണെങ്കിലും അത് ദൈവത്തെ കണ്ടെത്തല്‍ ആകുമോ? "ഞാന്‍ ആകുന്നു" എന്നതിന്‍റെ അര്‍ഥം എന്ത്? ഉദാഹരണത്തിന് ജോണ് എന്ന ഞാന്‍ ആകുന്നു എന്നാണോ അതോ യേശു തന്നെ പറ്റി തന്നെ പറയുന്നത് ആണോ? ജോര്‍ജ് പറയുന്ന അര്‍ഥം എന്താണ്. ഒന്ന് വിശദീകരിച്ചാല്‍ നന്നായിരിക്കും. പലപ്പോഴും യേശു പറഞ്ഞതും ഹൈന്ദവ ഗുരുക്കള്‍ പഠിപ്പിച്ചതും ഒന്നാണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. അതാകാന്‍ വഴിയില്ല എന്ന് തോന്നുന്നു.

      Delete
    5. Hi George,
      When I red your comment , I gone back and find pipilad's article. His explanation is wonderful.
      let me copy that.
      നമ്മള്‍ ബൈബിള്‍ തെറ്റായി വ്യാഖ്യനിക്കുന്നതുകൊണ്ടാണ് .
      എന്റെ ഇന്നലത്തെ തെറ്റിനും , ഇന്ന് ചെയ്തുകൊണ്ടിരിക്കുന്ന തെറ്റിനും , ഭാവിയില്‍ ചെയ്യാനുള്ള തെറ്റിനും പരിഹാരമായാണ് യേശു മരിച്ചതെന്ന് പറഞ്ഞാല്‍ , മറ്റൊരു ബൈബിളും , ക്രിസ്തുവിനെയുമാണ് നമ്മള്‍ പരിചയപ്പെടുത്തുന്നത് . ഈ വ്യാഖ്യാനം ശരിയാണെങ്കില്‍ , പിന്നെ നരകമെന്തിനു ? യേശുവിന്റെ വിധിയെന്തിനു ? പശ്ചാത്താപം എന്തിനു ? കല്പനകലെന്തിനു? ഏഴു എഴുപതു വട്ടം ക്ഷമിക്കുന്നതെന്തിനു ? ക്രൂശിച്ചവരോട് ക്ഷമിക്കുവാന്‍ അപേക്ഷിച്ചതെന്തിനു? സ്തെഫാനോസിനെ കല്ലെറിഞ്ഞവരോട് ക്ഷമിക്കാന്‍ അപേക്ഷിച്ചതെന്തിനു? പാപിനിയായ സ്ത്രീയോട് (മഗ്ഥലന മാറിയമല്ല) പ്രത്യേകിച്ചൊരു ക്ഷമയെന്തിന്? ...........
      മുന്‍പ് ഞാന്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ , നമ്മുടെ കുഴപ്പംകൊണ്ടാല്ലാതെ നമ്മളില്‍ വന്നു ഭവിച്ച ജന്മപാപത്തെ നീക്കുവാനാണ് യേശു , വീണ്ടെടുപ്പു യാഗം നടത്തിയത് , അല്ലാതെ ,ഞാന്‍ ചെയ്തിട്ടുള്ള , കള്ളത്തരത്തിനും, വ്യഭിചാരത്തിനും ,കുലപാതകത്തിനും , അന്യദൈവാരാധനക്കും ,............. ഒന്നുമല്ല . ഇതിനെല്ലാം ഞാന്‍ വചനം പറയുന്നതുപോലെ പരിഹാരം ചെയ്യുകയോ , ഈ ജീവിതത്തില്‍ ശിക്ഷയനുഭാവിക്കുകയോ ചെയ്യണം .
      യേശു മരിച്ചത് ക്രിസ്ത്യാനിയെന്നു ഈ ലോകം വിളിക്കുന്ന ഒരു കൂട്ടത്തിനു വേണ്ടിയെന്നു ആരോ തെറ്റിദ്ധരിച്ചിരിക്കുകയാണ് . യേശുവിന്റെ മരിച്ചുയര്‍പപുമൂലം മൂലം കിട്ടിയ നിധിയുടെ വീതം , മനുഷ്യനായിപ്പിറന്ന എല്ലാവര്‍ക്കും ഒരേ അളവില്‍ കിട്ടുന്നതാണ് . അതിനു യേശുവിനെ അറിയണമെന്ന് പോലുമില്ലെന്നാണ് എന്റെ കൊച്ചു ബുദ്ധിയില്‍ എനിക്ക് തോന്നുന്നത് . എന്നാല്‍ യേശുവിന്റെ യാഗമില്ലാതെ നിത്യജീവന്‍ പ്രാപിക്കനുമാവില്ല . ഇത് വിശധീകരിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട് , അത്രയ്ക്ക് സങ്കീര്‍ണവുമാണ്. യേശുവിന്റെ മരിച്ചുയര്‍പപുമൂലം മൂലം കിട്ടിയ നിധിയുടെ വീതം , ഹിന്ദുവിനും ,മുസ്ലീമിനും ,ബുദ്ധനും, ജൈനനും , യെഹൂദനും , സിക്കുകാരനും ,... ഒരേ അളവില്‍ കിട്ടുന്നതാണ് എന്ന് പറഞ്ഞല്ലോ . അങ്ങനെയെങ്കില്‍ പിന്നെ എല്ലാവരും സ്വര്‍ഗ്ഗ രാജ്യത്തില്‍ പോവില്ലെയെന്നാണ് സംശയം . നിത്യജീവന്പരീക്ഷയില്‍ പാസാകാന്‍ 95 മാര്‍ക്ക് വേണമെന്ന് വെക്കുക( വെറും സങ്കല്‍പം - യെഹോവേ പൊറുക്കണമേ ) . ഇതിലെ 90 മാര്‍ക്ക് മോടരേഷന്‍ ആയി ലഭിച്ചു, ക്രിസ്തുവിന്റെ യാഗം മൂലം , പിന്നെയുള്ള പത്തുമാര്‍ക്കില്‍ അഞ്ചെങ്കിലും നമ്മുടെ കര്‍മ്മം മൂലം നേടണം ( പരിഹരിക്കാത്ത ദുഷ്കര്‍മ്മത്തിനു നെഗറ്റിവ് മാര്‍ക്കുള്ളകാര്യം ഒര്മാപ്പെടുത്തട്ടെ) . എന്നുവെച്ചാല്‍ നമ്മള്‍ എത്ര സത്കര്‍മം ചെയ്താലും , യേശുവിന്റെ യാഗമില്ലയെങ്കില്‍ പരമാവതി പത്തില്‍ പത്തെ നേടാന്‍ പറ്റുകയോള്ളൂ . സിലബസിനു പുറത്തുനിന്നുള്ള ചോദ്യം ആയ ജന്മപാപത്തിനു കിട്ടുന്ന 90 മാര്‍ക്കുകൂടി കൂട്ടിയാല്‍ ജയിക്കാം . ആവര്‍ത്തിച്ചു പറയട്ടെ ഈ 90 മാര്‍ക്ക് സകലമാതത്തിലുള്ളവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ് . ഇനി വേദോപനിഷത്തുകളിലോ , ഖുറാനിലോ, തോറയിലോ ക്രിസ്തുപടിപ്പിച്ചതിനു വിരുദ്ധമായി കാര്യമായോന്നുമില്ലതാനും .

      Delete
    6. ജോണിന്റെയും പിപ്പലാദന്റെയും പ്രത്യേക ശ്രദ്ധയ്ക്ക്:
      ഞാന്‍ എഴുതിയിട്ടുള്ള 'ഞാന്‍തന്നെ വഴിയും സത്യവും ജീവനും' എന്ന ലേഖനം പുതിയൊരു ബ്ലോഗ് പോസ്റ്റായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആധ്യാത്മികത ഉയര്‍ത്തുന്ന ചോദ്യങ്ങല്‍ എന്ന പുസ്തകത്തില്‍ ഈ ലേഖനവും ഉണ്ട്. ആ പുസ്തകം അല്മായശബ്ദം ലൈബ്രറിയില്‍ ചെന്ന് സേര്‍ച്ചുചെയ്താല്‍ കാണാം. ലിങ്കില്‍ ക്ലിക്കുചെയ്ത് pdf ഫയലായി കിടപ്പുള്ളത് ഡൗണ്‍ലോഡ് ചെയ്ത് ഓഫ്‌ലൈനായി ആ പുസ്തകം മുഴുവന്‍ വായിക്കാനാവും.

      Delete
  2. ''ഞാന്‍ ആകുന്നു'' എന്നതിന്റെ വിവക്ക്ഷിതാര്ഥം, ഞാന്‍ ഉണ്മയാകുന്നു എന്നാണു. ഉണ്മയെന്നാല്‍ എന്നും ഉള്ളത്, സത്യം; അതായത്, ദൈവാത്മാവ്. ഇങ്ങനെ നോക്കുമ്പോള്‍ , ആര്ക്കും , ആത്മബോധത്തിലെത്തിക്കൊണ്ടുമാത്രമേ ദൈവത്തെ പ്രാപിക്കാനാവൂ എന്ന പ്രബോധനമാണു യേശു നല്കുന്നതെന്നു കാണാം. ''ആത്മാവു മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല'' എന്ന അര്‍ത്ഥത്തില്‍തന്നെ വേണം യേശുവിന്റെ പ്രസ്തുത വചനത്തെ മനസിലാക്കാന്‍. ഇത് എല്ലാ മതസ്ഥര്ക്കും അംഗീകരിക്കാനാവുന്ന ആത്മതത്വമാണ് താനും. (ജോര്‍ജ് മൂലെച്ചാലില്‍ )
    ദൈവ ശാസ്ത്രം എന്ന ഇല്ലാശാസ്ത്രം പഠിച്ചവരെക്കാള്‍ വ്യക്തമാണ് ജോര്‍ജിന്റെ വേദവ്യാഖ്യാനം എന്ന് ഏടുത്തുപരയെണ്ടിയിരിക്കുന്നു. ജോര്‍ജിന്റെ പുസ്തകങ്ങളില്‍ ഇത് പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ ആആശയം തന്നെയാണ് "എന്നെ തേടിയുള്ള യാത്ര "യില്‍ ഞാന്‍ വിശദമാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അതൊക്കെ വെറും കീറാമുട്ടികളിട്ടുള്ള കളിയായിട്ടാണ് ചിലര്‍ കളിയാക്കിയത്. വേദാന്ത സത്യങ്ങള്‍ തന്നെയാണ് യേശുവും സാധാരണക്കാരായ മനുഷ്യര്‍ക്ക്‌ പറഞ്ഞ് കൊടുക്കാന്‍ നോക്കിയത്. എന്നാല്‍ അതൊന്നും അന്നും ഇന്നും മിക്കവര്‍ക്കും ഉള്‍ക്കൊള്ളാന്‍ ആകുന്നില്ല. പൂര്‍ണമായി നമ്മളാരും നിത്യസത്യങ്ങള്‍ ഉള്‍ക്കൊള്ളൂന്നില്ല, ശരിയാണ്. എന്നാല്‍ അതിനുള്ള ശ്രമം അത്യന്താപേക്ഷിതമാണ്, അനുപേക്ഷണീയമാണ്.
    വെദാന്തത്തിനപ്പുറത്ത് ഒരു ദൈവശാസ്ത്രവും യുക്തിയെ തൃപ്തിപ്പെടുത്തുകയില്ല. കണ്ണടച്ച് വിശ്വസിക്കുന്നവര്‍ക്ക് അതൊരു പ്രശ്നമല്ല താനും.

    ReplyDelete
  3. നമ്മള്‍ ബൈബിള്‍ തെറ്റായി വ്യാഖ്യനിക്കുന്നതുകൊണ്ടാണ് .
    എന്റെ ഇന്നലത്തെ തെറ്റിനും , ഇന്ന് ചെയ്തുകൊണ്ടിരിക്കുന്ന തെറ്റിനും , ഭാവിയില്‍ ചെയ്യാനുള്ള തെറ്റിനും പരിഹാരമായാണ് യേശു മരിച്ചതെന്ന് പറഞ്ഞാല്‍ , മറ്റൊരു ബൈബിളും , ക്രിസ്തുവിനെയുമാണ് നമ്മള്‍ പരിചയപ്പെടുത്തുന്നത് . ഈ വ്യാഖ്യാനം ശരിയാണെങ്കില്‍ , പിന്നെ നരകമെന്തിനു ? യേശുവിന്റെ വിധിയെന്തിനു ? പശ്ചാത്താപം എന്തിനു ? കല്പനകലെന്തിനു? ഏഴു എഴുപതു വട്ടം ക്ഷമിക്കുന്നതെന്തിനു ? ക്രൂശിച്ചവരോട് ക്ഷമിക്കുവാന്‍ അപേക്ഷിച്ചതെന്തിനു? സ്തെഫാനോസിനെ കല്ലെറിഞ്ഞവരോട് ക്ഷമിക്കാന്‍ അപേക്ഷിച്ചതെന്തിനു? പാപിനിയായ സ്ത്രീയോട് (മഗ്ഥലന മാറിയമല്ല) പ്രത്യേകിച്ചൊരു ക്ഷമയെന്തിന്? ...........
    മുന്‍പ് ഞാന്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ , നമ്മുടെ കുഴപ്പംകൊണ്ടാല്ലാതെ നമ്മളില്‍ വന്നു ഭവിച്ച ജന്മപാപത്തെ നീക്കുവാനാണ് യേശു , വീണ്ടെടുപ്പു യാഗം നടത്തിയത് , അല്ലാതെ ,ഞാന്‍ ചെയ്തിട്ടുള്ള , കള്ളത്തരത്തിനും, വ്യഭിചാരത്തിനും ,കുലപാതകത്തിനും , അന്യദൈവാരാധനക്കും ,............. ഒന്നുമല്ല . ഇതിനെല്ലാം ഞാന്‍ വചനം പറയുന്നതുപോലെ പരിഹാരം ചെയ്യുകയോ , ഈ ജീവിതത്തില്‍ ശിക്ഷയനുഭാവിക്കുകയോ ചെയ്യണം .
    യേശു മരിച്ചത് ക്രിസ്ത്യാനിയെന്നു ഈ ലോകം വിളിക്കുന്ന ഒരു കൂട്ടത്തിനു വേണ്ടിയെന്നു ആരോ തെറ്റിദ്ധരിച്ചിരിക്കുകയാണ് .

    GOOD

    ReplyDelete
  4. annonymous അവസാനം പറഞ്ഞതില്‍ വളരെ കാര്യമുണ്ട്. ചെറുപ്പം മുതല്‍ കേട്ടു തഴമ്പിച്ചതില്‍ നിന്നു ഉടലെടുത്ത വിശ്വാസത്തിന്റെ വിലയേ ഉള്ളൂ, യേശു മനുഷ്യരുടെ പാപങ്ങള്‍ക്ക്‌ പരിഹാരം ചെയ്തു എന്നതില്‍ . കേള്‍ക്കുന്നതൊക്കെ അന്ധമായി വിശ്വസിക്കുന്ന ക്രിസ്ത്യാനികളെ മാത്രമേ ഇത്തരം കണ്ടെത്തലുകള്‍ ആശ്വസിപ്പിക്കുന്നുള്ളൂ. ബാക്കിയുള്ള ജനത്തിന് ഇതൊരു ആശ്വാസവും നല്‍കുന്നില്ല. അങ്ങനെ ഒരു കൂട്ടത്തിനായി മാത്രം ദൈവം മനുഷ്യ ചരിത്രത്തില്‍ ഇടപെട്ടു എന്ന് പറയുക യുക്തിസഹമല്ല. പ്രകൃതിയില്‍ സന്തുലനത്തിന്റെ ഒരു നിയമമുണ്ടെങ്കില്‍ ഓരോരുത്തനും വരുത്തി വയ്ക്കുന്ന വികൃതികള്‍ക്ക് (അതായത് , പ്രകൃതിയുടെ ക്രമത്തെ തെറ്റിക്കുക എന്ന അക്രമത്തിനു), അവനവന്‍ തന്നെ തിരുത്തലും നടത്തേണ്ടതുണ്ട്. ഒരു പുണ്യ പുരുഷനും അതേറ്റെടുക്കാനാവില്ല. യേശുവിനെപ്പോലുള്ള സദ്‌ ഗുരുക്കള്‍ ധാര്‍മ്മികമായ പാഠങ്ങള്‍ പറഞ്ഞ് തന്നു, പറഞ്ഞത് , ജീവിച്ചു കാണിച്ചു എന്നതാണ് അവരുടെ വില. അല്ലാതെ, അവരുടെ പേരും പറഞ്ഞ് ആര്‍ക്കും ദൈവത്തെ പ്രാപിക്കാന്‍ സാധിക്കില്ല. തെറ്റ് ചെയ്യുന്നവന്‍ ഏതെങ്കിലും തരത്തില്‍ അതിന് സ്വയം പരിഹാരം ചെയ്യുക എന്ന നിയമം പ്രകൃതി നടപ്പാക്കുന്നുണ്. എങ്ങനെയെന്നു, നാമറിയണമെന്നില്ല. ആര്‍ക്കും എന്തും വിശ്വസിക്കാം, പക്ഷേ, കര്‍മ്മഫലം എന്നതാണ് കൂടുതല്‍ യുക്തിപരം. ജന്മപാപം എന്നത് ആദിമാതാപിതാക്കള്‍ എന്തോ കുരുത്തക്കേട്‌ കാണിച്ചതിന് അവരുടെ മക്കള്‍ക്കും സഹിക്കേണ്ടുന്ന കളങ്കം എന്നതിനേക്കാള്‍ , ഓരോരുത്തനും കഴിഞ്ഞ ഒരു ജീവിതത്തില്‍ ചെയ്ത അരുതായ്കകള്‍ പരിഹരിക്കപ്പെടാതെ കിടന്നതിന്റെ കറ എന്ന അര്‍ത്ഥത്തില്‍ എടുക്കുന്നത്താണ് നീതിക്ക് പോരുതപ്പെടുന്നത്. മനോസുഖം കിട്ടാന്‍ ഓരോരുത്തരും, ഓരോ മതവും ഓരോന്ന് പറയുന്നു, വിശ്വസിക്കുന്നു. അത്ര തന്നെ.

    ReplyDelete
  5. ബിബ്ലിക്കല്‍ സൃഷ്ടി, ആദം ആവ്വ്വയൊക്കെ കെട്ടുകഥകളെന്നു ശാസ്ത്രം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ചരിത്രമായി യാതൊരു ബന്ധവുമില്ല. അങ്ങനെയെങ്കില്‍
    ജന്മപാപമെന്ന ക്രിസ്ത്യന്‍ വിശ്വാസത്തിനു എന്തു സ്ഥാനം? ഉത്തരമില്ലാത്ത പുരോഹിതന്‍ എനിക്കെതിരെ ചാട്ടവാര്‍ എടുക്കുമെന്നു തീര്‍ച്ച.

    സത്യം അറിയുകയും സത്യം സ്വതന്ത്രരാക്കുകയും ചെയ്യുമെന്ന്
    അല്‍മായശബ്ദത്തിന്‍റെ മുഖമുദ്ര പറയുന്നു. ആരെ വിശ്വസിക്കണം? സത്യത്തെയോ, മിഥ്യാവാദത്തെയോ?

    ശാസ്ത്രത്തിന്‍റെ തെളിവില്‍ ജന്മപാപം ഏറ്റെടുക്കുവാന്‍ സ്ത്രീയും പുരുഷനും അപ മര്യാദയായി ഒന്നും ചെയ്തില്ല. വിശ്വസിക്കുവാന്‍ സഭ പറഞ്ഞാല്‍ സത്യമോ? ഇതു കേള്‍ക്കാന്‍ എന്നെ എന്തിനു വിഡ്ഢിയാക്കണം ?

    ചരിത്രപരമായി തെളിവില്ലെങ്കില്‍ എന്താണ് ജന്മപാപത്തിലുള്ള സത്യം. മതം
    യഹൂദന്‍റെ ഭാവനയിലുണ്ടായ ജന്മപാപത്തെ ഒന്നുകൂടി വളയ്ക്കുവാന്‍ തുടങ്ങി.

    ജന്മപാപത്തിനു ദൈവശാസ്‌ത്രജ്ഞര്‍ പുതിയ നിര്‍വചനവുമായി എത്തി. അതു ഇങ്ങനെ, ആദ്യം സൃഷ്ടികര്‍മ്മം പൂര്‍ണ്ണമായിരുന്നു. ദൈവം പൂര്‍ണ്ണമായ ലോകത്തെ സൃഷ്ടിച്ചു. അനുസരണയില്ലാത്ത ജനം ലോകത്ത് യുദ്ധവും അസമാധനവുമുണ്ടാക്കി പാപം സൃഷ്ടിച്ചു.

    അമ്മച്ചി നിര്‍വചനത്തിനു മിനുക്കുപണിയോടെ, ജന്മപാപം മൊത്തം ജനത്തിന്‍റെ പാപമെന്ന് പുതിയ ഒരു നിര്‍വചനവും വചനപ്രഭാഷകര്‍ മുഴക്കാന്‍ തുടങ്ങി.

    പരിണാമം പറയുന്നു ഭൂമിയില്‍ ജീവനു ഒരേ സ്ഥായിയോടെ മാറ്റങ്ങള്‍ സംഭവിക്കുന്നു. മാറ്റങ്ങള്‍ മനുഷ്യന്‍റെ നന്മയോ തിന്മയോ ആയി ശാസത്രം ഗൌനിക്കുന്നില്ല. പരിണാമം ജീവന്‍റെ പരമമായ രഹസ്യത്തിന്‍റെ തൊട്ടടുത്തുവരെ എത്തിയിട്ടുണ്ട്.

    ചുറ്റുമുള്ള പരിതസ്ഥിതിയനുസരിച്ചും അവനിലെ ചിന്താഗതികള്‍ക്കും മാറ്റം വരുന്നുണ്ട്. പ്രാകൃതമനുഷ്യനിലെ ആദം എന്ന മനുഷ്യന്‍ ആധുനിക മനുഷ്യനില്‍ മരിച്ചുകൊണ്ടിരിക്കുന്നു.

    ജോണ്‍ ഇവിടെ എഴുതിയതു പോലെ കഴിഞ്ഞുപോയ ക്രൂരതയെന്ന സത്യം എന്തിനു ചിന്തിക്കണം? കഴിഞ്ഞകാലം എന്തിനു ചികയണം? ഇപ്പോള്‍ ഇതാ ചരിത്രമല്ലാത്ത ഒരു കെട്ടുകഥയും പുതിയ വേഷത്തില്‍ അവതരിച്ചിരിക്കുന്നു.

    നഷ്ടപ്പെട്ടുപോയ കഴിഞ്ഞകാല ചാരുതയെപ്പറ്റി ചിന്തിക്കാതെ പുത്തനായ ഒരു
    ലോകത്തെ വിഭാവന ചെയ്യൂവെന്ന് മാറ്റങ്ങളുടെ തത്വങ്ങളും നമ്മെ പഠിപ്പിക്കുന്നു. എന്തെല്ലാം ധാര്‍മ്മികപ്രശ്നങ്ങള്‍ ഇന്നും ഈ ലോകത്തെ അലട്ടുന്നു.
    സങ്കീര്‍ണ്ണമാക്കുന്നു. മതം ഇതിനൊന്നും പരിഹാരമല്ല.

    കാറല്‍ മാര്‍ക്സ് പറഞ്ഞതു അല്‍പ്പംമാറ്റി ഇതും ആദവും മയക്കുന്ന മറ്റൊരു കറുപ്പ്.

    ReplyDelete
  6. ജന്മ പാപം കത്തോലിക്കാ ദൈവ ശാസ്ത്ര ലോകത്ത് ഇന്നൊരു കേട്ട് കഥ ആണ്. പിന്നെ ചില കരിസ്മാടിക്കാരും പഴയ ദൈവ ശാസ്ത്രം പഠിച്ചവരും ഇടയ്ക്കു പ്രസംഗങ്ങളില്‍ പറയുന്നു എന്ന് മാത്രം. യേശു വന്നത് ജന്മ പാപം പോക്കാന്‍ ആണെന്ന് ഒരിടത്ത് പോലും യേശു പറഞ്ഞിട്ടില്ല. പലപ്പോഴും മനുഷ്യന്റെ പാപ സ്വഭാവത്തെയും, രോഗ പീഡകളെയും വിശദീകരിക്കാന്‍ കണ്ടു പിടിച്ച ഒരു കാരണം ആണ് ജന്മ പാപം. ആദവും ഹവ്വയും ഉണ്ടായിരുന്നു എങ്കില്‍ തന്നെ അത് യഹൂദരുടെ പിതാവാണ്. മറ്റു മനുഷ്യര്‍ക്ക്‌ അവരുടെ പാപത്തിന്റെ ശമ്പളം പറ്റേണ്ട കാര്യം ഇല്ല. ജോസഫ് പറഞ്ഞ പോലെ സ്ഥായിയായ മാറ്റമാണ് പാപം എന്ന് വിളിക്കപ്പെടുന്ന പലതും. കാരണം ഇന്നലത്തെ പല പാപങ്ങളും ഇന്ന് പാപം അല്ല. ജന്മ പാപം ബൈബിള്‍ അധിഷ്ടിതം അല്ല. ആകെ പാപം ഇല്ലാത്തത് ജനിക്കുമ്പോള്‍ ആണ്. അവിടെയും പാപം കൊണ്ടുവന്നു പീഡിപ്പിക്കുന്നത് പാപം ആണ്. ജനിച്ചിട്ട്‌ കുറച്ചു കാലം എങ്കിലും മനുഷ്യന്‍ ഒന്ന് പാപമില്ലാത്ത നിഷ്കളങ്കര്‍ ആയിരിക്കാന്‍ അനുവദിക്കാത്തത് എന്തെ.?ശിശു മാമോദീസക്ക് ഒരു കാരണം അന്ന് ഉള്ളവര്‍ കണ്ടു പിടിച്ചതാണ്.

    ReplyDelete
  7. മനുഷ്യനെ തന്‍റെ സ്വന്തം രൂപത്തില്‍ , ഛ യില്‍ , പ്രതിഛയില്‍ ,മാനത്തില്‍ , സാദൃശ്യത്തില്‍, സൃഷ്ട്ടിച്ചു എന്നാ വാക്യം. ആദത്തെ ക്കുറിച്ചും അവ്വയെകുരിച്ചും മാത്രമാണ് . ആ രൂപത്തിന് മാറ്റം വന്നതുകൊണ്ടാണ് , ഗെരൂബുകള്‍ കാവല്‍ നില്‍ക്കുന്ന, നമ്മുടെയിടയില്‍ തന്നെയുള്ള പരുധീസഅഥവാ സ്വര്‍ഗരാജ്യം നമുക്ക് കാണാന്‍ പറ്റാത്തത് . മഹാ ഭൂരിപക്ഷവും ഇന്നും നമ്മള്‍ ദൈവത്തിന്‍റെ സാധൃശ്യത്തി ലാണെന്ന് തെറ്റിദ്ധരിചിരിക്കയാണ് . ബൈബിള്‍ നമ്മള്‍ ദൈവത്തിന്‍റെ സാധൃശ്യത്തിലെന്നു പഠിപ്പിക്കുന്നില്ല , എന്നാല്‍ വീണ്ടും ജനനത്തോടെ ( പെന്തകൊസ്തുകാരുടെ വീണ്ടും ജനനമെന്ന തട്ടിപ്പല്ല, മരിച്ചു വീണ്ടും ജനിക്കുമ്പോള്‍ ) നമ്മള്‍ ദൈവ സാധൃശ്യത്തിലായിരിക്കുമെന്നു വചനം പഠിപ്പിക്കുന്നു . ഇതുപറയുമ്പോള്‍, സര്‍വ ക്രിസ്ത്യാനികളും എനിക്കെതിരെയാകും എന്നും അറിയാം . എങ്കിലും മനസിലായ സത്യം പറഞ്ഞെന്നു മാത്രം . നമ്മള്‍ ദൈവ സാദൃശ്യത്തിലാനെന്നു മനസിലാക്കിയിരിക്കുന്നത് കൊണ്ടാണ് പല സത്യങ്ങളും മനസിലാവാതെ , മിത്തുകളായി നമുക്ക് തോന്നുന്നത് . പിതാവും പുത്രനും തമ്മിലുള്ള വ്യത്യാസം , ലോകവും ഭൂമിയും തമ്മിലുള്ള വ്യത്യാസം , സ്വര്‍ഗ്ഗവും സ്വര്‍ഗരാജ്യവും തമ്മിലുള്ള വ്യത്യാസം , ദൈവമെന്നാല്‍ എന്തെന്നും , സാത്താനും ഒരു ദൈവമാണെന്ന വചന സത്യം , diffrence bet'n spirit and soul, spirit and spiritual body, ..... എന്നിവയൊക്കെ മനസിലാക്കാതെ വചനം വായിച്ചാല്‍ ഒരു പകുതി ഭാഗം മനസിലാകും , മേല്‍പ്പരഞ്ഞതൊക്കെ പഠിച്ചിട്ടു വായിച്ചാല്‍ ഒരു മുക്കാല്‍ ഭാഗത്തിന് മുകളില്‍ മനസിലാകും. അപ്പോള്‍ കുറെ ബൈബിള്‍ വേദാന്തങ്ങള്‍ ( വേദത്തിനു ഒരു അന്തമേയുള്ളൂ എന്ന് സമ്മതിക്കുന്നു) സിദ്ധാന്തങ്ങളായി മാറ്റാന്‍ കഴിയും.
    അതുപോലെ മിത്തുകള്‍ സത്യങ്ങളായും മനസിലാവും .

    ReplyDelete
    Replies
    1. "മരിച്ചു വീണ്ടും ജനിക്കുമ്പോള്‍ നമ്മള്‍ ദൈവ സാധൃശ്യത്തിലായിരിക്കുമെന്നു വചനം പഠിപ്പിക്കുന്നു" (Pippilaathan)
      Just out of curiosity.
      എന്താണ് ഇതിന്‍റെ അര്‍ഥം? , എങ്ങിനെ വീണ്ടും ജനനം ?, എവിടെ . ?ബയിബിളില്‍ എവിടെ പറയുന്നു ?ദൈവ സാദൃശ്യം എന്ന് വച്ചാല്‍ എങ്ങിനെ ഉള്ളത്.?

      Delete
    2. I used to enjoy your comments and articles, since it make a difference. But it is unacceptable that you said we are not in god's image. you can't just say against the common belief. Otherwise you have to provide proofs, or provide evidences.

      Delete
    3. "I used to enjoy your comments and articles, since it make a difference. But it is unacceptable that you said we are not in god's image. you can't just say against the common belief. Otherwise you have to provide proofs, or provide evidences"

      Roy I did not say man is not in god's image. I was asking about the meaning of the quotation above as interpreted by Pippilathan. A question is no a denial. I am just asking questions for clarification about his concept of being in the image of god after rebirth "മരിച്ചു വീണ്ടും ജനിക്കുമ്പോള്‍ നമ്മള്‍ ദൈവ സാധൃശ്യത്തിലായിരിക്കുമെന്നു വചനം പഠിപ്പിക്കുന്നു" (Pippilaathan)Is it about reincarnation or spirit etc

      Delete
  8. ജോണ്‍ പറഞ്ഞതു തികച്ചും യുക്തി യുക്തമായ ന്യായവാദങ്ങള്‍ തന്നെ. അറിവ് പകര്ന്നു തന്നതിനും നന്ദി. അതുപോലെ യുക്തി അനുസരിച്ച് പിപ്പിലാഥന്റെ അഭിപ്രായവും യോജിക്കാതെ സാധ്യമല്ല. രൂപമില്ലാത്ത ദൈവത്തിന്റെ
    സാദൃശ്യത്തില്‍ മനുഷ്യന്‍ എങ്ങനെ ഉണ്ടായി. ദൈവം അദൃശ്യനാണെന്നും പഠിപ്പിക്കുന്നു. അദൃശ്യനായവന്റെ രൂപം ദൃശ്യനായ മനുഷ്യനില്‍ എങ്ങനെ കാണുന്നു.

    ജനിച്ചു വീഴുന്ന കുഞ്ഞു അമ്മയുടെ മുലപ്പാല്‍ കുടിക്കുന്നതുവരെയെങ്കിലും പാപമില്ലാത്തത് ആക്കരുതോ? ജന്മപാപം ബൈബിള്‍ അധിഷ്ടിതമല്ലെന്നു
    അറിവില്ലായിരുന്നു.

    ബൈബിള്‍ പണ്ടുമുതെലെ വായിക്കുവാന്‍ മടിയനാണ്. അതുകൊണ്ട് അറിവും കുറവാണ്. ഞാന്‍ ആദാമിന്‍റെ പാപംതേടി ബൈബിള്‍ ഒന്നടങ്കം നോക്കി. പാപത്തെപ്പറ്റി സങ്കീര്‍ത്തനത്തിലും സുവിശേഷങ്ങളില്‍ പലയിടത്തും വായിച്ചു.
    ജന്മപാപമെന്ന് എന്‍റെ കണ്ണില്‍ ഒരിടത്തും കണ്ടില്ല. ആദമിന്‍റെ പാപം ജനിച്ച കുഞ്ഞിലുണ്ടെന്നും കണ്ടില്ല. ജോണിനോട്‌ മറുവാക്ക് ചൊല്ലുവാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ട്.

    Psalm 51:5 states that we all come into the world as sinners: "Behold, I was brought forth in iniquity, and in sin my mother conceived me." ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു" ഇവിടെ എനിക്കു മനസിലാകുന്നത് പാപി അമ്മയാണെന്നാണ്. മനുഷ്യനെ വട്ടു പിടിപ്പിക്കുന്ന ബൈബിള്‍ പ്രഭാഷകര്‍ സാമൂഹ്യ ദ്രോഹികളെന്നും സംശയമില്ല.

    കുഞ്ഞുമനസ്സില്‍ പാപമുണ്ടെന്നു പഠിപ്പിച്ചു വളര്‍ന്നു വരുന്ന കുഞ്ഞുങ്ങളുടെ മനസിനെവരെ തകര്‍ക്കുന്ന കപടരുടെ വേദാന്തമാണ് ആദമില്‍ക്കൂടി വരുന്ന ഈ ജന്മപാപം. ജനിക്കുവാന്‍ പോകുന്ന കുഞ്ഞുങ്ങളുടെ ജന്മപാപം
    കഴുകികളയുവാന്‍ യേശു ജനിച്ചുവെന്നുള്ള അസംബന്ധം കവലകള്‍തോറും
    ഉപദേശിമാര്‍ പാടികൊണ്ട് നടക്കുന്നതും കേട്ടിട്ടുണ്ട്.

    "അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു." (റോമ :5:12)ഇവിടെയും ജന്മപപമെന്നു പറഞ്ഞിട്ടില്ല.

    അഗസ്ത്തിനോസ് പുണ്യാളന്‍ ആദമിന്‍റെ പാപം ജന്മപാപമായി സ്ഥിതികരിച്ചിട്ടുണ്ട്. മനുഷ്യജന്മങ്ങള്‍ ആദമിന്‍റെ പാപം അനുഭവിച്ചേ തീരൂവേന്നാണ് പുണ്യാളന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ദൈവശാസ്ത്രത്തില്‍ വിജ്ഞാനകോശമെന്നു കരുതുന്ന ഇദ്ദേഹവും വചനങ്ങള്‍ ശരിക്കുള്‍കൊണ്ടില്ലെന്നു തോന്നുന്നു.

    മാമോദീസ്സ എന്തിനെന്നും ചോദ്യം വരാം. വിശുദ്ധ തോമസ്‌ അക്കുനാസ് പറഞ്ഞതു മാമോദീസ്സ ജനിക്കുന്ന കുഞ്ഞിനുള്ള ദൈവക്രുപക്കെന്നാണ്. ദൈവവുമായി ഒരു സ്നേഹത്തിന്റെ ഉടമ്പടി എന്നും അദ്ദേഹം നിര്‍വചനം കൊടുത്തിട്ടുണ്ട്.ജന്മപാപത്തിനല്ല.

    ReplyDelete
  9. എനിക്കറിവു വച്ച കാലം തൊട്ട്‌, ജന്മപാപം എന്നെ ബാധിച്ചിട്ടില്ലെന്ന് തന്നെയാണ് ഞാന്‍ കരുതിയിട്ടുള്ളത്. ആ വാക്ക് തന്നെ ഒരു വിരുക്ദ്ധോക്തിയാണ്. പാപമെന്നാല്‍ അറിവോടെ ചെയ്യുന്ന തെറ്റാണ്. ജനിക്കാത്ത കുഞ്ഞിനെങ്ങനെ പാപമുണ്ടാകും? ശുദ്ധ ഭോഷ്ക്ക് . പോളാണ് ആദിസഭക്കുവേണ്ടി ഈ കണ്ടുപിടുത്തം നടത്തിയത്. ഒരാള്‍ വഴി പാപം ഉണ്ടായി, മറ്റൊരാള്‍ വഴി അതു കഴുകപ്പെട്ടു, എന്ന്. ഐഡിയ കൊള്ളാം, പക്ഷേ, ബുദ്ധിയുറക്കാത്തവര്‍ക്കെ അതു പിടികിട്ടുകയുള്ളൂ.

    Original Sin or Original Blessing? (തര്‍ജ്ജമ: "ആദിപാപമോ അദ്യാനുഗ്രഹമോ?") എന്ന ഒരു കൃതി ഡോ. മാത്യു ഫോക്സ് ഇരുപതോളം വര്‍ഷം മുമ്പെഴുതിയിട്ടുണ്ട്. വളരെ വ്യക്തമായും യുക്തിസഹമായും അദ്ദേഹം പറയുന്നു, ജന്മമെന്നത് ഏറ്റവും വലിയ അനുഗ്രഹമായി കാണേണ്ടിടത്തു, അതു പാപപങ്കിലമാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്നതാണ് പാപമെന്ന്. അവനവന്‍ ചെയ്യുന്ന അതിക്രമങ്ങളെപ്പറ്റി മനുഷ്യര്‍ പരിതപിക്കട്ടെ. തന്തമാരെയും പൂര്‍വികരെയും വെറുതേ വിടട്ടെ.

    ReplyDelete
  10. ദൈവത്തിന്റെ പ്രതിച്ഛായയില്‍ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടു എന്ന വേദവാക്യത്തെ എങ്ങനെ മനസ്സിലാക്കണമെന്നുള്ളതിനെപ്പറ്റി ദൈവജ്ഞര്‍ പലതും പറഞ്ഞിട്ടുണ്ട്. പിപ്പിലാഥന്‍ ഒരര്‍ത്ഥം ഒരു കമെന്റില്‍ കുറച്ചിരിക്കുന്നത് കണ്ടു. കൂടുതല്‍ ചര്‍ച്ച ഈ വിഷയത്തെപ്പറ്റി ആഗ്രഹിക്കുന്നവര്‍ ദയവായി അല്‍മായശബ്ദത്തിന്റെ എലെക്ട്രോനിക് ലൈബ്രറിയിലുള്ള "അവബോധത്തിലേയ്ക്ക്" ഭാഗം രണ്ടില്‍ , താള് 58-59 ഒന്ന് നോക്കിയാല്‍ കൊള്ളാം.

    ReplyDelete
  11. മുനി നാരായണപ്രസാദ് എഴുതി ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുള്ള സുവിശേഷങ്ങള്‍ വേദാന്തദൃഷ്ടിയില്‍ എന്ന പുസ്തകവും ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉള്‍ക്കാഴ്ചകള്‍ നല്കിയേക്കാം.

    ReplyDelete