Translate

Saturday, May 19, 2012

"ഞാന്‍തന്നെ വഴിയും സത്യവും ജീവനും”



ലോകമിന്ന് മറ്റെന്നത്തെയുംകാള്‍ മതതീവ്രവാദത്തിന്റെ പിടിയിലാണ്. മനുഷ്യനെ ആദ്ധ്യാത്മികതയില്‍ ഒന്നിപ്പിക്കേണ്ട മതം അവനെ സാമുദായികമായി ഭിന്നിപ്പിക്കാനുള്ള ഉപാധിയായി മാറിയിരിക്കുന്നു. മതം എന്ന പദത്തിന്റെ ആദ്ധ്യാത്മികഅര്‍ത്ഥം ചോര്‍ന്നു പോകുകയും, ആ പദത്തെ സമുദായം എന്ന സാമൂഹിക –sociological – അര്‍ത്ഥത്തില്‍ മാത്രം മനസ്സിലാക്കുകയും ചെയ്യുന്ന, അന്തസ്സാരവിഹീനമായ ഒന്നായി ത്തീര്‍ന്നിരിക്കുന്നു, ഈ കാലഘട്ടം.
ഇപ്രകാരം, സാമുദായിക മതതീവ്രവാദത്തിലേക്ക് ഓരോ മതസമൂ ഹത്തിന്റെയും കാലുകള്‍ ഇന്ന് വഴുതി നീങ്ങുകയാണ്. മതത്തിന്റെ ആദ്ധ്യാത്മിക ഉള്ളടക്കം കൈവിട്ടുകൊണ്ടുള്ള ഈ ദിശാവ്യതിചലന ങ്ങള്‍ മറ്റു മതസ്ഥരെ സംഭീതരാക്കുകയും ഫലത്തില്‍ അവരെയും കൂടി മതസാമുദായികത്വത്തിലേക്കു വലിച്ചിഴയ്ക്കുകയും ചെയ്യുന്നു. കേവലം സാമുദായമാറ്റംമാത്രമായ ഇന്നത്തെ ക്രൈസ്തവ-ഇസ്ലാമിക മതംമാറ്റ പരിശ്രമങ്ങള്‍, സ്വതേ സര്‍വ്വമതസമഭാവന പുലര്‍ത്തുന്ന ഇന്‍ഡ്യയിലെ ഹിന്ദുസമുദായത്തില്‍പ്പോലും മതസാമുദായികത്വപ്രവ ണതകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്ന സമകാലികയാഥാര്‍ത്ഥ്യം ഇതിനൊരു തെളിവത്രേ. ഓരോ മതതീവ്രവാദവും കൂടുതല്‍ മതതീവ്ര വാദങ്ങള്‍ക്കു ജന്മംനല്‍കുകയും വിദ്വേഷത്തിലൂടെയും പ്രകോപനങ്ങ ളിലൂടെയും അവയെ വളര്‍ത്തിക്കൊണ്ടുവരുകയും, അവസാനം, അതി നിരയായ മതസമൂഹങ്ങള്‍ പരസ്പരം സംഹരിക്കപ്പെടാന്‍ ഇടയാ ക്കുകയും ചെയ്യുന്നു. ഇതൊരു വിഷമവൃത്തമാണ്; പര്‌സ്പരം വളര്‍ ത്തുന്ന ദുരന്തമാണ്.
സ്വന്തം മതത്തെമാത്രം സത്യമതമായിക്കണ്ട്, ഇതരമതങ്ങളെ നിരാ കരിക്കുക, മറ്റു മതസ്ഥരുടെമേല്‍ സ്വന്തം മതം അടിച്ചേല്‍പ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക എന്നിവയാണല്ലോ മതതീവ്രവാദ ത്തിന്റെ മുഖ്യപ്രവണതകള്‍. സ്വന്തം മതഗ്രന്ഥത്തില്‍ നിന്നും ഇതിനു സഹായകമെന്നു തോന്നുന്ന വാക്യങ്ങളുദ്ധരിച്ചും ഉപരിപ്ലവമായി വ്യാഖ്യാനിച്ചുമാണ് മതതീവ്രവാദികള്‍ മുന്നേറുന്നത്.
ക്രൈസ്തവസമുദായത്തെ ഇത്തരമൊരു തീവ്രവാദനിലപാടിലേക്ക് അറിഞ്ഞോ അറിയാതെയോ നയിക്കുന്ന സഭാധികാരികളും വചനപ്ര ഘോഷകരും വിവിധ സഭകളിലെ പാസ്റ്ററന്മാരും എടുത്തുപയോഗി ക്കുന്ന ഒരു ക്രിസ്തുവചസ്സാണ്, “ഞാന്‍തന്നെ വഴിയും സത്യവും ജീവനും. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുത്തേയ്ക്കു വരുന്നില്ല” (യോഹ - 14:6) എന്നത്. അവരുടെ വ്യാഖ്യാനമനുസരിച്ച്, യേശുവിലൂടെയല്ലാതെ ആര്‍ക്കും ആത്മരക്ഷ സാധ്യമല്ല. അതായത്, 2000 വര്‍ഷങ്ങള്‍ക്കുമുമ്പ്, മറിയത്തിന്റെ മകനായി ജനിച്ച ചരിത്രപുരു ഷനായ യേശു എന്ന വ്യക്തിയാണ് ഏക കര്‍ത്താവും ഏക രക്ഷ കനും എന്നു വിശ്വസിക്കുന്ന മനുഷ്യര്‍ക്കു മാത്രമേ ആത്മരക്ഷ ലഭി ക്കുകയുള്ളൂപോലും!
ഈ ബൈബിള്‍ വാക്യത്തിന്റെ അര്‍ത്ഥം ഇപ്രകാരം ബഹിര്‍മുഖ മായി ധരിച്ചുവശാകുന്നവരുടെ മുഖ്യജീവിതലക്ഷ്യം സ്വഭാവികമായും, കഴിയുന്നിടത്തോളം മനുഷ്യരെ യേശുവിലേയ്ക്കും, അങ്ങനെ ആത്മര ക്ഷയിലേയ്ക്കും നയിക്കുക എന്നതായി മാറുന്നു. ദൈവനാമങ്ങളായി വിവിധ ജനതകള്‍ അംഗീകരിച്ചാദരിക്കുന്ന സംജ്ഞകളെയെല്ലാം മനു ഷ്യഹൃദയങ്ങളില്‍ നിന്നും തൂത്തെറിഞ്ഞ്, അവിടെ ‘യേശു’ എന്ന സംജ്ഞയെ ബാഹ്യമായി പ്രതിഷ്ഠിച്ച് കൃതകൃത്യരാകുക എന്നതായി മാറുന്നു, അവരുടെ മുഖ്യ പ്രവര്‍ത്തനം. ഇതിന്റെ പ്രായോഗികഫലം, വിവിധ ദേശങ്ങളിലും സംസ്‌കാരങ്ങളിലും ഉരുത്തിരിഞ്ഞുവന്നിട്ടുള്ള ഈശ്വരസങ്കല്പങ്ങളെയും ഈശ്വരപ്രതീകങ്ങളെയും ആചാരാനുഷ്ഠാ നങ്ങളെയുമെല്ലാം ക്രൈസ്തവര്‍ നിന്ദ്യമായി പരിഗണിക്കുകയും, ചതു രുപായങ്ങളും പ്രയോഗിച്ച് അവയെ പിഴുതെറിയുകയും, ക്രിസ്തുമത ത്തിന്റെ സാമ്പ്രദായിക സങ്കല്പങ്ങളും സംസ്‌ക്കാരവും ആചാരങ്ങളും വിവിധ ജനങ്ങളില്‍ അടിച്ചേല്പിക്കുകയും ചെയ്യുന്നു എന്നതാണ്. ഈ ‘ക്രൈസ്തവ’സമീപനം ലോകജനതകളുടെമേല്‍ അസ്വാതന്ത്ര്യവും അടിമത്തവും കെട്ടിവയ്ക്കുന്നതില്‍ വളരെ വലിയൊരു പങ്കാണ് വഹിച്ചിട്ടുള്ളത്. ഒന്നാം സഹസ്രാബ്ദത്തില്‍, ‘ക്രൈസ്തവ’ റോമാസാമ്രാജ്യത്തിന്റെ യൂറോപ്യന്‍ അധിനിവേശത്തിനും, രണ്ടാം സഹസ്രാബ്ദത്തില്‍ ‘ക്രൈസ്തവ’യൂറോപ്പിന്റെ ആഗോള ആധിപത്യത്തിനും, തുടര്‍ന്ന് ലോകമാസകലം കച്ചവടമൂല്യങ്ങളുടെ വ്യാപനത്തിനും ഈ ‘ക്രൈസ്തവ’മതതീവ്രവാദനിലപാട് കാരണമാകുകയുണ്ടായി. സാമുദായികസംഘര്‍ഷങ്ങള്‍ക്കും കലഹങ്ങള്‍ക്കും കലാപങ്ങള്‍ക്കും വിഘടനപ്രസ്ഥാനങ്ങള്‍ക്കും ഇന്ന് ഈ ‘ക്രൈസ്തവ’തീവ്രവാദം കാരണമായിക്കൊണ്ടിരിക്കുന്നു.
ലോകത്തില്‍ ഇത്രയേറെ വിനാശം വിതയ്ക്കാന്‍ പ്രേരകമായ എന്തെങ്കിലും യേശു പറഞ്ഞിട്ടുണ്ടാകുമെന്ന്, അദ്ദേഹത്തിന്റെ സ്‌നേഹപ്രബോധനങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊണ്ടവര്‍ക്കു വിശ്വസിക്കാനാവില്ല. അപ്പോള്‍, ബൈബിളില്‍ കാണുന്ന ആ ക്രിസ്തുവചസ്സിന്റെ ആദ്ധ്യാത്മിക അര്‍ത്ഥമെന്തെന്ന് നാം ആഴത്തില്‍ അന്വേഷിച്ചേ മതിയാകൂ.
മതഗ്രന്ഥങ്ങളിലെ പ്രഖ്യാപനങ്ങളെയും പ്രബോധനങ്ങളെയും ധ്യാനാത്മകമായ ഒരു മനോഭാവത്തോടുകൂടി സമീപിച്ചാല്‍ മാത്രമേ അവയില്‍ നിഹിതമായിരിക്കുന്ന ആദ്ധ്യാത്മികാര്‍ത്ഥം ഹൃദയത്തി ലുള്‍ക്കൊള്ളാന്‍ ഒരുവനു കഴിയൂ. കേവലം മസ്തിഷ്‌ക്കതലത്തിലുള്ള ഒരു മനസ്സിലാക്കല്‍പ്രക്രിയയിലൂടെ ആദ്ധ്യാത്മികതയെ ഉള്‍ക്കൊള്ളാ നാവില്ല. മനുഷ്യന്റെ ആന്തരികയാഥാര്‍ത്ഥ്യം സംബന്ധിച്ച ജ്ഞാനം നേടാന്‍, ബഹിര്‍മുഖമായ മനസ്സിലാക്കല്‍ കൊണ്ടുമാത്രം സാധ്യമല്ല. അതിന് അവന്‍ അവന്റെ ഉള്‍ക്കണ്ണ് ധ്യാനാത്മകമായി തുറന്നുവയ്‌ക്കേണ്ടതുണ്ട്. എന്തും സ്വന്തം ഉള്‍ക്കണ്ണുകൊണ്ടു ഹൃദയപൂര്‍വ്വം ദര്‍ശിച്ച ദൈവമനുഷ്യനായിരുന്നു യേശു. അപ്പോള്‍ അദ്ദേഹത്തിന്റെ വാക്കു കള്‍ക്കും ദൈവികമായ ആ ആഴമുണ്ടായിരിക്കും. തന്മൂലം, യേശു വിന്റെ ഏറ്റവും മൗലികവും ആധികാരികവുമായ പ്രഖ്യാപനങ്ങളെ, മഹാവാക്യങ്ങളെ, അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുന്നത് അദ്ദേ ഹത്തെ തരംതാഴ്ത്തലാണ്.
“ഞാന്‍ പിതാവിലും പിതാവ് എന്നിലും”
യേശു തന്നെപ്പറ്റി സ്വയം പറഞ്ഞപ്പോഴൊക്കെ, അവ ‘വിഷമം പിടിച്ച പ്രബോധനങ്ങള്‍’ ആവുകയാണുണ്ടായിട്ടുള്ളത്. സാമൂഹിക വ്യവഹാരത്തിനുവേണ്ടി മനുഷ്യന്‍ സൃഷ്ടിച്ച ഭാഷ, ദൈവികാനുഭൂ തിയെ വിവരിക്കാന്‍ സമര്‍ത്ഥമല്ല എന്നത് ഇതിനൊരു കാരണമായി രിക്കാം. അതുകൊണ്ട് ‘മിസ്റ്റിക്കല്‍’ എന്നു വിശേഷിപ്പിക്കാവുന്ന ഒരു തരം ഭാഷാപ്രയോഗം (ാ്യേെശരമഹ ംമ്യ ീള ലഃുൃലശൈീി) അനിവാര്യമായിത്തീരു കയും, വ്യാവഹാരിക ജീവിതതലത്തില്‍നിന്നു കേള്‍ക്കുന്നവര്‍ക്ക് അത് ദുര്‍ഗ്രഹമായിത്തീരുകയും ചെയ്യുന്നു. ഉദാഹരണത്തിന്, “എന്റെ പിതാവ് സ്വര്‍ഗ്ഗത്തില്‍നിന്നും സത്യമായ അപ്പം നിങ്ങള്‍ക്കു നല്‍കുന്നു. സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങി വന്ന് ലോകത്തിനു ജീവന്‍ നല്‍കുന്നതാണ് ദൈവത്തിന്റെ അപ്പം” (യോഹ. 6:32,33), എന്നു പറയുമ്പോള്‍, ആ ‘അപ്പ’ത്തെ വ്യാവഹാരിക അര്‍ത്ഥത്തിലുള്ള അപ്പമായല്ല യേശു അവതരിപ്പിക്കുന്നത് എന്നു വ്യക്തമാണല്ലോ. നിത്യജീവന്‍ നല്‍കുന്ന ആത്മാവിന്റെ വചനങ്ങളെയാണ് ‘അപ്പം’ എന്ന പദത്തില്‍ അദ്ദേഹം പ്രതീകവല്‍ക്കരിച്ചിരിക്കുന്നത്. ഈ അര്‍ത്ഥത്തിലാണ്, തുടര്‍ന്നദ്ദേഹം, “ഞാനാകുന്നു ജീവന്റെ അപ്പം” എന്നു പ്രഖ്യാപിക്കുന്നതും. കാരണം, മനുഷ്യനെ അവന്റെ ശാരീരികവും മാനസ്സികവുമായ വ്യക്തിസ്വത്വത്തിനപ്പുറത്തുള്ള അവന്റെ ആത്മീയസ്വത്വത്തിലേക്കു നയിക്കാനും, ആ ആത്മീയജീവിതത്തെ പരിപോഷിപ്പിക്കാനുമുള്ള ദൈവവചനങ്ങളായിരുന്നല്ലോ യേശു പ്രസംഗിച്ചത്. ചുരുക്കത്തില്‍, വിശപ്പ്, ദാഹം, അപ്പം, വീഞ്ഞ്, ശരീരം, രക്തം, എന്നൊക്കെ യേശു പറഞ്ഞപ്പോള്‍ അവയുടെ യൊന്നും വാച്യാര്‍ത്ഥമായിരുന്നില്ല അദ്ദേഹമുദ്ദേശിച്ചത്; മറിച്ച്, മനു ഷ്യന്റെ ആദ്ധ്യാത്മികതലത്തിലുള്ള വിശപ്പ്, ദാഹം, അവയ്ക്കുള്ള ഭക്ഷ ണപാനീയങ്ങള്‍ എന്നൊക്കെയായിരുന്നു. “എന്റെ ശരീരം ഭക്ഷിക്കു കയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും, ഞാന്‍ അയാളിലും വസിക്കുന്നു” (യോഹ. 6:56), എന്ന അദ്ദേഹ ത്തിന്റെ പ്രഖ്യാപനത്തെ ‘വിഷമം പിടിച്ച പ്രബോധനം’ എന്നു ശിഷ്യര്‍ വിശേഷിച്ചപ്പോള്‍ യേശു നല്‍കുന്ന വിശദീകരണത്തില്‍നിന്നും ഇതു കൂടുതല്‍ വ്യക്തമാകുന്നുണ്ട്. അദ്ദേഹം പറയുന്നു: “ആത്മാവാണു ജീവന്‍ നല്‍കുന്നത്, ശരീരംകൊണ്ടു പ്രയോജനമില്ല. ഞാന്‍ നിങ്ങ ളോടു പറഞ്ഞ വചനങ്ങളാണ് ആത്മാവും ജീവനും” (യോഹ. 6:62). ഈ വചനങ്ങളോ? “നിങ്ങളോടു പറയുന്ന വാക്കുകള്‍ ഞാന്‍ സ്വമേ ധയാ പറയുന്നതല്ല; പിതാവ് എന്നില്‍ വസിച്ച് തന്റെ പ്രവൃത്തികള്‍ ചെയ്യുന്നു” (യോഹ. 14:10). അപ്പോള്‍, ക്രിസ്തുവില്‍ വസിക്കുന്ന പിതാവായ ദൈവത്തിന്റെ വാക്കുകളാണ് അദ്ദേഹം പറയുന്നത് എന്നര്‍ത്ഥം. അതായത്, ചരിത്രപുരുഷനായ യേശു തന്റെ വ്യക്തിഭാ വത്തില്‍ നിന്നുകൊണ്ടല്ല; മറിച്ച്, പൂര്‍ണ്ണമായ ദൈവികഭാവത്തില്‍ നിന്നുകൊണ്ടാണ് മൗലികങ്ങളായ എല്ലാ പ്രസ്താവനകളും നടത്തി യിട്ടുള്ളത്. “ഞാന്‍ സ്വമേധയാ ഒന്നും ചെയ്യുന്നില്ല” (യോഹ. 8:28) എന്ന് യേശു വ്യക്തമാക്കിയിട്ടുള്ളതില്‍ നിന്നും അദ്ദേഹത്തിന്റെ വ്യക്തിഭാവത്തിന്റെ പൂര്‍ണ്ണമായ അഭാവമാണ് സമര്‍ത്ഥിക്കപ്പെടുന്നത്. ഇതിനര്‍ത്ഥം, യേശുവിന്റെ മൗലിക പ്രബോധനങ്ങളില്‍ എവിടെ യെല്ലാം ‘ഞാന്‍’ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടോ അപ്പോഴെല്ലാം യേശു തന്റെ വ്യക്തിത്വത്തെയല്ല സൂചിപ്പിച്ചത് എന്നാണ്. പിതാവില്‍ വസിച്ചു കൊണ്ട് അദ്ദേഹം ‘ഞാന്‍’ എന്നു പറഞ്ഞപ്പോഴൊക്കെ ‘തന്നില്‍ വസി ക്കുന്ന ആത്മാവ്’ എന്നാണ് അദ്ദേഹം അര്‍ത്ഥമാക്കിയിട്ടുള്ളത്. ‘ദൈവം ആത്മാവാണ്’ (യോഹ. 4:23) എന്നും അദ്ദേഹം പഠിപ്പിച്ചിട്ടുണ്ടല്ലോ.
“ഞാന്‍ ആകുന്നു’ എന്നു നിങ്ങള്‍ വിശ്വസിക്കുക”
പിതാവായ ദൈവത്തില്‍ വസിച്ച, അഹം വെടിഞ്ഞ് ദൈവാത്മാവു മായി താദാത്മ്യം പ്രാപിച്ച, ദൈവമനുഷ്യനാണ് ക്രിസ്തു എന്നും, യേശു എന്ന ചരിത്രപുരുഷന്റെ വ്യക്തിഭാവത്തിനല്ല അദ്ദേഹം ഊന്നല്‍ നല്‍കിയത് എന്നുമാണ് ഇതുവരെ സമര്‍ത്ഥിച്ചത്. ഇനി മനുഷ്യന് ആത്മരക്ഷ പ്രാപിക്കാന്‍ യേശു തുറന്നുതന്ന വഴി ഏതെന്നു നോക്കാം.
ക്രിസ്തുവിന്റെ അതേ മഹത്ത്വത്തിലേക്ക് വിശ്വസിക്കുന്ന ഓരോരു ത്തരെയും ആനയിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. യേശു വിന്റെ പ്രാര്‍ത്ഥനയില്‍ ഈ ലക്ഷ്യം ഇങ്ങനെ പ്രതിഫലിക്കുന്നു: “നീ എനിക്കു നല്‍കിയ മഹത്ത്വം ഞാന്‍ അവര്‍ക്കു നല്‍കിയിരിക്കുന്നു; അങ്ങനെ നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കട്ടെ” (യോഹ. 17:21). ക്രിസ്തുവിന്റെ മഹത്ത്വം നേടാന്‍ അദ്ദേഹം ജീവിച്ച മഹത്ത്വത്തിന്റെ വഴിയിലൂടെ ഒരുവന്‍ ചരിക്കേണ്ടതുണ്ട്. അത് സ്വന്തം വ്യക്തിഭാവത്തെ - അഹത്തെ - ശൂന്യമാക്കി, തന്നിലെ ദൈവികസത്തയെ - ആത്മാവിനെ - കണ്ടെത്തുകയും അതില്‍ ആയിരിക്കുകയും ചെയ്യുക എന്നതാണ്. “എന്നില്‍ വസിക്കാത്തവന്‍ മുറിച്ചുനീക്കപ്പെട്ട ചില്ലപോലെ പുറന്തള്ളപ്പെട്ട് ഉണങ്ങിപ്പോകും” (യോഹ. 15:6) എന്നും, “സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന് അതു നഷ്ടപ്പെടും” (മത്താ. 16:25) എന്നുമുള്ള ക്രിസ്തുവചസ്സുകള്‍ ഈ ആശയത്തെ കൂടുതല്‍ സ്പഷ്ടമാക്കുന്നുണ്ട്. കാരണം, ആര്‍ക്കും സ്വന്തമായി ജീവനില്ല. സര്‍വ്വസ്വവുമായിരിക്കുന്ന ദൈവസത്തയില്‍ നിന്നുള്ളതാണ് എല്ലാ ജീവനും. അപ്പോള്‍ ഈ അവബോധം നേടി ആ പരമസത്തയുമായി താദാത്മ്യപ്പെടുന്നതാണ് ശരി (രക്ഷ) എന്നു വരുന്നു. അതിന്റെ വിപരീതം, അതായത് ദൈവവുമായി താദാത്മ്യപ്പെടാതിരിക്കലാണ്, രമ്യപ്പെടാതിരിക്കലാണ്, തെറ്റ് (പാപം) എന്നും ഇവിടെ സിദ്ധിക്കുന്നു. ചുരുക്കത്തില്‍, സ്വന്തം അസ്തിത്വത്തെ ആകമാനഅസ്തിത്വത്തില്‍ നിന്നും വേറിട്ടുകണ്ട്, സ്വന്തം അഹന്തയില്‍ അഭിരമിക്കുക എന്നതാണു പാപം. “ഒന്നുമല്ലാതിരിക്കെ എന്തോ ആണെന്നു നടിക്കുന്ന മനുഷ്യര്‍ സ്വയം വഞ്ചിക്കുന്നു” (ഗലാ. 6:3) എന്നാണ്, മനുഷ്യന്റെ ഈ പാപാവസ്ഥയെപ്പറ്റി പൗലോസ്ശ്ലീഹാ പറയുന്നത്.
ഇതെല്ലാം സൂചിപ്പിക്കുന്നത്, ഓരോ വ്യക്തിയും തന്റെ നിത്യമായ ആത്മീയാസ്തിത്വത്തെപ്പറ്റി അവബോധം നേടിക്കൊണ്ടാണ് ആത്മരക്ഷ പ്രാപിക്കേണ്ടത് എന്നാണ്. അതുകൊണ്ടാണ്, “ഞാന്‍ ആകുന്നു’ എന്നു നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ പാപത്തില്‍ മരിക്കും” (യോഹ. 8:24) എന്ന് യേശു പറയുന്നത്. ഇവിടെ, ‘ഞാന്‍ ആകുന്നു’ എന്ന് ഓരോരുത്തരുമാണ് വിശ്വസിക്കേണ്ടത്. ‘ഞാന്‍ ആകുന്നു’ എന്നതിന്റെ വിവക്ഷിതാര്‍ത്ഥം, ‘ഞാന്‍ ഉണ്മയാകുന്നു’ എന്നത്രെ. ‘ഉണ്മ’ എന്നാല്‍ എന്നും ഉള്ളത്, സത്യം; അതായത്, ദൈവാത്മാവ്. അപ്പോള്‍, “ഞാന്‍ ആകുന്നു’ എന്നു നിങ്ങള്‍ വിശ്വസിക്കുക” എന്ന യേശുവിന്റെ പ്രബോധനം, ‘ഞാന്‍ ദൈവാത്മാവാകുന്നു’ എന്ന് അരൂപിയില്‍ സ്വയം കണ്ടെത്തുവാനും ആത്മബോധത്തില്‍ ആയിരിക്കുവാനും ഓരോരുത്തരോടുമുള്ള ആഹ്വാനമാണ് എന്നു കാണാം. അവര്‍ക്കാണ് നിത്യജീവന്‍. കാരണം, ആത്മാവിനു മരണമില്ല. ‘ദൈവം ആത്മാവാണ്, ഞാനും ആത്മാവാണ്’ എന്ന ബോധോദയമാണ് സ്വര്‍ഗ്ഗാവസ്ഥയായി യേശു പഠിപ്പിക്കുന്നത്. അതായത്, ‘ഞാന്‍ പിതാവിലും പിതാവ് എന്നിലുമാണ്’ എന്ന പരമമായ ദൈവികാനുഭവത്തിലേക്കാണ് ക്രിസ്തു മനുഷ്യനെ ക്ഷണിക്കുന്നത്.
‘ക്രിസ്തുഅവസ്ഥ’യിലൂടെയല്ലാതെ...
ഈ അര്‍ത്ഥതലത്തില്‍ വേണം, “ഞാന്‍തന്നെ വഴിയും സത്യവും ജീവനും; എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുത്തേയ്ക്കു വരുന്നില്ല” എന്ന ക്രിസ്തുവചനത്തെ കാണാന്‍. ‘ഞാനും പിതാവും ഒന്നാണ്’ എന്ന ‘ക്രിസ്തുഅവസ്ഥ’ (state of Christhood)യാണ് ഇവിടെ, ഓരോരുത്തര്‍ക്കും വഴിയും സത്യവും ജീവനും ആയിരിക്കുന്നത്; അല്ലാതെ യേശു എന്ന വ്യക്തിയല്ല. ‘ക്രിസ്തു’ എന്നത് പിതാവിലായി രിക്കുമ്പോളുള്ള യേശുവിന്റെ അവസ്ഥയാണ്. ക്രിസ്തുവിന്റെ ഈ വചനത്തില്‍ നിന്നുതന്നെ, അതു പറഞ്ഞപ്പോള്‍ അദ്ദേഹം പൂര്‍ണ്ണ മായും ദൈവത്തിലായിരുന്നു എന്നു കാണാം. കാരണം, ‘‘എന്നിലൂ ടെയല്ലാതെ ആരും പിതാവിന്റെ അടുത്തേക്കു വരുന്നില്ല’’ എന്നാണ് അദ്ദേഹം പറയുന്നത്; ‘ചെല്ലുന്നില്ല’ എന്നോ ‘പോകുന്നില്ല’ എന്നോ അല്ല.
ചരിത്രപുരുഷനായ യേശുവിനെയും, പിതാവുമായി താദാത്മ്യം പ്രാപിച്ച ചരിത്രാതീതനായ ക്രിസ്തുവിനെയും വേര്‍തിരിച്ചു മനസ്സിലാ ക്കേണ്ടതുണ്ട്. ക്രിസ്തു കാലാതീതനായ ദൈവാത്മാവുതന്നെ ആയതി നാല്‍, ക്രിസ്തുവില്‍ വിശ്വസിക്കുക എന്നത് പിതാവായ ദൈവത്തിലുള്ള വിശ്വാസം തന്നെയാണ്; ഈശ്വരസമര്‍പ്പണം തന്നെയാണ്.
“വിശ്വസിക്കുന്നവന്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും”
ക്രിസ്തുവിന്റെ മഹത്ത്വം, ദൈവികത്വം, ‘ഞാന്‍ ആകുന്നു’ എന്നു വിശ്വസിക്കുന്ന ഓരോ മനുഷ്യനും പ്രാപ്യമാണ്; ഈ അവസ്ഥയിലേ ക്കാണ് വിശ്വസിക്കുന്ന ഏവരും വിളിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തു പറയുന്നു: “സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: എന്നില്‍ വിശ്വസിക്കുന്നവന്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഇവയെക്കാള്‍ വലിയ പ്രവൃത്തികള്‍ ചെയ്യും” (യോഹ. 14:12). ‘പിതാവില്‍ ആയിരിക്കുക’ എന്നതായിരുന്നു യേശുവിന്റെ പ്രവൃത്തി. ബാക്കി പ്രവൃത്തികളെല്ലാം പിതാവ് തന്നില്‍ വസിച്ചു ചെയ്തതാണ്, സ്വഭാവികമായി സംഭവിച്ചതാണ്. പിതാവില്‍ ആയിരുന്നുകൊണ്ട്, അഥവാ ‘ക്രിസ്തുഅവസ്ഥ’യില്‍ ആയിരുന്നുകൊണ്ട്, ആ അവസ്ഥയിലേക്ക് ലോകത്തെ മുഴുവന്‍ പരിവര്‍ത്തിപ്പിക്കുക എന്നതായിരുന്നു ഓരോരുത്തരോടുമുള്ള അദ്ദേഹത്തിന്റെ കല്പന.
യേശുവിന്റെ മഹത്ത്വം, ക്രിസ്തുഅവസ്ഥ, ആര്‍ക്കും നിഷിദ്ധമല്ല എന്നാണ് ഇതിനര്‍ത്ഥം. ‘ക്രിസ്തുഅവസ്ഥ’ കാലാതീതമാണെന്നും നാം കണ്ടു. ഇതിനര്‍ത്ഥം, ‘ഞാന്‍ ആകുന്നു’ എന്ന ബോധോദയം ഏതു കാലഘട്ടത്തിലും ഏതു ദേശത്തും ആര്‍ക്കൊക്കെ ഉണ്ടായി ട്ടുണ്ടോ, അവരെല്ലാം പിതാവായ ദൈവത്തില്‍ വസിച്ചിട്ടുള്ളവരാണ്, ‘ക്രിസ്തുഅവസ്ഥ’ പ്രാപിച്ചിട്ടുള്ളവരാണ് എന്നത്രെ. ഈ ‘ക്രിസ്തുഅ വസ്ഥ’, കാല-ദേശവ്യത്യാസങ്ങളനുസ്സരിച്ച് വ്യത്യസ്ത സംജ്ഞക ളിലും ദൈവനാമങ്ങളിലും അറിയപ്പെട്ടാലും, അതെല്ലാം അടിസ്ഥാനപ രമായി ഒരേ ദൈവികാവസ്ഥതന്നെയാണ്. കാരണം, ഏതു നാമത്തില്‍ വ്യവഹരിക്കപ്പെട്ടാലും ദൈവം ഒന്നേയുള്ളൂ; ആത്മാവ് ഒന്നേയുള്ളൂ.
ഇങ്ങനെ, ദൈവപിതാവുമായി ഒന്നായിക്കഴിഞ്ഞവരെ, അതായത്, സ്വന്തം ദൈവികസത്തയില്‍, ഉണ്മയില്‍, എത്തിച്ചേര്‍ന്നവരെ, ആത്മാ വില്‍ തന്മയീഭവിച്ചവരെ തിരിച്ചറിയാന്‍, അവര്‍ ആത്മാവിന്റെ ഫല ങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ടോ എന്നുമാത്രം നോക്കിയാല്‍ മതി യാകും. ഭസ്‌നേഹം, ആനന്ദം, സമാധാനം, കരുണ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം’ മുതലായ ആത്മാവിന്റെ ഫലങ്ങള്‍ പുറ പ്പെടുവിക്കുന്നവര്‍ ആരായിരുന്നാലും, അവര്‍ പിതാവായ ദൈവവു മായി താദാത്മ്യം പ്രാപിച്ചവരാണ്, നിത്യജീവനില്‍ വാസമുറപ്പിച്ചവ രാണ്, ക്രിസ്തുവിനു ലഭിച്ച അതേ മഹത്ത്വം ലഭ്യമായവരാണ്. ക്രിസ്തുവസിച്ച അതേ ആത്മാവിലാണ് അവരും പരമപിതാവുമായി ഐക്യപ്പെട്ടിരിക്കുന്നത് എന്നതിനാല്‍, ക്രിസ്തുവിന്റെ ആത്മാവുതന്നെയാണ് അവരിലും വാസമുറപ്പിച്ചിരിക്കുന്നത്. ഈ അര്‍ത്ഥതലത്തില്‍, അവരിനി ക്രിസ്തുനാമം കേട്ടിട്ടില്ലെങ്കിലും, ദൈവപ്രതീതി ഉണര്‍ത്തുന്ന മറ്റു നാമങ്ങളെയാണ് ഉപാസിക്കുന്നതെങ്കിലും, ക്രിസ്തുവിന്നുള്ളവരാണ്; ക്രിസ്തുവിന് എതിരായിട്ടുള്ളവരല്ല. ഭനമുക്കെതിരല്ലാത്തവര്‍ നമുക്കുള്ളവരാണ്’ (മര്‍ക്കോ. 9:40) എന്ന ക്രിസ്തുവചനത്തിന്റെ പൊരുളും അതുതന്നെ.
ഉപസംഹാരം: ഏതു മതത്തിന്റെയും ആത്യന്തികലക്ഷ്യം മനുഷ്യനെ ഈശ്വരനുമായി ഏകീഭാവത്തില്‍ എത്തിക്കുക എന്നതാണ്. ഈ ഏകീഭാവം ഉല്പാദിപ്പിക്കുന്ന മൂല്യങ്ങളും ഒന്നുതന്നെ. അതായത്, ഒരു മതവും ആദ്ധ്യാത്മികതലത്തില്‍ വ്യത്യസ്തമല്ല. വ്യത്യാസമുള്ളത്, പുരോഹിതരും വേദജ്ഞരും നിയമജ്ഞരും സാമൂഹികതലത്തില്‍ രൂപംകൊടുക്കുന്ന വിശ്വാസസംഹിതകളിലും ആചാരാനുഷ്ഠാനങ്ങളിലും ഘടനകളിലും മാത്രമാണ്. അവയുടെ പേരില്‍ മതങ്ങള്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയും മത്സരിപ്പിക്കുകയും, മേധാവിത്വം അടിച്ചേല്‍പിച്ച് അവരെ അടിമകളാക്കുകയും ചെയ്യുമ്പോള്‍, ആദ്ധ്യാത്മികതലത്തിലും മൂല്യങ്ങളുടെ തലത്തിലും മതങ്ങള്‍ പുലര്‍ത്തുന്ന സാദൃശ്യങ്ങളെയാണ് എല്ലാ മതസ്ഥരും കാണാതെപോകുന്നത്. എല്ലാ മതനിയമങ്ങളുടെയും കാതലായ നീതി, കരുണ, വിശ്വാസം എന്നിവ ഇവിടെ അവഗണിക്കപ്പെടുകയാണ്. “നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നെങ്കില്‍, അതുകൊണ്ട്, നിങ്ങള്‍ എന്റെ ശിഷ്യന്മാരാണ് എന്ന് എല്ലാവരും മനസ്സിലാക്കും” (യോഹ. 13:35) എന്ന, ക്രിസ്തുശിഷ്യനാകാനുള്ള അദ്ദേഹത്തിന്റെ ലളിതമായ വ്യവ സ്ഥയും ഇവിടെ അവഗണിക്കപ്പെടുന്നു. സര്‍വ്വോപരി, എല്ലാ നിയമങ്ങ ളെയും പ്രവാചകപ്രേബാധനങ്ങളെയും കാച്ചിക്കുറുക്കി യേശു അവത രിപ്പിച്ച, “നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണആത്മാവോടും പൂര്‍ണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കുക; നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക” (മത്താ. 22:37,39) എന്ന പ്രഥമവും പ്രധാനവുമായ കല്പനകളും ഉപരിപ്ലവമതതീവ്രവാദ സമീപനത്തിലൂടെ ലംഘിക്കപ്പെടുകയാണ്.
ക്രിസ്തുവചസ്സുകളെ, അവ ഉച്ചരിക്കപ്പെട്ട അതേ ആദ്ധ്യാത്മികാരൂപിയില്‍ത്തന്നെ മനസ്സിലാക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളാണ് വ്യാപകമാകേണ്ടത്.

9 comments:

  1. എഴുത്തുകാരനായ ജോര്‍ജു മൂലെച്ചാലിന് പ്രത്യേകമായ ഒരു ഭാഷാശൈലിയുണ്ട്. വായിക്കുന്നവന്‍ വീണ്ടും വീണ്ടും വായിക്കും. ഈ നൈപുണ്യം അദ്ദേഹത്തിനു മാത്രമുള്ള ഒരു കഴിവാണിത്. ശങ്കരാചാര്യരുടെ അദ്വൈതം മുഴുവനും ഹൃദ്യസ്തമാക്കിയിട്ടുണ്ടെന്നും ഓരോ ലേഖനം വായിക്കുന്നവര്‍ക്കും തോന്നിപോവും.

    പാരമ്പര്യമതം പഠിപ്പിച്ച യേശുവിനെ
    യുക്തിപൂര്‍വ്വം അവതരിപ്പിച്ചതില്‍ ജോര്‍ജിന്റെ തൂലികയുടെ ശക്തി ഇവിടെ പ്രകടമായി കാണാം. പുരോഹിതന്‍റെ യേശുവിനേക്കാള്‍ ജോര്‍ജിന്റെ ആശയ സമ്പന്നമായ സ്വതന്ത്രനായ യേശുവിനെയാണ്
    ഞാനും ഇഷ്ടപ്പെടുന്നത്.

    കാലഹരണപ്പെട്ട ഒരു സഭയെപ്പറ്റിയാണ്‌ നാം ഇന്നും പഠിക്കുന്നത്. ദൈവത്തിന്‍റെ വാറന്റി (Warranty)അസാധുവായിട്ടു പതിനേഴു നൂറ്റാണ്ടുകളിലേറെയായി.

    ദൈവശാസ്ത്രം പണ്ഡിതന്‍റെ പണിപ്പുരയില്‍ നെയ്തെടുത്ത ഒരു തരം കപടമായ മായമാത്രം.
    മനുഷ്യനെ തമ്മില്‍ അടിപ്പിക്കുവാനുള്ള കയ്പ്പേറിയ നിയമസംഹിതകളുടെ കുറെഗ്രന്ഥങ്ങള്‍. സത്യത്തെ വക്രീകരിച്ചുകൊണ്ടുള്ള കുറെ കഥകളും ഇവരുടെ ഗ്രന്ഥത്തില്‍ കൂട്ടിചേര്‍ത്തിട്ടുണ്ട്. സ്വതന്ത്രമായി ചിന്തിക്കുന്ന മനുഷ്യമനസ്സുകളെ അടിമയാക്കി ഭയത്തിന്‍റെ വേതാളമാക്കുവാനെ ദൈവശാസ്ത്രങ്ങള്‍ ഉപകരിക്കുകയുള്ളൂ.

    കുറെ പ്രാര്‍ഥനകള്‍ മാത്രം മനസ്സില്‍ ഉരുവിടാന്‍ പഠിപ്പിക്കുന്ന ദൈവശാസ്ത്രം ചിന്തിക്കുന്നവനെ തകര്‍ക്കുവാനും നോക്കും.വിരുതരായ ദൈവപണ്ഡിതര്‍ അധികാരവും പണവും അധീനതയിലാക്കി. അങ്ങനെ അവന്റെ തേരോട്ടവും തുടങ്ങി.

    ഇതെല്ലാം പുരോഹിതന്‍റെ അധികാരം നിലനിര്‍ത്തുവാന്‍ ഒരുതരം ഒത്തുകളി മാത്രം. ഈ കുരുക്കില്‍ വീഴുന്നതു ഹൃദയത്തില്‍
    ബലഹീനരായ ഏറെ ഭക്തരും. ഇത്തരം
    ചൂഷിതരില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ ജനം ബോധവന്മാരായെ തീരൂ?

    യേശു ഇവിടെ വന്നതു ക്രിസ്തുമതം സ്ഥാപിക്കുവാനല്ല. മനുഷ്യഗോത്രങ്ങളുടെ ഹൃദയങ്ങള്‍ സ്വതന്ത്രമാക്കുവാനാണ്. അങ്ങനെ ദൈവത്തെ കാണുന്നതിനും. ഞാന്‍ വഴിയും സത്യവും ജീവനുമാകുന്നു എന്ന വിപ്ലവ ദൈവികത കാണിച്ചുകൊടുത്തു.

    പ്രകൃതിയുടെ സത്യങ്ങളെയും പിതാവിനെയും വെളിപ്പെടുത്തി. അവന്‍ ആകുന്നുവെന്നു അവനായിരുന്നു പറഞ്ഞത്. എന്നാല്‍ അവനാണ് വഴി. അവന്റെ വഴി മുടക്കുന്ന പുരോഹിതരല്ല. അവന്റെ വഴിയില്‍ സഞ്ചരിക്കുവാന്‍ ഒരുവന്‍ കിസ്താനിയാകണമെന്നുമില്ല.

    മാനവജാതിക്കുവേണ്ടിയാണ് അവനാകുന്നുവെന്നു
    അവന്‍ പറഞ്ഞത്. ക്രിസ്ത്യാനിയെക്കാള്‍ ഹിന്ദുവും മുസല്‍മാനും അവനെ മനസിലാക്കി. ഖുറാനില്‍ നബി തിരുമേനി പറഞ്ഞിട്ടുണ്ട്, എന്നില്‍ പാപം ഉണ്ട്. അവനിങ്കല്‍ ഈസായിങ്കല്‍ പാപമില്ല. അവന്‍ സത്യത്തിലേക്കുള്ള വഴിയായിരുന്നു.

    ദൈവം എല്ലാവഴികളിലും ഉണ്ട്. എപ്പോഴും ഒരു സത്യാന്വേഷിക്കൊപ്പം കാണും.ഭാരത
    ശാസ്ത്രത്തിന്റെ റിഗുവേദം പറയുന്നു, സത്യം ഒന്നേയുള്ളൂ. എന്നാല്‍ സാഗാകള്‍ പല വിധത്തിലും പേരിലും പറയുന്നു.

    ദൈവത്തിങ്കലേക്കു അനേക വഴികള്‍ തുറന്നു കിടപ്പുണ്ടെന്ന് ഹിന്ദു പറയുന്നു. യേശുവും സത്യമായ അതിലൊരു വഴി. ഖുറാന്‍ മറ്റൊരു വഴി. യോഗാ മൂന്നാമതൊരു വഴി. ഒന്ന് മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമല്ല. എല്ലാം തുല്യം.

    യാഥാസ്ഥികരായ ക്രിസ്ത്യാനികള്‍ അവനില്‍ക്കൂടി മാത്രമേ രക്ഷയുടെ കവാടം തുറക്കുകയുള്ളു, മറ്റെല്ലാം തെറ്റെന്നും പറയും. എന്നാല്‍ യേശു പറഞ്ഞത് ഇങ്ങനെ, ഞാന്‍ വഴിയാകുന്നു, സത്യവും ജീവനും, ആരും എന്നില്‍ക്കൂടിയല്ലാതെ പിതാവിങ്കല്‍ എത്തുകയില്ല.

    ഇവിടെ ഞാന്‍ എന്ന നാമം സത്യമായ ഞാന്‍ ആകുമ്പോള്‍ ആണ്, ആ ഞാന്‍ കഠിന അദ്ധ്വാനത്തില്ക്കൂടി നേടിയെടുത്തതായത്. സ്വയം ബോധം സാക്ഷാല്‍ക്കരിക്കുന്നതാണ് ഞാന്‍ എന്ന യേശുവും ഞാന്‍തന്നെ ദൈവമാകുന്നതും.

    ReplyDelete
  2. The hiduism and its definitions of vedantha. watch the You tube upload.
    http://youtu.be/akbffUP7eAc
    Nityananda could not fly - Surya TV Report dated 17-July-2011

    ReplyDelete
  3. (The hiduism and its definitions of വേദാന്ത-ജോണ്)ഹിന്ദുമത വേദാന്തത്തെ പ്പറ്റി വേദാന്തിയായ ജോണിന്റെ പ്രബന്ധം നന്നായി ഇരിക്കുന്നു. ഹിന്ദുമതത്തെപ്പറ്റി ഇത്രമാത്രം അറിവുള്ള ഈ ഗ്രന്ഥ കര്‍ത്താവിനു കുറച്ചുകൂടി പാകത വരുവാനുണ്ട്.
    ആകാശത്തില്‍ക്കൂടി പറക്കുവാന്‍ സാധിക്കുമെന്ന് വീമ്പടിക്കുന്ന നിത്യാനന്ദയുടെ വീരവാദം യുടുബില്‍ കാണാം. യോഗയുടെ പരമരഹസ്യത്തില്‍
    സാധ്യമെന്നും കേട്ടിട്ടുണ്ട്. പ്രായോഗികവും ആവാം, അന്ധ വിശ്വാസവും ആവാം. ഇങ്ങനെതന്നെയാണ് കരിഷ്മാറ്റിക്ക് പാസ്റ്റര്‍മാരും പുരോഹിതരും മനുഷ്യരെ പറ്റിക്കുന്നത്. പരിശുദ്ധആത്മാവിനെ പറപ്പിക്കുന്നതും മുടന്തരെ സുഖപ്പെടുത്തുന്നതും മരിച്ചവരെ ഉയര്പ്പിക്കുന്നതും സ്ത്രീജനങ്ങളെ ഇതേ രീതിയില്‍ പരിശുദ്ധആത്മാവ് ആവഹിക്കുംപോള്‍ ഉരുട്ടുന്നതും ഒരു സേവിയര്‍ഖാന്റെയോ പോട്ടയിലെ ധ്യാനത്തിലോ ഒന്നു കൂടിയാല്‍ കാണാം. ഹിന്ദുവേദാന്തം ദഹിക്കാത്തവര്‍ക്ക് നിത്യാനന്ദയെ സന്തോഷം കാണുന്നതുപോലെ കര്‍ദ്ദിനാളും അച്ചന്മാരും തമ്മിലുള്ള ഡാന്‍സും താമര കുരിശും ശിവലിംഗം പ്രതിഷ്ടിച്ച നിലവിളക്കും അടങ്ങിയ പടങ്ങള്‍ കാണുവാനുള്ള ലിങ്കും ഇവിടെ ചേര്‍ക്കുന്നു. ഹിന്ദു വേദാന്തമെന്നു നിര്‍വചിച്ച ഗവേഷകന്‍ ക്രിസ്ത്യന്‍വേദാന്തത്തിനും ക്കൂടി ഒരു നിര്‍വചനം കൊടുക്കാമോ?
    http://syromalabarvoice.blogspot.com/2012/05/blog-post_06.html

    ReplyDelete
    Replies
    1. മത്തായി സര്‍ ഹിന്ദു മതത്തിലെ ഒരു കള്ള നാണയത്തിനെ ചൂണ്ടിക്കാണിച്ചപ്പോള്‍ ഇത്ര രോഷം കൊള്ളണ്ട കാര്യം ഇല്ല. പക്ഷെ ഈ രോഷത്തിന്‍റെ നൂറില്‍ ഒന്ന് പോലും കണ്ടില്ലല്ലോ മറ്റു പലപ്പോഴും. ഇത് പലപ്പോഴും ഒരു ആര്‍ എസ് എസ് ബ്ലോഗ്‌ ആണോ എന്ന് തോന്നി പോകും. ഇത്തരം ഗിമ്മിക്കുകള്‍ ക്രൈസ്തവ ലോകത്തും ധാരാളം ഉണ്ട് മാഷേ. അതും ഞാന്‍ റെഫര്‍ ചെയ്യുന്നതായിരിക്കും. കൂള്‍ ഡൌണ്‍. Christianity and its distorted definitions will be coming soon.

      Delete
  4. ഹിന്ദു മതത്തിലെ ചില തട്ടിപ്പ് സ്വാമിമാരെ ചൂണ്ടി കാട്ടി ഹിന്ദു മതം മൊത്തം മോശമാണെന്ന് പറയുന്നവര്‍ ഒരു കാര്യം ഓര്‍ത്താല്‍ തരക്കേടില്ല. വചനം വിറ്റു കോടീശ്വരന്‍ ആയ പാസ്ടര്‍ ബെന്നി ഹിന്‍ ഹിന്ദു അല്ല. അദ്ദേഹത്തിന്റെ മാജിക് കോട്ടു കൊണ്ടുള്ള പ്രയോഗം youtube ഇല്‍ ധാരാളം കാണാം. അദേഹത്തില്‍ നിന്നും ശക്തി പ്രവഹിക്കണം എങ്കില്‍ ഡോളര്‍ വേണം. പല പാസ്ടര്‍ മാരും കോടി കണക്കിന് രൂപയുടെ deemed university യും ഒക്കെ ഉണ്ടാക്കിയത് അവര്‍ അദ്ധ്വാനിച്ചു ഉണ്ടാക്കിയ പണം കൊണ്ട് അല്ല. പല കത്തോലിക്കാ പുണ്യാലന്മാരെയും വിശുധരാക്കിയതിന്റെ കാരണം അവര്‍ ഒരേ സമയം പല സ്ഥലത്ത് കാണപ്പെട്ടു എന്നത് ആയിരുന്നു (bilocation). മണ്ടന്മാരായ വിശ്വാസികളെ പിഴിയുന്നതില്‍ ഒരു മതവും മോശമല്ല എന്നത് ആണ് എക്കാലത്തെയും സ്ഥിതി.

    ReplyDelete
    Replies
    1. ഹിന്ദു വേദാന്തം ഏറ്റവും ദഹിക്കുന്ന ഒരാളാണ് ഇതെഴുതുന്നത് . ഇന്ത്യന്‍ ഉപനിഷത്തുകള്‍ ലോകോത്തരം എന്ന് വിശ്വസിക്കുന്ന ക്രിസ്തിയാനികളില്‍ ഒരാളാണ് ഞാനും. ശങ്കര ,രാമാനുജ, മധ്വ ദര്‍ശനങ്ങളും, സംഖ്യാ, യോഗ , ന്യായ, വൈശേഷിക തത്വ ശാസ്ത്ര വിഭാഗങ്ങളും. അദ്വയിദ. ദ്വായിദ വാദങ്ങളും, വേദങ്ങളും, ഇതിഹാസങ്ങളും, ആരണ്യകങ്ങളും , അരവിന്ദ ഖോഷ്, കൃഷ്ണ മൂര്‍ത്തി, ഗോപി കൃഷ്ണ, രജനീഷ്,ദീപക് ചോപ്ര തുടങ്ങിയ പല അധൂനിക ഭാരതീയ മത തത്വ ചിന്തകരായവരുടെ ചിന്തകള്‍ പഠിച്ചിട്ടും യേശു പഠിപ്പിച്ച സാര്‍വ ലൌകിക സ്നേഹവും ദൈവ പിതാവിന്‍റെ സ്നേഹവും, പുത്രന്‍റെ സ്വയം ശൂന്യമാകുന്ന സ്നേഹവും നിത്യ രക്ഷയുടെ മാര്‍ഗവും, തന്നെ ആണ് യഥാര്‍ഥ വഴിയും സത്യവും ജീവനും എന്ന് എനിക്കുറപ്പായി. എന്നാല്‍ ചിലര്‍ യേശുവിനെ വെറും ഒരു വേദാന്തിയും ഭാരത വേദാന്തം പഠിച്ചു , പഠിപ്പിച്ച ഒരാളാണ് എന്ന് പറയുകയും ചെയ്യുന്നതിനോട് ഉള്ള ആശയ പരമായ എതിര്‍പ്പ് പ്രകടിപ്പിക്കാതിരിക്കാന്‍ എനിക്ക് പറ്റില്ല അല്ലെങ്കില്‍ പറ്റുന്നില്ല. യേശു പഠിപ്പിച്ചതും ഭാരതീയ വേദാന്തവും ഒന്നാണെന്ന വാദഗതിയോട് മാത്രമാണ് എന്‍റെ വിയോജിപ്പ്. അല്ലാതെ ഭാരതീയ ചിന്തയുടെ ഔന്നത്യത്തെ കുറച്ചു കാണുകയല്ല. അതിനെ അങ്ങേ അറ്റം ഞാന്‍ വിലമതിക്കുന്നു, ആദരിക്കുന്നു . ഞാന്‍ വിയിജിക്കുന്നത് ഹൈന്ദവരോടല്ല. ഹൈന്ദവരേക്കാള്‍ ഹിന്ദുത്വം പറയുന്ന കത്തോലിക്കരോടാണ്. കത്തോലിക്കാ സഭയുടെ നവീകരണം ഹൈന്ദവ വേദാന്തത്തിലൂടെ എന്നും യേശു പഠിപ്പിച്ചത് വേദാന്തം ആണ് എന്ന് പറയുന്ന നവ യുഗ കത്തോലിക്കാ വിശ്വാസികളോട് ആണ്. വേദത്തിനപ്പുറം പോകുന്ന ഒരു ദൈവത്തെ വെറുമൊരു വേദാന്തി ആക്കുന്നതിലെ അപാകതയോടുള്ള എതിര്‍പ്പ്. യേശുവിന്‍റെ ദൈവികതക്ക് വേറെ യാതൊരു മത തത്വ സംഹിതയുടെയും അറിവ് ആവശ്യം ഇല്ല . കാരണം അവന്‍ തന്നെ ആണ് സത്യം. അവനിലാണ് സര്‍വ സമ്പൂര്‍ണത. ഈ സത്യമാണ് നിങ്ങളെ സ്വതന്ത്രം ആക്കും എന്ന് ഈ ബ്ലോഗിന് മുകളില്‍ കാണുന്ന സുവിശേഷ വാക്യം അര്‍ഥം ആക്കുന്നത്.
      "നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” (യോഹ. 8:32) (കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം ഒരുക്കുന്ന ചര്ച്ചാവേദി)"

      Delete
  5. യേശു ദൈവമെന്നുതന്നെ വിവിധ ക്രിസ്ത്യന്‍മതങ്ങള്‍ പൊതുവായി വിശ്വസിക്കുന്നു. എന്നാല്‍ ബൈബിളില്‍ യേശുവിനെ പൂര്‍ണ്ണനായ ഒരു ദൈവമായി ചിത്രീകരിച്ചിട്ടില്ല. പഴയനിയമത്തില്‍ യഹോവാ ഞാന്‍ ദൈവമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും പുതിയ നിയമത്തില്‍ യേശു ഒരിക്കലും അങ്ങനെ അവകാശപ്പെട്ടിട്ടില്ല.അവിടെയാണ് യേശു മാനവലോകത്തിന്‍റെ മൊത്തം ദീപമായത്. ദൈവമെന്നു സ്വയം പറഞ്ഞിരുന്നുവെങ്കില്‍ ഇന്നു കാണുന്ന ശോഷിച്ച ആള്‍ദൈവങ്ങളുടെ കൂട്ടത്തില്‍ യേശുവും ഉള്‍പ്പെടുമായിരുന്നു. യേശുവിനെ സര്‍വ്വജാതികളുടെയും ലോകത്തിന്‍റെ ദീപവുമായി
    കണക്കാക്കുവാന്‍ വേദങ്ങള്‍ക്കും ഖുറാനുമൊക്കെ പങ്കുണ്ട്.

    ഓരോ സഭയുടെയും ഓരോ കാലത്തുമുള്ള സഭാപിതാക്കന്മാര്‍ യേശുവെന്ന ദൈവത്തിന്‍റെ സ്വഭാവം പലവിധത്തില്‍ മാറ്റികൊണ്ടിരിക്കും.യേശുവെന്ന ദൈവത്തെപ്പറ്റി ഓര്‍ത്തോഡോക്സ്നു ഒരു വിശ്വാസം നെസ്തോറിയന്സിനു മറ്റൊരു വിശ്വാസം. കത്തോലിക്കനു യേശു പൂര്‍ണ്ണദൈവവും.

    ഓര്‍ത്തോഡോക്സുകാരുടെയും യാക്കോബ്ക്കാരുടേയും
    വിശ്വാസത്തില്‍ ഒരേ സമയത്തുതന്നെ യേശു പൂര്‍ണ്ണമനുഷ്യനും
    പൂര്‍ണ്ണദൈവവുമാണ്. യാതൊരു അര്‍ഥവുമില്ലാത്ത ഒരു അത്താനെഷ്യന്‍
    തത്വമെന്നു കത്തോലിക്കാ പുരോഹിതര്‍ പറയും.

    ദൈവം പൂര്‍ണ്ണനെന്നു സമ്മതിക്കാം. എന്നാല്‍ മനുഷ്യനെങ്ങനെ പൂര്‍ണ്ണനാകും. ഇവിടെ ഒരേ സമയം നശിക്കുന്നവനും നശിക്കാത്തവനെന്നും പറയുന്നു. (finite and infinite). തെറ്റു പറ്റുന്നവനും തെറ്റുപറ്റാത്തവനെന്നും (Infallible and fallible )പറയുന്നു. ഇതില്‍ യുക്തിയെവിടെ?

    ഏ. ഡി. 325ലെ നിക്കാകൌണ്‍സില്‍ യേശുവിനെ പൂര്‍ണ്ണദൈവമായി അംഗീകരിച്ചു. Arians ദൈവമല്ലെന്നും Apollinarians യേശു ദൈവമാണെന്നും എന്നാല്‍ പൂര്‍ണ്ണ മനുഷ്യനല്ലെന്നും വിശ്വസിച്ചു.
    എന്നാല്‍ (381 A.D.) Constantinople സുനഹദോസ് അനുസരിച്ചുള്ള തീരുമാനം യേശു പൂര്‍ണ്ണനായ മനുഷ്യനെന്നാണ്. അതിനുമുമ്പു അബദ്ധങ്ങള്‍ പഠിപ്പിച്ച പിതാക്കന്മാര്‍ക്കും സ്വര്‍ഗത്തില്‍ സ്ഥാനമുണ്ടോ? ഈ തീരുമാനത്തില്‍
    പരിശുദ്ധ ആത്മാവിന്‍റെ പങ്കുഎവിടെ?

    നെസ്ത്തോറിയന്‍കാര്‍ മറ്റൊരു യേശു ദൈവത്തെ പ്രതിഷ്ഠിച്ചു.ക്രിസ്തുവിനെ രണ്ടു രൂപത്തില്‍ നെസ്തോരിയന്‍സ് കണ്ടു. ഒന്ന് ദൈവവും മറ്റത് മനുഷ്യനും. (431 A.D.) ല്‍ എഫെസസ് സുനഹദോസ് യേശുവില്‍ മനുഷ്യനായും ദൈവമായും രണ്ടായി കാണുവാന്‍ സാധ്യമല്ലെന്ന് നിയമം ഉണ്ടാക്കി. ദൈവവും മനുഷ്യനും ഒന്നായി യേശുവില്‍ ഉണ്ടായിരുന്നുവെന്നും യേശുവിന്റെ ജീവിതത്തിലെ സംഭവവികാസങ്ങള്‍ മനുഷ്യനും ദൈവവുമായി രണ്ടായി അല്ല, ഒന്നായ പ്രവര്‍ത്തങ്ങള്‍ ആയിരുന്നുവെന്നും സുനഹദോസ് വ്യക്തമാക്കി.

    യേശുവില്‍ പൂര്‍ണ്ണനായ ദൈവം ഉണ്ടായിരുന്നുവെന്നു ബൈബിള്‍
    ഒരുസ്ഥലത്തും വ്യകതമാക്കുന്നില്ല. യേശുവില്‍ ഭാഗീകമായ ദൈവികത്വമാണെങ്കില്‍
    യേശു പുതിയതിലെയും പഴയതിലെയും സത്യദൈവമല്ല.

    ദൈവം സര്‍വ്വശക്തനാണ്. അല്ലാതെ ഭാഗികമായ സര്‍വ്വശക്തനല്ല. ദൈവം പൂര്‍ണ്ണമായും എല്ലാം അറിയുന്നവനാണ്. അല്ലാതെ അറിവിന്‍റെയേറെ മാത്രമുള്ളവനല്ല.മനുഷ്യന്‍ പോരായ്മകള്‍ ഉള്ളവനാണ്. അറിവിന്‍റെ അപര്യാപ്തതയുമുണ്ട്. തെറ്റുകള്‍ വരുന്നവനും അപൂര്‍ണ്ണനുമാണ്. ദൈവം എന്നാല്‍ അതിന്‍റെ വിപരീതമാണ്. ക്ളിപ്തപ്പെടുത്തുവാന്‍
    സാധിക്കാത്തവനാണ്. അറിവിന്‍റെ പൂര്‍ണ്ണവൃഷമാണ്, തെറ്റുപറ്റാത്തവനും പൂര്‍ണ്ണനും.

    യേശു പൂര്‍ണ്ണമനുഷ്യന്‍ മാത്രമോ, അതോ പൂര്‍ണ്ണദൈവമോ. ഒരു മനുഷ്യന്‍ എങ്ങനെ പരാശക്തിയാകുന്നു. ഒരു മനുഷ്യന് എങ്ങനെ സൃഷ്ടിയുടെ കര്‍ത്താവായ ദൈവവും മനുഷ്യനുമാകുവാന്‍ ഒരേ സമയം സാധിക്കുന്നു. ഒന്നുങ്കില്‍ യേശു ദൈവംമാത്രം അല്ലെങ്കില്‍ ജീവിച്ചിരുന്ന യേശു മനുഷ്യന്‍ മാത്രം.

    അപൂര്‍ണ്ണതയും പൂര്‍ണ്ണതയും ഒന്നായി പ്രവര്‍ത്തിക്കുന്നുവെന്നു പറഞ്ഞാലും യുക്തിക്ക് യോജിച്ചതല്ല. അത് രണ്ടു ധ്രുവങ്ങളില്‍ സഞ്ചരിക്കെണ്ടാതാണ്.

    ReplyDelete
  6. ഞാന്‍ എന്‍റെ എളിയ അഭിപ്രായം പറഞ്ഞാല്‍, തര്‍ക്കിക്കാന്‍ പറ്റിയ ഒരു വിഷയമല്ല ഇത്. വിഷയം സുനഹ ദോസിന്റെയും മൂപ്പന്മാരുടെയും തിരുമാന പ്രകാരം തിര്‍പ്പ് കല്പ്പ്പിക്കാവുന്ന ഒന്നുമല്ല. ആദ്യത്തെ പ്രശ്നം, ദൈവം ആദിയും അനാദിയും ആണെന്ന് മാത്രമല്ല നിത്യതയുമാണ് എന്നതാണ്. അതായത്, സമയത്തിനും കാലത്തിനും അതിതമായത്. ഇത്, നേരിട്ടറിഞ്ഞ ഒരുവന് പോലും വിശദികരിക്കാന്‍ കഴിയില്ല. അതായത് ദൈവം എന്താണെന്ന് നിര്‍വചിക്കാന്‍ കഴിയാത്ത നാം എന്തെങ്കിലും ഒന്ന് ദൈവം ആണെന്ന് പറയുന്നതെ യുക്തി രഹിതം. അതുകൊണ്ട് തന്നെ ഒന്ന് ദൈവമല്ലെന്നും പറയാനും നമുക്ക് ആവരുതാത്തതാണ്.

    യേശു ഒരിക്കലും ഞാന്‍ ദൈവമാണെന്ന് പറഞ്ഞിട്ടില്ല. ദൈവത്തിനു ചേര്‍ന്ന പണികള്‍ മാത്രമാണ് ചെയ്തിരുന്നതെങ്കില്‍ ദേവാലയാത്തില്‍ കേറി ബഹളം ഉണ്ടാക്കുകയില്ലായിരുന്നു, പത്തു ഇരുപതു കൊല്ലം ഒളിച്ചു താമസിക്കുകയുമില്ലായിരുന്നു. നേരെ ചിന്തിച്ചാല്‍ ആദ്യം യേശു പറഞ്ഞതുപോലെ ജിവിക്കുകയെ വേണ്ടു. ബാക്കിയെല്ലാം അതാതു തലങ്ങളില്‍ എത്തുമ്പോള്‍ മനസ്സിലാവുന്നതെയുള്ള് എന്ന് വിശ്വസിക്കുക. അതാണ്‌ മനുഷ്യന് ചെയ്യാവുന്ന ഏക കാര്യം എന്ന് എനിക്ക് തോന്നുന്നു. യേശു സത്യമായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു, കാരണം മറ്റുള്ളവര്‍ക്ക് വേണ്ടി പൂര്‍ണ്ണമായും ഇല്ലാതാവാന്‍ യേശു തയ്യാറായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം സത്യത്തെ അങ്ങിനെയാണ് ഞാന്‍ കാണുന്നത്. യേശുവിനു മുമ്പോ പിമ്പോ അങ്ങിനെ വേറൊരാള്‍ ഉണ്ടായിരുന്നോ എന്നെനിക്കറിയില്ല, അതറിയാതെ ആരെങ്കിലും ഏക സത്യം എന്ന് പറയുന്നതിനോടും എനിക്ക് യോജിപ്പില്ല.

    ReplyDelete
    Replies
    1. "ദൈവത്തിനു ചേര്‍ന്ന പണികള്‍ മാത്രമാണ് ചെയ്തിരുന്നതെങ്കില്‍ ദേവാലയാത്തില്‍ കേറി ബഹളം ഉണ്ടാക്കുകയില്ലായിരുന്നു"
      റോഷന്‍ രോഷം കൊള്ളുന്നു!!
      ഇത് വളരെ സില്ലി ആയ ഒരു ആരോപണം ആണ്. യേശു ചുമ്മാ പള്ളി കമ്മറ്റിയില്‍ വന്നു ബഹളം കൂട്ടി എന്ന് പറഞ്ഞ പോലെ ആയി. എന്‍റെ പ്താവിന്റെ ഭവനം നിങ്ങള്‍ കൊള്ളക്കാരുടെയും കവര്‍ ച്ചക്കരുടെയും സങ്കേതം ആക്കി എന്ന കാരണത്താല്‍ ആണു ദേവാലയ ശുദ്ധീകരണം നടത്തിയത്. എന്താ ദൈവത്തിനു അത് പാടില്ല എന്നുണ്ടോ? എല്ലാം സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്യുന്നവന് ജെറുസലേം ദേവാലയത്തിലെ ചൂഷകരെ അടിച്ചു പുറത്താക്കാന്‍ പാടില്ലേ? ദൈവം ചൂഷണം ചെയ്യപ്പെടുന്നത് ദൈവത്തിനു സഹിക്കുമോ? നമുക്ക് പോലും സഹിക്കുന്നില്ല. അതല്ലേ ഈ ബ്ലോഗില്‍ തന്നെ ഇത്ര രോഷം. പിന്നെയല്ലേ കര്‍ത്താവിന്?റോഷന് ഉള്ള രോഷം തന്നെ ആണ്‌ കര്‍ത്തവിനും. കര്‍ത്താവിന്‍റെ രോഷം റോഷനെ രോഷം കൊള്ളിക്കേണ്ട കാര്യം ഇല്ല എന്നാണു എനിക്ക് തോന്നുന്നത്.

      Delete