Translate

Thursday, August 29, 2013

ചിന്തിക്കുന്ന പുരോഹിതരേ, ഇതിലേ ഇതിലേ...

(Editorial - August issue of 'Sathyajwala')  

ലോകത്തില്‍ത്തന്നെ ഏറ്റവും പുരോഹിതസാന്ദ്രമായ ഭൂപ്രദേശമാണു കേരളം. കന്യാസ്ത്രീസാന്ദ്രതയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഒരു കാലത്തിവിടെയുണ്ടായ ദൈവവിളിയുടെ സമൃദ്ധിക്കുപിന്നില്‍, മക്കളുടെ എണ്ണക്കൂടുതലും ദാരിദ്ര്യവും, ദൈവവിളി ധ്യാനക്കാരുടെ വശീകരണതന്ത്രങ്ങളുമൊക്കെ കാരണമായിട്ടുണ്ടാകാമെങ്കിലും, സെമിനാരികളിലേക്കും മഠങ്ങളിലേക്കും ഒഴുകിയെത്തിയ കൗമാരക്കാരിലേറെപ്പേരും ഗ്രാമീണകാര്‍ഷിക സംസ്‌കാരത്തിന്റെ നിഷ്‌കപടതയും ലാളിത്യവും കൈമുതലാക്കിയവരായിരുന്നു. അതുകൊണ്ടുതന്നെ, തങ്ങളുടേത് ദൈവവിളിതന്നെയാണെന്ന ആത്മാര്‍ത്ഥമായ വിശ്വാസത്തോടും, യേശുവിന്റെ ആദര്‍ശത്തി നുവേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കാനുള്ള ഉത്സാഹത്തോടും തീക്ഷ്ണതയോടുംകൂടിത്തന്നെയായിരുന്നു ഈ ജീവിതാന്തസ്സ് തിരഞ്ഞെടുക്കാന്‍ അവര്‍ തയ്യാറായത്. എസ്.എസ്.എല്‍.സി-ക്ക് കഷ്ടിച്ച് 210 മാര്‍ക്കുവാങ്ങി ജയിച്ചവരും ക്രിമിനല്‍ വാസനയുള്ളവരും കുറെയൊക്കെ ഉണ്ടായിരുന്നിരിക്കാമെങ്കിലും, ആവറേജില്‍ കുറയാത്ത ബൗദ്ധികശേഷിയും മറ്റു കഴിവുകളുമുള്ളവരായാണ് അവരിലേറെയും തങ്ങളുടെ പുരോഹിത-കന്യാസ്ത്രീജീവിതയാത്ര ആരംഭിച്ചത്. പക്ഷേ, ഇളംപ്രായത്തില്‍ തുടങ്ങുന്ന പഠന-പരിശീലനങ്ങള്‍ അവരെ പിന്നീട് വല്ലാതെ മാറ്റിമറിക്കുന്നുണ്ട്. ഭൂരിപക്ഷംപേരും സഭയുടെ ഇംഗിതങ്ങള്‍ക്കനുസൃതമായി സ്വയം പരുവപ്പെടുത്തി, സഭയുടെ ഉപകരണങ്ങളായി മാറുകയാണ്; ദൈവദാനമായി ലഭിച്ച സ്വന്തം തനിമയും സ്വാതന്ത്ര്യവും ചിന്താശേഷിയും ദൈവത്തിനുവേണ്ടിയെന്നവണ്ണം നഷ്ടപ്പെടുത്തി സഭാഘടനയുടെ കേവലം യന്ത്രഭാഗങ്ങളായിത്തീരുകയാണ്. 

 എന്നാല്‍, എത്ര മെരുക്കിയാലും മെരുക്കപ്പെടാവരുടെ ഒരു ന്യൂനപക്ഷം, പൊതുസമൂഹത്തിലെന്നപോലെ, പുരോഹിതരുടെ ഇടയിലുമുണ്ട്. അവര്‍ക്കും പക്ഷേ, പൗരോഹിത്യത്തില്‍ തങ്ങള്‍ വഴിതെറ്റിയെത്തിയവരാണെന്ന തിരിച്ചറിവുണ്ടാകുന്നത് സെമിനാരി ജീവിതവും നവപൂജാര്‍പ്പണവുമൊക്കെ കഴിഞ്ഞിട്ടാകും. വൈദികവൃത്തിയെന്നാല്‍, കൂദാശാനുഷ്ഠാനങ്ങള്‍ക്കു കാര്‍മ്മികത്വംവഹിക്കലും, മെത്രാന്റെ കീഴുദ്യോഗസ്ഥരായി ഇടവക ഭരിക്കലും മാത്രമാണല്ലോ എന്ന അനുഭവവും, ദൈവവിളിയെന്നു ധരിച്ച് ഇറങ്ങിപ്പുറപ്പെട്ടപ്പോഴത്തെ തീക്ഷ്ണമായ ആദര്‍ശലക്ഷ്യങ്ങളുംതമ്മില്‍ മനസില്‍ നടക്കുന്ന മല്‍പ്പിടുത്തങ്ങളുടെ ഒരു ഘട്ടത്തില്‍മാത്രമാണ് ഈ തിരിച്ചറിവ്, സ്വന്തം മനഃസാക്ഷിയോടു സത്യസന്ധത പുലര്‍ത്തുന്ന ന്യൂനപക്ഷവൈദികരിലുണ്ടാകുക. അവരുടെ ജീവിതം പിന്നെ അന്തഃസംഘര്‍ഷങ്ങളുടേതാണ്.യേശുവിന്റെ കല്പന, 'നിങ്ങള്‍ ലോകമെങ്ങുംപോയി പള്ളികളും സ്‌കൂളുകളും പണിയുക' എന്നതോ, 'കുര്‍ബാനയും മറ്റു കൂദാശകളും അനുഷ്ഠിക്കുകയും ഇടവക ഭരിക്കുകയും ചെയ്യുക' എന്നതോ ആയിരുന്നില്ല എന്നും, മനുഷ്യരെ ജ്ഞാനംകൊണ്ടു സ്‌നാനംചെയ്തു ശിഷ്യപ്പെടുത്തുക എന്നായിരുന്നെന്നും തിരിച്ചറിയുന്ന അവര്‍ക്കുപിന്നെ മനസ്സിനു തൃപ്തി നല്‍കുന്ന ഒരു ജീവിതം പൗരോഹിത്യംകൊണ്ടു സാധ്യമാകാതെ വരുന്നു. വൈദികവൃത്തി ഉപേക്ഷിച്ചാല്‍ ഉപജീവനംതന്നെ ദുഷ്‌കരമാകുകയും ചെയ്യും. ഈ പ്രതിസന്ധിഘട്ടത്തില്‍ അവര്‍ക്ക് ഒരു ഇരട്ടമുഖമണിഞ്ഞ് ജീവിക്കേണ്ടിവരുന്നു. സഭയിലെ ആചാരാനുഷ്ഠാനങ്ങളെല്ലാം യാന്ത്രികമായി നടത്തിക്കൊണ്ട് ബാഹ്യമായും, ബദല്‍ചിന്തകളും സ്വപ്നങ്ങളുമായി ആന്തരികമായും അവര്‍ ജീവിക്കുകയാണ്. ചിലരൊക്കെ സഭയുമായി ഇടച്ചില്‍ വരാത്ത മറ്റു സാമൂഹിക മേഖലകളില്‍ പ്രവര്‍ ത്തിച്ച് ജീവിതം സഫലമാക്കാന്‍ പ്രയത്‌നിക്കുന്നു.

ഈ ഇരട്ടമുഖം കാപട്യമല്ലേ എന്നൊരു സംശയം ഇവിടെ പലര്‍ക്കുമുണ്ടാകാം. പക്ഷേ, അവര്‍ക്ക് നിലവിലുള്ള സാഹചര്യത്തില്‍ വേറെ എങ്ങനെയാണ് ജീവിക്കുവാന്‍ കഴിയുക എന്ന ചോദ്യത്തിനു മറുപടി പറയാന്‍ നമ്മളപ്പോള്‍ ബാധ്യസ്ഥരാകുന്നു. അവര്‍ പുറത്തുവന്നാല്‍ അവരെ അംഗീകരിക്കാനും സംരക്ഷിക്കാനും നമ്മുടെ സമൂഹം, വേണ്ടാ സ്വന്തം കുടുംബമെങ്കിലും, തയ്യാറാണോ? അല്ലെന്നു നമുക്കറിയാം. മറിച്ച്, മനഃസാക്ഷിയെയും ബൗദ്ധികസത്യസന്ധതയെയും ഉറക്കിക്കിടത്തി അവര്‍ മെത്രാന്റെ ആജ്ഞാനുസാരിയായ ഒരു യന്ത്രം കണക്കെ ജീവിക്കണോ? അതും ശരിയല്ലെന്നു നമുക്കറിയാം. അപ്പോള്‍പ്പിന്നെ, എന്തു ചെയ്യാനാകും? സ്വന്തം തനിമയോടും സര്‍ഗ്ഗാത്മകതയോടും നീതിപുലര്‍ത്താനായി ഒരു മുഖവും, നിലനില്‍പ്പിനുവേണ്ടി മറ്റൊരു മുഖവും അണിയുകയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നും ഒരു സാധാരണ വൈദികന്റെ മുന്നിലില്ല. ഇപ്പറഞ്ഞതെല്ലാം രൂപതാവൈദികരുടെ കാര്യത്തിലെന്നപോലെതന്നെ, സന്യാസവൈദികരുടെയും കന്യാസ്ത്രീകളുടെയും കാര്യത്തിലും ശരിയാണ്. അവരുടെ ഈ ഇരട്ടമുഖജീവിതത്തെ കാപട്യമെന്നു വിളിച്ചാക്ഷേപിക്കുന്നതു ശരിയല്ലതന്നെ. അനുഷ്ഠാനങ്ങളില്‍ വിശ്വാസമില്ലാത്തവരും, വീട്ടിലുള്ളവരുടെ വികാരത്തെ മാനി ച്ചും മക്കളുടെ വിദ്യാഭ്യാസവും വിവാഹവുമൊക്കെ തടസ്സമൊ ന്നുംകൂടാതെ നടക്കണമെന്ന ഉദ്ദേശ്യത്തോടെയും പള്ളിയില്‍ പോ കുന്നതു കാപട്യമല്ലാത്തതുപോലെതന്നെയാണ്, ജീവിതത്തില്‍ ഇരട്ടമുഖം പേറേണ്ടിവരുന്ന വൈദികരുടെയും കന്യാസ്ത്രീകളുടെയും കാര്യവും. കാപട്യമെന്നാല്‍, ഒരാദര്‍ശമുണ്ടെന്നു ഭാവിക്കുകയും അതിനെതിരെ പ്രവര്‍ ത്തിക്കുകയും ചെയ്യുന്നതാണ്; ദൈവാരാധകന്‍ എന്നു ഭാവിക്കുകയും മാമോന്റെ പ്രവൃത്തികള്‍ ചെയ്യുകയും ചെയ്യുന്നതാണ്. അല്ലെങ്കില്‍, വഞ്ചനാലക്ഷ്യത്തോ ടെ സ്‌നേഹം ഭാവിക്കുന്നതാണ്. 

പറഞ്ഞുവന്നത്, മുഴുവന്‍ സഭാസംവിധാനവും എത്ര കിണ ഞ്ഞു പരിശ്രമിച്ചിട്ടും, അതിന്റെ വാര്‍പ്പുമൂശകളിലൂടെ എത്ര കയറ്റിയിറക്കിയിട്ടും, ദൈവം നല്‍കിയ തനിമയും വ്യക്തിത്വവും സര്‍ഗ്ഗശേഷികളും സ്വാതന്ത്ര്യബോധവും നഷ്ടപ്പെടുത്താന്‍ തയ്യാറാകാതെ തങ്ങളുടെ ആന്തരികതയിലെങ്കിലും സൃഷ്ടിപരമായി ജീവിക്കാന്‍ ശ്രമിക്കുന്ന ഒട്ടേറെ വൈദികരും കന്യാസ്ത്രീകളും കത്തോലിക്കാസമൂഹത്തിലുണ്ട് എന്നാണ്. തങ്ങളുടെ ജീവിതം പൗരോഹിത്യത്തിന്റെ അഴുക്കുചാലിലൊഴുകി ഒടുങ്ങിപ്പോവാതിരിക്കാന്‍, സഭാകാര്യങ്ങളില്‍ ഉറക്കം നടിച്ച്, പരിസ്ഥിതി, മതമൈത്രി, അഴിമതിപോലുള്ള വിഷയങ്ങളില്‍ ഇടപെട്ട് തങ്ങളുടെ ജീവിതത്തിന് അര്‍ത്ഥംനല്‍കാന്‍ ശ്രമിക്കുന്നവരായിത്തീര്‍ന്നിരിക്കുന്നു, അവരിലേറെപ്പേരും. അതങ്ങനെ തുടരുമ്പോള്‍ത്തന്നെ, തങ്ങളോടേറ്റവും സമീപസ്ഥമായ സഭയുടെ അന്തരീക്ഷം ശുദ്ധീകരിക്കേണ്ടതുണ്ട് എന്നൊരു ചിന്തകൂടി അവര്‍ നിലനിര്‍ത്തിയിരുന്നെങ്കില്‍, സഭാനവീകരണത്തിന്റെ അമര്‍ത്തിവച്ചിരിക്കുന്ന ഊര്‍ജ്ജസംഭരണികളായി അവര്‍ മാറിയേനെ. തങ്ങളുടെ സ്വാഭാവികജീവിതം തകര്‍ത്തുകളഞ്ഞ സഭാസംവിധാനത്തിനു മാനുഷികമുഖം നല്‍കി വരുംതലമുറകളെയെങ്കിലും രക്ഷിക്കേണ്ടതുണ്ട് എന്ന കര്‍ത്തവ്യബോധം അവര്‍ നിലനിര്‍ത്തിയിരുന്നെങ്കില്‍, ആകാശം ഇരുണ്ടുമൂടി മിന്നല്‍പ്പിണര്‍ പായിക്കുമ്പോള്‍ പെയ്‌തൊഴിയാന്‍ തയ്യാറായി നില്‍ക്കുന്ന മേഘങ്ങളെപ്പോലെ, കാലം അനുകൂലമാകുമ്പോള്‍, അവരുടെയെല്ലാം നന്മ നിറഞ്ഞ മനസ്സുകള്‍ നവീകരണശക്തിയായി കുതിച്ചൊഴുകിയേനെ. തങ്ങളുടെ പ്രശ്‌നങ്ങളും ദുഃഖങ്ങളും ആശയങ്ങളും പങ്കുവയ്ക്കാന്‍ പല കൂട്ടായ്മകളും വേദികളും ഇവരുടെയിടയില്‍ ഉള്ളതായും മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാ ല്‍, സഭയില്‍ വരേണ്ട മാറ്റത്തെക്കുറിച്ചു സംസാരിക്കാന്‍ ശ്രമി ച്ചാല്‍ അവരെല്ലാംതന്നെ മുഖംതിരിക്കുകയാണു പതിവ്. നടക്കാത്ത കാര്യത്തിനുവേണ്ടി ബാക്കിയുള്ള ജീവിതംകൂടി കളയാനില്ല എന്നും യൂദാശ്ലീഹായോടു പ്രാര്‍ത്ഥിക്കുകയാണ് തമ്മില്‍ ഭേദം എന്നുമായിരിക്കും പ്രതികരണം. 

ഇതൊക്കെയാണെങ്കിലും ഒരനുകൂലസാഹചര്യമുണ്ടാകുകയും അതു തിരിച്ചറിയാന്‍ അവര്‍ക്കു കഴിയുകയും ചെയ്താല്‍ അവരിലെല്ലാം ഉറഞ്ഞുകിടക്കുന്ന ഊര്‍ജ്ജം വെറുതെ പാഴായിപ്പോകുമെന്നു കരുതാന്‍, ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നവര്‍ക്ക് എളുപ്പമല്ല. കേരളസഭയില്‍ മാറ്റത്തിനായുള്ള ജനകീയ മുറവിളികളുയരാന്‍ തുടങ്ങിയിട്ട് ഏതാനും ദശകങ്ങളായി. വിശ്വാസികളുടെ കൂട്ടായ്മയെ മറികടന്ന്, പുരോഹിതാധികാരികളുടെ കൂട്ടായ്മയായി നിലകൊള്ളുന്ന ഇന്നത്തെ സഭയുടെ ബധിരകര്‍ണ്ണങ്ങളിലായിരുന്നു അതെല്ലാം ചെന്നുപതിച്ചുകൊണ്ടിരുന്നത് എന്നുമാത്രം. സഭയുടെ ഈ അനങ്ങാപ്പാറനയം ജനങ്ങളെ ഇരുത്തിച്ചിന്തിപ്പിക്കാനും കൂടുതലാള്‍ക്കാര്‍ സംഘടിതമായി പ്രവര്‍ത്തനരംഗത്തു വരാനും അവസരമൊരുക്കി. സഭയില്‍ നീതിക്കും ജനാധിപത്യത്തിനും സുതാര്യതയ്ക്കുംവേണ്ടി വിശ്വാസികള്‍ അനവധി ചര്‍ച്ചാസമ്മേളനങ്ങളും വിപുലമായ കണ്‍വെന്‍ഷനുകളും പ്രക്ഷോഭങ്ങളും പ്രകടനങ്ങളും നടത്തി. ഇതെല്ലാം പൊതുമാധ്യമങ്ങളിലും പ്രസ്ഥാനങ്ങളുടെതന്നെ മാധ്യമങ്ങളിലും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. അങ്ങനെ കേരളകത്തോലിക്കരുടെ പൊതുമനസ് മാറ്റത്തിനനുയോജ്യമായ ഒരവസ്ഥയിലേക്ക് ഇന്ന് ഏറെക്കുറെ മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇതൊന്നും കേരളത്തില്‍മാത്രമല്ല, കത്തോലിക്കാസഭയുള്ളയിടങ്ങളിലെല്ലാം, മറ്റു രീതികളിലും വേറെ വിഷയങ്ങളിലുമാണെങ്കിലും, നടക്കുന്നുണ്ടായിരുന്നു. അമേരിക്കയിലും മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളിലും പുരോഹിതര്‍ക്കെതിരെയുള്ള ബാലപീഡനക്കേസുകളുടെ പ്രളയക്കെടുതിയില്‍പ്പെട്ടുഴലുകയാണ് സഭ. വത്തിക്കാന്‍ ബാങ്കുമായി ബന്ധപ്പെട്ട അഴിമതിക്കഥകളും രഹസ്യരേഖകളുടെ ചോര്‍ച്ചയും വത്തിക്കാന്‍ കൂരിയാകളുടെ കെടുകാര്യസ്ഥതയും അഴിമതിയും വത്തിക്കാനിലെ ഉന്നതരുള്‍പ്പെട്ട പുരുഷസ്വവര്‍ഗ്ഗഭോഗികളുടെ ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വാര്‍ത്തയുമെല്ലാം, ഒട്ടും സുതാര്യമല്ലാത്തതും പൗരോഹിത്യാധികാരവാഴ്ച ഉറപ്പിക്കുന്നതുമായ ഇന്നത്തെ സഭാഘടന അക്രൈസ്തവമാണെന്നും മാറ്റേണ്ടതുണ്ടെന്നുമുള്ള ഒരു പൊതുബോധം ആഗോളതലത്തില്‍ത്തന്നെ, ഉളവാക്കിക്കഴിഞ്ഞു.... കാലഘട്ടത്തിന്റെ ഈ സമ്മര്‍ദ്ദമാണ്, കടുത്ത യാഥാസ്ഥിതികനും അധികാരപ്രമത്തനുമായിരുന്ന ബെനഡിക്റ്റ് 16-ാമനെ ക്കൊണ്ട് മാര്‍പ്പാപ്പാസ്ഥാനം രാജിവയ്പിച്ചത് എന്നുവേണം കരുതാന്‍. 

അല്പംകൂടി തുറവിയും ലാളിത്യവുമുള്ള ഒരാള്‍ക്കേ ഇനി സഭയെ മുന്നോട്ടുകൊണ്ടുപോകാനാവൂ എന്ന പൊതുബോദ്ധ്യം ഭൂരിപക്ഷം കര്‍ദ്ദിനാളന്മാര്‍ പ്രകടിപ്പിച്ചതും കാലഘട്ടത്തിന്റേതായ ഈ സമ്മര്‍ദ്ദംമൂലമാണ്. പക്ഷേ, മാര്‍പ്പാപ്പായെ തിരഞ്ഞെടുത്ത കര്‍ദ്ദിനാളന്മാരെവരെ ഞെട്ടിച്ചുകൊണ്ട്, ഫ്രാന്‍സീസ് മാര്‍പ്പാപ്പാ, തന്റെ വിപ്ലവകരമായ സഭാനവീകരണജൈത്രയാത്ര ആരംഭിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനകളും ചെയ്തികളും ആധികാരികസഭയുടെ ഓരോ ഇഷ്ടികയെവരെ വിറകൊള്ളിക്കാന്‍ പോരുന്നതാണ്. വിമാനയാത്രയ്ക്ക് ഫ്രാന്‍സീസ് മാര്‍പ്പാപ്പാ സാധാരണക്കാരുടെയൊപ്പം ക്യൂ നില്‍ക്കുന്നു! ബുള്ളറ്റ് പ്രൂഫ് പാപ്പാമൊബീല്‍ വേണ്ടെന്നുവച്ച് തുറന്ന ജീപ്പില്‍ ജനങ്ങളെ നേരില്‍ ക്കണ്ട് അഭിസംബോധന ചെയ്യുന്നു! ജനങ്ങളോട് അവരുടെ ഭാഷയില്‍ അവരുടെ പക്ഷംചേര്‍ന്ന് സംസാരിക്കുന്നു. സഭയില്‍ കാര്യങ്ങളൊന്നും നേര്‍വഴിക്കല്ല നടക്കുന്നതെന്നു പറഞ്ഞ്, രൂപതകള്‍ കേന്ദ്രീകരിച്ച് പ്രശ്‌നങ്ങളുണ്ടാക്കാന്‍('I want you to make mess in your dioceses') വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു! 'പൗരോഹിത്യവാഴ്ചയെ ഇല്ലായ്മ ചെയ്യേണ്ടതുണ്ടെന്നു ('I want to get rid of the clericalism') പ്രബോധിപ്പിക്കുന്നു! അങ്ങനെയങ്ങനെ, നൂറ്റാണ്ടുകളുടെ പൗരോഹിത്യതേര്‍വാഴ്ചയ്ക്കും, രണ്ടാം വത്തിക്കാന്‍ കൗണ്‍ സില്‍ തീരുമാനങ്ങളെ അട്ടിമറിച്ച സമീപകാലസഭാസമീപനങ്ങള്‍ക്കും എതിരായും, വിശ്വാസികളുടെ കൂട്ടായ്മയായ യഥാര്‍ത്ഥ സഭയ്ക്ക് അനുകൂലമാ യും ഒരു മാര്‍പ്പാപ്പാ ഉദയംകൊണ്ടിരിക്കുന്നു. ഈ അവസരം പ്രയോജനപ്പെടുത്താന്‍ അത്മായ-പുരോഹിതഭേദമെന്യേ ചിന്താശക്തി നഷ്ടപ്പെടുത്തിയിട്ടില്ലാത്ത എല്ലാ കത്തോലിക്കരും മുന്നോട്ടുവരേണ്ടതുണ്ട്. കേരളത്തിലെ വിശ്വാസിസമൂഹം ഒരളവോളമെങ്കിലും സംഘടിതമായി രംഗത്തുണ്ട്. 

മാറ്റത്തിനുവേണ്ടിയുള്ള മാര്‍പ്പാപ്പായുടെ എല്ലാ നീക്കങ്ങളെയും പിന്തുണച്ചുകൊണ്ട് അവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, സ്വാഭാവികമായും കൂടുതല്‍ ശക്തമാക്കുകയും ചെയ്യും. എന്നാല്‍ മുമ്പു സൂചിപ്പിച്ച, ചിന്താശക്തിയും വ്യക്തിത്വവും പണയംവയ്ക്കാത്ത പ്രബുദ്ധ വൈദികര്‍ ഇപ്പോഴും ഉറക്കംവിട്ടുണര്‍ന്നിട്ടില്ല എന്നു കാണുന്നതു ദുഃഖകരമാണ്. വിമോചനദൈവശാസ്ത്രത്തിന്റെ പന്ഥാവില്‍, സഭാവിലക്കുകളെയെല്ലാം അതിജീവിച്ചുകൊണ്ട്, ദരിദ്രപക്ഷത്തു നിലയുറപ്പിക്കുകയും പല സമരമുഖങ്ങള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്ത ധീരപാരമ്പര്യം പേറുന്നവരാണ് നമ്മുടെ പുരോഹിതരിലെ ഒരു വിഭാഗം. കേരളസഭയില്‍ കല്‍ദായവാദം അടിച്ചേല്‍പ്പിക്കുന്നതി നെതിരെ വര്‍ഷങ്ങള്‍ നീണ്ട സമരം നടത്തുകയും, ഒരു ഘട്ടത്തില്‍ 300-ഓളം വൈദികര്‍ സംഘടിച്ച് എര്‍ണാകുളത്തു പി.ഒ.സിയില്‍ നടന്ന മെത്രാന്‍ സിനഡ് ഉപരോധിക്കുകയും കുത്തിയിരിപ്പുസത്യഗ്രഹം നടത്തുകയും ചെയ്ത് തങ്ങളുടെ സാഹസികത പ്രകടിപ്പിച്ച പുരോഹിതരുടെ പൈതൃകവും അവര്‍ക്കുണ്ട്. കന്യാസ്ത്രീകളില്‍ ഒരു പ്രബുദ്ധവിഭാഗവും ഈ പോരാട്ടങ്ങളോടൊപ്പമുണ്ടായിരുന്നു. ഞാറയ്ക്കല്‍ വിഷയത്തില്‍ അടുത്തകാലത്തും, കന്യാസ്ത്രീകളിലൊരു വിഭാഗം തങ്ങള്‍ക്കെതിരെ മെത്രാന്റെ ഒത്താശയോടെ നടന്ന കയ്യേറ്റത്തിനെതിരെ നിയമത്തിന്റെ വഴിയിലും സമരത്തിന്റെ വഴിയിലും ശക്തമായി പോരാടി തങ്ങളുടെ കഴിവു തെളിയിച്ചിട്ടുണ്ട്.... എങ്കിലും എന്തുകൊണ്ടോ, കാലത്തിന്റെ വിളി കേള്‍ക്കാന്‍, ഈ അനുകൂലസാഹചര്യത്തിലും ഇവരെല്ലാം അറച്ചുനില്‍ക്കുന്നതുപോലെ തോന്നിപ്പോകുന്നു. ഈ നില്പു തുടരുന്നത് അവരെ സംബന്ധിച്ച് ആത്മഹത്യാപരമായിരിക്കുമെന്ന് അവരോട് പറയാനും തോന്നുന്നു. എന്തിനാണോ സര്‍വ്വവും ത്യജിച്ച്, കൗമാരപ്രായത്തില്‍ നിങ്ങളിറങ്ങിത്തിരിച്ചത്, അതിനൊന്നും അനുവദിക്കാതെ നിങ്ങ ളെ കേവലം പൂജാരികളും മേലധികാരികളുടെ തത്തകളുമാക്കിത്തീര്‍ത്ത ഇന്നത്തെ സഭാസംവിധാനത്തെ യേശുചൈതന്യത്തില്‍ അഴിച്ചുപണിയാനുള്ള മഹാസംരംഭത്തില്‍ ഭാഗഭാക്കാകുന്നില്ലെങ്കില്‍, പിന്നെയെങ്ങയാണ് നിങ്ങ ള്‍ നിങ്ങളുടെ ജീവിതത്തിന് ഇനി അര്‍ത്ഥം കണ്ടെത്തുക? അന്ധരായും അന്ധത നടിച്ചും, സ്ഥാനമാനങ്ങള്‍ക്കും പ്രമാണിത്തത്തി നും അഭിവാദ്യലഭ്യതയ്ക്കുമായി സ്വന്തം ആത്മാവിനെ നശിപ്പിച്ചു കൊണ്ട്, ദൈവം തന്ന മഹത്തായ ജീവിതത്തെ പാഴാക്കിക്കളയുന്ന ഭൂരിപക്ഷം വൈദികരുടെ ഗണത്തിലേക്കു നിങ്ങളും മാറുകയെന്നാല്‍, അതു നിങ്ങളെയും കേരളത്തിലെ നസ്രാണിസമൂഹത്തെയും മറക്കുകയെന്നാണര്‍ ത്ഥം; കേരളനസ്രാണി സഭയുടെമേല്‍ നടന്ന വൈദേശിക കടന്നാ ക്രമണങ്ങള്‍ക്കെതിരെ പൊരു തിയ പാറേമ്മാക്കല്‍ തോമ്മാക്ക ത്തനാരുടെയും നിധീരിക്കല്‍ മാണിക്കത്തനാരുടെയുമൊക്കെ ധീരപാരമ്പര്യത്തെ നിഷേധിക്കുകയെന്നാണര്‍ത്ഥം. 

 അതുകൊണ്ട്, ഒരു നവീകരണസാധ്യതയുടെ വെള്ളിനക്ഷ ത്രം സഭാനഭസ്സില്‍ ഉദിച്ചുനില്‍ ക്കുന്ന ഈ ചരിത്രമുഹൂര്‍ത്തത്തില്‍, ഉറക്കമുണര്‍ന്ന് മൂരിനിവര്‍ ന്ന്, നിങ്ങളൊന്നു ചെവിയോര്‍ക്കുക. മാറ്റത്തിന്റെ മാറ്റൊലി കേള്‍ ക്കുക. പുറത്തിറങ്ങി പുതിയ അരുണോദയത്തിന്റെ പ്രഭാതരശ്മികളെ ഹൃദയത്തിലേറ്റുക. മധുരപ്രതികാരത്തിന്റെ ജീവവായു കൊടുത്ത്, മയങ്ങിക്കിടക്കുന്ന നിങ്ങളുടെ ദുഃഖങ്ങള്‍ക്കും നിരാശകള്‍ക്കും അമര്‍ഷങ്ങള്‍ക്കും ജീവന്‍ നല്‍കുക. ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും വീണ്ടും ചിറകു നല്‍കുക... അപ്പോള്‍, യേശുവിനുവേണ്ടി മുഴുവന്‍ ജീവിതവും ഉഴിഞ്ഞുവയ്ക്കാന്‍ ഒരിക്കല്‍ തയ്യാറായ നിങ്ങള്‍ക്ക് അതേ ലക്ഷ്യം വീണ്ടും മുന്നില്‍ ഉയര്‍ന്നുനില്‍ ക്കുന്നതു കാണാനാകും. സഭയെ ക്രിസ്തുവല്‍ക്കരിക്കുകയെന്ന മഹാദൗത്യത്തില്‍ പങ്കാളികളായി നിങ്ങളുടെ ദൈവവിളിക്ക് അര്‍ ത്ഥം നല്‍കാന്‍ അപ്പോള്‍ നിങ്ങള്‍ ക്കാകും. വിശ്വാസിസമൂഹമെന്ന യഥാര്‍ത്ഥ സഭയോടൊത്തു നില്‍ ക്കാനും നിലവിലുള്ള നവീകരണധാരകളുമായി കൈകോര്‍ ത്തുനിന്ന്, നവീകരണാഹ്വാനം മുഴക്കുന്ന സഭാതലവന് ശക്തിപകരാനും അപ്പോള്‍ നിങ്ങള്‍ക്കു കഴിയും. അധികാരസഭ തള്ളിക്കള ഞ്ഞ നിങ്ങള്‍ യഥാര്‍ത്ഥ സഭയുടെ മൂലക്കല്ലായി മാറുന്നത് പിന്നീട് ചരിത്രം അയാളപ്പെടുത്തുകയും ചെയ്യും. 
ജോര്ജ് മൂലേച്ചാലില്‍,  എഡിറ്റര്‍

5 comments:

  1. സുന്ദരമായ ഈടുറ്റ ഒരു ലേഖനമാണ് ശ്രീ ജോർജ് മൂലേച്ചാലിൽ സത്യജ്വാലവഴി അല്മായശബ്ദ വായനക്കാർക്കായി കാഴ്ച വെച്ചിരിക്കുന്നത്. പുരോഹിതർക്ക് ലോകത്തോടുള്ള അമർഷത്തിന്റെയും വെറുപ്പിന്റെയും കാരണണങ്ങളെന്തെന്ന് ലേഖനം വായിച്ചുകഴിയുമ്പോൾ മനസിലാകും.


    കുഞ്ഞായിരിക്കുമ്പോൾ എല്ലാവരും നിഷ്കളങ്കരാണ്. കുഞ്ഞ് വളർന്ന് കൗമാരമാകുമ്പോൾ കൌമാരത്തെ തട്ടിയെടുക്കാൻ വലയുംവീശി കപടലോകം കാത്തിരുപ്പുണ്ട്. വളരുന്ന കുഞ്ഞിന് അതറിയത്തില്ല. സാഹചര്യങ്ങളാണ് പിന്നീട് അവനെ അവനല്ലാതാക്കുന്നത്. സെമിനാരിയിൽ അവൻ സ്വയം പോവുന്നതല്ല. അവന്റെ മാതാപിതാക്കളുടെ കടുത്ത ദാരിദ്ര്യം ആ നരകക്കുഴിയിൽ എത്തിക്കുന്നു. അവിടെയവന് ശബ്ദിക്കാനൊ ഒന്നു കരയാനോ അവകാശമില്ല. നിശബ്ദമായ ലോകത്തിൽ ചോദിക്കാനും പറയാനും ആളില്ലാതെ, ജനിപ്പിച്ച മാതാപിതാക്കളെയും പിരിഞ്ഞ് ജീവിക്കുന്ന അവന്റെ ജോലി അടിമത്തമാണ്. ആധുനികനൂറ്റാണ്ടിലും അടിമത്തമുള്ള ഈ പ്രസ്ഥാനത്തിൽ അവനവിടെ കീഴാളായി ജീവിക്കണം. പ്രാർഥനകളും കൂട്ടായ്മകളും കുരിശിന്റെ വഴിയുമല്ലാതെ അവിടെ മറ്റൊരു ലോകമില്ല.

    പുരോഹിതനായി പുറത്തിറങ്ങുമ്പോഴാണ് വ്യത്യസ്തമായ ഒരു പുറംലോകത്തെ അവൻ കാണുന്നത്. അപ്പോഴേക്കും 200 വർഷങ്ങളിലേക്ക് പുറകിലായി അവന്റെ മസ്തിഷ്ക്കത്തെ ശരിക്കും പാകപ്പെടുത്തിയിരിക്കും. ഒരു മനശാസ്ത്രജ്നനും തിരുത്താൻ സാധിക്കാതെ ശൂന്യമായ ഒരു മസ്തിഷ്ക്കവും പേറി കഴുതയുടെ മനസുമായി ഭക്തനെ പഠിപ്പിക്കാൻ തുടങ്ങും. പുത്തൻകുർബാനയുടെ വീഞ്ഞിന്റെ വീര്യം കുറയുന്നതിനുമുമ്പ് അപക്വമായ അവന്റെ വ്യക്തിത്വത്തിൻറെ ആരംഭം കുറിക്കുകയാണ്. പെണ്ണ് അവന് നിഷിക്തമാണ്. പിന്നെ മാമ്മോനല്ലാതെ അവനെ സ്നേഹിക്കാൻ ആരുണ്ട്‌. പെണ്ണിന്റെ ചൂടറിയാത്ത അവനിലെ രക്തമാംസം നിർജീവമാകുമ്പോഴാണ് മറ്റൊരു മനുഷ്യൻ അവനിൽ ജനിക്കുന്നത്. വിധവകളുടെ കുടിലുകൾ പൊക്കിയാണെങ്കിലും വികാരിയാകുന്ന ദിനംമുതൽ കത്തീഡ്രലും പണിയണം. അപ്പോഴേക്കും കൊള്ളക്കാരന്റെ മനസായി അയാൾ തന്റെ മനസിനെയും വാർത്തെടുത്തു കഴിഞ്ഞിരിക്കും.

    മനുഷ്യനായിരുന്ന അവനിൽ മനുഷ്യത്വം പൂർണ്ണമായും നശിക്കുന്ന ദിനംമുതൽ പിന്നീടയാൾ ആദരണീയനായി.പഴംപുരാണത്തിൽ പറഞ്ഞിരിക്കുന്ന കാഞ്ഞിരമരങ്ങൾ സുലഫമായി വളരുന്ന നാട്ടിലേക്ക്‌ അംശവടി പിടിച്ചൊരു യാത്ര. മനുഷ്യത്വം നശിച്ചാലെന്താ, വെട്ടിത്തിളങ്ങുന്ന താമരകുരിശും മോടിയിലൊരു കാറും കൈവശം ഉണ്ടല്ലോ. ചതിയിൽക്കൂടി മോണിക്കയുടെ വസ്തുവും തട്ടി, ദീപികയ്ക്കിട്ട് പാരയും വെച്ച് യൂസഫാലിയെ കൂട്ടും കിട്ടിയില്ലേ? അതൊന്നും പ്രശ്നമല്ല. എന്നിട്ടും പണമുള്ള മുസ്ലിംയുവാക്കളെ കാണുമ്പോൾ ഇയാൾക്ക് വെള്ളം ഊറും. ഇനി യൂസഫാലിയെയും വഹിക്കണം.


    സഭയുടെ മാറ്റങ്ങൾ ആഗ്രഹിക്കാത്ത ഇവരിൽനിന്ന് വരുംതലമുറകളെ എങ്ങനെ രക്ഷിക്കാമെന്ന് ഇവിടെ ലേഖകൻ ചോദിക്കുന്നു. വീണ്ടും തലവാചകത്തിൽ കണ്ണോടിക്കുമ്പോൾ കാണാം, പുരോഹിതരേ, ഇതിലേ ഇതിലെ...ചോദ്യം വീണ്ടും ഉയരുന്നു, എതിലേ? മനസിലായത് പണ്ട് പുരോഹിതൻ ആടുകളെ മേയിച്ചിരുന്നത് പുറകിൽനിന്നായിരുന്നു. കാണാതെപോയ ആട്ടിൻകുട്ടിയുടെ രക്ഷക്കായി ആട്ടിടയൻ ഓടിയെത്തുമായിരുന്നു. ഇന്നുള്ള ആട്ടിടയന് ആടുകളുടെ മുമ്പേനടന്ന് ആട്ടിൻകുട്ടിയുടെ ചോരയും മാംസവും കഴിക്കണം. പിന്നാലെ നടക്കുന്ന ആട്ടിൻകുട്ടികളാണ് കാലം മാറിയപ്പോൾ ആട്ടിടയനെ നയിക്കേണ്ടത്. അതാണ്‌ ജോർജിന്റെ ആപ്തവാക്യമായ പുരോഹിതരെ ഇതിലേ ഇതിലേ ...!

    പക്ഷെ നയിക്കാൻ കൂട്ടമായി വന്നിരുന്ന ആട്ടിൻപറ്റങ്ങൾ ചിതറിപ്പോവുന്നു. യഹോവയുടെ ശാപത്തിന്റെ കൊടുവാൾ അവരുടെമേൽ വീശാറായി. ഇവരുടെ രണ്ടായ കാപട്യമുഖം യഹോവാ തിരിച്ചറിഞ്ഞു. മധുരിക്കുന്ന വീഞ്ഞിന്റെ സ്ഥാനത്ത് കാഞ്ഞിരത്തിന്റെ കയ്പ്പുനീരും കുടിച്ച് അഭിഷിക്തൻ മണിമലയ്ക്കടുത്തുള്ള പഴയിടത്തിലെ ശൂന്യമായ പള്ളിയുടെ മുമ്പിൽ വിഷണ്ണനായി നില്പ്പുണ്ട്. ഇനി എതിലേ എതിലേ? അയാൾക്കിനി രക്ഷയില്ല. കണ്ണടച്ച് ധ്യാനിച്ച് വിശുദ്ധഗ്രന്ഥത്തിൽ മലാഖി രണ്ടാംഅദ്ധ്യായം ഒന്നു മുതൽ നാലുവരെയുള്ള വാക്യങ്ങൾ വായിക്കട്ടെ. അയാളുടെ വിധി യഹോവാ അവിടെ കുറിച്ചിട്ടുണ്ട്. യഹോവാ പറയുന്നു, " പുരോഹിതാ താൻ, ഞാൻ പറയുന്നത് കേട്ട് അനുസരിക്കാതെ, എന്റെ നാമത്തെ മഹത്വപ്പെടുത്താതെ മാമ്മൊനെ സ്നേഹിച്ച് ജീവിച്ച താൻ എന്റെ നാമത്തിന്‌ കളങ്കംവരുത്തി. എനിക്കെതിരായി ധനത്തെതേടി ഓടിയലയുന്ന തനിക്കെതിരെ എന്റെ ശാപം ഉണ്ട്. (മലാക്കി 2, 1 -4 ) " യഹോവാ വീണ്ടും അയാളോട് നാലാംവാക്യത്തിൽ പറഞ്ഞത്‌, " താൻ മത്തായുടെ സുവിശേഷം വായിച്ചിട്ടില്ലയോ. എന്റെ നാമം വൃദാ ദുരുപയോഗപ്പെടുത്തി തന്നെ പിതാവെന്ന് വിളിക്കാൻ താൻ ആര്? യഹൊവായോ"

    അഭിഷിക്തൻ മലാഖി ഒന്നുകൂടി നോക്കി. "ഞാൻ നിങ്ങളുടെമേൽ ശാപം അയച്ച് നിങ്ങൾക്കുള്ള അനുഗ്രഹങ്ങളെയും ശപിക്കും". യഹോവാ ഇയാളുടെ കൂടെ നില്ക്കുന്നവരെയും ശപിക്കുന്നുണ്ട്. "ഞാൻ നിങ്ങൾക്കുള്ള സന്തതിയെ ഭർത്സിക്കുകയും ചാണകം നിങ്ങൾ അഭിഷിക്തരൊരുക്കുന്ന ഉത്സവത്തിലെ ചാണകം തന്നെ, നിങ്ങളുടെ മുഖത്ത് വിതറുകയും അവർ നിങ്ങളെ അതിനോടുകൂടെ കൊണ്ടുപോവുകയും ചെയ്യും."(മലാഖി 2, വാക്യം 4 )

    ReplyDelete
  2. കാറ്റ് മാറി വീശിത്തുടങ്ങി. പടുമരങ്ങളുടെ അടി വിട്ടുതുടങ്ങി. കായ്ക്കാത്ത ഫലവൃക്ഷങ്ങളുടെ കടക്കൽ കര്ത്താവ് തന്നെ കോടാലി ഒങ്ങുന്നത് അടുത്തുതന്നെ കാണാം. ജോർജിന്റേത് ഒരു പ്രവാചക ശബ്ദമാണ്. ധാരാളം യുവപുരോഹിതർ കേരളത്തിലെ അല്മായമുന്നേറ്റങ്ങൾ കണ്ട് സന്തോഷിക്കുന്നുണ്ട്‌. അവർക്ക് ഉത്തേജനമാണ് നൽകേണ്ടത്. കപട വൈദികരുടെ നേർക്കുള്ള ജോസഫ് മാത്യുവിൻറെ രോഷം മനസ്സിലാക്കാം, അതദ്ദേഹം നർമ്മം ചേർത്ത് കുറിച്ചിരിക്കുന്നത് ഒരു വശം മാത്രമാണ്. പോപ്‌ ഫ്രാൻസിസ് കൂടെയുണ്ടെങ്കിൽ, ഇനി ആരെ ഭയപ്പെടണം, എന്നാണ് മറുവശത്തുള്ളവരോട് ഈ എഡിറ്റോറിയലിലൂടെ ജോർജ് ചോദിക്കുന്നത്. പൗരോഹിത്യവാഴ്ചയെ ഇല്ലായ്മ ചെയ്യേണ്ടതുണ്ടെന്ന് വൈദികർ തന്നെ ആഗ്രഹിച്ചു തുടങ്ങിയാൽ മെത്രാന്മാർക്കു പിന്നെ എവിടെയാണ് പിടികിട്ടുന്നത്‌? വികാരിമാരെ ഭയന്ന് ഇനി ഒരല്മായനും മിണ്ടാതിരിക്കേണ്ട കാര്യമില്ല. ന്യായമുള്ളിടത്തു സഹായവുമായി കൂടെ നില്ക്കാൻ ഇന്ന് ധാരാളം പേര് ധൈര്യം കാണിക്കുന്നു എന്നതിന് നല്ല ഉദാഹരണമാണല്ലോ പഴയിടത്തിലെ കപ്യാരുടെ അനുഭവം. ചെറുപ്പക്കാരായ വൈദികരും ഈ ധൈര്യം കാണിക്കണം. അനുഷ്ഠാന വിഷയങ്ങളിൽ ശ്രദ്ധ കുറച്ചിട്ട്, അല്മായരെ സംഘടിപ്പിച്ച് സമൂഹത്തിന്റെ ആവശ്യങ്ങള്ക്കായി കൂടുതൽ കാര്യങ്ങളിൽ ഏർപ്പെടാൻ കഴിവുള്ള വൈദികരെ ഇനി ആരും തടയാനില്ല എന്ന നില വന്നുകഴിഞ്ഞു. അല്മായർ ഇടവകയിലും വൈദികർ രൂപതയിലും കന്യാസ്ത്രീകൾ മഠങ്ങളിലും സംഘർഷം(mess ഉണ്ടാക്കണം എന്നാണ് പോപ്പിന്റെ ആഹ്വാനം. അതായത്, ആവശ്യം തോന്നുമ്പോൾ ഇപ്പോഴത്തെ പോക്കിനെ ചോദ്യം ചെയ്തുതുടങ്ങുക എന്നാണർത്ഥം. ഇടവകയുടെ പുരയിടത്തിൽ കൃഷി ചെയ്ത് മാതൃക കാണിക്കുന്ന ഒരു വൈദികനെപ്പറ്റി ഇന്ന് വായിക്കാനിടയായി. അതുപോലെ, തക്കതായ മറ്റു സമാന്തര വഴികളിലൂടെ ആദ്ധ്യാത്മികത വളർത്താനും ചെറുപ്പക്കാരെ കൂട്ടാളികാളാക്കാനും തയ്യാറുള്ള യുവവൈദികർ തന്റേടത്തോടെ മാതൃക കാണിക്കട്ടെ. സഹകരണത്തിന്റെതായ ഒരു അന്തരീക്ഷമാണ് ഇനി സഭയിൽ എല്ലായിടത്തും വളര്ന്നുവരേണ്ടത്. വൈദികർ എന്ന പ്രത്യേക അഭിഷിക്തർ ഉണ്ടെന്നുള്ളത് മാറി, എല്ലാവരും അഭിഷിക്തരാണ് എന്ന വിശ്വാസത്തിലേയ്ക്ക് സഭ തിരിച്ചു പോകേണ്ടതുണ്ട്. അതാണ്‌ പോപ്പിന്റെയും ആഹ്വാനം. കാനോണ്‍ നിയമത്തിന്റെ ചൂരൽവടിയെടുത്ത് ഒടിച്ചുകളഞ്ഞിട്ട്‌, തങ്ങള്ക്ക് പോപ്പിന്റെ ഭാഷ മനസ്സിലാകുന്നുണ്ട് എന്ന് മെത്രാന്മാർ തന്നെ ആദ്യം തെളിയിക്കട്ടെ. അതിനു മനസ്സില്ലാത്തവരെ ഓടിച്ച് ശ്വാസം മുട്ടിച്ച് പോപ്‌ ഫ്രാൻസിസിന്റെ കാല്ക്കലെത്തിക്കാൻ മിടുക്കുള്ള വൈദികർ അതിനും തയ്യാറായി നില്ക്കട്ടെ.

    ReplyDelete
  3. ഇത് ഇവിടെ നടക്കുമോ?
    http://www.youtube.com/watch?v=7ZCpFQAJV0c

    ഈ ലിങ്കിൽ നിങ്ങൾ കാണുന്നത് രണ്ട് മഹാത്മാക്കളെയാണ് - ഓയ്ഗൻ ഡ്രെവേർമനും ഷാക്ക് ഗൈയ്യോ എന്ന മെത്രാനും ഒരു സംഭാഷണത്തിൽ പങ്കെടുക്കുന്നതാണ്. അവർ ചര്ച്ചചെയ്യുന്നത് കാലത്തിനു ചേരാത്ത സഭയുടെ കടുംപിടുത്തങ്ങളും വിശ്വാസികളെ ആട്ടിയോടിക്കുന്ന സങ്കുചിത ചിന്തകളും അവയുടെ നേരെയുണ്ടാകേണ്ട പ്രതിരോധരീതികളുമാണ്.

    Eugen Drewermann വൈദികപണ്ഡിതനും, പള്ളിക്കാര്യങ്ങളിൽ നിന്ന് പോപ്‌ JP II നീക്കം ചെയ്ത ജർമൻ ചിന്തകനും, ഹാൻസ് ക്യൂങ്ങിനെക്കാൾ പ്രഗത്ഭനായ ദൈവശാസ്ത്രജ്ഞനും മനശാസ്ത്രവൈദ്യനുമാണ്. അദ്ദേഹത്തിൻറെ സ്വതന്ത്ര ചിന്തയും സ്നേഹത്തിൽ അടിസ്ഥാനമിട്ടുള്ള സുവിശേഷ വ്യാഖ്യാനങ്ങളുമാണ് സഭാധികാരികൾക്ക് അദ്ദേഹത്തെ അനഭിമതനാക്കിയത്. പോയ പോപ്‌ ബനടിക്റ്റിനെക്കാൾ ജർമൻകാർ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന എഴുത്തുകാരനുമാണ് അദ്ദേഹം. ആഴമേറിയ അദ്ദേഹത്തിൻറെ എണ്ണമറ്റ കൃതികൾക്ക് വലിയ വിലകല്പ്പിക്കുന്നവർ യൂറോപ്പിൽ വളരെയാണ്. ഞാൻ ഒത്തിരി സമയം അവ മൂലഭാഷയിൽ തന്നെ വായിക്കാൻ ചെലവഴിച്ചിട്ടുണ്ട്. Deep Psychology വളരെ കൂടുതലായി പ്രയോഗിച്ചിട്ടുള്ളതിനാൽ, അത്രയെളുപ്പമല്ല അവ മനസ്സിലാക്കാൻ. സ്വവർഗ്ഗാനുരാഗികളുടെയും ബ്രഹ്മചര്യവിരോധികളായ വൈദികരുടെയും നേരെയുള്ള അദ്ദേഹത്തിൻറെ അനുകൂലകഴ്ചപ്പാടുകളെ പിൻതാങ്ങി എന്നതിന്റെ പേരിലാണ് റാറ്റ്സിങ്ങറുടെ നിര്ദ്ദേശപ്രകാരം JP II ഫ്രാൻസിൽ ഉള്ള Évreux രൂപതയുടെ ചുമതലയിൽ നിന്ന് Jacques Gaillot നെ നീക്കം ചെയ്തിട്ട് അസ്തിത്വമില്ലാത്ത Partenia (ആഫ്രിക്ക)എന്ന രൂപതയുടെ മെത്രാനായി അവരോധിച്ച് ശിക്ഷിക്കുക മാത്രമല്ല, പരിഹസിക്കുകയും ചെയ്തത്. Jacques Gaillo ആകട്ടെ ഒട്ടും വിട്ടുകൊടുത്തില്ല. സ്വയം ഒരു online Diocese Partenia (www.partenia.org) ഉണ്ടാക്കി വർഷങ്ങളായി ആയിരക്കണക്കിന് വിശ്വാസികൾക്ക് സേവനമനുഷ്ഠിച്ച്, ഒരു കുടിലിൽ ദരിദ്രനായി ജീവിച്ചും മിക്കവാറും സൈക്കിളിൽ സവാരി ചെയ്തും ജീവിക്കുന്നു.

    ഇവർ പൊതുവേദിയിൽ നടത്തുന്ന ഇത്തരം വാഗ്വാദങ്ങളും സംഭാഷണങ്ങളും എന്തുകൊണ്ട് നമ്മുടെ visual media യിൽ ഉണ്ടാകുന്നില്ല? അതിനായി വൈദികർ തന്നെ ആദ്യം മുന്നോട്ടു വരണം. ആരെയാണ് അവർ ഭയപ്പെടുന്നത്. ചിന്തിക്കുന്നവർ ഒരുമിച്ചിരുന്ന് സമകാലിക സഭാവിഷയങ്ങളെ തിരിച്ചും മറിച്ചുമിട്ട്‌ വിശകലനം ചെയ്യണം. മെത്രാന്മാരെയും അതിൽ ഉൾപ്പെടുത്തണം. പൊതുജനവും ചിന്തിക്കാൻ പഠിക്കട്ടെ. തെറ്റും ശരിയും വിലയിരുത്താൻ ശീലിക്കട്ടെ. മുകളിൽനിന്ന് മാത്രമല്ല, താഴ് നിന്നും നവീനമായ നിര്ദ്ദേശങ്ങളും തിരുത്തലുകളും ആകർഷകങ്ങളായ വീക്ഷണങ്ങളും സാദ്ധ്യമാണ് എന്ന് സമൂഹം മനസ്സിലാക്കണം. മാദ്ധ്യമത്തെ ആവോളം ഉപയോഗപ്പെടുത്താതെ ഇന്ന് മുന്നോട്ടു പോകാൻ നമുക്കാവില്ല. പഴയ പാപ്പാമാരും പവ്വത്തിൽ പ്രഭ്രുതികളും ചെയ്തിരുന്നതുപോലെ, ബൗദ്ധികതയെ അടിച്ചമർത്തുകയല്ല, മറിച്ച്, പോപ്‌ ഫ്രാൻസിസ് ചെയ്യുന്നതുപോലെ ഉത്തേജിപ്പിക്കുകയാണ് ഇന്നത്തെ ആവശ്യം.

    ReplyDelete
  4. സാക് പറഞ്ഞത് പോലെ പൊതുവായുള്ള ചർച്ചകൾ നടത്തിയാൽ കാണാം, നമ്മുടെ നാട്ടിലെ ഏറ്റവും തലച്ചോറ് ചുരുങ്ങിപ്പോയ ആൾക്കാർ നമ്മുടെ മെത്രാന്മാർ ആണെന്ന സത്യം. അത് വിശ്വാസികൾക്ക് തന്നെ ഒന്നാന്തരം തെളിവായിരിക്കും, സഭയുടെ അപ്രമാദിത്തത്തിനും കൽദായവാദം പോലുള്ള ചരിത്രവിഡ്ഢിത്തങ്ങൾക്കും മറ്റും പിന്നിൽ പ്രവർത്തിക്കുന്ന തമോർജ്ജങ്ങളുടെ കാര്യത്തിൽ.

    ReplyDelete
  5. http://oshaanaa.blogspot.in/2012/11/blog-post_21.html
    (ഓശാന, ഒക്ടോബര്‍ 1975, വൈദികര്‍ക്കുവേണ്ടി)
    മൂന്നു വ്യാഴവട്ടം മുമ്പ് ഓശാനമാസികയുടെ ആദ്യലക്കത്തില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം ഈ ലേഖനത്തോട് ചേര്‍ത്തുവച്ചു വായിക്കാവുന്നതാണ്. രണ്ടു ലേഖനവും വായിച്ചശേഷം ആത്മാര്‍ഥതയുള്ളവര്‍ എന്നു വായനക്കാര്‍ക്കു തോന്നുന്ന വൈദികരെ ഈ ലേഖനങ്ങള്‍ പരിചയപ്പെടുത്തുന്നത് വലിയൊരു കാര്യമായിരിക്കും.

    ReplyDelete