Translate

Thursday, August 8, 2013

'ദൈവവും അവിടുത്തെ ക്രിസ്തുവും' - സത്യജ്വാല എഡിറ്ററുടെ പ്രതികരണം:

ജോര്‍ജ് മൂലേച്ചാലില്‍

ആദരണീയനായ സ്വാമി സച്ചിദാനന്ദഭാരഥിയുടെ സന്ദേശത്തിലെ (സത്യജ്വാല-2013 ജൂണ്‍ ലക്കം), 'ദൈവവും അവിടുത്തെ ക്രിസ്തുവും' എന്ന പദപ്രയോഗം എന്നിലും മറ്റുപലരിലും സൃഷ്ടിച്ച സന്ദേഹത്തിന്, അദ്ദേഹത്തിന്റെ നിലപാടില്‍നിന്നുകൊണ്ട് വ്യക്തമായ ഒരു മറുപടി നല്‍കാന്‍ സൗമനസ്യം കാട്ടിയതിന്, 'സത്യജ്വാല'യുടെയും 'അത്മായശബ്ദം' ബ്ലോഗിന്റെയും എല്ലാ വായനക്കാരുടെയും പേരില്‍ അദ്ദേഹത്തിനു നന്ദി പറയുന്നു! ആശയസംവാദത്തിലൂടെ, പുറമേനിന്നു ചാര്‍ത്തിക്കിട്ടിയതും അടിച്ചേല്‍പ്പിക്കപ്പെട്ടതുമായ ആശയങ്ങളെ കുടഞ്ഞെറിഞ്ഞ്, കൂടുതല്‍ യുക്തിയുക്തവും തനതുമായ ആശയങ്ങള്‍ കടഞ്ഞെടുത്തു രൂപീകരിക്കാന്‍ ഓരോരുത്തരെയും പ്രേരിപ്പിക്കുകയെന്നത് 'സത്യജ്വാല'യുടെ ഒരു ലക്ഷ്യമാണ്. സ്വാമി സച്ചിദാനന്ദഭാരഥിയുടെ ആശയങ്ങള്‍ അത്തരത്തില്‍, ആഴത്തിലുള്ള ഒരു സര്‍ഗ്ഗസംവാദത്തിനു നിമിത്തമായെങ്കില്‍ എന്നു ഞാനാശിക്കുന്നു.

സ്വാമിജിയുടെ ആശയങ്ങള്‍ വളരെ സ്പഷ്ടമാണ്: ദൈവം ഉള്‍ക്കൊണ്ടിരിക്കുന്ന ദിവ്യബോധ (Devine Consciousness)വും  ദിവ്യചൈതന്യ Devine spirit) വും അതിന്റെ പൂര്‍ണ്ണതയില്‍ സമ്മേളിച്ചിരിക്കുന്നത്, നസ്രത്തില്‍ ജനിച്ച ചരിത്രപുരുഷനായ യേശുവിലാണ്. അഥവാ, ദിവ്യബോധമെന്നാല്‍ ക്രിസ്ത്വവബോധ(Christ Consciousness)മാണ്, ദിവ്യചൈതന്യമെന്നാല്‍ ക്രിസ്തുചൈതന്യ(Christ spirit)മാണ്. ദൈവികമായ ഈ ബോധത്തെയും ചൈതന്യത്തെയും തിരിച്ചറിയുന്നതിന് ദൈവം മനുഷ്യനു നല്‍കിയിരിക്കുന്ന ഏകമാനദണ്ഡം യേശുക്രിസ്തുവാണ്. മറ്റു മതങ്ങളിലും വേദഗ്രന്ഥങ്ങളിലുമുള്ളത് ഈ ക്രിസ്ത്വവബോധത്തിന്റെയും ക്രിസ്തുചൈതന്യത്തിന്റെയും വിവിധ അളവിലും തോതിലുമുള്ള ജൈവസാന്നിദ്ധ്യം മാത്രമാണ്. ചുരുക്കത്തില്‍, യേശുക്രിസ്തുവിലൂടെമാത്രമേ ഏകസത്യദൈവത്തിന്റെ ദര്‍ശനം മനുഷ്യനു സാധ്യമാകൂ. ദൈവികഅവബോധത്തിന്റെയും ചൈതന്യത്തിന്റെയും ഏകമാനദണ്ഡമായി യേശുക്രിസ്തുവിനെ അവതരിപ്പിക്കാന്‍, മെട്രിക് സിസ്റ്റത്തിന്റെ മാനദണ്ഡമായ പ്ലാറ്റിനം-ഇറിഡിയം ദണ്ഡിനോട് യേശുവിനെ ഉപമിച്ചിട്ടുമുണ്ട്, അദ്ദേഹം. 

സ്വാമിജിയുടെ വാക്കുകള്‍ എന്റെ സന്ദേഹങ്ങളെ പെരുപ്പിക്കുകയേ ചെയ്യുന്നുള്ളൂ എന്ന വസ്തുത മൂടിവയ്ക്കാന്‍ എനിക്കു കഴിയുന്നില്ല. എന്ന് ആദ്യമേ പറയട്ടെ.
 അദ്ദേഹം അവതരിപ്പിക്കുന്ന പ്ലാറ്റിനം-ഇറിഡിയം ദണ്ഡിനെത്തെന്നെ എടുക്കാം. അതിന് മെട്രിക് സിസ്റ്റത്തില്‍ മാത്രമല്ലേ മാനദണ്ഡമായിരിക്കാന്‍ കഴിയൂ? അളവു-തൂക്കങ്ങളുടെ ബ്രിട്ടീഷ് സിസ്റ്റത്തില്‍ 'അടി'യല്ലേ മാനദണ്ഡം? പാശ്ചാത്യാധിനിവേശത്തിനുമുമ്പ്, ഓരോ ജനതയ്ക്കും അളവിനും തൂക്കത്തിനും അവരവരുടേതായ അളവുകോലുകള്‍ (മാനദണ്ഡങ്ങള്‍) ഉണ്ടായിരുന്നതല്ലേ? നമ്മുടെ അംഗുലം-കോല്‍, കഴഞ്ച്-പലം സമ്പ്രദായങ്ങള്‍ക്കൊന്നും എന്തെങ്കിലുമൊരു കുറവുണ്ടായിരുന്നതായി കേട്ടിട്ടില്ല. ചുരുക്കത്തില്‍, പാശ്ചാത്യസമ്പ്രദായങ്ങളുടെ, മേധാവിത്വവീക്ഷണത്തോടെയുള്ള അടിച്ചേല്‍പ്പിക്കലിന്റെ ഫലമായല്ലേ, അവയെല്ലാം നശിച്ചതും ഓരോ പാശ്ചാത്യസമ്പ്രദായവും സാര്‍വ്വത്രികമാണെന്ന തോന്നല്‍ ജനങ്ങളില്‍ സൃഷ്ടിച്ച് ഉയര്‍ന്നുനില്‍ക്കുന്നതും? ഇംഗ്ലീഷ് ലോകത്തിന്റെ സാര്‍വ്വത്രികഭാഷയെന്നോണം വിരാജിക്കുന്നത് മറ്റു ഭാഷകള്‍ക്ക് എന്തെങ്കിലും കുറവുള്ളതുകൊണ്ടല്ലല്ലോ.

മെട്രിക് സിസ്റ്റത്തിലെ 'മീറ്റര്‍' എന്ന ദണ്ഡാണ് അളവിന്റെ ഒരേയൊരു മാനദണ്ഡം എന്നു പറയുന്നതുപോലെ അയുക്തികമല്ലേ, ദൈവികതയുടെ ഏക മാനദണ്ഡം ചരിത്രപുരുഷനായ യേശുവാണെന്നു പറയുന്നതിലും എന്നതാണെന്റെ ചോദ്യം. ഉദാഹരണത്തിന്, ഒരു ബുദ്ധശിഷ്യന്‍, അതു ബുദ്ധനാണെന്നു പറഞ്ഞാല്‍ ആര്‍ക്കെന്താണു പറയാനാവുക? ഇവിടെ സ്വാമിജി എഴുതിയ മുഴുവന്‍ കാര്യങ്ങളും 'ബൗദ്ധാവബോധം', 'ബുദ്ധചൈതന്യം' മുതലായ വാക്കുകള്‍ പകരംവച്ചു പറയാനാകുമെന്നാണെനിക്കു തോന്നുന്നത്. കൃഷ്ണന്‍ ദൈവാവതാരമാണെന്നു പറയുമ്പോഴും ദൈവം കൃഷ്ണനായി മാത്രമേ അവതരിക്കൂ എന്നൊരു ഹിന്ദുവും പറയില്ല. 'മാത്രം' എന്ന പദമുപയോഗിച്ച് മറ്റുള്ളവയെയെല്ലാം തള്ളിക്കളയുകയും താഴ്ത്തിക്കെട്ടുകയും ചെയ്യുന്നത് സെമസ്റ്റിക് പാരമ്പര്യമാണെന്നാണ് എന്റെ വിചാരം. ക്രൈസ്തവരായ നമ്മില്‍ വന്നു പതിച്ച ഈ അന്യപൈതൃകപാരമ്പര്യത്തെ നാം കുടഞ്ഞെറിയേണ്ടതുണ്ടെന്നും ഞാന്‍ കരുതുന്നു.

'ഞാനും എന്റെ പിതാവും ഒന്നാണ്' എന്ന, 'അഹം ബ്രഹ്മാസ്മി' എന്ന, അനുഭവത്തില്‍  എത്തിച്ചേരുന്നവരെല്ലാം, ബോധോദയം നേടുന്നവരെല്ലാം, ദിവ്യബോധത്തിലാണ്; ദിവ്യചൈതന്യത്തിലാണ്; ദൈവത്തിലാണ് എന്നു ഞാന്‍ കരുതുന്നു. തന്നെത്തന്നെ ദൈവികസത്തയായി, ആത്മാവായി, തിരിച്ചറിയുന്നവര്‍ മഹാസമുദ്രത്തില്‍ ഒഴുകിയെത്തിയ നദികളെപ്പോലെ, ദൈവികതയില്‍ വിലയം പ്രാപിക്കുകയാണ്. അവരില്‍പ്പിന്നെ ഏറ്റക്കുറച്ചിലുകളുണ്ടാകുക സാധ്യമാണെന്നു തോന്നുന്നില്ല. ക്രിസ്തുവായിത്തീര്‍ന്ന യേശുവും ബുദ്ധനായിത്തീര്‍ന്ന ഗൗതമനും ദൈവത്തിന്റെ മുമ്പില്‍ എന്തെങ്കിലും 'സ്റ്റാറ്റസ്' വ്യത്യാസമുണ്ടാകുമെന്നു ചിന്തിക്കാന്‍ വ്യക്തിപരമായി എനിക്കു കഴിയുന്നില്ല.            

1 comment:

  1. സ്വാമി സച്ചിദാനന്ദ ഭാരതിയുടെ ഏതാനും വാക്യങ്ങളാണ് താഴെ ഉദ്ധരിച്ചിരിക്കുന്നത്.

    1. 'ഞാന്‍ ആരാണെന്നാണ് നീ പറയുന്നത്' എന്ന് പത്രോസിനോട് യേശു ചോദിച്ചപ്പോള്‍, അയാള്‍ പറഞ്ഞത്, 'നീ ക്രിസ്തുവാകുന്നു' എന്നാണല്ലോ.

    = ഇങ്ങനെയൊരു വാക്യം സുവിഷത്തിൽ കണ്ടാലുടനെ മൊത്തം കാത്തലിക് ദൈവശാസ്ത്രവും അതിലുണ്ട് എന്നനുമാനിക്കുന്ന ചിന്താരീതി വ്യതിപരമായ ജീവിതത്തിൽ ഉപകരിച്ചാലും ഒരു പൊതു ചർചയിലൊ പൊതു പഠനവേദികളിലോ അതിനു ഒരു വിലയുമില്ല. പത്രോസിന്റെ ഈ ഏറ്റുപറച്ചിലും അതിനു യേശുവിന്റെതായി കുറിക്കപ്പെട്ട ഉത്തരവുമൊന്നും തർക്കമറ്റ വേദവാക്യങ്ങൾ പോലുമല്ല. ഗഹനമായ ബൈബിൾ പഠനം നടത്തിയിട്ടുള്ളവർക്ക് ഈ വാക്യങ്ങളിൽ യാതൊരു സനാതന സത്യവും ഉൾക്കൊണ്ടിരിക്കുന്നതായി തോന്നുകയില്ല. എന്നാൽ ഒരു വിശ്വാസിക്ക് ഈ വാക്യങ്ങൾ മാത്രമായാലും മതി, അന്ധമായ തന്റെ വിശ്വാസത്തിൽ ജീവിച്ചു മരിക്കാൻ.

    2. 'ഈ ആട്ടിന്‍ പറ്റത്തിനു വെളിയിലും എനിക്ക് ആടുകളുണ്ട് ' എന്ന് യേശു പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ട്, മറ്റേതു മതത്തേയുംകാള്‍ ക്രൈസ്തവസഭകളാണ് ദൈവത്തെയും അവിടുത്തെ ക്രിസ്തുവിനെയും അറിയാന്‍ കൂടുതലായി യത്‌നിക്കേണ്ടത് എന്നു ഞാന്‍ വിശ്വസിക്കുന്നു.

    = യുക്തിബന്ധമില്ലാത്ത രണ്ടു വരികൾ ഇത്തരത്തിൽ കൂട്ടി വായിക്കാൻ ഒരു അഞ്ചാം ക്ളാസുകാരന് പോലും ആകുമെന്ന് തോന്നുന്നില്ല.

    3. 'സത്യദൈവത്തെയും അവിടുത്തെ ക്രിസ്തുവിനെയും' അറിയുകയെന്നാല്‍, നസ്രത്തിലെ യേശുവിലും, യേശുവിലൂടെയും വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ഏക സത്യദൈവത്തെ അറിയുക എന്നതാണ്. സത്യത്തില്‍, യേശുക്രിസ്തുവിലൂടെ മാത്രമാണ് ഏകസത്യദൈവത്തിന്റെ ദര്‍ശനം മനുഷ്യനു സാധ്യമാകുന്നത്.

    = ഇതിനു മുമ്പ് സ്വാമി കുറിച്ചതെല്ലാം തിരിച്ചെടുത്ത്, വീണ്ടുമദ്ദേഹം ഒരു തീവ്രവാദിയുടെ അങ്കി എടുത്തണിഞ്ഞിരിക്കുന്നു എന്നാണു മനസ്സിലാകുന്നത്‌. ഇത്തരക്കാരുമായി ഒരു ചര്ച്ചക്കു ശ്രമിക്കുക സമയത്തിന്റെ പാഴ്വ്യയം മാത്രമാണ്.

    ReplyDelete