Translate

Wednesday, September 25, 2013

മതാദ്ധ്യയനത്തിൽ വീണ്ടും കൃത്രിമം

മതാദ്ധ്യയനത്തിൽ കൃത്രിമം എന്നൊരു കുറിപ്പിൽ ഞാൻ എടുത്തുകാണിച്ച സഭയുടെ ഒരു കള്ളത്തരമാണ് വിവാഹത്തിൽ വൈദികനാണ് കാർമ്മികൻ എന്നെഴുതിവയ്ക്കുകയും അങ്ങനെ പഠിപ്പിക്കുകയും ചെയ്യുന്നത്. ഇത് ആഗോളസഭയുടെ പഠനത്തിന് എതിരാണ്.

"അങ്ങനെ വിവാഹച്ചടങ്ങിലെ യഥാര്‍ത്ഥ കഥാപാത്രങ്ങള്‍ വധുവും വരനും ആയിരിക്കേ, അവര്‍തന്നെ കൂദാശയിലെ കാര്‍മ്മിരും ആണെന്ന്‌  സഭ പഠിപ്പിച്ചുകൊണ്ടിരിക്കേ, (The person who assists at a marriage is understood to be only that person who is present, asks for the manifestation of the consent of the contracting parties, and receives it in the name of the Church. - Catechism of the Cath. Church, Sec.2, Ch.3, Art.7) ഈ പഠനത്തിനെതിരായി, സംഭവസ്ഥലത്ത് നില്‍ക്കുന്ന വൈദികനാണ്, (പിടിപാടുള്ളവരാണെങ്കില്‍ മെത്രാനുമാകാം) അവിടെ കാര്‍മ്മികനെന്ന ഈ പാഠഭേദം എങ്ങനെയുണ്ടായി? ഇതല്പം അതിരുകടന്ന പണിയല്ലേ?" To read the article, kindly visit: http://almayasabdam.blogspot.in/2012/09/blog-post_12.html


clericalism കാടുകയറുന്നു
പത്താംക്ലാസ്സിൽ ഉപയോഗിക്കുന്ന പ്രകാശത്തിന്റെ പാതകൾ എന്ന പുസ്തകത്തിൽ വേറൊരു വിചിത്ര തിരുത്ത് ഈയിടെ കാണാനിടയായി. കൂദാശകളെപ്പറ്റിയുള്ള ഈ പാഠപ്പുസ്തകത്തിൽ അദ്ധ്യായം എട്ട് വിവാഹത്തെപ്പറ്റിയാണ്. ആലോചനയില്ലാതെ എഴുതിക്കൂട്ടിയ ചില തെറ്റുകൾ താള് 75ൽ ഉണ്ട്. "വിവാഹബന്ധം കൂദാശയാകുന്നത് വൈദികന്റെ മുമ്പിൽ വച്ച് നടത്തുന്ന സമ്മതത്തോടെ ആണല്ലോ." അല്ലെന്നും, വൈദികനില്ലെങ്കിലും വിവാഹം കൂദാശതന്നെയാണെന്നും ഞാൻ സൂചിപ്പിച്ച കുറിപ്പിൽ വിശദമാക്കിയിട്ടുണ്ട്. "ക്രൈസ്തവരുടെ ശരീരം ദൈവത്തിന്റെ ആലയമാണല്ലോ." എല്ലാ മനുഷ്യരുടെയും ശരീരം ദൈവത്തിന്റെ ആലയാമാണെന്നുള്ള സത്യം ഇവിടെ തരംതാഴ്ത്തപ്പെടുകയാണ്. എന്നാൽ, ഇതിലൊക്കെ വിചിത്രമെന്നു മാത്രമല്ല, കരുതിക്കൂട്ടി എങ്ങനെയാണ് ഒരു സത്യത്തെ വളച്ചൊടിച്ച്, യുവഹൃദയങ്ങളിൽ തെറ്റായ ഒരാശയം കുഴിച്ചിടുന്നത് എന്നതിനുദാഹരണം താള് 76ൽ വായിക്കാം: "ലത്തീൻ സഭയിൽ ദമ്പതികളാണ് വിവാഹത്തിന്റെ കാർമ്മികർ; എന്നാൽ പൌരസ്ത്യസഭയിൽ വൈദികനാണ് കൂദാശ പരികർമ്മം ചെയ്യുന്നത്."

മറ്റ് കൂദാശകളെയപേക്ഷിച്ച്, വിവാഹമെന്ന കൂദാശ പൂർത്തീകരിക്കപ്പെടുന്നത്‌, കാർമ്മികർ വാക്കാലെ നടത്തിയ ഉഭയസമ്മതം ശാരീരികമായ ബന്ധത്തിലൂടെ സ്ഥിരീകരിക്കപ്പെടുമ്പോൾ ആണ്. അത് നടക്കാത്തിടത്തോളം കാലം വിവാഹം null and void ആയി പ്രഖ്യാപിക്കാൻ ഏത് കോടതിയിലും (രാഷ്ട്രത്തിന്റെയും സഭയുടെയും) നിയമപരമായ വകുപ്പുണ്ട്. അത് മറന്നുകൊണ്ടാണ് ഇപ്പോൾ വിവാഹത്തിൽ കാര്മ്മികസ്ഥാനത്തേയ്ക്ക് പുരോഹിതനെ തിരുകിയിരിക്കുന്നത്. എന്തൊരസംബന്ധമാണിതെന്നു ആലോചിച്ചു നോക്കൂ. 

അസത്യപരമായ ഈ തിരുത്തൽ എന്തുകൊണ്ട് തിരുകിക്കയറ്റി എന്ന് ഈ പാഠപ്പുസ്തകം രചിച്ചവരും അതിനനുമതി കൊടുത്തവരും ഉത്തവാദിത്വം ഏറ്റെടുത്ത് വ്യക്തമാക്കണം. 2005ൽ മാർ ആലഞ്ചേരി പാഠപ്പുസ്തക കമ്മറ്റി ചെയർമാൻ ആയിരിക്കെയാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. ആഗോളസഭയുടെ പഠനങ്ങളിൽ നിന്ന് വഴിമാറുന്ന ഈ പ്രവണത തിരുത്തപ്പെടണം. സഭയെ ഇന്നഭിമുഖീകരിക്കുന്ന പരീക്ഷകളിൽ ഒന്നായി പൌരോഹിത്യാധിപത്യത്തെ (clericalism) പോപ്‌ ഫ്രാൻസിസ് ഈ അടുത്ത നാളുകളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. (See Soul and Vision, Sept. 2013 issue.)

The last temptation of the church is to clericalism, which, as its name implies, is a particular tendency
for bishops and priests. Pope Francis arguments that often, the laity is complicit. He believes that the phenomenon of clericalism explains, in great part, the lack of maturity and christian freedom in the Church.

വൈദികർ അല്മായരുടെ മുതുകത്തു കയറിനിരങ്ങുന്ന ഈ പ്രവണത മാറാതെ സഭയിൽ ഒരു നവീകരണവും സാദ്ധ്യമല്ല. എല്ലാം തങ്ങളുടെ അധികാരപരിധിയിൽ കൊണ്ടുവരിക, അതിനപ്പുറത്ത് ആരെയും ഒന്നിനും കൊള്ളാത്തവരാക്കുക എന്ന നീചതന്ത്രമാണ് ഇവിടെ പ്രയോഗിക്കപ്പെടുന്നത്. പോപ്‌ അത് തിരിച്ചറിയുന്നുണ്ട്. നമുക്കും അതിനെ ചെറുത്തുനില്ക്കാനുള്ള കടമയുണ്ട്. ഈ വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകരോട് ഇക്കാര്യത്തിൽ വിശദീകരണം തേടാൻ വിദ്യാർഥികൾ തന്റേടം കാണിക്കണം.

വൈദികന്റെ സാന്നിദ്ധ്യമില്ലാതെയും വിവാഹമാകാം.
വായിക്കുക: http://znperingulam.blogspot.in/search/label/Report

13 comments:

 1. സാക്ക് വരാൻപോകുന്ന നൂറുകൊല്ലം മുമ്പോട്ട് ചിന്തിക്കുന്നു. സഭ ഒരു മുന്നൂറുകൊല്ലം പുറകിലും. പുതിയ പുതിയ ടെക്കനോളജികൾ കാലത്തിനനുസരിച്ച് മാർക്കറ്റിൽ ഇറക്കുവാൻ അടുത്ത 25 വർഷത്തേക്ക് ഇപ്പോഴെ ഗവേഷകരുടെ പണിപ്പുരകളിൽ പ്രോഗ്രാം ചെയ്തുവെച്ചിട്ടുണ്ട്. കാലക്രമേണ പടിപടിയായി മാത്രമേ ആധുനിക ടെക്കനോളജികൾ ഉപഭോക്താക്കൾക്ക് നല്കുകയുള്ളൂ. പുതിയത് വരുമ്പോൾ പഴയത് കാലഹരണപ്പെടും. യൂറോപ്പിലും അമേരിക്കയിലും ഒരു ടെക്കനോളജി കാലഹരണപ്പെടുമ്പോഴായിരിക്കും ഇന്ത്യാപോലുള്ള മൂന്നാംരാജ്യങ്ങളിൽ അവിടുത്തെ പഴയത് പ്രത്യക്ഷപ്പെടുന്നത്. സാംസ്ക്കാരികമായി കേരളം പാശ്ചാത്യരീതികളെ ഇന്ന് അനുകരിക്കുന്നു. എന്നാൽ മതത്തിന്റെ പ്രോഗ്രാമിംഗ് ദൈർഘ്യം ഒരു ബാർബേറിയൻ യുഗമാണ്.

  കഴിഞ്ഞ കാലങ്ങളിലെ ജീവിതരീതികളെ ഒന്ന് ചിന്തിച്ച് നോക്കൂ. പുരുഷന്മാർക്ക് തോളിൽ തോർത്തും അരയിൽ മുണ്ടും സ്ത്രീകൾക്ക് കച്ചമുറിയും ചട്ടയും ഇന്ന് കാലഹരണപ്പെട്ട വേഷങ്ങളാണ്. കൗപീനധാരികളെ ഇന്ന് കാണ്മാനെയില്ല. അത്തരം പൗരാണിക വേഷങ്ങൾ ഇന്ന് കാണണമെങ്കിൽ കാഴ്ചബംഗ്ലാവിൽ പോവണം. അതുപോലെ സീറോ മലബാർസഭയുടെ ആചാരങ്ങളെ പാശ്ചാത്യദേശത്തെ കാഴ്ചബംഗ്ലാവിൽ പോയാൽ ഇന്ന് കാണാൻ സാധിക്കും. പള്ളിയിലെ കുർബാന കഴിഞ്ഞാൽ പാശ്ചാത്യകന്യാസ്ത്രികളും പുരോഹിതരും നീണ്ട കുപ്പായങ്ങൾ ധരിച്ചുകൊണ്ട് സഞ്ചരിക്കാറില്ല. അടയാളമായി പുരോഹിതർക്ക് കഴുത്തേൽ കോളറും കന്യാസ്ത്രികൾക്ക് കഴുത്തേൽ കുരിശും കാണും. ഇത്രയും വലിയ ഉഷ്ണരാജ്യത്ത് കന്യാസ്ത്രികളെ കുപ്പായം ഇടുവിച്ച് നടത്തുന്നതും അവരോട് ചെയ്യുന്ന ക്രൂരത തന്നെ.

  കഴിഞ്ഞ തലമുറകളിൽ ദമ്പതികൾ പരസ്പരം കണ്ടുമുട്ടുന്നത് വിവാഹകർമ്മത്തിൽ വൈദികന്റെമുമ്പിൽ തലകുനിക്കുന്ന സമയത്തായിരുന്നു. ‍ വിവാഹത്തിനുമുമ്പ് പെണ്ണിനെ കാണാൻ ചെറുക്കന് അവകാശം കൊടുക്കാതെ അന്നത്തെ മുരടിച്ച കാരണവന്മാർ വിവാഹനിശ്ചയം നടത്തുമായിരുന്നു. അത്തരം വികൃതതലമുറകളും കടന്നുപോയി. അനുജത്തിയെ കാണിച്ച് സമയമാകുമ്പോൾ മുടന്തിചേടത്തിയെ കൊണ്ടുവന്നാലും പുരോഹിതൻ കെട്ടിച്ചുകൊടുക്കുമായിരുന്നു. സമൂഹത്തെ പേടിച്ച് വധുവരന്മാർ നിശബ്ദമായി വിവാഹത്തിനും സമ്മതിക്കുമായിരുന്നു. ഇന്നാണെങ്കിലും സമൂഹത്തെ ഭയന്ന് വിവാഹം പോലുള്ള കർമ്മങ്ങൾക്ക് പുരോഹിതരില്ലാതെ ചെറുപ്പക്കാർ സമ്മതിക്കില്ല.

  പെണ്ണും ചെറുക്കനും തമ്മിൽ വർത്തമാനം പറഞ്ഞാൽ ഒരിക്കൽ പള്ളിസ്കൂളുകളിൽ നിന്ന് പുറത്താക്കുമായിരുന്നു. അസൂയ പിടിച്ച അത്തരം പുരോഹിതരുടെ കാലം കഴിഞ്ഞില്ലേ. അതുപോലെ നവീകരണ മാറ്റങ്ങൾക്കായി നമുക്കും കാത്തിരിക്കാം.
  പാശ്ചാത്യനാടുകളിലും അമേരിക്കയിലും കത്തോലിക്കാ പുരോഹിതർ പാർട്ടിഹാളിൽ വിവാഹം നടത്തികൊടുക്കാറുണ്ട്. കേരളത്തിൽ എഴുപതുകൾക്കുമുമ്പ് വിവാഹം വളരെ ലളിതമായിട്ടായിരുന്നു സാധാരണക്കാർ ആഘോഷിച്ചിരുന്നത്. 'പെണ്ണൊറപ്പിക്കുന്ന ചടങ്ങ്' അടുത്ത അമ്മാവന്മാരും ബന്ധുജനങ്ങളും മാത്രം പങ്കുകൊണ്ട് ലളിതമായരീതിയിൽ ആയിരുന്നു അക്കാലങ്ങളിൽ ആചരിച്ചിരുന്നത്‌. പിന്നീട് പ്രവാസികളുടെ ഒഴുക്കോടെ പാശ്ചാത്യരീതികൾ കേരളത്തിലേക്ക് വ്യാപിച്ചു. പ്രവാസി തിളക്കവും പുതുപ്പണങ്ങളുടെ ഒഴുക്കും കേരളത്തിലെ പരമ്പരാഗതങ്ങളായ സംസ്ക്കാരത്തെ തന്നെ നശിപ്പിച്ചു. ചെറുപ്പകാലങ്ങളിൽ ദുഃഖപൂർണ്ണമായ ദാരിദ്രത്തിൽക്കൂടി ജീവിച്ചവരാണ് പ്രവാസിജനത്തിലെ ഭൂരിഭാഗം ജനവും. തങ്ങൾക്ക് ലഭിക്കാത്ത പലതും മക്കൾക്ക്‌ കൊടുത്ത് അവരെ ധാരാളികളായി വളർത്തിയതിന്റെ ദുരിതഫലമാണ് ഇന്നവർ അനുഭവിക്കുന്നത്.

  ആർഭാടവിവാഹം മാതാപിതാക്കൾ ആഗ്രഹിക്കുന്നില്ലെങ്കിലും വിവാഹമോഡികൾ അഭിമാനത്തിന്റെ പ്രശ്നങ്ങളായി കരുതുന്നു. പാശ്ചാത്യസംസ്ക്കാരത്തിൽ കല്യാണങ്ങളും വിവാഹ മോചനത്തിനുള്ള കോടതി ചിലവുകളും വീണ്ടും രണ്ടാം കല്യാണങ്ങളും കൂടി നടത്തികഴിയുമ്പോൾ ഒരുവന്റെ ജീവിതകാലത്തുണ്ടാക്കിയ സമ്പാദ്യം മുഴുവൻ നിരപ്പായി കഴിഞ്ഞിരിക്കും. പുതിയ തലമുറകളോട് ചുറ്റുമുള്ള പാവങ്ങളെപ്പറ്റിയും മാതാപിതാക്കളുടെ ചെറുപ്പകാലങ്ങളിലുള്ള കഷ്ടപ്പാടുകളെപ്പറ്റിയും പറഞ്ഞാൽ അവർ ശ്രദ്ധിക്കുകയില്ല. മുത്തച്ചനും മുത്തമ്മയും കൂട്ടുകുടുംബവും ഗ്രാമീണജീവിതവും ഉണ്ടായിരുന്ന കാലങ്ങളിൽ മനുഷ്യനിൽ മനുഷ്യത്വം ഉണ്ടായിരുന്നു.

  കോടതിയിലുള്ള വിവാഹങ്ങൾ നിയമത്തിന്റെ മുമ്പിൽ സാധുവെങ്കിലും കത്തോലിക്കാസഭ അംഗികരിക്കില്ല. പുരോഹിതൻ അനുഗ്രഹിച്ച് പള്ളി രജിസ്റ്ററിൽ രണ്ട് സാക്ഷികൾ സഹിതം ഒപ്പിടണമെന്നുള്ളതു വിവാഹത്തിന്റെ സാമൂഹിക സഭാനിയമമാണ്. പത്തുപുരോഹിതരും തൊപ്പിയും അംശവടിയും വിവാഹിതരാകുന്നവർക്ക് വേണം. കൂട്ടത്തോടെയുള്ള സമൂഹബലി കാട്ടിലെ കുറുക്കൻ ഒലിയാൻ കൂവുന്നതുപോലെയുമാവണം.

  വിവാഹത്തിൽ വൈദികനാണ് കാർമ്മികൻ എന്നത് തെറ്റായ വ്യാഖ്യാനമെങ്കിലും വൈദികനില്ലാതെ ഒരു വിവാഹം നടത്തുവാൻ സമൂഹം ചിന്തിക്കുകപോലും ഇല്ല. വിവാഹിതരാകുന്നവരിൽനിന്നും കുഞ്ഞാടിനെ തോലുൾപ്പടെ തിന്നാൻ ചെന്നായ്ക്കൾ കാത്തുകിടക്കുകയാണ്.

  ReplyDelete
 2. സാക്കും, ജോസഫ് മാത്യുവും എഴുതിയ സത്യങ്ങള്‍ ആര്ക്കും അറിയാത്തതല്ല. കത്തോലിക്കാ സഭ ഒറ്റപ്പെട്ടു തന്നെയാണ് നില്ക്കുന്നത്. ഒരു വശത്ത്‌ ഭീമാകായനായ ഫ്രാന്സിസ് മാര്പ്പാപ്പയും മറുവശത്ത്‌ പക്ഷാപാതം സംഭവിച്ച ഒരു ജനതതിയും. ഇതാര്ക്കും അറിയാത്തതല്ല. പഠിപ്പിക്കുന്നത് ശരിയാണെന്നുള്ള ചിന്തയോടു കൂടിയല്ല മതാദ്ധ്യാപകര്‍ ഇതേറ്റുപറയുന്നതും. യേശുവിനെ ഇതിന്റെ ഇടയില്‍ ഇട്ട് വട്ടു കളിപ്പിക്കേണ്ടതില്ലെന്നു തന്നെയാണ് എല്ലാവരും ചിന്തിക്കുന്നതും. എല്ലാം ഒരഡ്ജസ്റ്റ്മെന്റില്‍ അങ്ങു പോവുന്നു. വട്ടായിയുടെ കാലവും പൊയ്ക്കൊണ്ടിരിക്കുന്നു. അങ്ങേരും മടുത്തു. അമേരിക്കയില്‍ താമരക്കുരിശ് പരിപാവനമാണെന്നു വാദിച്ച് ഒരു കുറിപ്പ് അരമന വക പുറത്തിറങ്ങിയിട്ടുണ്ടെന്നു കേട്ടു. രണ്ടായിരം വര്ഷം ക്രിസ്ത്യാനികള്‍ പൂജിച്ചുകൊണ്ടിരുന്ന തൂങ്ങപ്പെട്ട രൂപത്തില്‍ കാണുന്നത് ശവമാണെന്ന് മേജര്‍ ആര്ച്ച്ു ബിഷപ്പിന്റെ അമേരിക്കയിലുള്ള സഹോദരനായ വൈദികന്‍ പ്രസംഗിച്ചതും നാം കേട്ടു. ഈ ശവം പെട്ടിയിലാക്കി ദുഃഖ വെള്ളിയാഴ്ച്ച അമേരിക്കയില്‍ പ്രകടനം നടത്തിയതും നാം കണ്ടു.

  മതാദ്ധ്യായനത്തില്‍ കൃത്രിമം! പി.ഓ.സി. ബൈബിളിലെ കൃത്രിമങ്ങള്‍ ഒന്നും സാക്ക്‌ കണ്ടില്ലെന്നു തോന്നുന്നു. ഒരു കത്തോലിക്കാ വൈദികന്‍ എന്നു കേള്ക്കുമ്പോഴേ ഏതോ ഒരു സാമൂഹ്യ ദ്രോഹിയെന്ന ചിന്തയാണ് പൊതുജനങ്ങളുടെ ഇടയില്‍ ഇപ്പോള്‍ ഉള്ളത്. സ്വയം ഉണ്ടാക്കിയ ഈ പേരുദോഷം അവര്‍ തന്നെ പരിഹരിക്കട്ടെ. രാസ്നാദിക്ക് പനി പിടിച്ചാല്‍ മരുന്നില്ല; കുറുന്തോട്ടിക്കു വാതം വന്നാലും മരുന്നില്ല.

  ആശ്വാസത്തിന് ഒരു വാര്ത്ത കേട്ടത് യൂറോപ്പില്‍ അസ്വസ്ഥരായ സീറോ മലബാര്‍ ക്രിസ്ത്യാനികള്‍ ഫ്രാന്സി‍സ് മാര്പ്പാ പ്പയുടെ ചേമ്പറിലേക്ക് ഒരു തുരങ്കം നിര്മ്മിച്ചു വെന്നുള്ളതാണ്. ഇപ്പോള്‍ കേരള വാര്ത്ത കള്‍ നേരിട്ട് അങ്ങെത്തുന്നുണ്ട്. മാര്പ്പാപ്പയുടെ പല പ്രഖ്യാപനങ്ങളും കേട്ടപ്പോള്‍ എനിക്ക് നേരത്തെ സംശയം ഉണ്ടായിരുന്നു.

  ReplyDelete
 3. അടുത്തതായി, പണ്ടൊരു കാലത്ത് ഹിന്ദു പൂജാരികൾ ചെയ്തിരുന്നതുപോലെ, വിവാഹകർമ്മം പൂർത്തീകരിക്കാൻ മണിയറയിലും, വേണ്ടിവന്നാൽ അത് കഴിഞ്ഞും, തങ്ങളുടെ സഹായം ഉറപ്പുവരുത്താനും സീറോ മലബാർ സഭയിലെ വൈദികർ അവകാശവാദമുന്നയിക്കുകയില്ലെന്ന് ആരറിഞ്ഞു? "കന്യകകളുടെ മണവാളനായ" യേശുവിന്റെ സ്ഥാനമാണ് തങ്ങളുടേത് എന്നാണല്ലോ വയ്പ്!

  ReplyDelete
 4. ഈ അടുത്ത ദിവസം ഒരു ബാങ്കുദ്യോഗസ്ഥൻ പറഞ്ഞറിഞ്ഞതാണ്. പാലായിലെ അവരുടെ ബാങ്കിൽ രൂപതയ്ക്ക് ഒരു വലിയ തുക വായ്പ അടച്ചുതീർക്കാനുണ്ട്. പല അവുധികളും കഴിഞ്ഞിട്ടും തിരിച്ചടക്കാനുള്ള ലക്ഷണം കാണാഞ്ഞിട്ട്, ലോണുമായി ബന്ധപ്പെട്ട് തന്റെ ഓഫീസിലെത്തിയ വൈദികനോട് മനേജേർ പറഞ്ഞു. അങ്ങനെയെങ്കിൽ ജപ്തി നടപടികളുമായി ഞങ്ങള്ക്ക് മുന്നോട്ടു പോകേണ്ടി വരും എന്ന്. അങ്ങേര് ക്ഷോപിതനായി തട്ടിക്കയറി: "ഈ ളോഹയുടെ വില താങ്കൾക്കറിയാമോ?" ങാ, ഒരഞ്ഞൂറു വരുമായിരിക്കും എന്ന് മാനേജറും തട്ടിവിട്ടു. വൈദികൻ ക്രൂദ്ധനായി തിരിച്ചുപോയി. പിറ്റേ ദിവസം തന്നെ പാവം മാനേജർക്ക് സ്ഥലം മാറ്റം കിട്ടി! കാഞ്ഞിരപ്പള്ളി അറക്കലിന്റെ ഒട്ടും താഴെയല്ല പാലായിലെ കല്ലറങ്ങാട്ടും എന്നറിയുക.

  ReplyDelete
 5. Hoping it would promote further discussion in the matter, I'm putting down here a comment I received from fr. Jijo Kurian of Assisi magazine.

  Dear Mr. Zach,
  Being in total agreement with the spirit of the article I have a few factual observations to make:
  1. I suppose that you aware of the existence two codes of Canon Law within the Catholic Church: One for Latin (Western) Church (CIC) and another for Oriental Churches (CCEO). According to CIC (can.1116), the spouses are the ministers of the sacrament of marriage; and bishop/priest/deacon/ laity is present as witness from the part of the church. Whereas, according to CCEO (Can. 830 - 36), bishop/priest is the proper minister of the sacrament of marriage. Therefore, it is not a recent invention by some priests or bishops.

  2. While not questioning the validity of a marriage contracted by mutual consenting parties before civil law or in any religion (or even inter-religiously), the issue at question is the sacramentality of the the marriages (within catholic church) which are not witnessed by (ministered by in case of Eastern chruches) an official representative of the church. According to the teaching of the church, no sacrament is an individual's act (with complete respect to 'the full freedom the individuals as basic deposition' for the reception of any sacrament), but an "act of the church". ("Faith/Religion is a private business" is the overwhelming slogan of the privatized and globalized western world). Sacramentality of a valid marriage is guaranteed only when it is celebrated as an act of the church with one's brothers and sisters in faith.

  3. With regard to the 'proper minister of the sacrament of marriage' I personally feel that the theology of the Latin church is healthier. What is questionable is the theology of the eastern churches from which emerges the practice.
  Love,
  Jijo Kurian

  ReplyDelete
 6. പാശ്ചാത്യമായാലും പൗരസ്ത്യമായാലും കാനോന്‍ നിയമങ്ങള്‍ കൂനന്‍നിയമങ്ങളാണെന്ന് സഭാചരിത്രകാരന്മാര്‍ ഏവരും സമ്മതിച്ചിട്ടുള്ളതാണ്. ശ്രീ ചാക്കോ കളരിക്കല്‍ സഭാനവീകരണത്തിലേക്ക് ഒരു വഴി എന്ന പുസ്തകത്തിന്റെ 40,41 പേജുകളിലായി ഇതിനെപ്പറ്റി എഴുതിയിട്ടുള്ളത് വായിക്കൂ:
  കാനോന്‍ നിയമങ്ങള്‍
  സഭയുടെ അന്ധകാരയുഗങ്ങളില്‍ റോമന്‍ പുരോഹിതരും ക്രിസ്തീയ സന്ന്യസ്തരും രാവും പകലും ഒന്നുപോലെ പണിയെടുത്താണ് കാനോന്‍ നിയമസംഹിതയ്ക്ക് രൂപം നല്‍കിയത്. പസഫിക് മഹാസമുദ്രത്തിലെ പവിഴപ്പുറ്റുകള്‍ നിറഞ്ഞ പവിഴദ്വീപുകള്‍ നൂറ്റാണ്ടുകള്‍ കൊണ്ട് രൂപപ്പെടുന്നതുപോലെ അഞ്ചു നൂറ്റാണ്ടുകള്‍കൊണ്ടാണ് കാനോന്‍ നിയമസംഹിതയും (Corpus Juris Canonici) രൂപപ്പെട്ടത്. ബൃഹത്തായ അധികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന റോമിലെ ഈ നിയമപുസ്തകം ആധുനികലോകത്തെ അത്ഭുതങ്ങളിലൊന്നാണ്. മാര്‍പ്പാപ്പയുടെ പരമാധികാരത്തെ അരക്കിട്ടുറപ്പിക്കാന്‍ എല്ലാവിധത്തിലും സഹായകമാകത്തക്ക രീതിയിലാണതിന്റെ ഘടന.
  1140-കളില്‍ ബൊളോഞ്ഞയിലെ (Bologna) ഒരു സന്ന്യാസിയായിരുന്ന ഗ്രേഷ്യനാണ് കള്ളപ്രമാണങ്ങള്‍ ഉദാരമായി ഉപയോഗിച്ച് കത്തോലിക്കാസഭയെ പാപ്പാമതമാക്കുന്നതിനുള്ള നിയമാവലിക്ക് അടിസ്ഥാനമിട്ടത്. ഗ്രേഷ്യന്റെ നിയമാവലി (Decretum Gratiani) എന്നാണത് അറിയപ്പെട്ടത്. യൂജീനിയൂസ് മൂന്നാമന്‍ മാര്‍പ്പാപ്പാ (Pope Eugenius III, 1145-1153) ഈ നിയമാവലി അംഗീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പാശ്ചാത്യലോകത്തെ ഏറ്റം വലിയ അധികാരിയായിത്തീരുകയും ചെയ്തു.
  മൂന്നാം യൂജീനിയൂസ് മാര്‍പ്പാപ്പയ്ക്കുശേഷം ഭരിച്ച എല്ലാ മാര്‍പ്പാപ്പമാരും ഈ നിയമാവലിയില്‍ പുതിയ പുതിയ നിയമങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഏകദേശം 500 വര്‍ഷത്തെ വളര്‍ച്ചയ്ക്കുശേഷം 1582-ല്‍ കാനോന്‍ നിയമസംഹിതയുടെ ഒരു പതിപ്പ് പുറത്തിറങ്ങി. അതിനുശേഷം 1918-ലാണ് തികഞ്ഞ ഒരു കാനോന്‍ നിയമപ്പുസ്തകം പുറത്തിറങ്ങുന്നത്.
  1983-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ ലത്തീന്‍ സഭയ്ക്കു വേണ്ടിയുള്ള പുതുക്കിയ കാനോന്‍ നിയമസംഹിതയും 1991-ല്‍ പൗരസ്ത്യസഭകള്‍ക്കുള്ള പുതിയ കാനോന്‍ നിയമസംഹിതയും പ്രസിദ്ധം ചെയ്യുകയുണ്ടായി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ ചില നിര്‍ദേശങ്ങളെ അപ്പാടെ അവഗണിച്ചുകൊണ്ടാണ് പുതുക്കിയ കാനോന്‍നിയമം ക്രോഡീകരിച്ചത്. എന്റെ അഭിപ്രായത്തില്‍ ആധുനിക കത്തോസിക്കാസഭയ്ക്കു സംഭവിച്ച ഏറ്റവും വലിയ അപചയമാണ് ഈ പുതിയ കാനോന്‍നിയമസംഹിത. റോം ഉള്ളിടത്തോളം കാലം കാനോന്‍നിയമ സംഹിത വളര്‍ന്നുകൊണ്ടേയിരിക്കും.
  പണ്ടുകാലത്ത് മഹാരാജാക്കന്മാര്‍ക്ക് വിനോദവെടിക്കുവേണ്ടി വന്യമൃഗങ്ങളുള്ള വനങ്ങളെ കാത്തുസൂക്ഷിക്കുമായിരുന്നു. സഭാവനത്തില്‍ ഒരു ബില്ല്യനില്‍ കൂടുതല്‍ മനുഷ്യ (വന്യ) മൃഗങ്ങള്‍ അധിവസി ക്കുന്നുണ്ട്. മാര്‍പ്പാപ്പായ്ക്ക് വ്യക്തികളെ വെടിവച്ചുവീഴ്ത്താനുള്ള ആയുധമാണ് കാനോന്‍നിയമം. സ്‌നേഹത്തിന്റെ പശ അതിലൊട്ടുമില്ല. ലൗകിക അധികാരമോ ആധ്യാത്മിക അധികാരമോ അല്ലത്. പൊന്തി ഫിക്കലധികാരമാണതിലുള്ളത്. കാനോന്‍നിയമപ്രകാരം മാര്‍പ്പാപ്പായ്ക്കു മുകളില്‍ ഈ ലോകത്ത് വേറൊരധികാരിയില്ല. ''ദൈവമല്ലാതെ, മാര്‍പ്പാപ്പയ്ക്കു മുകളില്‍ മറ്റൊരു അധികാരി ഇല്ലാത്തതിനാല്‍ മാര്‍പ്പാപ്പ യുടെ തീരുമാനങ്ങള്‍ക്കെതിരായി അപ്പീല്‍ കൊടുക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. മാര്‍പ്പാപ്പയെ വിധിക്കാന്‍ മറ്റൊരു അധികാരിക്കും കഴിയില്ല.''(പൗരസ്ത്യസഭകളുടെ കാനോനകള്‍ സഭാജീവിതത്തില്‍, Oriental Institute of Religious Studies, India, Vadavathoor, Third Edition, August 15, 2009, p. 92) റോമിന്റെ അഹന്ത അപാരം തന്നെ!
  സഭാനവീകരണം ലക്ഷ്യമിടുന്നുണ്ടെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ കാനോന്‍ നിയമങ്ങളെ നിഷേധിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പായക്ക് കഴിയേണ്ടതാണ്.

  ReplyDelete
  Replies
  1. ഇതിലും മെച്ചമായ ഒരുത്തരം ഈ വിഷയത്തിൽ ലഭ്യമല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ശ്രീ കളരിക്കലിനും അദ്ദേഹത്തിൻറെ കൃതിയിൽ നിന്ന് ഇത്ര അനുയോജ്യമായ ഒരു ഭാഗം കണ്ടെടുത്ത് പോസ്റ്റ്‌ ചെയ്തതിന് ജൊസാന്റണിക്കും ഹൃദ്യമായ അഭിനന്ദനം. മനുഷ്യൻ നിയമത്തിനു വേണ്ടിയല്ല, മറിച്ച് നിയമം മനുഷ്യനുവേണ്ടിയാണ് എന്ന് യേശുവിനോടൊപ്പം നമ്മുടെ പാപ്പാകൂടെ ആവർത്തിച്ചാലെങ്കിലും നിയമം ഉരുവിട്ടുരുവിട്ട് മരച്ചുപോയ തലകളിൽ വെളിച്ചം വീശുമെന്ന് പ്രത്യാശിക്കാം.

   Delete
 7. എന്താണ് ഈ കാനോൻ നിയമം? സഭയുടെ അച്ചടക്കത്തിനായുള്ള ദൈവികനിയമമെന്ന് നിയമം പഠിച്ച പുരോഹിതർ അല്മെനികളെ വിശ്വസിപ്പിക്കുന്നു. ക്രിസ്തുവിന്റെ വചനങ്ങൾ കാനോൻ നിയമങ്ങളോ പുതിയ നിയമമോ ഏതെന്നുള്ളത് പണ്ഡിതർ വ്യക്തമായി ഒരുത്തരം നല്കുന്നില്ല. ക്രിസ്തു കേട്ടിട്ടില്ലാത്ത കാനോൻ നിയമങ്ങൾ കാട്ടാള യുഗങ്ങളിലെ മനുഷ്യൻ നിർമ്മിച്ചതാണ്. കിരാത യുഗത്തിലെ റോമായിലുള്ള ശവം തീനികളിൽനിന്നും രക്തരക്ഷസുകളിൽനിന്നും ഉദയം ചെയ്തതാണ് ഇതിലെ കോഡീകരിച്ച നിയമങ്ങളെല്ലാം തന്നെയെന്നും സംശയമില്ല. .

  ലത്തീൻ റീത്തുകളിലെ കാനോൻ നിയമത്തിൽ വിവാഹകർമ്മങ്ങളിൽ വിവാഹം കഴിക്കുന്നവരാണ്‌ പ്രധാന കാർമ്മീകരെന്ന് മനസിലാക്കുന്നു. അതിൽ കൽദായവിഷം ചേർത്തപ്പോൾ പൌരസ്ത്യറീത്തിൽ വിവാഹം എന്ന കൂദാശയിൽ പുരോഹിതൻ പ്രധാന കഥാപാത്രവും കാർമ്മികനുമായി. എന്താണിത്, രണ്ടുതരം ദൈവനിയമങ്ങളോ? അതായിരിക്കാം ചില ഓർത്തോഡോക്സ് സഭകളിൽ പുരോഹിതൻ പെണ്ണിന്റെ കഴുത്തിൽ താലികെട്ടുന്നതും. ഇതിനുത്തരം 'തെരസാ' ഇന്നലത്തെ പോസ്റ്റിൽ കൊടുത്തിട്ടുണ്ട്. നമ്പൂതിരി ചെയ്യുന്നതുപോലെ പുരോഹിതനും ഒരു പുടവ പെണ്ണിന് കൊടുത്താൽ കാർമ്മികത്വം പൂർണ്ണമാകും. മിന്നുകെട്ടും പുടവ കൊടുക്കലും പുരോഹിതൻ നടത്തിയ സ്ഥിതിക്ക് ഇനി കിടക്ക അയാൾക്ക് വിരിച്ചാൽ മതിയാകും.

  കിഴക്കിനും പടിഞ്ഞാറിനും നിയമങ്ങൾ ഉണ്ടാക്കാൻ വ്യത്യസ്തങ്ങളായ ദൈവങ്ങൾ ഉണ്ടായിരുന്നോ? ചത്ത ഒരു ഭാഷയായ ലാറ്റിനിലാണ് കാനോൻനിയമങ്ങൾ എഴുതിയിരിക്കുന്നത്. മനസിലാകാത്ത ഭാഷയിൽ എഴുതിയിരിക്കുന്ന നിയമങ്ങൾ മനസിലാകണമെങ്കിൽ പുരോഹിതന്റെ സഹായം കൂടിയേ തീരൂ.

  വിദേശരാജ്യത്തിലെ ഒരു പൌരൻ എന്തിന് കാനോൻ നിയമങ്ങളെ അനുസരിക്കണം? പുരോഹിതനെങ്കിലും കന്യാസ്ത്രിയെങ്കിലും ഒരു രാജ്യത്തിന്റെ നിയമങ്ങൾക്കുപരി കാനോൻനിയമങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതും രാജ്യദ്രോഹമാണ്. കാനോന്റെ ഉള്ളടക്കം മൂന്നിൽ രണ്ടും പുരോഹിതർക്കും ബാക്കി സന്യാസ- സന്യാസിനി ജീവിതം നയിക്കുന്നവർക്കും വേണ്ടിയുള്ളതാണ്. വളരെ കുറച്ചുമാത്രമേ അല്മായനെ കാനോൻ നിയമസംഹിത പരാമർശിക്കുന്നുള്ളൂ. കാരണം, സഭയിൽ അല്മായന്റെ സ്ഥാനം ചതുർവർണ്ണങ്ങൾക്കും വെളിയിലാണ്.


  ദൈവിക കല്പ്പനകളാണ് കാനോൻ എന്ന് പുരോഹിതനെ പഠിപ്പിക്കുന്നു. പുരോഹിതൻ കാനോൻ കഷത്തിൽ വെച്ചുകൊണ്ട് സ്വയം ദൈവവുമാകുന്നു. ഈ ഒറ്റ പുസ്തകം വായിച്ച പുരോഹിതർക്ക് ലക്ഷകണക്കിന് പി.എച്. ഡി. കളും ഗ്രിഗോറിയാൻ യൂണിവേഴ്സിറ്റി നല്കിയിട്ടുണ്ട്. കാനോൻ പഠിച്ച മെത്രാനും പുരോഹിതനും സംസാരിച്ചാൽ ദൈവം പറയുന്നതിന് തുല്യവുമാകും.

  പുരാതനകാലത്ത് റോമിലുണ്ടായിരുന്ന കിരാതനിയമങ്ങൾ പിന്നീട് പുരോഹിതന്റെ പഠിപ്പുപുരയിൽ എത്തി. മറ്റൊരു രാജ്യത്ത് നികുതി കൊടുക്കുന്നവന് ഈ നിയമങ്ങളിൽ എന്ത് കാര്യം? വേറൊരു രാജ്യത്ത് താമസിച്ചുകൊണ്ട് കാനോൻനിയമം അനുസരിക്കുന്നതും ആ രാജ്യത്തോടുള്ള കൂറില്ലായ്മയാണ്.

  1917 ൽ ബനഡിക്റ്റ് പതിനഞ്ചാമനാണ് ചിതറിക്കിടന്നിരുന്ന കാനോൻനിയമങ്ങൾ ചർച്ചകളിൽക്കൂടി മുഴുവനായി സമാഹരിച്ച് സഭയുടെ ബാർബേറിയൻ യുഗം ഉയർത്തിപ്പിടിച്ചത്. 1918 ൽ ഈ നിയമങ്ങൾ ആകമാന കത്തോലിക്കർ അനുസരിക്കാൻ കടപ്പെട്ടവരെന്നും ചാക്രികലേഖനം ഇറക്കി. ഈ പാപ്പാലേഖനം ഏതു രാജ്യത്തിന്റെയും പരമാധികാരത്തിനെ ചോദ്യം ചെയ്യലായിരുന്നു. ലോകത്തിന്റെ നാനാഭാഗത്തുള്ളവർ നിയമത്തെ ധിക്കരിച്ചാൽ മതനിന്ദകരായും കരുതിയിരുന്നു. .

  കാനോൻനിയമങ്ങൾ കർദ്ദിനാൾ കോളേജിന്റെ അനുവാദം കൂടാതെ മറ്റൊരു ഭാഷയിലേക്ക് തർജിമ ചെയ്യാൻ പാടില്ലായെന്നുമുണ്ട്. സഭ എന്നും അന്ധകാരത്തിൽ കഴിയണമെന്ന് ഇതിലെ നിയമപാലകർ ആഗ്രഹിക്കുന്നു. ഏകാധിപത്യമാണ് ഈ നിയമത്തിന്റെ അടിസ്ഥാനവും. അല്മേനികൾ വിഡ്ഡികളായി കഴിയണമെന്നാണ് ഇതിലെ ശിൽപ്പികൾ ചിന്തിച്ചിരുന്നത്. എകാധിപത്യമായ ഈ നിയമങ്ങൾ ദൈവികമെന്നാണ് എഴുതിപിടിപ്പിച്ചിരിക്കുന്നത്‌.
  ആഗോള കത്തോലിക്കാസഭയെ ഭരിക്കാൻ അടുത്തകാലംവരെ കാനോൻവെച്ച് ചൂതുകളിച്ചിരുന്നത് ഇറ്റാലിയൻ കർദ്ദിനാൾമാരും അവരുടെ മാഫിയാകളുമായിരുന്നു. ലോകത്തുള്ള ആകമാനസഭ ഇവർ പറയുന്നത് അനുസരിക്കണമായിരുന്നു. നിയമത്തിന്റെ പഴുതുകളിൽക്കൂടി വത്തിക്കാന്റെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതും ഇറ്റാലിയൻ പ്രഭുക്കളായ കർദ്ദിനാൾമാർ തന്നെ. ആഫ്രിക്കയിലെയും ഇന്ത്യയിലെയും കർദ്ദിനാൾമാരുടെ ജോലി മാർപാപ്പാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുക മാത്രമാണ്.

  കാനോൻ നിയമങ്ങൾ അമേരിക്കാ, ബ്രിട്ടണ്‍, ഇന്ത്യാ ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ നിയമങ്ങൾക്കെതിരെ ഒരു വെല്ലുവിളിയെന്നതാണ് സത്യം. മാർപാപ്പായുടെ ഈ ദൈവികാധികാരത്തെ ചോദ്യം ചെയ്‌താൽ മതനിന്ദനവുമായിരുന്നു. പൌരസ്ത്യ നിയമങ്ങൾ വത്തിക്കാൻ സൂക്ഷിക്കുന്നതും ചവറ്റുകൊട്ടയിലാണ്. പൌരസ്ത്യ നിയമങ്ങളനുസരിച്ച് പുരോഹിതർക്ക് പെണ്ണുകെട്ടാം. ആ നിയമങ്ങൾ കേരളസഭയിൽ നടപ്പിലാക്കിയിരുന്നെങ്കിൽ കയറ് പൊട്ടിച്ചുനടക്കുന്ന സുറിയാനി പുരോഹിതർക്ക് ഒരു ആശ്വാസമാകുമായിരുന്നു.

  ReplyDelete
 8. ഇന്ത്യ ഒരു പരമാധികാരരാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടശേഷംഏതാണ്ട് അമ്പത് വർഷത്തോളം ഒരൊറ്റ ഇന്ത്യാക്കാരനും ബുദ്ധി പോയില്ല, വത്തിക്കാന്റെ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്ന മനുഷ്യർ ഈ രാജ്യത്തുണ്ടെന്നും അവരുടെ കൂറ് സ്വന്തം രാജ്യത്തോടല്ല എന്നും. ആ ബുദ്ധി ആദ്യം ഉദിച്ചത് ഒരല്മായനായ ശ്രീ ജോസഫ് പുലിക്കുന്നേലിനാണ്. എത്ര ശക്തിയോടെ അദ്ദേഹം തന്റെ വാദം ഉന്നയിച്ചിട്ടും ഇവിടെ ചോറും വത്തിക്കാനോട് കൂറുമായി കഴിയുന്ന ക്രിസ്തുമതനേതാക്കൾക്ക് സംഗതി മനസ്സിലാകുന്നില്ല! ഒന്നാം കിട രാജ്യദ്രോഹികളാണവർ. മാറിമാറി വരുന്ന ഇവിടുത്തെ ഭരണകർത്താക്കൾക്കും അക്കാര്യത്തെപ്പറ്റി ഒരു ബോധവുമില്ല. രാജ്യദ്രോഹികൾക്കുള്ള ശിക്ഷതന്നെ അവർക്ക് കൊടുക്കാൻ ഇറ്റാലിയൻ മദാമ്മ നയിക്കാത്ത ഒരു ഗവ. വന്നാൽ കഴിഞ്ഞേക്കും.

  ReplyDelete
 9. ഇന്ത്യ ഒരു പരമാധികാരരാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടശേഷംഏതാണ്ട് അമ്പത് വർഷത്തോളം ഒരൊറ്റ ഇന്ത്യാക്കാരനും ബുദ്ധി പോയില്ല, വത്തിക്കാന്റെ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്ന മനുഷ്യർ ഈ രാജ്യത്തുണ്ടെന്നും അവരുടെ കൂറ് സ്വന്തം രാജ്യത്തോടല്ല എന്നും. ആ ബുദ്ധി ആദ്യം ഉദിച്ചത് ഒരല്മായനായ ശ്രീ ജോസഫ് പുലിക്കുന്നേലിനാണ്. എത്ര ശക്തിയോടെ അദ്ദേഹം തന്റെ വാദം ഉന്നയിച്ചിട്ടും ഇവിടെ ചോറും വത്തിക്കാനോട് കൂറുമായി കഴിയുന്ന ക്രിസ്തുമതനേതാക്കൾക്ക് സംഗതി മനസ്സിലാകുന്നില്ല! ഒന്നാം കിട രാജ്യദ്രോഹികളാണവർ. മാറിമാറി വരുന്ന ഇവിടുത്തെ ഭരണകർത്താക്കൾക്കും അക്കാര്യത്തെപ്പറ്റി ഒരു ബോധവുമില്ല. രാജ്യദ്രോഹികൾക്കുള്ള ശിക്ഷതന്നെ അവർക്ക് കൊടുക്കാൻ ഇറ്റാലിയൻ മദാമ്മ നയിക്കാത്ത ഒരു ഗവ. വന്നാൽ കഴിഞ്ഞേക്കും.

  ReplyDelete

 10. ഫാദർ ജിജോയുടെ സാക്കിനുള്ള കത്ത് വളരെ അവ്യക്തമാണ്. സംശയകരമായ കാര്യങ്ങളെ ആ കത്തിൽ സ്പഷ്ടമാക്കിയിട്ടില്ല. അതു വായിച്ചപ്പോൾ ഉത്തരങ്ങളെക്കാൾ ചോദ്യങ്ങളാണ് എനിക്കുണ്ടായത്.
  കത്തിലെ ചില ഭാഗങ്ങൾ ശ്രദ്ദിക്കുക:
  a. CCEO-യിലെ canon 830-836 പ്രകാരം bishop/priest is the proper minister of the sacrament of marriage. proper minister of the sacrament എന്നതിന്റ്റെ അർത്ഥം 'ആശീർവദിക്കാനുള്ള അധികാരം' എന്നാണോ? canon 830-ൽ ആശീർവദിക്കാനുള്ള അധികാരം എന്നാണ് കൊടുത്തിരിക്കുന്നത് (Malayaalam third edition, page 594). പരികർമ്മം ചെയ്യയാനുള്ള അധികാരം എന്ന് കൊടുത്തിട്ടില്ല.
  b. '....it is not a recent invention' അല്ലന്നു പറയുന്നു. കാനോൻ നിയമം ഇല്ലാതിരുന്ന പൌരസ്ത്യ സഭകൾക്ക് പുതിയ കനോൻ നിയമം ശ്രുഷ്ട്ടിച്ച് പ്രഖ്യാപിച്ചത് 1991-ലാണ്. രണ്ടായിരം വര്ഷം പഴക്കമുള്ള നസ്രാണി സഭയിൽ പുതിയ കനോൻ നിയമം 22 വര്ഷം മുന്പ് നടപ്പാക്കിയത് recent അല്ലേ? തന്നെയുമല്ലാ, നമുക്കെന്തിന് ഈ കിഴക്കിൻറ്റെ കാനോൻ നിയമം? മാർ തോമ്മായുടെ മാർഗ്ഗത്തിലും വഴിപാടിലും അധിഷ്ട്ടിതമായ ഒരു നിയമമല്ലെ നമുക്ക് വേണ്ടത്? പൌരസ്ത്യ സഭകളുടെ കനോൻ നിയമം നാട്ടിലേയും താപ്പാനകളുടെ സഹായത്തോടെ റോമിലെ താപ്പാനകളായിരിക്കുമല്ലോ സൃഷ്ട്ടിച്ചത്. പൌരോഹിത്യാധിപത്യത്തെ അരക്കിട്ടുറപ്പിക്കാൻ വളച്ചൊടിച്ച ദൈവശാസ്ത്രത്തി ൽനിന്നും ഉടലെടുത്തതാണ് ഈ നിയമം. യാഥാസ്ഥിതിക മെത്രാന്മാരുടെ അതിപ്രസരമാണ് നാം ഇവിടെ കാണുന്നത്.
  ലത്തീൻ കാനോൻ നിയമത്തിൽ പണ്ടുകാലം മുതൽ ഉണ്ടായിരുന്ന തിരുവിവാഹ കൂദാശാ പരികർമ്മം വധുവും വരനും കാര്മ്മികരായികൊണ്ട് മെത്രാൻ/പുരോഹിതാൻ/ഡീക്കൻ ഇവർ ആരുടെ എങ്കിലും സാന്നിദ്ധ്യത്തിൽ നടത്തപ്പെടുന്നു. കെട്ടു മാത്രമായും നടത്തപ്പെടുന്നു. സീറോ മലബാർ സഭയിൽ കുറെ വർഷങ്ങൾക്കുമുന്പ് വരെ കെട്ടു മാത്രമായി വിവാഹചടങ്ങ് നടത്തിയിരുന്നു. ഈ അടുത്ത കാലത്താണല്ലോ ദിവ്യബലിയും നിർബന്ധമാക്കിയത്. അത് ഏത് കാനോൻ നിയമപ്രകാരമാ?
  തിരുവിവാഹ കൂദാശാ പരികർമ്മത്തിന് കിഴക്കിനും പടിഞ്ഞാറിനും രണ്ടു ദൈവസസ്ത്രമാണന്ന് വ്യാഖ്യാനിക്കുന്നത് നിയമത്തിൻറ്റെ സാധുതയെ ചോദ്യം ചെയ്യാൻ ധൈര്യക്കുറവുകൊണ്ടാണ്. കാട്ടാളനിയമങ്ങൾ ഉണ്ടാക്കി വച്ചിട്ട് ആ നിയമത്തിന്റ്റെ സാധുതയെപ്പറ്റി ചിന്തിക്കാതെ അത് നടപ്പിലാക്കുന്നതാണ് സഭയിലെ അധികാര ദുർവിനയോഗം. നിയമങ്ങൾ പാലിച്ചാൽ സ്വര്ഗ്ഗരാജ്ജ്യം കരസ്ഥമാക്കാം എന്നുള്ള വികല ദൈവസസ്ത്രമാണ് അതിൻറ്റെ പിന്നിൽ.
  "Faith/Religion is a private business" is the overwhelming slogan of the privatized and globalized western world എന്നൊക്കെ പാശ്ചാത്യരെ കുറ്റം പറയാതെ നാം നന്നാകാൻ നോക്കുന്നതാണ് കരണീയം.

  ReplyDelete
 11. വടി ഓടിച്ചിട്ടെ ഒള്ളൂ. അടി വരാൻ പോകുന്നു. UK യിലും അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും സ്വവർഗ്ഗ വിവാഹം നിയമപരമായി അനുവദിച്ചിരിക്കുന്നു. ഇനി ഒരേ ലിംഗത്തിൽപ്പെട്ടവർ അവരുടെ വിവാഹം പള്ളിയിൽ വച്ച് നടത്തിക്കൊടുക്കണമെന്ന് വികാരിയോട് ആവശ്യപ്പെട്ടാൽ വികാരി എന്തു ചെയ്യും? മിക്കവാറും 2014 ഓടെ കാര്ര്യങ്ങൾ വഷളായി തുടങ്ങും. പള്ളിക്കാരിനി കല്ല്യാണകൂദാശയിൽനിന്നും സലാം പറയുന്നതായിരുക്കും ബുദ്ധി.


  പള്ളിയിലെ വിവാഹ സർട്ടിഫിക്കറ്റുകൊണ്ട് പ്രത്യേക പ്രയോജനം ഒന്നുമില്ല. ഗവണ്‍മെൻറ്റിൻറ്റെ സർട്ടിഫിക്കെറ്റിനെ വിലയും ഒള്ളൂ. അതുകൊണ്ട് കെട്ടാനായി വധുവും വരനും നേരെ പഞ്ചായത്ത് ഓഫീസിലേക്ക് പോകുന്നതായിരിക്കും നല്ലത്.

  ReplyDelete
  Replies
  1. ഞാനെന്റെ കാര്യത്തിൽ 1975 ൽ ചെയ്തതും, അത് ഏതു ദമ്പതികളുടെ കാര്യത്തിലും സാദ്ധ്യമാണെന്ന് വിശ്വസിക്കുകയും എഴുതിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നത് വാസ്തവമാകാൻ പോകുന്നല്ലോ എന്നോർത്തിട്ട് സന്തോഷംകൊണ്ട് എനിക്കിരിക്കാൻ മേല, ചാക്കൊച്ചാ!

   Delete