Translate

Sunday, September 22, 2013

വിമര്‍ശകരും വിമര്‍ശനങ്ങളും സഭയ്ക്കു ശക്തിയാകട്ടെ!

ഫാ. ഡേവീസ് കാച്ചപ്പിള്ളി
(2013 സെപ്റ്റംബര്‍ ലക്കം 'സത്യജ്വാല'യില്‍ നിന്ന് )
'ഞാന്‍ വിമര്‍ശകരെ ഇഷ്ടപ്പെടുന്നു' എന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ പ്രസ്താവന പ്രവാചകശബ്ദമാണെന്നു ഗ്രഹിക്കാന്‍ സഭയ്ക്കു സാധിക്കണം. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലൂടെ 23-ാം യോഹന്നാന്‍ പാപ്പാ തുറക്കാന്‍ ശ്രമിച്ച വാതിലാണ് ഫ്രാന്‍സീസ് പാപ്പാ തുറന്നിട്ടിരിക്കുന്നത്. 16-ാം നൂറ്റാണ്ടില്‍ മാര്‍ട്ടിന്‍ ലൂഥറിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ പ്രോട്ടസ്റ്റന്റ് സഭയുടെ ചരിത്രം പരിശോധിച്ചാല്‍ , പാപ്പായുടെ പ്രവാചകശബ്ദത്തിന്റെ മഹത്വം ഗ്രഹിക്കാനാകും. നാലാം നൂറ്റാണ്ടിലെ കോണ്‍സ്റ്റന്റൈന്‍ കാലഘട്ടം മുതല്‍ ഉണ്ടായിരുന്ന പുരോഹിതസഭയില്‍ അധികാര അതിപ്രസരത്തിന്റെ ഫലമായി സഭയില്‍  അഭിപ്രായസ്വാതന്ത്ര്യത്തിനു വിലക്കുകളുണ്ടായതാണല്ലോ പന്തക്കുസ്താ സഭയുണ്ടാകാന്‍ കാരണമായത്. സഭയില്‍ അഭിപ്രായസ്വാതന്ത്ര്യം പുനഃസ്ഥാപിച്ചു എന്നത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അടിസ്ഥാന നന്മയായി കാണാനാകും. പക്ഷേ ഇന്നോളം സഭയില്‍ സ്വാതന്ത്ര്യം നടപ്പിലാക്കാനായിട്ടില്ല.                                           23-ാം യോഹന്നാന്‍ മാര്‍പ്പാപ്പായ്ക്കുശേഷം വിമര്‍ശകരെ സ്വാഗതം ചെയ്ത ഒരു സഭാധികാരിയായി രംഗപ്രവേശം ചെയ്തിരിക്കുന്നത് ഫ്രാന്‍സീസ് പാപ്പായാണ്. വിമര്‍ശകരെയും വിമര്‍ശനങ്ങളെയും സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെയും സ്വീകരിക്കാന്‍ ഇന്നും സഭ സന്നദ്ധമായിട്ടില്ല. ഇതിനുള്ള തെളിവാണ്,സഭ ഇന്നോളം,രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം ഉണ്ടായ സ്വതന്ത്രസംഘടനകളെ അംഗീകരിച്ചില്ല എന്നത്. ഇതിനൊരു ഉദാഹരണമാണ് സഭയിലെ തെറ്റായ നടപടികളെ വിമര്‍ശിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ , തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന 'കേരള കാത്തലിക് ഫെഡറേഷ'നെ തൃശൂര്‍ രൂപതാകേന്ദ്രത്തിന്റെ പത്രത്തില്‍ 'വ്യാജസംഘടന' എന്ന് ആക്ഷേപിച്ച്,പ്രസ്തുത സംഘടനയുമായി പ്രവർത്തിക്കുന്നതില്‍ നിന്ന് വിശ്വാസികളെ അകറ്റാനുള്ള ശ്രമം ഉണ്ടായത്.


വിമര്‍ശകരും വിമര്‍ശനങ്ങളും സഭയ്ക്കു ഭീഷണിയാണ് എന്ന മിഥ്യാധാരണയല്ലേ ഇത്തരം പ്രസ്താവനകള്‍ക്കു പ്രേരകമാകുന്നത്? എന്നാല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റേയും ഫ്രാന്‍സീസ് പാപ്പായുടെയും മനസ്സ് സ്വായത്തമാക്കിയാല്‍, വിമര്‍ശകരിലൂടെ സഭയെ നവീകരിക്കാനും ശക്തമാക്കാനും സാധിക്കും എന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നു കാണാം. ഒരു ഉദാഹരണം എടുക്കാം: കേരളത്തിലെ കത്തോലിക്കാസഭയെക്കുറിച്ച് സാധാരണക്കാര്‍ക്കിടയിലെ ഒരു വിമര്‍ശനമാണ് 'സഭ കച്ചവടസഭയായി' എന്നത്. എന്നാല്‍ ഈ വിമര്‍ശനം കേട്ടിട്ട് ഇന്നോളം ഏതെങ്കിലും പുരോഹിതരോ, മെത്രാന്മാരോ, ഇതു വിലയിരുത്താനോ, സഭയില്‍ ഇപ്രകാരം തെറ്റ് ഉണ്ടെങ്കില്‍ തിരുത്താനോ ശ്രമിച്ചിട്ടുണ്ടോ? എല്ലാവരും ഈ വിമര്‍ശനം അവഗണിച്ചു എന്നതാണ് ഇന്നോളമുള്ള അനുഭവം. ജറുസലേം ദേവാലയത്തിലേതുപോലെയും അതിലുപരിയും ആയ കച്ചവടപ്രവര്‍ത്തനങ്ങള്‍ സഭയില്‍ ധാരാളമുണ്ട്. അവയെ ആട്ടിയോടിച്ച് സഭയെ സംശുദ്ധമാക്കാന്‍ മേല്‍പ്പറഞ്ഞ വിമര്‍ശനം ഉപകാരപ്രദമല്ലേ? പക്ഷേ അതു സ്വീകരിക്കാത്തതുകൊണ്ട്, അത് അവഗണിച്ചതുകൊണ്ട്, സഭയില്‍ ഇന്ന് കച്ചവടമനഃസ്ഥിതിയും കച്ചവടവ്യവസ്ഥിതിയും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. 
നമ്മുടെ  ദേവാലയങ്ങളില്‍ നടത്തപ്പെടുന്ന നേര്‍ച്ചകാഴ്ചകളില്‍ ഒട്ടേറെ കച്ചവടവല്‍ക്കരണം ഉണ്ട് എന്നതും,അവയില്‍ പലതും യഥാര്‍ത്ഥ ക്രിസ്തീയ  അരൂപിക്കു നിരക്കുന്നതല്ല എന്നതും ശരിയല്ലേ? തിരുനാളിനു വരുന്ന പലര്‍ക്കും വഴിപാടുകള്‍ നടത്തുക എന്നതാണ് പ്രധാന ഉദ്ദേശ്യം. ഇതിനുമുണ്ട് മറ്റൊരു മനഃശാസ്ത്രം. പണത്തിന് വിലകല്പിക്കുന്ന ഇക്കാലത്ത് പണം കൊടുക്കുന്ന നേര്‍ച്ചകാഴ്ചകളില്‍ കൂടുതലായ ദൈവാനുഗ്രഹം ഉണ്ട് എന്ന മിഥ്യാധാരണ മനുഷ്യര്‍ക്കുണ്ടാകുന്നു. തന്മൂലം, വി.കുര്‍ബ്ബാനയില്‍ പൂര്‍ണ്ണമായും സജീവമായും സംബന്ധിച്ചില്ലെങ്കിലും നേര്‍ച്ചനടത്താന്‍ അവര്‍ തിടുക്കം കൂട്ടുന്നു. ഇവിടെ യഥാര്‍ത്ഥ വിശ്വാസം വളരുകയാണോ തളരുകയാണോ? അമ്പ് എടുത്തു വയ്ക്കുന്ന നേര്‍ച്ച വി.സെബസ്ത്യാനോസിന്റെ തിരുനാളില്‍ പതിവുണ്ട്. പ്രസ്തുത നേര്‍ച്ചയ്ക്ക് 10 രൂപ നല്‍കി രസീത് വാങ്ങണം. രസീത് കാണിച്ച് വിശുദ്ധന്റെ രൂപത്തിനുമുമ്പിലെ മേശപ്പുറത്ത് ഒരു പ്ലെയ്റ്റില്‍ വച്ചിരിക്കുന്ന 'അമ്പ്' എടുത്ത് മുത്തി അവിടെത്തന്നെ വയ്ക്കുന്നു. എന്നാല്‍  വിശുദ്ധന്റെ രൂപത്തില്‍ കുത്തിവച്ചിരിക്കുന്ന അമ്പ് സാധാരണ ഭക്തന് മുത്താന്‍ പ്രത്യേക രസീത് ആവശ്യമില്ല; നേര്‍ച്ചപ്പണവും നിര്‍ബന്ധമില്ല. സത്യത്തില്‍, വൈകാരികമായി ചിന്തിച്ചാല്‍ , വിശുദ്ധന്റെ രൂപത്തില്‍ കുത്തിവച്ചിരിക്കുന്ന അമ്പ് മുത്താനല്ലേ, ഭക്തര്‍ക്ക് കൂടുതല്‍ താല്‍പര്യം ഉണ്ടാകുക? എന്നാല്‍ അമ്പ് എടുത്തുവയ്ക്കുക എന്ന ആചാരം ഉണ്ടാക്കിയതിലൂടെ അതൊരു പ്രത്യേക ഭക്തിമുറയായി. 10 രൂപ നിര്‍ബന്ധ നേര്‍ച്ചയായി കിട്ടുകയും ചെയ്യും! ഇവിടെ കച്ചവടക്കണ്ണ് ഇല്ലെന്നു പറയാനാകുമോ? 
ഇതുപോലെ നിരവധി നേര്‍ച്ചകാഴ്ചകളുണ്ട്. നേര്‍ച്ചകാഴ്ചകളുടെ മത്സരമാണ് തിരുനാളുകളില്‍ നടമാടുന്നത്.എന്തുമാത്രം പുതിയ നേര്‍ച്ചകളാണിപ്പോള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്! അവയെ നിയന്ത്രിക്കണം, നവീകരിക്കണം, സംശുദ്ധമാക്കണം. യഥാര്‍ത്ഥ വിശ്വാസം വര്‍ദ്ധിപ്പിക്കാനാകണം.
ചുരുക്കത്തില്‍, വിമര്‍ശനം ആരില്‍നിന്നായാലും അവയെ വിലയിരുത്താനും, തള്ളേണ്ടത് തളളി, കൊള്ളേണ്ടത്    കൊള്ളാനുമുള്ള ആര്‍ജ്ജവവും നല്ല മനസ്സും സഭയ്ക്കുണ്ടാകണം. എങ്കില്‍ മാത്രമേ, സഭയെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനപ്രകാരവും യേശുവിന്റെ സുവിശേഷചൈതന്യത്തിലും ഫ്രാന്‍സീസ് പാപ്പായുടെ മാതൃകയിലും നവീകരിച്ച് സംശുദ്ധവും ശക്തവുമാക്കാനാകൂ. ഇതിനുള്ള സംഘാതമായ ശ്രമങ്ങള്‍ സഭാസിനഡിലൂടെയും രൂപതാസിനഡിലൂടെയും ഉണ്ടാകട്ടെ എന്നാണ് എന്റെ വിനീതമായ ആശംസ.
ഫോണ്‍ : 9497179433

1 comment:

 1. ഫാ. ഡേവീസ് കാച്ചപ്പിള്ളിയുടെ ലേഖനത്തിൽ സഭയിൽ വിമർശനസ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെപ്പറ്റി സംഗ്രഹിച്ചിരിക്കുന്നു. അഭിപ്രായങ്ങൾ തത്ത്വത്തിൽ നല്ലതുതന്നെ. ഫ്രാൻസീസ് മാർപാപ്പായുടെയും ജോണ്‍ 23 മാർപാപ്പായുടെയും അഭിപ്രായങ്ങളാണ് അദ്ദേഹം മാതൃകയായി ചൂണ്ടികാണിച്ചിരിക്കുന്നത്. ഒരു മാർപാപ്പായുടെ വാക്കുകൾകൊണ്ട് ലോകത്തിന് എന്തെങ്കിലും സംഭവിക്കാൻ പോകുമെന്ന് തോന്നുന്നില്ല.

  അമേരിക്കൻ കന്യാസ്ത്രികൾ സ്കൂളുകളിലെയും ഹോസ്പിറ്റലുകളിലെയും സേവനത്തിന്റെ ശ്രദ്ധമാറ്റി സ്വവർഗ രതിക്കെതിരെ പോരാടുവാൻ ബെനഡിക്റ്റ് മാർപാപ്പാ താക്കീത് കൊടുത്തിരുന്നു. അമേരിക്കൻ കന്യാസ്ത്രികളുടെ ഇടയിൽ പ്രധിക്ഷേധവുമായി അതിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആ കഥകളൊക്കെ അല്മായശബ്ദത്തിൽ വിശദമായി എഴുതിയിട്ടുണ്ട്. കന്യാസ്ത്രികളുടെ നിസ്തുലമായ സേവനങ്ങള്ക്ക് യാതൊരു വിലയും കല്പ്പിക്കാതെ സ്വവർഗ രതിക്കാർക്കെതിരെ ഇറങ്ങിയാൽ സംഭവിക്കാൻ പോവുന്നത് അവർക്കു ചുറ്റും അത്തരം രതിക്കാരുടെ ശത്രുവലയം സൃഷ്ടിക്കുകയെന്നതായിരിക്കും ഫലം. മുൻഗാമിയെ പിണക്കാൻ മടികാരണം ബനഡിക്റ്റ് പറഞ്ഞത് ഫ്രാൻസീസ് മാർപാപ്പായും ആവർത്തിച്ചുപറയുകയായിരുന്നു. അദ്ദേഹവും ബനഡിക്റ്റിന്റെ അഭിപ്രായം ശരിവെച്ചു. ആയിരകണക്കിന് അമേരിക്കൻ കന്യാസ്ത്രികളുടെ പ്രതിഷേധം രണ്ടു മാർപാപ്പമാരും യാതൊരു വിലയും കൽപ്പിച്ചില്ലെന്നുള്ളതാണ് സത്യം. ഇങ്ങനെയെങ്കിൽ വത്തിക്കാനിലെ പ്രവാചകന്റെ നാവിൽനിന്ന് വന്ന വിമർശന സ്വാതന്ത്ര്യത്തിന് എന്തർത്ഥമാണുള്ളത്‌?

  ഫ്രാൻസീസ് മാർപാപ്പാ പറയുന്നതിനുമുമ്പുതന്നെ സഭയിൽ വിമർശനം പുരാതനകാലങ്ങൾമുതൽ ഉണ്ടായിരുന്നു. എന്ത് പ്രയോജനം.? സഭയിന്നും പഴഞ്ചനായ ചിന്താഗതികളിൽ തന്നെ.

  കഴിഞ്ഞയാഴ്ച ഫിലാഡൽഫിയായിൽ ഒരു പുരോഹിതനെയും 13 വയസുള്ള നഗ്നനായ കുട്ടിയേയും ഒരു കാറിനുള്ളിൽ നിന്നു പോലീസ് അറസ്റ്റ്ചെയ്ത രംഗം ടെലിവിഷനിൽ കാണിച്ചിരുന്നു. ശക്തിയായ നിയമം ഇവർക്കുമേൽ അങ്ങനെ നടപ്പിലാക്കണം. കേരളത്തിൽ മെത്രാന്റെ ഡ്രൈവർക്കുവരെ കള്ളുകുടിച്ച് വണ്ടിയോടിക്കാൻ പ്രത്യേക നിയമം ഉണ്ട്. സെമിനാരികളിലും കന്യാസ്ത്രിമഠങ്ങളിലും അതിഘോരമായ പീഡനം പുറംലോകം അറിയാതെ നടക്കുന്നുണ്ട്. അതൊക്കെ ഫ്രാൻസീസ് മാർപാപ്പാ പറഞ്ഞതുപോലെ വിമർശിച്ചിരുന്നാൽ ഒരു നവീകരണവും നടക്കാൻ പോവുന്നില്ല. മെത്രാന്റെയും അച്ചന്റെയും ഇത്തരം പോക്ക്രിത്തരങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. ആദ്യമായി ബിഷപ്പ്, മാർപാപ്പാ എന്നൊക്കെയുള്ള വ്യക്തിപൂജ അവസാനിപ്പിച്ച് ശക്തമായ വിപ്ലവമാണ് സഭയ്ക്കിന്നാവശ്യം. ഒരു പരിധിവരെയേ കർദ്ദിനാൾ ലോകത്തെ പിണക്കാതെ മാർപാപ്പാക്ക് സംസാരിക്കാൻ സാധിക്കുകയുള്ളൂ. യൂറോപ്പിൽ സഭ ചെയ്ത പാപങ്ങൾക്ക്‌ ഫലം അനുഭവിക്കുന്നുണ്ട്. പള്ളികൾ പൂട്ടികൊണ്ടിരിക്കുന്നു. വൈദികർക്ക് തൊഴിൽക്ഷാമം തുടങ്ങി. നേർച്ചകാഴ്ചകൾ വരുമാനം കുറഞ്ഞു. ഇന്നുള്ള പള്ളി സ്കൂളുകൾ പൊളിച്ചുകളഞ്ഞ്‌ കുഞ്ഞാടുകൾക്ക് നേരായ ശാസ്ത്രീയവിദ്യാഭാസം കൊടുത്താൽ സഭയെ ആധുനികകാലത്തിന് അനുയോജ്യമാക്കാൻ സാധിക്കും.

  കേരളത്തിൽ ഏറ്റവുമധികമായി വിമർശനം കിട്ടിയ മനുഷ്യൻ ശ്രീ അറയ്ക്കനാണ്. ചങ്ങനാശേരിയിലും കാഞ്ഞിരപ്പള്ളിയിലും പഴയിടത്തും ശക്തിയായി പ്രതികരിച്ചിട്ടും ആ കുറുക്കൻ ഇന്നും കാഞ്ഞിരപ്പള്ളിയിൽ കൂസലില്ലാതെ വിലസിത്തന്നെ അരമനയിൽ മമ്മോനെ കേട്ടിപിടിച്ചിരുപ്പുണ്ട്. ഡ്രൈവറെ വെച്ച് വിലകൂടിയ കാർ ഓടിപ്പിച്ച് മാർപാപ്പായ്ക്ക്‌ പുല്ലുവില കൽപ്പിച്ച് ആഡംബരമായിതന്നെ ജീവിക്കുന്നു.

  പണംകൊടുത്ത് കഴുന്നേൽ മുത്തുന്നതും പണം കൊടുക്കാതെ ദേവസ്യാനോസ് ബിംബത്തിന്റെ മുറിവിൽ മുത്തുന്നതും തത്ത്വത്തിൽ ഒന്നുതന്നെ. രണ്ടും ബിംബാരാധന തന്നെയാണ്. പണം ഉണ്ടാക്കാൻ അതൊരു വരുമാനമായി കാണുമ്പോഴാണ് പ്രശ്നമാകുന്നത്. മറ്റുള്ള സഭകൾപോലെ പത്തുശതമാനം പള്ളിക്ക് പതാരം കത്തോലിക്കാ സഭ മേടിക്കാറില്ല. അതുകൊണ്ട് ഇത്തരം ആചാരങ്ങളിൽ സഭ വരുമാനം കണ്ടെത്തുന്നു.

  ഒരു രാജ്യത്ത് ജീവിക്കുമ്പോൾ ആ രാജ്യത്തെ പരമ്പരാഗതമായ സംസ്ക്കാരത്തെ ഇല്ലായ്മ ചെയ്യുവാൻ ശ്രമിക്കുന്നതും നീതികരിക്കാൻ സാധിക്കുന്നില്ല. രൂപം എഴുന്നള്ളിപ്പ് ഹിന്ദു സംസ്ക്കാരത്തിന്റെ ഭാഗമാണ്. ആഘോഷങ്ങൾ മനസിന്‌ ഉല്ലാസം കൊടുക്കും. കുഞ്ഞുങ്ങൾക്ക് പെരുന്നാളുകളും ഉഴുന്നുവടകളും ആള്ക്കൂട്ടവും രൂപം എഴുന്നള്ളിപ്പും കൊടിപിടുത്തവും ഇഷ്ടമാണ്.

  ReplyDelete