Translate

Sunday, September 29, 2013

ഒരു കുളിര്‍ക്കാറ്റു പോലെ

ചില കാര്യങ്ങള്‍ എത്ര ശ്രമിച്ചാലും മനസ്സില്‍ നിന്നു മാഞ്ഞു പോകില്ല. നവീകരണത്തിന് വേണ്ടി ശബ്ദമുയര്‍ത്തുമ്പോഴൊക്കെ, ഏതൊരുള്‍പ്രേരണകൊണ്ടാണോ വൈദിക വൃത്തി ദൈവവിളിയായി കരുതി ഇറങ്ങിത്തിരിച്ചത് ആ ജീവിതാന്തസ്സ് അന്തസ്സോടെ ജീവിക്കുന്ന വൈദികര്‍ എപ്പോഴും മനസ്സില്‍ കാണും. അവര്‍ക്ക് ഒരു സ്പെയിസ് എപ്പോഴും ഇടാറുമുണ്ട്. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് പള്ളിവക ഒരു വാര്‍ഡ്‌ മീറ്റിങ്ങില്‍ ആ വര്‍ഷത്തെ പെരുന്നാളിന് ഉപയോഗിക്കാന്‍ 3 ലക്ഷം രൂപയ്ക്ക് കുടകള്‍ വാങ്ങിയതിനെപ്പറ്റിയൊക്കെ മാത്രം ഔപചാരിക ചര്‍ച്ച നടന്നു കൊണ്ടിരുന്നപ്പോള്‍, ഒഡിസായില്‍ നിന്നെത്തിയ ഒരു മിഷ്യനറി വൈദികനും ഉണ്ടായിരുന്നു. കാണ്ടമാലിലുണ്ടായ അനുഭവങ്ങള്‍ പങ്കു വെച്ചകൂട്ടത്തില്‍ അദ്ദേഹം വിങ്ങിപ്പൊട്ടുകയുണ്ടായി. ഇവിടെ മുന്നൂറു കുടയെചൊല്ലി ഊറ്റം കൊള്ളുമ്പോള്‍ അവിടെ ഏതു നേരവും ആക്രമണം പ്രതീക്ഷിച്ച് കഴിഞ്ഞു കൂടുന്ന അത്താഴ പട്ടിണിക്കാരായ വൈദികരും ദരിദ്ര നാരായണന്മാരായ വിശ്വാസികളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞത് ഞാനോര്‍ക്കുന്നു.

ഫാ. അഡോള്‍ഫ് കണ്ണാടിപ്പാറ എന്ന കപ്പൂച്ചിന്‍ വൈദികനെ ഞാന്‍ ചെറുതായിരിക്കുമ്പോള്‍ മുതല്‍ നന്നായറിയും. വീട്ടില്‍ ഒറ്റ പുത്രനായിരുന്നദ്ദേഹം.  ബന്ധം പറഞ്ഞവകാശപ്പെടാന്, വല്യമ്മയുടെ അനുജത്തിയുടെ കൊച്ചുമകന്‍ എന്നൊരകന്ന ഇഴ മാത്രമേയുള്ളൂയിടക്ക്. പക്ഷെ, എപ്പോഴൊക്കെ മഞ്ഞാമറ്റത്തു നാട്ടില്‍ വരുമോ അപ്പോഴൊക്കെ അദ്ദേഹം വീട്ടില്‍ വരുമായിരുന്നെന്ന് എനിക്ക് തോന്നുന്നു. ഞങ്ങളുടെ വീട്ടില്‍ മാത്രമല്ല എല്ലാ ബന്ധു വീടുകളിലും അദ്ദേഹം ഒരു സ്ഥിരം സന്ദര്‍ശകനായിരുന്നു. അദ്ദേഹത്തിന്‍റെ വിജയവാഡായ്ക്കടുത്തുള്ള ജോസഫ് തമ്പി ആശ്രമം ഞാന്‍ സന്ദര്‍ശിച്ചിട്ടുമുണ്ട്. ഈ ജോസഫ് തമ്പി എന്നയാള്‍ ക്രൈസ്തവനായി മാറുകയും അനേകം പേരെ യേശുവിലേക്ക് ആകര്‍ഷിക്കുകയും ചെയ്ത ഒരാളായിരുന്നു. രണ്ടാം ലോക മഹായുദ്ധം നടന്ന കാലത്ത് അതിന്‍റെ ഗതി വിഗഗതികള്‍ ഇവിടെയിരുന്നു വിശദീകരിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. അദ്ദേഹം ജീവിച്ചിരുന്ന കാലത്തും മരണശേഷവും അനേകം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം ജീവിച്ചിരുന്ന  ഒറ്റ മുറികുടില്‍ ഇപ്പോഴും ആശ്രമത്തിനടുത്തു സംരക്ഷിക്കപ്പെടുന്നു. ആന്ധ്രായിലുള്ള നാനാ ജാതി മതസ്ഥര്ക്ക്  ഇന്നും ഒരു പുണ്യകേന്ദ്രവുമാണത്. അവകാശപ്പെടാന്‍ ആരുമില്ലാതിരുന്നത് കൊണ്ടു അദ്ദേഹം വിശുദ്ധനായില്ല എന്നേയുള്ളൂ.

പറഞ്ഞു വന്നത് അതല്ല. കണ്ണാടിപ്പാറയച്ചന്‍ ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ അഭിമാനത്തോടെ പറഞ്ഞു, അദ്ദേഹം ഇപ്പോള്‍ ആയിരിക്കുന്ന കണ്ണൂര്‍ ഇരുട്ടിക്കടുത്തുള്ള പട്ടുവത്തെ ധ്യാന കേന്ദ്രത്തില്‍ അത്ഭുതങ്ങള്‍ നടക്കാറുണ്ടെന്ന്. ഇതദ്ദേഹം പറഞ്ഞിട്ട് പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ എനിക്ക് തോന്നുന്നു, അവിടെ നടന്ന അത്ഭുതങ്ങളുടെ ഒരു ചെറിയ ശതമാനത്തെ പറ്റി  മാത്രമേ അദ്ദേഹം സൂചിപ്പിച്ചിട്ടുള്ളൂവെന്ന്. അദ്ദേഹം വീട്ടില്‍ വരുമ്പോള്‍ അവിടെ വെച്ചു കുര്‍ബ്ബാന ചൊല്ലുമായിരുന്നു; പള്ളിയില്‍ പോകാന്‍ വയ്യാതെയിരുന്ന കാലത്ത് ഇച്ചായനും അമ്മയ്ക്കും അതൊരു വലിയ സന്തോഷവുമായിരുന്നു. അത്യാവശ്യം വേണ്ട കാസയും പീലാസായും ഓസ്തിയും വീഞ്ഞും അദ്ദേഹത്തിന്‍റെ കൈയ്യിലുള്ള ചെറിയ ബാഗില്‍ കാണുമായിരുന്നു. ഏറിയാല്‍ പതിഞ്ചു മിനിട്ട് മാത്രം നീളുന്ന, വീടുകളിലുള്ള അദ്ദേഹത്തിന്‍റെ കുര്‍ബാന നിന്നത്, രൂപതാ തലത്തില്‍ അതിനു വിലക്ക് വന്നപ്പോളാണ്. പക്ഷെ, ഓടുന്ന ട്രെയിനില്‍ കുര്‍ബ്ബാന ചൊല്ലരുതെന്നു കാനോന്‍ നിയമമില്ല, ആ പഴുതദ്ദേഹം ഉപയോഗിക്കുമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.

അദ്ദേഹം ചെരിപ്പുപയോഗിക്കുമായിരുന്നില്ല. ഒരിക്കല്‍ സുപ്പിരിയറച്ചന്‍ ചോദിച്ചപ്പോള്‍ പറഞ്ഞത് പ്രകൃതിയെ അറിയാന്‍ അതിനോട് ചേര്‍ന്ന് നില്‍ക്കണമെന്നാണ്. ഏതു വീട്ടില്‍ ചെന്നാലും അവിടുത്തെ പ്രശ്നങ്ങള്‍ അദ്ദേഹം മനസ്സിലാക്കി അതിനു പരിഹാരം കാണുകയും ചെയ്യുമായിരുന്നു. 78 വര്‍ഷങ്ങള്‍ ജീവിക്കാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളു. ഈ 2013 ഓഗസ്റ്റ് 15 ന് ഹൃദയാഘാതം മൂലം അദ്ദേഹം ദേഹം വെടിഞ്ഞു. അദ്ദേഹം ആരായിരുന്നുവെന്ന് ലോകം ശരിക്കറിഞ്ഞത് അദ്ദേഹത്തിന്‍റെ മരണ ശേഷമായിരുന്നുവെന്നു പറയാം. അദ്ദേഹത്തിന്‍റെ സേവനത്തിന്‍റെ രുചി അറിഞ്ഞവരെക്കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു, അദ്ദേഹത്തിന്‍റെ  മൃതദേഹ സംസ്കാര വേള. അദ്ദേഹം മരിച്ചപ്പോള്‍ മൃതദേഹത്തില്‍ ഒരു കുറിപ്പുണ്ടായിരുന്നു. ഞാന്‍ മരിച്ചാല്‍ ശരീരാവയവങ്ങള്‍ മുഴുവന്‍ ആവശ്യക്കാര്‍ക്ക് ദാനം ചെയ്യണംഎന്നായിരുന്നു ആ കുറിപ്പില്‍ എഴുതിയിരുന്നത്. ഈ കുറിപ്പ് എപ്പോഴും അദ്ദേഹത്തിന്‍റെ പോക്കറ്റില്‍ ഉണ്ടായിരുന്നുവെന്നു ഉറപ്പ്. അദ്ദേഹം രോഗിയായിരുന്നതുകൊണ്ട് കണ്ണുകള്‍ മാത്രമേ ദാനം ചെയ്യാനായുള്ളൂ. അദ്ദേഹത്തിന്‍റെ മുറി പരിശോധിച്ചവര്‍ കണ്ടെത്തിയത് ഒരൊറ്റ ജോഡി ഉടുപ്പും ഒരു സെറ്റ് ജൂബയും മാത്രം. അദ്ദേഹത്തിനുണ്ടായിരുന്നതെല്ലാം വെച്ചിട്ടും എയര്‍ ബാഗില്‍ പിന്നെയും ഇടയുണ്ടായിരുന്നുവത്രേ.

ഒരുകാലത്ത് ആന്ധ്രായിലുള്ള നേഴ്സിംഗ് കോളെജുകാരുടെ ഒരു ഏജന്റിനെ പോലെ അദ്ദേഹം പ്രവൃത്തിച്ചതിന്‍റെയും പൊരുള്‍ ഞാന്‍ കേട്ടു. ആ കെയറോഫില്‍ സൌജന്യമായി പഠിച്ചിറങ്ങി അതുകൊണ്ട് ജീവിതം പടുത്തുയര്‍ത്തിയ അനേകം യുവതികള്‍ സാക്ഷ്യം പറയാന്‍ ആ ശവസംസ്കാര ചടങ്ങില്‍ എത്തിയിരുന്നു. അനേകം കുടുംബങ്ങളെ സാമ്പത്തികമായും അദ്ദേഹം സഹായിച്ചിട്ടുണ്ട്. ഇതിനദ്ദേഹം കണ്ടെത്തിയ മാര്‍ഗ്ഗം വിചിത്രമായിരുന്നു. അറിയാവുന്ന യോഗ്യന്മാരെ പിടികൂടും, കാര്യം പറയും, സഹായം നേരിട്ടെത്തിക്കാനുള്ള ക്രമീകരണങ്ങളും ചെയ്യും - വളരെ സിമ്പിള്‍. ഇന്ന് യുവദീപ്തി പ്രസ്ഥാനത്തിന് മാര്‍ഗ്ഗരേഖയായത് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളാണെന്നു പറയപ്പെടുന്നു. മരിക്കുമ്പോള്‍ അദ്ദേഹം ഫ്രാന്‍സിസ്കന്‍ അല്മായാ സംഘടനയുടെ അടിത്തറയും പാകിയിരുന്നു. ക്രിയാത്മകമായ കുടുംബ കൂട്ടായ്മകള്‍ക്ക് ഒരു മാര്‍ഗ്ഗ രേഖയായി അത് മാറിക്കൂടായ്കയില്ല.


അദ്ദേഹത്തെപ്പറ്റി പറയാന്‍ ഇനിയുമുണ്ട് ഏറെ. ഒരു പക്ഷേ, അത്മായാ വിമോചന പ്രസ്ഥാനക്കാരുടെ ആക്രോശങ്ങളെക്കാള്‍ സഭയെ പിടിച്ചു കുലുക്കുന്നത് ഇദ്ദേഹത്തെപ്പോലുള്ള കുളിര്‍ക്കാറ്റുകളല്ലേയെന്നാണ് ഞാന്‍ സംശയിക്കുന്നത്. അദ്ദേഹത്തിന്‍റെ പാവന സ്മരണക്കു മുമ്പില്‍ ഒരു തുള്ളി കണ്ണുനീരെങ്കിലും അര്‍പ്പിക്കാതിരിക്കാന്‍ എനിക്ക് സാധിക്കുന്നില്ല.  

2 comments:

  1. ശ്രീ ജോസഫ് മറ്റപ്പള്ളിയെ ഏതാണ്ട് സ്വാധീനിച്ച ഈ അഡോൾഫച്ചനെ നന്നായി അറിയുന്ന വേറൊരു കപ്പൂച്ചിന്റെ കാര്യമാണ് എന്റെയോർമ്മയിൽ വരുന്നത്. മറ്റപ്പള്ളിയുടെ മനസ്സിൽ തട്ടിയ ജീവിതലാളിത്യം അത്രയധികം സ്വാംശീകരിച്ച ഒരാളെപ്പറ്റിയാണ് ഈ കുറിപ്പും. പത്തു നാല്പ്പത് വർഷത്തോളം അഡോൾഫച്ചന്റെ സഭയിൽ തന്നെ പ്രവർത്തിച്ച്‌, വടക്കേ ഇന്ത്യയിൽ പാവങ്ങളുടെ ഇടയിൽ കഴിഞ്ഞുകൂടുകയും, തനിയെ കെട്ടിപ്പടുത്ത ഒരിടവകയുടെ സുരക്ഷിതത്വം ഉണ്ടായിരുന്നിട്ടും ഒരു സാധാരണക്കാരനെപ്പോലെ സാധാരണ വേഷത്തിൽ ചുറ്റി നടന്ന് വഴി താറിടുന്നവരുടെ കൂടെ പണുതും കടത്തിണ്ണകളിൽ ഉറങ്ങിയും ശീലിച്ച അദ്ദേഹം അതിലും വലിയ സ്വാതന്ത്ര്യം തന്റെ ജന്മാവകാശമാണ് എന്ന് മനസ്സിലാക്കിയപ്പോൾ സന്യാസവസ്ത്രം പോലും ഉപേക്ഷിച്ച്, വെറും ഒരു മുണ്ടും ഒരു ബനിയനോ ഷർട്ടൊ ഇട്ട് ഇന്നും കഴിയുന്നു. വരുമാനമാർഗം കൂലിപ്പണിയാണ്. സഭക്കുള്ളിൽ കിട്ടാത്ത സ്വാതന്ത്ര്യാസ്വാദനത്തിനായി സഭയിൽ നിന്ന് ഏതെങ്കിലും കാരണം പറഞ്ഞ് ഇങ്ങനെ ഇറങ്ങിപ്പോയവർ വേറെയുമുണ്ട്. എന്നാൽ അവർ തങ്ങളുടെ പഴയ സേവനങ്ങളുടെ പേരിൽ നഷ്ടപരിഹാരമോ ജീവിക്കാൻ വേണ്ട തുകയെങ്കിലുമൊ ആഗ്രഹിക്കുകയും അത് ചോദിച്ചു വാങ്ങുകയും ചെയ്യാറുണ്ട്. ഇദ്ദേഹമാകട്ടെ, ഒരു രണ്ടാം മുണ്ടുപോലും എടുക്കാതെ ഇറങ്ങിപ്പോകുക മാത്രമല്ല, ഒരു പൈസയും ആരോടും ഒട്ടു ചോദിച്ചുമില്ല. എല്പിച്ച ജോലികലെല്ലാം ഉത്തരവാദിത്തത്തോടെ ചെയ്തിരുന്ന ഇദ്ദേഹത്തിന് ജീവസന്ധാരണത്തിനുള്ളത് കൊടുക്കാൻ അധികാരികൾ തയ്യാറാണ്. എന്നാൽ അതൊന്നും തനിക്കാവശ്യമില്ലെന്നും, തന്റെ സ്വാതന്ത്ര്യത്തിന് അതിലൊക്കെക്കൂടുത്തൽ വിലയുന്ന്ടെന്നും അനുഭവത്തിൽ നിന്ന് അദ്ദേഹത്തിനറിയാം. സ്വന്തമോ അന്യരുടേതോ ആയ ഒരു ചുമടും ചുമ്മാതെ നടക്കുക എന്നതാണ് ആ സ്വാതന്ത്ര്യം.

    "ഇവിടെ നിങ്ങൾ മുന്നൂറു കുടയെചൊല്ലി ഊറ്റം കൊള്ളുമ്പോള്‍ അവിടെ അത്താഴ പട്ടിണിക്കാരായ മനുഷ്യർ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞത് ഞാനോര്‍ക്കുന്നു" എന്നതാണ് ഈ സ്വാതന്ത്ര്യത്തിന്റെ മറ്റേ വശം. പണം ഇഷ്ടംപോലെ കൈവശമുള്ളപ്പോൾ നാം അതില്ലാത്തവരുടെ അവസ്ഥയെപ്പറ്റി ബോധമില്ലാത്തവരായിപ്പോകും എന്നത് ഒരു നഗ്നസത്യമാണ്. സ്വന്തം വിയർപ്പാൽ അന്നന്നത്തെ വിശപ്പ്‌ നീക്കി ജീവിക്കുന്നവർ അന്യരുടെ വിശപ്പും അറിയുന്നവരായിരിക്കും. ധനികരാജ്യങ്ങളിലെ പ്രവാസികൾ ജനിപ്പിച്ചു വളർത്തിയ മക്കൾ എത്ര നല്ല സ്വഭാവമുള്ളവരായിരുന്നാലും, സ്നേഹത്തിൽ നിന്നുദിക്കുന്ന കാരുണ്യം എന്ന കുളിർകാറ്റ് അവരിൽ നിന്ന് വീശുകയില്ല. ഈ വർഷം എനിക്കുണ്ടായ ഏറ്റവും ആഴമായ അനുഭവം അതാണ്‌..

    ReplyDelete
  2. “ധനികരാജ്യങ്ങളിലെ പ്രവാസികൾ ജനിപ്പിച്ചു വളർത്തിയ മക്കൾ എത്ര നല്ല സ്വഭാവമുള്ളവരായിരുന്നാലും, സ്നേഹത്തിൽ നിന്നുദിക്കുന്ന കാരുണ്യം എന്ന കുളിർകാറ്റ് അവരിൽ നിന്ന് വീശുകയില്ല”. സാക്ക് പറഞ്ഞത് സത്യം തന്നെ. എന്നാൽ ഇന്ത്യാക്കാരുടെ മനോഭാവവും അതുതന്നെ. ഡെൽഹിക്കടുത്ത് 10,000 ഏക്കർ സ്ഥലത്ത് 1.8 - 2.5 മില്യൻ ഡോളറിൽ തുടങ്ങുന്ന കൊട്ടാരങ്ങൾ (Aamby Valley City) ഏതാനും ആഴ്ചകൾക്കുള്ളിൽ വിറ്റുപോയി . കോടിക്കണക്കിന് ജനങ്ങൾ വഴിയോരങ്ങളിൽ കിടന്നുറങ്ങുമ്പോഴും സമ്പന്നർ പട്ടുമെത്തയിൽതന്നെ. ഏതു രാജ്ജ്യത്തായാലും ഏതു സാമ്പത്തീക സ്ഥിതിയിലായാലും സ്നേഹത്തിൽ നിന്നുദിക്കുന്ന കാരുണ്യം എന്ന കുളിർകാറ്റ് സ്വന്തം ഹൃദയത്തിൽനിന്ന് വരണം.

    ReplyDelete