Translate

Thursday, September 26, 2013

ചൊറിയിച്ചറിയിക്കണം

ഇപ്പന്‍
(2013 സെപ്റ്റംബര്‍ ലക്കം 'സത്യജ്വാല'യില്‍ നിന്ന് )

നാലു ദശാബ്ദമായി മാര്‍ത്തോമ്മാനിയമ പുനഃസംസ്ഥാപനാര്‍ത്ഥം ഒരു വൃദ്ധനരശാര്‍ദ്ദൂലഗര്‍ജ്ജനം കേരളത്തിന്റെ സാംസ്‌കാരികാന്തരീക്ഷത്തില്‍ മുഴങ്ങാന്‍ തുടങ്ങിയിട്ട്. ആ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ആശയപ്പോരാട്ടത്തിനുമുമ്പില്‍ ഞാന്‍ സവിനയം ശിരസു നമിക്കുന്നു. പക്ഷേ, അജ്ഞസമൂഹത്തിന്റെ ബധിരകര്‍ണ്ണങ്ങളില്‍ വനരോദനമായും അന്ധനേത്രങ്ങളില്‍ ജലരേഖയായും അതു പരിണമിക്കുകയല്ലേ ചെയ്തിട്ടുള്ളതെന്നു സംശയിക്കുകയും ചെയ്യുന്നു. എന്നിരിക്കിലും ബുദ്ധിജീവിലോകത്തിന്റെ സവിശേഷശ്രദ്ധ ഈ വിഷയത്തില്‍ പതിഞ്ഞിട്ടുണ്ട്. വോള്‍ട്ടയറുടെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങളാണ് ഫ്രഞ്ചുവിപ്ലവത്തിനു നിമിത്തമായത്. ഇന്നത്തെ ബുദ്ധിജീവിലോകത്തിന്റെ അടക്കംപറച്ചിലുകള്‍ നാളത്തെ അടുക്കളത്തിണ്ണവര്‍ത്തമാനമായി മാറുന്നു. അതങ്ങനെയാണ്. ഹിമാലയത്തില്‍ നിന്നുദ്ഭവിക്കുന്ന ഗംഗ സമതലത്തിലെത്തി വിത്തുകളെ കോരിത്തരിപ്പിച്ച് പത്തിരട്ടിയായി പൊന്നു വിളയിക്കുന്നു. 'ഓശാന'യുടെ ആദ്യലക്കം മുതല്‍ അദ്ദേഹം അത് രാഷ്ട്രീയത്തിലെയും ജുഡീഷ്യറിയിലെയും അഭിഭാഷകരിലെയും സാംസ്‌കാരികലോകത്തിലെയും പ്രമുഖന്മാര്‍ക്ക് സൗജന്യമായി അയച്ചുകൊടുത്തിരുന്നു. മംഗളത്തിന്റെ ചീഫ് എഡിറ്റര്‍ സാജന്‍ വര്‍ഗ്ഗീസ് എന്നോടു പറഞ്ഞു, അദ്ദേഹം ഓശാനയുടെ ഒറ്റപ്രതിപോലും മുടങ്ങാതെ വായിക്കാറുണ്ടെന്നും 'സത്യജ്വാല'യും അദ്ദേഹത്തിന് അയച്ചുകൊടുക്കണമെന്നും. 

മംഗളം നമ്മള്‍ കത്തോലിക്കാസഭാനവീകരണ പ്രസ്ഥാനക്കാരുടെ ഇഷ്ടക്രൈസ്തവപത്രമായതെങ്ങനെയെന്നു മനസിലായല്ലോ? ജീവിതം ശുദ്ധമാണെങ്കില്‍ നിരീശ്വരനും സ്വര്‍ഗ്ഗത്തില്‍ പോകുമെന്നു ഫ്രാന്‍സീസ് മാര്‍പ്പാപ്പാ പറഞ്ഞത് മംഗളം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്-നിരീശ്വരന്മാരുടെ പത്രമായ ദേശാഭിമാനിയില്‍പ്പോലും കണ്ടില്ല. ഓശാന സൃഷ്ടിച്ച ആശയപരിസരത്തുനിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് കൃഷ്ണയ്യര്‍ക്കമ്മീഷന്‍ പള്ളിസ്വത്തുനിയമം ശിപാര്‍ശ ചെയ്തതെന്ന് ഞാന്‍ അനുമാനിക്കുന്നു.

'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സി'ലുകാരെല്ലാം ഈ ദ്രോണാചാര്യരുടെ കൗരവന്മാരോ പാണ്ഡവന്മാരോ ഏകലവ്യന്മാരോ ആണ്. ഗുരുദിനമായ സെപ്തംബര്‍ അഞ്ചാംതീയതിയാണ് ഞാനിതെഴുതുന്നത്. ഉചിതമായ ഗുരുദക്ഷിണ ഈ ആചാര്യന്‍ അര്‍ഹിക്കുന്നു. ചോദിക്കാതെതന്നെ എനിക്കറിയാം, അദ്ദേഹം ആഗ്രഹിക്കുന്നതെന്തെന്ന്. തന്റെ കണ്ണുകള്‍ അടയുന്നതിനുമുമ്പ് 'ചര്‍ച്ച് ആക്ട്' പാസായിക്കാണണം. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ്, നമ്മളിതുവരെ പത്രപ്പരസ്യങ്ങള്‍, പോസ്റ്ററുകള്‍, പ്ലാക്കാര്‍ഡേന്തിയുള്ള പ്രകടനങ്ങള്‍, സെമിനാറുകള്‍ പ്രാര്‍ത്ഥനാധര്‍ണ്ണകള്‍ നിവേദനസമര്‍പ്പണങ്ങള്‍, നിയമപ്പോരാട്ടങ്ങള്‍ എന്നിവകളിലൂടെ നടത്തിയത്. പക്ഷേ, പ്രശ്‌നത്തെ അഞ്ചുനില അമിട്ടുകള്‍ തുടരെത്തുടരെ പൊട്ടുന്ന മാധ്യമാഘോഷമാക്കി മാറ്റുന്നതില്‍ നമ്മള്‍ ഇന്നുവരെ പരാജിതര്‍തന്നെയാണ്. 'ചര്‍ച്ച് ആക്ട്' വ്യഭിചാരത്തിന്റെ ദുര്‍ഗന്ധം പേറുന്ന ഒരു ഇക്കിളിവിഷയമല്ലല്ലോ. ചര്‍ച്ച് ആക്ടിന്റെ ദൂരവ്യാപകമായ സദ്ഫലങ്ങളെക്കുറിച്ച് സാധാരണക്കാര്‍ അജ്ഞരാണെങ്കിലും മാധ്യമമുതലാളിമാര്‍ വിജ്ഞരാണ്. ഇതുപോലുള്ള നിയമപരിഷ്‌കാരങ്ങള്‍ ആത്യന്തികമായി മുതലാളിത്തത്തിന്റെ അടിക്കല്ലാണിളക്കുന്നതെന്ന് അവര്‍ക്കറിയാം. ഇരിക്കുന്ന കമ്പുമുറിക്കാന്‍ അവരാരും ഫ്രാന്‍സീസ് മാര്‍പ്പാപ്പാമാരല്ലല്ലോ. അതുകൊണ്ട് അവരാരും ചര്‍ച്ച് ആക്ടിനനുകൂലമായ ആശയപ്രചാരണം ഏറ്റെടുക്കുമെന്നും പ്രതീക്ഷിക്കാനാവില്ല.

ഇനിയുള്ളതു രാഷ്ട്രീയപ്പാര്‍ട്ടികളാണ്. മതനിരപേക്ഷമായ നിലപാടു പുലര്‍ത്തുന്ന ഇടതുപക്ഷമാണ് ചര്‍ച്ച് ആക്ടുപോലെയുള്ള നിയമനിര്‍മ്മാണത്തിനു മുന്‍കൈയെടുക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍, ഇടതുപക്ഷചിന്താഗതി വച്ചുപുലര്‍ത്തുന്ന ആത്മാര്‍ത്ഥതയുള്ള ഒട്ടേറെ ജനങ്ങളിവിടെ ഉണ്ടെങ്കിലും ഒരിടതുമുന്നണി ഇവിടെ ഇല്ലല്ലോ. ഇവിടെയുള്ളത് ഗാന്ധിജിയെയും മാര്‍ക്‌സിനെയും ബോണ്‍സായിയാക്കി ചില്ലുകൂട്ടില്‍ ബന്ധിച്ചിരിക്കുന്ന കോണ്‍ഗ്രസിന്റെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും നേതൃത്വത്തിലുള്ള യു.ഡി.എഫ് ഏ ഗ്രൂപ്പും യു.ഡി.എഫ് ബി ഗ്രൂപ്പും മാത്രമാണ്. ഈ രണ്ടു ഗ്രൂപ്പിലെയും മിക്ക നേതാക്കന്മാരും മെത്രാന്മാരുടെ മേശയിലെ എച്ചിലിന്റെ രുചിപറ്റിയവരാണ്. ആ സ്ഥിതിക്ക് അവരാരും ആര്‍ക്കും വേണ്ടാത്ത ഈ എല്ലുംമുട്ടിയില്‍ കടിക്കുമെന്ന് പ്രതീക്ഷിക്കേണ്ട.

ഒരാക്ഷേപഹാസ്യക്കാരനു സഹജമായ അതിശയോക്തിയോടെ ഞാന്‍ നമ്മുടെ രാഷ്ട്രീയനേതാക്കന്മാരെ മെത്രാന്മാരുടെ എച്ചിലുതീറ്റിക്കാരെന്നൊക്കെ വിശേഷിപ്പിച്ചെങ്കിലും, ഇന്നത്തെ അധികാരരാഷ്ട്രീയ പരിതഃസ്ഥിതിയില്‍ മെത്രാന്മാരുടെ വോട്ടു ബാങ്കിനെ ഏതൊരു രാഷ്ട്രീയനേതാവും ഭയപ്പെടുകതന്നെ ചെയ്യും. ഞാന്‍ പ്രവര്‍ത്തിക്കുന്ന ഇടം അതാണെങ്കില്‍ ഞാനും. 

മാണിസാറിന് തന്റെ നീണ്ട ഔദ്യോഗികജീവിതത്തിനിടയില്‍ ഒട്ടേറെ ചീത്ത കത്തനാരന്മാരെ ചുമക്കേണ്ടിവന്നിട്ടുണ്ടാവും. അദ്ദേഹം അതൊക്കെ സന്തോഷത്തോടെയാണ് ചെയ്തതെന്നു ഞാന്‍ കരുതുന്നില്ല. ചുരുക്കത്തില്‍, രാഷ്ട്രീയക്കാര്‍ക്ക് അവരുടെ ഇടവും സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ക്ക് അവരുടെ ഇടവും ഉണ്ട്. ഏതു പരിഷ്‌കാരവും ജനകീയാവശ്യമായി മാറാതെ രാഷ്ട്രീയക്കാരതിനെ ഗൗനിക്കാന്‍ പോകുന്നില്ല. ഒരു പരിഷ്‌കാരത്തെ ജനകീയാവശ്യമായി മാറ്റുന്നതിന് ഭഗീരഥപ്രയത്‌നംതന്നെ ആവശ്യമായിവന്നേക്കാം. ഈ ഭാരിച്ച ഭഗീരഥപ്രയത്‌നം സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ വിധിയാണ്. പത്തു ബോള്‍ ഗോള്‍ മുഖത്തെത്തിച്ചുകൊടുത്താല്‍ മാത്രമേ, രാഷ്ട്രീയക്കാരതിനെ ഗോളാക്കി കൈയടി നേടുകയുള്ളൂ. 

ജനകീയാവശ്യമായി മാറിക്കഴിയുമ്പോള്‍ രാജാക്കന്മാര്‍പോലും ഗൗനിക്കും എന്നതിന്റെ തെളിവാണ് ക്ഷേത്രപ്രവേശനവിളംബരം. കുമാരനാശാന്റെയും വള്ളത്തോളിന്റെയും കവിതകളും വൈക്കം സത്യഗ്രഹവും ഗുരുവായൂര്‍ സത്യഗ്രഹവുമൊക്കെ സമൂഹത്തില്‍ പ്രചരിപ്പിച്ച ജാതിവിരുദ്ധമനോഭാവത്തിന്റെ പരിണതഫലമായിരുന്നു ആ വിളംബരം. നമ്മള്‍ സാമൂഹികപരിഷ്‌കര്‍ത്താക്കളാണ്. നമ്മള്‍ നമ്മുടെ ഇടത്തില്‍ ഉറച്ചുനിന്നുകൊണ്ട് നമ്മുടെ ജോലി നന്നായി ചെയ്യുക. 'ചര്‍ച്ച് ആക്ട്' ജനകീയാവശ്യമായി മാറുമ്പോള്‍ രാഷ്ട്രീയക്കാര്‍ തനിയെ അതേ റ്റെടുത്തുകൊളളും. ഇതാ പുരോഹിതാധിപത്യത്തിനെതിരെ പൊരുതുന്ന ഒരു പോപ്പിനെ തന്ന് ചരിത്രം നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. 'ചര്‍ച്ച് ആക്ടി'ന്റെ ദൂരവ്യാപകമായ ഫലങ്ങളെക്കുറിച്ചൊന്നും സാധാരണ വിശ്വാസികള്‍ വേണ്ടത്ര ബോധവല്‍ക്കരിക്കപ്പെട്ടിട്ടില്ലെങ്കിലും പുരോഹിതാധിപത്യത്തില്‍ അധികംപേരും അസംതൃപ്തരാണ്. അമര്‍ത്തിയ പ്രക്ഷുബ്ധത പുകയുകയാണ് അവരുടെ ഉള്ളില്‍. ഭയംകൊണ്ട് ഒതുങ്ങിക്കഴിയുന്നുവെന്നേയുള്ളൂ. പോപ്പിനെ മുന്‍നിര്‍ത്തി നമ്മള്‍ പുരോഹിതാധിപത്യത്തിനെതിരെ പ്രചണ്ഡമായ പ്രചരണകൊടുങ്കാറ്റഴിച്ചുവിട്ടാല്‍ മെത്രാന്മാരുടെ വോട്ടു ബാങ്കു തകര്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ത്തന്നെ അതില്‍ ചോര്‍ച്ചയുണ്ടാക്കാന്‍ കഴിയും. ഒരുപക്ഷേ കേരളത്തിലെ ക്രിസ്ത്യാനികള്‍ പാപ്പാക്കക്ഷിയെന്നും മെത്രാന്‍ കക്ഷിയെന്നും രണ്ടായി പിളര്‍ ന്നെന്നും വരാം. അങ്ങനെ വന്നാ ല്‍ ഒറ്റപ്പെടുന്ന മെത്രാന്മാരുടെ കാലുവാരുന്ന ജോലി മാണിസാര്‍ ഭംഗിയായി ചെയ്തുകൊള്ളും. പന്തു നമ്മള്‍ അവിടംവരെ കൊ ണ്ടെത്തിച്ചുകൊടുക്കണമെന്നേയുള്ളൂ.
മാധ്യമങ്ങളും രാഷ്ട്രീയനേതാക്കളും നമ്മെ അറിയാത്ത പിളളകളാണ്. നമ്മള്‍ ചൊറിയിച്ചറിയിക്കണം. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടിരിക്കുന്ന മേഖലകളിലെങ്കിലും നമ്മള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കണമെന്നാണെന്റെ അഭിപ്രായം. 


കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വിജയത്തിനുകാരണം, നൂറ്റമ്പതോളം ജനശക്തി പ്രവര്‍ത്തകര്‍ കേരളത്തിന്റെ നാനാഭാഗത്തുനിന്നും കാഞ്ഞിരപ്പള്ളിയിലെത്തി തമ്പടിച്ച് മൂന്നാഴ്ചയോളം പ്രചാരണം നടത്തി എന്നതാണ്. പുലിക്കുന്നേല്‍ സാര്‍ പാലായില്‍ കെ.എം.മാണിയെ നേരിടുകയും നൂറോളം 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലു'കാര്‍ രണ്ടാഴ്ചയോളം ഓശാന മൗണ്ടില്‍ വന്നു താമസിച്ച് പ്രചാരണം നടത്തുകയും ചെയ്താല്‍ സാര്‍ ജയിക്കുമെന്നു ഞാന്‍ പറയില്ല. പക്ഷേ, മാണിസാര്‍ തോല്‍ ക്കും. കതിരേല്‍ കൊണ്ടുപോയി വളം വെച്ചതുകൊണ്ട് കാര്യമില്ല. അടുത്ത ഇലക്ഷനാണു ലക്ഷ്യമെങ്കില്‍ പാലാ നിയോജകമണ്ഡലം കേന്ദ്രീകരിച്ച് ഇപ്പോഴേ പോസ്റ്ററിംഗ് ആരംഭിക്കണം. 

ഒന്നോര്‍ത്താല്‍ പലയിടത്ത് പ്രഹരിച്ച് ഊര്‍ജ്ജം പാഴാക്കുന്നതിനേക്കാള്‍ ഭേദം പ്രധാന മര്‍മ്മത്ത് ആഞ്ഞു പ്രഹരിക്കുന്നതാണ്. ലോകത്തിന്റെ ആത്യന്തികമായ നന്മയ്ക്കുവേണ്ടി സ്വയം നഷ്ടപ്പെടാന്‍ പുലിക്കുന്നേല്‍ സാര്‍ തയ്യാറാകുകയും വേണം. ഈ തോല്‍വി മണത്തറിഞ്ഞ് മാണിസാര്‍ 'ചര്‍ച്ച് ആക്ട്' തന്റെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയാല്‍ നമ്മള്‍ ജയിച്ചു. രാഷ്ട്രീയത്തില്‍ സ്ഥിരവൈരാഗ്യങ്ങളൊന്നുമില്ല. അപ്പോള്‍ മാണിസാറിനുവേണ്ടി പ്രചാരണത്തിനിറങ്ങാന്‍ നമ്മള്‍ മടിക്കുകയുമരുത്.
സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ക്ക് ഒരു മുന്നണിയോടും പക്ഷപാതം പാടില്ല. നമ്മള്‍ ഗൗരവമായി കളത്തിലിറങ്ങുന്നു എന്നു കാണുമ്പോള്‍ ഇടതുപക്ഷവും അവരുടെ പ്രകടനപത്രികയില്‍ 'ചര്‍ച്ച് ആക്ട്' ഉള്‍പ്പെടുത്താന്‍ തയ്യാറായേക്കും. അങ്ങനെയെങ്കില്‍ , അവരുടെകൂടെ കൂടുക. 


പക്ഷേ, പിണറായി വിജയന്റെയും അച്യുതാനന്ദന്റെയും നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് 'ചര്‍ച്ച് ആക്ട്' നടപ്പാക്കുന്നതില്‍ പല പരിമിതികളുമുണ്ട്. ഇടതുമുന്നണിയുടെ വോട്ടറന്മാര്‍ കൂടുതലും ഹിന്ദുക്കളാണല്ലോ. അതുകൊണ്ടാണല്ലോ ബി.ജെ.പിക്കു കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാതെ പോകുന്നതും, അവര്‍ 'ചര്‍ച്ച് ആക്ടു' നടപ്പാക്കാന്‍ ശ്രമിച്ചാല്‍ മെത്രാന്മാര്‍ വര്‍ഗ്ഗീയച്ചീട്ടിറക്കിക്കളിക്കും. തീക്കളിയാക്കാവുന്നതാണല്ലോ വര്‍ഗ്ഗീയക്കളി. അതുകൊണ്ടു 'ചര്‍ച്ച് ആക്ടു' നടപ്പിലാക്കുന്നതിനുള്ള ചരിത്രപരമായ ചുമതല കേരളാ കോണ്‍ഗ്രസിനുതന്നെയാണ്. കേരളാ കോണ്‍ഗ്രസിന്റെ വോട്ടു ബാങ്കില്‍ വിളളല്‍ വീഴുമെന്നു കണ്ടാല്‍ മാത്രമേ ആ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ അനങ്ങാന്‍ പോകുന്നുള്ളൂ. 

അങ്ങനെയൊരു വിള്ളല്‍ വീഴ്ത്താന്‍ നമുക്കു കഴിഞ്ഞിട്ടുണ്ടെന്നതിന്റെ തെളിവാണ്, കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനില്‍ 'ചര്‍ച്ച് ആക്ടു' പ്രവര്‍ത്തകര്‍ക്കു ലഭിച്ച വോട്ടുകള്‍.
ഇലക്ഷനു നമ്മള്‍ നില്‍ക്കുന്നതോടുകൂടി മാധ്യമങ്ങള്‍ക്ക് ഇതുവരെ ഒളിച്ചുവച്ചിരുന്ന 'ചര്‍ച്ച് ആക്ട്' ചര്‍ച്ചാവിഷയമാക്കാതെ വയ്യെന്നുവരും. മാണിസാറിന്റെ തോല്‍വിക്കു നമ്മള്‍ കാരണമായാല്‍ മാധ്യമങ്ങള്‍ക്കതെങ്ങനെ മറച്ചുവയ്ക്കാനാവും? ഇലക്ഷന് എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും മൈക്കു കൊടുക്കാന്‍ മാധ്യമങ്ങള്‍ നിര്‍ബന്ധിതരാണല്ലോ. ആശയപ്രചാരണത്തിനുള്ള ഒന്നാന്തരം അവസരമാണു നമുക്കു ലഭിക്കാന്‍ പോകുന്നത്. 


ഏതു മുന്നണി ഭരിച്ചാലും കോരനു കഞ്ഞി കുമ്പിളില്‍ത്തന്നെ ആണല്ലോ. എങ്കില്‍ അയ്യഞ്ചുകൊല്ലങ്ങള്‍ക്കിടയില്‍ എത്തുന്ന തിരഞ്ഞെടുപ്പുത്സവങ്ങളെ എന്തുകൊണ്ടു സാമൂഹികപരിഷ്‌കര്‍ത്താക്കള്‍ക്ക് ആശയപ്രചാരണത്തിനുവേണ്ടി വിനിയോഗിച്ചുകൂടാ!
ഓര്‍ക്കുക, അനങ്ങാപ്പാറകളെ അനക്കിയും അറിയാത്ത പിള്ളകളെ ചൊറിയിച്ചുമാണ് സാമൂഹികപരിഷ്‌കര്‍ത്താക്കള്‍ ചരിത്രത്തില്‍ ഇന്നുവരെ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്.

No comments:

Post a Comment