Translate

Thursday, September 5, 2013

അനന്തത? അതിതാ, ഇവിടെത്തന്നെ!

"നീ ആഴിയായിരിക്കേ, തിരകൾ ഉയരുകയും താഴുകയും ചെയ്യുന്നതിൽ നിനക്കെന്തു ലാഭം, എന്ത് നഷ്ടം?" (അഷ്ടവക്ര ഗീത)

അപ്രതീക്ഷിതമായി അനുഭവിക്കേണ്ടിവരുന്ന നഷ്ടങ്ങളാണ് ഈ ജീവിതത്തിൽ നേടാനും നഷ്ടപ്പെടാനും ഒന്നുമില്ലെന്ന ആത്യന്തിക സത്യത്തിലേയ്ക്ക് ഒരാളെ വലിച്ചടുപ്പിക്കുന്നത്. രണ്ടെന്ന (ഞാനും ഞാനല്ലാത്തതും) അനുഭവത്തിലൂടെ കടന്നുവേണം ഏതൊരു മനുഷ്യനും രണ്ടില്ല (ബാക്കി മനുഷ്യരിലും വസ്തുക്കളിലും നിന്ന് വേര്പെട്ടു നില്ക്കുന്ന 'ഞാൻ' എന്നൊന്നില്ല) എന്ന അദ്വൈതചിന്തകളിലേക്ക് ചേക്കേറാൻ. എനിക്ക് എന്നെ നഷ്ടപ്പെടുക എന്ന വിരുദ്ധോക്തിയെലൂടെയേ ആ അവസ്ഥാന്തരം എന്താണെന്ന് പറയാനാവൂ. അത്തരമൊരു കാഴ്ചപ്പാടിലേയ്ക്ക് എന്നെ നയിച്ചത് അപ്രതീക്ഷിതമായി അനുഭവിക്കേണ്ടി വന്ന നഷ്ടങ്ങളാണ്. എൻറെ ലാഭനഷ്ടങ്ങളുടെ വിലയിരുത്തൽ നടത്താൻ 'എനിക്ക്' മാത്രമേ കഴിയൂ. ലാഭനഷ്ടങ്ങൾ പണപരവും വൈകാരികവും വിശ്വാസപരവുമായ തലങ്ങളിൽപ്പെടുന്നവയാണ്. പേരിനുപോലും ഒരിക്കലും ഉറ്റ സുഹൃത്തുക്കൾ ഇല്ലാതിരുന്ന എനിക്ക് സാമ്പത്തിക സ്ഥാപനങ്ങളും കുടുംബാംഗങ്ങളും സഹധര്മ്മിണിയും, എന്തിന്, ആറ്റുനോറ്റിരുന്നുണ്ടായി, കണ്മണിപോലെ വളർത്തിയ മക്കൾ പോലും ഒന്നിന് പുറകെ ഒന്നായി നഷ്ടബോധത്തിലേയ്ക്ക് നയിക്കുന്ന ഉപകരണങ്ങളായി ഭവിച്ചിട്ടുണ്ട്.

അപ്രതീക്ഷിതവും അഹന്തയെ തറപറ്റിക്കുന്നതുമായ ഈയനുഭവങ്ങൾ എനിക്ക് മുമ്പിൽ കുറെ ചോദ്യങ്ങൾ ഉയർത്തി. ഞാനെന്ന ഒരു വ്യക്തിയുണ്ടോ? അതോ, അപ്രധാനവും യാദൃശ്ചികവുമായ ഒരു താത്ക്കാലികാസ്തിത്വത്തിന്റെ അവ്യക്തമായ ഒരു നിഴലോ ഛായയോ മാത്രമാണോ ഞാൻ? എന്റെ ചുറ്റുപാടുകൾ എന്നെ ഇത്ര ശക്തിയോടെ സ്പർശിക്കാൻ മാത്രം ദൃഡമായ എന്ത് ബന്ധമാണ് എനിക്ക് അവയുമായിട്ടുള്ളത്? ഇത്തരം ചോദ്യങ്ങള്‍ക്ക് തക്കതായ ഉത്തരം കണ്ടെത്താതെ മുന്നോട്ടു പോവാന്‍ സാദ്ധ്യമല്ലായെന്നു വന്നു. കൂടുതൽ ധ്യാനം, കൂടുതൽ വായന, അക്കൂടെ, അറിഞ്ഞിടത്തോളം എഴുതിവയ്ക്കുക എന്നിവ എനിക്ക് ശീലമായി.

ഭൂരിഭാഗം മനുഷ്യരും സാധാരണ ജീവിതത്തിൽ സ്വന്തം അസ്തിത്വത്തിന്റെ, 'ഞാൻ' എന്ന സത്തയുടെ, പ്രാധാന്യം സ്ഥിരീകരിക്കാൻ ശ്രമിക്കുകയും ചുറ്റുപാടുമുള്ള ലോകം അത് ശരിവയ്ക്കുന്നതായി പെരുമാറുന്നതുപോലെയുമാണല്ലോ നിത്യാനുഭവം. പക്ഷേ, എന്റേതായ ഒരു സ്വത്തം (self) ഇല്ലായിരിക്കാം എന്ന ചിന്തയാണ് എന്നില്‍ ഉണർന്നുവന്നത്. മൗനമായ ധ്യാനത്തിന്റെ ഇടവേളകളിൽ, ആ ചിന്തയേയും ചുറ്റുപാടുകൾ സ്ഥിരീകരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്റെ വ്യക്തിത്വത്തെ മാത്രമല്ല, എന്റേതെന്നു പറയാവുന്ന, സ്വപര്യാപ്തമായ അസ്തിത്വത്തെയും നിരാകരിക്കുക എന്നത് ശരിയായിരുന്നു എന്നെനിക്കു ഇപ്പോളറിയാം. അവിടേയ്ക്കുള്ള വഴിയിൽ, ഞാൻ എന്തൊക്കെയല്ല എന്ന കണ്ടെത്തലാണ് ഞാൻ എന്താണ് എന്നറിയുന്നതിലും പ്രാഥമികവും ശരിയും എന്നാണ് എനിക്ക് മനസ്സിലായത്‌. ഞാൻ എന്റെ ശരീരവും ചിന്തകളും അനുഭൂതികളുമല്ല, മറിച്ച്, മാറിമാറി വന്നുകൊണ്ടിരിക്കുന്ന അനുഭവങ്ങളെ ഒരു വിധിയും നടത്താതെ കണ്ടുകൊണ്ടിരിക്കുന്ന ബോധത്തിന്റെ ഒരു തരി മാത്രമാണ് എന്ന സത്യത്തിലേയ്ക്ക് അങ്ങനെയാണ് ഞാൻ എത്തിപ്പെട്ടത്. പ്രാപഞ്ചികാരങ്ങത്തു നടക്കുന്ന കേളികള്‍ കണ്ടാസ്വദിക്കേണ്ട ഒരു വഴിപോക്കൻ അല്ലെങ്കിൽ ഒരു സാക്ഷി മാത്രമാണ് ഞാൻ എന്ന സത്യത്തിന്റെ വെളിച്ചത്തിൽ എൻറെ നിർബന്ധങ്ങൾ അയയാൻ തുടങ്ങിയിരുന്നു. വാസ്തവത്തിൽ, ചുറ്റുപാടുകളുമായുള്ള എൻറെ അകല്ച്ച കുറയുകയും അവ എന്നിലേയ്ക്ക് വന്ന്, താത്ക്കാലികമായെങ്കിലും ഞാനുമവയും ഇല്ലാതാകുന്നതുപോലെയുമാണ് എനിക്കനുഭവപ്പെട്ടത്‌. എന്നുവച്ചാൽ, ഈ പ്രപഞ്ചത്തിന് അതിന്റേതായ സാക്ഷാത്ക്കരണവും പൂർണ്ണതയും എപ്പോഴുമുണ്ട്. അതിൽ ഭാഗഭാക്കാകുന്നതിനായി ഞാൻ കിണഞ്ഞു ശ്രമിക്കുകപോലും വേണ്ടാ. വെറുതേ ആയിരിക്കുക - അത് തന്നെ ധാരാളം. ബാക്കിയൊക്കെ, വിശദാംശങ്ങളിലുള്ള ശ്രദ്ധയോടുകൂടി പ്രപഞ്ചസത്ത തന്നെ ക്രമീകരിച്ചിട്ടുണ്ട്. പുളകം കൊള്ളിക്കുന്ന ഒരു സ്വാതന്ത്ര്യവും സൗന്ദര്യാസ്വാദനവുമാണ് ഈ അറിവിലൂടെ സാദ്ധ്യമാകുന്നത്.

എന്റെ വായനക്കാരെ അല്പം ഭാവനയിലൂടെ കൊണ്ടുപോകുവാൻ അനുവദിച്ചാലും. ഈ ലേഖനത്തിന്റെ ശീര്ഷകമെഴുതുന്ന പ്രക്രിയയിലേയ്ക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. ആദ്യത്തെ അക്ഷരം 'അ' സ്ക്രീനിൽ തെളിയുന്നു. ഒരു നേരിയ ചരടെടുത്ത് വളച്ചുവച്ചതുപോലെ ഒരു രൂപമെന്നലാതെ അതിന് സവിശേഷതയൊന്നുമില്ല. അടുത്തയക്ഷരം 'ന' അതുപോലെ തന്നെ രൂപപ്പെടുന്നു. അല്പംകൂടെ ലളിതമായ രണ്ട് വളവുകൾ എന്നേയുള്ളൂ. എന്നാൽ 'അ'യ്ക്കും 'ന'യ്ക്കുമടുത്ത് മൂന്നാമത്തെ അക്ഷരം 'ന്ത' വന്ന് ചേർന്നുനിൽക്കുമ്പോൾ, ആ മൂന്നക്ഷരങ്ങളുംകൂടെ ഒരാശയത്തെ തങ്ങളിലേയ്ക്ക് ആവാഹിച്ചുകഴിഞ്ഞു. ഈ ലോകത്തിലൊന്നിനും തന്നെ ഉൾക്കൊള്ളാനാവാത്തത്ര മഹത്തമമായ ഒരർത്ഥത്തെ പേറുന്ന 'അനന്തം' എന്നയാശയം! കീബോർഡിന്റെ ഓരോ കട്ടകളിൽ ചെലുത്തിയ നേരിയ മർദ്ദം സ്ക്രീനിലേയ്ക്ക് തൊടുത്തുവിട്ട ഏതാനും വളഞ്ഞ വരകൾ അതാ പൊടുന്നനെ ജീവനുൾക്കൊണ്ടിരിക്കുന്നു! തുടർന്ന്, വേറെ ചില അക്ഷരങ്ങൾ ചേർന്ന് പുതിയ വാക്കുകൾ ഉണ്ടാകുന്നു. തനിയെ നിൽക്കുമ്പോൾ അവ്യക്തമായ അല്പാർത്ഥങ്ങൾ മാത്രമേ ആ ശബ്ദങ്ങൾ വഹിക്കുന്നുള്ളൂവെങ്കിലും , അവയെലാം ഒരുമിച്ചുചേർന്ന് സൃഷ്ടിക്കുന്ന വാക്യത്തിൽ വിസ്മയാവഹമായ ഒരു ചിന്ത ഗർഭമെടുത്തിരിക്കുന്നു! അനന്തത? അതിതാ, ഇവിടെത്തന്നെയാണ്! ആ ചിന്ത ലേഖനത്തിലൂടെ തെളിഞ്ഞുവരികയും വായനക്കാർ അത് മനസ്സിലാക്കി ആസ്വദിക്കുകയും ചെയ്യുമ്പോൾ സംഭവിക്കുന്നത്‌ അവാച്യമായ എന്തോ ആണ്. ഒറ്റയ്ക്ക് നിൽക്കുമ്പോൾ ഏതാനും വക്രവരകൾ മാത്രമായിരുന്ന അക്ഷരങ്ങളിൽനിന്ന് സൗന്ദര്യാസ്വാദനത്തിനുള്ള ഒരു സംരംഭം എന്റെ സ്ക്രീനിൽ യാഥാർത്ഥ്യമാകുകയാണ്. മെയിലിലൂടെയോ മുദ്രണത്തിലൂടെയോ ഈ ലേഖനം വായിക്കുന്നവരും അതിൽ പങ്കുപറ്റുന്നു. സ്ക്രീനിൽ വെറും കുത്തും കോമയും വരകളുമായി ഒതുങ്ങിനിന്നിരുന്ന അടയാളങ്ങളിൽ നിന്ന് സമഗ്രമായ ഒരാശയാസ്തിത്വം സംഭൂതമായതുപോലെയാണ് പ്രപഞ്ചസംവിധാനത്തിൽ ചരാചരങ്ങൾക്കുള്ള സ്ഥാനവും പങ്കും. ഒരു തരി പൂഴിപോലും അവിടെ അസ്ഥാനത്തോ അർത്ഥശൂന്യമോ ആകാനാവില്ല! ഈ വലിയ ആശയമാണ് ലേഖനത്തിന്റെ തുടർന്നുള്ള ഭാഗത്ത് വിശദമായി കുറിക്കാൻ ശ്രമിക്കുന്നത്.

ഞാൻ എന്ന ബോധത്തിൽ എന്റെ ego യെ പരിപോഷിപ്പിക്കുന്ന ചിന്തകളും കണക്കുകൂട്ടലുകളും അവയെ സ്വാധീനിക്കുന്ന ആഗ്രഹങ്ങളും അനുഭൂതികളും വൈരാഗ്യങ്ങളും നേട്ടങ്ങളും ഒക്കെയുണ്ടെന്നുള്ള ചിന്ത സാധാരണമാണ്. എന്നാൽ പെട്ടെന്നായിരിക്കാം അതിനെതിരായ ഒരു സത്യം നാം തിരിച്ചറിയുക. വ്യതിരിക്തതയെ ശക്തിപ്പെടുത്തുന്ന എല്ലാ പ്രവൃത്തികളും മേല്പറഞ്ഞ ആന്തരിക സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഏതെങ്കിലും തരത്തിലുള്ള ഒരന്വേഷണം (seeking) മാത്രമാണ് - അതായത്, എവിടെയാണ് സംതൃപ്തിയും ശാന്തിയും കിട്ടുക എന്നുള്ള തെരയൽ. അല്ലാതെ അതൊരു വ്യക്തിത്വത്തിന്റെ നിലനില്പിനുള്ള തെളിവല്ല. ആ പോക്ക് തന്നെ മനഃസമാധാനത്തെ, സന്തുഷ്ടിയെ, തേടിയുള്ള പോക്കാണ്. എന്നാൽ അത് ഒരു വ്യക്തിത്വത്തിന്റെ അസ്തിത്വത്തിനുള്ള തെളിവായി, ലക്ഷണമായി തെറ്റിദ്ധരിക്കപ്പെടുകയാണ് സാധാരണ സംഭവിക്കുന്നത്‌.

സംസ്കാരമെന്ന് പറയുന്നത് നമ്മെ വഴിതെറ്റിക്കുന്ന അസംസ്കൃതിയാണ്. അതായത്, അതുമിതുമൊക്കെയായി കണ്ണിൽപെടുന്നവയിൽ കുറെയെങ്കിലും കൈയടക്കിയാലേ ഏതൊരാളും ആഗ്രഹിക്കുന്ന സന്തോഷം കണ്ടെത്താനാവൂ എന്ന നുണ. ആ നുണയുടെ പിൻബലത്തിൽ സുഖം തേടിയോടിക്കൊണ്ടിരിക്കുന്ന മനുഷ്യനെ തീനാളത്തിന്റെ ചൂടിലേയ്ക്കും പ്രകാശത്തിലേയ്ക്കും പറന്നടുക്കുന്ന പറവയോട് ഉപമിക്കാം. പെട്ടെന്ന് തീയിൽ തട്ടി വെന്തുപോകുന്നതുവരെ അത് പറന്നടുത്തുകൊണ്ടിരിക്കും. ചത്തുവീഴുക എന്നത് അതിന്റെ കണ്ണടച്ചുള്ള ആഗ്രഹത്തിന്റെ ദാരുണാന്ത്യമാണ്. മനുഷ്യന്റെ കാര്യത്തിലാകട്ടെ, സ്വയത്നത്താൽ നിലനിർത്തി, സുഖിപ്പിച്ച്, പരിപോഷിപ്പിക്കപ്പെടേണ്ട ഒരു വ്യക്തിയാണ് താൻ എന്ന ചിന്തയാണ് ആ തീനാളം. അതിൽ നിരന്തരം ചെന്നടിക്കുമ്പോൾ പലർക്കും സംഭവിക്കുന്നത്‌ ദയനീയ പരുക്കുകളാണ്. ഒന്നോ ഒന്നരയോ ചിറകുകൾ കത്തിപ്പോകും, പിന്നെ പറക്കാനാവില്ല, നിലത്തു കിടന്ന് ഇഴയുക എന്ന ദുരന്തമാണ് അവശേഷിക്കുന്നത്.

കുടുംബത്തിലും സ്കൂളിലും മതത്തിലും നടക്കുന്ന വ്യക്തിത്വരൂപീകരണത്തിലൂടെ താൻ എന്തൊക്കെയാണെന്നതിനെപ്പറ്റി ഒരു ധാരണ ഓരോരുത്തരുടെയും ഉള്ളിൽ കടന്നു കൂടുന്നുണ്ട്. ആ ധാരണ വികലവും അസ്തിത്വവിരുദ്ധവുമായതിനാൽ അതിനെ പാടേ നശിപ്പിക്കാതെ ഒരു വ്യക്തിയും ഒരിക്കലും സ്വതന്ത്രനാകുന്നില്ല. തെറ്റായ ധാരണകൾക്കനുസൃതമായി സ്വന്തമാക്കിയ സന്തോഷങ്ങൾ നഷ്ടപ്പെടുമോ എന്ന ആന്തരിക ഭയം ആ സന്തോഷങ്ങൾ താത്ക്കാലികവും അപൂർണമാണെന്ന് ഓർമിപ്പിച്ചുകൊണ്ടിരിക്കും. എന്നാൽ അവയെ ത്യജിക്കാനാവാത്തതിനാൽ സ്വസ്ഥമായ ഒരു മാനസ്സികാവസ്ഥ ഒരിക്കലും കരഗതമാകുകയുമില്ല. എന്നാലും, അവബോധത്തിന്റെ ജാലകം ഇടക്കൊന്നു തുറക്കപ്പെടുമ്പോൾ, ചിലർക്കെങ്കിലും കൈവരുന്ന ഒരുൾക്കാഴ്ചയുണ്ട്. അതായത്, അഹമാണ് ഏറ്റവും വലിയ മറ, അത് നീങ്ങിയാൽ മാത്രമാണ് ചുറ്റുവട്ടത്തേയ്ക്കു നോട്ടമെത്തുക എന്ന പ്രകാശം. അതാണ്‌ ഈ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം.

ഏറ്റവും താത്പര്യത്തോടെ വീടും ധനവും പേരും അധികാരവും വിജയകരമായ ബന്ധങ്ങളുമൊക്കെ തേടുന്ന മനുഷ്യർ, അവയൊക്കെ കിട്ടുന്നതോടെ, സന്തോഷിക്കാൻ തുടങ്ങും. എന്നാൽ, ആ സന്തോഷം നിലനിൽക്കാതെ മറഞ്ഞുപോകുകയും നേടാനുള്ളത് നേടി എന്ന ആദ്യാനുഭൂതി വെറും തെറ്റിദ്ധാരണയായി വീണ്ടും വീണ്ടും തിരിച്ചറിയപ്പെടുകയും ചെയ്യുമ്പോൾ പുതിയ വെട്ടിപ്പിടിക്കൽ ആരംഭിക്കുന്നു. ആഗ്രഹങ്ങളില്ലാത്ത ഒരവസ്ഥയിൽ എത്തിച്ചേരുന്നതുവരെ ആഗ്രഹങ്ങൾ മനുഷ്യനെ വെറുതെ വിടില്ല. എന്തുവേണ്ടി, ജീവിതാന്ത്യംവരെ, ദൃഢമായ അഹംബോധത്തിലും തജ്ജന്യമായ അസ്വസ്ഥതയിലും ഞെരുങ്ങിപ്പോകുന്നവരാണ് ഭൂരിഭാഗവും.

എന്താണ് അനുഭവങ്ങൾ?
ഞാൻ അനുഭവിക്കുന്നതും അനുഭവിക്കുന്ന ഞാനും ഒന്നല്ലെന്നും, അറിയുന്നതെന്തോ, അതല്ല ഞാൻ എന്നുമുള്ള ധാരണകൾ ശരിയാണോ? അല്ലെങ്കിൽ, എന്റെ അനുഭവങ്ങളും എന്റെ അറിവും എന്നിൽ നിന്ന് വേറിട്ടാണോ നിൽക്കുന്നത്? ഒരിക്കലുമല്ല. എന്റെയനുഭവം ഞാനല്ലാതെ മറ്റൊന്നുമല്ല. അതുപോലെ എന്റെയറിവും ഞാൻ തന്നെയാണ്. ഞാൻ എൻറെയറിവിന്റെ വിഷയ (object) മല്ല. ഞാൻ അനുഭവിക്കുന്നത് (ഇന്ദ്രിയ വിഷയങ്ങൾ) എന്നിൽ നിന്ന് അകലെയുള്ള ഒന്നിനെയാണെന്നത് തെറ്റായ ഒരു വിശ്വാസം മാത്രമാണ്. ഞാൻ അനുഭവിക്കുന്നതെല്ലാം എന്നിൽത്തന്നെയാണ്. ഞാൻ തന്നെയാണ് അനുഭവിക്കപ്പെടുന്നത്. എന്നിൽനിന്ന് വെർപെട്ടതൊന്നും ഒരിക്കലും എൻറെയനുഭവത്തിന്റെ പരിധിയിൽ വരുന്നില്ല. ഓരോ അനുഭവവും സ്വത്വസ്പർശിയായതിനാൽ അത് അറിവ് തന്നെയാണ്. ആ അറിവാകട്ടെ, എന്റെതന്നെ ഭാഗമാണ്. ഞാനും മറ്റേതും എന്ന വ്യത്യാസത്തിന് താത്ത്വികമായ യാതൊരടിസ്ഥാനവുമില്ല. കാരണം, എല്ലാ അനുഭവവും ഇപ്പോൾ ഇവിടെ എന്നിൽ സംഭവിക്കുന്നതാണ്.
ഈ നിമിഷത്തിലെ അനുഭവവും അതേപ്പറ്റിയുള്ള വെറും ഓർമ്മയും എതിർ ധൃവങ്ങളിലാണ്. കഴിഞ്ഞുപോയ അനുഭവങ്ങളുടെ ഓർമ്മകളെ സമയം എന്ന സങ്കല്പ ചരടിൽ അവിടവിടെയായി തൂക്കിയിട്ടിട്ട്, അവ ജീവിതത്തിൻറെ അനിവാര്യ ഭാഗങ്ങളാണെന്നു സങ്കൽപ്പിക്കുന്നത് ഒരു വലിയ തെറ്റിദ്ധാരണയുടെ ഫലമാണ്. കാരണം, കഴിഞ്ഞുപോയതും വരാനുള്ളതുമായ അനുഭവങ്ങൾ എന്ന് പറയുന്നത് ഒന്നുകിൽ ഓർമ്മകൾ അല്ലെങ്കിൽ ആശകൾ/ഭയങ്ങൾ മാത്രമാണ്; അവ അനുഭവങ്ങളല്ല. തൽക്ഷണം, ഈ ക്ഷണികാർദ്ധത്തിൽ ഉള്ളതല്ലാതെ അനുഭവത്തിന് അസ്തിത്വമുണ്ടാവാനാവില്ല. "Any experience knows only the now, no past, no future." "Time is what eternity looks like viewed by the mind." (Rupert Spira) 

വസ്തുക്കൾ ഉള്ളിടത്തോളം അവയ്ക്ക് നിലനില്ക്കാൻ ഇടമുണ്ടാവുക എന്നത് വസ്തുവിന്റെ തന്നെ ഗുണമാണ്. ഇടം മാത്രമായി ഒരിടത്തുമില്ല. എന്നതുപോലെതന്നെ, അനുഭവങ്ങൾ അതിന്റെ തന്നെ സമയത്തിൽ സംഭവിക്കുകയും അതോടേ മറയുകയുമാണ് ചെയ്യുന്നത്. അതിനപ്പുറത്തോ ഇപ്പുറത്തോ സമയത്തിന് തനതായ നിലനില്പ്പില്ല. വാസ്തവത്തിൽ ഉള്ളത് അനന്തത മാത്രമാണ്. നിത്യതയിൽ "ഇപ്പോൾ", അപ്പോൾ" എന്നുള്ള സമയപരിശ്ചേദങ്ങൾ ഉണ്ടാവുക അർത്ഥശൂന്യമാണ്. അങ്ങനെയെങ്കിൽ, നമ്മുടെ അവബോധവും അവയിലുണ്ടാകുന്ന അനുഭവങ്ങളും സ്ഥലകാലഭേദങ്ങളില്ലാത്ത, എല്ലാ സമയ-സ്ഥലപരിധികൾക്കുമപ്പുറത്തുള്ള അനന്തതയുടെ, ഉള്ളാണ്. അതാണ്‌ ഗോചരമായ പ്രപഞ്ചത്തിന്റെ ഇപ്പോഴെന്ന ഈ നിമിഷത്തിൽ നമ്മുടേതാകുന്നത്. സത്യത്തിൽ നമ്മൾ ആയിരിക്കുന്നതും അന്വേഷിക്കുന്നതുമെന്തോ, അതിപ്പോൾ ഇവിടെയുണ്ട്; അത് ഭാവിയിൽ നിന്നും വരാനുള്ളതല്ല.

നിത്യമായ നിമിഷം ഇവിടെ, ഇപ്പോൾ ആണ്.

നിത്യതയെന്നാൽ, നിമിഷമില്ലായ്മയാണ്. വാസ്തവത്തിൽ, Time-space continuity നമ്മുടെ ഇപ്പോഴത്തെ അവസ്ഥയെന്നേയുള്ളൂ. അതിനു വെളിയിൽ നിത്യതയുടെ നിശ്ചലതയാണ്. എല്ലാ കാര്യകാരണസങ്കല്പങ്ങളും (discernment of duality) സമയസങ്കല്പപത്തിനുള്ളിലേ സാദ്ധ്യമാകൂ. നമ്മുടെ ഭാഷാശീലങ്ങൾ പോലും അതിനുവേണ്ടി കണ്ടുപിടിച്ച ഉപകരങ്ങളാണ്. കാതലില്ലാത്ത വിചാരങ്ങളുടെ (thoughts and memories) കത്തിയെരിയലോടെ എല്ലാ വ്യതിരിക്തതകളും മറഞ്ഞുപോയി പൂർണ പ്രകാശം സംസ്ഥാപിതമാകും. അതിനെയാണ് അറിഞ്ഞവർ അവബോധമെന്ന് വിളിക്കുന്നത്‌.

പ്രപഞ്ചത്തിന്‍റെ ഘടനയെപ്പറ്റിയുള്ള ഇന്നത്തെ അറിവുവച്ച്, നാം എവിടെ നിന്നാലും അത് പ്രപഞ്ചത്തിന്റെ മദ്ധ്യമായി കണക്കാക്കാം. നാമായിരിക്കുന്നിടത്തുനിന്ന് ഏതു ദിശയിലേക്കളന്നാലും ഫലമൊന്നുതന്നെ. നമുക്ക് പിന്നില്‍ കഴിഞ്ഞുപോയ ചരിത്രത്തോളം തന്നെ ഇനിയും ആവര്‍ത്തിക്കാനുമുണ്ടാകും. എന്നാൽ, ചരിത്രം മനുഷ്യനുൾപ്പെടെയുള്ള ചരാചരങ്ങളുടെ മാത്രം കഥയാണ്‌. ചരിത്രമുണ്ടാകണമെങ്കിൽ നിരന്തരം തുടർന്നുകൊണ്ടിരിക്കുന്ന സമയം ആവശ്യമാണ്‌. അങ്ങനെയൊന്ന് ഇല്ലെന്നാണ് നാം കണ്ടത്. ഉള്ളതാകട്ടെ, അപ്പപ്പോൾ വന്നുപോകുന്നുവെന്ന് നാം സങ്കല്പ്പിക്കുന്ന നിമിഷാർദ്ധങ്ങൾ മാത്രം. ഈ ഓരോ
നിമിഷാർദ്ധവും അനന്തത തന്നെയാണ്. നാമാകട്ടെ അതിന്റെ ഉള്ളംകൈയ്യിലുമാണ്. നാമറിഞ്ഞാലുമില്ലെങ്കിലും, ഈ പ്രപഞ്ചത്തിലെ ഓരോ അണുവിനെ സംബന്ധിച്ചും ഇതായിരിക്കണം സത്യം. മറിച്ചാവാനാവില്ല. എന്തൊരദ്ഭുതം!

അതുപോലെ നമ്മുടെ ജീവിതത്തിന്റെ തുടക്കമോ ദൈർഘ്യമോ വിജയമോ തോൽവിയോ ഒട്ടും പരിഗണിക്കാതെ നമുക്ക് പറയാം, ഇപ്പോഴത്തെ ഈ നിമിഷം മൊത്തം പ്രപഞ്ചജീവിതത്തിൻറെ മദ്ധ്യബിന്ദുവാണെന്ന്. കാരണം എല്ലാ അളവുകളും തുടങ്ങുന്നത് ഈ നിമിഷത്തിൽ നിന്ന് അതിന്റെ എല്ലാ ദിശകളിലേയ്ക്കുമാണ്. 
ഇപ്പോൾ ഞാനനുഭവിക്കുന്ന
നിമിഷത്തിലൂടെ മാത്രമേ എനിക്ക് നിത്യതയെ അറിയാനാവൂ. നിത്യത ചലിക്കുന്നതാണ് സമയം എന്നാണ് പ്ലേറ്റോ മനസ്സിലാക്കിയത്. എന്റെ ഈ നിമിഷമില്ലെങ്കിൽ അനന്തതയോ
അനന്തതയില്ലെങ്കിൽ ഈ നിമിഷമോ എനിക്ക് അനുഭവവേദ്യമാവില്ല. ഇവ തമ്മിൽ യാതൊരു
വ്യത്യാസവുമില്ലെന്ന തിരിച്ചറിവാണ് ആത്യന്തികമായി എന്റെ ദൈവാനുഭവം. ഈ സത്യം ഉൾക്കൊള്ളാനായാൽ, എന്റെ മാനസികാവസ്ഥ, പോയതിനോടും വരാനുള്ളതിനോടുമുള്ള എൻറെ കാഴ്ചപ്പാട്, വേറൊന്നായിരിക്കും. ഈ നിമിഷം എൻറെ അവസാനത്തെ നിമിഷമായി കരുതിയാലും, എന്നെ ബാധിക്കുന്നതെല്ലാം അളക്കപ്പെടുന്നത് നിയതിയുടെ ഈ മദ്ധ്യബിന്ദുവിൽ നിന്നുകൊണ്ടുള്ള വിഹഗവീക്ഷണത്തിൽ കൂടെയായിരിക്കും. ആ ബിന്ദു പ്രകാശിതമാണെങ്കിൽ, ജീവിതം മൊത്തത്തിൽ പ്രകാശിതമായിരിക്കും. നിന്റെ (ഉൾ)കണ്ണാണ് നിന്റെ വെളിച്ചം എന്ന ഒറ്റ വാക്യത്തിൽ യേശു എല്ലാം സംഗ്രഹിച്ചു പറഞ്ഞു.

സ്വാഭാവികമായ ഒരു സ്വാതന്ത്ര്യത്തിന് ഉടമയാണ് ഓരോരുത്തരും എന്ന സത്യത്തിലേയ്ക്കാണ് നാമെത്തിയിരിക്കുന്നത്. സ്വന്തമോ
അന്യരുടേതോ ആയ വിചാരങ്ങളോ ഇന്ദ്രിയാനുഭവങ്ങളോ, നല്ലതോ ചീത്തയോ ആയ ഏതെങ്കിലും പ്രവൃത്തിയോവഴി നശിക്കുന്നതല്ല ആ സ്വാതന്ത്ര്യം. അവയ്ക്ക് ഞാനല്ല, അവയെനിക്കാണ് നീതിമത്ക്കരണം കണ്ടെത്തേണ്ടത്. അങ്ങനെയെങ്കിൽ പ്രതിരോധം ആവശ്യമില്ലാത്ത സ്വാതന്ത്ര്യമാണ് എന്റെയസ്തിത്വം. എപ്പോൾ, എന്ത് സംഭവിച്ചാലും, "അതെന്തോ, അതാണത്" (Erich Fried ൻറെ "Was es ist" എന്ന കവിത അല്മായശബ്ദം വായനക്കാർക്ക് ഓർമ്മയുണ്ടാവുമല്ലോ?) എന്ന് സ്വയം പറയാനാവുക; അതാണ്‌ ആ സ്വാതന്ത്ര്യം. പ്രപഞ്ചത്തിലൊന്നും എനിക്കെതിരായി എന്തെങ്കിലും കല്പ്പിക്കാനായി അവിടെയില്ല എന്ന അവസ്ഥയാണത്. എല്ലാം സജ്ജീകരിക്കപ്പെട്ടിരിക്കുന്നത് എന്റെയുംകൂടെ നന്മക്കായിട്ടാണ്. ഓരോ പുതിയ "ഇപ്പോഴും" എനിക്ക് തന്നുകൊണ്ടിരിക്കുന്നത് ആ ധൈര്യവും ശാന്തിയുമാണ്. "ആഴിയിലൊരു ജലകണമല്ല നീ. മൊത്തമാഴിയും നീയെന്ന ജലകണത്തിലാണ്." (ജലാലുദ്ദിൻ റൂമി)

No comments:

Post a Comment