Translate

Friday, September 13, 2013

'' സഭാവിമര്‍ശകര്‍ സഭാസേവകരാണ്'' - ഫ്രാന്‍സീസ് മാര്‍പ്പാപ്പാ

അതിരമ്പുഴയുടെ വിലാപം : I
പി. കെ. മാത്യു, ഏറ്റുമാനൂര്‍ 
''വൈദിക വിമര്‍ശകനായിരുന്ന യേശു യറുശലേം ദേവാലയത്തില്‍ ചെന്നു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചപോലെ നിങ്ങള്‍ രൂപതകളില്‍ ചെന്നു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക. I want a mess (വഷളായ അവസ്ഥ). സഭാ സ്വത്തുക്കള്‍ പുരോഹിതാധിപത്യത്തില്‍ നിന്നു മോചിപ്പിച്ചു അല്‍മായരുടെ നിയന്ത്രണത്തില്‍ ഏല്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'' 


ബ്രസീലില്‍ നടന്ന അന്തരാഷ്ട്ര യുവജന സമ്മേളനത്തില്‍ പ്രസംഗിക്കവേ ഫ്രാന്‍സീസ് മാര്‍പ്പാപ്പാ പറഞ്ഞ വാചകങ്ങളാണ് മേലുദ്ധരിച്ചത്. റോമില്‍ നിന്നും വെറുമൊരു യാത്രാ വിമാനത്തില്‍ കയറിയാണ് മാര്‍പ്പാപ്പാ ബ്രസീലില്‍ എത്തിയത്. വിമാനത്തില്‍ കയറിപ്പറ്റാന്‍ യാത്രക്കാരുടെ ക്യൂവില്‍ സ്വന്തം ലഗേജ്ജും തൂക്കിപ്പിടിച്ചു നില്‍ക്കുന്ന മാര്‍പ്പാപ്പായുടെ പടം പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു.

സഭയുടെ ഭൗതിക സ്വത്തുക്കളുടെ ഭരണം അല്‍മായരിലേക്കു കൈമാറാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ക്കു രൂപം നല്‍കാന്‍ മാര്‍പ്പാപ്പാ ഒരു എട്ടംഗ സമതിയെ നിയോഗിച്ചു. അവരില്‍ ഏഴുപേരും ബിസിനസില്‍ കഴിവു തെളിയിച്ച അല്‍മായരാണ്. 


ഫ്രാന്‍സീസ് മാര്‍പ്പാപ്പായില്‍  അധികം വീറുകാണിച്ച ആളായിരുന്നു ജോണ്‍പോള്‍ 1-ാംമന്‍. ഭരണം ഏറ്റു 33-ാം ദിവസം അദ്ദേഹം കൊല്ലപ്പെട്ടു. സ്വന്തം പ്രൈവറ്റു സെക്കട്ടറി കാര്‍ഡിനല്‍ വില്ലോട്ട് പോപ്പിന്റെ പ്രെഷറിനുള്ള മരുന്നില്‍ വിഷം കലര്‍ത്തിയതാണ് മരണകാരണം എന്നു In God’s Name എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് David Yallop തെളിവുസഹിതം പറയുന്നതു നിഷേധിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഭരണം ഏറ്റിട്ടു നൂറു ദിനങ്ങള്‍ പിന്നിട്ട ഫ്രാന്‍സീസ് മാര്‍പ്പാപ്പ കൊല്ലപ്പെടാതിരിക്കുന്നു എങ്കില്‍ സഭയക്കുള്ളില്‍ പ്രവചനാതീതമായ ധൃവീകരണം നടക്കും. മെത്രാന്മാരുടേയും വികാരിമാരുടേയും അമിതാധികാരങ്ങള്‍ എടുത്തു കളയും, ഇടവകതലത്തിലും രൂപതാതലത്തിലും നടക്കുന്ന വെട്ടിപ്പും തട്ടിപ്പും പണാപഹരണവും നിലയ്ക്കും. വൈദികാടിമത്തത്തില്‍ നിന്നു വിശ്വാസികള്‍ മോചിതരാകും.

വൈദികര്‍ കുരുടന്മാരായ വഴികാട്ടികളെന്നു യേശു വിശേഷിപ്പിച്ചു. ആദിമ സഭയ്ക്കു പള്ളിയും പട്ടകാരും വേണ്ടന്നു വച്ചതു അതുകൊണ്ടാണ്.റോമന്‍ മതത്തിന്റെ പള്ളികളും വൈദീകരും ക്രൈസ്തവര്‍ ഏറ്റെടുക്കാന്‍ 4-ാം നൂറ്റാണ്ടില്‍ റോമന്‍ ചക്രവര്‍ത്തി കല്പിച്ചതിനു ശേഷമാണ് ഇപ്പോഴത്തെ ദേവാലയ സംവിധാനങ്ങളും, ആരാധന ക്രമങ്ങളും നിലവില്‍ വന്നത്. പിന്നീടു ചക്രവര്‍ത്തിയുടെ രാഷ്ട്രീയാധികാരം മാര്‍പ്പാപ്പാ ഏറ്റെടുത്തു. അതോടുകൂടി പേപ്പസിയും വൈദികരും ദുഷിച്ചു തുടങ്ങി. രാഷ്ട്രീയ അധികാരം നഷ്ടപ്പെട്ടതോടുകൂടി പോപ്പിനു സഭയുടെ മേലുള്ള നിയന്ത്രണാധികാരം നഷ്ടപ്പെട്ടു. ഫ്യൂഡല്‍ കാലഘട്ടത്തെ അനുസ്മരിക്കും വിധം മെത്രാന്മാര്‍ തുടര്‍ന്നു സ്വേച്ഛാധിപതികളായി ഭരണം ആരംഭിച്ചു. അവരെ നിയന്ത്രിക്കാന്‍ മേലധികാരികള്‍ക്കു കെല്പില്ലാതായി. മെത്രാന്മാരില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന കര്‍ദിനാളന്മാര്‍ റോമിലെ കോണ്‍ഗ്രിഗേഷന്‍സ് (Congregations: സെക്രട്ടറിയേറ്റുകള്‍) ഭരിക്കുന്നു. അവരെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതുകൊണ്ടാണ് ബനഡികട് 16-ാം മന്‍ മാര്‍പ്പാപ്പാ സ്ഥാന ത്യാഗം ചെയ്തത്.


കോണ്‍ഗ്രിഗേഷനുകളുടെ തലപ്പത്തിരിക്കുന്ന താപ്പാനകളെ അവിഹിതമായി സ്വാധീനിക്കുന്നവര്‍ക്കും, സുഖിപ്പിക്കുന്നവര്‍ക്കും, മെത്രാന്‍പട്ടം നല്‍കപ്പെടുന്നു എന്നതുപരസ്യമായ രഹസ്യമാണ്. രൂപത തങ്ങളുടെ സ്വകാര്യസ്വത്താണ് എന്ന അഹന്തയില്‍ ഭരണം നടത്തുന്ന മെത്രാന്മാരെ നിയന്ത്രിക്കാന്‍ മേലധികള്‍ക്കോ അല്‍മായര്‍ക്കോ വൈദികര്‍ക്കോ സാദ്ധ്യമല്ല. രൂപതയ്ക്കു രൂപാ ഉണ്ടാക്കികൊടുക്കുന്ന വിടുപണി ചെയ്യുന്നവരെയാണ് വികാരിമാരാക്കുന്നത്. വികാരിമാര്‍ ഏതു അവിഹിതമാര്‍ഗ്ഗത്തില്‍ കൂടി പണമുണ്ടാക്കിയാലും രൂപതാ മെത്രാന്‍ അതിനു കൂട്ടുനില്‍ക്കും. ഇതില്‍ പ്രാഗല്ഭ്യം സമ്പാദിച്ച വിരുതന്മാര്‍ക്കു വരദാനമായി വരുമാനം ഉള്ള പള്ളികള്‍ നല്‍കപ്പെടും. റവ: ഡോ. മാണി പുതിയടത്തിനു അതിരമ്പുഴ ഇടവകപ്പള്ളി മെത്രാന്റെ വരദാനമായി ലഭിച്ചതാണ്.

രൂപതയില്‍ ഏറ്റവും കൂടുതല്‍ പണക്കാരുള്ളതും അതിരമ്പുഴയിലാണ്. അവിഹിതമാര്‍ഗ്ഗത്തിലൂടെ വാരിക്കൂട്ടിയ പണത്തില്‍ ഒരു ഭാഗം പള്ളിക്കു കൊടുത്താല്‍ ധനവാന്‍ (ഒട്ടകം) സ്വര്‍ഗ്ഗത്തില്‍ കടക്കും വിധം സൂചിക്കുഴ വലുതാക്കി വികാരിയും ബിഷപ്പും കൂടി വലുപ്പത്തില്‍ നിര്‍മ്മിച്ചു തരും എന്നവര്‍ വിശ്വസിക്കുന്നു. കക്ഷിരാഷ്ട്രീയവും കമ്യൂണിസ്റ്റു വിരോധവും പള്ളി പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയാണ് സമ്പന്നരെ മാണിയച്ചന്‍ കയ്യിലെടുത്തത്. തുടര്‍ന്നു പിരിവാരംഭിച്ചു. കോടികള്‍ പിരിച്ചുണ്ടാക്കി. പിരിവിനു ചിലവു കാണിക്കാന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അവയില്‍ ഒന്നു പോലും ഇടവകക്കാര്‍ക്കു ഉപകാരപ്രദമല്ല. കിട്ടിയ പണം കൊണ്ടു മാണിയച്ചന്‍ ഇടവക ജനത്തെ ദ്രോഹിച്ചു എന്നു പറയുന്നതാണ് ഏറെ ശരി.

പള്ളി മൈതാനം നശിപ്പിച്ചതാണ് ഏറ്റവും വലിയ ദ്രോഹപ്രവൃത്തി. വിശാലമായ മൈതാനവും അതില്‍ നടന്നു കൊണ്ടിരുന്ന ഗംഭീര പെരുന്നാളും വെടിക്കെട്ടുമായിരുന്നു അതിരമ്പുഴയെ പ്രശസ്തിയിലേക്കു ഉയര്‍ത്തിയത്. ഈ മൈതാനം പരമാവധി ഉപയോഗപ്പെടുത്തി ഒരു സ്റ്റേഡിയവും അനുബന്ധമായി ചെറിയപള്ളിയ്ക്കു പുറകിലായി ഒരു നീന്തല്‍ കുളവും നിര്‍മ്മിച്ചിരുന്നു എങ്കില്‍ ഇന്റര്‍‌സ്റ്റേറ്റു മത്സരങ്ങള്‍ക്കുപോലും അതിരമ്പുഴ തിരഞ്ഞെടുക്കപ്പെടുമായിരുന്നു. അതിനോടനുബന്ധിച്ചു ഒരു എന്‍ജിനീയറിംഗ് കോളേജും നിര്‍മ്മിക്കാമായിരുന്നു. കേന്ദ്ര ഗവണ്‍മെന്റു സബ്ബ്‌സിഡിയായി നല്‍കിയ അരക്കോടി രൂപായും, മാണിയച്ചന്‍ പിരിച്ചെടുത്ത തുകയും കൂടി ഉപയോഗിച്ചിരുന്നു എങ്കില്‍ ഇതിനൊക്കെ തികയുമായിരുന്നു. കുരങ്ങിന്റെ കയ്യില്‍ കിട്ടിയ പൂമാലകണക്കേ മാണിയച്ചന്‍ കിട്ടിയ പണം നശിപ്പിച്ചു. 


'ഠ'യോളം വട്ടത്തില്‍ നിര്‍മ്മിച്ച സ്റ്റേഡിയം ഒരു നൂറുമീറ്റര്‍ ഓട്ടത്തിനുള്ള ട്രാക്കു മാര്‍ക്കു ചെയ്യാന്‍പോലും പറ്റുകയില്ല. മൈതാനത്തിന്റെ വടക്കുഭാഗം കവര്‍ന്നെടുത്തു നിര്‍മ്മിച്ച കെട്ടിടത്തിനുവേണ്ടി വന്‍തുക കടം എടുത്തു. അതിന്റെ പലിശ കൊടുക്കണം കെട്ടിടത്തിന്റെ സംരക്ഷണ ചിലവു കാലാകാലങ്ങളില്‍ പള്ളി വഹിച്ചു കൊണ്ടിരിക്കണം. ഇതൊന്നു കണക്കിലെടുക്കാതെ കിട്ടുന്ന വാടകയുടെ 15% രൂപതയ്ക്കു കൊടുക്കണം. രൂപതയ്ക്കു വരുമാനം ഉണ്ടാക്കാന്‍ മാണിയച്ചന്‍ ഇടവക്കാരെ ദ്രോഹിച്ചു.
മൈതാനത്തിന്റെ തെക്കുഭാഗം കവര്‍ന്നെടുത്തു ഉണ്ടാക്കി വച്ചിരിക്കുന്ന കലാമേല്‍മയില്ലാത്ത പ്രതിമകളും ഐക്കണുകളും കാക്ക കാഷ്ടിച്ചും കരിമ്പല്‍ കയറിയും അതിവേഗം വികൃതമാകും. അവകള്‍ റീപെയിന്റു ചെയ്യാനും ഗാര്‍ഡനുകള്‍ സംരക്ഷിക്കാനും ഭീമമായ തുകകള്‍ കാലാകാലങ്ങളില്‍ പള്ളി ചെലവിടണം. പ്രതിമകളുണ്ടാക്കുന്നതു രണ്ടാംപ്രമാണത്തിന്റെ ലംഘനമാണ് എന്ന കാരണം പറഞ്ഞു അടുത്ത വികാരി ഇതെല്ലാം തച്ചുടച്ചു കളഞ്ഞാലും ഇടവകക്കാര്‍ ആമ്മേന്‍ ചൊല്ലും. പവ്വത്തിന്‍ പിതാവ് അരമന കോമ്പൗണ്ടിലുണ്ടായിരുന്ന പ്രതിമകള്‍ തകര്‍ത്തത്ത് ഈ കാരണം പറഞ്ഞാണ്. ക്രൂശിതരൂപങ്ങള്‍ പിതാവു അള്‍ത്താരയില്‍നിന്നും മാറ്റിച്ചതും ഈ കാരണം പറഞ്ഞാണ്.

അതിരമ്പുഴ പള്ളിക്കു ഏറെ സാമ്പത്തിക ബാദ്ധ്യത വരുത്തിവച്ച ഒരു വന്‍ അനീതിയാണ് പള്ളിക്കെട്ടിടത്തിന്റെ ഇടിച്ചുതിരത്തല്‍. അതിരമ്പുഴ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിഷേയനു(ASWA) പള്ളി ദാനം ചെയ്ത സ്ഥലത്തു അടണഅ യുടെ സ്വന്തം ഫണ്ടു ഉപയോഗിച്ചു നിര്‍മ്മിച്ചതാണ് നേഴ്‌സറി കെട്ടിടം. അതു പള്ളി പണികഴിപ്പിച്ചു അടണഅ യ്ക്കു വാടകയ്ക്കു നല്‍കിയതാണ് എന്നു മാണിയച്ചന്‍ പള്ളിയില്‍ പ്രസംഗിച്ചത് നുണയാണ്. ആ കെട്ടിടത്തിന്റെ നിര്‍മ്മാണച്ചിലവു പള്ളിക്കണക്കില്‍ ഇല്ല. വാടകച്ചീട്ടും പള്ളിയുടെ കൈവശം ഇല്ല. വാടക വരവു വച്ച ഏതെങ്കിലും കണക്കു പുസ്തകം ഹാജരാക്കാന്‍ പള്ളിക്കു സാദ്ധ്യമല്ല. ഇടവക ധനം മുടിച്ചു വ്യക്തി വൈരാഗ്യം തീര്‍ത്തു എന്നതല്ലേ ശരി.

ഉടമയുടെ അറിവോടുകൂടി ഒരു വസ്തു വാടകച്ചീട്ടു പോലുള്ള പ്രമാണങ്ങളുടെ പിന്‍ബലം ഇല്ലാതെ അപരന്‍ ദീര്‍ഘകാലം കൈവശം വച്ചിരുന്നാല്‍ അതു അപരനു അവകാശപ്പെട്ട വസതുവായിതീരും എന്നു ''ഇന്‍ഡ്യന്‍ ഈസ്‌മെന്റു ആക്ടില്‍'' പറയുന്നു. അടണഅ യ്ക്കു അവകാശപ്പെട്ട വസ്തു വഞ്ചനയിലൂടെ പള്ളികൈവശപ്പെടുത്തിയതാണ്. അവരതു കേസു പറഞ്ഞു വ്യവഹാരചിലവുസഹിതം കൈവശപ്പെടുത്തുമെന്നുറപ്പാണ്.
നേഴ്‌സറിക്കെട്ടിടം കൈവശപ്പെടുത്താന്‍ പകരം നല്‍കപ്പെട്ടതാണ് അടണഅ ഇപ്പോള്‍ നേഴ്‌സറി സ്‌കൂള്‍ നടത്തി വന്ന പള്ളിക്കെട്ടിടം. നേഴ്‌സറിസ്‌കൂളിന്റെ റിക്കാര്‍ഡുകളും ഉപകരണങ്ങളും നശിപ്പിച്ചുകൊണ്ടാണ് പള്ളിക്കെട്ടിടം ഇടിച്ചു നിരത്തിയത്. അതു ചെയ്തവര്‍ ക്രിമിനല്‍ കുറ്റത്തിനു ശിക്ഷിക്കപ്പെടും. ഒരു വലിയ സംഖ്യ നഷ്ടപരിഹാരമായി പള്ളി ASWAയ്ക്കു നല്‍കേണ്ടിവരും. ഇതൊക്കെയാണ് മാണിയച്ചന്‍ പള്ളിക്കിട്ടു ചെയ്ത മറ്റൊരു ദ്രോഹം. ഇത്തരം അനീതികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്താനാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പാ വിശ്വാസികളോടു ആഹ്വാനം ചെയ്തിരിക്കുന്നത്.

പാവപ്പെട്ടവര്‍ക്കു കുറഞ്ഞ വാടകക്കു ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കിയാല്‍ അവരെ നിഷ്‌ക്കരുണം കുടിയിറക്കുന്ന അനീതിക്കു ഇടവകജനം പിന്നീട് സാക്ഷി ആകേണ്ടിവരും. ആ ഫ്ലാറ്റുകളില്‍ സഹകരണ ഡിപ്പാര്‍ട്ടുമെന്റിന്റെ സഹകരണത്തോടുകൂടി ചെറുകിട വ്യവസായ സംരംഭങ്ങളോ, തൊഴില്‍ പരിശീലനകേന്ദ്രങ്ങളോ പള്ളിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചാല്‍ പാവപ്പെട്ട വരുടെ പ്രശ്‌നങ്ങള്‍ കുറെയൊക്കെ പരിഹരിക്കാന്‍ സാധിക്കും.


ഉണ്ണാനും ഉടുക്കാനും നിവൃത്തിയില്ലാതെ വലയുന്നവരുടെ പ്രശ്‌ന പരിഹാരത്തിനു ശ്രമിക്കുന്നവര്‍ക്കു മാത്രമേ, അന്ത്യവിധിയില്‍ സ്വര്‍ഗ്ഗസൗഭാഗ്യം സമ്മാനമായി ദൈവം നല്‍കുകയുള്ളൂ. അതുകൊണ്ടു, വൈദികരും കന്യാസ്ത്രീമാരും ഈ രംഗത്താണ് സേവനം അനുഷ്ഠിക്കേണ്ടത്. പാവപ്പെട്ടവരെ അവഗണിച്ചുകൊണ്ടു രോഗശാന്തി നേടികൊടുക്കുന്ന അഭിഷേകാഗ്നിയും മറ്റു ഭക്തസംഘടനകളുമായി നടക്കുന്നവര്‍ക്കു നിത്യനരകമായിരിക്കും അന്ത്യവിധിയില്‍ ലഭിക്കുക. ബലിയല്ല കരുണയാണ് എനിക്കു വേണ്ടത് എന്ന ക്രിസ്തുവചനം അവര്‍ ചെവിക്കൊണ്ടില്ല.  

(തുടരും -- നാളെ വായിക്കുക)

ബെനഡിക്ടച്ചന്റെ പേരിലുള്ള മുതല്‍മുടക്കുകള്‍

2 comments:

 1. ഇത്തരം അനുഭവസാക്ഷ്യങ്ങൾ എഴുതാൻ അല്മായശബ്ദം വേദിയൊരുക്കുന്നു എന്നത് തന്നെ ഫ്രാൻസിസ് പാപ്പായോടുള്ള സഹകരണത്തിന്റെ ഭാഗമാണ്. ജനദ്രോഹികളായ വികാരിമാരെ ചെറുത്തുനില്ക്കാനുള്ള ആത്മധൈര്യം വിശ്വാസികള്ക്ക് കൈവന്നാൽ, നമ്മുടെ പോപ്പ് ആഗ്രഹിക്കുന്ന ബാക്കി നവീകരണപ്രക്രിയകളൊക്കെ സംഭവിച്ചുകൊളളും. പോപ്പ് കൂടെയുള്ളപ്പോൾ പെറ്റി നാടുവാഴികളായ മെത്രാന്മാരെ എന്തിനു പേടിക്കണം? അവരുടെ മോഹനകാലങ്ങൾ കഴിഞ്ഞു. കേസിൽ കുടുക്കി ഈ ജനദ്രോഹികളെ അഴികൾക്കുള്ളിൽ ആക്കണം. കൂടുതൽ കള്ളക്കളികളുടെ കഥകൾ പുറത്തുവരട്ടെ. കൂടുതൽ ആൾക്കാർ കാര്യങ്ങളുടെ കിടപ്പ് അറിയട്ടെ.
  പി കെ മാത്യു, ഏറ്റുമാനൂർ അഭിനന്ദനം അർഹിക്കുന്നു.

  ReplyDelete
 2. "സഭാ സ്വത്തുക്കള്‍ പുരോഹിതാധിപത്യത്തില്‍ നിന്നു മോചിപ്പിച്ചു അല്‍മായരുടെ നിയന്ത്രണത്തില്‍ ഏല്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു."

  ഫ്രാൻസീസ് മാർപാപ്പായുടെ പ്രസ്താവനകൾ സംബന്ധിച്ച ശ്രീ മാത്യൂ പറഞ്ഞ അഭിപ്രായങ്ങൾ‌ ആധികാരികമാണോയെന്ന് സംശയിക്കുന്നു. ലോകത്തിലെ പ്രധാനപ്പെട്ട ഒരു വാർത്താമാധ്യമങ്ങളും മാർപാപ്പാ അങ്ങനെ പറഞ്ഞതായി എഴുതിയിട്ടില്ല. അതുപോലെ വത്തിക്കാന്റെ 2000 വർഷത്തെ സമാഹരിച്ച സ്വത്ത് വെറും എട്ടംഗത്തിന്റെ നിയന്ത്രണത്തിൽപ്പെടുന്നതോയെന്നും സംശയമുണ്ട്. വത്തിക്കാന്റെ സ്വത്തുക്കളെപ്പറ്റി വളരെ ലാഘവത്തോടെ ലേഖകൻ അവതരിപ്പിച്ചതെന്നതിലും വിസ്മയിക്കുന്നു. ലേഖനം വായിച്ചാൽ വത്തിക്കാന്റെ സ്വത്ത് പാലാമെത്രാന്റെയോ കാഞ്ഞിരപ്പള്ളി മെത്രാന്റെയോ ആസ്തിയേയുള്ളൂവെന്ന് തോന്നിപ്പോവും. അവിടെ കൃഷ്ണയ്യരുടെ പോലുള്ള ചർച്ച്ആക്റ്റ് പ്രായോഗികമല്ല.

  അനിയിന്ത്രിതമായ വത്തിക്കാന്റെ സ്വത്തുക്കൾക്ക് ഇളക്കം വന്നാൽ അമേരിക്കൻ സാമ്പത്തിക ശാസ്ത്രത്തിൻറെ തന്നെ അടിത്തറയിളകും. ലോകത്തിലെ ചെറുരാജ്യങ്ങൾ സാമ്പത്തികമായി പിഴുതുപോകും. അമേരിക്കയിലെ ബാങ്കുകളിലെ ഏറ്റവും വലിയ നിക്ഷേപകൻ വത്തിക്കാനാണ്. 500 ബില്ലിയൻ ഡോളർതന്നെ പണമായി വത്തിക്കാന്റെ നിക്ഷേപം ഉണ്ട്. റീയൽ എസ്റ്റെറ്റുകൾക്ക് അതിരില്ല. അമേരിക്കയിൽ മാത്രം ഇവിടുത്തെ പ്രധാന അഞ്ച് കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ മൊത്തം ആസ്തിയെക്കാളും വത്തിക്കാനുണ്ട്. ( assets and real estate holdings exceed those of Standard Oil, A.T.&T., and U.S. Steel combined ). ബാങ്ക് ഓഫ് ഇംഗ്ലണ്ട്, സ്വിസ് ബാങ്ക് ഇവിടെയുള്ള വത്തിക്കാന്റെ പണത്തിന് കണക്കില്ല. എട്ടംഗത്തെ നിയമിച്ചാൽ അവിടെ അവർ കേൾവിക്കാർ മാത്രം ആയിരിക്കും. ചർച്ച് ആക്റ്റ് ആഗോളതലത്തിൽ വ്യാപിപ്പിച്ചുകൊണ്ടുള്ള ഈ ലേഖനത്തിൽ യാതൊരു അടിസ്ഥാനവും കാണുന്നില്ല.

  ReplyDelete