Translate

Saturday, September 28, 2013

ആരാണ് ക്രിസ്ത്യാനി?

അടുത്ത കാലത്ത് സഭയുടെ ഉള്ളിലെ പോരായ്മകള്‍ യുക്തിസഹമായി എഴുതാറുള്ള ഒരു വ്യക്തിക്ക് ഒരജ്ഞാതന്‍ എഴുതി, ‘നീ ഒരു കത്തോലിക്കനുമല്ല, പള്ളിക്ക് ഒരു പൈസാ പോലും കൊടുക്കാറുമില്ല. സഭയെ തിരുത്താനുള്ള യോഗ്യതും നിനക്കില്ല, അതിനുള്ള ശബ്ദവും നിനക്കില്ല. നീ എഴുതുന്നതൊക്കെ ചപ്പായേ കണക്കാക്കപ്പെടുന്നുള്ളൂ. സുബോധം വീണ്ടെടുത്ത് പ്രായോഗികമായി ചിന്തിക്കുക. നിങ്ങളുടെ വിമര്‍ശനങ്ങള്‍ ആരും കേള്‍ക്കുന്നില്ലെന്ന് ശ്രദ്ധിക്കുക. അടിസ്ഥാനപരമായ ക്രിസ്ത്യന്‍ പഠനങ്ങളില്‍ വിശ്വസിക്കാത്ത നീ എന്തിന് ഇങ്ങിനെ ബ്ലാ ബ്ലാ വയ്ക്കണം? അല്മായാ ശബ്ദത്തില്‍ പത്തു പേരില്‍ കൂടുതല്‍പേര്‍ ഇത് വായിക്കുന്നില്ലായെന്ന് അറിയുന്നില്ലേ? ഒരു അവിശ്വാസിക്കു സഭയെ പുനരുദ്ധരിക്കാന്‍ ആവില്ലായെന്നു അറിഞ്ഞുകൂടെ?’

ഇതെഴുതിയ ആളെ അധിക്ഷേപിക്കുകയല്ല എന്‍റെ ലക്‌ഷ്യം. അടുത്ത കാലത്ത് വ്യാപകമായി അനേകം മാദ്ധ്യമങ്ങളില്‍ കൂടി സീറോ മലബാര്‍ സഭക്കെതിരെ പുറത്തു വരുന്ന രൂക്ഷ വിമര്‍ശനങ്ങളില്‍ അസ്വസ്ഥനായ ഒരു അന്ധവിശ്വാസിയുടെ സ്വാഭാവിക പ്രതികരണമായി മാത്രമേ ഞാന്‍ ഇതിനെ കാണുന്നുള്ളൂ. പക്ഷെ, അദ്ദേഹത്തിന്‍റെ പ്രതികരണം, ആരാണ് ക്രിസ്ത്യാനി എന്നു നിര്‍വ്വചിക്കാന്‍ ഏതൊരുവനെയും നിര്‍ബന്ധിക്കും. ഒരയല്‍ക്കാരന്  കിട്ടാവുന്ന ഏറ്റവും നല്ല നിര്‍വ്വചനം യേശു നല്‍കി. അത് കേട്ടിട്ടില്ലാത്തവര്‍ ചുരുങ്ങും. ബൈബിള്‍ മുഴുവന്‍ പരതിയാലും ആരാണ് ക്രിസ്ത്യാനിയെന്ന് മനസ്സിലാക്കാന്‍ സാദ്ധ്യമല്ല. നിത്യരക്ഷ പ്രാപിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് ബൈബിള്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പറയുന്നുണ്ട്. ഈ മാര്‍ഗ്ഗ രേഖ അനുവര്‍ത്തിക്കപ്പെടുന്നില്ല എന്നതുകൊണ്ട് കത്തോലിക്കാ സഭയെയോ അതിലെ അംഗങ്ങളെയോ അത് വെച്ച് നിര്‍വ്വചിക്കുന്നതില്‍ കാര്യമില്ല. ചില പോരായ്മകള്‍ വെച്ചുകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു മാര്‍ഗ്ഗ രേഖയല്ല യേശു അവതരിപ്പിച്ചത്. ഒരു കൊച്ചു ദ്വാരമേയുള്ളൂ വെന്നാശ്വസിച്ചതുകൊണ്ട് ബലൂണ്‍ വീര്‍ക്കുന്നില്ലല്ലോ.

ക്രിസ്ത്യാനിയെ സഭ വേദപാഠപുസ്തകങ്ങളില്‍ നിര്വ്വചിച്ചിട്ടുണ്ട്. അതാകട്ടെ, മുകളില്‍ നിന്ന് (മേജര്‍ ആര്‍ച്ച് ബിഷപ്പ് മുതല്‍ താഴേക്കുള്ളവര്‍) പറയുന്നതെല്ലാം മറുതൊലിക്കാതെ അനുസരിക്കുന്നവന്‍ എന്നതിനപ്പുറം പോയിട്ടില്ല. ഇപ്പോള്‍ ഞാനും ഇക്കാര്യത്തില്‍ ഒരു ചെറിയ കണ്ഫ്യുഷനിലാണ്. അടുത്ത ദിവസം പാലായില്‍ KCRM ന്‍റെ നേതൃത്വത്തില്‍ മാര്‍പ്പായ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഒരു പ്രകടനം നടന്നു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പാ പറഞ്ഞ കാര്യങ്ങള്‍ സഭയില്‍ നടപ്പാക്കണമെന്ന ലളിതമായ ഒരാവശ്യമാണ് അവര്‍ ഉന്നയിച്ചതെന്നും കേട്ടു. വാസ്തവത്തില്‍ ഞാനും അതേ ആഗ്രഹിക്കുന്നുള്ളൂ. മാര്‍ത്തോമ്മാ സഭയെന്ന മെഷിന്‍ പ്രവര്‍ത്തിപ്പിക്കുന്ന എല്ലാവരും മാര്‍പ്പാപ്പാ പറയുന്നത് ശരിയാണെന്ന് സമ്മതിക്കുന്നുമുണ്ട്. പിന്നെ, ഇതൊന്നു നടപ്പായി നെഞ്ചുവിരിച്ച് ഞാന്‍ ക്രിസ്ത്യാനിയാണെന്ന് പറഞ്ഞ് അന്തസ്സോടെ ജീവിക്കാന്‍ സഭാ വിശ്വാസികള്‍ക്ക് കഴിയണമെങ്കില്‍ എന്ത് ചെയ്യണം? ആരു പറഞ്ഞാല്‍ സഭ തിരുത്തപ്പെടും? ഉള്ളില്‍ നിന്ന് അലറിയവരുടെ സംഖ്യയും കുറവല്ല. പക്ഷേ ഒന്നും നടന്നിട്ടില്ല. ഇതിനൊരു മറുപടി ഈ കത്തെഴുതിയ സ്നേഹിതന്‍ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തെ അഭിനന്ദിച്ചേനെ. മാന്യമായി പറഞ്ഞു മടുത്തു, നടന്നില്ല. അപ്പോള്‍ സ്വാഭാവികമായ നയമാറ്റം ഉണ്ടാവും, അത് തന്നെയാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും. വിശന്നാല്‍ കുഞ്ഞു കരയും, അതിനു അമ്മിഞ്ഞപ്പാല്‍ കിട്ടുന്നത് വരെ അത് തുടരുകയും ചെയ്യും. ആ കുഞ്ഞിന് അവന്‍റെ ആവശ്യം പ്രകടിപ്പിക്കാന്‍ പ്രകൃതി അങ്ങിനെ ഒരു മാര്‍ഗ്ഗമേ കൊടുത്തിട്ടുള്ളൂ.

സാന്ദര്‍ഭികമായി പറയട്ടെ. അല്മായര്‍ എഴുതുന്നതൊന്നും ആരും കേള്‍ക്കുന്നില്ലായെന്നു പറയരുതായിരുന്നു. അമേരിക്കയില്‍ അല്മായര്‍ നടത്തിയ ബ്ലോഗ്‌ രണ്ടുവര്‍ഷം കൊണ്ട് വായിച്ചത് 34 ലക്ഷം പേരായിരുന്നു. അത്മായാ ശബ്ദം തുടങ്ങിയിട്ട് രണ്ടു വര്‍ഷമായി. അതിന്‍റെ ഹിറ്റ്‌  ലക്ഷം കഴിഞ്ഞിട്ട് ഏറെ നാളായി. ഫെയ്സ് ബുക്കില്‍ ഒരു ദിവസം പോലും വിടാതെ ലേഖനങ്ങള്‍ വരുന്നു. എത്ര പതിനായിരങ്ങളാണ് അവ വായിക്കുന്നതെന്ന് പറയാനാവില്ല. ഇതൊന്നും കൂടാതെ സത്യം വിളിച്ചു പറയുന്ന വേറെ നൂറ്റമ്പതു മാധ്യമങ്ങള്‍ക്കൂടിയെങ്കിലും ഭൂമുഖത്തുണ്ട്. വിമര്‍ശകന്‍ അത് അറിയുന്നില്ല. കാലം പണ്ടത്തേതല്ല, പണ്ട് പ്രതിഷേധക്കാര്‍ സഭ വിട്ടു പോകുമായിരുന്നു. ഇന്ന് പ്രതിക്ഷേധക്കാര്‍ സഭയും മതവും രണ്ടാണെന്ന് മനസിലാക്കുന്നു, അകത്തു നിന്ന് പോരാടുന്നു. ഈ പോരാട്ടത്തില്‍ കാനോന്‍ രാജാക്കന്മാര്‍ക്ക് അടി തെറ്റുമെന്ന് ഉറപ്പായിട്ടും ഞാന്‍ പറയുന്നു. ഇത് പറയാന്‍ കാരണം, വിശ്വാസ ജീവിതത്തില്‍ ഉണ്ടായ ഭീകരമായ തകര്‍ച്ച തന്നെ. ഒരു അഭിഷേകാഗ്നി വിജയിക്കണമെങ്കില്‍ ഇവന്‍റ് മാനേജിംഗ് കമ്പനി വേണമെന്നും, വചനം പ്രഘോഷിക്കാന്‍ ശമ്പളക്കാര്‍ വേണമെന്നും ആയില്ലേ? ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ വിട്ടുപോകുന്ന മതം എന്ന ഖ്യാതിയും നമ്മുടെ സഭ നേടിക്കഴിഞ്ഞു.  അത്രമേല്‍ തകര്‍ച്ച ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്ന വസ്തുത സഭാ നേതൃത്വം തന്നെ അംഗീകരിച്ച പരമസത്യം തന്നെ. വിശ്വാസ വര്ഷം എന്നതുകൊണ്ട്‌ വിശ്വാസത്തില്‍ വ്യാപകമായ ച്യുതി ഉണ്ടായെന്നും, പ്രവൃത്തി വര്‍ഷമെന്നാല്‍ കെട്ടിടം പണികള്‍ നടക്കാനുണ്ടെന്നും, വചന വര്‍ഷമെന്നാല്‍ POC ബൈബിള്‍ തിരി കത്തിച്ചു വെച്ച് പൂജിക്കണമെന്നുമേ സഭാംഗങ്ങള്‍ കാണുന്നുള്ളൂ. തൊട്ടു പിന്നാലെ അനുസരണ വര്ഷം ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട്.


പോകേണ്ടവര്‍ക്ക് പോയാല്‍ പോരെ, എന്തിനു തിരിഞ്ഞു നിന്ന് വിമര്‍ശിക്കണം? ഈ ചോദ്യത്തിന് ഒറ്റ വാക്കില്‍ മറുപടി പറയാനാവില്ല. ഒരു കാലത്ത് ഈശോ സഭയുടെ ആധികാരിക ശബ്ദമായിരുന്ന ഫാ. ജോണ് തെക്കേടം സഭ വിട്ടു; ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകി ജീവിക്കുന്നു. അനേകം വൈദികരും കന്യാസ്ത്രികളും അദ്ദേഹത്തിന്‍റെ ആശ്രമത്തിലെ നിത്യ സന്ദര്‍ശകരാണ്‌. അദ്ദേഹം അടുത്തയിടെ എനിക്കെഴുതിയത്, ഇനിയുള്ള ചുരുങ്ങിയ കാലം സഭയുടെ പിടിയില്‍ നിന്ന് വിശ്വാസികളെ മോചിപ്പിക്കാന്‍ ഞാന്‍ വിനിയോഗിക്കും എന്നാണ്. ഇതേ അഭിപ്രായം പറഞ്ഞ നിരവധി മുന്‍കാല സഭാ പോരാളികളെ ഞാന്‍ നേരിട്ടറിയും. ഇവരെല്ലാം പറയുന്നത് യേശുവിന്‍റെ പേരില്‍ സാക്ഷാല്‍ നരകത്തിലേക്ക് സഭ ഒരു ജനതതിയെ നയിക്കുന്നത് കാണുമ്പോള്‍ കണ്ടു നില്‍ക്കാന്‍ ആവില്ലായെന്നാണ്. അത് തന്നെയാണ് ഞാനും പറയുന്നത്. ഫാ. ജോണ്‍ അടുത്തിടെ എഴുതിയ ഒരു ലേഖനത്തില്‍ ചോദിച്ചു, കര്‍ത്താവ്‌ സൃഷ്ടിച്ചത് എല്ലാം നന്നായിരുന്നു, പക്ഷേ മനുഷ്യന് മാത്രം എന്തോ തകരാറുണ്ടായിരുന്നുവെന്നു പറയാനുള്ള തന്‍റെടം ഇവര്‍ക്ക് എവിടെനിന്ന് കിട്ടിയെന്ന്? കുറച്ചു കാലം മുമ്പ് അള്‍ത്താരയില്‍ സ്ഥാപിച്ച താമരക്കുരിശ് അപ്പോള്‍ തന്നെ പരസ്യമായി എടുത്തു മാറ്റിയ ടോം വര്‍ക്കിയെന്ന അമേരിക്കന്‍ കത്തോലിക്കന്‍ എഴുതി, എന്ന് സാത്താന്‍റെ ഈ അടയാളം സഭയില്‍ വന്നോ അന്ന് തുടങ്ങി സഭയുടെ പതനമെന്ന്. കാരണം എന്തായാലും, ശക്തര്‍ മുട്ടു മടക്കുന്ന കാലം വിദൂരമല്ല. ആരെങ്കിലും മുട്ട് മടക്കുന്നതോ തല കുനിക്കുന്നതോ അല്ല എന്‍റെ പ്രശ്നം. വിശ്വാസികള്‍ സുബോധം വീണ്ടെടുക്കുന്നത് കാണുകയെന്നത് എന്‍റെ ഉള്ളിലും ഒരാഗ്രഹമായി അവശേഷിക്കുന്നു. 

1 comment:

  1. ഇന്നത്തെ KCRM ചര്ച്ചായോഗത്തില് വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചത് ശ്രീ എമ്മാനുവല് സത്യാനന്ദ് ആയിരുന്നു. അദ്ദേഹം ക്രൈസ്തവ വേദപുസ്തകത്തിലും ഭാരതീയ വേദങ്ങളിലും ലോകത്തിന്റെ അധികാരി അഹന്തയില്നിന്ന് സ്വതന്ത്രനാകുകയും ദൈവേച്ഛയ്ക്ക് എല്ലാം വിട്ടുകൊടുക്കുകയും ചെയ്യുന്ന മനുഷ്യനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അത് അനുഭവിച്ചറിയാന് കഴിഞ്ഞാല് നമ്മുടെ ഉള്ളില്ത്തന്നെയുള്ള ദൈവികജ്ഞാനം അറിയാന് നമുക്ക് ഉള്ക്കണ്ണു തുറന്നു കിട്ടും. അങ്ങനെ സ്വയം അറിയുന്നവന് യേശുവിലും ബുദ്ധനിലും കൃഷ്ണനിലും ഒക്കെ മാത്രമല്ല നമ്മില്ത്തന്നെയും ക്രിസ്തുവുണ്ടെന്ന് വ്യക്തമാകും. ദൈവികജ്ഞാനമുപയോഗിച്ച് ലോകത്തെ വരുതിയില് നിറുത്താനുള്ള ശക്തിവരെ കിട്ടും. പരഹൃദയജ്ഞാനത്തോടെ രോഗശാന്തി പകരാന് ഒരുപകരണമായി പ്രവര്ത്തിക്കാന് ജാതി-മത-ആസ്തിക-നാസ്തിക ഭേദമെന്യേ ആര്ക്കും കഴിയും.
    അതിന്റെ രഹസ്യം യേശു വ്യക്തമാക്കിയിട്ടുണ്ട്:
    ഞങ്ങള് എന്തു തിന്നും, ഞങ്ങള് എന്ത് ഉടുക്കും എന്നെല്ലാം പറഞ്ഞ് നിങ്ങള് ആകുലരാകരുത്. കാരണം വിജാതീയരാണ് ഇതെല്ലാം തേടുന്നത്. നിങ്ങള്ക്ക് ഇവയെല്ലാം ആവശ്യമുണ്ടെന്ന് നിങ്ങളുടെ സ്വര്ഗീയപിതാവിന് അറിയാം. നിങ്ങള് ആദ്യം അവന്റെ രാജ്യവും അവന്റെ നീതിയും തേടുക. അങ്ങനെയെങ്കില് ഇവയൊക്കെയും കൂടി നിങ്ങള്ക്കു നല്കപ്പെടും. അതിനാല് നാളെയെപ്പറ്റി ആകുലപ്പെടേണ്ട. നാളെതന്നെ നാളെയുടെ കാര്യം നോക്കിക്കൊള്ളും. അതതു ദിവസത്തിന് അന്നന്നത്തെ ക്ലേശങ്ങള് ധാരാളം മതി ( മത്തായി 6 : 31-34).
    ഇത്രയും എഴുതിക്കഴിഞ്ഞപ്പോള് മുമ്പില് തുറന്നിരിക്കുന്ന ബൈബിളിലേക്കു വെറുതെ ഞാനൊന്നു നോക്കി. വെളിപാടിന്റെ 19-ാം അധ്യായമാണ് കണ്ണില് പെട്ടിരിക്കുന്നത്. ആ ഭാഗം ഉദ്ധരിക്കാന് മനസ്സു പറയുന്നു. ഉദ്ധരിക്കട്ടെ:
    ഇതിന്നുശേഷം സ്വര്ഗത്തില് വസിച്ച ഒരു ജനക്കൂട്ടത്തിന്റേതുപോലെ, വലിയൊരു സ്വരം വിളിച്ചുപറയുന്നതു ഞാന് കേട്ടു. ഹല്ലേലുയ്യാ! രക്ഷയും ശക്തിയും മഹത്വവും നമ്മുടെ ദൈവത്തിന്റേതാകുന്നു. കാരണം സത്യസന്ധവും നീതിയുക്തവുമാകുന്നു അവന്റെ വിധികള്. വേശ്യാവൃത്തിവഴി ഭൂമിയെ ദുഷിപ്പിച്ച ആ വലിയ വേശ്യയെ അവന് വിധിച്ചിരിക്കുന്നു. തന്റെ ദാസരുടെ രക്തത്തിന് അവന് അവളോടു പ്രതികാരം ചെയ്തു.

    ReplyDelete