Translate

Wednesday, September 18, 2013

'മിശ്രവിവാഹം' അനുകൂലവും പ്രതികൂലവും


http://almayasabdam.blogspot.com/2013/09/blog-post_10.html

(മതങ്ങളുടെ മതിലുകൾക്കുള്ളിൽ മാത്രം നിലനില്ക്കുന്ന കേരള സാമൂഹിക  മൂമൂലുകളെമാത്രമേ ശ്രീ എം. എൽ ജോർജ് ലേഖനത്തിൽ പരാമർശിച്ചിട്ടുള്ളൂ.   പ്രവാസിജീവിതത്തിലുള്ളവർ മതത്തിന്റെ ഈ ലക്ഷ്മണരേഖ പൊതുവേ അനുസരിക്കാറില്ല.  മിശ്രവിവാഹം അമേരിക്കൻ കത്തോലിക്കാ സഭയെസംബന്ധിച്ച് ഒരിക്കലും പ്രശ്നമായിരുന്നില്ല. വിവാഹമോചനം ഏറ്റവും കൂടിയ നാടും ഇവിടംതന്നെ. ഇന്നത്തെ സമൂഹത്തിൽ മതം, ആചാരം, സംസ്ക്കാരം, ഭക്തിഭ്രാന്ത്, ബൈബിൾ ഭക്തി, മതസഹിഷ്ണതയില്ലായ്മ, നിന്റെ ദൈവം എന്റെ ദൈവം, രാജ്യ രാജ്യാന്തരങ്ങളിലുള്ള വിവിധ സംസ്കാരങ്ങൾ, ഭക്ഷണരീതികൾ, മാമൂലുകൾ, മാനസിക പൊരുത്തം, വ്യതസ്ത സംസ്കാരത്തിലെ രണ്ടു കുടുംബങ്ങൾ അങ്ങനെ പലതും വ്യക്തികളുടെ കുടുംബബന്ധങ്ങളെ ബാധിക്കും. മിശ്രവിവാഹങ്ങൾ പ്രൊത്സാഹിപ്പിക്കുന്നവർ മനുഷ്യന്റെ മനസിനെ പാകത വരുത്തുന്നതെങ്ങനെയെന്നും ചിന്തിക്കണം.  മതം മാത്രമല്ല മറ്റനേക വേലികളും മിശ്രവിവാഹിതരുടെയിടയിൽ ഉണ്ട്. എന്റെ ലേഖനം വായിക്കുക.)ജോസഫ് പടന്നമാക്കൽ.


സ്വന്തം സമൂഹത്തിൽനിന്നും വിവാഹിതരാകാതെ ജാതിയും മതവും സംസ്ക്കാരവും ഭാഷയും രാജ്യങ്ങളുടെ അതിരുകളും കടന്നുള്ള മിശ്രവിവാഹം ദാമ്പത്യജീവിതത്തിന് ഗുണപ്രദമോ? സർവ്വേകണക്കിൻപ്രകാരം അമേരിക്കയിൽ എകദേശം 45 ശതമാനം ജനങ്ങളും മിശ്രവിവാഹിതരാണ്. ഒരേ മതവിശ്വാസം പുലർത്തുന്നവരെക്കാൾ മിശ്രവിവാഹതരിൽ കൂടുതൽ ദാമ്പത്യ പരാജയങ്ങളുള്ളതായി കാണുന്നു. മിശ്രവിവാഹത്തിൽക്കൂടി ദാമ്പത്യജീവിതം നയിക്കുന്നവരിൽ സ്ത്രീകളാണ്  നിസഹായരായി ജീവിക്കുന്നത്. മനസാക്ഷിക്കെതിരെ പുരുഷന്റെ മതം അവൾ സ്വീകരിക്കണം. അല്ലെങ്കിൽ പുരുഷൻ അവന്റെ അധികാരം ഉപയോഗിച്ച് മതം മാറ്റിക്കും. പുരുഷന്റെ കുടുംബം അവളോട്  മതം മാറാൻ നിർബന്ധിക്കും.  പ്രത്യേകിച്ച് മതമൗലികവാദികളുടെ കുടുംബങ്ങളിൽ അകപ്പെട്ടാൽ അവളുടെ ജീവിതം നരകതുല്ല്യമായിരിക്കും. വിവാഹത്തിനുമുമ്പ് ഇത്തരം കാര്യങ്ങളിൽ പരസ്പരം ധാരണ നല്ലതാണ്. പക്ഷെ മിക്ക കേസുകളിലും പുരുഷൻ വാക്ക് മാറുന്നതായിട്ടാണ് കണ്ടുവരുന്നത്‌. 

ബ്രിട്ടനിൽ കുടിയേറിയ ട്രിനിഡാട് (Trinidad) രാജ്യക്കാരനായ ജായ്ക്ക് എന്ന കറുത്തവംശജന്റെയും ബ്രിട്ടനിൽ ജനിച്ചുവളർന്ന മേരിയന്ന വെളുത്ത വർഗക്കാരിയുടെയും ജീവിതാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ഒരു ലേഖനം വായിച്ചു. രണ്ട് വ്യത്യസ്ത മതത്തിൽപ്പെട്ടവരായിരുന്നു അവർ ഇരുവരും. മതത്തേക്കാളുപരി അവർക്ക് സമൂഹം വിലക്കുകല്പ്പിച്ച്ത് നിറമായിരുന്നു. കറുത്ത വർഗക്കാരനും വെളുത്ത സ്ത്രീയുമായുള്ള സുദീർഘമായ 63 വർഷത്തെ ജീവിതം ഈ ദമ്പതികൾ വിവരിക്കുന്നുണ്ട്. 63 വർഷംമുമ്പ് അത്തരം ഒരു മിശ്രബന്ധം ചിന്തിക്കാൻ കഴിയാത്ത കാലത്ത് ബന്ധുജനങ്ങളുടെയോ സമൂഹത്തിന്റെയോ സഹകരണം ഇല്ലാതെ അവർ വിവാഹിതരായി. സ്കൂൾ ജീവിതത്തിൽ ഒന്നിച്ച് സ്നേഹിച്ച് പഠിച്ച മേരിക്ക് 19 വയസുള്ളപ്പോൾ ജായ്ക്ക് ഒരു ദിവസം മേരിയെ വിവാഹം ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അന്ന് വർണ്ണവിവേചനം കൊടുമ്പിരികൊണ്ടിരുന്ന കാലഘട്ടവുമായിരുന്നു. മേരിയെ വീട്ടിൽനിന്ന് അപ്പൻ പുറത്താക്കി. ഒരു ചെറിയ പെട്ടിയുമായി അന്നവർ പടിയിറങ്ങി. ക്രമേണ അവരുടെ ജീവിതം മെച്ചപ്പെട്ടു. മേരി റ്റീച്ചറായും ജായ്ക്ക് പോസ്റ്റ്‌ ഓഫീസിലും ജോലി ചെയ്തു. കഴിഞ്ഞ 63 വർഷം അവർ സ്നേഹിച്ചുതന്നെ ജീവിച്ചു. എന്നാൽ സമൂഹം എന്നും അവരെ ശല്ല്യം ചെയ്തുകൊണ്ടിരുന്നു. ജായ്ക്ക് കറുത്ത വർഗക്കാരൻ ആയതുകൊണ്ട് ജോലിസ്ഥലത്ത് എന്നും അയാളെ ഒറ്റപ്പെടുത്തിയിരുന്നു. ജായ്ക്കിനെ വിവാഹം ചെയ്ത കാലംമുതൽ എന്നും അവരെ സമൂഹം പീഡിപ്പിക്കുമായിരുന്നുവെന്നും മേരി പറഞ്ഞു. ഒരിക്കൽ മേരി ബസിൽ യാത്രചെയ്യുമ്പോൾ ഒരാൾ കഴുത്തിൽ ചൊറിഞ്ഞുകൊണ്ട് കറുത്തവന്റെ ചെളി ദേഹത്തുമുഴുവനെന്ന് പറഞ്ഞു പരിഹസിച്ചു. ജായ്ക്കിനും തന്റെ ദാമ്പത്തിക കഥ പറയാനുണ്ട്. "മേരിയെ എനിക്ക് ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. നീണ്ട 63 വർഷങ്ങളിലെ ദാമ്പത്യജീവിതം ഞങ്ങൾ സ്നേഹിച്ചു ജീവിച്ചു. പക്ഷെ സമൂഹം ഞങ്ങളെ അംഗീകരിക്കാത്തതിൽ ഞാൻ ഇന്നും ദു:ഖിതനാണ്. "ചെറുപ്പക്കാരായ കറുത്ത വർഗക്കാരോട് ഒരു സമൂഹത്തിന്റെ വിലയെന്തെന്നുള്ള തന്റെ ജീവിതാനുഭവം പങ്കുവെയ്ക്കാറുണ്ടെന്നും ജായ്ക്ക് പറഞ്ഞു. ഇന്ന് മേരിക്ക് 81 വയസും ജായ്ക്കിന് 86 വയസുമുണ്ട്.


ഇന്നത്തെ ആഗോള വ്യവസായയുഗത്തിൽ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും വിവിധ സംസ്ക്കാരങ്ങളിൽനിന്നും ജീവിതപങ്കാളിയെ  തെരഞ്ഞെടുക്കാൻ പ്രയാസമില്ല. സൈബർലോകവും മീഡിയാകളും അതിന് സഹായകമാണ്. സ്വന്തം മതത്തിനും സംസ്ക്കാരത്തിനും ഭാഷക്കും രാജ്യങ്ങളുടെ അതിരുകൾക്കും അതീതമായി  യുവതലമുറകൾ  കമിതാക്കളാകാറുണ്ട്. അങ്ങനെ ജീവിതപങ്കാളിയെ കണ്ടെത്താറുണ്ട്. അമേരിക്കയിലെയും പാശ്ചാത്യനാടുകളിലെയും  ഇന്ത്യൻസമൂഹത്തെ സംബന്ധിച്ച് അവലോകനം ചെയ്യുകയാണെങ്കിൽ ആഗോളപരമായ മിശ്രമത, മിശ്രഭാഷ, മിശ്രസാംസ്ക്കാരിക തലങ്ങളിലുള്ള പുതിയ ഒരു തലമുറ ഇവിടെ ഉദയം ചെയ്തെന്ന് പറയാം. 

മിശ്രവിവാഹിതരാകുന്നവർ വിവാഹത്തിനുമുമ്പുതന്നെ ഇരുകൂട്ടരുടെയും കുടുംബങ്ങളുടെ മാനസികാവസ്ഥയെപ്പറ്റി മുൻകൂട്ടി മനസിലാക്കുന്നത് നന്നായിരിക്കും. വിവാഹത്തിനുശേഷം പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുന്നത്‌ വരന്റെ അല്ലെങ്കിൽ വധുവിന്റെ കുടുംബക്കാർ തമ്മിൽ ചില മാമൂലുകളിലുള്ള കടുംപിടുത്തത്തിനായിരിക്കും. മതസാംസ്ക്കാരിക തലങ്ങളിലും ചില വിചിത്ര ആചാരങ്ങളുടെപേരിലും അരക്കിട്ടിറപ്പിച്ചിരിക്കുന്ന കുടുംബങ്ങളുടെ പശ്ചാത്തലമാണ് പലപ്പോഴും നീരസത്തിന് കാരണമാകുന്നതും കലഹത്തിലേക്ക്‌ നയിക്കുന്നതും. അമ്പലത്തിൽ കൊണ്ടുപോയി ജനിച്ചകുട്ടിയുടെ തല മുണ്ഡനം ചെയ്യണമെന്ന് ഹിന്ദുവായ ഭർത്താവ് പറയുമ്പോൾ കുട്ടിയുടെ തലയിൽ ഹാന്നാൻ വെള്ളം തളിച്ച് മാമ്മോദീസാ മുക്കണമെന്ന് ക്രിസ്ത്യാനിയായ ഭാര്യ പറയും. വിവാഹത്തിനുമുമ്പ് ഇത്തരം കാര്യങ്ങളിൽ ഗഹനമായ ചർച്ചകളിൽ തീരുമാനിച്ചിരുന്നെങ്കിലും വിവാഹശേഷം സർവ്വതും മറന്ന് ഭർത്താവിന്റെ തന്നിഷ്ടമാണ് പിന്നീട് നടപ്പിലാക്കുന്നത്. 

ഒരു വിവാഹമെന്നുള്ളത് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ആത്മബന്ധം സ്ഥാപിക്കൽകൂടിയാണ്. ഇരുവിഭാഗങ്ങളും തമ്മിൽ പരസ്പരധാരണ ആവശ്യമാണ്. പൊതുചടങ്ങുകളിൽവെച്ച് മതത്തിന്റെ പേരിൽ അല്ലെങ്കിൽ മറ്റുള്ള തെറ്റിദ്ധാരണകളുടെ പേരിൽ അഭിപ്രായവിത്യാസങ്ങളും ചിലപ്പോൾ വഴക്കിലും അവസാനിക്കും. ഭാഷകളിൽ ഉണ്ടാകുന്ന വൈകല്യങ്ങളും ചില പ്രാദേശിക പ്രയോഗങ്ങളും മതി വഴക്കിന് കാരണമാകാൻ. വടക്കേഇന്ത്യയിൽ പഠിച്ചിരുന്ന കാലത്ത്  ഒരു വടക്കൻ കൂട്ടുകാരനെ .'അളിയാ' എന്ന് സ്നേഹംകൊണ്ട് വിളിച്ചതിൽ അർത്ഥം മനസിലാക്കിയ അയാൾ പിന്നെടെന്നും എന്റെ വിരോധിയായിരുന്നു. ഞങ്ങൾ സുഹൃത്തുക്കൾ പരസപരം സ്നേഹംകൊണ്ട് വിളിക്കുന്ന വാക്കാണെന്ന് പറഞ്ഞിട്ടും അയാൾക്കത് അന്ന് ഉൾകൊള്ളുവാൻ സാധിച്ചില്ല.

വിവാഹിതരാകുന്ന പങ്കാളികൾ പരസ്പരം മതവിശ്വാസത്തിൽ സഹിഷ്ണതയുള്ളവരായിരിക്കണം. മതത്തിനുപരിയായി ചിന്തിക്കുന്നുവെന്ന് പുറമേ പറയുമെങ്കിലും എല്ലാവരുടെയും ഉള്ളിന്റെ ഉള്ളിൽ മതമുണ്ട്‌. അത് ചിലപ്പോൾ പുറത്തുവന്ന് പൊട്ടിത്തെറികളും ഉണ്ടാകാറുണ്ട്. ഒരു വെന്തിക്കോസുകാരൻ പാസ്റ്റർ ഭർത്താവാണെങ്കിൽ അയാൾ പോകുന്ന സ്ഥലങ്ങളിൽ ബൈബിളും കൈകളിൽ പിടിച്ചുകൊണ്ട് നടക്കണം. അവളുടെ ആഴമായ വിശ്വാസത്തെയും യേശുവിന്റെ അമ്മയേയും പരിഹസിക്കുന്നത് സഹിക്കണം. അയാൾ ഉയർത്തിപ്പിടിച്ചിരിക്കുന്ന ബൈബിളിനെ ഒരു ബിംബവുമാക്കണം. ഭർത്താവ് ഹിന്ദുവാണെങ്കിൽ ചെറുപ്പംമുതൽ മനസ്സിൽ പേടിയുണ്ടായിരുന്ന ബിംബങ്ങളുടെമുമ്പിൽ നിത്യവും ദീപം പ്രകാശിപ്പിക്കണം. പുരോഹിതരും ചുറ്റുമുള്ളവരും മനസ്സില് കയറ്റിയ ഭയത്തോടെ അന്നുമുതൽ അവളും ബിംബാരാധാനയുടെ ഭാഗം ആകണം.  പാരമ്പര്യ കത്തോലിക്കാ കുടുംബത്തിൽ പിറന്ന ഒരു പെണ്ണിന് പല ആചാരാനുഷ്ഠാനങ്ങളും സ്വീകാര്യമാവണമെന്നില്ല.

ബിംബങ്ങളുടെ മുമ്പിൽ ദീപവും കത്തിച്ച് നില്ക്കണമെന്ന് പറയുമ്പോൾ ക്രിസ്ത്യാനിയായി വളർന്ന  പെണ്‍കുട്ടിയെ വേദനിപ്പിക്കും. ബിംബങ്ങൾ ദൈവത്തിന്റെ ശത്രുക്കളും ബീപത്സരൂപങ്ങളുമായിട്ടാണ് പുരോഹിതരും ചുറ്റുമുള്ള ജനവും അവളുടെ മനസ്സിൽ നിറച്ചിരിക്കുന്നത്.

മതത്തിനുപരി ചിന്തിക്കുവാൻ കഴിവുള്ളവർ ഇന്ന് സമൂഹത്തിൽ ഒരു ശതമാനംപോലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഒരു ക്രിസ്ത്യാനിയായ പെണ്‍കുട്ടി വിവാഹശേഷം അവളുടെ ജീവിതം തുടരേണ്ടത് പുരുഷന്റെ മസ്ക്കുലിൻ ശക്തിയുടെ കീഴിലായിരിക്കും. പുരുഷന്റെ മതമനുസരിച്ച് അവൾക്ക് ജീവിക്കേണ്ടിവരും. കുഞ്ഞുനാളിലെ അപ്പനും അമ്മയും സഹോദരസഹോദരികളും സുഹൃത്തുക്കളും ഒന്നിച്ചാഘോഷിച്ചിരുന്ന ക്രിസ്തുമസും ഈസ്റ്ററും അവൾ പാടെ മറക്കേണ്ടിവരും. ഹിന്ദുവായ ഭര്ത്താവിനൊപ്പം അവളുടെ ആഘോഷങ്ങൾ പിന്നെ ഓണവും ശിവരാത്രിയും വിഷുവുമായി. മുസ്ലിമാണെങ്കിൽ ഈദും ബക്രീദുമാകും. പുരുഷന്റെ കടുംപിടുത്തത്തിൽ അവൾക്ക് ചിന്താസ്വാതന്ത്ര്യം അനുവദിച്ചെന്നിരിക്കില്ല.

പോർക്കും പശുവിറച്ചിയും തിന്നുജീവിച്ച ഒരു ക്രിസ്ത്യാനിപ്പെണ്ണ്‍ മുസ്ലീമാണ് ഭർത്താവെങ്കിൽ പോർക്കോ യാഥാസ്ഥിതികനായ ഹിന്ദുവാണ് ഭർത്താവെങ്കിൽ പശുവിറച്ചിയോ കറിവെച്ചാൽ കുടുംബജീവിതത്തിന്റെ താളപിഴകൾ അവിടെ തുടങ്ങുകയായി. യാഥാസ്ഥികരായ പലരുടെയും മിശ്രവിവാഹത്തിൽകൂടിയുള്ള ജീവിതം താറുമാറാകുന്നത് മക്കൾ ഉണ്ടായശേഷമായിരിക്കും. മക്കളെ ഏത് പാരമ്പര്യത്തിൽ വളർത്തണമെന്നും വിവാദങ്ങൾ ആരംഭിക്കും. അക്കൂടെ അമ്പലത്തിൽ ചെന്ന് തലമുണ്ഡനം, സുന്നത്ത്, ഹാന്നാൻ വെള്ളം തലയിൽ ഒഴിക്കുക എന്നിവകളിൽ മുറുകെപ്പിടിക്കുന്നവർ എല്ലാ വിഭാഗങ്ങളിലും ഉണ്ട്. ഏത് മതത്തിൽ വളർത്തണമെന്നുള്ളതും ഭാര്യാഭർത്താക്കന്മാർക്ക് ഒരു ധാരണയിൽ എത്തുവാൻ സാധിച്ചെന്ന് വരുകയില്ല.     

ഉണ്ടാകുന്ന കുഞ്ഞുങ്ങളെ ഏത് മതത്തിൽ വളർത്തണമെന്ന് ധാരണയുണ്ടായാലും പ്രശ്നങ്ങൾ അവിടെ തീരുകയില്ല. കുഞ്ഞിന്റെ വല്ല്യപ്പൻ വല്യമ്മമാർ പിന്നീട് കടുംപിടുത്തം ആരംഭിക്കുകയായി. ഇതിനിടയിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വിഷമിക്കുന്നത് മിശ്രവിവാഹജീവിതം നയിക്കുന്ന ദമ്പതികളായിരിക്കും. ഇങ്ങനെയുള്ള സാമൂഹിക വിവാദങ്ങളിൽ ദമ്പതികൾക്ക് നല്ല ക്ഷമയും തീരുമാനങ്ങൾ ഉൾകൊള്ളുവാനുള്ള കഴിവും ആവശ്യമാണ്.  

മിശ്രവിവാഹത്തിൽ  ദോഷവശങ്ങൾ വിശകലനം ചെയ്തെങ്കിലും നന്മയുടെ വശങ്ങളുമുണ്ട്. വ്യത്യസ്ത സംസ്ക്കാരത്തിൽനിന്ന് ജനിക്കുന്ന കുഞ്ഞുങ്ങൾ ബൌദ്ധികതലങ്ങളിൽ വളരെയധികം മുമ്പിലായിരിക്കും. രണ്ട് മതസമൂഹങ്ങൾ തമ്മിലുള്ള വിവാഹത്തിൽ പരസ്പര ധാരണയോടെ ജീവിച്ചാൽ മതസഹിഷ്ണതയുള്ള ഒരു തലമുറയെ വാർത്തെടുക്കാം. വ്യത്യസ്തങ്ങളായ രണ്ട് മതങ്ങളുടെ സംസ്കാരവും ഉൾകൊള്ളുവാൻ സാധിക്കുന്നു. വിവാഹം ഭാഷകൾക്ക് അപ്പുറമെങ്കിൽ വളരുന്ന കുഞ്ഞുങ്ങള്ക്ക് കൂടുതൽ ഭാഷകൾ വശമാക്കുവാനുള്ള അവസരവും ലഭിക്കുന്നു. രാജ്യങ്ങളുടെ അതിരുകൾക്കപ്പുറമുള്ള വിവാഹമെങ്കിൽ അന്തർദേശീയ സംസ്ക്കാരമുള്ള ഒരു ഉള്കാഴ്ച കുടുംബത്തിന് ലഭിക്കും. ചിലർ വെളുപ്പുനിറം സൗന്ദര്യമായി കാണുന്നു. അത്തരക്കാർക്ക് അവരുടെ ഭാവനയനുസരിച്ച്‌ സൗന്ദര്യമുള്ള കുഞ്ഞുങ്ങളെയും ലഭിക്കാം. ആധുനികകാലത്ത് മിശ്രവിവാഹം വളരെയേറെ ജനപ്രീതി ആർജിച്ച് വരുകയാണ്. സൈബർലോകത്തിന്റെ വളർച്ചയോടെ സമൂഹത്തിന്റെ ചിന്താഗതി യുവതലമുറകൾ ചിന്തിക്കാറില്ല. മിശ്രവിവാഹത്തോടെ ഒരു വ്യക്തിയെ മറ്റൊരു വ്യക്തിയാക്കുകയാണ്. സ്വന്തം സമൂഹത്തിന്റെ ദുഷിച്ച ചിന്താഗതികളെ തുലനം ചെയ്യുവാനും അവസരങ്ങൾ കിട്ടും. മറ്റുമതത്തിലോ സംസ്ക്കാരത്തിലോ ജീവിച്ചിരുന്ന ജീവിതപങ്കാളിയുമായി ജീവിക്കുന്നതുമൂലം പ്രായോഗിക ജീവിതത്തിലും പുതിയ ഒരു പരിജ്ഞാനം നേടുകയാണ്‌. വിവിധ ഭാഷകളും സംസ്ക്കാരങ്ങളും ഒത്തുചേർന്ന കുടുംബത്തിന് ലോകത്തെവിടെയും യാത്രചെയ്യുന്നതിന് ബുദ്ധിമുട്ട് വരുകയില്ല. ജീവിതത്തിലെ ഏതു വെല്ലുവിളികളെയും അഭിമുഖീകരിക്കാൻ സാധിക്കും. മിശ്രവിവാഹത്തിൽക്കൂടി ഒരു പുതിയ തലമുറയുടെ ആരംഭം കുറിക്കുകയാണ്. ജനിക്കുന്ന കുഞ്ഞുങ്ങളും മിശ്രമത മിശ്രസാമൂഹിക സംസ്ക്കാരത്തോടെ വളരും. സങ്കുചിത ലോകത്തിൽനിന്ന് തുറന്ന ഹൃദയത്തോടെയുള്ള ഒരു ലോകത്ത് അവർക്ക് ജീവിക്കാൻ സാധിക്കും. ചുരുക്കത്തിൽ ഇന്ന് ലോകത്ത് എല്ലാത്തരത്തിലുമുള്ള വിവാഹവും ഉണ്ട്. ശരിയായ തീരുമാനത്തോടെ ഒരാളിന്റെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുകയെന്നതാണ് പ്രധാനമായും ചിന്തിക്കേണ്ടത്. ലോകത്തുള്ള എല്ലാ സമൂഹവും ഇന്ന് മിശ്രവിവാഹങ്ങൾക്ക്  പ്രോത്സാഹനങ്ങളും കൊടുത്തുവരുന്നു.  ഗുണദോഷങ്ങൾ പലതും മിശ്രവിവാഹത്തിൽ ഉണ്ടെങ്കിലും ഒരുവന്റെ ശരിയായ തീരുമാനമാണ് ഒരു വിവാഹത്തിന്റെ വിജയവും.

1 comment:

 1. സ്വാതന്ത്ര്യം കിട്ടിയകാലംമുതൽ മിശ്രവിവാഹത്തെ അനുകൂലിച്ച് എല്ലാ രാഷ്ട്രീയപാർട്ടി നേതാക്കളുടെയും ദീനരോദനം കേൾക്കുന്നതാണ്. ഈ ആശയം രാജ്യത്തിനാദ്യം സമർപ്പിച്ചത് മഹാത്മാഗാന്ധിജിയായിരുന്നു. മിശ്രവിവാഹം എന്നത് മഹത്തായ ഒരു തത്ത്വസംഹിത എന്നതിൽ തർക്കമില്ല. ജാതിവ്യവസ്ഥ ഇല്ലായ്മ ചെയ്യുകയെന്നത് രാഷ്ട്രത്തിന്റെ പരമമായ ലക്ഷ്യങ്ങളിൽ ഒന്നാണ്. ബ്രാഹ്മണർ ഇന്ത്യയിൽ വെറും മൂന്നുശതമാനത്തിൽ താഴെയാണുള്ളത്. ബ്രാഹ്മണസ്ത്രീകളുടെ ജീവിതം ഇന്ത്യയിൽ ദളിതരെക്കാളും കഷ്ടമാണ്. അവർ ശുദ്രരരെ വിവാഹം ചെയ്‌താൽ അവരുടെ മക്കളിൽ തൊട്ടുകൂടായ്മ എന്ന സാമൂഹ്യതിന്മ ഇല്ലാതായേനെ.


  ഇന്ത്യയിലെ ഭരണഘടന ശിൽപ്പിയായ അംബേദ്ക്കർ വിവാഹം ചെയ്തത് ബ്രാഹ്മണ സ്ത്രീയെയായിരുന്നു. അവർ ഡോക്ടറും മഹാരാഷ്ട്രയിലെ ചിപ്-വാൻ ബ്രാഹ്മണ സമുദായാംഗവുമായിരുന്നു. അംബേദ്ക്കറെ സംബന്ധിച്ച് അദ്ദേഹത്തിൽ ദളിത സംസ്ക്കാരം ഇല്ലായിരുന്നു. അമേരിക്കയിലെ വിശ്വപ്രസിദ്ധമായ കൊളംബിയായൂണിവേഴ്ര്സിറ്റി ബിരുദങ്ങളും പാശ്ചാത്യ സംസ്ക്കാരവുമായിരുന്നു അംബേദ്ക്കറിനുണ്ടായിരുന്നത്. അവിടെ ഒരു ബ്രാഹ്മണസ്ത്രീ അടച്ചുപൂട്ടിയിരുന്ന അന്തപുരത്തിലെ ബ്രാഹ്മണ അടിമത്വത്തിൽനിന്നും സ്വതന്ത്രമാവുകയായിരുന്നു.


  ഇന്ത്യയിലെ ഉന്നതജാതിക്കാരായ വെറും മൂന്നു ശതമാനമുള്ള ബ്രാഹ്മണരുടെ സ്ത്രീകളെ അന്തപ്പുരകളിൽ അടച്ചിട്ടിരിക്കുകയാണ്. സ്ത്രീ പുരുഷന്റെ അടിമത്വത്തിൽനിന്ന് മോചനം നേടി ശുദ്രരരെ വിവാഹം ചെയ്‌താൽ ബ്രാഹ്മണർക്ക് സ്ത്രീകളെ ലഭിക്കാതെ ബ്രാഹ്മണീസവും ജാതിവ്യവസ്ഥയും അവസാനിക്കുമെന്നാണ് രാഷ്ട്രീയമുതലെടുപ്പിനായി നടക്കുന്നവരുടെ പ്രസംഗങ്ങൾ. തത്ത്വങ്ങൾ നല്ലത് തന്നെ. ആ തീയറി സുറിയാനിപ്പെണ്ണുങ്ങൾ സ്വീകരിച്ചാലും ചില പാരമ്പര്യവാദികളുടെ അഹങ്കാരത്തിന് അറുതി വരുമായിരുന്നു. മാർത്തോമ്മായുടെ ചില കള്ളചരിത്രങ്ങൾ ഇല്ലാതാകുമായിരുന്നു. മനുഷ്യൻ മനുഷ്യനെ വെറുക്കുന്ന ഇത്തരം ജാതിവ്യവസ്ത ഇല്ലാതാക്കുവാൻ മാനസിക പരിവർത്തനം നല്കുന്ന വിദ്യാഭ്യാസരീതികളാണ്‌ ഇന്നിന്റെ ആവശ്യം.


  മഹാനായ നെഹ്രുപോലും ഒരിക്കൽ മിശ്രവിവാഹത്തെ വാനോളം പുകഴ്ത്തി പ്രസംഗിച്ച് നടന്നിരുന്നു. എന്നാൽ സ്വന്തം മകളുടെ പ്രശ്നം വന്നപ്പോൾ കാശ്മീരി ബ്രാഹ്മണനായ നെഹ്രുവിന്റെ മനസിനെ തകർത്തു. അതുവരെ അദ്ദേഹം വെളുത്തവരായ കാശ്മീരികളും കറുത്തവരായ തമിഴരും ഇന്ത്യയുടെ ഒരേ ആത്മാവും ഒരേ കുടുംബവുമെന്നല്ലാം പ്രസംഗിച്ചു നടന്നിരുന്നു. സ്വന്തം മകളുടെ കാര്യം വന്നപ്പോൾ അവിടെ ജാതിപ്രശ്നമായി. ഫെറോസ് ഗാന്ധിയുടെ കുടുംബം തകർക്കുന്നതിൽ നെഹ്രുവിന് നല്ല പങ്കുണ്ട്. ഫെറോസിനെപ്പോലെ ചുണക്കുട്ടികളായ പത്തു പിള്ളേരെ ലഭിച്ചാൽ ഇന്ത്യയ്ക്ക് പത്തുദിവസം കൊണ്ട് സ്വാതന്ത്ര്യം മേടിക്കുമായിരുന്നുവെന്ന് ഗാന്ധിജി പറഞ്ഞിരുന്നു.


  സ്വാതന്ത്ര്യത്തിനുശേഷം മകളോടൊപ്പം പ്രധാന തീരുമാനങ്ങൾ എടുക്കുന്ന സമയം നെഹ്രു ഫെറോസിന്റെ സാമിപ്യം അനുവദിക്കില്ലായിരുന്നു. ഫെറോസിനെ കാണുന്നതുതന്നെ നെഹ്രുവിന് കലിയായിരുന്നു. പാർലമെന്റിൽ നെഹ്രു അക്കാലത്ത് പേടിച്ചിരുന്നതും ഫെറോസിന്റെ ശബ്ദമായിരുന്നു. ഫെറോസും ഇന്ദിരയുമൊത്ത് ഒന്നിച്ച് കഴിയാൻ ആ മഹാൻ സമ്മതിക്കില്ലായിരുന്നു. ഇന്ദിരയിൽനിന്നും വേർപിരിഞ്ഞ് നിരാശനായി ഫെറോസ് എന്നും ഏകാന്തതയിൽ ജീവിക്കേണ്ടി വന്നു. എങ്കിലും സുപ്രഭാതത്തിൽ തന്റെ റോസാ തൊട്ടത്തിൽനിന്നും എന്നും പുഷ്പങ്ങളുമായി ഫേറോസ് ഇന്ദിരയെ കാത്ത് ആനന്ദഭവന്റെ പടിവാതിൽക്കൽ മരിക്കുവോളം കാത്തുനിൽക്കുമായിരുന്നു.


  മിശ്ര വിവാഹമെന്ന തത്ത്വസംഹിതകളെപ്പറ്റി രാഷ്ട്രീയ നേതാക്കന്മാരുടെയും സാമൂഹ്യ നേതാക്കന്മാരുടെയും പ്രസംഗത്തിൽ എന്തെങ്കിലും ആത്മാർഥതയുണ്ടോ? മിശ്രവിവാഹം പ്രസംഗിച്ചു നടന്ന നെഹ്രുപോലും അവിടെ പരാജയപ്പെട്ടു.


  ഇന്ത്യയിൽ മിശ്രവിവാഹത്തെപ്പറ്റി കൂടുതലായും ചർച്ചകൾ നടന്നിരുന്നത് പത്തൊൻപതാം നൂറ്റാണ്ടിലായിരുന്നു. മിശ്രവിവാഹം പ്രോത്സാഹിപ്പിക്കാനായി നിയമങ്ങളും ഉണ്ടാക്കിയിരുന്നു. എന്നാൽ വടക്കേ ഇന്ത്യയിൽ മിശ്രവിവാഹങ്ങളുടെ പേരിൽ ഗ്രാമങ്ങൾവരെ കത്തിയെരിഞ്ഞിട്ടുണ്ട്. മിശ്രവിവിവാഹങ്ങൾക്ക് എന്നും തടസമായിരുന്നത് കുടുംബങ്ങളുടെ അന്തസായിരുന്നു. പലപ്പോഴും ഗ്രാമീണ മൂപ്പന്മാരാണ് മിശ്ര വിവാഹത്തിനെതിരായി ലഹളകളുമായി മുമ്പോട്ട്‌ വന്നിരുന്നത്. വിവാഹിതരാവുന്നവർക്ക്‌ തീരുമാനങ്ങൾ എടുക്കാൻ സ്വതന്ത്രമായ സ്വാതന്ത്ര്യം ഇല്ലെന്നുള്ളതാണ് പ്രധാന കാരണം. മിശ്രവിവാഹം മൂലം ബാർബേറിയൻ സമൂഹം ആയിരകണക്കിന് യുവജനങ്ങളെ ചുട്ടുകരിച്ച ചരിത്രമായിരുന്നു എന്നും വാർത്തകളിൽ നിറഞ്ഞിരുന്നത്. പട്ടണജീവിതവും, തൊഴിലും, സൈബർ ലോകത്തിന്റെ വളർച്ചയുംമൂലം ബാർബേറിനിസത്തിന് ശമനം വന്നിട്ടുണ്ട്. പുതിയ തലമുറകൾക്ക് മിശ്രവിവാഹത്തിനുള്ള വഴികൾ കൂടുതൽ തുറന്നുകിടപ്പുണ്ട്. പാശ്ചാത്യ വിദ്യാഭ്യാസം പാരമ്പര്യവിവാഹങ്ങൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. ആഗോളവല്ക്കരണവും സൈബർവളർച്ചയും വിവാഹരീതികളിൽ സമൂലമായ മാറ്റങ്ങൾക്കും കാരണമായി.

  ReplyDelete