Translate

Friday, December 13, 2013

അതും സംഭവിക്കാം!

പോടോ ഇറങ്ങിപ്പോടോ.

എടോ, ഇറങ്ങിപ്പോകാനല്ലേ പറഞ്ഞത്‌ ? ഇതാ തന്റെ നൂറ്‌ ഉലുവ. (100 രൂപ മേശപ്പുറത്ത്‌ എറിയുന്നു.) മുകളില്‍ കൊണ്ടു പോയി കൊട്‌. എല്ലാ കാര്യവും അവിടെ നടത്തിയാല്‍ മതി?.
കുനിഞ്ഞ ശിരസ്സുമായി ദുഃഖഭാരത്തോടെ ഭരണങ്ങാനം പള്ളിമേടയില്‍ നിന്ന്‌ ഇറങ്ങി വരുന്ന ജോയിയെ കണ്ട്‌ പരിചയക്കാര്‍ ഓടിവന്നു ചോദിച്ചു.
എന്താ, എന്താ കാര്യം? എന്തിനാണ്‌ വികാരി കലി തുള്ളിയത്‌?.
എല്ലാം കേട്ടുനിന്ന ഒരു ചേട്ടന്‍ സംഭവം വിവരിച്ചു. പതിവുപോലെ മകന്റെ ഓര്‍മ്മയ്‌ക്കായി കുര്‍ബാനയ്‌ക്കുള്ള പണം അച്ചനെ ഏല്‌പിക്കാന്‍ ചെന്നതാണ്‌ പാവം.
(ഇതുകൊണ്ടോന്നും ഒരു കാര്യവും ഇല്ലെന്ന്‌ പണ്ട്‌ പള്ളിക്കാപ്പറമ്പ
ന്‍ കോടതിയില്‍ സമ്മതിച്ചതാ. എന്നിട്ടും ഈ പണിക്കു പോകുന്ന പൊട്ടന്മാര്‍ ഇതൊക്കെ അനുഭവിക്കണം.) 

നൂറു രൂപ വാങ്ങിയ വികാരി ജോയിയോടു ചോദിച്ചു. പെരുന്നാള്‍ പിരിവു കൊടുത്തോ? 

അതങ്ങു മറന്നുപോയച്ചോ.
പോക്കറ്റില്‍ നിന്നു പേഴ്‌സ്‌ എടുത്തു ജോയി ചോദിച്ചു.
എത്രയാ അച്ചോ, ഇപ്പോഴങ്ങു തന്നേക്കാം.
മറന്നു പോയോ? അതു പറയാന്‍ തനിക്കു നാണമില്ലല്ലോ. താനെവിടെയാ പള്ളിയില്‍ പോകുന്നത്‌. ഞായറാഴ്‌ച ഞാന്‍ തന്നെ വിളിച്ചു പറഞ്ഞതാണല്ലോ?
ഇത്രയുമായപ്പോഴേക്കും ചിലരൊക്കെ ഒച്ചപ്പാടു കേട്ട്‌ അടുത്തെത്തി. ആര്‍ക്കും കാര്യമൊന്നും പിടികിട്ടിയില്ല.
അച്ചാ കഴിഞ്ഞ രണ്ടു ഞായറാഴ്‌ച മുകളിലാ (അല്‍ഫോന്‍സാ ചാപ്പല്‍) കുര്‍ബാന കണ്ടത്‌. അതുകൊണ്ടാ പിരിവു തരാന്‍ മറന്നത്‌.
ജോയി ഇത്രയും പറഞ്ഞതിനാ അങ്ങേര്‌ തുള്ളിച്ചാടി കുര്‍ബാനപ്പണം മുഖത്തെറിഞ്ഞത്‌.
ജോയി പിരിവുകളെല്ലാം തരുന്ന ആളാണല്ലോ. പിന്നെന്താ അച്ചന്‍ അങ്ങനെ പറഞ്ഞത്‌? ഒരു കമ്മറ്റിക്കാരന്‍ പ്രതികരിച്ചു.
കമ്മറ്റിക്കാര്‍ക്കു പോലും അച്ചനെ പിടികിട്ടുന്നില്ല.
ഒരു വിശ്വാസിയോട്‌ അതും ഒരു പ്രയോജനവും ഇല്ലാത്ത കുര്‍ബാന ഒപ്പിക്കലിന്‌ പാവം വെച്ചുനീട്ടിയ പണം വാങ്ങി പോക്കറ്റിലിട്ട്‌ നന്ദി പറയാനുള്ളതിനു പകരം അരീം തിന്ന്‌ ആശാരിച്ചിയേം കടിച്ച്‌, പിന്നേയും പട്ടി മുറുമുറുത്താലോ .
പിന്നെ പിരിവിന്റെ കാര്യം എല്ലാവര്‍ക്കും നന്നായറിയാം.
പ്രത്യേകിച്ച്‌ പെരുന്നാള്‍
പ്പിരിവ്‌ എല്ലാവരും കൊടുക്കും. ആവശ്യമില്ലാത്ത എത്ര പിരിവുകള്‍ കൊടുക്കുന്നു.


അരുവിത്തുറപ്പള്ളിയുടെ കാര്യം എടുക്കൂ. വെല്ലിച്ചന്‍-മലയിലേക്കാണ്‌ മുഴുവന്‍ മുടക്കുന്നത്‌. കുറ്റം പറയുന്നതായി കരുതേണ്ട. ഒത്തിരിപ്പേര്‍ക്ക്‌ പണി കിട്ടുന്നുണ്ട്‌. പക്ഷേ ഇടവകക്കാര്‍ മറക്കുന്ന ഒന്നുണ്ട്‌. ഈ മല-സ്‌പെഷ്യലിസ്റ്റു വികാരി എന്നും ഇവിടെ ഉണ്ടാകില്ല. സംശയിക്കേണ്ട അടുത്തയാള്‍ അങ്ങോട്ടു തിരിഞ്ഞു നോക്കുന്നയാളാകാന്‍ തരമില്ല.
ഒരിക്കല്‍ ഇവിടെത്തന്നെ ഒരു വികാരി പള്ളിപ്പരിസരം മുഴുവന്‍ അപൂര്‍വ്വ സസ്യങ്ങള്‍ നട്ടുവളര്‍ത്തി. അടുത്തയാള്‍ വന്നപ്പോള്‍ എല്ലാം വലിച്ചു പൊക്കംവിട്ടു.
തിടനാട്‌ ഒരു വികാരി വന്ന്‌ ഇടവക മൊത്തം ധൂര്‍ത്ത്‌ വിമുക്തമാക്കി. അടുത്തയാള്‍ ലക്ഷങ്ങള്‍ പിരിച്ചു ധൂര്‍ത്തിനു വളമിട്ടു. ഇതാ ഇപ്പോള്‍ ഒരു ഗാന്ധിയനാണ്‌ വന്നിരിക്കുന്നത്‌.
വിശ്വാസികള്‍ വികാരിമാരുടെ താളത്തിനു തുള്ളുന്ന വെറും പാവകള്‍. 

നമുക്കു ഭരണങ്ങാനത്തെത്താം.
പിറ്റേന്നു രാവിലെ ജോയിയുടെ 
ചെറുപ്പക്കാരന്‍ മകന്‍ വികാരിയുടെ മടയില്‍, അല്ല മേടയില്‍, എത്തി. സ്വതവേ മര്യാദക്കാരന്‍ പക്ഷേ തന്റെ സഹോദരനുവേണ്ടിയുള്ള കുര്‍ബാനപ്പണം അപ്പന്റെ മുഖത്തു വലിച്ചെറിഞ്ഞ വികാരിയോട്‌ ഒന്നു ചോദിക്കണമെന്നു തോന്നിയതില്‍ എന്തത്ഭുതം! 
മേടയിലേക്കു കയറിച്ചെന്ന ചെറുപ്പക്കാരനെ നോക്കി വികാരി കനപ്പിച്ചു.
ഉം ഉം .. . .. . എന്താ കാര്യം ?
ഇന്നലെ എന്റെ അപ്പന്‍ തന്ന കുര്‍ബാനപ്പണം അച്ചന്‍ തിരിച്ചുകൊടുത്തെന്നു കേട്ടല്ലോ. അതിന്റെ കാര്യം എന്തെന്നറിയാനാ വന്നത്‌.
ഇടവകപ്പള്ളിയില്‍ കുര്‍ബ്ബാന കാണാത്തവര്‍ക്കൊന്നും മറ്റു ചടങ്ങുകള്‍ നടത്തിക്കൊടുക്കില്ല.
അച്ചോ ഞാനും ചെറുപ്പകാലം മുതല്‍ വേദപാഠം പഠിച്ചതാ. ഇതുവരെ ഇടവകപ്പള്ളിയില്‍ കുര്‍ബ്ബാന കണ്ടില്ലെന്നു പറഞ്ഞ്‌ കുമ്പസ്സാരിക്കണമെന്ന്‌ പറഞ്ഞു കേട്ടിട്ടില്ല.
അറിയാന്‍ പാടില്ലാത്ത കാര്യം അധികം പ്രസംഗിക്കണ്ട. വിട്ടുപോകാന്‍ നോക്ക്‌.
തെറ്റ്‌ പറ്റിയാല്‍ സമ്മതിക്കാന്‍ ആദ്യം പഠിക്കണം. അച്ചനിവിടെ ഇരിക്കേണ്ട ആളല്ല. പാലാ ചന്തയാണ്‌ പറ്റിയ സ്ഥലം. അതിനുള്ള സംസ്‌കാരമേ ഉള്ളു.
ഛി, ഇറങ്ങടാ പുറത്ത്‌!
കണ്ടോ, ഇതാ പറഞ്ഞത്‌ സംസ്‌കാരം കുറവാണെന്ന്‌. ഇന്നലെ എന്റെ അപ്പനുണ്ടായ മാനസിക പ്രയാസം എത്രയായിരുന്നെന്നറിയാമോ? 
താങ്കളെ കോടതി കയറ്റാനുള്ള പണിയും അറിയാമായിരുന്നു. പക്ഷേ വേണ്ടെന്നുവച്ചു. എന്തുകൊണ്ടാ? അച്ചനത് മനസ്സിലാക്കാനുള്ള വിവരമില്ല.
ചെറുപ്പക്കാരന്‍ തിരികെ എത്തി നടന്ന കാര്യങ്ങള്‍ വിവരിച്ചപ്പോഴാണ്‌ അവനെത്ര പക്വതയോടെയാണ്‌ സംസാരിച്ചത്‌ എന്ന്‌ എനിക്കു തോന്നിയത്‌.
'എടോ കത്തനാരേ, തന്റെ തന്തയുടെ വകയാണോ കത്തോലിക്കാസഭ' എന്നു ചോദിക്കും എന്നാണ്‌ പ്രതീക്ഷിച്ചിരുന്നത്‌.
സാരമില്ല താമസംവിനാ അതും സംഭവിക്കാം. 

Posted by 

12 comments:

  1. പിഴിഞ്ഞു പിഴിഞ്ഞ് ഇഴ വിട്ടുപോയ ഒരു പറ്റം ഇടവകക്കാരെ കാണാണമെങ്കിൽ 28 ഡിസംബറിന് അടിവാരം (via പൂഞ്ഞാർ) പള്ളിയിൽ വരിക. പിരിവിന്റെ ആശാനായ കല്ലറങ്ങാട്ടും എത്തും.

    ReplyDelete
  2. ഇവിടെ പറഞ്ഞതുപോലുള്ള സംഭവങ്ങള്‍ കേരളത്തില്‍ പുതുമയല്ല, അതാണ്‌ കേരളത്തെ വ്യത്യസ്തമാക്കുന്നതും. ഒരു ചെറിയ സഹായം ആണെങ്കില്‍ പോലും ഒരു വലിയ കാര്യം സാധിക്കാനെന്നത് പോലെ / ആരുടെയോ ദാക്ഷിണ്യം ആവശ്യമെന്ന നിലയില്‍ സഭാംഗങ്ങള്‍ഓശ്ചാനിച്ചു നില്‍ക്കേണ്ട ഗതികേടാണ്. ഇത് കേരളത്തിന്‍റെ മാത്രം പ്രത്യേകതയാണ്, അങ്ങിനെ ഒരു സംസ്കാരം വളര്‍ത്തിയെടുത്തതിന്റെ ഉത്തരവാദിത്വവും നമുക്കാണ്. ഇതിന്‍റെ ഫലം എന്ന് പറയാം, ഒരു കാലത്ത് നമ്മുടെ വൈദികരെയും മേലദ്ധ്യക്ഷന്മാരെയും മറ്റു മതസ്ഥര്‍ ഒരു കാലത്ത് ബഹുമാനിചിരുന്നെങ്കില്‍ ഇന്നത്‌ നേരെ മറിച്ചാണ്. നികൃഷ്ട ജീവികളായി ട്ടാണ് അവരില്‍ പലരെയും ജനം കരുതുന്നത്.

    ReplyDelete
  3. പ്രിയ തൊന്നികേ, പള്ളീലച്ചനെ തന്തയ്ക്കുവിളിക്കണമെങ്കിൽ അവൻ ഒറ്റ തന്തയ്ക്കു (സ്വർഗസ്ഥനായ പിതാവ്) പിറന്നവനാകണം! ളോഹയ്ക്കുള്ളിൽ കയറിയ സകലചെറ്റയേയും "അച്ചാ,പിതാവേ" എന്ന് വിളിക്കുനവൻ മരിച്ചാലും ഇവരുടെ അടിമകളായിരിക്കും . ഇത് പറഞ്ഞപ്പോളാ കൂടലിൽ പള്ളികളിൽ :"ഷീറ്റ്ഡേ"എന്നൊരു "ഡേ" ഉണ്ടാക്കി, കത്തനാരും പള്ളി കൈകാര്യം ചെയ്യുന്ന കമ്മറ്റിക്കാരും കൂടി വീടുതോറും കയറി റബ്ബർ ഷീറ്റ് പിടിച്ചു പറിക്കുന്ന കാര്യം ഓർത്തുപോയത്‌ !

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. കൂടലിന്റെ 'ഷീറ്റ്' എന്ന വാക്കിൽ ഒരു ദീർഘം കൂടിപ്പോയിയെന്ന് തോന്നുന്നു. ഭൂമിയിലെ പിതാക്കന്മാരും അച്ചന്മാരും എന്ന് പറഞ്ഞു നടക്കുന്ന പറ്റങ്ങളെ കൈകാര്യം ചെയ്യുക ബുദ്ധിമുട്ടുള്ള കാര്യമാണ്‌. ഇവരുടെ തനിനിറം പുറത്തു വരുന്നത് വിവാഹമോ മാമ്മൊദീസായൊ മരണമോ കുടുംബത്തിൽ നടക്കുന്ന വേളകളിലാണ്. പുരോഹിതരുടെ ഓരോ സംഭവങ്ങൾ വായിക്കുമ്പോഴും ഇതെല്ലാം കൊച്ചുകേരളത്തിലെ ഓരോരുത്തരുടെയും വ്യക്തിജീവിതത്തിൽ സംഭവിക്കുന്നല്ലോയെന്നും ഓർത്തുപോയി.

    ഓരോ പള്ളികളുടെ താഴെയും കച്ചവടം നടത്തുന്ന തട്ടുകടക്കാരും പള്ളിക്കായി പിരിവെന്ന ധർമ്മം മേടിക്കാനും വിരുതരാണ്. പള്ളിയുടെ ശിങ്കിടികളായവരുടെ കടകളും എല്ലാ പള്ളിക്ക് ചുറ്റും കാണാം. നാട്ടിൽവന്നാൽ ഇവരുടെ കടയിൽ എന്തെങ്കിലും മേടിക്കാൻ കയറിയാലും വികാരിയച്ചന്റെ ഒരു കുറ്റി റിസീപ്റ്റുമായി വരും. സമയമില്ലാത്ത അവധിക്കാല വരവുകളിൽ അയാളുടെ പള്ളി പ്രസംഗവും കേള്ക്കണം. വചനത്തിലെ രണ്ട് വാചകങ്ങളും ചൊല്ലി കഴിയുമ്പോൾ ഈ വികാരിയാത്തുശിങ്കിടികൾ സർവ്വവിജ്ഞാന ഭൂഷിതപട്ടം ലഭിച്ചവരെന്നും തോന്നിപ്പോവും. സാധാരണ പള്ളിയുടെ കൈക്കാരൻ ഒരു പിശുക്കൻ മുതലാളിയായിരിക്കും. അയാൾ മറ്റുള്ളവരെ ഒപ്പിക്കുന്നതല്ലാതെ സ്വന്തമായി പള്ളിക്ക് പണം കൊടുത്തതായി ചരിത്രമുണ്ടാവില്ല. എന്റെ ചെറുപ്പകാലത്ത് ഒരു മത്തായി ചേട്ടൻ ആയിരുന്നു പള്ളിയുടെ കൈക്കാരൻ. അയാളുടെ പത്തിലൊന്നുപോലും അക്കാലത്ത് ഞങ്ങൾക്ക് ഭൂസ്വത്ത് ഉണ്ടായിരുന്നില്ല. എന്നിട്ടും പള്ളിക്കുള്ള ഓഹരി കൊടുക്കുന്ന ലിസ്റ്റിൽ അയാളെക്കാളും പത്തിരട്ടി ഞങ്ങളുടെ വകയായി പള്ളിയുടെ വരുമാനമായി അവർ കുറിച്ചിരുന്നു. ചോദ്യം ചെയ്തപ്പോൾ ഓരോ കുടുംബത്തിന്റെയും അന്തസ്സും വിദ്യാഭ്യാസവും മാനദണ്ഡവുംമാണ് പിരിവ് നിശ്ചയിക്കുന്നതെന്തിന്റെ അടിസ്ഥാനമെന്നും പള്ളി പറഞ്ഞു.

    സംസ്ക്കാരമില്ലാത്ത എടാ, പോടോ വിളി സ്വയം പിതാവായ ഇവരുടെ കൂടപ്പിറപ്പാണ്. കുറെ വർഷങ്ങൾക്ക് മുമ്പ് എന്റെ അമ്മയുടെ കുഴിമാടത്തിൽ കല്ലറ പണിയുന്ന ചുമതലുകളുമായി പൊൻകുന്നം പള്ളിയിലെ വികാരിയെ കാണേണ്ടി വന്നു. പിശാചിന്റെ മുഖംപോലെ ചിരിക്കില്ലാത്ത വെളുത്ത നിറമുള്ള ഒരു വൃദ്ധനായ മനുഷ്യനായിരുന്നു അന്നത്തെ വികാരി. കൂടെ അയാളുടെ സഹകാരിയായ മൂന്നടി പൊക്കമുള്ള ഒരു പുരോഹിതനും ഉണ്ടായിരുന്നു. ഇളംങ്ങുളംകാരനായ അയാൾക്ക്‌ ഞാൻ 'ലില്ലിപുട്ട്' എന്ന പേര് ഇട്ടതുകൊണ്ട് നാടുമുഴുവൻ പിന്നീട് ആ പേരില് അയാളെ അറിയപ്പെടാൻ തുടങ്ങി. 'ലില്ലിപ്പുട്ട്' ഇപ്പോൾ പുരോഹിതനാണോയെന്ന് അറിയത്തില്ല. കാരണം ഹൈസ്ക്കൂളിൽ പഠിക്കുന്ന പെണ്‍പിള്ളെരെ കൊഞ്ചിക്കാനും അവരുടെ വീട്ടിൽ സമയം ചിലവഴിക്കാനും ഈ മുണ്ടനച്ചന് ഒത്തിരി ഇഷ്ടമായിരുന്നു. അന്ന് രണ്ട് കൗമാര പെണ്‍പിള്ളേരുള്ള എന്റെ അനുജന്റെ വീട്ടിൽ അയാളുടെ വരവ് ഞാൻ നിറുത്തിച്ചതുകൊണ്ട് എന്നെ കണ്ടമാത്രയിൽ കുരുളൻ അച്ചൻ ബഹുമാനപൂർവ്വം മുഖവും വീർപ്പിച്ച് മുറിയിൽ നിന്ന് ഇറങ്ങിപ്പോയി.

    അന്നത്തെ മൂർഖനുതുല്യം സംസ്ക്കാരമില്ലാത്ത വികാരി പുരോഹിതന് ആദ്യം വേണ്ടത് (പൊൻകുന്നം പള്ളി) അയാൾ പണിയുന്ന പള്ളിഹാൾ കെട്ടിടത്തിന് ഒരു ഫണ്ട് ആയിരുന്നു. 'എന്നിട്ടൊരു ഉപദേശവും. 'കല്ലറകൾ പണിയുന്ന പണം ദരിദ്രർക്ക് കൊടുക്കരുതോ' ഇത് കേൾക്കുന്ന ഭക്തന് അയാൾ എതോ തത്ത്വചിന്തകനെന്ന് തോന്നിപ്പോവും. സുവർണ്ണ കൂടാരങ്ങൾ കൊണ്ട് മെത്രാന്റെയും പേരുകെട്ട കത്തനാർമാരുടെയും കല്ലറകൾ പൊക്കുന്ന കാര്യം പറഞ്ഞത് അയാൾക്ക്‌ പിടിച്ചില്ല. പണം കിട്ടില്ലെന്നറിഞ്ഞപ്പോൾ അയാളുടെ വിളി എടോ പോടോയെന്നായി. ഒടുവിൽ വിഷയം അന്ന് ജീവിച്ചിരുന്ന എന്റെ അപ്പനിലേക്കെത്തി. താനെന്ന വിളിയുമായി “തന്റെ അപ്പൻ പള്ളിയിൽ പോകാത്തതെന്തേ” എന്ന ചോദ്യമായി ഞാൻ എന്തോ കുറ്റം ചെയ്തതുപോലെ അയാളുടെ വർത്തമാനം തുടങ്ങി. "എന്തെങ്കിലും സംഭവിച്ചാൽ ചടങ്ങുകൾക്ക് എന്നെ കിട്ടില്ലെന്നുമായി." ഭീഷണിയും മുഴക്കി. സഹികെട്ട ഞാൻ അദ്ദേഹത്തെ ബഹുമാനപൂർവ്വം അച്ചനെന്നു വിളിച്ചുകൊണ്ട് അന്ന് ഞാനും അതേ നാണയത്തോടെ മറുപടി കൊടുത്തു. "എന്നെക്കാളും വളരെയേറെ പ്രായത്തിൽ മൂത്ത ഒരു പുരോഹിതനെന്ന നിലയൽ നിങ്ങളെ അതിയായ ബഹുമാനം ഉണ്ട്. പ്രായത്തെ ഞാൻ ബഹുമാനിക്കുന്നു. പക്ഷെ… തന്റെ സ്വഭാവത്തെ… എനിക്ക് ബഹുമാനിക്കാൻ സാധിക്കുന്നില്ല." അങ്ങനെ ജീവിതത്തിൽ ആദ്യമായി ഒരു വൈദികനെ ഞാനും 'താൻ' എന്ന് വിളിച്ച് ബഹുമാനിക്കേണ്ടി വന്നു. എന്റെ അപ്പൻ മരിച്ചപ്പോൾ അദ്ദേഹം ചടങ്ങിന് വരേണ്ടി വന്നില്ല. കാരണം അദ്ദേഹം അതിനുമുമ്പ് മരിച്ച വാർത്ത ഞാൻ പത്രത്തിൽ വായിച്ചിരുന്നു. അദ്ദേഹം മരിച്ചപ്പോൾ എന്റെ പ്രതികരണം അത്രമാത്രം വേണ്ടിയിരുന്നില്ലായെന്നും തോന്നിപ്പോയി. ഇന്നും ഏതു പുരോഹിതനും ബഹുമാനിക്കാതെ പെരുമാറിയാൽ അതേ നാണയത്തിൽത്തന്നെ മറുപടി കൊടുക്കാറുണ്ട്. അമിത ബഹുമാനം കൊടുത്ത് ഇവരെ പല്ലക്കിൽ ചുമക്കാൻ കഴുതകളുള്ളതാണ് നാടിന്റെ പ്രശ്നമായി തീർന്നിരിക്കുന്നതെന്നുള്ളതും മറ്റൊരു വാസ്തവമാണ്.

    എങ്കിലും പൊതുവേ ഇപ്പോഴുള്ള കൊച്ചച്ചന്മാരായ പരിചയക്കാർ വളരെ നല്ലവരാണ്. വിദ്യാഭ്യാസം ചിലപ്പോൾ സംസ്ക്കാരമുള്ളവരുമാക്കും.

    ReplyDelete
  6. ഓരോ ഇടവകയിലെയും വൈദികരാകേണ്ടവരെ ഇടവകയോഗം നേരിട്ട് തെരഞ്ഞെടുത്ത് മല്പാനച്ചന്റെ ഗുരുകുലത്തില്‍ പരിശീലനം നല്കിയശേഷം സ്വന്തം ഇടവകയില്‍ വൈദികരായി സേവനം ചെയ്യാന്‍ നിയോഗിച്ചിരുന്ന മാര്‍ത്തോമ്മാക്രൈസ്തവരുടെ പാരമ്പര്യത്തിലേക്ക് മടങ്ങിപ്പോയാലേ പുരോഹിതരുടെ ഹുങ്ക് അവസാനിപ്പിക്കാനാവൂ. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നിര്‍ദ്ദേശമനുസരിച്ച് കേരളത്തിലെ സുറിയാനിക്രിസ്ത്യാനികളെ ഭാരതവ്യക്തിസഭ എന്ന നിലയില്‍ മാര്‍ത്തോമ്മായുടെനിയമാനുസൃതം നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയാല്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പാ അതിന് അംഗീകാരം നല്കാനിടയുണ്ട്.

    ReplyDelete
    Replies
    1. ഗുരുകുലത്തിൽ വളർന്നാലും സെമിനാരികളിൽ രൂപപ്പെട്ടാലും ദൈവത്തിനും മനുഷ്യനുമിടയിലുള്ള മദ്ധ്യവർത്തി എന്ന ആശയം നിലനില്ക്കുവോളം വൈദികർ ജനത്തിന് ദോഷമേ ചെയ്യൂ. കാരണം, മദ്ധ്യവർത്തിത്തം ആവശ്യമില്ലാത്തതും അരുതാത്തതുമായ ഒരു ബന്ധമാണ് ദൈവവും മനുഷ്യനുമായി നിലനിൽക്കുന്നത്. നേരിട്ട് ദൈവത്തിലെത്താൻ കഴിയാത്തവനെ എത്ര ഇടനിലക്കാർ പോക്കിക്കൊണ്ടുപോയാലും അവൻ ദൈവത്തിലെത്തുകയില്ല.പരസ്യത്തിൽ പറഞ്ഞിരിക്കുന്നിടത്തും വണ്ടിയെത്തിക്കുന്നിടത്തും വരെ ചെല്ലും, അത്ര തന്നെ. ദിവസവും പള്ളിയിലേയ്ക്ക് വച്ച് പിടിക്കുന്നവരെ കാണുമ്പോൾ ഞാൻ ഓർത്തുപോകുന്നു , ഇവർ രാവിലെ ഉണർന്നപ്പോൾ, സ്വന്തം മുറ്റാത്തിറങ്ങിയപ്പോൾ, കാണാൻ പറ്റാത്ത ദൈവത്തെ അങ്ങ് പള്ളിയിലെത്തിയാൽ കാണുമോ? മദ്ധ്യവർത്തികളെ കണ്ടിട്ട് മടങ്ങാൻ മാതമല്ലേ ഇവർ തിടുക്കത്തിൽ ഓടുന്നത്‌!
      മരണം വരെ പുരോഹിതരുടെ അവകാശവാദങ്ങളെ തള്ളിപ്പറയുകയും പുരോഹിതരുടെ കൈകളാൽ മരിക്കുകയും ചെയ്ത യേശുവിനെ വാഴ്ത്തുവാൻ മനുഷ്യർ ഇന്നും പുരോഹിതരുടെ സഹായം തേടുന്നു. വട്ടല്ലെങ്കിൽ പിന്നെയെന്താണിത്?

      Delete
    2. മനുഷ്യനെയും അവന്റെ ഉള്ളടക്കത്തെയും, അടിസ്ഥാന നിലനിൽപ്പിനെയുമൊക്കെ ഒരു ശാസ്ത്രത്തിനു കീഴിൽ കൊണ്ടുവന്നാൽ എന്തു ചെയ്യും? സാംബത്തികശാസ്ത്ര നിയമങ്ങൾ പ്രകാരം, ഒരു വ്യക്തിയുടെ “മൂല്യനിർണ്ണയം” നടക്കുന്നത് അയാളുടെ ഉല്പാദനക്ഷമതയുമായി ബന്ധപ്പെട്ടാണ്. ലാഭചിന്ത അലട്ടുന്നില്ലെങ്കിൽ വിപണിക്ക് സമാന്തരമായൊരു മനസ് മനുഷ്യനുണ്ടാകില്ല. പിന്നെ എന്തിനു വേണ്ടിയാണ് ചില “മൂല്യമില്ലത്തവർ” നിലനിൽക്കേണ്ടത് ? കംബോളത്തോടു പ്രതിപത്തിയില്ലാത്ത അവരും സാംബത്തികമായി കഴിവ് കുറഞ്ഞവരോടോപ്പംതന്നെ സമൂഹത്തിന്റെ ഓരങ്ങളിലുണ്ട്, ജീവിക്കാൻ അർഹതയില്ലാതെ. എനിക്കറിയാം, എന്റെ സമൂഹത്തെ നയിക്കുന്നത്, ആത്യന്തികമായി മനുഷ്യനിൽ കേന്ദ്രീകരിക്കാത്ത ഇത്തരം ചില മൃതമായ ശാസ്ത്രവിധികളാണെന്ന്. ഏതു സൂര്യനസ്തമിക്കാത്ത സമൂഹത്തിന്റെയും അപചയം ആരംഭിക്കുന്നത് ‘മനുഷ്യൻ’ എന്ന പ്രകാശം നഷ്ടപ്പെടുംബോൾ തന്നെ. സങ്കീർണ്ണമാണത് !

      ദേവാലയ ഗോപുരത്തിന്റെ ശിൽപ്പഭംഗിയിലേക്കും ചമയങ്ങളിലേക്കും, പിന്നീടതിന്റെ അനുഷ്ടാനങ്ങളിലേക്കും അവന്റെ ശ്രദ്ധയെ ക്ഷണിച്ചവരോട് ക്രിസ്തുവിനെ പോലെ, അയാളും ഇങ്ങനെ തന്നെ പ്രതികരിച്ചു : “കല്ലിന്മേൽ കല്ലു ശേഷിക്കാതെ ഇവ തകർക്കപ്പെടും”! അവന്റെ കേൾവിക്കാർ ഇതെങ്ങനെയാണ് മനസ്സിലാക്കേണ്ടത് ? ശരീരം ദേവാലയമാണെന്നും ഉണ്മയുമായി ബന്ധപ്പെട്ട് അതിനൊരു നിലനിൽപ്പുണ്ടെന്നും തിരിച്ചറിയണമെന്ന ബോധനമാണ് , “ അവൻ ജനങ്ങളെ വഴിതെറ്റിക്കുന്നു “ എന്നയാരോപണമായി ക്രിസ്തുവിന്റെ വിധിയെ നിർണ്ണയിച്ചത്. ഈയൊരു ജീവനക്രിയയിൽ, ഏതൊരാളും ഏറ്റുവാങ്ങാൻ പോകുന്ന ഏറ്റവും മൂർച്ചയേറിയ ആരോപണവും അതുതന്നെയാണ് ; അവൻ ജനങ്ങളെ വഴിതെറ്റിക്കുന്നുവെന്ന് ! അതെ, അതങ്ങനെയാണ്, ഏതൊരു കാലത്തിന്റെയും ഏറ്റവും വലിയ ദൈവദൂഷണം “സ്വയം ഉണ്മയാണ്" എന്ന വെളിപാടാണ്.

      ഒരു പൈത്യക്കാരനെക്കുറിച്ചാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഏറ്റവും ആദ്യം അയാളെ അങ്ങനെ വിളിച്ചത് ഉടയവർ. അന്തസ്സുള്ളവർക്ക് തികച്ചും അനഭിമതനായ വ്യക്തിയാണിയാൾ എന്നു സമൂഹവും. അതെ, ഒരു പ്രകാശത്തിലേക്കു പ്രവേശിക്കുമ്പോൾ ഏതൊരാൾക്കും കൊടുക്കേണ്ടി വരുന്ന വിലയാണിത്. പിന്നീട്, എപ്പഴൊക്കെയോ അയാൾ ക്രിസ്തുവിനോട് ചില സാദൃശ്യങ്ങൾ പുലർത്തിയിരുന്നുവെന്ന് ഒരു നുറുങ്ങു വെട്ടത്തിൽ നമ്മളും തിരിച്ചറിയും.

      എല്ലാ ഏച്ചുകെട്ടലുകളും അഴിഞ്ഞു വീഴുന്നയിടമാണ് ഗുരുസാന്നിധ്യം. ഞാൻ എപ്പോഴും ഒരു ജൈവിക ചൈതന്യത്തിന്റെ നിറവിലാണെന്ന ഓർമപ്പെടുത്തലാണത്. അങ്ങനെയെങ്കിൽ ഒരു പുരോഹിതന്, നിത്യതയുമായി ബന്ധപ്പെട്ട് ഒരു ‘സ്പാർക്ക്' തരിക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ല. കാരണം, ക്രിസ്തുപോലും നിന്റെ ഉള്ളിലെ ദൈവത്തെ കണ്ടെത്തുകയെന്ന ക്ഷണമാണ് നൽകിയത്. കുറെ വായ്‌ത്താരികളും അനുഷ്ടാനങ്ങളും കാനോൻ നിയമങ്ങളും എടുത്തു കാട്ടി ഇതാണ് സ്വർഗ്ഗരാജ്യത്തിലേക്കുള്ള വഴിയെന്നു ഒരാൾ അവകാശപ്പെടുന്നതിന് ക്രിസ്തുവിന്റെ പേരിൽ ഒരു ശതമാനം പോലും ന്യായീകരണമില്ലെന്നു പറയാൻ ഇനിയും സാക്ഷികൾ വേണ്ടതുണ്ടോ? ഒരു തിരിച്ചറിവും വിശ്വാസിക്ക് വന്നുകൂടായെന്നു ശഠിക്കുന്ന ഇവർ വ്യാപാരികൾ തന്നെ, ആത്മീയ വ്യാപാരികൾ !

      Delete
  7. കത്തനാരുടെ "എടാ,പോടാ "വിളി ആക്ഷേപമായി തോന്നിയ എനിക്കൊരു കാളക്കത്തനാരോടു "ളോഹ ഇട്ടതിൽപിന്നെ താൻ തന്റെ തന്തയെയും ഇങ്ങിനെയാണോ വിളിക്കുന്നതു "എന്ന് ചോദിക്കേണ്ടി വന്നിട്ടുണ്ട്! അന്ന് അതുചോദിച്ചതില്പിന്നെ ആ കാള എന്നെ "സാമുവേൽ" എന്നത് മാറ്റി "സാറേ" എന്നാക്കി ! പിന്നെ, ജോസഫ്‌മാത്യു അച്ചായൻറെ പ്രായോഗികബുദ്ധി ഉഗ്രാൻ ! പ്രായമായ രണ്ടു പെണ്മക്കളുള്ള അനുജന്റെ വീട്ടിൽ കത്തനാരുടെ വിസിറ്റിംഗ് തടഞ്ഞത് ...കപ്പിയാരുടെ കൂടെ കൂദാശ ചൊല്ലാനും, പള്ളികൈക്കരുടെ കൂടെ പള്ളീപ്പിരിവിനുമല്ലാതെ ഈ വർഗത്തെ വീട്ടിൽ കയറ്റുന്നവന് അയ്യോ കഷ്ടം ! പെന്മയുള്ളിടത്തു ളോഹകളെ ഒറ്റയ്ക്കു കയറ്റാതിരിക്കാൻ ഒരോ പുരുഷനും ശ്രദ്ധിക്കണം എന്ന് സാരം..ദൈവത്തെ ധ്യാനത്തിലൂടെ സ്വയം ഉളളിൽ അറിഞ്ഞവന് ഈ ഇടനിലക്കാരൻ പുരോഹിതനെ എന്തിനു ? സക്കരിയാച്ചയന്റെ മതമാണ്‌ കർത്താവിന്റെ ഭാവനാമതം

    ReplyDelete
  8. റോമിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മെത്രാന്മാർക്കിടയിൽ അൻപതുശതമാനത്തിൽ താഴെ ക്രിമിനലുകൾ ഉണ്ട് . സാധാരണക്കാരുടെ ഇടയിൽ അത് പത്തു ശതമാനത്തിൽ കുറവ് മാത്രമാണ് .ഇത് ഒരു പുരോഹിതൻ സത്യജ്വാലയിൽ എഴുതിയതാണ് .മനുഷ്യക്കടത്ത് ,ഇറ്റലിയിൽ വേശ്യാലയം നടത്തിപ്പ് ,ഫോറസ്റ്റ് റേഞ്ച്ഓഫീസിനു തീയിടുക,മദ്യപിച്ചു വാഹനം ഓടിച്ച ഒന്നിലധികം കേസുകൾ ഇതൊക്കെ ചെയ്തു അതൊക്കെ ശരിയാണെന്ന് പുരോഹിതർ തെളിയിക്കുകയും ചെയ്യുന്നു . എന്റെ അഭിഷിക്തനെ തൊട്ടുപോകരുത് എന്ന വചനം കേട്ട് വിരണ്ടിരിക്കുന്ന ജനം ,ഹല്ലെലൂയ്യ മയക്കുവെടി കൂടി കഴിയുമ്പോൾ അച്ചന്മാർ എന്തും ചെയ്തോട്ടെ ദൈവം ചോദിച്ചോളും എന്ന ചൂടും തണുപ്പും ഇല്ലാത്ത നിലപാടിലെത്തും . പിന്നെ കാര്യം കുശാൽ .

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. "ദൈവം ചോദിച്ചുകൊള്ളും" എന്നായിരുന്നെങ്കിൽ , എന്തിനു 30 വയസുള്ള വെറും ആശാരിചെക്കൻ കൈയ്യിൽ കിട്ടിയ കയറുകൊണ്ട് ഒരു ചമ്മട്ടി ഉണ്ടാക്കി ദേവാലയത്തിലെ ക്രിമിനലുകളെ അടിച്ചോടിച്ചു മോനെ ? അപ്പോൾ ദൈവമല്ല ,ദൈവത്തിനു പകരം അവൻറെ സാദ്രിശ്യത്തിൽ മേനഞ്ഞുണ്ടാക്കിയ നാം ,മനനമുള്ള മനുഷ്യർതന്നെ ആം ആദ്മി (വെറും ജനം )പാർട്ടി ഇവറ്റകളെ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു !

    ReplyDelete