Translate

Wednesday, December 4, 2013

വേറിട്ട ശൈലിയിലൂടെ മാർപാപ്പ ലോകത്തെ സ്വാധീനിച്ചു: സൂസപാക്യം

 
Posted on: Wednesday, 04 December 2013 


തിരുവനന്തപുരം: ഫ്രാൻസിസ് മാര് പാപ്പയെ അനുകരിച്ച് മെത്രാന്മാരായ തങ്ങളൊക്കെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നുവെന്ന്  ഡോ.സൂസപാക്യം പറഞ്ഞു. വേറിട്ട ശൈലിയിലൂടെ ലോകത്തെയാകെ സ്വാധീനിക്കാൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കഴിഞ്ഞിരിക്കുന്നു. ഡോ.ഡി.ബാബുപോള്‍ രചിച്ച 'ഫ്രാന്‍സിസ് വീണ്ടും വന്നു' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.  ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കാത്ത കേരളത്തിലെ ചുരുക്കം ചില മെത്രാന്മാരിൽ ഒരാളാണ് താനെങ്കിലും തന്റെ ആശംസ ആദ്യമേ കർദ്ദിനാൾ ക്ളീമീസ് വഴി മാർപാപ്പയെ അറിയിക്കാനായെന്ന് സൂസപാക്യം പറഞ്ഞു. പുസ്തകത്തിന്റെ ആദ്യപ്രതി ഡോ.എം.സൂസപാക്യത്തിന് നൽകി കേന്ദ്രമന്ത്രി ശശി തരൂർ പ്രകാശനം നിർവഹിച്ചു.

വിശിഷ്ടമായ വ്യക്തിത്വത്തിനുടമയായ ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയിൽ വലിയ സ്വാധീനമാണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് ഡോ. ശശി തരൂർ പറഞ്ഞു.
വത്തിക്കാനിൽ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ളേവ് തുടങ്ങിയ ദിവസം തൊട്ട് ലോകത്തിന് കൊള്ളാവുന്നൊരു മാർപാപ്പ ഉണ്ടാകാൻ താൻ പ്രാർത്ഥിച്ചിരുന്നുവെന്ന് മറുപടിപ്രസംഗത്തിൽ ഡോ. ബാബുപോൾ പറഞ്ഞു. ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ് പുസ്തകം പരിചയപ്പെടുത്തി.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ ഹൗസാണ് പുസ്തകത്തിന്റെ പ്രസാധകർ.

വേറിട്ട ശൈലിയിലൂടെ മാർപാപ്പ ലോകത്തെ സ്വാധീനിച്ചു: സൂസപാക്യം:

'via Blog this'

4 comments:

  1. "ഫ്രാൻസിസ് മാർപാപ്പയെ അനുകരിച്ച് മെത്രാന്മാരായ ഞങ്ങളൊക്കെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു" ഡോ.സൂസപാക്യം

    ഇതൊരു തുടക്കമാണ്. തങ്ങളുടെ ജീവിതശൈലി ശരിയല്ലെന്ന് തോന്നിത്തുടങ്ങിയവർ മെത്രാന്മാരുടെ ഇടയിൽ ഉണ്ട് എന്നത് ആശ്വാസകരമാണ്.

    ഇതുവരെ ജനങ്ങൾ ഉരുവിടേണ്ടിയിരുന്ന മന്ത്രം ഇങ്ങനെയായിരുന്നു:

    ദൈവാധീനം ജഗത്സർവ്വം
    മന്ത്രാധിനന്തു ദൈവതം
    തന്മന്ത്രം മെത്രാണധീനം
    മെത്രാണോ മമ ദൈവതം

    മൂലശ്ലോകത്തിലെ മൂന്നും നാലും വരികൾ
    (തന്മന്ത്രം ബ്രാഹ്മണധീനം
    ബ്രാഹ്മണോ മമ ദൈവതം) ഞാൻ മാറ്റിയെഴുതിയതാണ്.

    ആ കാലം കഴിഞ്ഞു. ഇതുവരെ നടമാടിയിരുന്ന മെത്രാണാധിപത്യം സ്വമേധയാ കൈയൊഴിയാൻ തയ്യാറാണെന്ന് ഇങ്ങനെ ഓരോരുത്തർ മുന്നോട്ടു വന്ന് പ്രഖ്യാപിക്കട്ടെ. അല്ലെങ്കിൽ അതിനുള്ള വഴിയൊരുക്കാൻ കാലതാമസമില്ലാതെ അല്മായർ മുന്നോട്ടു വരും.

    ReplyDelete
  2. ആഡംബരങ്ങൾ ഉപേക്ഷിക്കാനുള്ള തിരുവനന്തപുരം ലത്തീൻ ബിഷപ്പിന്റെ പ്രസ്താവനയും ഇങ്ങനെയൊന്ന് പത്രങ്ങളിൽ വായിച്ചിരുന്നു. ജീവിതം മുഴുവൻ കേമമായി ജീവിച്ച പ്രസിദ്ധരായവർ നല്ല കാര്യങ്ങൾ പറയുന്നത് മാറ്റത്തിന്റെ തുടക്കമെന്നത് ആശ്വാസം നൽകുന്നുണ്ട്. മുതലെടുക്കുന്നവരുടെ പുസ്തകങ്ങളും നെയ്യപ്പംപോലെ വിറ്റഴിയും. ശശി തരൂരിന് ക്യാബിനറ്റ് റാങ്കിൽ മന്ത്രിയുമാകാം എങ്കിലും ബാബുപോളൊ സൂസ്സക്കമോ ഫ്രാൻസീസ് മാർപാപ്പാ ആകാൻ പോവുന്നില്ല. ഓർത്തോഡോക്സ് വിഭാഗക്കാരനായ ബാബുപോളിന്റെ താൽപര്യം ഊഹിക്കാവുന്നതേയുള്ളൂ. ആത്മാർഥതയും കണ്ടറിയണം.

    ഫ്രാൻസീസ് മാർപാപ്പാ നിശാക്ലബുകളിൽ റ്റിക്കറ്റ് വിറ്റും നിലങ്ങൾ തുടച്ചുപോലും ചെറുപ്പം മുതൽ അസീസിയെപ്പോലെ ജീവിച്ച മഹാനാണ്. മൂന്ന് വൃദ്ധന്മാർ ഫ്രാൻസീസ് മാർപാപ്പായുടെ തത്ത്വങ്ങളുമായി വന്നെങ്കിലും ഇവർക്കെല്ലാം പുസ്തകങ്ങൾ എഴുതി വാർദ്ധക്യകാല പെൻഷനൊപ്പം മറ്റൊരു വരുമാനവും ഉണ്ടാക്കാൻ സാധിക്കും. സമൂഹത്തിലെ വിലയും നിലയുമുള്ളവരുടെ എന്തു ചപ്പെഴുത്തുകളും വായിക്കാൻ വായനക്കാർ ഇടിച്ചു തള്ളിക്കൊള്ളും.ശ്രീമാൻ കാഞ്ഞിരപ്പള്ളി അറയ്ക്കന്റെ വക മാർപാപ്പായുടെ ലാളിത്യത്തെപ്പറ്റിയുള്ള ഒരു ലേഖനവും ലൈറ്റി വോയിസിൽ വായിച്ചിരുന്നു. ഇവരൊക്കെ പ്രസംഗിക്കുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊരു തരത്തിലുമാണ്. കലക്കവെള്ളത്തിൽ മീൻ പിടിക്കാനും മിടുക്കർ തന്നെ. ചെറുപ്പക്കാരായ ഏതെങ്കിലും മെത്രാന്മാർ ഇങ്ങനെ ആദർശവാദികളായി വന്നിരുന്നെങ്കിൽ അനുമോദിക്കാമായിരുന്നു. ജീവിതം മുഴുവൻ ആസ്വദിച്ചശേഷം ഇപ്പോൾ തത്ത്വം അടിക്കുന്നവർ ചെറുപ്പക്കാർ മെത്രാന്മാർക്കിട്ട് പാര വെയ്ക്കാൻ മുമ്പോട്ട്‌ വന്നിരിക്കുന്നവരാണ്. അതുകൊണ്ട് പാലാ അരമനയിലെ മിസ്റ്റർ മുരിക്കൻ ബിഷപ്പും ജാഗ്രതനായിരിക്കുക.

    ReplyDelete
  3. ജോസ ഫ് മാത്യു വിനോടാ വിളച്ചിൽ! അദ്ദേഹം പറഞ്ഞതിൽ കാര്യമുണ്ട് എന്ന് അനുഭവം പഠിപ്പിക്കുന്നു. ലളിത്യത്തെപ്പറ്റിയുള്ള അറക്കലിന്റെ തിരുവെഴുത്ത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ജോക്ക് ആയി വത്തിക്കാൻ ലൈബ്രറിയിൽ സ്ഥലം പിടിക്കട്ടെ.
    മുരിക്കനെപ്പോലുള്ള ചെറുപ്പക്കാർ മെത്രാന്മാർ കൊട്ടാരം വിട്ട് വാടകവീടുകൾ തേടിപ്പോയാൽ റിട്ടയേടായ വല്യപിതക്കന്മാർക്കും അവരെ അനുസന്ധാനം ചെയ്തിരുന്നവർക്കും അല്ലലുസൊല്ലലുകളില്ലാതെ അരമനകൾ കൈയ്യേറാം. ഇവരിൽ ആരെങ്കിലും പണികഴിഞ്ഞു വീട്ടിൽ പോകാനോ, വാടകവീടുകൾ നോക്കാനോ ഇതുവരെ തയ്യാറായിട്ടില്ല.

    ReplyDelete
  4. വത്തിക്കാനിൽ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ളേവ് തുടങ്ങിയ ദിവസം തൊട്ട് ലോകത്തിന് കൊള്ളാവുന്നൊരു മാർപാപ്പ ഉണ്ടാകാൻ താൻ പ്രാർത്ഥിച്ചിരുന്നുവെന്ന് മറുപടിപ്രസംഗത്തിൽ ഡോ. ബാബുപോൾ പറഞ്ഞു.

    ഇതിനു മുമ്പുണ്ടായ കൊങ്ക്ലെവുകളുടെ സമയത്ത് ഇദ്ദേഹം എവിടെയായിരുന്നു? എങ്കിൽ ലോകത്തിനു കൊള്ളാവുന്ന ഒരു പോപ്പിനെ എത്രയോ നേരത്തെ സഭക്ക് കിട്ടിയേനെ! ഈ പെരിങ്ങുളം ഭാഗത്ത് പ്രകൃതിദുരന്തങ്ങളൊന്നും ഈ അടുത്ത കാലത്ത് സംഭവിക്കാത്തത് ഇപ്പോഴത്തെ വികാര്യച്ചന്റെ പ്രാർത്ഥനകൊണ്ടാണെന്നു ഉറച്ചു വിശ്വസിക്കുന്ന ധാരാളം ഭക്തസ്ത്രീകൾ ഇവിടെയുണ്ട്.

    ReplyDelete