Translate

Friday, July 24, 2015

നമ്മുടെ ലോകം

എന്റേത് നമ്മുടേത്‌ ആകാതെ മനുഷകുലത്ത്തിനു ഭാവിയില്ല. എന്റേത് എന്ന ചിന്ത മനുഷവ്യക്തികള്‍ക്ക് മാത്രം സാധ്യമായ ഒന്നാണ്. അതിന്റെ അതിപ്രസരമാണ് ഏത്‌ സംസ്കാരത്തെയും കാപട്യത്തിലൂടെയും ധനാര്‍ത്തിയിലൂടെയും ശിഥിലമാക്കിക്കളയുന്നത്. നമ്മുടെ രാഷ്ട്രത്തെ ഇന്നഭിമുഖീകരിക്കുന്ന വിഭ്രാന്തിയും മറ്റൊന്നല്ലല്ലോ.

വ്യക്തിബോധമുദിക്കാത്ത മനുഷ്യരുടെ കൂട്ടായ്മയായിരുന്നു ആദിസമൂഹങ്ങള്‍. ഇന്നും മിക്ക ആദിവാസി സമൂഹങ്ങളിലും ഈ സ്വഭാവം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് അവരുടെയിടയില്‍ തനതുസമ്പത്ത് എന്നൊന്നില്ലാത്തത്. അവര്‍ക്ക് എല്ലാം പൊതുസ്വത്താണ്. വ്യക്തിക്ക് കേവല മൂല്യവത്ത ആവശ്യമില്ലാത്ത ഈ അവസ്ഥ ഒരു കുറവല്ല, മറിച്ച് ഒരു നേട്ടമായിത്തീരാമെന്നു ഇന്നത്തെ ധനാര്‍ത്തിയുടെ ദൂഷിതവലയങ്ങളില്‍പെട്ട് നട്ടംതിരിയുന്ന നമുക്ക് മനസിലാകേണ്ടിയിരിക്കുന്നു. അതുപോലെ, യുക്തിസഹമായി ചിന്തിച്ചാല്‍, നമുക്ക് വീണ്ടും മനസിലാക്കാം, എവിടെ വ്യക്തിയുടെ ചിരന്തനമൂല്യം ഒരു വിഷയമല്ലാതായിത്തീരുന്നുവൊ, അവിടെ സര്‍വജനീന സ്നേഹവും സര്‍വാശ്ലേഷിയായ മനുഷ്യത്ത്വവും സാധ്യമാകുന്നുവെന്ന്.

പരിഷ്കാരമെന്നത് വ്യക്തിവികാസത്തിന്റെ കഥയാണ്‌. എല്ലാ ഈഗോയിസവും വഞ്ചനയും കവര്‍ച്ചയും ഞാനെന്ന തോന്നലില്‍ ഉടലെടുക്കുന്നു. മൌനത്തില്‍ ലയിച്ചിരുന്ന ഒരു സൂഫിഗുരുവിന്റെയടുത്ത് ഒരാളോടിവന്നു പറഞ്ഞു: 'ഒരു കുരങ്ങനതാ ഒരു കറാരയുമായി വരുന്നു, എന്തേലും ചെയ്യണം, വേഗം!' 'പേടിക്കേണ്ടാ, അതൊരു പരിഷ്കൃത മനുഷ്യനല്ലാത്തിടത്തോളം.' ഗുരു ശാന്തനായി പറഞ്ഞു.
(പി. എന്‍. ദാസിന്റെ കൃതിയില്‍ നിന്ന്)

പ്രയോഗികാര്‍ത്ഥത്തില്‍ മാനുഷികമായ വികാസത്തിന് വ്യക്തിബോധം കാതലായി ഒന്നും സംഭാവന ചെയ്യുന്നില്ല. വ്യക്തിബോധം വരുത്തിവച്ചത്, നേരേമറിച്ച്, വിനയാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കാലംചെല്ലുന്തോറും, മനുഷ്യരുടെയിടയില്‍ മുമ്പൊരിക്കലുമുണ്ടാകാത്തത്ര ഭീകരതയും ഹിംസയും എവിടെയും കൂടിവരുന്നു. എന്റേത്, ഞങ്ങളുടേത് എന്ന ബോധമാണിതിനു പിന്നില്‍. അതിനു പകരം നമ്മുടേത്‌ എന്ന് ചിന്തിക്കാന്‍ പഠിക്കാതെ മുന്നോട്ടുപോകാന്‍ ഇനി സാധ്യമല്ല എന്ന നിലയിലെത്തിനില്‍ക്കുന്നു, നമ്മള്‍. കാലാകാലങ്ങളില്‍ ഉദിച്ചുയര്‍ന്ന മതങ്ങളെല്ലാം ശ്രമിച്ചത് സാഹോദര്യം സമത്വം തുടങ്ങിയ ഉദാത്താശയങ്ങള്‍ വ്യക്തികള്‍ക്ക് പഠിപ്പിച്ചു കൊടുക്കാനാണ്. എന്നാല്‍ ഇവയൊക്കെ വ്യക്തിമനസ്സിന്റെ ഉപരിതലത്തെ മാത്രമെ സ്പര്‍ശിച്ചുള്ളൂ. ആന്തരികതലത്തിലെ അഗാധതയിലേക്കു ഇവ വേരിറക്കിയില്ല. അതുകൊണ്ടല്ലേ, മതങ്ങളുടെ ശക്തമായ സ്വധീനമുണ്ടായിരുന്ന മൂന്നു മധ്യകാലനൂറ്റാണ്ടുകളില്‍ മതയുദ്ധങ്ങളുടെ രക്തം തളംകെട്ടിയത്. ഇന്നും മതത്തിന്റെ ആചാരാനുനുഷ്ഠാനങ്ങളും ദൈവപ്രീണനങ്ങളും, കേരളത്തിലെ മാര്‍ക്സിസത്തിന്റെ ചെങ്കൊടിയും ജാഥകളും പോലെ, ബാഹ്യചേഷ്ടകള്‍ മാത്രമായി ചുരുങ്ങിപ്പോകുന്നു.

മതേതര ദാര്‍ശനികധിഷണയായ മാര്‍ക്സിസം പോലും ഒരിടത്തും മനുഷ്യന്റെ സ്ഥായിയായ രക്ഷക്കുതകിയില്ല. കാരണം, ഇവയുടെ മൂല്യങ്ങള്‍ ഉള്ളിലേക്ക് വേരിറക്കാന്‍, അതിനിടയില്‍ വികസിച്ചു വന്ന വ്യക്തിത്വങ്ങളുടെ കഠിനപ്രതലം അനുവദിച്ചില്ല. സ്വാര്‍ത്ഥതല്പരരായ ഏതാനും വ്യക്തികള്‍ കേരളത്തിലും ബംഗാളിലും ഈ മഹത്വാശയത്തിന്റെ ശവക്കുഴി തോണ്ടിക്കഴിഞ്ഞത് നാം കണ്ടു. ഇന്നുള്ള ഏത്‌ മതസമൂഹത്തെയും പോലെ, മാര്‍ക്സിസവും അപഹാസ്യമായ സംസ്കാരപ്രകടനം മാത്രമായി ശോഷിച്ചുപോയിരിക്കുന്നു.

വ്യക്തിത്വങ്ങളുടെ അതിപ്രസരമാണിതിനെല്ലാം ഉത്തരവാദി. ഉദാഹരണത്തിന്, അമേരിക്ക ഒരു സമുദായമായിട്ടല്ല, ബുഷ്‌ എന്ന ഒരൊറ്റ നികൃഷ്ടന്റെ അഹന്തയിലൂടെയാണ് അതുല്ല്യസംസ്കാരങ്ങളായ അഫ്ഗാനിസ്ഥാന്റെയും ഇറാക്കിന്റെയും നശീകരണത്തിനു കാരണമായി ഭവിച്ചത്. അധികാരം, അതിന്റെ ഏത്‌ ഭാവത്തിലും, അശ്ലീലവും അധമവുമാണ്. കാരണം, അതിലൂടെ സമൂഹം വ്യക്തിക്ക് കീഴ്പ്പെടേണ്ടിവരുന്നു.

പൊതുവുടമസമ്പ്രദായം നിലനില്‍ക്കുകയും സമൂഹത്തിലെ മുതിര്‍ന്നവര്‍ പരസ്പരധാരണയുടെ ബലത്തില്‍ പൊതുപ്രശ്നങ്ങള്‍ക്ക് തീര്‍പ്കല്‍പ്പിക്കുകയും ചെയ്തുപോന്ന പുരാവര്‍ഗ്ഗവ്യവസ്ഥയില്‍ മാത്രമാണ് സമഭാവന ഒരളവുവരെയെങ്കിലും സാക്ഷാത്കരിക്കപ്പെട്ടത്. എന്നാല്‍, സംസ്കാരമെന്ന മാനവവികൃതി പുരാവര്‍ഗ്ഗങ്ങളെ നശിപ്പിക്കുകയും തല്‍സ്ഥാനത്ത് ഭിന്നിപ്പിക്കുന്ന വേര്‍തിരിവുകള്‍ വളര്‍ത്തുകയും ചെയ്തു. സമൂഹത്തിന്റെ ആകെ മുക്തിയെന്നത് കയ്യൂക്കുള്ളവന്റെ മാത്രം മുക്തിയായി തരംതാണുപോകുന്നതിന് ഇന്നത്തെ ഇന്ത്യയിലും നമ്മുടെ സംസ്ഥാനത്തും ആവോളം ഉദാഹരണങ്ങളുണ്ടല്ലോ.

നമ്മുടെ ഓരോ അണക്കെട്ടും ഇപ്പറഞ്ഞതിനു സാക്ഷിയാണ്. വന്‍ അണക്കെട്ടുകള്‍ക്ക് വേണ്ടിമാത്രം ഇന്ത്യയില്‍ മൂന്നുകോടി ജനങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്! അതില്‍ നല്ലപങ്കും ആദിവാസികള്‍. ഛത്തിസ്‌ഘട്ട്, ജാര്ഖണ്ട്‌, ഒഡിഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ വിവിധ വിദേശ കുത്തകകമ്പനികള്‍ക്കായി രാജ്യത്തെ വില്കുന്ന ഭരണകൂടം ചെയ്യുന്നത്  പൊന്മുട്ടയിടുന്ന താറാവിനെ കഴുത്ത് പിരിച്ചു കൊല്ലുക എന്നതിലുപരി പട്ടിണിപ്പാവങ്ങളെ അകാലമൃത്യുവിലേക്ക് തള്ളിവിടുകയാണ്‌.

എക്കാലത്തെയും മതങ്ങളില്‍ രക്ഷയെന്നത് വ്യക്തിയുടെ അന്വേഷണവും നേട്ടവുമായി കരുതപ്പെട്ടുപോന്നു. ദൈവസങ്കല്‍പം പോലും മാനുഷികമായ വികാരങ്ങളും ചേഷ്ടകളും സാദ്ധ്യമായ ഒരു വ്യക്തിയെന്ന ധാരണയിലേക്ക് മിക്ക മതങ്ങളും ഒതുക്കിക്കളഞ്ഞു. ഐശ്വരയുഗം അല്ലെങ്കില്‍ ദൈവരാജ്യം എന്ന സങ്കല്പത്തിലൂടെ യേശു ഉയര്‍ത്തിക്കാട്ടിയത് ഒറ്റപ്പെട്ട വ്യക്തികളുടെ മോക്ഷമല്ല, മറിച്ച്, മനുഷ്യവംശത്തിന്റെയാകെ അനുസന്ധാനമായിരുന്നു. എന്നിട്ടും, വ്യഷ്ടി സമഷ്ടിക്കും സമഷ്ടി വ്യഷ്ടിക്കും ബലിയര്‍പ്പിക്കപ്പെടുന്നയനുഭവമാണ് ക്രിസ്തുമതത്തിന്റെ ചരിത്രത്തിലുടനീളം കണ്ടിട്ടുള്ളതും ഇന്നും കാണുന്നതും.

യഹൂദ-ക്രൈസ്തവ പാരമ്പര്യമാണ് ഇന്ന് നാം നേരിടുന്ന പരിസ്ഥിതി വിനാശത്തിന് വിത്തുവിതച്ചത് എന്ന് പറഞ്ഞാല്‍ ആരും ഞെട്ടരുത്. ഉത്പത്തിയുടെ പുസ്തകത്തിലെ സൃഷ്ടിപുരാണം തൊട്ട് തുടങ്ങുന്നു ഈ കഥ. പെറ്റുപെരുകി ഭൂമി നിറഞ്ഞ്‌, അതിനെ കീഴടക്കി സകലത്തിന്റെയുംമേല്‍ ആധിപത്യം സ്ഥാപിക്കുക എന്നാണുപോലും യഹോവ മനുഷ്യനോടു കല്പിച്ചത്! എല്ലാ ജീവൻറെയും അമ്മയും അസ്തിത്വാടിസ്ഥാനവുമായ പ്രകൃതിയോടുള്ള ഈ കലാപനിലപാടാണ് ശാസ്ത്രസാങ്കേതിക വിദ്യകള്‍ പ്രതിനിധാനം ചെയ്യുന്ന ഏത്‌ സംസ്കാരത്തിന്റെയും ഉള്‍ക്കാമ്പ്. പ്രകൃതിയെ മാത്രമല്ല, മറ്റു മനുഷ്യരെയും കീഴടക്കുകയാണ് ഇന്ന് പണംകൊണ്ട് ശക്തരായ ഏവരും ലക്ഷ്യംവയ്ക്കുന്നത്. പ്രത്യേകിച്ച്, വെള്ളക്കാര്‍ക്കു സ്വാധീനമുള്ള അന്യനാടുകളിലെല്ലാം ഒന്നാന്തരം പകല്‍ക്കൊള്ളയാണ് നടക്കുന്നത്. മിക്ക ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെന്നപോലെ, ഇന്ത്യയിലും പണക്കാരുടെ പ്രീതിക്കായി ഇതുതന്നെയല്ലേ സർക്കാർ പാവങ്ങളോട് ചെയ്യുന്നത്?

മനുഷ്യനും ദൈവത്തിനും ചേരാത്ത വിശുദ്ധലിഖിതങ്ങളുടെ വിശുദ്ധിയെ ചോദ്യംചെയ്യേണ്ട കാലം പണ്ടേ കഴിഞ്ഞു. മനുഷ്യനെയും അവന്റെ ഈശ്വരനെയും പ്രകൃതിയുടെ ഭാഗമായി, പ്രകൃതി തന്നെയായി, കാണാന്‍ പഠിക്കാതെ ഈ തെറ്റ് തിരുത്താനാവില്ല എന്ന് പോപ്‌ ഫ്രാൻസിസ് നമ്മെ ഓർമിപ്പിക്കുന്നു. ജീവിക്കാനാണ്, ലാഭമുണ്ടാക്കാനല്ല മനുഷ്യന്‍ മണ്ണില്‍ പണിയെടുക്കേണ്ടത്. "ഞാന്‍ നിന്നില്‍നിന്നു ഖനനം ചെയ്തെടുക്കുന്നത്‌ വീണ്ടും നിറഞ്ഞ്‌ കുമിയട്ടെ. നിരാമയത്വം തരുന്നവളേ, ഞാനേല്‍പ്പിക്കുന്ന ക്ഷതം നിന്റെ മര്‍മ്മബിന്ദുക്കളോളം, നിന്റെ ഹൃദയത്തോളം, എത്താതിരിക്കട്ടെ." എന്ന അഥര്‍വവേദസൂക്തം പ്രകൃതിയും മനുഷ്യനുമായുള്ള പരിശുദ്ധമായ ബന്ധത്തെ കൃത്യമായി സൂചിപ്പിക്കുന്നു. സ്ത്രീപുരുഷബന്ധം പോലെ പരസ്പരപൂരകവും, പരസ്പരപോഷകവുമായിരിക്കണം അത്.

ചുരുക്കി പറഞ്ഞാല്‍, എന്റേത് എന്നതിന് പകരം, നമ്മള്‍, നമ്മുടേത്‌ എന്ന ബോധ്യം മനുഷ്യരെ തമ്മില്ത്തമ്മിലും മനുഷ്യരെയും പ്രകൃതിയിലുള്ള എല്ലാറ്റിനെയും തമ്മിലും ബന്ധിപ്പിക്കാതെ, നമുക്ക് അതിജീവനം അസാദ്ധ്യമാണ്. ഇങ്ങനെയൊരു തിരുത്തിലൂടെയുള്ള പൂര്‍ത്തീകരണം ക്രൈസ്തവപാരമ്പര്യത്തിനും അനിവാര്യമാണ്. ഫ്രാന്‍സിസ് അസ്സീസി, മൈസ്റ്റര്‍ എക്ഹാര്‍ട്ട്, തെയ്യാര്‍ ദ് ഷര്‍ദാന്ഗ് തുടങ്ങിയവര്‍ ഈ കാഴ്ചപ്പാടിന്റെ ഉപജ്ഞാതാക്കളായിരുന്നു.

ഇങ്ങനെയൊരു മതസംസ്കൃതി രൂപംകൊള്ളണമെങ്കില്‍, മനുഷ്യവ്യക്തിത്വത്തെ മാത്രമല്ല അമിതപ്രാധാന്യത്തില്‍ നിന്നു വിമുക്തമാക്കേണ്ടത്; ഈശ്വരസങ്കല്പവും ഇന്ന് വ്യാപകമായിതീര്‍ന്നിട്ടുള്ളതിതില്‍ നിന്ന് വ്യത്യസ്തമാകണം. അതായത്, മനുഷ്യനും പ്രകൃതിക്കും മേലേയെവിടെയോ വാഴുന്ന ഒരു വിശ്വവ്യക്തിയായി ഈശ്വരനെ കാണുന്നതിനു പകരം എല്ലാ അസ്തിത്വത്തിന്റെയും ആഴവും ചൈതന്യവുമായി ആ ശക്തിയെ കാണാന്‍ നമുക്ക് കഴിയണം. ദൈവം എന്ന വാക്ക് പോലും ഇന്ന് ബാലിശമായ സങ്കല്‍പങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുന്നു - നമ്മുടെയെല്ലാ കുഞ്ഞുകുഞ്ഞ് ആവശ്യങ്ങളിലും വെറും പുകഴ്ത്തലുകളിലൂടെയും യാചനകളിലൂടെയും പാട്ടിലാക്കാവുന്ന ഒരപ്പൂപ്പന്‍ എന്ന മട്ടില്‍. ഈ കാഴ്ചപ്പാട് വളര്‍ത്തുന്നതില്‍ യേശുവിന്റേതായി കുറിക്കപ്പെട്ടിട്ടുള്ള ചില വചനങ്ങളും പങ്കുവഹിച്ചിട്ടുണ്ട്‌. "സ്വര്‍ഗസ്ഥനായ പിതാവ്" എന്ന സംജ്ഞക്ക് വ്യക്തിത്വത്തിലൂന്നിയ ചില പരിമിതികളുണ്ട്. അതു ദൈവത്തെ മനുഷ്യസമാനനാക്കുന്നു. കൂടാതെ, അതു ദൈവതത്തെ പ്രകൃതിയില്‍നിന്നു വേര്‍തിരിക്കയും ചെയ്യുന്നു. ഇതിനെല്ലാമുപരി, പിതാവ്, പുത്രന്‍, പരിശുദ്ധാരൂപി എന്ന കടിച്ചാല്‍ പൊട്ടാത്ത ത്രിത്ത്വൈകസമസ്സ്യയും. അതും പോരാഞ്ഞ്, മൂവര്‍ക്കും പുല്ലിംഗഭാവങ്ങളും ഗുണങ്ങളും! ഇത്തരം ലളിതവത്ക്കരണങ്ങളില്‍ മുറുകെപ്പിടിക്കുന്നവരാണ് എല്ലാ വചനപ്രഘോഷകരും. ഈ തെറ്റിധാരണയിൽനിന്ന് മോചനം നേടാന്‍ ഒരു സത്യക്രിസ്ത്യാനിക്കും സാധ്യമല്ലതന്നെ. കാരണം, ഇതെല്ലാം പക്വതയെത്താത്ത ചെറുപ്രായം മുതല്‍ തന്നെ അബോധമനസ്സിലേക്ക് അടിച്ചേല്‍പ്പിക്കപ്പെടുന്ന വിശ്വാസപ്രമാണങ്ങളുടെ കാതലില്‍ പെടുന്നു. അന്ധമായ ഇത്തരം മാനസികാടിമത്തം ചിലതരം വികാരപ്രീണനങ്ങള്‍ക്ക് ഉപകരിക്കുമെങ്കിലും, വൈയക്തികമായതൊന്നും അനന്തബോധവുമായി ഉള്‍ചേര്‍ന്ന്പോകാന്‍ പക്വമായ യുക്തിയനുവദിക്കുകയില്ല. അതുപോലെതന്നെ, എത്ര ശ്രമിച്ചാലും, മനുഷ്യാവതാരമെന്ന സൂത്രപ്പണി സര്‍വാസ്തിത്വത്തിന്റെയും കാതലായ ദൈവതവുമായി കൂട്ടിച്ചേര്‍ക്കുക തീര്‍ത്തും ബാലിശം തന്നെയെന്നു പറയേണ്ടിവരും. ദൈവത്തില്‍നിന്നു വേര്‍പെട്ടുനില്‍ക്കുന്ന ഒരു പ്രകൃതിയില്‍ അവള്‍ക്കെതിരെ പോരാടുന്ന മനുഷ്യന്റെ വ്യക്തിജന്യമായ ഭയപ്പാടുകളാണ് ദൈവാവതാരങ്ങളുടെ ആവശ്യമനുഭവപ്പെടുത്തുന്നത്. എല്ലാം നമ്മെ ഉള്‍ക്കൊള്ളുകയും നാം എല്ലാറ്റിന്റെയും ഭാഗമെന്ന അനുഭവമുണ്ടാകുകയും ചെയ്യുമ്പോള്‍ മാത്രമാണ് സമഗ്രമായ ഒരുദ്ഗ്രഹണത്തിന്റെ പാതയില്‍ നാം എത്തിച്ചേരുക.

1 comment:

 1. മനോഹരമായ ഭാഷാ ശൈലിയിൽ 'എന്റെതും നിന്റെതും മാറ്റി നമ്മുടെതാകണമെന്ന' തത്ത്വങ്ങളുമായി സാക്കിന്റെ നല്ലൊരു ലേഖനം വായനക്കാർക്കായി പോസ്റ്റ് ചെയ്തതിൽ അഭിനന്ദിക്കുന്നു. ഏതൊരു അപകടകരമായ സാഹചര്യവും കൂട്ടായ പ്രവർത്തനം കൊണ്ട് തരണം ചെയ്യാന് സാധിക്കും...'ഞാൻ മാത്രമെന്ന അഹന്ത നാശത്തിലേയ്ക്കേ നയിക്കുകയുള്ളൂ.

  എന്റെ ചെറുപ്പകാലത്ത് കേട്ടു കൊണ്ടിരുന്ന മരം ഉന്തുന്ന തൊഴിലാളികളുടെ ഗ്രാമീണ പാട്ട് ഓർത്തു പോവുന്നു.'ഏലേലം അടി എലെലം ,'ഏലേലം അടി എലെലം, ഒത്തു പിടിച്ചാൽ മലയും പോരും,ഒത്തു പിടിച്ചാൽ മലയും പോരും. ഏതൊരു അപകടകരമായ സാഹചര്യവും കൂട്ടായ പ്രവർത്തനം കൊണ്ട് തരണം ചെയ്യാൻ സാധിക്കുമെന്നാണ് ഈ ഗ്രാമീണ പാട്ടുകൊണ്ട് ഉദ്ദേശിക്കുന്നത്. 'ഓ ...ഓ ...ഹൈയ്യാഹോ ഹൈയ്യാ ...പ്രകൃതിയുമായി അലിഞ്ഞു ചേർന്ന അന്നത്തെ ഗ്രാമീണരുടെ പഴങ്കാല ഹൃദയഗാനം ചിലരെങ്കിലും ഓർക്കുന്നുണ്ടാവാം. കുട്ടനാടൻ പുഞ്ച വയലുകളിൽ ധാന്യ വിളവുകൾ വിളയിക്കുന്നതിനായി ഒത്തൊരുമിച്ചു കൈ കോർത്തുകൊണ്ടു പണിയുന്ന മലയാള മങ്കകളെ ഇന്ന് ക്ലാസിക്ക് സിനിമാകളിലെ കാണാൻ കഴിയുള്ളൂ. കാലങ്ങളെ മാറ്റിക്കൊണ്ട് ട്രാക്റ്റർ യുഗങ്ങൾ മുതൽ മണ്ണിനെയും വിണ്ണിനെയും നശിപ്പിച്ചു കൊണ്ടിരുന്നു. വിഷ മയങ്ങൾ നിറഞ്ഞ കൊയ്ത്തു വിഭവങ്ങൾ കർഷകന്റെ പർണ്ണശാലകളിൽ നിറയാൻ തുടങ്ങി. പാടങ്ങൾ വെട്ടി നിരത്തി. മനുഷ്യന്റെ സ്വാർത്ഥത മൂലം കൃഷി ഭൂമികൾ വരണ്ട ഭൂമികളായി. കർഷകന്റെ ചോരയിലും നീരിലും വിയർപ്പാക്കിയ മണ്ണിന്റെ ഫലങ്ങൾ വ്യവസായ ലോകത്തിന്റെ കുത്തകയായി. 'നമ്മൾ' എന്ന തത്ത്വ ചിന്ത തികച്ചും അന്യമായി തീർന്നിരിക്കുന്നു. ഇന്നെല്ലാം എന്റേത് മാത്രം.ഞാൻ മാത്രം. കൂട്ടു കുടുംബ വ്യവസ്ഥകൾ സമൂലം അന്യം നിന്നു.

  നാസി ക്യാമ്പിലെ ക്രൂരതകളെപ്പറ്റി അമേരിക്കയും ആഗോള മാദ്ധ്യമങ്ങളും വാ തോരാതെ പറയാറുണ്ട്. അത് അമേരിക്കയ്ക്ക് പുറത്തുള്ള ചരിത്രം മാത്രം. വലതു കൈകളിൽ തോക്കും ഇടതു കൈകളിൽ ബൈബിളുമായി റെഡ് ഇന്ത്യൻ സംസ്ക്കാരത്തെ തുടച്ചു മാറ്റിയ ഒരു ചരിത്രം കൊളോണിയൽ അമേരിക്കയ്ക്കുണ്ട്. അമേരിക്കയിലെ 'ബഫല്ലോ' എന്ന സ്ഥലത്തെ ആടുമാടുകളെയും കന്നുകാലികളെയും എരുമ പോത്ത് മുതലായ വളർത്തു മൃഗങ്ങളെയും പുതിയതായി വന്ന യൂറോപ്യൻ കുടിയേറ്റക്കാർ തോക്കിൻ മുനയിൽ കൊന്ന കാലം മുതൽ ആ പ്രദേശത്തിനു 'ബഫല്ലോ ' യെന്നു പേരുണ്ടായി. കൊളോണിയൽ ഭീകരർക്ക് സ്വന്തം താല്പര്യം സംരക്ഷിച്ചാൽ മതിയായിരുന്നു. 'ഞാൻ അല്ലെങ്കിൽ ഞങ്ങൾ' എന്ന സ്വാർത്ഥത ഒരു സംസ്ക്കാരത്തെ, റെഡ് ഇന്ത്യൻ പൈതൃകത്തെ ഇല്ലാതാക്കി. പ്രകൃതിയെ നശിപ്പിച്ചു. കൂട്ടത്തോടെ ദേശീയ ജനങ്ങളെ കൊന്നൊടുക്കി. മത ഭ്രാന്തും വർഗീയതയും വർണ്ണ വിവേചനവും ഉണ്ടാക്കി. അനേക സാംസ്ക്കാരിക സമൂഹങ്ങളെ ഭൂമുഖത്തുനിന്നും ഇല്ലാതാക്കി. മതവും രക്തക്കറകൾക്ക് ചെണ്ട കൊട്ടിക്കൊണ്ടിരുന്നു.

  1492-ൽ കൊളംബസ് അമേരിക്കയിൽ യാത്ര തിരിക്കും മുമ്പ് ദേശീയ അമേരിക്കക്കാരുടെ ജനസംഖ്യ പന്ത്രണ്ടു മില്ലിയൻ എന്ന് കണക്കാക്കിയിരുന്നു. അവരിൽ 95 ശതമാനവും ജനങ്ങളെ ഇല്ലാതാക്കി ഇന്നവരുടെ ജനസംഖ്യ 237,000 മായി ചുരുക്കിയിരിക്കുന്നു. കൂട്ടക്കൊലകൾ അവരെ ഇല്ലാതാക്കി. അടിമത്വം നടപ്പിലാക്കി. കറുത്ത വർഗക്കാരെ മനുഷ്യ ജാതിയ്ക്ക് താഴെയായി കണക്കാക്കിയിരുന്നു. ഇങ്ങനെയുള്ള ചരിത്രങ്ങളിലേക്കും നാം ഒന്ന് കണ്ണോടിച്ചാൽ സാക്കിന്റെ ലേഖനത്തിന്റെ ആഴത്തിലേയ്ക്ക് ചിന്തിക്കാൻ സാധിക്കും.

  കുറച്ചു കാലങ്ങൾക്ക് മുമ്പ് കേരള നസ്രാണി മെത്രാന്മാർ രാജ ഭാഷകൾ മാത്രമേ ഉപയോഗിക്കുമായിരുന്നുള്ളൂ. 'നാം' എന്ന സംജ്ഞ അവരുടെ ഇടയ ലേഖനങ്ങളിലെ പതിവു ഭാഷയായിരുന്നു. ഒരു തരം 'ഈഗോ' എന്ന് പറയാം. 'ഞങ്ങൾ' എന്ന ഈ ഈഗോ നസ്രാണികൾ തന്നെ വളർത്തിയെടുത്തതാണ്. രാജകീയ വേഷം കൂടി അവർക്ക് കൽപ്പിച്ചപ്പോൾ അവർ തന്നെ സ്വയം അഹങ്കാരികളും അല്മായരെക്കാളും കൂടിയവരെന്ന തോന്നലുമുണ്ടായി. കാലക്രമത്തിൽ ഈ പുരോഹിത ശ്രേഷ്ടന്മാർ അല്മായരെ ചൂഷണം ചെയ്യുന്ന ഒരു വർഗമായി മാറുകയും ചെയ്തു.

  'ഞാൻ' എന്ന അഹം ബോധം (ഈഗോ) നാം തന്നെയുണ്ടാക്കിയ തെറ്റായ ഒരു തോന്നലാണ്. അത്തരം ഞാനെന്ന തോന്നലുകൾ മാറ്റങ്ങൾ ഉണ്ടാകുന്നതും താൽക്കാലികങ്ങളുമാണ്. 'ഞാൻ 'കണക്കിന്' മിടുക്കനല്ല, ഞാൻ ബുദ്ധിമാനാണ്, എന്റെ മുഖത്തെ പാടുകൾ എന്നെ സൌന്ദര്യമില്ലാതാക്കുന്നു, ആർക്കും എന്നെ ഇഷ്ടമില്ല, ഞാൻ നിന്നെക്കാളും മിടുക്കനാണ്, ഞാൻ ചെറിയ ജോലികൾ ചെയ്യില്ല, എന്നിങ്ങനെ അഹം ബോധത്തിന് മാറ്റങ്ങളും നേട്ടങ്ങളും കുറവുകളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. 'ഞാൻ അപകടകാരിയുമാകാം. 'ഞാൻ' എന്ന അഹം ബോധം പാകതയില്ലാത്ത ഒരുവന്റെ മനസിന്റെ വിഭ്രാന്തിയെന്നു പറയാം. പക്ഷെ 'ഞാൻ' ആരെന്നു സ്വയം കണ്ടെത്തുന്നവൻ സത്യത്തെ കണ്ടെത്തുന്നു. ആ 'ഞാൻ' എന്ന വ്യക്തിക്ക് അഹങ്കാരത്തിന്റെതായ അഹം ബോധം ഉണ്ടായിരിക്കില്ല.

  ReplyDelete