Translate

Wednesday, July 15, 2015

വൈന്‍ ഉല്പാദനം കൂട്ടാന്‍ അപേക്ഷയുമായി കത്തോലിക്കാസഭ!

രാജഗോപാല്‍ വാകത്താനം
'സത്യജ്വാല' പത്രാധിപര്‍ക്കുള്ള കത്ത്
സര്‍,
മെയ് ലക്കം 'സത്യജ്വാല' കിട്ടിയ ദിവസംതന്നെ 'ഇന്ത്യന്‍ എക്‌സ്പ്രസ്' പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു. എറണാകുളം മേജര്‍ ആര്‍ച്ചുബിഷപ്പ് ജോര്‍ജ് ആലഞ്ചേരി എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ക്കു നല്‍കിയിരിക്കുന്ന ഒരു അപേക്ഷയാണു വിഷയം. കഴിഞ്ഞവര്‍ഷം 1250 ലിറ്റര്‍ വീഞ്ഞാണ് സഭ ഉല്പാദിപ്പിച്ചതെങ്കില്‍ അതിന്റെ ക്വോട്ട 5000 ആയി ഉയര്‍ത്തണമെന്നാണ് അപേക്ഷ. ഇത് എറണാകുളം - അങ്കമാലി രൂപതയ്ക്കു മാത്രമാകാം. എങ്കില്‍, കേരളത്തിലെ കത്തോലിക്കാസഭ മൊത്തത്തില്‍ ഉല്പാദിപ്പിക്കുന്ന വീഞ്ഞ് എത്രയോ അധികമായിരിക്കും!
വീഞ്ഞ് മദ്യമല്ലെന്നും ആചാരത്തിന്റെ ഭാഗമാണെന്നും വാദിക്കാം. എല്ലാത്തിനുമുണ്ടല്ലോ ന്യായീകരണം. ഗോതമ്പപ്പം ക്രിസ്തുവിന്റെ ശരീരമാണെന്നു സങ്കല്പിക്കാമെങ്കില്‍, വെള്ളം രക്തമാണെന്നു സങ്കല്പിക്കുന്നതിലെന്താണ് കുഴപ്പം? അതു വീഞ്ഞുതന്നെയായിരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധം?
മദ്യത്തിനെതിരെ തെരുവില്‍ ആദര്‍ശപ്രസംഗം നടത്തുന്നവരാണ് പുരോഹിതര്‍. പ്രത്യേകിച്ച് കത്തോലിക്കാപുരോഹിതര്‍. അവരുടെ വാടകക്കെട്ടിടങ്ങളില്‍ ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, അവര്‍ വൈന്‍പോലെയുള്ളവ ഉപയോഗിക്കുന്നുണ്ടെങ്കിലും, ജനത്തിനുമുന്നില്‍ മദ്യവിരുദ്ധരാണ്. വീഞ്ഞുക്വോട്ട വര്‍ദ്ധിപ്പിക്കുന്നതിനെ ന്യായീകരിച്ചുകൊണ്ട് സഭാവക്താവ് ഫാ.പോള്‍ തേലക്കാട്ടു പറഞ്ഞത്, ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നാണ്; ഓരോ രൂപതയിലും വീഞ്ഞുല്പാദനം നടക്കുന്നുണ്ടെന്നും, വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതിനാല്‍ പരിധി ഉയര്‍ത്തണമെന്നുമാണ്. ഒരുപക്ഷേ, ബാറുകള്‍ അടച്ച സാഹചര്യത്തില്‍ 'ഭക്തി' വര്‍ദ്ധിക്കാനുണ്ടായ കാരണം ഈ വൈന്‍ ആയിരിക്കാം. എന്തായാലും സഭയ്ക്കു പറ്റിയ ഒരു വ്യവസായമാണ് വീഞ്ഞുവാറ്റല്‍.
ഇതേ തേലക്കാടന്‍ കഴിഞ്ഞ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് സന്ന്യസ്തര്‍ ലളിതജീവിതം നയിക്കുക മാത്രമല്ല, ദാരിദ്ര്യം അനുഭവിക്കാന്‍കൂടി തയ്യാറാകണമെന്നാണ്. സഭ ബഹിഷ്‌കരിച്ചു പുറത്തുവന്ന കന്യാസ്ത്രീകള്‍ തങ്ങളുടെ ദുരിതങ്ങള്‍ വിശദീകരിച്ചപ്പോഴായിരുന്നു, തേലക്കാടന്റെ ഈ ന്യായീകരണം. ആണ്ടില്‍ നാല് അടിവസ്ത്രമാണ് സഭ അനുവദിച്ചിരിക്കുന്നതെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞപ്പോഴാണ് തേലക്കാടന്‍ 'ലളിതജീവിത' ത്തെപ്പറ്റി വാചാലനായത്. വീഞ്ഞിന്റെ കാര്യത്തില്‍ ഈ 'ദാരിദ്ര്യം' അനുഭവിക്കാന്‍ സഭ തയ്യാറല്ല എന്നുണ്ടോ? ആര്‍ക്കുവേണ്ടി, ആരെ സേവിക്കുകയാണു സഭ എന്നിവര്‍ വ്യക്തമാക്കുമോ?
ഫോണ്‍: 9447973962

പത്രാധിപരുടെ പ്രതികരണം 

-കത്തോലിക്കാ പൗരോഹിത്യത്തിന്റെ ഓരോ നീക്കത്തെയും പൊതുസമൂഹം എങ്ങനെ നോക്കിക്കാണുന്നു എന്നതിന് ഉത്തമോദാഹരണമാണ്, ശ്രീ രാജഗോപാല്‍ വാകത്താനത്തിന്റെ ഈ കത്ത്. ഇതിലദ്ദേഹം ഉന്നയിച്ചിരിക്കുന്ന വിമര്‍ശന-വിലയിരുത്തലുകള്‍ക്കും ചോദ്യങ്ങള്‍ക്കും സഭാവക്താവ് ഫാ.തേലക്കാട്ടിനുള്‍പ്പെടെ ആര്‍ക്കെങ്കിലും ബുദ്ധിപരമായ സത്യസന്ധതയോടെ മറുപടി നല്‍കാന്‍ കഴിയുമോ? കഴിയുന്നില്ലെങ്കില്‍, അശാസ്ത്രീയവും അയുക്തികവും വ്യാജവുമായ അവകാശവാദങ്ങളുയര്‍ത്തിയും നിലപാടുകള്‍ സ്വീകരിച്ചും സീറോ-മലബാര്‍ സഭാധികാരികള്‍ ഈ സമുദായത്തെ മറ്റു സമുദായങ്ങള്‍ക്കുമുമ്പില്‍ പരിഹാസപാത്രമാക്കുകയല്ലേ ചെയ്യുന്നത്, എന്നാലോചിക്കുക.
ബഹു. ലേഖകന്റെ, ''ഒരു പക്ഷേ, ബാറുകള്‍ അടച്ച സാഹചര്യത്തില്‍ 'ഭക്തി' വര്‍ദ്ധിക്കാനുണ്ടായ കാരണം ഈ വൈന്‍ ആയിരിക്കാം'' എന്ന നിഗമനംമാത്രം ഇവിടെ തെറ്റിപ്പോയി എന്നു ചൂണ്ടിക്കാണിക്കട്ടെ. കാരണം, അങ്ങനെ 'ഭക്തി' വര്‍ദ്ധിക്കാന്‍ ഒരു തുള്ളി വൈന്‍ പോലും വിശ്വാസികള്‍ക്കു കിട്ടുന്നില്ല. കന്യാസ്ത്രീകള്‍ക്കും വീഞ്ഞു കൊടുക്കാറില്ല. പിന്നെ, അവശേഷിക്കുന്നതു വൈദികരാണ്. വീഞ്ഞില്ലാത്തതുകൊണ്ട് അവരാരും കുര്‍ബാന ചൊല്ലാതിരുന്നതായി ഇന്നുവരെ കേട്ടിട്ടുമില്ല. അതായത്, അപേക്ഷ കൊടുക്കുന്ന ദിവസംവരെ 1250 ലിറ്റര്‍ വീഞ്ഞ് ആവശ്യത്തിനു തികഞ്ഞിരുന്നു. ഇനി, ഉടന്‍തന്നെ അച്ചന്മാരുടെ എണ്ണം നാലിരട്ടിയായി വര്‍ദ്ധിപ്പിക്കുന്നെങ്കില്‍ മാത്രമേ, നിലവിലുള്ള 1250 ലിറ്ററിനു പകരം 5000 ലിറ്റര്‍ വീഞ്ഞ് സഭയില്‍ ആവശ്യമായി വരൂ എന്നര്‍ത്ഥം.
അപ്പോള്‍ ഉല്പാദനം 4 ഇരട്ടിയായി വര്‍ദ്ധിപ്പിക്കാനുള്ള സഭയുടെ നീക്കത്തിന്റെ അര്‍ത്ഥമെന്തായിരിക്കാം? ബാറുകളെല്ലാം വൈന്‍ പാര്‍ലറുകളായിക്കൊ ണ്ടിരിക്കുന്ന, വൈനിന് വന്‍ ഡിമാന്റ് ഉണ്ടായിരിക്കുന്ന, സാഹചര്യമാവണം വര്‍ദ്ധിച്ച തോതില്‍ വൈന്‍ ഉല്പാദിപ്പിക്കാന്‍ സഭാധികാരത്തെ പ്രേരിപ്പിക്കുന്നത് എന്നാരെങ്കിലും ചിന്തിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല..... 
അങ്ങനെയാണു കാര്യങ്ങളുടെ കിടപ്പെങ്കില്‍, അതു സഭയ്ക്ക് - വിശ്വാസിസമൂഹത്തിന് - നാണക്കേടുണ്ടാക്കുന്ന കാര്യംതന്നെയാണ്. അതുകൊണ്ട്, സഭാധികാരികളുടെ ആവ ശ്യം അപ്പാടെ അംഗീകരിച്ച എക്‌സൈസ് വകുപ്പിന്റെ തീരുമാനം പുനഃപരിശോധിക്കാന്‍ വിശ്വാസികളുടെ ഭാഗത്തുനിന്ന് ആവശ്യമുയരേണ്ടിയിരിക്കുന്നു.

1 comment:

  1. അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവില്‍ വച്ചു പച്ചവെള്ളത്തെ വീഞ്ഞാക്കിയ ക്രിസ്തുവിന്റെ പ്രതിപുരുഷരായ പുരോഹിതര്‍ വീഞ്ഞ് ദിനവും കുടിക്കുന്നുണ്ടായിരുന്നു, ഇനിയും എന്നും കുടിക്കണംതാനും ! കള്ളവാറ്റു നടത്തുന്നത് പൌരോഹിത്യത്തിന് ചേര്ന്നതല്ലാത്തതിനാല്‍, ബ.സര്‍ക്കാര്‍ ന്യൂനപക്ഷസംരക്ഷണാര്‍ത്ഥം അതിനുള്ള അനുമതി ചുമ്മാതങ്ങു കൊടുക്കന്ടതിനു പകരം, ഹിന്ദുമൈത്രി ഇതുകണ്ട് പ്രതികരിക്കുവോളം ഈ ചര്‍ച്ച ഇങ്ങനെ നീട്ടികൊണ്ടുപോകുന്നത് അഭികാമ്യമല്ല സാറന്മാരെ..
    കുര്‍ബാനയ്ക്ക് ആകര്‍ഷണമൊന്നുകൂട്ടാന്‍വേണ്ടി എല്ലവിശ്വാസികള്‍ക്കും ഓരോഗ്ലാസ് വീഞ്ഞെങ്കിലും പള്ളികളില്‍ കൊടുക്കുവാന്തക്കവണ്ണം unlimited പെര്‍മിറ്റ്‌ സര്‍ക്കാര്‍ കൊടുക്കേണ്ടതാണ് ! പെന്തക്കോസുകാര്‍ കുര്‍ബാനയും വീഞ്ഞും ഉപേക്ഷിച്ചവരാണങ്കിലും അവരും ക്രിസ്തിയാനികളാകയാല്‍ വീഞ്ഞിനുപകരം 'ബിയര്‍' ഉണ്ടാക്കുവാനും സര്‍ക്കാര്‍ ഏവരെയും അനുവദിക്കണം ! ഓരോ രൂപതയ്ക്കും മെത്രാസനത്തിനും ഇതിനായുള്ള അനുമതിയോടൊപ്പം ഫാക്ടറി തുടങ്ങുവാന്‍ ഗ്രാനന്റും കൊടുക്കുമാറാകണം എന്ന് ഈ ഇടതുപക്ഷ /വലതുപക്ഷ ക്രിസ്തീയ വോട്ടര്‍ അപേക്ഷിക്കുന്നു !

    ReplyDelete