Translate

Thursday, July 9, 2015

ഇതെന്റെയാലയമാണ്, അതിനെ മനോഹരമാക്കൂ, ഫ്രഞ്ചെസ്കൊ!


അസ്സീസിയിലെ ഫ്രാൻസിസിന്റെ കാലത്ത് സഭയുടെ സ്ഥിതി വളരെ ശോചനീയമായിരുന്നു. എന്റെ ആലയം പുതുക്കിപ്പണിയുക എന്ന ഉൾവിളി കേട്ട ഫ്രാൻസിസ്  ആദ്യം കരുതിയത് താൻ പ്രാർഥിച്ചുകൊണ്ടിരുന്ന, അസ്സീസിക്കടുത്തുള്ള സാൻ ദാമിയാനൊ എന്ന, ഇടിഞ്ഞുപൊളിഞ്ഞ ചെറിയ പള്ളിയെയായിരിക്കും യേശു ഉദ്ദേശിച്ചത് എന്നായിരുന്നു. ഏതായാലും ദൈവത്തിന്റെ ഭോഷനായി ജീവിച്ച ആ പ്രകൃതിസ്നേഹിയും അദ്ദേഹത്തിൻറെ സഹോദരവൃന്ദവും പിന്നീടെപ്പോഴോ ആണ് തിരിച്ചറിഞ്ഞത്, അധികാരാർത്തികൊണ്ടും രാഷ്ട്രീയ കയ്യാങ്കളികൾകൊണ്ടും താറുമാറായിപ്പോയ കത്തോലിക്കാ സഭയുടെ നവീകരണമാണ്  തന്റെ തോളിൽ ചുമത്തപ്പെട്ടത്‌ എന്ന്. തന്റെ കഴിവുകൾക്കപ്പുറവും ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് സാധിച്ചത് വളരെ കുറച്ചുമാത്രമാണ്.

മൂല്യച്യുതി സൃഷ്ടിക്കുന്ന അന്ത:ക്ഷോഭങ്ങൾ ഇന്ന് അതേ സഭയുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുകയാണ്. നിയതി ലോകത്തിനു സമ്മാനിച്ച രണ്ടാം ഫ്രാൻസിസ്, എല്ലാംകൊണ്ടും അസ്സാധാരണനായ നമ്മുടെ പപ്പാ, ഉള്ളിൽ ശ്രവിച്ചതും എന്റെ ആലയം പുതുക്കിപ്പണിയുക എന്ന സ്വരമാണ്. എന്നാൽ, വിചിത്രം തന്നെ, പന്ത്രണ്ടാം നൂറ്റാണ്ടിലെ ഫ്രാൻസിസിന് സംഭവിച്ച തെറ്റിദ്ധാരണ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഫ്രാൻസിസിനും സംഭവിച്ചു. 'കേവലം ഒരു കത്തോലിക്കാ അമൂഹത്തെയല്ല നീ പുതുക്കിപ്പണിയേണ്ടത്, മരണപ്പിടച്ചിൽ തുടങ്ങിയിരിക്കുന്ന ഈ ഭൂമിയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് നിന്റെ ദൗത്യം' എന്നാണദ്ദേഹം ഒരു ഞെട്ടലോടെ തിരിച്ചറിയുന്നത്‌. ആ തിരിച്ചറിവാണ്  'Laudato Si' എന്ന തൻറെ അതിമനോഹരമായ ചാക്രിക ലേഖനത്തിൽ അദ്ദേഹം വെളിപ്പെടുത്തുന്നത്. അതിന്റെ ഉപശീർഷകം 'നമ്മുടെ ആവാസസ്ഥലത്തെ സംരക്ഷിക്കുക' എന്നാണ്. 'Laudato Si' വി. ഫ്രാൻസിസിന്റെ പ്രഖ്യാതമായ 'സമസ്ത ജീവജാലങ്ങൾക്കുമായി നിന്നെ ഞങ്ങൾ സ്തുതിക്കുന്നു' എന്നു തുടങ്ങുന്ന കീർത്തനത്തിൽ (Canticle of the Sun*) നിന്നെടുത്തതാണ്. പ്രകൃതിയിലെ ഓരോ ജീവതന്തുവിനും പുതുജീവൻ പകർന്നു കൊടുക്കാൻ വേണ്ടി തൻറെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും യാത്രകളിലൂടെയും സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് അദ്ദേഹം ജീവിക്കുന്നത്.

മുകളിലത്തെ പടത്തിലെന്നപോലെ, ഫ്രാൻസിസ് പപ്പാ ഓരോ കുഞ്ഞിനേയും അതീവ വാത്സല്യത്തോടെ ആശ്ലേഷിക്കുമ്പോൾ, ആകാശവിസ്തൃതിയാവാഹിക്കുന്ന ആ കൈകൾ പുണരുന്നത് ഒരു വെറും മനുഷ്യജീവനെയല്ല, സമൃദ്ധവും മനോഹരവുമായി ദൈവം നമുക്ക് നല്കിയ, എന്നാൽ മനുഷ്യനിർമിതമായ മുറിവുകളാൽ തളർന്നുപോകുന്ന ഈ ഭൂമിയെയാണ്, ഈ പ്രകൃതിയെയാണ് എന്ന് നമുക്കറിയാം. അതാണ്‌ സത്യം. എന്റെ ആലയം എന്ന് ദൈവം പറയുന്നത് ഈ പ്രപഞ്ചത്തെ ഉദ്ദേശിച്ചാണ്, നമ്മെ സംബന്ധിച്ചിടത്തോളം ഈ ഭൂമിയാണത്  എന്നദ്ദേഹത്തിനറിയാം.

**ഫ്രഞ്ചെസ്കൊ,
പോവുക, എന്റെയാലയം പുതുക്കിപ്പണിയുക.
വിള്ളലുകൾ നികത്തുക, ദ്വാരങ്ങളടക്കുക.
കല്ലും ചാന്തുകൂട്ടും കൊണ്ടുവരിക - 
എന്നാലവ വിലക്ക് വാങ്ങരുത്. യാചിക്കുക.
തൊഴിലും യാചിക്കുക, കൂലി ഞാൻ കൊടുത്തുകൊള്ളാം.
കാരുണ്യത്തിലും കൊടുക്കലിന്റെ ആനന്ദത്തിലുമാണ് 
എന്റെയാലയം ഉയരേണ്ടത്.
എല്ലാ ജനത്തേയും കൂട്ടുക, ആരെയും തഴയരുത്.
വിവാഹിതരും, അവിവാഹിതരും, വിവാഹമോചിതരും 
ലിംഗഭേദമെന്യേ എല്ലാ അനുരാഗികളും, 
മതഭേദമെന്യേ എല്ലാ വിശ്വാസികളും 
അതേ അന്തസ്സോടെ അവിശ്വാസികളും 
നിരീശ്വരരും കൂടെക്കൂടട്ടെ.
വാതായനങ്ങളെല്ലാം തുറന്നിടുക,
അതിരുകളില്ലാത്തയാകാശം 
അകത്തേയ്ക്ക് കടക്കട്ടെ.
ചുവരുകളിൽ കുഞ്ഞുങ്ങൾ നിറങ്ങൾ കോരിയൊഴിക്കട്ടെ,
ഉച്ചത്തിലുള്ള ചിരിയുടെ സ്വന്തം വദനങ്ങൾ അവരതിൽ കോറിയിടട്ടെ.
പാട്ടുപാടിയും നൃത്തം ചവുട്ടിയും അവർ ഓടിക്കളിക്കട്ടെ. 
ഇതെന്റെയാലയമാണ്. ആരുമതിനെ മലിനപ്പെടുത്തരുത്! 
ആർക്കുമത് തടവറയാവരുത്.
അതിന്റേതായ ഇടത്തിൽ വളരാനുള്ള സ്വാതന്ത്ര്യം 
ഓരോ ജീവിയുടെയും അവകാശമാണ്.
വന്യജീവികൾക്ക് അവരുടെയിടം വിട്ടുകൊടുക്കുക.
വൃക്ഷങ്ങൾ അവരുടെയായുസ് ജീവിച്ചുതീർക്കട്ടെ.
വിലയില്ലാത്ത വാർത്തകൾക്കായി നടത്തുന്ന 
കടലാസിന്റെ വൃഥാവ്യയം തടയുക. 
യുവത്വത്തിന്റെ കൈകളിൽ വിത്തുകൾ നിറക്കുക.  
അകത്തും പുറത്തും അവരത് വാരി വിതക്കട്ടെ, 
അനുദിനമവ പൊട്ടിക്കിളിര്ക്കട്ടെ.
എന്റെയാലയം മനുഷ്യപരമ്പരകളുടെയും 
പക്ഷിമൃഗാദികളുടെയും ജലനിവാസികളുടെയും 
സന്തോഷാരവംകൊണ്ട് നിറയണം.
അതിനെ മനോഹരമാക്കൂ, ഫ്രാൻസിസ്,
അതിനെ മനോഹരമാക്കൂ! 

*“Laudato Si’, mi’ Signore” = “Praise be to you, my Lord”. In the words of this beautiful canticle, Saint Francis of Assisi reminds us that our common home is like a sister with whom we share our life and like a beautiful mother who opens her arms to embrace us. Full text of the Canticle can be read at http://www.franciscanfriarstor.com/archive/stfrancis/stf_canticle_of_the_sun.htm
** ഫ്രാൻസിസ് ഇറ്റാലിയൻ ഭാഷയിൽ ഫ്രഞ്ചെസ്കൊ ആണ്. 
ഈ ഭാഗത്ത് ഏതാനും വരികൾക്ക് കടപ്പാട്: Christopher Coelho  ofm - A new kind of fool, ദൈവത്തിന്റെ ഭോഷൻ, ഭാഷാന്തരം Jijo Kurian ofm, capuchin) 

3 comments:

  1. What you write, Der Zach, is so heart rending, and I feel like rendering it in English and add my own thoughts
    for the benefit of a wider public. Being short of time I don't venture to do it now. Yes, what Francis Pappa is doing,
    so beautifully brought out in the picture embracing the child is precisely what he did through his encyclical Laudatio
    on environment protection.
    For him the church is not the 1.2 billion Catholics in the world but the whole of mankind, nay the whole universe
    that sustains us all. I too often think with pity and compassion of the 12th century Francis of Assisi and his brothers
    going about to build the crumbling St.Damian's Church, thinking that was what Jesus was telling him in a vision
    :"Go and rebuild my Church".He did it identifying himself (nicknamed, Il puerillo, the dear little poor man of Assisi)
    and his fraternity with the poor of his times, for the most part unknowingly about his mission in life.

    But Francis Pappa is doing it with full knowledge, that what he is commissioned to do is to protect and preserve first
    of all the whole of human family going to pieces and simultaneously this whole universe crumbling down because
    of irrational exploitation of its resources by the powerful capitalist forces. Hence the rich and luxurious class are mostly
    against him. In any case his mission is to protest the sheep from the wolves, like the good shepherd who embraces
    a lamb in his protective embrace. Similarly and symbolically he protects a child in his loving embrace. It is to become
    partners in this grand mission of His that he invites all of us.today. We all have to swim together or sink together in this
    universe over heated and flooded with melting ice. james kottoor

    ReplyDelete
  2. A few more comments from readers

    1. Andrews Millennium Bible Non-christian കത്തോലിക്കാ അമൂഹത്തെയല്ല നീ പുതുക്കിപ്പണിയേണ്ടത്, മരണപ്പിടച്ചിൽ തുടങ്ങിയിരിക്കുന്ന ഈ ഭൂമിയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് നിന്റെ ദൗത്യം' That is the real gospel. Hope all fanatics of all religion realize it.
    2. Andrews Millennium Bible Non-christian എന്റെ ആലയം എന്ന് ദൈവം പറയുന്നത് ഈ പ്രപഞ്ചത്തെ ഉദ്ദേശിച്ചാണ്, നമ്മെ സംബന്ധിച്ചിടത്തോളം ഈ ഭൂമിയാണത്. Every human is a part of the cosmos, a micro- cosmos. The man sleeping on the roadside to the king in the palace. Fill up your daily life and attitude with good deeds and let it spread all over the Holy Earth. That is the kingdom of god.
    3. Chandra Sekharan ഞങ്ങൾ സ്വീകരിക്കാം. എന്തേ കത്തോലിക്കാ സഭയെ ഉദ്ധരിക്കെണ്ടെന്നു പറഞ്ഞത്? അവർ അത്രക്കും മോശമായോ? Answer - Please don't read what is not written!
    4. Johns Sampoorna True. Jesus has come again.

    ReplyDelete
  3. ഫ്രാൻസീസ് അസ്സീസിയെപ്പോലെ ഒരു പ്രകൃതി സ്നെഹിയാണ് ഫ്രാൻസീസ് മാർപ്പാപ്പയും. ഭൂമിക്കടിയിൽ അടിഞ്ഞുകിടക്കുന്ന ഊർജോത്ഭാദനത്തിനായി സുന്ദരമായ ഈ വാസ സ്ഥലത്തെ നിത്യേന ഖനനം ചെയ്യുന്നകാരണം പ്രകൃതി നശിക്കുന്നതിൽ മാർപ്പാപ്പാ വ്യാകുലനാണ്. ടെക്കനോളജിയുടെ വളർച്ചയും വമ്പിച്ച ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഭൂമിയെ കിഴിക്കലും നാം വസിക്കുന്ന ഭൂമിയെ ആഴത്തിൽ മുറിവേല്പ്പിക്കുന്നു. കാലാവസ്ഥ വ്യതിയാനം മൂലം ഭൂഗോളം തന്നെ ചുട്ടു പഴുത്തുകൊണ്ടിരിക്കുകയാണ്. ഈ സ്വയം നാശത്തിൽ നിന്നും പ്രകൃതിയെ രക്ഷിക്കാൻ ലോക രാഷ്ട്രങ്ങൾ മുമ്പോട്ടു വന്ന് സുധീരമായ ഒരു തീരുമാനം സ്വീകരിക്കാൻ മാർപ്പാപ്പ ആഹ്വാനം ചെയ്തിരുന്നു. മനുഷ്യനു പരിവർത്തനം വരാതെ പ്രകൃതിയെ നവീകരിക്കാനും സാധ്യമല്ലെന്ന് മാർപ്പാപ്പാ പറഞ്ഞു. പ്രകൃതിയുടെ രക്ഷ സഭയുടെ പ്രധാന നയമായും കരുതണമെന്ന് മാർപ്പാപ്പാ ആവശ്യപ്പെട്ടു.

    നമുക്കുശേഷം വരുന്ന ജനതയെ ദുരന്തമാക്കിയിട്ടാണ് ഈ തലമുറ പ്രകൃതിയുടെ ഈ മണ്ണിൽ അവസാനം അടിഞ്ഞു കൂടുന്നത്. ഓയിലും ഗ്യാസും ഡീസലും കത്തിച്ച് നിരത്തിൽക്കൂടി ലക്ഷക്കണക്കിന് വണ്ടികൾ ഓടിയിരുന്ന കാലത്തിനു മുമ്പ്, ഇവിടം, നമ്മുടെ കേരളം സുന്ദരമായ ഗ്രാമങ്ങളും ഭൂപ്രദേശങ്ങളും വയലുകളും ശുദ്ധജലം നിറഞ്ഞ തടാകങ്ങളും ആറുകളും നിറഞ്ഞ പ്രദേശങ്ങളായിരുന്നു. കതിനാ വെടികൾ പൊട്ടിച്ചും കത്തീഡ്രൽ ഉയർത്തിയും മന്ത്രി പുങ്കവന്മാരുടെ ഒത്താശയോടെ വനങ്ങൾ നശിപ്പിച്ചും പാറ പൊട്ടിച്ചും ഈ നാടിനെ തകർത്തെന്നു പറയാം. ഇന്നവിടം പ്ലാസ്റ്റിക്ക് കൂമ്പാരങ്ങളും മലിന ജലവും പ്രകൃതിയെ നശിപ്പിക്കുന്ന ഫാക്റ്ററികളും പുരോഹിത കോർപ്പറേഷനുകളും കൂറ്റൻ കെട്ടിടങ്ങളും വഴി പ്രകൃതിയെ ദുരന്തമാക്കിയിരിക്കുന്നു. കൂമ്പാരം കണക്കെ കുന്നുകൂടിയിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിന് താങ്ങാൻ സാധിക്കുമെന്ന് തോന്നുന്നില്ല.

    മാർപാപ്പായുടെ കാഴ്ചപ്പാടിൽ സാമൂഹിക പ്രശ്നങ്ങൾക്കും പരീസ്ഥിതി പ്രശ്നങ്ങൾക്കും തുല്യപ്രാധാന്യമാണ് കൊടുത്തിരിക്കുന്നത്. മാര്പ്പായായ ദിവസത്തിലെ പ്രാർത്ഥനാ ഗീതത്തിൽ ആറു പ്രാവിശ്യം പരീസ്ഥിതിയെപ്പറ്റി പരാമർശിച്ചതും പ്രകൃതിയോടുള്ള അദ്ദേഹത്തിൻറെ സ്നേഹത്തെ പ്രകടമാക്കുന്നു. പരീസ്ഥിതിയെ നശിപ്പിക്കുന്ന കോർപ്പറേഷനെതിരെയുള്ള മാർപാപ്പയുടെ പ്രസ്താവനയെ വൻ കിട കമ്പനികൾ നിഷേധ രൂപത്തിലാണ് സ്വീകരിച്ചത്. അമേരിക്കയിലെ ചില യാഥാ സ്ഥിതികരായ നേതാക്കന്മാർ മാർപ്പാപ്പയെ ധനതത്വ ശാസ്ത്രത്തിലെ വിലങ്ങു തടി, കമ്മ്യൂണിസ്റ്റുകാരനെന്നെല്ലാം വിളിച്ച് അധിക്ഷേപിച്ചു കൊണ്ടിരുന്നു.


    പ്രകൃതിയെ മലിനമാക്കാതെ കാത്തു സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമായാണെന്നുള്ള ചിന്താഗതി വളർത്തിയെടുക്കണം.ഓരോ കുഞ്ഞിന്റെയും മനസ്സിൽ ഫ്രാൻസീസ് മാർപ്പായുടെ ഹൃദയ നൈർമല്ല്യം വാർത്തെടുക്കണം. പ്രകൃതിയെ സ്നേഹിക്കുന്നവന് പ്രകൃതി ആവേശം നല്കുന്നു. വീണു കിടക്കുന്ന ഒരു പൂവിൽ കവി ഹൃദയം പോലും വേദനിക്കും. പ്രപഞ്ചത്തിലെ നക്ഷത്ര ജാലങ്ങളെയും കൂരിരുട്ടിനെയും മിന്നാ മിനുങ്ങിനെയും നോക്കി കവികൾ ഹ്രുദയസ്പർശമായ രീതിയിൽ കവിതകൾ രചിക്കുന്നു. മഴവില്ലുകളും മഞ്ഞും ചന്ദ്ര പ്രകാശവും നോക്കി ആസ്വദിക്കുന്നവന് ഇവിടം ഈ ഭൂമി ദൈവത്തിന്റെ ആലയമാണെന്നു തോന്നും. താഴൊട്ടൊഴുകുന്ന തെളിമയാർന്ന വെള്ളവും വസന്ത കാലത്തിലെ പനിനീർ പൂക്കളും ലില്ലി പൂക്കളും ആർത്തിരമ്പി വരുന്ന കാറ്റും മഴയും ഇടിയും കൊള്ളിയാനും ദൈവത്തിന്റെ ഈ ആലയത്തെ മനോഹരമാക്കുന്നു. പ്രകൃതിയേയും വന്യജീവജാലങ്ങളെയും പക്ഷികളെയും സ്നേഹിക്കുന്നവർക്കേ കുഞ്ഞുമനസായി കുഞ്ഞുങ്ങളെ സ്നേഹിക്കാൻ സാധിക്കുള്ളൂ. അതാണ് പ്രകൃതി സ്നേഹിയായ ഫ്രാൻസീസ് മാർപ്പാപ്പാ .


    പാർക്കിലും കുളക്കരയിലും ഏകനായി സമയം ചിലവഴിക്കൂ! വെറുതെ ആകാശത്തിലേയ്ക്ക് കണ്ണുകൾ തുറിച്ചുകൊണ്ട് ഏറെ നേരം നോക്കി നില്ക്കൂ. ഇവിടം ആലയമായ പ്രകൃതി നമുക്ക് സന്തോഷം നല്കും. മലകൾ കയറുകയും കുട്ടൻ നാടൻ പുഞ്ച വയലിൽ കൂടി നടക്കുകകയും വാഗമണ്ണിലെ ഇളം കാറ്റ് അടിക്കുകയും പ്രഭാത സൂര്യനിൽ നിന്ന് ഇളം വെയിൽ കൊള്ളുകയും സന്ധ്യാ സൂര്യനെ നോക്കി പ്രകൃതി ഗാനം സ്വയം മനസ്സിൽ ഉരുവിടുകയും പതിവാക്കിയാൽ മനസിന് കുളിർമ്മയും ബുദ്ധിക്കു വികാസവും ഉണ്ടാകും.

    ReplyDelete