Translate

Friday, July 17, 2015

ഒച്ചുകളുടെ ഉച്ചയുറക്കം കെടുത്തുന്ന ഒച്ചപ്പാടുകള്‍

ഒന്നാം ഭാഗം - സത്യജ്വാല ജൂലായ്‌ ലക്കത്തിൽനിന്ന്  
ഇപ്പന്‍ (ഫോണ്‍: 9446561252)

സുന്ദരിച്ചികളായ കത്തോലിക്കാ പ്പിടച്ചികളെ കടകടശകടസാരഥികളായ ഈഴവപ്പൂങ്കോഴികള്‍ കൊത്തിക്കൊണ്ടുപോകുന്നു എന്ന മലയോരമതമേലധ്യക്ഷന്റെ മദനിര്‍ഭരമായ മഹാബദ്ധജല്പനം ശ്രവിച്ചു മതിഭ്രമം ബാധിച്ച കലഹകുതുകികളായ മതമശകമക്കുണാദികളില്‍ നിന്നുത്ഭവിച്ച മര്‍മ്മരധ്വനി സിംഹനാദമായും മേഘനിര്‍ഘോഷമായും ബ്രഹ്മാണ്ഡഭേദന ചണ്ഡാരവമായും പരിണമിക്കാനുള്ള സാദ്ധ്യതയെ മുന്നില്‍കണ്ട് വര്‍ഗ്ഗീയകലാപസംത്രസ്തരായ മാധ്യമമദഗജവൃന്ദങ്ങള്‍ വൃത്താന്ത ഗര്‍ജ്ജനങ്ങള്‍കൊണ്ട് മാവേലിനാടു മുഖരിതമാക്കിയപ്പോള്‍, നഗരം കത്തിയെരിയവേ കിന്നരം വായിച്ച നരാധിപന്റെ നൃശംസതയോടെ, 'അപ്രസക്തമായ ഒരു ഒച്ചപ്പാട്' എന്ന ശീര്‍ഷകത്തില്‍, ജൂണ്‍ 17-ാം തീയതിയിലെ കപ്യാര്‍പത്രത്തില്‍, പൗവ്വത്തില്‍ തിരുമേനീ....., അങ്ങെഴുതിയ മടയലേഖനമാണ് അടിയന്റെ ഈ കൈക്കുറ്റപ്പാടിന്റെ ഉത്ഭവപാപസങ്കേതം. അടിയനെപ്പോലുള്ളവര്‍ക്ക് തിരുമേനിയെപ്പോലുള്ളവരെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വാക്കുകളുടെ മുള്‍മുനകളില്‍ നിര്‍ത്തി വിസ്തരിക്കാന്‍ തോന്നുന്നത്, ഗോലിയാത്തിനെ എറിഞ്ഞു മറികടന്ന ദാവീദിന്റെ ചരിത്രം ആവര്‍ത്തിച്ച്, ആവര്‍ത്തിച്ചാവര്‍ത്തിച്ചു കോരിത്തരിക്കാനുള്ള ചരിത്ര ത്തിന്റെ ഫാസിസ്റ്റ്ദുര്‍ഗ്ഗര്‍വ്വസംഹാരാര്‍ത്തി കൊണ്ടാവാം.
വെള്ളാപ്പള്ളി നടേശന്‍ മെത്രാന്‍മാര്‍ വീഞ്ഞുവാറ്റുകേന്ദ്രങ്ങള്‍ നടത്തുന്നു എന്നാരോപിച്ചപ്പോള്‍ അതു പകുതി കാര്യവും പകുതി തമാശയുമാണെന്നേ അടിയന്‍ കരുതിയുള്ളു. ഇടുക്കി ബിഷപ്‌സ് ഹൗസില്‍ ആനിക്കാവിളയിട്ടു ചാരായവും വാറ്റുന്നുണ്ടെന്ന് അടിയനു തീര്‍ച്ചയായി. കൊച്ചുവെളുപ്പാന്‍ കാലത്തു നമ്മുടെ ഇടയന്മാര്‍ ചായയ്ക്കു പകരം ചാരായമാണോ മോന്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇടയന്മാര്‍ രാവിലെ കുര്‍ബ്ബാന ചൊല്ലുന്നതിനിടയില്‍ ഊതിച്ചു നോക്കാനുള്ള ഏര്‍പ്പാടുണ്ടാക്കണമെന്ന് ഫ്രാന്‍സീസ് മാര്‍പ്പാപ്പയോട് അടിയന്‍ വിനീതമായി അപേക്ഷിക്കുകയും ചെയ്യുന്നു. വാഹനാപകടങ്ങളെക്കാള്‍ എത്രയോ മടങ്ങു ഭയാനകമാണ് വ്വര്‍ഗ്ഗീയകലാപദുരന്തങ്ങള്‍! കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍നിന്നാണ് ഒച്ച ആദ്യം മുഴങ്ങിയത്. അതിനു ചാരായത്തിന്റെ നാറ്റവും ദുരധികാര
ത്തിന്റെ ധാര്‍ഷ്ട്യവും ഉണ്ടായിരുന്നു. ഒരു ഗര്‍ദ്ദഭബുദ്ധിയില്‍ നിന്നും ഛര്‍ദ്ദിക്കപ്പെട്ട സാമുദായിക വൈരകാരിയായ കാളകൂടത്തിന്റെ ഭൂസ്പര്‍ശദുരന്തം അത്യാസന്നമായ സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെ മെത്രാന്‍സമിതിക്കുതന്നെ അതു കൈക്കുമ്പിളിലാക്കി ആചമിക്കേണ്ടിവന്നു. ഛര്‍ദ്ദിത്തളര്‍ച്ചയിലോ കേരളം കൂവിയിരുത്തിയ സാഹചര്യത്തിലോ വൃദ്ധവാസുകിക്കും പത്തി താഴ്ത്തി ചുരുളേണ്ടിവന്നു. ഉദരോന്മുഖമായി പ്രവഹിച്ച കാളകൂടത്തെ നീലകണ്ഠകണ്ഠസ്ഥമാക്കിയ പാര്‍വ്വതീധര്‍മ്മാനുഷ്ഠാനമായിരുന്നു അങ്ങയുടെ ദീപികയിലെ തൃക്കൈവിളയാട്ടം. എന്തായാലും കേരളം പുകയുന്ന നേരത്ത്, ഇങ്ങനെയൊരു തിരുവെഴുത്തെഴുതിയ അങ്ങ് ചാരായം മോന്തിയ കുരങ്ങന്റെ വാലില്‍ കുത്തിയ തേളിന്റെ റോളാണ് അഭിനയിച്ചത്. ഈനാംചാത്തിയെ ആപത്തുകാലത്തുപേക്ഷിക്കാത്ത മരപ്പട്ടിയുടെ ജീവകാരുണ്യബോധമെങ്കിലും അങ്ങയെപ്പോലുള്ളവര്‍ യേശുവില്‍നിന്നു പഠിച്ചല്ലോ!
ഞെട്ടിക്കുന്ന രാഷ്ട്രീയവാര്‍ത്തകള്‍ കുറവായതുകൊണ്ടാണ് മാധ്യമങ്ങള്‍ മതമേലധ്യക്ഷന്മാരുടെ ഇത്തരം നാക്കുളുക്കലുകളെ വിവാദമാക്കുന്നതെന്ന് അങ്ങു നിരീക്ഷിക്കുന്നു. അടിയന്റെ കുഞ്ഞുന്നാളില്‍ ഒരു മെത്രാന്‍ സ്ഥാനാരോഹണം ചെയ്യുമ്പോള്‍ ഒരു ഡസനില്‍ കുറയാത്ത സപ്ലിമെന്റ് പേജുകള്‍ എല്ലാ പത്രങ്ങളും സ്വന്തം ചെലവില്‍ ഇറക്കുമായിരുന്നു. മെത്രാനു ചെറുപ്പത്തില്‍ വരട്ടുചൊറി വന്നതും അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ യൂദാ
ശ്ലീഹായുടെ മധ്യസ്ഥതയാല്‍ സുഖപ്പെട്ടത് അമ്മ അനുസ്മരിക്കുന്നതും, പിത്തശൂല പിടിച്ചപ്പോള്‍ മരുന്നിനു മൂന്നിടങ്ങഴി മുലപ്പാല്‍ തിരക്കി നാനാജാതി മതസ്ഥരുടെ വീടുകളില്‍ അലഞ്ഞുനടന്ന കഥ കൂട്ടുകാര്‍ വിസ്തരിക്കുന്നതും ഒക്കെ ബോക്‌സ് വാര്‍ത്തകളായിരുന്നു. എന്നാല്‍ കഥാപുരുഷന് എസ്.എസ്.എല്‍.സിക്ക് മോഡറേഷന്‍ ഉള്‍പ്പെടെ 210 മാര്‍ക്കേ കിട്ടിയുള്ളു എന്ന കാര്യം അവര്‍ തമസ്‌കരിക്കുകയും ചെയ്യും. ഇന്നിത്രയുമൊക്കെ പ്രാധാന്യം കൊടുത്താല്‍ മനുഷ്യര്‍ പത്രം നിറുത്തുമെന്ന് പത്രക്കാര്‍ക്കറിയാം. തൊപ്പിക്കച്ചവടക്കാരനും കുരങ്ങന്മാരും എന്ന ചിത്രകഥയിലെ മൂത്തകുരങ്ങന്റെ മോഷ്ടിച്ച തൊപ്പിയിലേക്കു നോക്കുന്നതുപോലെ പുച്ഛത്തോടെയാണ് ഇന്നു മനുഷ്യര്‍ മെത്രാന്മാരുടെ മുതലവായന്‍ തൊപ്പിയിലേക്കു നോക്കുന്നതെന്നും അവര്‍ക്കറിയാം. അതുകൊണ്ട് ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ ആശീര്‍വ്വാദത്തോടെ മാധ്യമങ്ങള്‍ മതവിമര്‍ശനത്തിന്റെ മഹിതപാതയിലേക്കു കടന്നിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യവൃക്ഷം ജാതിമതങ്ങളുടെ ജീര്‍ണ്ണിച്ച കമ്പോസ്റ്റുകുഴിയിലാണ് വേരോടിനില്‍ക്കുന്നത്. രാഷ്ട്രീയം മൂല്യാധിഷ്ഠിതമാകണമെങ്കില്‍ മതങ്ങള്‍ വ്യാജആത്മീയതയില്‍ നിന്നു സ്വതന്ത്രമാവണമെന്ന് മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. അതുകൊണ്ട്, മതവിമര്‍ശനത്തിനൊരുമ്പെടുന്ന മാധ്യമപ്രവര്‍ത്തകരെ ലില്ലിപ്പൂക്കളും ശോശന്നപ്പുഷ്പങ്ങളും ഒലിവുതലപ്പുകളും വിതറിയ വീഥിയിലൂടെ വിശ്വാസികള്‍ വരവേല്‍ക്കണം. മുന്തിരിപ്പന്തലുകളില്‍നിന്നുള്ള ശീതളസാന്ത്വനംമതഭ്രാന്തോഷ്ണകിരണങ്ങളില്‍നിന്ന് ആ സാധുക്കള്‍ക്ക് ഒരുക്കിക്കൊടുക്കുകയും വേണം.
ഇടവകകളില്‍നിന്നു ദൈവവിളി കിട്ടിയ സുവര്‍ണ്ണദേവദൂതന്മാര്‍മാത്രമുള്‍പ്പെടുന്ന പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ മാധ്യമമാര്‍ജ്ജാരന്മാര്‍ക്കെന്തു കാര്യം എന്നു ക്ഷോഭിക്കുന്ന തിരുമേനി അങ്ങാടിയില്‍ തോറ്റതിന് അമ്മയോടു കലഹിക്കുന്ന ചിത്താന്തം പിടിച്ച മുഠാളന്‍കുട്ടിയെ ഓര്‍മ്മിപ്പിക്കുന്നു. മനോരമ ചാനലിലെ മാധ്യമ മാര്‍ജ്ജാരികള്‍ മലയോരമതമേലധ്യക്ഷമൂഷികനെ നഖരപാദങ്ങള്‍ക്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിച്ചത് അങ്ങയെ ഒട്ടൊന്നുമല്ല പ്രകോപിപ്പിച്ചത്. പ്രസക്തി തീര്‍ന്നുകഴിഞ്ഞാല്‍ അങ്ങയെപ്പോലുള്ളവരെ കറിവേപ്പിലപോലെ ആദ്യം എടുത്തെറിയുന്നതു മനോരമയായിരിക്കും. അങ്ങയെപ്പോലുള്ളവര്‍ക്ക് പുരാവസ്തുപദവിയെങ്കിലും തരുവാന്‍ 'ഓശാന'യും 'സത്യജ്വാല'യുമേ കാണൂ.                       (തുടരും)


1 comment:

 1. To the editor of Almaya Shabdam: Please indent the paragraphs; it makes the the presentation neat and reading a lot easier.

  A few tips to the author: It is evident that you have an exceptional command over the Malayalam language. There are a few stylistic things that will improve the readability (most are borrowed from Strunk and White's book, The Elements of Style).

  1. Make paragraph the unit of composition: text contains paragraphs and each paragraph introduces one idea.
  2. Write using nouns and verbs, not adjectives and adverbs: adjectives and adverbs are subsidiary, do not overuse them.
  3. Omit needless words.
  4. Avoid fancy words.
  5. Use figures of speech and rhymes sparingly.
  6. Do not overstate.

  ReplyDelete