Translate

Saturday, July 25, 2015

കലികാലത്തിലൊരു കരി*കാലം!

മാർത്തോമ്മാ കേരളത്തിൽ വന്നിട്ടൊരുപാട് കാലമായെങ്കിലും, കത്തോലിക്കരുടെ കഴുത്തിനു പിടി മുറുക്കിയിട്ട് ഏതാണ്ട് 25 വർഷങ്ങളേ ആയിക്കാണൂ. മാർത്തോമ്മാ ഇന്ത്യയിൽ വന്നിരുന്നെങ്കിൽ തന്നെ ഒരു സഭ സ്ഥാപിച്ചിരുന്നോ എന്നൊരു ചോദ്യം ഉണ്ട്; അദ്ദേഹം സ്ഥാപിച്ചു എന്നു പറയുന്ന ഏഴര പള്ളികളിൽ എന്തു നടന്നുവെന്ന ചോദ്യവും അവിടെ ഇരിക്കട്ടെ, അന്നു നമ്പൂതിരിമാർ തെക്കേ ഇന്ത്യയിൽ ഉണ്ടായിരുന്നോ എന്ന ചോദ്യവും അവിടെ ഇരിക്കട്ടെ, അദ്ദേഹം ഇവിടെ വന്നെങ്കിൽ അന്നു പ്രായം 75 എന്നു പറയുന്നവർ ഏതെങ്കിലും ഒരു സൈഡിൽ ഇരിക്കട്ടെ, റോമിലുള്ള തിരുശേഷിപ്പ് ഏതു തോമ്മായുടേതാണെന്ന ചോദ്യവും അവിടെ ഇരിക്കട്ടെ, തോമ്മായുടെ സുവിശേഷം അംഗീകരിക്കാൻ നമുക്കു കഴിഞ്ഞോയെന്ന ചോദ്യവും അവിടെ ഇരിക്കട്ടെ, വീട്ടിലിരിക്കുന്ന അത്മായർക്ക് ഈ MA (RSc) കൊണ്ടെന്തു പ്രയോജനം എന്ന ചോദ്യം മാത്രം നിൽക്കട്ടെ. മതം (Religious Science? -RSc-) ഒരു ശാസ്ത്രമാണെന്നു ഞാൻ ആദ്യം കേൾക്കുകയാ; സീറോ മലബാർ സഭ ശാസ്ത്രീയമാണെന്നു തോന്നിയിട്ടുണ്ട്, അത്രേയുള്ളൂ. ശാസ്ത്രം മതത്തിന്റെ അങ്ങേ അറ്റത്തുണ്ടെന്നും ശാസ്ത്രത്തിന്റെ അങ്ങേ അറ്റത്തു മതമാണെന്നുമൊക്കെ പലരും പിറുപിറുക്കുന്നതു കേട്ടിട്ടുണ്ട് താനും. ഇതുപോലത്തെ കുറെ മണ്ടൻ ചോദ്യങ്ങളുമായി എന്നെങ്കിലും സാത്താൻ വരുമെന്നാദ്യം മനസ്സിലാക്കിയത് ചങ്ങനാശ്ശേരിക്കാരാണെന്നു തോന്നുന്നു. അവരിൽ ചിലരുടെ നീളം കൂടിയ ദൃഷ്ടിയുടെ ഫലമായിരിക്കണം ചങ്ങനാശ്ശേരിയിലെ മാർത്തോമ്മാ വിദ്യാനികേതൻ. അവിടെ മതശാസ്ത്രത്തിൽ ഡിപ്ലോമാ, ഡിഗ്രി, മാസ്റ്റേർസ് ഡിഗ്രി മുതലായവ അർഹരായവർക്ക് കൃത്യമായി കൊടുക്കുന്നു. കർത്താവിന്റെ കണക്കനുസരിച്ചാണെങ്കിൽ വചനം പ്രസംഗിക്കാനും, വെളിവുണ്ടാകാനും പരി. ആത്മാവിന്റെ അനുഗ്രഹം മാത്രം മതി, സർട്ടിഫിക്കറ്റ് വേണ്ട. സ്നാപക യോഹന്നാന്റെ കണക്കനുസരിച്ച് ജലത്താൽ സ്നാനപ്പെടുത്തുന്നവരുടെ കാലം കഴിഞ്ഞിരിക്കണം, പരി. ആത്മാവാൽ സ്നാനപ്പെടുത്തുന്നവർ വന്നിരിക്കുകയും വേണം; അതിനും വേണ്ട MA (RSc). പവ്വത്തിൽ പിതാവു പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനെതിരെ ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ മറുപടി പറയാൻ വിശ്വാസികളെ തയ്യാറാക്കുക എന്നതാണോ ഇതിന്റെ ലക്ഷ്യമെന്നു ഞാൻ സംശയിക്കുന്നു. അവിശ്വാസികൾ കാട്ടുകല്ലോ പന്നിപ്പടക്കമോ വികട സരസ്വതിയേയോ ആണു പുറത്തെടുക്കുന്നതെങ്കിൽ (പശ്ചിമ ഘട്ടത്തിലേതുപോലെ) എന്തു ചെയ്യണമെന്നു കോഴ്സിലില്ല (സിപ്പു തുറക്കുന്നവരെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നും അതിലില്ല). ഈ കോഴ്സിലും പതിവു പോലെ, സഭ പഠിപ്പിക്കുന്നതു ശരിയാണെന്നതിനു തെളിവ് സഭയുടെ പഠനങ്ങൾ മാത്രമായിരിക്കാനാണു സാദ്ധ്യത. അച്ചന്മാരെ കുറ്റം പറയരുതെന്ന് അച്ചന്മാർ തന്നെ നമ്മളോട് പറയാറില്ലെ? അതു പോലെ. നമ്മുടെ വേദപാഠശാലയുടെ പേര് മതപാഠശാലയെന്നാക്കാൻ എത്ര നാളായി വിശ്വാസികൾ പറയുന്നു.

വടവാതൂർ സെമ്മിനാരിയിൽ നിന്നു പുറത്തിറങ്ങുന്ന ചങ്ങനാശ്ശേരി പോരാളികൾ മാത്രം മതി ഈ സഭയെ ഇതുപോലെ തന്നെ ശരിയാക്കാൻ എന്നിരിക്കെ ഇങ്ങിനെയൊരു നികേതൻ ആവശ്യമില്ലായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. ഇങ്ങിനെ ഓരൊരുത്തരുടേയും പേരിൽ നികേതനങ്ങൾ വന്നാൽ എന്താ സ്ഥിതി? പവ്വത്തിന്റെ കാലശേഷം ഒരു നികേതനുള്ള സ്ഥലം ഇടണമല്ലോ!  വേണ്ടിയിരുന്നത് ആയോധന കലകളിൽ പരിശീലനം നൽകുന്ന ഒരു മാർത്തോമ്മാ സ്കൂൾ ഒഫ് മാർഷ്യൽ ആർട്സ് ആയിരുന്നുവെങ്കിലും (ലത്തീൻ - സുറിയാനി വിശ്വാസികളുടെ ഇടയിൽ വളർന്നുകൊണ്ടിരിക്കുന്ന സൗഹൃദത്തിന്റെ ബലം പെട്ടെന്നു കൂടിയാൽ കരുതിയിരിക്കുന്നതു നല്ലതാ) ഏറ്റവും ഉപകാരം ചെയ്യുമായിരുന്നത് ചെകുത്താനെ പുറത്താക്കാൻ പഠിപ്പിക്കുന്ന സ്കൂൾ ഓഫ് എക്സോർസിസ്റ്റ്സ് ആയിരുന്നു. പിശാചുക്കളുടെ എണ്ണം കണ്ടമാനം കൂടിയിരിക്കുന്നു! കർത്താവ് പിശാചുക്കളെ പുറത്താക്കാനും പാപങ്ങൾ മോചിപ്പിക്കാനുമുള്ള അധികാരം ശിക്ഷ്യന്മാർക്കു കൊടുത്തെങ്കിലും, മിക്ക അച്ചന്മാരും കുമ്പസാരിപ്പിക്കാനുള്ള അധികാരം മാത്രമേ എടുക്കുന്നുള്ളൂ (പിശചുക്കളെ, വേണമെങ്കിൽ അത്മായൻ നേരിട്ടോട്ടെയെന്ന ഈ നിലപാട് ശരിയല്ല). അച്ചന്മാർക്ക് ചെകുത്താനുമായി ഒരു ധാരണ ഉണ്ടോയെന്നു ഞാനും സംശയിക്കുന്നു. വ്യാപകമായി നാമുപയോഗിച്ചു കൊണ്ടിരുന്നതും, സർവ്വ ഡ്രാക്കുളാ സിനിമകളിലും മനുഷ്യന്റെ ഏറ്റവും മികച്ച പ്രതിരോധായുധമായി കാണിക്കുകയും ചെയ്തിരുന്ന കുരിശു മാറ്റി മാനിക്കേയൻ കുരിശ് (ചെകുത്തന്റെ അടയാളം എന്നു വിശേഷിപ്പിക്കപ്പെട്ടു കേട്ടിട്ടുണ്ട്) അവതരിപ്പിച്ചത് എന്റെ സംശയം കൂടാനും കാരണമായി എന്നു പറയാതെ വയ്യ. 

കർത്താവ് അൽഭുതങ്ങൾ ചെയ്തു എന്നു നാം പറയുന്നു. വി. പത്രോസ് (കൊർണേലിയൂസിന്റെ ഭവനത്തിൽ) കർത്താവിന്റെ അൽഭുതങ്ങളെപ്പറ്റി പറഞ്ഞപ്പോൾ അതു ചെകുത്താനെ പുറത്താക്കൽ മാത്രമായി. യേശുവിൽ നിന്നു പിശാചുക്കളെ പുറത്താക്കാനുള്ള അധികാരം നേരിട്ടു കിട്ടിയ പതിനൊന്നു ശിക്ഷ്യരേയും ഭയമായിരുന്നതു കൊണ്ടാവണം, പൗലോസ് സ്ഥാപിച്ച സഭയുടെ പിന്നാലെ എല്ലാരും പോയത്; അവിടെനിന്നാണല്ലോ, ക്രിസ്ത്യാനികൾ  ഒരു പ്രസ്ഥാനമായതും പിന്നീട്  മതമായതും, കൂദാശകൾ ഒന്നൊന്നായി പെറ്റു പെരുകിയതും. കർത്താവാകട്ടെ ശിക്ഷ്യന്മാരാകട്ടെ, എല്ലാവരും ഒറ്റക്കൊറ്റക്കാളെ വിളിച്ച് പിശാചിനെ ഇറക്കി വിട്ടു; നമ്മുടെ കരി*ക്കുകാരാവട്ടെ (കരി* =കരിസ്മാറ്റിക്) ആളുകളെ കൂട്ടത്തോടെ വരുത്തി പിശാചുക്കളെ നേരിടുന്നു. എന്റെ സംശയം, ശരിക്കും പിശാചു ബാധിച്ചിരിക്കുന്നത് ആർക്കാണെന്നാ? തമാശയല്ല ഞാൻ പറയുന്നത്; മറുതുണിപോലുമെടുക്കാതെ കോയമ്പത്തൂർ നഗരത്തിൽ കറങ്ങി നടന്ന അതിരമ്പുഴയിലെ ഒരു പ്രസിദ്ധ ധ്യാനപ്രസംഗകന്റെ തലക്കുള്ളിൽ പരി. ആത്മാവായിരുന്നെന്നു മെത്രാൻ പോലും പറയില്ല (ധ്യാന പ്രസംഗകനായിരുന്ന അദ്ദേഹം ആരോടും പറയാതെ എവിടൊക്കേയോ ഏതാനും ആഴ്ചകൾ അലഞ്ഞു നടന്നുവെന്നു പറയപ്പെടുന്നു); എഡ്വിനച്ചനെ ഒളിപ്പിച്ചിരിക്കുന്നത് പരി. ആത്മാവാണെന്നും ആരും പറയില്ല. തൊടുപുഴയിൽ പ്രൊ. ജോസഫിനേയും, പഴയ നിയമത്തിലെ ജോബിനേയും പരീക്ഷിച്ചത് മാലാഖമാരായിരുന്നില്ലല്ലൊ. മോനിക്കായുടെ കാര്യത്തിൽ മോനിക്കാക്കുറപ്പുണ്ട്, നടന്നതെന്താണെന്ന്. വിദേശങ്ങളിൽ ഒരു വർഷം ഇരുപതിലേറെ കരി*ധ്യാനങ്ങൾ (ഏകദിനമായും ഏകവാരമായും) നടക്കുന്ന പള്ളികൾ വരെ ഉണ്ടത്രെ. ധ്യാനങ്ങളുടെ അതിപ്രസരം ഉണ്ടായാൽ, വീട്ടമ്മമാർക്ക് ഭ്രാന്തും, ഭർത്താക്കന്മാർക്കു കിറുക്കും, മക്കൾക്ക് വട്ടും, കാർന്നോന്മാർക്ക് ബുദ്ധിഭ്രമവും പിടിച്ചേക്കാമെന്നു മരക്കോന്തന്മാർ വരെ പറയുന്നു. വളരെ ദയനീയമാണവസ്ഥ, ഓരോരുത്തർ വിവരിക്കുന്നതു കേട്ടാൽ! 

ഓരൊ കരി*ധ്യാനം കഴിയുമ്പോഴും പ്രദേശത്തെ മൊത്തം പിശാചുക്കളുടെ എണ്ണം കൂടുകയാണോ കുറയുകയാണോ? The experiences of an Exorcist ൽ സഭയുടെ ഔദ്യോഗികനായ Fr Gabriel Amorth പറയുന്നത്, "നുണയന്മാരുടെ രാജാവാണ് പിശാചെന്ന കാര്യം നമുക്കു മറക്കാതിരിക്കാം, അവൻ വെറുതെ ആരിലെങ്കിലും കുറ്റം ആരോപിക്കുകയും സംശയവും ശത്രുതയും ഉണ്ടാക്കുകയും ചെയ്യും..." എന്നാണ്. മിക്ക കരി*ത്തൊഴിലാളികളും മനുഷ്യരെ കുറ്റക്കാരാക്കി പരസ്പരം ശത്രുതയുണ്ടാക്കുകയാണെന്നു പറയാം. അനന്ത സ്നേഹമായ ദൈവത്തിന്റെ കോപത്തിൽ നിന്ന് ഓടിയകലാനാണവർ പറയുന്നത്. അനന്തസ്നേഹം കടിക്കുമോ? ശിക്ഷിക്കുന്ന ദൈവത്തിന്റെ സ്നേഹം, എങ്ങനെ അനന്തവും വ്യവസ്ഥാതീതവുമാകും? കരി*ത്തൊഴിലാളികൾക്ക് സീറോമലബാർ മാത്രം ദൈവത്തിന്റെ മക്കളും ബാക്കിയെല്ലാം പിശാചിന്റെ സന്തതികളുമാണല്ലൊ! കരി*പ്രേഷിതരെ എതിർക്കുന്നവരെ (പരോക്ഷമായി) അവർ ശപിക്കുന്നതും കാണാം. "ശാപങ്ങൾ തിന്മയെ സഹായത്തിനു വിളിക്കുന്ന രീതിയാണിത്' (The experiences of an Exorcist - Fr Gabriel Amorth). ഈ ആധികാരിക പുസ്തകം തുടർന്നു പറയുന്നു, "ദൈവത്തിൽ നിന്നു വേർപെടുമ്പോൾ മനുഷ്യൻ പാവപ്പെട്ടവനും അസന്തുഷ്ടനുമാകുന്നു; ജീവിതത്തിന്റെ അർഥം മനസ്സിലാക്കാൻ അവനു സാധിക്കുകയില്ല. അതിലുപരി കഷ്ടപ്പാടുകളുടെയും സഹനത്തിന്റെയും മരണത്തിന്റെയും അർത്ഥവും. ലോകം ഒരു വശീകരണം പോലെ വെച്ചു നീട്ടുന്ന സന്തോഷങ്ങൾക്കായി അവൻ ആഗ്രഹിക്കുന്നു. ധനം, അധികാരം, ആരോഗ്യം, സ്നേഹം, സന്തോഷം, കീർത്തി...... പിശാച് ഇപ്രകാരം പറയുന്നതുപോലെ തോന്നും, "നീ എന്നെ ആരാധിച്ചാൽ ഇവയെല്ലാം നിന്റേതാകും"- ലൂക്കാ 4:6-7. ഓരോ കരി*ധ്യാനങ്ങളിലേക്കും ഇടിച്ചു കയറുന്ന മനുഷ്യർ മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലുമൊന്നിനു വേണ്ടിയാണ് ഓടിയടുക്കുന്നതെന്ന സത്യം നടുക്കത്തോടെ മാത്രമേ എനിക്കു കാണാൻ കഴിയുന്നുള്ളൂ. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് സഭയിൽ, ദൈവത്തിൽ നിന്നകലുന്നവരുടെ എണ്ണം വർദ്ധിക്കുകയാണെന്ന്. ഈ പുസ്തകത്തിൽ തന്നെ പറയുന്നു, "ജനക്കൂട്ടത്തെ ഇളക്കാനായി ചില പാട്ടുകാർ ഉപയോഗിക്കുന്ന ഉന്മത്തമായ സംഗീതം പിശാചിന്റെ ആയുധമാണെന്നു പറയാൻ ഞാൻ മടിക്കുന്നില്ല." 

ഇതേ പുസ്തകം, യഥാർത്ഥ വരങ്ങളും ദാനങ്ങളും വിവേചിച്ചറിയാൻ നാലു മാർഗ്ഗനിർദ്ദേശങ്ങൾ തരുന്നു: 1) വ്യക്തികളോ സമൂഹങ്ങളോ കലർപ്പ്പില്ലാത്ത സുവിശേഷം ജീവിക്കുന്നവരാകണം (ഫാ.എഡ്വിൻ അടക്കം, വചനപ്രഘോഷകരായ നിരവധി പേർ ഗുരുതരമായ ആരോപണങ്ങൾക്കു വിധേയരായിട്ടുണ്ട്, (ഇപ്പോൾ തിളങ്ങിനിൽക്കുന്ന മിക്കവരും ആരോപണ വിധേയരാണ്). 2) വ്യക്തികളും സമൂഹവും ഇത്തരം ദാനങ്ങൾ സ്വീകരിക്കുന്നതു തികച്ചും സൗജന്യമായിട്ടായിരിക്കണം. സമ്പന്നരാകാനുള്ള കുറുക്കുവഴികളായി സംഭാവനകൾ പോലും സ്വീകരിക്കരുത് (പണം വാങ്ങാതെയോ പിരിവെടുക്കാതെയോ സുവിശേഷം പ്രസംഗിക്കുന്ന ഒരൊറ്റ കരി*പ്പണിക്കാരനെയെങ്കിലും ആർക്കെങ്കിലും കാണിച്ചുതരാമോ?). 3) ഇത്തരം ഭക്താഭ്യാസങ്ങളിൽ കൃപ സ്വീകരിക്കുന്നതിനായി ഉപയോഗിക്കുന്ന വഴികൾ സഭ ഔദ്യൊഗികമായി അംഗീകരിച്ചതാവണം (ഇപ്പോഴത്തെ കരിസ്മാറ്റിക് ധ്യാനരീതികൾ നമ്മുടെ സഭ അംഗീകരിച്ചിട്ടുണ്ടെങ്കിൽ സദയം അറിയിക്കുക). 4) ഫലങ്ങൾ നന്മ ഉളവാക്കുന്നതായിരിക്കണം; ഫലത്തിൽനിന്നു വൃക്ഷത്തെ അറിയുക - മത്തായി 12: 32 (സമൂഹത്തിൽ ഇത്രയും ധ്യാനങ്ങൾ നടന്നു, സഭാമക്കൾ ധാർമ്മികമായി വളർന്നോ തളർന്നോ? ഫലമറിയാൻ, കേരളത്തിലെ ക്രിസ്ത്യൻ കുറ്റവാളികളുടെ ശതമാനം മാത്രം കണ്ടാൽ മതി; അല്ലെങ്കിൽ കരി*ധ്യാനങ്ങൾക്ക് മുമ്പും പിമ്പുമുള്ള കേരള കത്തോലിക്കരിലെ വിശ്വാസജീവിതം പരിശോധിച്ചാലും മതി; ഒന്നുമല്ലെങ്കിൽ, ഒരു ക്രിസ്ത്യാനിക്കിപ്പോൾ സമൂഹത്തിലുള്ള വില സുറിനോമീറ്റർ* (മറ്റുള്ളവർ പറയുന്ന ആക്ഷേപത്തിന്റ് വോൾട്ടേജ് അളക്കുന്ന മീറ്റർ) ഉപയോഗിച്ച് അളന്നു നോക്കിയാലും മതി. ഈ പുസ്തകം വായിക്കേണ്ടവർ, Sophia Books, Malaparamba, Kozhikode, 673009 എന്ന വിലാസത്തിൽ ബന്ധപ്പെടുക. 160 രൂപയാണ് ഈ പുസ്തകത്തിന്റെ വില. കോട്ടക്കൽകാരൻ മൈക്കിൾ, ഒന്നര വർഷം മുമ്പു വായിക്കാൻ തന്ന ഒരു പുസ്ഥകമാണിത്. റോമാ സഭയുടെ ഔദ്യോഗിക ഭൂതോശ്ചാടകനായിരുന്ന ഒരു വൈദികൻ എഴുതിയതാണിത്.

കരി*ക്കുടുംബങ്ങളുടെ (വിദേശങ്ങളിലെ) ഒരു വശം ഇങ്ങിനെ: ആകാവുന്ന മകനും ഭാര്യയും ജോലിസ്ഥലത്തു നിന്നു മാറിയാൽ പള്ളിക്കകത്ത് (ചില പുണ്യസ്ഥലങ്ങളിൽ രാത്രി ഒൻപതു മണിക്കു വീട്ടമ്മമാരുടെ ടെലിഫോൺ കൊന്തയുണ്ട്, ചിലടത്തിതു വാട്സാപ്പിലാണ് ); ഒപ്പമുള്ള അപ്പനും അമ്മയും മുഖത്തോടു മുഖം നോക്കി തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിക്കുകയും കറുപ്പിക്കുകയും ചെയ്യും. പ്രിയപ്പെട്ട റ്റാബ്ലറ്റ് മക്കൾ അവരുടെ മാതാപിതാക്കന്മാരെ വല്ലപ്പോഴും കാണുന്നു, അത്യാവശ്യ കാര്യങ്ങൾ മാത്രം സംസാരിക്കുന്നു, പരസ്പര ധാരണ എന്നതു കുടുംബത്തിൽ നിന്നും അപ്രത്യക്ഷമാകുന്നു. ഇവിടെ വീടിനു കുഴപ്പമൊന്നും വരാതെ എല്ലാവരും നോക്കുന്നു; വീട്ടിനുള്ളിലുള്ള കുടുംബം തകരുന്നതാരും കാണുന്നുമില്ല! അമ്മമാർ ജോലികഴിഞ്ഞു വന്നു വീട്ടുജോലിയും ചെയ്തു വിശ്രമിക്കുകയും അപ്പന്മാർ പള്ളി സംബന്ധമായ കാര്യങ്ങളിൽ മിച്ച സമയം ചിലവാക്കുകയും ചെയ്യുന്ന വീടിന്റെ കാര്യം ഓർത്തു നോക്കിക്കേ! ഇംഗ്ലണ്ടിലെ വട്ടായി പ്രശ്നം, പരി. ആത്മാവിന്റെ ആളുകളെ വല്ലാതെ നോവിച്ചിട്ടുണ്ടെന്ന് കാണാൻ, ചിലർ സോഷ്യൽ മീഡിയാകളിലൂടെ നടത്തുന്ന ന്യായീകരണങ്ങൾ കേട്ടാൽ മതി (താമസിയാതെ പരി. ആത്മാവും ഫെയിസ് ബുക്കിൽ അക്കൗണ്ട് തുടങ്ങിയേക്കാം!). ഇപ്പോൾ അവർ പറയുന്നു, വട്ടായി ഒരു സാധാരണ അച്ചൻ മാത്രമെന്ന് (ഇതു തന്നെയല്ലെ ഞങ്ങൾ എക്കാലവും പറഞ്ഞുകൊണ്ടിരുന്നത്?). ആളുകൾ എതിർക്കുന്നത് വട്ടായി അച്ചനേയോ സോജി അച്ചനേയോ അല്ല, സമൂഹത്തെ അടിമുടി നശിപ്പിക്കുന്ന കരി*പ്രസ്ഥാനങ്ങളെ മൊത്തമാണ്. കുട്ടികളെന്തോർക്കുമെന്നു കരുതി, ഭാര്യയെ പിണക്കേണ്ടെന്നു കരുതി, സമൂഹത്തിൽ വിമതനാകേണ്ടെന്നു കരുതിയൊക്കെ ധ്യാനത്തിൽ വന്നു കൈപൊക്കി കാശും തന്നു പോകുന്ന നിരവധി പുരുഷന്മാരും, കെട്ടിയോന്മാരുടെ ശല്യം സഹിക്കാഞ്ഞ്‌ ധ്യാനത്തിൽ പങ്കെടുക്കുന്ന ഭാര്യമാരും, മാതാപിതാക്കൾ വഴക്കു പറഞ്ഞു വിടുന്ന കുട്ടികളും ഒക്കെയുണ്ടിതിൽ. അവസരം കിട്ടിയാൽ എല്ലാവരും തിരുവായ് തുറക്കുമെന്നിനിയെങ്കിലും മനസ്സിലാക്കുക (ഇംഗ്ഗ്ലണ്ടിൽ ഇത്രയും പ്രതീക്ഷിച്ചില്ല അല്ലേ?). ഇപ്പോൾ അച്ചന്മാരെ കുറ്റം പറഞ്ഞാൽ തറവാട് അറ്റുപോകും എന്ന വാദഗതി നിർത്തി, പരി. ആത്മാവിനെ കുറ്റം പറഞ്ഞാൽ മൊത്തം തീർന്നു എന്ന നിലയിലായി. (അതായത്, ഇവർ പറയുന്നിടത്തേ പരി. ആത്മാവിനു വരാൻ പാടുള്ളൂ, ഇവർ പറയുന്നതേ പരി.ആത്മാവു ചെയ്യാൻ സാദ്ധ്യതയുള്ളൂ, ഇവരെ വിമർശിക്കുകയെന്നാൽ പരി. ആത്മാവിനെ വിമർശിക്കുന്നതിനു തുല്യം; പരി. ആത്മാവു വരണമെങ്കിൽ ഇതു പോലെ കൂട്ടം കൂടി ബഹളം വെയ്ക്കണം!). നന്നായിരിക്കുന്നു കുട്ടികളെ, സാക്ഷാൽ യേശുമിശിഹായെ തെറി പറഞ്ഞവരോടു പോലും കർത്താവ് ഇങ്ങിനെ പറഞ്ഞിട്ടില്ല. 

നോട്ടിങ്ങ്ഹാം ന്യായീകരണം പോകുന്നതു കണ്ടോളൂ, സംഭവം നടന്നത് വേദിക്കു പുറത്ത് (അതായത് നൂറടികൂടി അകത്തേക്കു വന്നിരുന്നെങ്കിൽ സുരക്ഷിതരായേനെ), ഇവർ പ്രാർത്ഥിക്കാമെന്നേ പറയുന്നുള്ളൂ അൽഭുതം പ്രവൃത്തിക്കുന്നത് പരി. ആത്മാവാണ് (അപ്പോൾ പിന്നെ, അഭിഷേകാഗ്നി, രോഗശാന്തി, മലപ്പുറം കത്തി, തോക്ക്, കുന്തം, വാൾ, ചുറ്റിക എന്നൊക്കെ എന്തിനാ പറയുന്നത്?). പ്രിയ സ്നേഹിതരെ, സഭക്കു പുറത്തുള്ളവരല്ല, അകത്തുള്ളവരാ നിങ്ങളെ കൂടുതൽ വെറുക്കുന്നത്. ലത്തീനിലേക്കു മാറാൻ സമ്മതിച്ചാൽ സൗകര്യപ്പെടുന്നവർ മുഴുവൻ പോകും. സീറോ മലബാർ ഒഴിച്ചു ബാക്കി എല്ലാ റീത്തുകളും, മതങ്ങളും, സംസ്കാരങ്ങളും ദൈവത്തിനബദ്ധം പറ്റി നശിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നുള്ള വില കുറഞ്ഞ വാദഗതി ഒന്നു നിർത്തിയാൽ കരി*വാദികളെ സുബുദ്ധിയുള്ളവരുടെ കൂട്ടത്തിൽ മറ്റുള്ളവർ പരിഗണിച്ചെന്നിരിക്കും. കുറഞ്ഞോരു കാലം കൊണ്ട് ഏറ്റവും അബദ്ധവിശ്വാസികൾ എന്ന പദവി ഐ എസ് ഭീകരരുടെ കൈയ്യിൽ നിന്നും സീറോ മലബാർ സ്വന്തമാക്കും. ലോകത്തിലെ ഏറ്റവും വൈബ്രന്റ് കമ്മ്യുണിറ്റി എന്നാണ് സഭയുടെ വെബ് സൈറ്റിൽ തന്നെ സ്വയം പറയുന്നത്. സത്യമാ....വൈബ്രേറ്റ് ചെയ്യാത്തവർ ഇതിനുള്ളിൽ കുറവാ. രണ്ടച്ചന്മാരെ ഡെറാഡൂൺ ഫോറസ്റ്റ് ഓഫീസർ മിനിയാന്നു പിടിച്ചു - 12 കിലോ കാട്ടിറച്ചിയുമായി. ഇറച്ചിയോ മീനോ ഇല്ലാതെ ഒരു നേരം പോലും പോവില്ല പലർക്കും. ഐ എസ് പോരാളികൾ മനുഷ്യരെ കൊല്ലുകയേ ഉള്ളൂ, ഞെക്കി പിഴിയില്ല. ഒരൊറ്റ വർഷം കേരളത്തിലെ 800 ഓളം സീറോമലബാർ പള്ളികളിലെല്ലാം കൂടി നടക്കുന്ന പിരിവ്, ആയിരം കോടിക്കു മുകളിൽ വന്നേക്കാം. ആർക്കെങ്കിലും പേടി തോന്നുന്നുണ്ടോ? സഭാസ്ഥാപനങ്ങളിൽ കൂടി കിട്ടുന്ന ക്യാപ്പിറ്റേഷൻ വേറെ, ഷോപ്പിങ്ങ് കോമ്പ്ലക്സുകൾ തരുന്നതു വേറെ, വിദേശങ്ങളിൽ നിന്നൊഴുകുന്നതു വേറെ, സംഭാവനകൾ വേറെ! കുമരകത്തു വരുന്ന ദേശാടന പക്ഷികളേയും, കേരളത്തിൽ ജോലി തേടി വന്നിട്ടുള്ള വടക്കേ ഇന്ത്യാക്കാരെയും ഇവർ ഉപദ്രവിക്കാൻ സാധ്യതയില്ല; പക്ഷികൾക്കു പരി. ആത്മാവിനെ പേടിയില്ല, വടക്കേ ഇന്ത്യാക്കാർക്കച്ചന്മാരെയും പേടിയില്ല. അലക്കാനിട്ടിരിക്കുന്ന ളോഹ കണ്ടാൽ ഹൃദയം മിടിക്കുന്ന മലയാളി മണ്ടന്മാരുള്ളിടത്തോളം കാലം കരി* കട്ടയായവിടെത്തന്നെ കാണും.

പതുപതിനാറു വർഷം വേദപാഠം പഠിച്ച കുട്ടികൾ പുല്ലുപോലെ ഒരു മന:പ്രയാസവും കൂടാതെ സഭ വിട്ടുപോകുന്നതിനേപ്പറ്റിയാ ഇയ്യിടെ ഇടുക്കി മെത്രാൻ പറഞ്ഞത്. ഇവർക്കെന്തു പറ്റി? ഒന്ന് + ഒന്ന് = മൂന്നെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? സീറോ മലബാർ സഭ പഠിപ്പിക്കുന്ന കണക്കുകളും തിയറികളും ആരുടെയും പ്രായോജിക ജീവിതത്തിൽ ചേരുന്നില്ല; അതാണു പ്രശ്നം. പ്രാർത്ഥിക്കുമ്പോൾ ഇശ്ചിക്കുന്നതു പോലെ നടന്നാൽ അൽഭുതം, വെച്ചോ കാശ്; മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ അതു ദൈവത്തിന്റെ പദ്ധതി - അതു കാണിച്ചു തന്നതിനു വെച്ചോ കാശ്. നിർത്തി പോയിക്കൂടെ ബഹുമാന്യ സ്നേഹിതരെ, സമുദായത്തെ നാണം കെടുത്താതെ? പണ്ടൊക്കെ പ്രപഞ്ചത്തിന്റെ ഏതു പൊത്തിൽ ചെന്നാലും അവിടൊരു മലയാളിയെന്നൊരു സങ്കൽപ്പം ഉണ്ടായിരുന്നു. ഇന്നതു മാറി, എവിടെ പത്തു മലയാളിയുണ്ടോ അവിടെ ഒരു സീറോ - മലബാർ അച്ചൻ, ഒരു കരി*ധ്യാനം എന്ന നിലയിലായി കാര്യങ്ങൾ. 

6 comments:

 1. കേരളത്തിന്റെ കരി വീരൻ വട്ടായി ഇംഗ്ളണ്ടിൽ വട്ടപ്പൂജ്യമായതും നാട്ടുകാര് അറിയണം ,വിശദീകരണങ്ങല്ക്കും നുണ പ്രചരണങ്ങല്ക്കും ശേഷം വട്ടായിയും സോജിയും നൂറുകണക്കിന് ആരാധകരുടെ അകമ്പടിയോടെ ധ്യാനവേദിയിലെ അപകടത്തിൽ മരണപ്പെട്ട കുഞ്ഞിന്റെ ശവ സംസ്കാരത്തിന് ചെന്നിരുന്നു .സീറോ മലബാറിന്റെ ചുമതലക്കാരനും ആലന്ചെരിയുടെ വലംകയ്യുമായ ഫാദർ ലോനപ്പൻ രണ്ടിനെയും അടുപ്പിച്ചില്ല , രണ്ടു മഹാപ്രവാചകന്മാർക്കും വാ തുറക്കണോ ഷൈൻ ചെയ്യാനോ പറ്റിയില്ല എന്ന് മാത്രമല്ല വെറും കാഴ്ചക്കാരായി നില്ക്കേണ്ടി വന്നു ,അവർ തന്നെ വിളിച്ചുകൊണ്ടുപോയ സെഹിയോൻ പടയുടെ മുൻപിൽ പരിഹാസ്യരാവേണ്ടിയും വന്നു . ലത്തീൻ സോജിയും ചൂട്ടുപിടിച്ച വട്ടായിയും ഇത്രെയേ ഉള്ളൂ എന്ന് എല്ലാവര്ക്കും ബോധ്യമായി . മാധ്യമാക്കരെയൊക്കെ വേണ്ട പോലെ ഗൌനിച്ച വട്ടായി ശരിക്കും ഞെട്ടിയത് പിറ്റേന്ന് ആയിരുന്നു ഒറ്റ റിപ്പോർട്ടിലും വട്ടായിയുടെയും സോജിയുടെയും ഫോട്ടോയോ പേരുമില്ല (സോജി പരസ്യം കൊടുക്കുന്നതിൽ പോലും ) ചിരമ്മേൽ അച്ചനോടോത്ത് വേദി പങ്കിടുവാനുള്ള ക്ഷണങ്ങൾ സോജി പലതവണ ഒഴിവാക്കിയതും മാധ്യമ പ്രവർത്തകർക്കിടയിൽ സംസാരവിഷയമായി .. വട്ടായി ശവമടക്കിനു പോയപോലെ എന്ന ഒരു ചൊല്ലുതന്നെ ഇ

  ReplyDelete
 2. എനിക്കിതു വിശ്വസിക്കാൻ പറ്റുന്നില്ല. കുറെയൊക്കെ ഭ്രാന്തമാണീ അമിത പ്രാർത്ഥന ഉളവാക്കുന്ന മാനസിക നിലയെങ്കിലും.ഇത്ര ഭീകരമാണ് അവസ്ഥയെങ്കിൽ ഇതറിയിച്ചതിനു നന്ദി.വളരെയധികം ബുധിമാന്മാരുള്ള കത്തോലിക്കാ സഭ ഈ പടുകുഴിയിൽ നിന്ന് സ്വയം കരകയറുമെന്നു കരുതാം.

  ReplyDelete

 3. ഇന്ത്യക്കു വെളിയിൽ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ കുറെയൊക്കെ ചിന്തിക്കുന്നവരായതുകൊണ്ട് ആവശ്യമില്ലാത്ത സഭാതൊങ്ങലുകലും തോരണങ്ങളും അഴിച്ചുകളഞ്ഞ് അവർ സ്വതന്ത്രരാകുന്നു. ജര്മനിയിലും മറ്റും കത്തോലിക്കർ കൂട്ടത്തോടെ സഭ വിട്ടുപോകുന്നു. ഇവിടെ, പ്രത്യേകിച്ച് കേരളത്തിൽ, ക്രിസ്ത്യാനികളുടെ കഴുത്തിൽ ഇരട്ടക്കുരുക്ക് വീണതുകാരണം ശുദ്ധവായു കിട്ടാതെ തലച്ചോറ് മന്ദിച്ചുപോയവരുടെ എണ്ണം കൂടിക്കൂടി വരുന്നു. ഈ ഇരട്ടക്കുരുക്ക് കരി*ധ്യാനവും ഷാലോം (റ്റിവി, മാസികകൾ) ഉപഭോഗവും ആണ്. ഒന്നൊന്നൊര ആഴ്ച മൊത്തം കുടുംബങ്ങൾ പോട്ട, മുരിങ്ങൂർ, സെഹിയോണ്‍ തുടങ്ങിയ സ്പെഷ്യാലിറ്റി ഹിപ്നോടിക് തിരുമ്മുകേന്ദ്രങ്ങളിൽ പോയിക്കിടന്നാണ്‌ വചനപ്പയറ്റും 'തുള്ളലും' പഠിക്കുന്നത്. തുള്ളല് കൂടിയിട്ടോ, പോരാഞ്ഞിട്ടോ എന്നറിയില്ല, ധ്യാനം കഴിഞ്ഞ് വട്ടുപിടിച്ചു വന്ന് വർഷങ്ങളായി വീട്ടില് തന്നെ കുത്തിപ്പിടിചിരിക്കുന്നവരെ പലരേയും അറിയാം. വിദേശത്തും നാട്ടിലും പ്രമാണിമാരായവരുടെ മക്കളും ഇക്കൂടെയുണ്ട്. എന്നിട്ടും അതെ കുടംബത്തിലെ അംഗങ്ങൾ വീണ്ടും പോട്ടക്ക് വച്ചുപിടിക്കുന്നു. ഈയിടെ പൂഞ്ഞാറ്റിൽ ആയിരങ്ങളെ തുള്ളൽ പഠിപ്പിക്കാൻ ഒരു സെഹിയോണ്‍ ഗ്രൂപ്പ് വന്നിരുന്നു. സംഗതി ഒന്ന് നേരിട്ട് കാണാൻ എന്റെ ഒരു സുഹൃത്ത് പുറകിലത്തെ അറ്റത്ത്‌ പോയിനിന്ന് ജനക്കൂട്ടം കാലും കൈയും പൊക്കുന്നതും കൈകൊട്ടി അട്ടഹസിക്കുന്നതും, തലയിലും തോളിലും പരസ്പരം കൈവച്ച് കരി*സ്മ പങ്കുവൈക്കുന്നതും നോക്കിനിന്ന വിശേഷം പറഞ്ഞു. അച്ചന്റെ ഊർജം വമ്പിച്ച ജനാവലിയിൽ ഓരോരുത്തർക്കും നേരിട്ട് കൊടുക്കാൻ പറ്റില്ലല്ലോ, അതുകൊണ്ടാണ് അത് അന്യോന്യം പകരാനുള്ള കൈവപ്പ് എന്നാണ് ഒരു ദൃഡവിശ്വാസി പറഞ്ഞത്. ഒരു ചെറിയ സംശയം എനിക്കുള്ളത് ഇങ്ങനെയാണ്. വീടിനുള്ളിലും പുറത്തുമുള്ള നമ്മുടെ സദാചാര കടുംപിടുത്തങ്ങൾ കാരണം സ്വാഭാവികമായി ഉണ്ടാകേണ്ട ശാരീരിക, മാനുഷിക ബന്ധങ്ങൾ സംഭവിക്കുന്നില്ല. അതിന്റെ അഭാവമാണ് ലൈംഗികതയോടു പരക്കെയുള്ള ഭയത്തിന്റെയും ഒളിഞ്ഞുനോട്ടത്തിന്റെയും ഉറവിടമായിത്തീരുന്നത്. കരി*ധ്യാനങ്ങളിലേയ്ക്കുള്ള ആകർഷണത്തിനു പിന്നിലും ഇതൊക്കെ പ്രവർത്തിക്കുന്നുണ്ട് എന്നുവേണം കരുതാൻ. ആ അർഥത്തിൽ, അതിൽത്തന്നെ തെറ്റ് പറയേണ്ടതില്ലെങ്കിലും, ഇത്തരം ധ്യാനങ്ങളിൽ വളർത്തിയെടുക്കുന്ന അത്ഭുതങ്ങളോടും രോഗശാന്തിയോടുമുള്ള തീരാത്ത ആകർഷണം വിനയായിത്തീരാം എന്നത് അനുഭവം തെളിയിക്കുന്ന സത്യമാണ്. ഇത്തരം ധ്യാനങ്ങളുടെയും പ്രാർഥനാക്കൂട്ടത്തിന്റെയും പുറകിലെ ദൈവസങ്കല്പം തന്നെ വ്യാജവും അന്ധകാരജടിലവുമാണ്. ഇത്തരം ധ്യാനങ്ങളിൽ കുരുങ്ങിപ്പോകുന്നവർക്ക് എന്ത്ചെയ്തും അത്ഭുതസിദ്ധികളുള്ള ഈലോക പരലോക എജന്റുകളെ പ്രീതിപ്പെടുത്തുക എന്ന ഏക ലക്ഷ്യമേയുള്ളൂ. അവർക്ക് ജീവിതവിജയം തന്നെ അതിലാണ്. ജീവിതം അദ്ഭുതവരങ്ങളാലും അനുഗ്രഹങ്ങളാലും നിറഞ്ഞ് സൌഭാഗ്യകരമാകാൻ ഏതു സ്തോത്രക്കാഴ്ചയും ഏതു ത്യാഗവും സ്വീകാര്യമായിത്തീരുന്നു. അച്ചന്മാരുടെ കീശ പണംകൊണ്ട് നിറയുന്നു. വിശ്വാസികളുടെ മിഥ്യാധാരണകൾ ഭ്രാന്തോളം വളരുന്നു. എക്കറുകളുടെ സ്ഥലം പള്ളിക്കും പട്ടക്കാർക്കും എഴുതിക്കൊടുത്തിട്ട് രാപകൽ പള്ളിയിൽ പോയി ഇരിക്കുന്ന വിദ്യാന്മാർ എന്റെ അറിവിൽ പലരുണ്ട്. കേരളം ആകെ ഇരുൾ നിറഞ്ഞ ഭ്രാന്താലയമായിത്തന്നെ വളർന്നുകൊണ്ടിരിക്കുന്നു. കലികാലത്തിലൊരു കരി*കുലം തന്നെ!

  ReplyDelete
 4. മുകളിലത്തെ കമെന്റിൽ പലതും കൂടുതൽ വിശദീകരണം അർഹിക്കുന്നുണ്ട്. കൂട്ടപ്രാർഥനയിലും കൂട്ടധ്യാനത്തിലും കൂട്ടസ്പർശനസുഖത്തിലുമൊക്കെ ചാരിതാർഥ്യം കണ്ടെത്തുന്നവർ കുടുംബജീവിതത്തിൽ, ലൈംഗിക ജീവിതത്തിൽ, പലതും നഷ്ടപ്പെട്ടവർ ആയിരിക്കാൻ സാദ്ധ്യതയേറെയാണ്‌. പരസ്പര സാമീപ്യം ആസ്വദിച്ചും പരഭയമില്ലാതെ (സ്വന്തം മക്കളും കുടുംബത്തുള്ള ബാക്കി മനുഷ്യരും ഒക്കെ) ശാരീരികമായി അടുത്തിടപെട്ടും ഒരു നല്ല വികാരത്തിനും കടിഞ്ഞാണിടേണ്ട സാഹചര്യം സന്തോഷത്തെ ഞെരുക്കാതെയും കഴിയുന്ന ഒരാൾക്ക്‌ മേൽപ്പറഞ്ഞ സമൂഹഹിപ്നോട്ടിസം വെറുപ്പുളവാക്കുകയെ ഉള്ളൂ. ഞാനിതെന്റെ 60 കഴിഞ്ഞ അനുഭവത്തിൽ നിന്ന് പറയുന്നു.

  ReplyDelete
 5. ഒന്നാമതായി, കൂട്ടപ്രാര്‍ത്ഥന & "കരി*ധ്യാനം" ക്രിസ്തീയമല്ല എന്നുറക്കെ ഞാനും പറയട്ടെ! "മനസാകുന്ന അറയില്കയറി പഞ്ചേന്ദ്രിയങ്ങളാകുന്ന വാതിലുകള്‍ അടച്ചു രഹസ്യത്തില്‍ നീ (പരസ്യമല്ല) നിന്റെ പിതാവിനോട് പ്രാര്‍ഥിക്കാന്‍" കാലത്തോടും ലോകത്തോടും മൊഴിഞ്ഞവനെ ഊളനാക്കുന്ന പ്രകസനമാണ് 'പ്രാര്‍ത്ഥന' എന്തെന്ന് ഇന്നോളം അറിയാത്ത വിവരദോഷിപുരോഹിതര്‍/പാസ്റെര്മോന്മാര്‍ ഇന്ന് ഭൂമിയിലാകമാനം കാട്ടിക്കൂട്ടുന്നത് ! 'ശരി' ഏതു/തെറ്റേത് ,എന്നറിയാനുള്ള വിവേചനമികവു ഏദനില്‍വച്ചുതന്നെ മനുകുലത്തിനു വിലക്കിയ ഒരു പഴ്ദൈവമാണല്ലോ യഹൂദകുലദൈവമായ ഈ 'യഹോവാ' ! അതിയാനല്ലല്ലോ ഭാരതീയരെ (നമ്മെ) ഭൂമിയില്‍ വിരിയാന്‍ അനുവദിച്ചത് ! പിന്നെ ഏതോ ഒരു അഭിപ്രായ / വാഗ്ദാനങ്ങളില്‍ സ്വയം വഴങ്ങി, മനം മയങ്ങി, വേദം എന്തെന്നറിയാത്ത അന്നത്തെ നമ്മുടെ പൂര്‍വീകര്‍ ( ഇരുകാലികള്‍) വേദം മാറിയപ്പോള്‍ ഉണ്ടായതാനല്ലോ ഭാരതത്തിലീ വേദപുസ്തകം തന്നെ! വേദപുസ്തകത്തിലെ 'വേദം'/'വേദാന്തം' ഇന്നുവരെ എന്താന്ന് അറിയാന്‍ ശ്രമിക്കാത്ത ചൂഷകപ്പാതിരി/പാസ്റെര്‍ പറഞ്ഞവഴിയെ കാലമെല്ലാം വഴിനടന്നു ജന്മംകോച്ചിയ ജനതയാണ് / ആടുകളാണീ ഭാരതീയ അച്ചായന്മാര്‍ ! അവരെവിടെ എങ്ങിനെ എപ്പോള്‍ ധ്യാനിക്കാന്‍, ആരെ ധ്യാനിക്കാന്‍ ? പാഴ്വേലയ്ക്കു പോട്ടയില്പോകാം,പള്ളിയില്‍ പോകാം മൂടുചൂടാക്കാം ..കീശ കത്തനാര്‍ക്ക് പോക്കട്ടടിക്കാനും കൊടുക്കാം ,അത്രതന്നെ! "ആത്മീയത" എന്തെന്ന് ഈ അച്ചായസമൂഹം ഇനിയും ഒരു രണ്ടായിരം കൊല്ലം കഴിഞ്ഞാലും കണ്ടെത്തുകയില്ല , അത് നമുക്ക് പറഞ്ഞുതന്ന ആ നസരായനെയും ഇവര്‍ അറിയില്ല ! കാരണം ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു ഇവര്‍ തന്നെ അറിയുന്നില്ലപോലും !!
  അവ്വ കാരണമാണ് നരന്‍ നഗ്നനെന്നു സ്വയം അറിഞ്ഞത് ! അതുവരെ നഗ്നത എന്തെന്നറിയാത്ത ജന്തുവായിരുന്നു ആദംപോലും ! വിരലിന്റെ അഗ്രംപോലെ ശിസ്നവും,അത്രതന്നെ ! അവനാകുന്ന തോട്ടത്തിന്റെ നടുവില്‍ യാഹോവ വിരിയിച്ച അറിവിന്‍റെ വൃക്ഷഫലം അവ്വാ തിന്നു / അവനെ തീറ്റിച്ചു, ഉടന്‍ അവളും അവനും അറിയാൻ തുടങ്ങി ! നഗ്നത / സുഖദു:ഖങ്ങള്‍ / നന്മതിന്മകള്‍ / സ്വര്‍ഗനരകങ്ങള്‍! അങ്ങിനെ "പാപം പാമ്പുപോലെ അവരെ ചുറ്റിതുടങ്ങിയെന്നു", പാതിരിപ്പാന്പു തന്നെ പിന്നീട് അവനെ ബോധവാനാക്കി അവന്റെ സുബോധംതന്നെ കെടുത്തി! ഒടുവില്‍ അവന്റെ കുലമാകെ രക്ഷിക്കുവാന്‍ ദൈവപുത്രന്‍ ഭൂമിയില്‍ ലാൻഡ്‌ ചെയ്തു ..രണ്ടായിരംകൊല്ലം തികയും മുന്‍പേ മനുഷ്യപുത്രന്റെ വരവും കുരിശുമരണവും പാതിരിപ്പടയും പാസ്റ്റും കൂടി വിഴുങ്ങിക്കളഞ്ഞു ,ഹാ കഷ്ടം ! ഇനിയും ഏതാവ്വ എതുപഴം തീറ്റിചാവുമോ ഈ ജനത്തെ നേര്‍വഴി കാണിക്കുക? ഏദനിലെ യഹോവയുടെ ഒരു കിഴിഞ്ഞ ബുദ്ധിയേ !!

  ReplyDelete
 6. അര മണിക്കൂർ മുമ്പ് ഞാൻ അല്പം സാധനങ്ങൾ വാങ്ങാൻ ചെന്ന കടയിൽ ഒരു പരിചയക്കാരനും അയാളുടെ രണ്ട് അല്ലെങ്കിൽ രണ്ടര വയസ്സുള്ള കൊച്ചുമോളും ഇരിപ്പുണ്ട്. വല്യപ്പൻ ഫോണിൽ സംസാരിക്കുകയാണ്. ഞാനിറങ്ങാൻ തുടങ്ങിയപ്പോൾ അങ്ങേരു കൊച്ചിനോട് പറഞ്ഞു. അമ്മയാണ് വിളിച്ചത്, അമ്മക്ക് ഉമ്മ കൊടുക്ക്‌. കുഞ്ഞ് എന്ത് പറഞ്ഞു എന്ന് ഞാൻ കേട്ടില്ല. തുടർന്ന് അങ്ങേര് പറഞ്ഞുകൊടുത്തു, യശുവേ സ്തോത്രം, യേശുവേ നന്ദി, യേശുവേ ആരാധന, പ്രെയ്സ് ദ ലോഡ്. കുഞ്ഞ് ഓരോന്നും ആവർത്തിച്ചു. ഒരുമ്മകൂടെ കൊടുക്ക്‌. കുഞ്ഞ് ഉമ്മ എന്ന് പറഞ്ഞു. അങ്ങേരു ഫോണ്‍ പോക്കറ്റിലിട്ടു. എന്തു പറയാനാ, ഇസ്രായേലിൽ പോലും ഇത്ര വലിയ വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്ന് യേശു പറഞ്ഞത് ഓർത്തുകൊണ്ട് പോന്നു. കരി*ക്കച്ചവടക്കാർ എന്തുമാത്രം സ്വാധീനം ഇവിടുത്തെ ജനങ്ങളിൽ നടത്തുന്നു എന്ന് നമ്മൾ മനസ്സിലാക്കുന്നില്ല.

  ReplyDelete