Translate

Thursday, October 29, 2015

സ്വർഗസ്ഥനായ പിതാവ്

വേണ്ടത് ദൈവവിശ്വാസമല്ല, ദൈവാവബോധമാണ്. നിരീശ്വരവാദം പോലെ തന്നെ അജ്ഞതയിൽ നിന്ന് ഉടലെടുക്കുന്നതാണ് ദൈവവിശ്വാസവും. ദൈവവിശ്വാസം എപ്പോഴുംതന്നെ ഇളം മനസ്സുകളിൽ തിരുകിക്കയറ്റുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അതിന്റെ ഫലം പ്രതീക്ഷിക്കുന്നതിന്റെ വിപരീതമായിത്തീരാം.

സത്യത്തിൽ മനുഷ്യന്റെ വളർച്ചയെ സാരമായി, പക്ഷേ വിപരീതമായി ബാധിക്കുന്ന ഒന്നാണ് അടിച്ചേല്പ്പിക്കുന്ന ദൈവവിശ്വാസം. കാരണം, അവിടെ അറിവായിത്തീരാത്ത ഒരു ദൈവസങ്കല്പം അറിവില്ലാത്തവരിലേയ്ക്ക്  കൈമാറപ്പെടുകയാണ് ചെയ്യുന്നത്. ദൈവസങ്കല്പങ്ങൾക്ക്  എപ്പോഴും പരിമിതിയുണ്ട്. എത്ര വികലമായ ആശയങ്ങൾക്കാണ് 'സ്വർഗസ്ഥനായ പിതാവ്'എന്ന സങ്കൽപം വഴിതെളിക്കുന്നതെന്ന് ശരിക്കും ഒന്ന് വിചിന്തനം ചെയ്തുനോക്കൂ. ദൈവത്തെ പിതാവും സൃഷ്ടികളെ മക്കളുമായി സങ്കല്പിക്കുന്നത് തെറ്റല്ല, നല്ല കാര്യം തന്നെ. എന്നാൽ അതുവഴി ദൈവമെന്ന സത്ത വളരെയധികം പരിമിതപ്പെടുത്തപ്പെടുന്നുണ്ട്. സ്വർഗസ്ഥൻ എന്ന വിശേഷണം തന്നെ ഒരു വലിയ പരിമിതിയാണ്. ആ വാക്ക് 'നിത്യം ആനന്ദത്തിലിരിക്കുന്ന സത്ത' എന്ന ബോധമുണർത്തുമെങ്കിൽ അതിൽ ഭാഗികമായ നന്മയുണ്ട്. എന്നാൽ അതല്ല സാധാരണക്കാർക്ക്‌ മനസ്സിലുദിക്കുന്ന സങ്കൽപം. അവർക്കു തെളിഞ്ഞു കിട്ടുന്നത് സ്വർഗമെന്ന സർവസുഖങ്ങളുടെയും ആസ്ഥാനവും അവിടെ നമ്മെ കൊണ്ടുപോകുന്ന ഒരു പിതൃസത്തയുടെ പരിവേഷവുമാണ്. 'നിന്റെ രാജ്യം വരേണമേ' എന്നുംകൂടിയാകുമ്പോൾ, ഈ പിതാവ് ഒരു രാജാവുകൂടെ ആയിത്തീരുന്നു. രാജാവുണ്ടെങ്കിൽ പ്രജകളും വേണം. അത് നമ്മളാണ്. പിന്നെയുള്ളതെല്ലാം പ്രജകൾക്കുള്ള ഉപഭോഗവസ്തുക്കളാണ്. കണ്ടോ, എങ്ങനെയാണ് അതോടേ പ്രപഞ്ചത്തിന്റെ സർവ ഘടനയും സങ്കുചിതമായി നിർവചിക്കപ്പെടുന്നതെന്ന്. യേശു പഠിപ്പിച്ചത് എന്ന നിലയ്ക്ക് ക്രിസ്ത്യാനികൾ സ്വായത്തമാക്കിയ ഒരു പ്രാർഥനപോലും ദൈവാവബോധത്തെ എങ്ങനെ വഷളാക്കുന്നു എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ചിന്തിക്കാൻ സഭ സമ്മതിക്കുമോ? സഭയുടെ തീര്ത്തും ഉപരിപ്ലവമായ വിശ്വാസപ്രമാണത്തെ എന്നപോലെ ഈ പ്രാർഥനയെയും തിരുത്തിയെഴുതാൻ പൌരോഹിത്യം അനുവദിക്കുമോ? ഒരിക്കലുമില്ല. പക്ഷേ, കഴമ്പില്ലാത്ത ഒരു വെറും പിടിവാശി മാത്രമാണത്.

ശാസ്ത്രാവബോധം നിറഞ്ഞുനില്ക്കുന്ന ഇന്നത്തെ തലമുറ സ്വർഗസ്ഥനായ പിതാവിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് തീർച്ചയായും സഭ ചിന്തിക്കുന്ന കാര്യങ്ങളിൽ വന്നുപെടുകയില്ല. കാരണം, സഭയെ സംബന്ധിച്ചിടത്തോളം ഇതൊക്കെ കാലാകാലങ്ങളായി മരവിപ്പിച്ചു വച്ചിരിക്കുന്ന സനാതന സത്യങ്ങളാണ്. ദൈവമെന്നു പറയുമ്പോൾ തന്നെ വിശ്വാസിയുടെ കണ്ണുകൾ മേല്പോട്ടുയരുക ഒരു ശീലമാണ്. എന്നാൽ, ഇന്നത്തെ തലമുറക്കത് ശീലമാവില്ല എന്ന് ചിന്തിക്കാന്മാത്രം വീണ്ടുവിചാരം സഭയിലെ പൌരോഹിത്യത്തിന് ഉണ്ടാവില്ല. നമ്മൾ ഗോളാകൃതിയിലുള്ള ഒരു ഗഹത്തിലെ നിവാസികളാണ്. ആ ഗ്രഹം കറങ്ങിക്കൊണ്ടുമിരിക്കുന്നു. അതുകൊണ്ട് ഈ ഗോളത്തിന്റെ എവിടെനിന്ന് എങ്ങോട്ട് നോക്കിയാലും ഒരുപോലെയാണ്. കാരണം, ഈ പ്രപഞ്ചത്തിൽ മുകളിലും താഴെയും എന്നൊന്നും ദിശകളില്ല എന്നതാണല്ലോ സത്യം. ഒരു മുറിയിലിരുന്നോ, നമ്മുടെ ആവാസസ്ഥലം പരന്ന ഒരു തകിടാണെന്ന് കരുതിയിട്ട് അതിൽ നിന്നുകൊണ്ടോ മാത്രമേ നമുക്ക് വശങ്ങളും ദിശകളും കല്പ്പിച്ചുണ്ടാക്കാനാവൂ. അതിബ്രുഹത്തായ ഈ പ്രപഞ്ചത്തിൽ പിന്നെ ബാക്കിയാവുന്നത് അകത്തേയ്ക്കോ പുറത്തേയ്ക്കോ നോക്കുകയാണ്. പുറത്തേയ്ക്ക് ഒരു പരിധിയിൽ കവിഞ്ഞുള്ള കാഴ്ച കണ്ണുകൾക്കില്ല. ശാസ്ത്രത്തിന്റെ കൃത്രിമ കണ്ണുകള്കൊണ്ട് നമ്മൾക്ക് വളരെയധികം വിദൂരതയിലേയ്ക്ക് കാണാമെന്നായിട്ടുണ്ട്. എന്നാൽ ഉള്ളിലേയ്ക്ക് നമുക്ക് പോകാവുന്നതിന് പരിധിയില്ലെന്നു തന്നെ പറയാം. സംഭവിക്കുന്നതെല്ലാം അകത്താണെന്നുതന്നെ ഇന്ന് ശാസ്ത്രവും സമ്മതിക്കുന്നു.
അങ്ങനെ എല്ലാം ഉള്ളിൽ നിന്ന് സംഭവിക്കുമ്പോൾ സ്വർഗസ്ഥനായ ദൈവം എന്നത് നമ്മെ എത്രമാത്രം ചുരുക്കിക്കളയുന്ന ഒരു ഭാവന മാത്രമാണ്! നമ്മുടെ ശരീരസൃഷ്ടിപോലും ഉള്ളിലാണ് നടന്നതെങ്കിൽ, നാം സൃഷ്ടിക്കുന്നതെല്ലാം ഉള്ളിൽനിന്നാണെങ്കിൽ, ഈ സൃഷ്ടിയുടെയെല്ലാം ഉറവിടത്തെ നമുക്കെങ്ങനെ 'മുകളിൽ' വാഴുന്ന ഒരു രാജാവായി സങ്കൽപ്പിക്കാനാവും? മറിച്ച്, അതൊരു സർവസാന്നിദ്ധ്യമാവുമ്പോൾ കാര്യങ്ങൾ അഗാധവും അതേ സമയം ലളിതവും അനന്തമായി പവിത്രവുമായിത്തീരുന്നു. അത് ഇന്നത്തെ ഇളം തലമുറക്കും ഉൾക്കൊള്ളാനാവും. അതുകൊണ്ട്, ഓരോരോ സംസ്കാരങ്ങളിലേയ്ക്ക് ഒതുങ്ങിപ്പോയ ദൈവസങ്കല്പത്തെ ഇനിയെങ്കിലും തിരുത്തേണ്ടതുണ്ട്. അല്ലെങ്കിൽ മനുഷ്യന്റെ വളർച്ച ഇനിയും മുരടിച്ചുപോകും. സഹസ്രാബ്ദങ്ങളായി ഈ മുരടിപ്പാണ് എല്ലാ മതങ്ങളും പിടിവാശിയോടെ പിന്തുടരാൻ ശഠിക്കുന്നത്. വളര്ച്ചയെന്നത്‌ ശരീരത്തിന്റേതോ സമ്പത്തിന്റേതോ സുഖസൗകര്യങ്ങളുടേതോ അറിവിന്റേതോ തലത്തിലല്ല, മറിച്ച്, കാഴ്ച്ചപ്പാടിന്റേതാണ് എന്നാണു നമ്മൾ മറക്കരുതാത്തത്. സൃഷ്ടിയെപ്പറ്റി നമുക്കധികമൊന്നും അറിയില്ല. നാം കാണുന്നത് പരിണാമത്തിന്റെ ചില രൂപങ്ങൾ  മാത്രമാണ്. സൃഷ്ടിയെന്തെന്ന് മതത്തിനോ ശാസ്ത്രത്തിനോ ഒന്നും കൃത്യമായി പറയാനറിയില്ല. അതുകൊണ്ടാണ് വളരെ പരിമിതമായ ഒരു ദൈവസങ്കല്പം വഴി നമ്മൾ സംതൃപ്തരാകാൻ ശ്രമിക്കുന്നത്. വേണ്ടത്ര സൂക്ഷ്മമായി ഉള്ളിലേയ്ക്ക് നോക്കാൻ പഠിച്ചാൽ ശരിക്കുള്ള ഉറവിടത്തിലെത്താമെന്നു മനസ്സിലാക്കിയവർ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്. അത്തരക്കാർക്ക് ദൈവം ഒരു വിഷയമേയല്ല. കാരണം, നാമറിയുന്നില്ലെങ്കിലും നമ്മൾ സൃഷ്ടിയുടെ ഉറവിടത്തിലാണ്, സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്, ഒന്നിനെ മറ്റൊന്നായി മാറ്റിക്കൊണ്ടിരിക്കുകയാണ് എന്നവർ കണ്ടെത്തിയിരിക്കുന്നു. അങ്ങനെയല്ലേ നമ്മൾ കഴിക്കുന്ന ആഹാരം നാം തന്നെയായി മാറുന്നത്? അതൊരു വിശ്വാസമല്ല, അറിവാണ്. ദൈവവിശ്വാസം അനാവശ്യമായിത്തീരുന്നു എന്ന് പറഞ്ഞത് ആ അർഥത്തിലാണ്. You will not fail എന്ന തന്റെ പുതിയ കൃതിയിൽ അലെക്സ് പൈകട എഴുതുന്നു: Life unfolds in myriad forms and one has to learn over time to be rather than to prove. 

എതു കാര്യമെടുത്താലും ഒന്നുകിൽ അതെപ്പറ്റി നമുക്കറിയാം അല്ലെങ്കിൽ അറിയില്ല. അറിയില്ലാത്ത കാര്യങ്ങളും അറിയാമെന്ന് നടിക്കുന്നിടത്താണ് വിശ്വാസം കടന്നുവരുന്നത്. അറിയില്ലാത്ത കാര്യങ്ങൾ അറിയില്ലെന്ന് പറയണമെങ്കിൽ സത്യസന്ധത വേണം, ലാളിത്യം വേണം. അതിനുപകരം നമുക്കറിയില്ലെങ്കിലും അറിവുണ്ടെന്നു നടിച്ചവരെ ചാരിനിന്ന് നമുക്കും അറിയാമെന്ന് നടിക്കുമ്പോൾ ആണ്‌ വിശ്വാസം അന്ധമാകുന്നത്. അറിവിനേക്കാൾ ശക്തമായ സ്വേശ്ചാധിപതി ആകാൻ പോലും ഇത്തരം വിശ്വാസത്തിനാകും. അത്തരം വിശ്വാസത്തിനുവേണ്ടി മനുഷ്യർ മരിക്കുന്നുണ്ട്. എനിക്കറിയില്ലാത്ത കാര്യത്തെ താങ്ങിനിറുത്താൻ എന്റെ ജീവൻ കൊടുക്കുക എന്ന് പറഞ്ഞാൽ എന്താണത്? ഭ്രാന്തല്ലേ? അതേപ്പറ്റിയുള്ള എന്റെ അറിവ് നിസ്സാരമാണ്, അല്ലെങ്കിൽ എനിക്കതേപ്പറ്റി ഒന്നുമറിയില്ല എന്ന് പറയാൻതക്ക ആര്ജ്ജവമില്ലായെന്നതല്ലേ സത്യം? അതങ്ങ് സമ്മതിച്ചാൽ വിശ്വാസവും അവിശ്വാസവും അനാവശ്യമായിത്തീരും. സ്വന്തം അറിവില്ലായ്മയെ അംഗീകരിക്കുക എന്നതാണ് അടിസ്ഥാന മഹത്ത്വം. അപ്പോൾ മാത്രമേ സത്യത്തെ തിരയാൻ ആഗ്രഹമുദിക്കൂ. അറിയാമെന്നു നടിക്കുന്നത് അറിയാൻ ആരും ഇറങ്ങിപ്പുറപ്പെടുകയില്ല. അതുതന്നെയാണ് എല്ലാ വിശ്വാസവും അന്ധവിശ്വാസമാണെന്ന് പറയുന്നതിനു കാരണം. അറിവന്വേഷിക്കുക എന്നത് അദ്ധ്വാനമാണ്. അതിനു തയ്യാറല്ലാത്തവർ അന്ധരായി തുടരാനാണ് ഇഷ്ടപ്പെടുക. അങ്ങനെ എല്ലാത്തിനും കൊള്ളിക്കാവുന്ന ഒറ്റമൂലിയായി വിശ്വാസത്തെ മനുഷ്യർ മുറുകെപ്പിടിക്കുന്നു. അത് ദയനീയമായ ഒരു സത്യമാണ്. വിശ്വസിക്കുന്നതും അവിശ്വസിക്കുന്നതും ഒരുപോലെ ദയനീയമാണ്. കാരണം, രണ്ടും ഓരേപോലെ അന്ധമാണ്‌. രണ്ടുകൂട്ടരും സത്യത്തെ അന്വേഷിക്കാൻ ധൈര്യമോ താത്പര്യമോ ഇല്ലാത്തവരാണ്.

ജീവിതത്തിനു സ്ഥിരത നല്കുന്ന ഏതാനും കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ് എന്നങ്ങുറപ്പിച്ചു പറഞ്ഞ് അറിവില്ലാത്തവരെ അതിൽ വിശ്വസിപ്പിക്കുന്നതുകൊണ്ടാണ് മതങ്ങൾ വളര്ത്തുന്നത് വെറും മിഥ്യയാണെന്ന് ഞാൻ വാദിക്കുന്നത്. എതു മതത്തിലുള്ളവരും തങ്ങളുടെ മതത്തിന് ആദ്ധ്യാത്മികതയുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നവരാണ്. ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും തങ്ങളുടേത് ആദ്ധ്യ്യത്മികതയുടെ കേന്ദ്രങ്ങളാണെന്നു തന്നെ വിശ്വസിക്കുന്നു. ആത്മീയ ലാഞ്ചനക്കുള്ള ചിലതെല്ലാം അവിടെയുണ്ടെന്നല്ലാതെ ആദ്ധ്യാത്മികതയെ മതങ്ങൾ പണ്ടേ ഉപേക്ഷിച്ചു എന്നതാണ് സത്യം. ഇത്തരം മിഥ്യകൾകൊണ്ട് സഹസ്രാബ്ദങ്ങൾ വരെ മനുഷ്യരെ നടത്തിക്കൊണ്ടുപോകാൻ മതങ്ങൾക്ക് കഴിഞ്ഞു. എന്നാൽ അത് മനുഷ്യന്റെ മഹത്ത്വത്തിനു ചേരുന്നതല്ല. ഇത്തരം മിഥ്യകളെ ഉടച്ചുകളയേണ്ട ഒരു കാലം വരും. ഇപ്പോഴത്തേത് അത്തരം ഒരു കാലമാണ്. 

ബൈബിൾ ഉൾപ്പെടെയുള്ള പുരാണ ഗ്രന്ഥങ്ങളിൽ തട്ടിക്കൂട്ടിയെടുത്ത കഥാപാത്രങ്ങളെ ദൈവമായി കരുതി ആരാധിക്കുന്ന സമ്പ്രദായം എത്ര ബാലിശമാണെന്ന് ഒന്നോർത്തുനോക്കേണ്ടതേയുള്ളൂ. പക്വമായ മനുഷ്യബോധത്തിൽ അനന്തമായി തുടരാൻ അവർക്ക് എന്തർഹതയണുള്ളത്? അങ്ങനെയെങ്കിൽ ബലി ചോദിക്കുന്ന യഹോവയ്ക്കും, മഹാരാജാവായി സ്വർഗത്തിൽ വാഴുന്ന പിതാവിനും, ഒരു ഓക്സിജൻ സിലണ്ടർ പോലും കരുതാതെ ഈ ഭൂമിയിൽനിന്ന് ശരീരത്തോടെ ഉയർന്നുപോയ യേശുവിനും മറിയത്തിനുമൊക്കെ പകരം അന്തര്യാമിയായ ഒരു സർഗ്ഗശക്തിയെപ്പറ്റിയുള്ള അവബോധത്തിലെത്താൻ നാം കിണഞ്ഞു ശ്രമിക്കേണ്ട സമയമല്ലേ ഇത് എന്ന് നമുക്ക് ചിന്തിച്ചുതുടങ്ങാം.

2015 ഒക്ടോബറിലെ സത്യജ്വാലയിൽ എഡിറ്റർ ശ്രീ മൂലെചാലിൽ എഴുതിയ ഒരു മറുപടിക്കുറിപ്പിൽനിന്ന് ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ട് നിറുത്താം. "ഇനി, 'കത്തോലിക്കാസഭയില്‍ എന്താണ് അന്ധവിശ്വാസവും വിഗ്രഹാരാധനയും അല്ലാതായുള്ളത്?' എന്നെഴുതിയതിനെപ്പറ്റി. എന്റെ വീക്ഷണത്തില്‍ ക്രൈസ്തവജീവിതമെന്നാല്‍, യഥാശക്തി ദൈവരാജ്യത്തിനായും ദൈവനീതിക്കായും പ്രവര്‍ത്തിച്ചുകൊണ്ടും, മറ്റുള്ളവരെയും തന്നെപ്പോലെതന്നെ കണ്ടുകൊണ്ടുമുള്ള ജീവിതമാണ്. അതിനാവശ്യമായ ഒരു ദൈവദര്‍ശനവും സ്‌നേഹമാര്‍ഗവും കൂട്ടായ്മാജീവിതത്തെ ഉത്തേജിപ്പിക്കാനുള്ള ജീവിതാനുഷ്ഠാനങ്ങളും യേശു അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ന് ഇതില്‍നിന്നെല്ലാം മനുഷ്യനെ വ്യതിചലിപ്പിക്കുന്ന പുരോഹിതസൃഷ്ടമായ വിശ്വാസസത്യങ്ങളില്‍ വിശ്വസിക്കണമെന്നും, അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ആവിഷ്‌കരിച്ചിരിക്കുന്ന അനുഷ്ഠാനങ്ങള്‍ ആചരിക്കണമെന്നുമാണ്, കത്തോലിക്കാ സഭാധികാരം അനുശാസിക്കുന്നത്. ഇവിടെ മനുഷ്യന്‍ വിശ്വസിക്കുന്നത് പുരോഹിതസൃഷ്ടമായ ദൈവശാസ്ത്ര തത്ത്വങ്ങളിലാണ്, ദൈവത്തിലല്ല, എന്നു തിരിച്ചറിയേണ്ടതുണ്ട്. വാസ്തവത്തില്‍, ദൈവാന്വേഷണത്തിലേക്കോ ദൈവവിശ്വാസത്തിലേക്കോ ഉള്ള വഴി മനുഷ്യരുടെ മുമ്പില്‍ കൊട്ടിയടയ്ക്കപ്പെടുകയാണ്. ദൈവശാസ്ത്രവിശ്വാസത്തെ ദൈവവിശ്വാസമായി മനുഷ്യര്‍ തെറ്റിദ്ധരിക്കുകയാണ്; അന്ധമായി വിശ്വസിക്കുകയാണ്."
             

4 comments:

  1. ക്രിസ്തു മൊഴിഞ്ഞതുപോലെ, സ്വര്‍ഗസ്ഥനായ പിതാവിനെ ഒരുവനു താന്‍ ശരീരവാസിയായി ഇരിക്കുമ്പോള്‍ അനുഭവിച്ചറിയണമെങ്കില്‍, അവന്‍ തന്റെ മനസാകുന്ന അറയില്‍ തന്നെ ദൈവത്തെ തിരയേണ്ടിയിരിക്കുന്നു! അതിനുപകരം മുകളിലേയ്ക്ക് നോക്കുന്ന പാവം അച്ചായന്മാര്‍ ഒരായിരം സംവത്സരം ഈ സാരപ്രപഞ്ചമാകെ സഞ്ചരിച്ചു തിരഞ്ഞാലും ദൈവത്തെ കണ്ടെത്തുകയില്ലാതാനും ! കാരണം ദൈവം ഒരു വസ്തുവല്ല ,പിന്നയോ ശക്തിക്ക് നിതാനമായ ബോധചൈതന്യമാണ് ! ആ നിത്യസത്യചൈതന്യാംശം തന്നെയാണ് നമ്മുടെ മനസിലെ ബോധവും, ആ ബോധത്തെ ഉണര്‍ത്തുന്ന/നിലനിര്‍ത്തുന്ന ചൈതന്യവും ! ഈ സത്യം മനനത്തിൽ ഉറയ്ക്കുംപോളാണ് ഒരുവന്‍ ആത്മബോധത്തില്‍ ആകുന്നതും,അവന്‍ ആത്മീയനാകുന്നതും! ഉറക്കത്തില്‍നിന്നും നാം ഉണരുന്നത് തന്നെ ആ ബോധചൈതന്യം നമ്മില്‍ സദാ നിലനില്ക്കുന്നതു മൂലമാണന്നറിയണം! ഉണര്‍ന്നാലുടന്‍ പ്രപഞ്ചം നമുക്കനുഭവവേദ്യമാകുന്നു, ഇതിനും കാരണം നമ്മിലെ ആ നിത്യസത്യബോധചൈതന്യം തന്നെയാണ്! നാം ഉണര്‍ന്നില്ലെങ്കില്‍ ഈ ലോകം ഇല്ലേയില്ല ! ആയതിനാല്‍ പ്രപഞ്ച സൃഷ്ടിക്കാധാരമായ "universal mind" ന്‍റെ ഭാഗം തന്നെയാണ് നമ്മുടെ മനസും എന്നറിയണം ! നാം ഉണരുമ്പോള്‍ പ്രപഞ്ചത്തെ ഉണ്ടാക്കുന്നതും അനുഭവിക്കുന്നതും, പിന്നെ നമ്മുടെ ഉറക്കത്തില്‍ ലോകത്തെ ഇല്ലാതാക്കുന്നതും നമ്മിലെ ബോധമെന്ന ഉപാധി മൂലമാണന്നും ചിന്തയില്‍ ഉറയ്ക്കണം ! അതിനാല്‍ നാം, ലോകം നമ്മുടെ മുകളില്‍ എന്നല്ല, നമ്മുടെ ഉള്ളില്‍തന്നെ എന്നും ഉറയ്ക്കണം ! നമ്മുടെ ഉള്ളില്തന്നെയുള്ള ഈലോകത്തെ നാമെന്തിനു ഭയക്കണം വെറുക്കണം മോഹിക്കണം .?.! നാം അനാദിയായി ഉള്ളവര്‍ തന്നെയെന്നും ദൈവം നമുക്ക് അനന്യൻ എന്നും അറിയേണം !

    ReplyDelete
  2. "My God, my aim and my fulfillment, I am thy yesterday and thou art my tomorrow. I am thy root in the earth and thou art my flower in the sky, and together we grow before the face of the sun." kahlil Gibran, The Mad Man.

    'God' the second story in 'Mad Man' gives an interesting reading.

    ReplyDelete
  3. I appreciate your thoughts. They are deep and laudable

    ReplyDelete
  4. Really laudable effort. This article moves man nearer to the Truth.

    ReplyDelete