Translate

Tuesday, May 21, 2013

പൂഞ്ഞാറ്റിലെ പ്ലാക്കൂട്ടം


ക. സഭയിൽ നേതൃത്വം വഹിക്കുന്നവരുടെ പ്രായപ്രശ്നം കാലികപ്രസക്തിയുള്ള ഒരു വിഷയമാണെന്ന് എനിക്ക് തോന്നുന്നില്ല.  അതിലും പരിഗണനാർഹമാണ് ക. സഭയെപ്പറ്റിയുള്ള ജോർജിന്റെ 'ഇതോ മതം' എന്ന ചോദ്യം. വിവിധ വശങ്ങളെപ്പറ്റി പര്യാലോചിക്കാൻ തക്കതായ ഇത്തരം ഒരു വിഷയമിരിക്കേ, മറ്റൊരാൾ മറ്റൊരു വിഷയമെടുത്ത് വിശകലനം നടത്തിയെന്നു വച്ച് അതെപ്പറ്റി നിർബന്ധമായും ഒരു പരാമർശമോ കുറിപ്പോ എഴുതിയിരിക്കണം എന്ന നിർബന്ധബുദ്ധി അനാവശ്യമാണ്. തലയിൽ ആശയങ്ങൾ നിറഞ്ഞു നിൽക്കുന്നവർ അത് പങ്കുവയ്ക്കുന്നത് നല്ലതാണ്, സംശയമില്ല. എന്നിരിക്കിലും, അത്, പ്രാധാന്യമുള്ളതിനു കൊടുക്കേണ്ട പരിഗണനക്ക് കുറവ് വരുന്ന വിധത്തിലാകരുത്‌ എന്നാണ് ഞാനുദ്ദേശിക്കുന്നത്. ഇതോ മതം? എന്ന് ക. സഭയെ മുൻനിറുത്തി ചോദിച്ചാൽ, പരമ്പരാഗതാർത്ഥത്തിൽ, ഇത് മതമല്ല, മറിച്ച്, മതനിരാസ്സമാണ് എന്നയുത്തരം പൊതുസമ്മതി നേടാനാണ് സാദ്ധ്യത. അങ്ങനെയെങ്കിൽ പിന്നെ അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഉറക്കെ ചിന്തിക്കേണ്ടിവരും.
അതത്ര രുചിക്കുന്ന വിഷയമല്ലെന്നുണ്ടെങ്കിൽ, ഇതാ എല്ലാ അര്ത്ഥത്തിലും രുചികളുടെ കലാശമാകാൻ പോരുന്ന മറ്റൊരു വിഭവം.

ഇന്നലെ മുഴുവനെന്നോണം ചക്കയെപ്പറ്റിയായിരുന്നു ഞങ്ങൾ പത്തുമുപ്പതു പേർ ചിന്തിച്ചത്. അതേ, നമ്മുടെയൊക്കെ ചുറ്റുവട്ടത്ത് ആര്ക്കും വേണ്ടാതെ പഴുത്ത് പൊഴിഞ്ഞുപോകുന്ന ചക്കയെക്കുറിച്ചുതന്നെ. പൂഞ്ഞാറ്റിലുള്ള ഭൂമികയുടെ ആസ്ഥാനത്ത് Grama യെന്ന സംഘടനയാണ് ഈ പരിപാടിയൊരുക്കിയത്. കേരളത്തിൽ സമൃദ്ധമായി കിട്ടുന്ന ചക്കയെന്ന ഫലംകൊണ്ട് രുചികരവും ആരോഗ്യകരവുമായ എന്തെല്ലാം വിഭവങ്ങൾ ഉണ്ടാക്കാം, അവയിലൂടെ മറ്റു ജോലികൾക്കിടയിലും ആദായകരമായ ഒരു പദ്ധതി എങ്ങനെ ആര്ജിച്ചെടുക്കാം എന്ന് പ്രാവർത്തികമായി മനസ്സിലാക്കാനുള്ള ഒരവസരമായിരുന്നു ഭൂമിക ഒരുക്കിയത്. ശ്രീമതി ഡയ്സമ്മ ചൊവ്വാറ്റുകുന്നേൽ നേതൃത്വം വഹിച്ച, പരിചയംവന്ന ഏതാനും പേരുടെ സഹായത്തോടെ അവിടെത്തന്നെ ഉണ്ടാക്കി ഞങ്ങൾ രുചിച്ചറിഞ്ഞ വിഭവങ്ങളിൽ ചിലവ: ചക്ക കഡ്‌ലെറ്റ്, അവലോസ്, ബജി, പായസം, ചോക്കലെയ്റ്റ്, ചക്കപ്പഴം ഉണങ്ങിയത്‌, വരട്ടിയത് തുടങ്ങിയവ. ഇനിയും മറ്റ് ധാരാളം കണ്ടുപിടുത്തങ്ങളും ചക്കയിൽ നിന്ന് സാദ്ധ്യമാണെന്ന് തെളിഞ്ഞിട്ടുണ്ട് - ചക്ക അച്ചാർ, പപ്പടം, മുറുക്ക്, ചക്ക മിഠായി, ഫ്ലെയ്ക്ക്സ്, കൂഞ്ഞികൊണ്ടുള്ള കറി, ധാന്യങ്ങളുടെയും കറികളുടെയും കൂടെ ചേര്ക്കാവുന്ന ചക്കപ്പൊടി എന്നിങ്ങനെ.

ഇത്ര സമൃദ്ധമായി പ്രകൃതി നമുക്ക് ദാനം ചെയ്യുന്ന ഈ ഫലം എത്ര നിസ്സാരമായാണ് നാം അവഗണിക്കുന്നത് എന്നോർക്കുമ്പോൾ നാണിച്ചുപോകും. നാണിക്കണം. നമ്മുടെ പ്രകൃതിയും കാലാവസ്ഥയും കായ്കനികളും ലോകത്ത് മറ്റെവിടെയുമുള്ളതിലും നൂറുമടങ്ങ്‌ സമൃദ്ധമായി അനുഗ്രഹീതമാണെന്ന സത്യം നാം തിരിച്ചറിയുന്നില്ല എന്നത് ദൈവനിന്ദയാണ്. പ്ലാവ് എന്ന മരം ഏതെല്ലാം വിധത്തിൽ നമുക്കൊരു അനുഗ്രഹമാണെന്ന് സമൂഹത്തിൽ അവബോധമുണർത്താൻ തയ്യാറെടുക്കുന്ന 'പ്ലാക്കൂട്ടം' എന്നൊരു ഗ്രൂപ്പും രൂപം കൊണ്ടിട്ടുണ്ട്.
ഭൂമികയുടെയും ഗ്രാമയുടെയും തണലിൽ ഈ വിഷയം ഇനിയും അടുത്തുതന്നെ അവതരിക്കപ്പെടും. താത്പര്യമുള്ളവർക്ക് ബന്ധപ്പെടാം, പങ്കെടുക്കാം. 

അല്മായശബ്ദത്തിൽ ചക്കക്കെന്തു കാര്യം എന്ന് ചോദിക്കുന്നവർ കണ്ടേക്കാം. അവരോടെനിക്കിത്രയേ പറയാനുള്ളൂ. നമുക്ക് ചുറ്റും ദൈവം എങ്ങനെയെല്ലാം സന്നിഹിതനായിരിക്കുന്നുവെന്ന് കണ്ണ് തുറന്നു കാണാൻ താത്പര്യമില്ലാത്തവർക്ക് ഒരു മതവും ഒരു പ്രസ്ഥാനവും തരിപോലും സഹായകരമാവില്ല. അത്തരക്കാർ ജനിക്കാതിരിക്കുകയായിരുന്നു ഈ ഭൂമിക്കനുഗ്രഹം.

ഭൂമികയുടെ ഹാളിൽ തൂക്കിയിരുന്ന ഒരു പ്രാർത്ഥന ഇവിടെ ചേർത്തുകൊണ്ട് തത്ക്കാലം നിറുത്താം.

ദൈവമേ, നീ ഞങ്ങൾക്ക് കനിഞ്ഞുനല്കിയ 
മനോഹരമായ ഈ ഭൂമിയെ കാണാനും
പക്ഷികളുടെ കളകൂജനങ്ങളും അരുവികളുടെ കിലുകിലാരവങ്ങളും 
കുളിർകാറ്റിന്റെ മൂളലും കേൾക്കുവാനും 
ഞങ്ങളെ പഠിപ്പിക്കേണമേ.
കീടകുമിൾനാശിനികളെന്ന രാസവിഷങ്ങളാൽ മരണപ്പെട്ടുകൊണ്ടിരിക്കുന്ന 
ഈ ഭൂമിയെ രക്ഷിക്കാൻ ഞങ്ങളെ നീ സഹായിക്കണേ.
ഞങ്ങൾ നടുന്ന വിത്തുകളോടോത്ത് 
നിന്റെ പാദാംബുജങ്ങളിൽ തലതാഴ്ത്തി നിന്ന് 
നിന്നെ മഹത്വപ്പെടുത്തുവാനും, 
അവയിൽനിന്ന് ഒരു തളിരോ പൂവോ വിരിയുമ്പോൾ, 
 ഒരായിരം തവണ നിന്നോട് നന്ദി പറയാനും മാത്രം 
ഞങ്ങൾ എളിമയും അറിവുമുള്ളവരാകട്ടെ.

3 comments:

  1. പൂഞ്ഞാര്‍ എന്നും വാര്ത്താകളില്‍ നിറഞ്ഞു നില്ക്കു ന്ന ഒരു സുന്ദരമായ ഭൂപ്രദേശം. കേരളം കൈവിട്ടുകൊണ്ടിരിക്കുന്ന ശാലീനമായ ഗ്രാമീണത അവിടിപ്പോഴും ഉണ്ട്. പ്രകൃതി ദുരന്തങ്ങളോട് മല്ലിട്ടും, വന്യമായ ആവേശത്തോടെ പ്രകൃതിയെ ആശ്ലെഷിച്ചും വളര്ന്നങവരാണ് അവിടുത്തെ കര്ഷമകരും. വ്യത്യസ്തവും മാത്രുകാപരവുമായ സംരംഭങ്ങള്‍ അവിടെ ഉടലെടുത്തിട്ടുണ്ട്, അവ അന്താരാഷ്‌ട്ര പ്രശംസ നേടിയിട്ടുമുണ്ട്. ഈ ചിന്തയുടെ വെറും പൂഞ്ഞാറില്‍ തന്നെ.
    ഇന്ന് കേരളത്തില്‍ പ്ലാവുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ചക്ക പറിക്കാനും ആളില്ല, വേവിക്കാനും ആളില്ല, തിന്നാന്‍ താല്പ്പര്യമുള്ളവരും കുറയുന്നു (കൂഴ ആര്ക്കും വേണ്ട). ഫലം സീസണല്‍ ആയതു കൊണ്ട് പ്ലാവിനെ ആശ്രയിച്ചുള്ള വ്യവസായങ്ങള്ക്ക് ആരും മുതിരുന്നുമില്ല. ഇവിടെ, ഏതാനും കാര്യങ്ങള്‍ പരിചിന്തനം ചെയ്യേണ്ടതുണ്ട്. ഒന്നാമതായി സമാന ചിന്താഗതിക്കാരുടെ കൂട്ടായ്മകള്ക്കുങ രൂപം കൊടുത്ത് ക്രിയാത്മകമായ പ്രകൃതി വിഭവോവുപഭോഗത്തിലേക്ക് ശ്രദ്ധ തിരിക്കാന്‍ ഇടവേളകള്‍ പ്രയോജനപ്പെടുത്തുക; രണ്ടാമത് ശുദ്ധമായ പ്രകൃതി വിഭവങ്ങള്‍ ശാരീരിക-മാനസിക ആരോഗ്യത്തിനു ആവശ്യമാണെന്ന ഉള്ബോധം ജനങ്ങളില്‍ സൃഷ്ടിക്കുകയും പ്രകൃതി വിഭവങ്ങള്‍ എളുപ്പത്തില്‍ പ്രയൊജനീഭവിപ്പിക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുക; വീണ്ടും പ്രകൃതിയോടുള്ള നമ്മുടെ കാഴ്ച്ചപ്പാട് ഒരമ്മയോടെന്നതുപോലുള്ള അടുപ്പമായി മാറ്റുന്നതിലൂടെ നാം ഈശ്വരനിലെക്കു അടുക്കുന്നുവെന്ന അറിവ് എല്ലാവരിലും എത്തിക്കുക; പരിസ്ഥിതി സംരക്ഷണം ഒരു കടമയായി കരുതുന്ന ഒരു തലമുറയെ രൂപപ്പെടുത്തുക; ആദായം ലഭിക്കുന്ന ഒരു തൊഴില്‍ മേഖലയായി പ്രകൃതി തരുന്ന സാദ്ധ്യതകളെ പ്രയോജനടുത്തുക. സക്കറിയാസ് സാര്‍ പറഞ്ഞു വെച്ചത് പ്ലാവ് അവഗണിക്കപ്പെടെണ്ട ഒരു വൃക്ഷമല്ല അതിന്റെ സാദ്ധ്യതകള്‍ നാം പ്രയോജനപ്പെടുത്തുന്നില്ലായെന്നാണ്. താത്പര്യമുള്ളവര്ക്ക് വേണ്ട പിന്തുണ തരാന്‍ അദ്ദേഹം തയ്യാറുമാണ്. ആവശ്യക്കാര്‍ പ്രയോജനപ്പെടുത്തുക.
    ഈ ലേഖനം അത്മായര്ക്കു വേണ്ടിയുള്ളതായിരിക്കാന്‍ ഇടയില്ല. കാരണം ചക്ക പറിക്കുന്നതും തിന്നുന്നതുമെല്ലാം കത്തോലിക്കാ അത്മായര്‍ മാത്രമല്ലല്ലോ.

    ReplyDelete
  2. ചക്ക ഉണ്ടാകുന്ന പ്ലാവിലും ആത്മീയയുണ്ട്. ഞാൻ അതിനോട് യോജിക്കുന്നു. ഇടിവെട്ടുമ്പോൾ തൊട്ടടുത്ത ഉയർന്നുനില്ക്കുന്ന പ്ലാവ്‌ ഇടി സ്വീകരിച്ച് വീട്ടിലുള്ള കുഞ്ഞുങ്ങളെയും മുതിർന്നവരെയും രക്ഷപ്പെടുത്തിയിരുന്ന കാലങ്ങളും ഓർമ്മയിൽ ഉണ്ട്. യേശുഭഗവാൻ ആട്ടിൻകുട്ടികളെ താലോലിക്കുന്ന ചിത്രങ്ങൾ വിശ്വകലാരൂപങ്ങളാണ്. ആട്ടിൻകുട്ടികൾ കൈകളിൽനിന്നും പച്ചപ്ലാവിലകൾ ആർത്തിയോടെ തിന്നുന്നതും മനസിന്‌ കുളിർമ്മ നൽകാറില്ലേ.

    അമേരിക്കയിൽ ചക്ക വിലയ്ക്കു കിട്ടും. ജമൈക്കാ എന്ന തീരദേശരാജ്യത്തിൽനിന്ന് ചക്കകൾ എത്തുന്നുവെന്നാണ് പറയുന്നത്. നല്ല വലുപ്പം തോന്നുമെങ്കിലും വരിക്ക ചക്കപ്പഴംപോലെ ചുളകളുള്ള ചക്കക്ക് പത്തു ഡോളർ കൊടുത്താണ് മലയാളികൾ വാങ്ങികൊണ്ട് പോവുന്നത്. കൂടിയാൽ ഇരുപതിൽ താഴെ ചുളകൾ കാണും. പഴുത്ത ചുളകൾക്കു നല്ല നിറമുണ്ടെങ്കിലും വാങ്ങിക്കുന്ന ഈ ചക്കക്ക് പിഞ്ചുച്ചക്കയുടെ രുചിയാണ്.

    പഠിക്കുന്ന കാലങ്ങളിൽ സാധാരണ ഭേദപ്പെട്ട കുട്ടികൾക്കേ മഴയത്ത് ചൂടാൻ കുടയുണ്ടായിരുന്നുള്ളൂ. കഴിവുണ്ടെങ്കിലും ബോധമില്ലാത്ത മാതാപിതാക്കൾ കുട അന്ന് കുട്ടികള്ക്ക് മേടിച്ചു കൊടുക്കുന്ന കാര്യങ്ങളിലും മടി കാണിച്ചിരുന്നു. വാഴയില ചൂടികൊണ്ട് പോവുന്നത് അഭിമാനത്തിനു കുറവും ഉള്ള കാലം. എനിക്ക് വാങ്ങിയ പുത്തൻ കുട ആരോ സ്കൂളിൽ നിന്ന് ചൂണ്ടികൊണ്ട്‌ പോയതും ഓർക്കുന്നു. പിന്നെ മേടിച്ച കുടയും വിരുതന്മാർ അക്കൊല്ലം തട്ടികൊണ്ട് പോയി.അതിനുശേഷം കുടയില്ലാതെ നടന്നു.

    അക്കാലത്ത് രണ്ടു മൈയിൽ അകലെയുള്ള സ്കൂളിൽ നടന്നു പോവുന്ന കാലങ്ങളിൽ മഴനനയാതെ എന്നെ അമ്മയെപ്പോലെ സംരക്ഷിച്ചിരുന്നത്‌ വഴിയരികിലുള്ള പ്ലാവുകളായിരുന്നു.പണമുള്ളവർ കുടയുമായി പോവുമ്പോൾ എനിക്കന്ന് കൂട്ടിന് ദളിതരായ പിള്ളേരും ഉണ്ടായിരുന്നു. വീടുകളിൽ പ്രവേശനം കൊടുക്കാത്ത അവശസമുദായത്തിൽപ്പെട്ട പിള്ളേരോട് ഈ അമ്മ വിവേചനം കാണിക്കുകയില്ലായിരുന്നു.

    കുടയുമായി പിള്ളേർ വീട്ടിലേക്കു പോകുമ്പോൾ സങ്കടം വന്നിരുന്നെനിലും പ്രകൃതിയുടെ ഈ പ്ലാവുകൾ എനിക്കാശ്വാമായിരുന്നു. മഴ ഇനിയും വരുന്നുണ്ടോയെന്നറിയാൻ പ്രക്രുതിയേയും ആകാശത്തേയും നോക്കും.മഴ പെയ്യരുതെയെന്ന ദൈവവുമായ ഒരു പ്രാർത്ഥന ചിലപ്പോൾ കാർമേഘങ്ങളെ ഇല്ലാതാക്കുമായിരുന്നു. ഇന്ന് ആ ഓർമ്മകൾ ആത്മാവുമായി സ്വയം സംസാരിക്കുന്നതുപോലെയും തോന്നാറുണ്ട്.

    പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ പ്ലാവിലകൊണ്ട് കിരീടം ഉണ്ടാക്കി അച്ചനും ബിഷപ്പും ഒക്കെ കളിക്കുമായിരുന്നു. ചിരട്ടകൾ കാസായായി ഉയരത്തിൽ ഉയർത്തി പ്രാർഥനകൾ ചൊല്ലുമായിരുന്നു. പ്ലാവിൻ ചുവട്ടിൽ കിടക്കുന്ന കൂഴചക്കച്ചുളകൾ കൂട്ടുകാരുടെ അധരങ്ങളിൽ കുർബാനയായി കൊടുത്ത ദിനങ്ങളെല്ലാം ആത്മീയമായി ഇന്ന് അനുഭവപ്പെടുന്നു. സ്രഷ്ടാവും സൃഷ്ടിയും പ്രക്രുതിയുമൊത്ത കുട്ടികാലത്തെ കളികൾ ഇന്നുകാണുന്ന ദൈവാലയത്തിലെ കളികളെക്കാൾ എത്രയോ പരിശുദ്ധമാണ്.

    എനിക്കേറ്റം ഇഷ്ടപ്പെട്ട ഭക്ഷണം ചക്കപുഴുക്കാണ്. യാതൊരു മായവുമില്ലാത്ത പ്രകൃതിയുടെ ദാനം. വിദേശത്ത് താമസിക്കുന്ന ഞാൻ എന്നും അയവിറക്കുന്ന ദിനങ്ങളും മലയാളത്തിലെ ചക്കയുള്ള കാലങ്ങളാണ്. അമ്മച്ചിയും ഇച്ചായനും സഹോദരങ്ങളും അയൽവാസികളുമൊത്ത് ഈ പുഴുക്ക് തിന്ന കാലങ്ങളെല്ലാം സ്നേഹവും പങ്കിട്ടിരുന്നു. ആത്മീയതയുടെ ആ ചുരുണ്ട ദിനങ്ങൾ ഇന്നത്തെ ഐടെക്ക് യുഗത്തിലെ തലമുറകളൊട് പറഞ്ഞാൽ മനസിലാവുകയില്ല. ഗ്ലൂപോലെ ചക്കയരക്ക് അന്ന് പല കുട്ടികളുടെയും മുഖത്ത് കാണാമായിരുന്നു. കർഷകമക്കളുടെ അന്നത്തെ കർഷകസൌന്ദര്യം ഇന്നത്തെ മുഖത്തുനിറച്ചും ചായംപുരട്ടി നടക്കുന്ന മങ്കകളിൽ കാണുന്നില്ല. പലരുടെയും പ്രഭാതഭക്ഷണം ചക്കപുഴുക്കോ ചക്കപ്പഴമോ ആയിരുന്നു. വലിയ ചിലവില്ലാതെ പ്രകൃതി കൊടുക്കുന്ന മന്നായായിരുന്നു ചക്ക.

    പഴയ കാലങ്ങളിൽ ഇന്നത്തെ സ്പൂണിനുപകരം പ്ലാവിലകുമ്പിളിൽ ആയിരുന്നു കഞ്ഞിയും പായസവും കുടിച്ചിരുന്നത്‌. വിശേഷ ദിവസങ്ങളിൽ അമ്പലങ്ങളിൽ പ്ലാവിലകുമ്പ്ലിൽ പായസം വിതരണം ചെയ്ത് ആത്മീയത പ്രകടിപ്പിച്ചിരുന്നു. തൊട്ടു തീണ്ടായ്മയുടെ കാലത്ത് മേൽജാതിയുടെ പ്ലാവില കുമ്പിളിൽനിന്നും ഐത്തം വരാതെ കീഴ്ജാതിയുടെ കൈകളിൽ ഉള്ള പ്ലാവിലയിൽ പായസം പകർന്നുകൊടുക്കുന്നതും കാലത്തിന്റെ ആത്മീയവിക്രുതിയായിരുന്നു.

    ദൈവത്തിന്റെ സൃഷ്ടികളായ മരങ്ങളെയും ചെടികളെയും പലപ്പോഴും മുന്തിരിവള്ളിയായും ഒലിവുമരമായും വചനങ്ങളിൽ ഉപമിച്ചിട്ടുണ്ട്. തുളസിച്ചെടികളും അശോകവൃഷവും ആൽമരങ്ങളും ദേവദാരുക്കളുടെ പുണ്യവൃഷങ്ങളാണ്. നെയ്യാറ്റിൻകരയിലുള്ള കൃഷ്ണാ അമ്പലത്തിൽ പ്ലാവ് പുണ്യവൃഷമാണ്. പൂജകളുമായി ഹിന്ദുക്കൾ അമ്പലമുറ്റത്തുള്ള പ്ലാവിനെ അമ്മച്ചിയെന്ന് വിളിക്കുന്നു. എട്ടുവീട്ടിൽ പിള്ളമാരിൽനിന്നും പതിനെട്ടാം നൂറ്റാണ്ടിൽ മാർത്താണ്ഡവർമ്മ
    രാജാവ് ജീവൻ രക്ഷിച്ചത്‌ പ്ലാവിൻപൊത്തിൽ ഒളിച്ചായിരുന്നു. ഒരു അമ്മ വയറിനുള്ളിൽ കുഞ്ഞിനെ കാത്തു രക്ഷിച്ചതുപോലെ രാജാവിന്റെ ജീവൻ രക്ഷിച്ച നാളുമുതൽ ഈ പുണ്യവൃഷത്തെ അമ്മച്ചിപ്ലാവെന്നു
    വിളിക്കുന്നു.

    ReplyDelete
  3. "ഈ ലേഖനം അത്മായര്ക്കു വേണ്ടിയുള്ളതായിരിക്കാന്‍ ഇടയില്ല. കാരണം ചക്ക പറിക്കുന്നതും തിന്നുന്നതുമെല്ലാം കത്തോലിക്കാ അത്മായര്‍ മാത്രമല്ലല്ലോ."

    ഒത്തിരി നല്ല കാര്യങ്ങൾ പറഞ്ഞുവച്ചശേഷമുള്ള മറ്റപ്പള്ളി സാറിന്റെ ഈ കളിയാക്കലിനെ ജോസഫ്‌ മാത്യു ഏതെല്ലാം വശത്തുനിന്നും തെറിപ്പിച്ചു കളഞ്ഞിരിക്കുന്നു എന്നത് ഒരുതരത്തിൽ അസൂയാവഹമായ ഒരു കഴിവാണ്. ഞാനും പൂഞാറ്റിലെ ചക്കക്കളരിയിൽ പങ്കെടുത്തിരുന്നു. ഭൂരിഭാഗവും സ്ത്രീകളായിരുന്നു, കത്തോലിക്കരും. പുതുതായി എന്തെല്ലാം പഠിക്കാനായി! ചക്ക വേവിച്ചത് എന്റെയും ഏറ്റവും ഇഷ്ടമുള്ള ആഹാരമാണ്.

    മറ്റേതൊരു മരം പോലെയാണെങ്കിലും, പ്ലാവിനോളം നന്മ മനുഷ്യർക്ക്‌ ചെയ്യുന്ന മരം വേറെ എതുണ്ട്‌? നൂറും അതിലധികവും ചക്കകൾ ഓരോ വർഷവും തരുന്ന പ്ലാവുകളുണ്ട്. എത്രമാത്രം ജോലിയുടെ ഫലങ്ങളാണവ എന്നൊന്ന് ഓർത്ത്‌ നോക്കൂ. ഒരു പ്രത്യേക വളവുമില്ലാതെ ജീവിതകാലം മുഴുവൻ ഒരു മരം ഇങ്ങനെ ഭക്ഷണം വിളമ്പുക എന്നതിൽ ആത്മീയതയില്ലെങ്കിൽ പിന്നെയെവിടെ എന്തിനെയാണ് ആത്മീയത എന്ന് പറയുക? ഒരേ പ്ലാവിന്റെ കുരുവിൽ നിന്നുണ്ടാകുന്ന ഓരോ തൈയും തരുന്നത് വത്യസ്ത രുചിയുള്ള ഫലങ്ങളെയാണ്. എന്തൊരത്ഭുതം! ഇല പൊഴിക്കാത്ത ഒരു നിത്യ ഹരിതവൃക്ഷമാണ് പ്ലാവ്. പ്ലാവും ഞാനും എന്നൊരു പുസ്തകമുണ്ട്. ആർക്കെങ്കിലും അറിയാമെങ്കിൽ പറയുക.

    ReplyDelete