Translate

Monday, May 13, 2013

എരുമേലി വീണ്ടും

എരുമേലിയെന്നു കേട്ടാല്‍ പേട്ടകെട്ട്, മതസൌഹാര്‍ദ്ദം തുടങ്ങിയ വാക്കുകളായിരുന്നു ഇത്രയും കാലം മലയാളിയുടെ ഓര്‍മ്മയില്‍ വരുന്നത്. ഇനി ഒരു വാക്ക് കൂടി ഉണ്ടാവും – അറയ്ക്കല്‍ പറമ്പ്. ഭര്‍ത്താവ് തോമസിന്‍റെ സ്ഥലം രോഗശാന്തി ലഭിക്കാന്‍ രൂപതയ്ക്ക് കൊടുക്കാമെന്നു മോനിക്കാ സമ്മതിച്ചു, അത് എഴുതിക്കൊടുക്കുകയും ചെയ്തു. ഇരുട്ടത്ത് വീട്ടില്‍ വന്ന സര്‍ക്കാരുദ്യോഗസ്ഥനും ധ്യാനഗുരുക്കന്മാരും ചേര്‍ന്ന് ആധാരം എഴുതിയപ്പോള്‍ എഴുതിയെടുത്തത് അവരുടെ മുഴുവന്‍ സ്വത്തുക്കളും. ഇതറിഞ്ഞതോ, കുറെ നാളുകള്‍ക്കു ശേഷവും. മോനിക്കാക്കു സംശയം തോന്നി  അന്വേഷിച്ചതുകൊണ്ടു അവര്‍ മരിക്കുന്നതിന്‍റെ മുമ്പുതന്നെ അറിഞ്ഞു. ആദ്യം നാട്ടുകാരും ബന്ധുക്കളും അടുത്തുകൂടി. ഒരു ബന്ധു ഇതിന്‍റെ ഒരു സൂത്രധാരന്‍ വൈദികനോട് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി, “ചേട്ടന് സങ്കടം വരുന്നുണ്ടേല്‍ ആ പള്ളിയില് കേറി കുറച്ചു കരഞ്ഞിട്ടു പൊയ്ക്കോ” എന്നാണ്. മോനിക്കാ കരഞ്ഞലച്ചു നേരെ അരമനയിലേക്ക്, കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നത് കൊണ്ട് മെത്രാനെ കാണാന്‍ പറ്റി, അടുത്ത വിമാനം കേറുന്നതിനു മുമ്പ്. സ്വന്തം ഭര്‍ത്താവിന്‍റെ ഫസ്റ്റ് കസിനാണല്ലോ  സഹായിക്കാതിരിക്കില്ലയെന്ന് കരുതി. “ഭണ്ഡാരത്തില്‍ വീണത് ഭണ്ഡാരത്തില്‍ തന്നെ.” അദ്ദേഹം പറഞ്ഞു; ഭാഷയ്ക്ക്‌ ഒരു മൊഴിയും കൂടി കിട്ടിയെന്നല്ലാതെ ഒരു പ്രയോജനവും കിട്ടിയില്ല.

25 കോടിയുടെ സ്വത്ത് ആരുടെയോ പേരില്‍ രൂപതയുടെതായി എന്ന് പറയപ്പെടുന്ന സംഭവം അല്മായാ പ്രവര്‍ത്തകരിലൂടെയും പത്രങ്ങളിലൂടെയും പുറത്തു വന്നു. അങ്ങിനെ സഭക്ക് വിലമതിക്കാനാവാത്ത അപമാനവും സമ്മാനിച്ചു ലോകമാകെ ഇപ്പോഴും വാര്‍ത്ത പരക്കുന്നു. ജെര്‍മ്മനിയില്‍ എത്താനിനിരുന്ന അറക്കല്‍ മെത്രാനെ അവര്‍ പഴത്തൊലിയുമായി കാത്തിരുന്നു, കിട്ടിയില്ല, പരിപാടി വേണ്ടെന്നു വെച്ചു. ഇവിടെ വഞ്ചനാ കേസില്‍ പ്രതിയാണെന്നുള്ള സത്യം മറച്ചു വെച്ച് അമേരിക്കയില്‍ ഇറങ്ങിയ മെത്രാന്‍ പൊങ്ങുന്നതും നോക്കി അവിടുത്തുകാര്‍ കാത്തിരുന്നു, കിട്ടിയില്ല. കാഞ്ഞിരപ്പള്ളിയില്‍ അത്മായാ സംഘടനകളുടെ ജോയിന്റ് കൌണ്‍സില്‍ നടത്തിയ മാര്‍ച്ച് ജനം ആവേശപൂര്‍വ്വം സ്വീകരിച്ചു, യുവദീപ്തി പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തി. ചെങ്ങനാശ്ശേരിയില്‍ നടത്താനിരുന്ന മാര്‍ച്ച് സ്ഥലം MLA യുടെ സ്വസഹോദരന്‍ തന്നെ നേരിട്ട് എത്തി പോലിസ് തടയുന്നെന്നു ഉറപ്പു വരുത്തി.

ഹൈറെഞ്ച് പള്ളികളില്‍ മോനിക്കാ ക്ഷമ പറഞ്ഞെന്നു വൈദികര്‍ പ്രസംഗിച്ചത് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, മോനിക്കാ പത്രസമ്മേളനം നടത്തി ഇങ്ങിനെ കള്ളം പറയുന്നവര്‍ക്കെതിരെ മാനനഷ്ടത്തിനു കേസെടുക്കുമെന്ന് പ്രഖ്യാപിച്ചു. മെത്രാനും കൂട്ടരും അവിടെയും കുലുങ്ങിയില്ല, ഒരു ധ്യാനഗുരു മോനിക്കാ വീണ്ടും കുറ്റസമ്മതം നടത്തിയെന്നും, സ്ഥലത്തെ സംബന്ധിച്ചുള്ള എല്ലാ കേസുകളും അവസാനിച്ചെന്നും അടുത്താഴ്ച മുതല്‍ ആവേ മരിയാ ധ്യാനകേന്ദ്രം അറക്കല്‍ പറമ്പില്‍ തന്നെ തുറന്നു പ്രവര്‍ത്തിക്കുമെന്നും അടുത്തിടെ വീണ്ടും പ്രഖ്യാപിക്കുന്നു.

ശബരിമല പാതയോരത്ത് ക്രിസ്ത്യന്‍ ധ്യാനകേന്ദ്രം തുടങ്ങുന്നത് തിര്‍ത്താടകരെ വിഷമിപ്പിക്കാനാണെന്നു ഹിന്ദുസംഘടനകള്‍ ആദ്യം മുതലേ ആരോപിച്ചിരുന്നു. മെത്രാന്‍ സംഘം ഉണ്ടോ വിടുന്നു. സ്വാമിമാര്‍ക്ക് വിരി വെയ്ക്കാനുള്ള സ്ഥലം, വെള്ളം കുടിക്കാനുള്ള സൗകര്യം ഇതെല്ലാം അധികാരികളെ പ്ലാനില്‍ വരച്ചു കാണിച്ചു കളഞ്ഞു. ഇതിനോടിടക്ക് അവിടെ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്ന കോടതി വിധിയുമുണ്ട്. അത് ആരു വക വെയ്ക്കുന്നു. കിണര്‍ കുഴിക്കല്‍ മുതല്‍ അത്യാവശ്യം വേണ്ട പണികളെല്ലാം മെത്രാന്‍ സംഘം തുടര്‍ന്നു. നേരിട്ടും, ദൂതര്‍ മുഖേനയും മിഷനറിമാരും സഹപ്രവര്‍ത്തകരും നാട്ടു പ്രമാണികളും വരെ ഉപദേശിച്ചു, ഈ ഭൂമി വിട്ടു കൊടുക്കുന്നതുകൊണ്ട് അരമനക്ക് ഒന്നും കുറയാന്‍ പോകുന്നില്ലായെന്ന്. ആരു കേള്‍ക്കാന്‍?  മെയ് ലക്കം സോള്‍ ആന്‍ഡ്‌ വിഷനില്‍ കൂടി പ്രസിദ്ധ എഴുത്തുകാരനും, ധ്യാന പ്രസംഗകനും, പണ്ഡിതനും ഈശോസഭാംഗവുമായ ഫാ. (ഡോ.) ഈശാനന്ദ് SJ,  ഞങ്ങള്‍ വടക്കേ ഇന്ത്യയില്‍ സമാധാനമായി കഴിയട്ടെ, കുപ്രസിദ്ധമായ ഈ കേസ് എങ്ങിനെയെങ്കിലും ഒതുക്കി തീര്ക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ, സംഗതി ഇപ്പോഴും ഭണ്ഡാരത്തില്‍ തന്നെ തുടരുന്നു.

ഇന്നലെ എന്നോട് എരുമെലിയിലുള്ള ഒരു സ്നേഹിതന്‍ ഫോണില്‍ പറഞ്ഞത്  ശരിയാണെങ്കില്‍ ഹിന്ദു ഐക്യവേദി ആവേ മരിയാ പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എരുമേലിയില്‍ മെയ് 14ന് വൈകിട്ട് 5 മണിക്കു സമ്മേളനം വിളിച്ചിരിക്കുന്നു. പോസ്ടറുകള്‍ നിരന്നു കഴിഞ്ഞുവെന്നും കേട്ടു. പ്രസംഗിക്കുന്നതോ, അവരുടെ സംസ്ഥാന നേതാക്കള്‍. മെത്രാനും ഹിന്ദു മുന്നണിക്കും ഇപ്പോള്‍ ഇതൊരു പ്രസ്ടിജു പ്രശ്നമാണ്. ഇനി അവിടെ കുരിശു കുട മുതലായവ പൊങ്ങിയെക്കാം, മാതാവ് പല രൂപത്തിലും അവിടെ പ്രത്യക്ഷപ്പെട്ടെന്നുമിരിക്കും. നാറുന്നതും ചീയുന്നതും സഭയല്ലേ, മെത്രാനെന്തു നഷ്ടം? അല്‍പ്പമെങ്കിലും നാണം ഉണ്ടായിരുന്നെങ്കില്‍ എത്രയോ മുമ്പു തൊഴില്‍ നിര്‍ത്തി അങ്ങേരു പോയേനെ. ബുള്ളറ്റ് പ്രൂഫ്‌ കാര്‍ വാങ്ങിയതിന്‍റെ രഹസ്യം ആര്‍ക്കെങ്കിലും ഇനി മനസ്സിലാകാനുണ്ടോ? ഭര്‍ത്താവ് അവശനായി കട്ടിലില്‍, കണ്ണിരോഴുക്കിക്കൊണ്ട് ഒരു സ്ത്രീ അരികില്‍. സ്വന്തം പറമ്പില്‍ നിന്ന് ഒരു വിറകു കൊള്ളി പോലും എടുക്കാന്‍ അധികാരമില്ലാത്ത ഈ സ്ത്രിയുടെ കണ്ണിരില്‍ പലതും ഇവിടെ അലിഞ്ഞു പോയേക്കാം. 

9 comments:

  1. എല്ലാ മെത്രാന്മാരും ബുള്ളെറ്റ് പ്രൂഫ്‌ കാറുകൾ വാങ്ങട്ടെ . മാർപ്പാപ്പ ബുള്ളറ്റ് പ്രൂഫ്‌ വണ്ടിയിലല്ലേ സഞ്ചാരം ?
    എന്റെ ഒരു ആഗ്രഹം കേരളത്തിലെ എല്ലാ മെത്രാന്മാരും കാരവാൻ വാങ്ങണം എന്നുള്ളതാണ് .ടോയിലറ്റ് സൗകര്യം ഉള്ളത് കൊണ്ട് മൂത്രം പിടിച്ചു നിറുത്തി പ്രശ്നങ്ങൾ ഉണ്ടാവില്ല .
    നമ്മെ ദൈവവുമായി അടുപ്പിക്കുന്ന കണ്ണികൾ അല്ലെ മെത്രാന്മാരും അച്ചന്മാരും അവര്ക്ക് എന്തിനെങ്കിലും ഒരു കുറവ് ഉണ്ടാകാൻ പാടുണ്ടോ ?
    പിന്നെ “ഭണ്ഡാരത്തില്‍ വീണത് ഭണ്ഡാരത്തില്‍ തന്നെ.” തിരുവചനത്തെക്കുറിച്ച് ഒരു വാക്ക്
    ഇപ്പൊ ധ്യാന ഗുരുക്കൾ രണ്ടും മൂന്നും പിള്ളേർ ഉള്ളവരോട് പോലും ദൈവവേലയ്ക്കായി ഇനിയും കുട്ടികളെ ഉണ്ടാക്കാൻ ആഹ്വാനം ചെയ്യുന്നുണ്ട് ,പലര്ക്കും നല്ലപ്രായം കഴിഞ്ഞു അഭിഷേക ശിശുക്കൾ ഉണ്ടാകുന്നുമുണ്ട് ,ധ്യാനത്തിന്റെ കെട്ടിറങ്ങി കഴിയുമ്പോൾ കൊച്ചിനെ ധ്യാനകേന്ദ്രത്തിൽ കൊണ്ടുപോയി എല്പ്പിക്കാൻ ഒക്കുമോ ?

    ReplyDelete
  2. അറിഞ്ഞു കേട്ടിടത്തോളം പ്രശ്നങ്ങള്‍ തുടങ്ങിയതേയുള്ളൂ. ബുള്ളറ്റ് പ്രൂഫ്‌കാറുകള്‍ ഇല്ലാത്ത വൈദികര്‍ ആ വഴി ശ്രദ്ധിച്ചു നടക്കേണ്ടി വരും. സാമുദായിക സംഘര്‍ഷത്തിലേക്ക് നാടിനെ നയിക്കാന്‍ മടിക്കാത്ത ഇതേ മെത്രാനെ, ഒരു അബലയായ വയോധികയുടെ പ്രാക്കും തലയിലേറി ഞെളിഞ്ഞു നടക്കുന്ന ഇതേ മെത്രാനെ സ്ത്രികളുടെ അവശത അവസാനിപ്പിക്കാന്‍ തുടങ്ങുന്ന വനിതാ കമ്മിഷന്റെ സമ്മേളനം ഉദ്ഘാദനം ചെയ്യാന്‍ വിളിച്ചത് ഏതായാലും ഉചിതമായി. എറണാകുളം റിന്യുവല്‍ സെന്‍റര്‍ രോമാഞ്ചാമണിയട്ടെ !

    ReplyDelete
    Replies
    1. അച്ചൻമാർക്കും സുരക്ഷ ആവശ്യമാണ്. അല്ത്താരയിൽ കുർബാന ചെല്ലുമ്പോൾ മെത്രാനും അച്ചനും ഒരു അധികാരമെന്നാണ് വേദപാഠം ക്ലാസ്സിൽ പഠിച്ചിട്ടുള്ളത്‌. മെത്രാന് മാത്രം സുരക്ഷ നീതിയല്ല. ബുള്ളറ്റ്പ്രൂഫിന് പകരം ആവേ മരിയായിലെയും കാഞ്ഞിരപള്ളി അച്ചന്മാരുടെയും കഴുത്തിൽ സിമന്റ് നിറച്ച് കഴുത്തിൽ കെട്ടികൊടുക്കുന്നത് ഉചിതമായിരിക്കും. ഒന്ന് രക്ഷയുടെ കവചത്തിനും രണ്ട് ആവേ മരിയാ ധ്യാനകേന്ദ്രം പുതുക്കി പണിയാനുള്ള സിമെന്റിനും പ്രയോജനപ്പെടുത്താം.

      Delete
  3. എല്ലാം കൊണ്ടും ഒരു സന്തോഷം! അനോണിമസിനും വീണ്ടുവിചാരം വന്നല്ലോ !

    ReplyDelete
  4. ഒരു കാഞ്ഞിരപ്പള്ളിക്കാരന്‍ എന്ന നിലയില്‍ നോക്കുമ്പോള്‍ വാസ്തവത്തില്‍ ദു:ഖിപ്പിക്കുന്ന വാര്‍ത്തകള്‍ തന്നെ. റോഷന്‍ പറഞ്ഞതുപോലെ ശബരിമലക്ക് പോകുന്ന അയ്യപ്പന്മാര്‍ക്ക് വിരിവെക്കാന്‍ സഹായിക്കണമെന്നായിരുന്നു പദ്ധതിയെങ്കില്‍ ആ വഴിവക്കുകളില്‍ ധാരാളം പള്ളികളും മൈദാനങ്ങളുമുണ്ട്. എപ്പോള്‍ വേണമെങ്കിലും അതുപയോഗിക്കാവുന്നതെയുള്ളൂ.അറക്കല്‍ പറമ്പു വേണമെന്നില്ല.

    മലയാറ്റൂര്‍ മലമുകളില്‍ ഒരു ബോര്‍ഡ്‌ സ്ഥാപിച്ചിട്ടുണ്ട്, അതിന്‍റെ ചിത്രം കാണാനായി. അതില്‍ ഇങ്ങിനെ എഴുതിയിരിക്കുന്നു, 'നിങ്ങള്‍ തെരുവില്‍ അനാഥരെ കണ്ടാല്‍ മുഖം തിരിച്ചു നടക്കാതെ ഞങ്ങളെ വിളിച്ചറിയിക്കുക. ഞങ്ങള്‍ അവരെ ഏറ്റെടുത്തത് മരുന്നും ഭക്ഷണവും നല്‍കി ആയുഷ്ക്കാലം മുഴുവന്‍ ചെമ്മണ്ണൂര്‍ ലൈഫ് വിഷന്‍ പുവര്‍ ഹോമുകളില്‍ പോറ്റിക്കോളം. ഞങ്ങളെ വിളിച്ചറിയിക്കേണ്ട നമ്പര്‍: 09847914527." അത്മായന്‍ അറിയുന്നു....പക്ഷെ..!

    ഒരു സന്യാസിക്കു മര്യാദ പഠിക്കാന്‍ ഉത്തര കാശിയിലെ കശാപ്പുകാരന്‍റെ അടുത്തു പോകേണ്ടി വന്ന കഥ കേട്ടിട്ടുണ്ട്. അതുപോലെയാണ് നാം ക്രിസ്ത്യാനികളും. കാര്യം നമുക്കറിയാം...പക്ഷെ ചെയ്യാന്‍ സമയം വേണ്ടേ? തമിള്‍ നാട്ടിലുണ്ടാക്കുന്ന സിമന്റ്റ് നമ്മളല്ലാതെ ആരു തിര്‍ക്കും?

    ReplyDelete
  5. മദ്യം ,മയക്കുമരുന്ന് ,ധ്യാനം ഇവ മനുഷ്യന്റെ ചിന്താശേഷിയെ മരവിപ്പിക്കുന്നു ,ധ്യാനത്തിന്റെ ലഹരി ആഴ്ചകളോ ,മാസങ്ങളോ വരെ തുടരാം .പോട്ടയുടെയും ആവേ മരിയായുടെയും കുറെ കഥകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട് .കേരളത്തിലെ ക്രിസ്ത്യാനിയുടെ ശാപം ഈ ധ്യാനകേന്ദ്രങ്ങൾ ആണ് .
    പിന്നെ റോഷൻ സാർ - കാന്തപുരം ഹെലികോപ്റ്റെർ വാങ്ങുന്നു ഒരു പ്രൈവറ്റ് ജെറ്റ് വാങ്ങി കാഞ്ഞിരപ്പള്ളി തിരുമേനി നമ്മുടെ അഭിമാനം സംരക്ഷിക്കട്ടെ - നമുക്ക് അതിന്നായി പ്രാർത്ഥിക്കാം .

    ReplyDelete
  6. Kanjirappally Diocese got more than 300 acres within 5 miles of Erumely.Both Koovapally estate and Kudukkuvally estate lot of land is available for helping Sabarimala pilgrimagers.
    Why Bishop still holding the Arackal Land in Koratty is a mystery.

    ReplyDelete
  7. മെത്രാന്മാരിൽനിന്നും വൈദികരിൽനിന്നും വിശ്വാസികൾ സാമാന്യ മര്യാദ, ലളിത ജീവിതം, ക്ഷമ, സഹാനുഭൂതി, പ്രർത്ഥനാരൂപി, സേവന സന്നദ്ധത തുടങ്ങിയ കാര്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. കാരണം യേശുഅനുയായികളെ ആധ്യാത്മീകമായി ഉദ്ധരിക്കാൻ സ്വയം കടപ്പെടുത്തി രംഗത്തിറങ്ങിയവരാണിവൽ. പക്ഷെ, സെമിനാരി പഠനകാലം മുതലെ മൂല്ല്യവിചാരം പാടെ നശിച്ചും നശിപ്പിച്ചും ശീലിച്ച ഇവർ വിശ്വാസികളുടെ കിടപ്പുമുറിവരെ ഭരിക്കുന്നവരായി അധപ്പതിച്ചുപോയി. വധുവിന്റയും വരന്റെയും വിവാഹ തലേന്നുള്ള മധുരംവെക്കലിനു പള്ളിവികാരി വേണമെങ്കിൽ വധൂവരന്മാരുടെ ആദ്യരാത്രിമുറിയിലും വികാരി ഉള്ളത് നല്ലതായിരിക്കും. കാരണം അവർ ആ രാത്രിയിൽ വേണ്ടാത്ത രീതിയിൽ വേണ്ടാതീനം വല്ലതും കാട്ടിക്കൂട്ടിയൽ വികാരിക്ക് ഉടനടി വേണ്ട തിരുത്തലുകൾ പറഞ്ഞുകൊടുക്കാമല്ലോ .
    അങ്ങേലോകത്തിലെ സ്വർഗത്തിനായി വെമ്പൽകൊള്ളുന്ന അല്പവിശ്വാസികൾ നേര്ച്ചപ്പെട്ടിയുടെ ചുറ്റും തേനീച്ചകൾപോലെയാണ് ചുറ്റിക്കറുങ്ങുന്നത്. വൈദീക ലൈംഗീക അതിക്രമങ്ങൽക്കായി അമേരിക്കാൻ കത്തോലിക സഭ രണ്ടേമുക്കാൽ ബില്ല്യൻ ഡോളർ മുടക്കി. ആർക്കെന്തുചേതം? ഞാനായിരിക്കുന്ന അതിരൂപതയിൽ നൂറ്റിഇരുപത്തന്ച്ചു മില്ല്യൻ ഡോളർ ഈ വര്ഷം പിരിക്കുന്നു. റ്റാർജെറ്റിൽ കൂടിയ പൈസ അതിരൂപതക്കു കിട്ടും എന്നത് മുൻകാല അനുഭവത്തിൽനിന്നും തീർച്ചയായ കാര്യമാണ്. ദൈവത്തെ വിലക്ക് വാങ്ങിക്കാൻ പുണ്യവാന്മാർക്ക് കൈക്കുലി കൊടുത്ത് ശീലിച്ചവരല്ലേ നമ്മൾ! എന്റെ ചെരുപ്പകാലത്ത് അന്തൊനീസു പുണ്യവാന് നേർച്ചയിടാൻ തന്ന ഒരു ചക്രം ചുക്കിണി കളിച്ച് കളഞ്ഞിട്ടുണ്ട്. കൊച്ചുംനാളിലെ നേർച്ച ഇട്ടു പഠിച്ച നമ്മൾ പ്രായമാകുമ്പോൾ ഏക്കറുകൾ പള്ളിക്ക് എഴുതികൊടുക്കാൾ മടിക്കുകയില്ല.
    കഞ്ഞിരപ്പള്ളി മെത്രാൻ MEBA (Master in Eccesiastical Business Administration) സ്വന്തമായി ആർജ്ജിച്ചെന്നാണ് എന്റെ അഭിപ്രായം. എല്ലാ കത്തോലിക്ക സർവകലാശാലകളിലും ഈ ഡിഗ്രിയുംകൂടി ആരംഭിക്കേണ്ടതാണ്. എങ്കിൽപ്പിന്നെ ഭാവിയിൽ മേത്രാനാകാനുള്ള വൈദീക പ്രമുഖർക്കും മരാമത്തച്ചെന്മാർക്കും ഈ ഡിഗ്രിയിലൂടെ സഭാഭരണകാര്യങ്ങളിൽ പ്രാമീണ്യരാകാമല്ലൊ. സഭയുടെ 'വളർച്ചക്ക്' അത് സഹായകമാകും.

    ReplyDelete
    Replies
    1. അറക്കല്‍ പിതാവിന്‍റെ മഹത്വം അറിയാന്‍ ഒരു സംഭവം കേട്ടോളൂ. വിദേശത്തു താമസിക്കുന്ന ഒരു കുടുംബത്തിലെ ഏക മകന്‍റെ കല്യാണം കാഞ്ഞിരപ്പള്ളി രൂപതയില്‍ വെച്ചു നടത്താന്‍ ആലോചന വന്നു. അറക്കല്‍ പിതാവ് ആ വിവാഹം ആശിര്‍വ്വദിക്കാന്‍ മാതാപിതാക്കന്മാര്‍ ആഗ്രഹിച്ചു. ഇതറിഞ്ഞപ്പോഴേ ബന്ധുക്കള്‍ വിലക്കി. സദ്യക്ക് ആളുണ്ടാവില്ലായെന്നു അവര്‍ മുന്നറിയിപ്പ് കൊടുത്തു. അറക്കല്‍ മെത്രാന്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ നിന്ന് അനേകര്‍ വിട്ടു നില്‍ക്കുന്ന കാര്യം അവര്‍ സൂചിപ്പിച്ചു. അറക്കല്‍ മെത്രാനെക്കൊണ്ട് വിവാഹം ആശിര്‍വ്വദിപ്പിക്കുന്ന കാര്യം പിതാവ് മകനോട്‌ പറഞ്ഞപ്പോള്‍ മകന്‍ പറഞ്ഞ മറുപടി ഇങ്ങിനെ,"അങ്ങിനെയെങ്കില്‍ താലികെട്ട് പപ്പാതന്നെ ചെയ്യേണ്ടി വരും."

      (കൂടുതല്‍ കൃത്യമായി കാര്യങ്ങള്‍ പറയാന്‍ സാധിക്കാതെ വരുന്നതില്‍ ഖേദിക്കുന്നു.)

      Delete