-ജോര്‍ജ് മൂലേച്ചാലില്‍
'ഇതോ മതം?' എന്ന എന്റെ എഡിറ്റോറിയല്‍ലേഖനത്തോടു പ്രതികരിച്ചെഴുതിയ ശ്രീ. ജോസഫ് മാത്യുവിന് നന്ദി!
ഏതു വാക്കിന്റെയും ആദിമാര്‍ത്ഥത്തിലേക്കു കടന്നുചെല്ലുകയെന്നത്, ആ വാക്ക് ഇന്നു പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളും ആശയസംഹിതങ്ങളും എത്രമാത്രം മാറി, അല്ലെങ്കില്‍ ദുഷിച്ചു എന്നു കണ്ടെത്താന്‍ ഉപകരിക്കും. ജനാധിപത്യം, കമ്മ്യൂണിസം, സോഷ്യലിസം മുതലായ വാക്കുകളെ ഇന്നു പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രരൂപങ്ങളിലെ വൈരുദ്ധ്യങ്ങളും ജീര്‍ണ്ണതയും എത്രയെന്നു കണ്ടെത്തുവാന്‍ ആ വാക്കുകളുടെ യഥാര്‍ത്ഥ അര്‍ത്ഥത്തിലെത്തിനിന്നു നോക്കിയാല്‍ മതിയാകും. അങ്ങനെ നോക്കിക്കാണുന്നതു ജനാധിപത്യമല്ല, അല്ലെങ്കില്‍ കമ്മ്യൂമിസമല്ല എന്നൊക്കെ ആരെങ്കിലും വിലയിരുത്തിയാല്‍ അതില്‍ തെറ്റുകണ്ടെത്താന്‍ കഴിഞ്ഞെന്നുവരില്ല. ഇത്തരത്തില്‍, മതമെന് വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തിലെത്തിനിന്ന് ഇന്നത്തെ മതരൂപങ്ങളെ, പ്രത്യേകിച്ച് കത്തോലിക്കാമതത്തെ, നോക്കി അവതരിപ്പിക്കുകയായിരുന്നു ഞാന്‍, 'ഇതോ മതം?' എന്ന ലേഖനത്തിലൂടെ.
ജനിച്ചപ്പോള്‍ മുതല്‍ മതമെന്ന പേരില്‍ പരിചയപ്പെടുകയും അറിയുകയും ജീവിക്കുകയും ചെയ്ത ഒന്ന് മതമേയല്ല എന്നാരെങ്കിലും പറഞ്ഞാല്‍ പെട്ടെന്നാര്‍ക്കും അതംഗീകരിക്കാനാവില്ലെന്നത് ഒരു വസ്തുതതന്നെ. മതം ദുഷിക്കുന്നതും ജീര്‍ണ്ണിക്കുന്നതും മനുഷ്യവിരുദ്ധമാകുന്നതുമൊക്കെ കാണുകയും അതിനെതിരെ വിമര്‍ശിക്കുകയും പൊരുതുകയും ചെയ്യുമ്പോഴും, എല്ലാവരുടെയും മനസ്സുകളില്‍ മതമായി ജീവിക്കുന്നത് ഇന്നു കാണപ്പെടുന്ന സംഘടിത-പുരോഹിതമതങ്ങള്‍തന്നെയാണ്. എന്റെ ലേഖനത്തിലാകട്ടെ, മതമെന്ന വാക്ക് നേരെ എതിര്‍ധ്രുവത്തിലെത്തിനിന്നാണ് പ്രയോഗിച്ചിരിക്കുന്നത്. സ്വാഭാവികമായും ഇവിടെ ആശയവിനിമയം എളുപ്പമല്ലാതാകാന്‍ സാധ്യത ഏറെയാണ്. അതുകൊണ്ട്, സ്വന്തംനിലപാടുതറയെ താല്ക്കാലികമായി ഒന്നു ബ്രാക്കറ്റ് ചെയ്തു മാറ്റിവച്ചിട്ട്, മനസ്സിനെ മറുധ്രുവത്തിലേക്ക് അല്പനേരമൊന്ന് എത്തിച്ചുനിര്‍ത്തി എന്നെ ശ്രവിക്കണമെന്നാണെന്റെ അപേക്ഷ. കാരണം, മതത്തെ പുനര്‍നിര്‍വ്വചിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
എന്താണു മതമെന്ന് ഞാന്‍ വ്യക്തമായി നിര്‍വ്വചിച്ചിട്ടില്ല എന്ന് ശ്രീ. ജോസഫ് മാത്യു എഴുതുകയുണ്ടായി. ചുരുങ്ങിയ വാക്കുകളിലാണെങ്കിലും, എന്റെ ലേഖനം തുടങ്ങുന്നതുതന്നെ മതത്തെ നിര്‍വ്വചിച്ചുകൊണ്ടായിരുന്നു. ഒരുപക്ഷേ, വേണ്ടത്ര വ്യക്തത നല്‍കാന്‍ കഴിയാതെ പോയിരിക്കാം. കൂടാതെ, ഇപ്പോള്‍ സൂചിപ്പിച്ച നിലപാടുതറകളുടേതായ ഫ്രീക്വന്‍സി വ്യത്യാസം മൂലമുള്ള Communication gap-ഉം ഉണ്ടായിട്ടുണ്ടാവാം. ഇനിയും ഇതുരണ്ടും സംഭവിച്ചേക്കാംതാനും, എങ്കിലും പരിശ്രമിക്കട്ടെ.
മറ്റു ജീവികളില്‍നിന്നു വ്യത്യസ്തമായിട്ട് മനുഷ്യനുള്ളതായി നമുക്കറിയാവുന്നത് അവന്റെ വിശേഷബുദ്ധിയാണ്. എന്താണു വിശേഷബുദ്ധി എന്നുചോദിച്ചാല്‍, 'ഞാന്‍ ഉണ്ട്' എന്ന മനുഷ്യന്റെ ഏറ്റം പ്രാഥമികമായ അറിവാണെന്നു പറയാം. സ്വന്തം അസ്തിത്വത്തെക്കുറിച്ചുള്ള അവബോധമെന്നും ഇതിനെ വിളിക്കാം. ഈ സ്വയാവബോധം അവിടെ അവസാനിക്കുന്നില്ലെന്നതാണ് മനുഷ്യന്‍ നേരിടുന്ന ദാര്‍ശനികപ്രശ്‌നം. (അവന്റെ എല്ലാഅനുഗ്രഹങ്ങള്ക്കും നിദാനവും അതുതന്നെ!) അതായത്, ഞാനുണ്ട് എന്ന അറിവില്‍ അടിസ്ഥാനപരമായ പല ചോദ്യങ്ങളും മനുഷ്യനില്‍ മുളപൊട്ടുന്നു. അതാണ്, ഉണ്ടെന്നു ഞാനറിയുന്ന ഈ 'ഞാന്‍' ആരാണ്?, എവിടെനിന്നുവന്നു?, ഇക്കാണുന്നവരും ഇക്കാണുന്നവയുമെല്ലാം ആരാണ്, എന്താണ്?, ഇതെല്ലാം എവിടെനിന്നുത്ഭവിച്ചു?, എല്ലാറ്റിന്റെയും അധിഷ്ഠാനം (base) എന്താണ്,? ഇവയെല്ലാം തമ്മിലുള്ള ബന്ധമെന്ത്? മുതലായ ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ എല്ലാവരിലും ഒരേ ശക്തിയില്‍ മുഴങ്ങിനില്‍ക്കുന്നില്ലെന്നതു ശരിയാണെങ്കിലും, മനസ്സില്‍ ഈ ചോദ്യങ്ങള്‍ തീര്‍ത്തുമില്ലാത്തവരായും ആരും ഉണ്ടാകാനിടയില്ല. കാരണം, വിശേഷബുദ്ധി മനുഷ്യസഹജമെങ്കില്‍, അതിന്റെ ആദ്യഉല്പന്നങ്ങളായ ഈ ചോദ്യങ്ങളും മനുഷ്യസഹജമായിരിക്കണം. ചോദ്യങ്ങള്‍ മനുഷ്യസഹജമെങ്കില്‍, അവയ്ക്കുത്തരം തേടലും മനുഷ്യസഹജംതന്നെ. അല്ലാതെ, ഏതാനും 'യോഗികളുടെയും ധ്യാനിച്ചുനടക്കുന്നവരുടെ'യുംമാത്രം കാര്യമല്ലിത്. അവര്‍ ഇക്കാര്യത്തില്‍ 'അഞ്ചുതാലന്ത്' തികച്ചും ലഭിച്ചവരാണെന്നേ കരുതേണ്ടതുള്ളൂ. ചുരുക്കത്തില്‍, മനുഷ്യരിലെല്ലാവരിലും ഏറ്റക്കുറച്ചിലുകളോടെ ഈ അടിസ്ഥാനചോദ്യങ്ങള്‍ അലയടിക്കുന്നുണ്ട്. അതിനര്‍ത്ഥം, എല്ലാവരിലും ഈ ചോദ്യങ്ങള്‍ക്കുത്തരം തിരയാനുള്ള ചോദനയും ഉണ്ടെന്നാണ്, ഒരു മതത്തിലെത്തിച്ചേരാനുള്ള വ്യഗ്രത ഉണ്ടെന്നാണ്. അജ്ഞേയതയുടെ മടിത്തട്ടില്‍ പിറന്നുവീഴുന്ന ഓരോ മനുഷ്യനെയും സംബന്ധിച്ച്, അജ്ഞാതരായ സ്വന്തം മാതാപിതാക്കളെ തിരഞ്ഞു കണ്ടെത്താന്‍ ഒരനാഥനുള്ള വ്യഗ്രതപോലെയാണ്, സ്വന്തം ഉണ്മ സംബന്ധിച്ച് ഒരു ആത്യന്തികകാഴ്ചപ്പാടില്‍-മതത്തില്‍-എത്തിച്ചേരാനുള്ള വ്യഗ്രത. തന്റെ മാതാപിതാക്കളെപ്പറ്റി അറിവുള്ളവരുടെ ഗൈഡന്‍സ് - guidance - അനാഥനു സഹായകമാകുന്നതുപോലെ, ഇവിടെ ആത്യന്തികമായ ഒരു ജീവിതദര്‍ശനത്തില്‍ - മതത്തില്‍- മുമ്പേതന്നെ എത്തിച്ചേര്‍ന്നവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മനുഷ്യനു സഹായകമാകുന്നു; അവരിലാരുടെയെങ്കിലും ഒരു മതം സ്വന്തം അവബോധത്തില്‍ സ്വാംശീകരിച്ച് ഒരുവന് ആ മതസ്ഥനാകാം.
ഇതിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, യേശുക്രിസ്തു അവതരിപ്പിച്ച ദൈവദര്‍ശനത്തെയും മനുഷ്യദര്‍ശനത്തെയും ജീവിതദര്‍ശനത്തെയും സ്വാംശീകരിച്ച്, അതിനനുസൃതമായ മൂല്യവ്യവസ്ഥയിലും സ്‌നേഹഭാവത്തിലും ജീവിക്കാന്‍ ശ്രമിച്ചുകൊണ്ട് ആര്‍ക്കും ഒരു ക്രിസ്തുമതസ്ഥനാകാനാവും എന്നുകാണാം. പ്രബോധനംകൊണ്ടും മാതൃകകൊണ്ടും മനുഷ്യരെ ഇതിനു പ്രേരിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഒരു സംവിധാനമുണ്ടെങ്കില്‍ അതു ക്രിസ്തുമതത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും പറയാം. പക്ഷേ, നിലവിലുള്ള ഏതെങ്കിലുമൊരു ക്രൈസ്തവസഭ ക്രിസ്തുമതത്തെ ഇപ്രകാരം പ്രതിനിധാനം ചെയ്യുന്നുണ്ടോ? ഇല്ലെങ്കില്‍, അതിനെ നാം ക്രിസ്തുമതയായി കാണേണ്ടതുണ്ടോ?
ഉദാഹരണത്തിന്, കത്തോലിക്കാസഭ അതിന്റെ അടിസ്ഥാനവിശ്വാസപ്രമാണങ്ങളിലോ വിശ്വാസസത്യങ്ങളിലോ അവതരിപ്പിക്കുന്നത് യേശുവിന്റെ മതദര്‍ശനമല്ല; പകരം, യേശുവിനെക്കുറിച്ചും മാതാവിനെക്കുറിച്ചുംമറ്റുമുള്ള ചില സിദ്ധാന്തങ്ങള്‍ (dogmas) മാത്രമാണ്. അവയൊന്നും, മുമ്പു സൂചിപ്പിച്ച, മനുഷ്യന്റെ അടിസ്ഥാനചോദ്യങ്ങള്‍ സംബന്ധിച്ച വരുന്ന ആത്യന്തികദര്‍ശനമാകുന്നില്ല താനും. തന്മൂലം, ഈ ആദ്യഘട്ടത്തില്‍ത്തന്നെ കത്തോലിക്കാസഭ മതത്തിന്റെ ശ്രേഷ്ഠപദവിയില്‍നിന്നുനിലം പതിച്ചുകഴിഞ്ഞു. തുടര്‍ന്നുനോക്കിയാലോ? യേശു അവതരിപ്പിച്ച ജീവിതമൂല്യങ്ങളെ ജീവിതമാക്കി മാറ്റുവാന്‍ മനുഷ്യരെ പ്രേരിപ്പിക്കേണ്ടതിനുപകരം, മാതൃകയായി യേശു അവതരിപ്പിച്ച സുപ്രധാനമായ ചില ജീവിതമുഹൂര്‍ത്തങ്ങളെ പ്രതീകാത്മക അനുഷ്ഠാനങ്ങളായി അവതരിപ്പിച്ച്, മനുഷ്യജീവിതത്തില്‍നിന്നും, യേശുവിനെ പൂര്‍ണ്ണമായി വേര്‍പെടുത്തി പൂജാവിഗ്രഹമാക്കുന്നു, പൗരോഹിത്യം.
ഇവിടെ ആദ്യഘട്ടത്തില്‍ നാം കാണുന്നത്, സിദ്ധാന്തങ്ങളവതരിപ്പിച്ച് യഥാര്‍ത്ഥ മതദര്‍ശനത്തിലേക്കുള്ള വഴി നിരോധിക്കുന്നതാണ്. സിദ്ധാന്തവിശ്വാസം നിര്‍ബന്ധമാക്കി മനുഷ്യന്റെ അന്വേഷണബുദ്ധിക്കു തുടക്കത്തിലേ തടയിടുന്നു. സിദ്ധാന്തവിശ്വാസം മതവിശ്വാസവും ദൈവവിശ്വാസവുമാണെന്നു തോന്നിപ്പിച്ചും വിശ്വസിപ്പിച്ചും, മനുഷ്യന്റെ അടിസ്ഥാനചോദ്യങ്ങളെ കൃത്രിമമായി തൃപ്തിപ്പെടുത്തുകകൂടി ചെയ്യുന്നുണ്ടിവിടെ, പൗരോഹിത്യം. മനുഷ്യന്റെ അന്വേഷണബുദ്ധി ഇവിടെ മരവിക്കുകയാണ്.
പുരോഹിതകുറുക്കുവഴിയുടെ രണ്ടാംഘട്ടമാണ് ആചാരാനുഷ്ഠാനങ്ങള്‍. സ്‌നേഹത്തെ ജീവിതാനുഷ്ഠാനംതന്നെയാക്കി, പരസ്പരാനന്ദകരമായ ഒരു പുതിയലോകം കെട്ടിപ്പടുക്കുക എന്ന യേശുവിന്റെ പ്രബോധനത്തിനു കടകവിരുദ്ധമായി, പുരോഹിതനിര്‍മ്മിതങ്ങളായ ആചാരാനുഷ്ഠാനങ്ങള്‍ ജീവിതമാക്കുക, അതിലൂടെ സ്വകാര്യസ്വര്‍ഗ്ഗം പ്രാപിക്കുക എന്ന പ്രബോധനമാണ് സഭ നല്‍കുന്നത്. അങ്ങനെ, തങ്ങള്‍ക്കൊരിക്കലും എത്തിപ്പെടാന്‍ അത്യുന്നതവും ഉദാത്തവുമായ കഴിയാത്ത മതത്തിലേക്കും, ആ മതം മനുഷ്യനു വെട്ടിത്തുറക്കുന്ന സ്വര്‍ഗ്ഗീയമായ നവജീവിതക്രമത്തിലേക്കും മനുഷ്യനെ കടത്തിവിടാതിരിക്കുന്നതിലാണ് പൗരോഹിത്യത്തിന്റെ ശ്രദ്ധ. അനുഷ്ഠാനങ്ങളിലൂടെ ദൈവപ്രീതി ലഭിച്ചിരിക്കുന്നു എന്ന തോന്നലുളവാക്കി വിശ്വാസികളില്‍ ഒരു വ്യാജ ആദ്ധ്യാത്മികസംതൃപ്തി അനുഭവപ്പെടുത്തുകയാണ്, ദാഹജലമെന്ന പ്രതീതി ജനിപ്പിച്ച് മരീചിക പാനം ചെയ്യിക്കുകയാണ്, പൗരോഹിത്യം. യേശുവിന്റെ മതാധ്യാത്മികത മനുഷ്യമനസിനെ ചക്രവാളത്തോളം വിടര്‍ത്തി പരിമളം പരത്തുമ്പോള്‍, പുരോഹിതമതം ചെയ്യുന്നത്, മനുഷ്യമനസ്സുകളെ അവനവനിലേക്കു ചുരുക്കുക്കൂട്ടി കല്ലിപ്പിക്കുകയാണ്. പുരോഹിതമതങ്ങള്‍മൂലം മനുഷ്യമനസ്സുകള്‍ ഇപ്രകാരം കല്ലിച്ചുപോയതാണ്, ഈ ലോകം ഇത്രയേറെ സ്‌നേഹശൂന്യവും സംഘര്‍ഷഭരിതവും കലാപകലുഷിതവുമാകാന്‍ കാരണം എന്നാണെന്റെ വിചാരം. ഏതായാലും, സംഘടിത പുരോഹിതമതങ്ങള്‍ക്കൊന്നും മതമെന്ന ശ്രേഷ്ഠപദവിക്കുള്ള അര്‍ഹത ഇല്ലതന്നെ.
'മത'മെന്ന വാക്ക് മനുഷ്യനെ ഇന്നു ലജ്ജിപ്പിച്ചു തലതാഴ്ത്തിക്കുന്നുവെങ്കില്‍ അതിനുകാരണം, പുരോഹിതമതമാണു മതം എന്നു നാം തെറ്റിദ്ധരിച്ചിരിക്കുന്നതുകൊണ്ടാണ്. നൂറ്റാണ്ടുകളായി, ഈ വാക്കിന്റെ ഉടമ ചമഞ്ഞാണു നടക്കുന്നത് പൗരോഹിത്യമായതുകൊണ്ടാണ് ഇങ്ങനെയൊരു ധാരണ പരന്നിരിക്കുന്നത്. വാസ്തവത്തില്‍, മനുഷ്യനെ സംബന്ധിച്ച് ഏറ്റം അമൂല്യമായ ഈ വാക്ക് പൗരോഹിത്യത്തിനു വിട്ടുകൊടുക്കാന്‍ പാടില്ലാത്തതാണ്. കാരണം സ്വന്തം മനസ്സില്‍ മതത്തിനു പിറവികൊടുക്കുന്നവരുടേതാണ് ആയിരിക്കണം മതം. ബുദ്ധന്റെയും യേശുവിന്റെയും ശ്രീനാരായണഗുരുവിന്റെയും അതുപോലുള്ള മഹാഗുരുക്കന്മാരുടെയും അവരെ സ്വാംശീകരിക്കുന്നവരുടെയും കൈകളിലാണ് മതമിരിക്കുന്നത്, ഇരിക്കേണ്ടതും.
മതമെന്ന പേരില്‍ ലോകത്തിലിന്നു മുടിചൂടിനില്‍ക്കുന്ന സംഘടിതപുരോഹിതമതങ്ങളൊന്നും യഥാര്‍ത്ഥത്തില്‍ മതമേയല്ല എന്ന തിരിച്ചറിവു മനുഷ്യനുണ്ടാകുകയെന്നത് ഇന്നിന്റെ ആവശ്യമായിരിക്കുന്നു.
ഇതോ മതം? എന്ന ചോദ്യം ക്രിസ്തുമതത്തെപ്പറ്റി (ബാക്കിയുള്ളവ നമുക്ക് തത്ക്കാലം വിട്ടുകളയാം) ഇന്നത്തെ ചുറ്റുപാടിൽ വളരെ പ്രസക്തമാണെന്നു മാത്രമല്ല ലോകമതങ്ങളിൽ ഓരോന്നും രൂപംകൊണ്ട് അധികം കഴിയുന്നതിനു മുമ്പ് തന്നെ അതിന്റെതന്നെ സത്യസന്ധരായ അംഗങ്ങൾ തങ്ങളുടെ മതത്തെപ്പറ്റി മിക്കവാറും പ്രകടിപ്പിച്ചിട്ടുള്ള ഒരു സന്ദേഹവും ആയിരിക്കാനിടയുണ്ട്. കാരണം മതം ദുഷിക്കുക എന്നത് അനിവാര്യമാണ്. ഒരു മതവും അതിന്റെ ആദ്യകാല പരിശുദ്ധിയിൽ തുടർന്നുപോയിട്ടില്ല. എല്ലാ മതങ്ങളുടെയും അധ:പ്പതനത്തിനു കാരണം അവയിലെ പൌരോഹിത്യം അല്ലെങ്കിൽ ആ സ്ഥാനം വഹിക്കുന്ന മേലാളന്മാർ ആയിരുന്നു എന്നതും ഒരു ചരിത്രസത്യമാണ്. അവരാണ് സ്വന്തം സ്ഥാനം ഉറപ്പിക്കാനുതകുന്ന ആചാരങ്ങളെ പ്രോത്സാഹിപ്പിച്ച് വിശ്വാസികളെ ദൈവത്തിൽ നിന്ന് അകറ്റുന്നത്.
ReplyDeleteഒരു മതവുമില്ലാതെ ദൈവാവബോധവും മനുഷ്യസ്നേഹവും എന്തെന്ന് കണ്ടെത്തി സന്തുഷ്ടരായി ജീവിച്ചിരുന്നവർ എന്നുമുണ്ടായിരുന്നു എന്ന് വിശുദ്ധ ഗ്രന്ഥങ്ങൾ തന്നെ സാക്ഷ്യം വഹിക്കുന്നുണ്ട്. ഇന്നും അത്തരം ആളുകൾ കുറവല്ല. അത്തരക്കാർ ഒരു മതത്തോട് കൂറ് പുലർത്തുന്നെങ്കിൽ അത് അന്യോന്യം ഉപകരിക്കുന്ന സാമൂഹികമായ ഒരു കെട്ടുറപ്പിനും കരുത്തിനും വേണ്ടി മാത്രമാണ്. എന്നാൽ അവർ പ്രതീക്ഷിക്കുന്ന പരിശുദ്ധിയിൽ നിന്ന് തരംതാഴ്ന്നുപോകുന്ന വിശ്വാസസമൂഹത്തെ തിരുത്താനും, അതിനു സാധിക്കുന്നില്ലെങ്കിൽ, വഴിമാറി നടക്കാനുമാണ് അത്തരക്കാർ ശ്രമിക്കുക. സാധാരണ ജനത്തെ അപേക്ഷിച്ച്, ഇവര്ക്ക് മതമെന്തെന്നുള്ളതിനെപ്പറ്റി സ്വന്തമായ വിലയിരുത്തലിനുള്ള കഴിവുണ്ടായിരിക്കുമെന്നത് വ്യക്തമാണല്ലോ. അവരെപ്പോലെ സ്വന്തം ഉത്തവാദിത്തത്തിൽ തീരുമാനങ്ങളെടുക്കാൻ തക്ക കഴിവില്ലാത്തവർ മേലാളന്മാർ പറയുന്നത് അപ്പടി വിശ്വസിച്ചും ചെയ്തും ജീവിച്ചുപോകുന്നു എന്നേയുള്ളൂ. അവർ മതം കൊണ്ട് പ്രത്യേകിച്ചൊന്നും നേടുന്നുമില്ല തിരിച്ച്, മതസമൂഹത്തിന് അംഗത്വത്തിന്റെ കെട്ടുറപ്പല്ലാതെ ഒന്നും നല്കുന്നുമില്ല.
ഇക്കാര്യങ്ങൾ വ്യക്തമായിത്തന്നെ ജോർജ് തന്റെ എഡിറ്റോറിയലിൽ പ്രതിപാദിച്ചിട്ടുണ്ടെന്ന് അത് വായിച്ചപ്പോൾ തന്നെ എനിക്കനുഭവപ്പെട്ടു. അതു ഞാൻ എടുത്തു പറയുകയും ചെയ്തു. ക്രിസ്തുമതത്തെപ്പറ്റി ഇങ്ങനെയൊരു വിലയിരുത്തൽ അനിവാര്യമായ സന്ദർഭത്തിലാണ് ഈ എഡിറ്റോറിയൽ പ്രത്യക്ഷപ്പെട്ടത്. ഒരു മതം എന്തായിരിക്കണമെന്ന് സുബോധമുള്ള നിഷ്പക്ഷ കക്ഷികൾ കരുതുന്നതും സഭയുടെ ഇന്നത്തെ അവസ്ഥയും തമ്മിൽ ചേർച്ചയില്ലെന്നതും നിരാകരിക്കാനാവാത്ത ഒരു വസ്തുതയാണ്.
വ്യക്തിപരമായൊരു ഒരു കുറിപ്പും ചേർക്കട്ടെ. മുമ്പ് സൂചിപ്പിച്ചതുപോലെ, ഞാൻ ജനിച്ചുവീണ മതം ഏറ്റവും ഉത്കൃഷ്ടം എന്ന ചിന്ത എന്നെ ഒരിക്കലും അധീനനാക്കിയില്ല എന്നത് വലിയ ഒരനുഗ്രഹമായി ഞാൻ കാണുന്നു. ബുദ്ധിയുറച്ചതോടെ ഈ മതത്തിൽ നടമാടുന്ന വിരുദ്ധോക്തികളെപ്പറ്റി ചിന്തിക്കാൻ തുടങ്ങുകയും തത്ക്കാലം എനിക്കുള്ള വഴി ഈ മതം ഉപേക്ഷിക്കുകയാണ് എന്ന് തീരുമാനിക്കുകയും ചെയ്തു. അതിന്റെ പേരിൽ സമ്പൂർണ മന:ശാന്തിയും സ്വാതന്ത്ര്യവുമല്ലാതെ ഒരു നഷ്ടവും വന്നുഭവിച്ചതായി ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല.
“All religion, my friend, is simply evolved out of fraud, fear, greed, imagination, and poetry.”
ReplyDelete― Edgar Allan Poe
This comment has been removed by the author.
DeleteReligion is not knowledge of what the Mystery of the Universe is , but the conviction that there is a mystery and it is greater than us.-(Author is unknown to me)
ReplyDeleteCan a religion engaged in such untruth as given below be called a religion at all?
ReplyDeleteSanal Edamaruku, a prominent rationalist campaigner for scientific education in India, faces blasphemy charges and a possible prison sentence following unfounded complaints made against him by various Catholic organisations in March 2012.
The charges stem from Mr. Edamaruku's debunking of a supposed miracle at a Catholic Church in Mumbai - a statue thought to be 'leaking holy water' was revealed, by Mr. Edamruku, to be leaking water from a faulty drainage system.
Having been denied "anticipatory bail", he faces immediate imprisonment if he is arrested, and a possible three-year sentence if convicted. In the 12 months since the complaints were filed, the Catholic authorities in India have rejected all calls to use their influence to have the case dropped, and Mr. Edamaruku remains at serious risk of arrest and imprisonment.
We call upon the Prime Minister of India, Dr. Manmohan Singh, and the Chief Minister of Maharashtra State, Mr. Prithviraj Chavan, to protect freedom of speech in India and do all they can to intercede to ensure these spurious charges against Mr. Edamaruku are dropped. It is vital that he is allowed to contuinue his important public work without further harassment and danger to his freedom and security.
Further details about Mr. Edamaruku's case can be found on the Rationalist Association's website.