Translate

Sunday, May 12, 2013

ധർമ്മസംസ്കാരോപാസന ശക്തിയായ് ....

(കഴിഞ്ഞ ലക്കം ജ്ഞാനഗീതയുടെ 'വിചാരവീഥി' ഇവിടെ ഒന്നു പകർത്തിയെഴുതണം എന്നാഗ്രഹിക്കുന്നു)
വിഷുവിനു നാം കണികാണുന്ന സുവർണ്ണശോഭയാർന്ന കൊന്നപ്പൂക്കളും , ചക്കയും , മാങ്ങയും , വെള്ളരിക്കയും എല്ലാം അവയുടെ പശ്ചാത്തലത്തിലുള്ള പ്രകൃതിയുടെ നിർലോഭവും സൃഷ്ടിപരവുമായ പ്രജ്ഞയെക്കുറിച്ച് ഓർമിപ്പിക്കുന്നു .സൂര്യന്റെ - സൂര്യനാരായണന്റെ - ഊർജ്ജമാണ് ഭൂമിയിലെ അന്തമറ്റ ജൈവസവിശേഷതകളായി പരിവർത്തനം ചെയ്യപ്പെടുന്നത് . ഓരോ ജീവകോശത്തിലും അത്യത്ഭുതകരമായ ഒരു രാസ - വൈദ്യുത ഫാക്ടറി ഉൾക്കൊള്ളിച്ചിരിക്കുന്ന പ്രകൃതി , ഒരു പരിസ്ഥിതി പ്രശ്നവും ഉളവാക്കാത്ത ഒന്നാന്തരം പ്ലാസ്റ്റിക്കുകൊണ്ട് ഒരു ചക്കക്കുരുവിനെപ്പോലും പൊതിഞ്ഞു സംരക്ഷിക്കുന്നു .ഇവയ്ക്കെല്ലാം നിദാനമായ പ്രജ്ഞയുടെ സ്രോതസ്സായ ഉണ്മയെ - പരബ്രഹ്മത്തെ - മനോജ്ഞമായ ശ്രീകൃഷ്ണരൂപത്തിൽ അവയോടൊപ്പം നാം സ്മരിക്കുന്നു .
 
ഓരോ ജീവകണത്തിനുള്ളിലുമുണർന്നുദ്ദീപ്തമായ് , ധർമ്മസംസ്കാരോപാസന ശക്തിയായ് ,ചിരതപ :-സങ്കൽപ്പ സങ്കേതമായി ,
ഓരോ മാസ്മര ലോകവുമുണ്ടെന്ന് വയലാർ രാമവർമ്മ ഓർമിപ്പിക്കുന്നു . ആ അവബോധം കൂടി ഉൾക്കൊള്ളാനായാൽ കണികാണൽ സഫലമായി .
 
ജീവജാലങ്ങളെല്ലാം അപാരമായ ഒരു ധർമ്മസംസ്കാരോപാസന ശക്തിയ്ക്ക് വിധേയമായാണ് ജീവിക്കുന്നതെന്ന് പ്രകൃതിയെ നിരീക്ഷിച്ചാൽ വ്യക്തമാകും . ഭഗവത്ഗീതയിൽ പറയുന്ന നിഷ്കാമകർമ്മം , കർമ്മഫലത്യാഗം എന്നിവയൊക്കെ പ്രകൃതിയിൽ പാലിക്കപ്പെടുന്ന ജൈവനിയമങ്ങളാണെന്ന് അപ്പോൾ മനസ്സിലാക്കാം . എല്ലാം പ്രകൃതി സുഭിക്ഷമായി നൽകുന്നതുകൊണ്ട് , മനുഷ്യനൊഴികെയുള്ള മറ്റു ജന്തുക്കളിലൊന്നും നാളേയ്ക്കു വേണ്ടിയുള്ള വേവലാതി കാണപ്പെടുന്നില്ല .
 
പ്രപഞ്ചത്തിൽ ലീനമായിരിക്കുന്ന പ്രജ്ഞ അവയിലെല്ലാം കൂടി ഒരു സ്വയംനിയന്ത്രിത സ്ഥിതിയിൽ ആവിർഭവിക്കുകയും പിൻവാങ്ങുകയും ചെയ്യുന്ന ആവിഷ്കാരതരംഗ വിനോദത്തിലേർപ്പെട്ടിരിക്കുകയാണെന്നു തോന്നിപ്പോകും .
 
എന്നാൽ പ്രകൃതി , മനുഷ്യനിലൂടെ സ്വന്തം ഉദാത്തമായ വൈഭവങ്ങൾ ആവിഷ്കരിക്കുവാനുള്ള പരീക്ഷണത്തിലായിരിക്കണം . മറ്റു ജന്തുക്കളെ അപേക്ഷിച്ച് , കർമ്മത്തിന്റെ രീതി തിരഞ്ഞെടുക്കുവാൻ മനുഷ്യനു ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം ഇതാണ് സൂചിപ്പിക്കുന്നത് . അതിനാൽ പ്രകൃതിയിൽ അന്തർലീനമായ ധർമ്മസംസ്കാരോപാസന ശക്തിയെക്കുറിച്ച് ആഴത്തിലുള്ള അവബോധം ആർജ്ജിച്ചുകൊണ്ട് ജീവപ്രവാഹത്തെ ഉയർന്ന പടികളിലേക്ക് നയിക്കുക എന്ന ഉത്തരവാദിത്വവുമായാണ് മനുഷ്യജന്മം .
 
യാന്ത്രികമായിക്കൊണ്ടിരിക്കുന്ന ആധുനികജീവിതത്തിന്റെ അനിശ്ചിതത്വത്തിനും ദുഖത്തിനും പ്രതിവിധി നാളയെപ്പറ്റി ആകുലപ്പെടാതെ ഇന്നത്തെ ജീവിതം സുഗമമാക്കുക എന്നതാണെന്നു പലരും ഉപദേശിക്കുന്നു . പക്ഷേ , അങ്ങനെ ഉപദേശിക്കുന്നവർക്കും ഇന്നു നിലവിലുള്ള സാഹചര്യങ്ങളിൽ അക്കാര്യം സാധ്യമാകുമോ എന്നത് ചിന്താവിഷയമാണ് . ചിന്തയുടെ വ്യാപ്തി പരിമിതമായതിനാൽ മറ്റു ജന്തുക്കൾക്ക് ഇത് സ്വാഭാവികമായി സാധ്യമാണ് . പ്രകൃതി വേണ്ടവിധം അവയുടെ താല്പര്യങ്ങൾ നോക്കിക്കൊള്ളുകയും ചെയ്യുന്നു . സുനാമി വരുന്നതിനു മുമ്പ് രക്ഷപ്പെടാനുള്ള ആന്തരികചോദന പോലും അവ ഉൾക്കൊള്ളുന്നു എന്നതും നാം മനസ്സിലാക്കിയിട്ടുണ്ട് .
 
എത്രയോ ഉദാത്തവും അത്ഭുതകരവുമായ കഴിവുകൾ ഉൾക്കൊള്ളുന്നു മനുഷ്യമനസ്സ് ! എന്നാൽ ബുദ്ധിവൈഭവമുള്ള മനുഷ്യൻ മഹായുദ്ധങ്ങളിലേർപ്പെട്ട് നശിക്കാനുള്ള പ്രവണത കാട്ടുന്നതെന്തുകൊണ്ടാണ് ? അവ ബോധപൂർവ്വം വികസിപ്പിക്കേണ്ട ചുമതലയാണ് മനുഷ്യനുള്ളത് . സ്വന്തം സുരക്ഷിതത്വത്തെകുറിച്ചും നാളയെക്കുറിച്ചുമുള്ള ബുദ്ധിശൂന്യമായ ഭീതിയാണ് ഈ വൈകല്യത്തിനു കാരണം . പ്രപഞ്ചത്തിൽ നിലവിലുള്ള ധർമ്മസംസ്കാരോപാസന ശക്തിയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുന്നുവെങ്കിൽ മാത്രമേ ഇതിൽനിന്നു മനുഷ്യന് വിമോചനം സാധ്യമാകുകയുള്ളൂ .
 
നെഹ്രുസ്മാരക പ്രസംഗപരമ്പരയിലെ ഒരു പ്രസംഗത്തിൽ പാശ്ചാത്യരാജ്യങ്ങളിൽ ആദ്ധ്യാത്മികരംഗത്ത് ഭാരതീയ തത്വചിന്തയുടെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ച ജർമ്മൻ ചിന്തകനായ ഡോ .ഗ്രാഫ്ഫോൻ ഡിർക്ഹിംറ്റോട്മോസ് , പാശ്ചാത്യരാജ്യങ്ങളിലെ സമ്പന്നന്മാരിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യാപ്രവണതയെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു : " ഉന്നതനായ ഒരുദ്യോഗസ്ഥൻ എന്നോട് ഒരിക്കൽ പറഞ്ഞു , എന്റെ ആരോഗ്യം നല്ല സ്ഥിതിയിലാണ് . ആവശ്യമുള്ളതെല്ലാമുണ്ട് . ജീവിതത്തിൽ എനിക്കു ഭയപ്പെടാനായി യാതൊന്നുമില്ല . എങ്കിലും എപ്പോഴും എനിക്ക് ഉൽക്കണ്‍ഠയാണ്. ' എപ്പോൾ മുതൽക്കാണിത് '? ഞാൻ ചോദിച്ചു .'അതൊരു ശരിയായ ചോദ്യം തന്നെ ', അദ്ദേഹം പറഞ്ഞു , ഞാൻ ആലോചിച്ചു നോക്കട്ടെ , ശരി , ഏതാണ്ട് അഞ്ചു വർഷത്തോളമായി . ഓ , മുമ്പ് എല്ലാ സായാഹ്നങ്ങളിലും ഓരോ മണിക്കൂർ സെല്ലോ സംഗീതോപകരണം ഞാൻ പതിവായി വായിക്കാറുണ്ടായിരുന്നു . കഴിഞ്ഞ അഞ്ചു വർഷത്തോളമായി എനിക്കതിനു സമയം കിട്ടാറില്ല . അതും ഈ മാനസിക സ്ഥിതിയുമായി എന്തെങ്കിലും ബന്ധമുണ്ടായിരിക്കുമോ ? ഇതുതന്നെയാണ് കാരണമെന്നത് വ്യക്തം ".
 
ഒരു യന്ത്രമായി മാറാനല്ല , സ്വന്തം ഉള്ളടക്കത്തിലേക്കുള്ള പ്രവേശനം ലഭിക്കാനുള്ള ഒരു കവാടമായാണ് ചിന്താശക്തി മനുഷ്യനിൽ ആവിർഭവിച്ചത് . കാലം , ദേശം എന്നിവയെ അതിലംഘിച്ചു നിൽക്കുന്ന ഒരു സനാതനത്വം ഈ ഉള്ളടക്കത്തിനുണ്ട് . ആ മാനവുമായി ഏതെങ്കിലും തരത്തിൽ ബന്ധത്തിൽ വരാൻ സാധിച്ചാൽ , ജീവിതത്തിൽ ഉളവാകുന്ന ഈ അസ്വസ്ഥതയെ ഏതു സാഹചര്യത്തിലും അതിജീവിക്കുവാൻ സാധിക്കും . കലകൾ സാഹിത്യം , സംഗീതം ഇവയൊക്കെ ആ ഉള്ളടക്കത്തോടടുക്കുവാൻ സഹായകമാകുന്നു . അങ്ങനെ , അന്തർമണ്ഡലത്തിലേക്കും കൂടി കടന്നുചെല്ലാൻ സാധിക്കുമ്പോഴേ മനുഷ്യജീവിതം സഫലമാകുകയുള്ളൂ .
 
മനുഷ്യനിൽ താഴ്ന്ന ജന്തുക്കൾക്ക് ചിന്താശക്തി വികസിച്ചിട്ടില്ലാത്തതിനാൽ അവയിൽ വിചാരപരമായ അസ്വസ്ഥത കുറവാണ് . കുട്ടികളെ വളർത്തൽ , ഭക്ഷണം തേടൽ , ഇണചേരൽ , സ്വയംരക്ഷ എന്നീ കാര്യങ്ങളിൽ ഒതുങ്ങുന്നു അവയുടെ ജീവിതം . എന്നാൽ മനുഷ്യനാകട്ടെ , കൂടുതൽ വികാസസ്ഥിതികളിലെത്താൻ ചുമതലയുള്ളവനുമാണ് .
 
അപാരമായ സാധ്യതകൾ മനുഷ്യമസ്തിഷ്കത്തിനുണ്ട് . അവ ആവിഷ്കരിക്കുവാൻ സാധ്യമാകുമാറ് വളരെ വഴക്കമുള്ള ഒരു ഘടനയാണ് അതിനുള്ളത് . ആന്തരികമായ അനേകം സാധ്യതകൾ ആവിഷ്കരിക്കുവാൻ മാനസികമായ പരിശീലനത്തിലൂടെ കഴിയും . ശരീരത്തെ ചൊൽപ്പടിയിൽ നിർത്താനും ആന്തരികജീവിതത്തിന്റെ വിശാലമാനങ്ങളിലേക്ക് എത്തിച്ചേരുന്നതിന്റെ സ്വാതന്ത്ര്യം അനുഭവിക്കുവാനും മനസ്സിന്റെ പരിശീലനത്തിലൂടെ സാധ്യമാകും . വാസ്തവത്തിൽ , മനുഷ്യനിലൂടെ പ്രകൃതി ഉദ്ദേശിക്കുന്നത് പരിണാമപരമായ ഈ മുന്നേറ്റമാണെങ്കിലും ഈ അവബോധം ആർജ്ജിക്കാൻ കഴിയാതിരിക്കുന്നതാണ് അനീതികളുടെയും കലാപങ്ങളുടെയും യുദ്ധങ്ങളുടെയും മഹാദുരന്തം ബുദ്ധിയുള്ള ജീവിയാണെങ്കിൽ പോലും , മനുഷ്യന് അനുഭവിക്കേണ്ടി വരുന്നത് .
 
പരിണാമഗതിയെ സ്വയത്നത്തിലൂടെ മുന്നോട്ടു നീക്കുമ്പോഴാണ് മനുഷ്യജീവിതം ന്യായീകരണം ആർജ്ജിക്കുന്നതും സാഫല്യം നേടുന്നതും . അപ്പോൾ വിശാലമായ ഒരു ആദ്ധ്യാത്മികമാനം ജീവിതത്തിനു കൈവരുന്നു . പ്രപഞ്ചത്തിന്റെ ഐക്യസ്ഥിതിയിലേക്ക് ജീവിതം അടുക്കുന്നു . സ്വാർത്ഥത എന്ന വിഭിന്നത സ്നേഹത്തിനും പരസ്പര സഹകരണത്തിനും വഴിമാറിക്കൊടുക്കുന്നു . സുപ്രധാനമായ ഈ മൂല്യാത്മകപരിണാമത്തെയാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം വിഗണിക്കുന്നത് . ഈ അനാസ്ഥയാണ് , ' ജീവിക്കുവാൻ വേണ്ടിയുള്ള മത്സരം ' എന്ന പരിണാമസിദ്ധാന്തഘടകത്തിനുമാത്രം അമിത പ്രാധാന്യം നല്കി മനുഷ്യനിലൂടെ വികസിക്കുവാൻ വെമ്പുന്ന 'ദൈവസദൃശമായ ബുദ്ധിവൈഭവത്തെ ' ത്വരിതപ്പെടുത്തുന്ന മസ്തിഷ്കഭാഗങ്ങളെ ശുഷ്കിപ്പിച്ചു കളയാനിടയാക്കുന്നതും . സ്വാർത്ഥതക്കും മത്സരബുദ്ധിക്കും പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസരീതികളും പരിശീലനമുറകളുമാണ് മനസ്സിനെ വിഭിന്നതയിൽ ഇടുക്കിനിർത്തി ജീവിതം യാന്ത്രികമാക്കുന്നത് . ഇത്തരം ഒരു സ്ഥിതിയിൽ സമൂഹത്തിന്റെ എല്ലാ രംഗങ്ങളിലും പടർന്നുപിടിക്കുന്ന അശാന്തിക്കും അഴിമതിക്കും മറ്റു കാരണങ്ങൾ അന്വേഷിച്ചു പോകേണ്ടതില്ല .
 
മനസ്സിന്റെ ആന്തരികരംഗങ്ങളിലേക്ക് സാധാരണയായി വിരൽ ചൂണ്ടുന്നത് മതങ്ങളാണ് . എന്നാൽ ഇതിനെപ്പറ്റി ശാസ്ത്രീയമായ അവബോധം ഇല്ലാതിരിക്കുമ്പോൾ മതങ്ങൾ മനുഷ്യരെ തമ്മിൽ വിഘടിപ്പിച്ചു നിർത്തി ഗുണത്തെക്കാളേറെ പലപ്പോഴും ദോഷം ചെയ്യുന്നു . പരിണാമഗതിയിലൂടെ വികസിച്ചുവന്ന മൂല്യങ്ങളെകുറിച്ചുള്ള ശാസ്ത്രീയപഠനത്തിനു ഇന്ന് വിദ്യാഭ്യാസവ്യവസ്ഥ പ്രാധാന്യം നൽകേണ്ടിയിരിക്കുന്നു . ഉള്ളിലെ ധർമ്മസംസ്കാരോപാസന ശക്തികളെ തട്ടിയുണർത്തിക്കൊണ്ടുവേണം അത് സാധ്യമാകേണ്ടത് .

12 comments:

  1. ഇത്തരം ലേഖനങ്ങൾ അല്മായശബ്ദത്തിന്റെ നിലവാരം പതിന്മടങ്ങ്‌ വർദ്ധിപ്പിക്കുന്നു. പ്രകൃതിയോടുള്ള അടുപ്പം, വിധേയത്വം എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചക്ക് ഇതൊരു വലിയ സംഭാവനയാണ്. ജീജോയ്ക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.

    ReplyDelete
    Replies
    1. ജിജോയെ ഒന്ന് നേരില്‍ കാണണമെന്നുണ്ട്. ഒരു നല്ല മനുഷ്യ സ്നേഹിയുടെ പ്രതിശ്ചായ ഞാന്‍ കാണുന്നു. പ്രകൃതിയെ സ്നേഹിക്കുന്ന ഒരുവനെ ഒരു നല്ല കലാകാരനാവാന്‍ കഴിയുകയുള്ളൂ. പണ്ടൊരു കഥ കേട്ടിട്ടുണ്ട്. ഒരു കൊച്ചു രാജ്യത്ത് ഒരാള്‍ ഒരു കുറ്റം ചെയ്തു. ആ ഒരു വ്യക്തിയെ ശിക്ഷിക്കാന്‍ കോടതി വേണ്ടി വന്നു, അയാളെ ഇടാന്‍ ജെയില്‍ വേണ്ടി വന്നു, പ്രത്യേകം വകുപ്പുകള്‍ വേണ്ടി വന്നു... അതുപോലെ സുഖം തേടിയ ഒരാള്‍ക്ക്‌ വേണ്ടി ചെയ്തു തുടങ്ങിയ പരിഷ്കാരങ്ങള്‍ ഭൂമിയെ എത്ര നശിപ്പിച്ചിരിക്കുന്നു...!

      പണ്ട് അവധിക്കാലം എന്ന് പറഞ്ഞാല്‍ എത്ര രസകരമായിരുന്നു... നാട്ടില്‍ അങ്ങിങ്ങ് നാടന്‍ മാവുകള്‍...
      അതിലെറിയാനും കേറി പറിക്കാനും പ്രത്യേക വിലക്കുകളൊന്നും ഇല്ലായിരുന്നു. കയ്യാല പൊത്തുകളിലെ തേന്‍ പാളക്കകത്ത് പിഴിഞ്ഞെടുത്ത് പാറയുടെ മറവില്‍ ഒത്തുകൂടിയിരുന്നു കുടിച്ചു തിര്‍ത്ത്തും, ഒരു മരത്തില്‍ നിന്ന് അടുത്ത മരത്തിലേക്ക് ചാടി പേപ്പട്ടിയെ തോല്‍പ്പിച്ചതും, വലിയ ചിറകെട്ടി ദിവസം മുഴുവന്‍ തോട്ടില്‍ ചാടി തിമിര്‍ത്തതും, പടുകൂറ്റന്‍ ആഞ്ഞിലിയില്‍ വരെ കയറി കൈകൊണ്ടു വിളപറിച്ചു തിന്നതും, ചൂണ്ടകൊണ്ട് വട്ടോന്‍ മുതല്‍ നെറ്റിയെപൊട്ടനെയും മുഷിയും വരെ പിടിച്ചു നടന്നതും, വൈകിട്ട് സ്ഥിരമായി ചൂരല്‍ കഷായം വാങ്ങി കുടിച്ചിരുന്നതുമെല്ലാം മറന്നിട്ടില്ല. ആ ചെറുപ്പകാലത്തിന്‍റെ ഓര്‍മ്മകളുടെ റോയല്‍റ്റി ഒരു കോടിയല്ല ഒരു രാജ്യം തന്നെ തന്നാലും ഞാന്‍ വിട്ടു കൊടുക്കില്ല. പ്രപഞ്ചം ഒരു വ്യക്തിക്കു നല്‍കുന്ന പരിശുദ്ധമായ ഉണര്‍വ്വ് അതാണ്‌ ഇന്നും എന്‍റെ ശക്തിയുടെ രഹസ്യം. ജിജോയുടെ വീട് മലബാറിലെങ്ങോ ആണെന്ന് തോന്നുന്നു. എങ്കിലും അനിയാ ഞാനിപ്പറഞ്ഞത്‌ ഒരിക്കലും കിട്ടിയിരിക്കാന്‍ ഇടയില്ല. ...പ്രകൃതിക്കും മനുഷ്യനുമിടക്ക് കരിങ്കല്‍ ഭിത്തി തീര്‍ത്ത ഒരു തലമുറയുണ്ടായിരുന്നില്ലേ മുമ്പില്‍?

      സക്കറിയാസ് സാര്‍ പെരിങ്ങുളത്തുനിന്നും ഇറങ്ങാന്‍ പോകുന്നില്ല, ഞാന്‍ മക്കളുടെ മനസ്സ് കാണാന്‍ നഗരങ്ങളിലേക്ക് കുടിയേറാനും പോകുന്നില്ല. സുന്ദരമായ ഈ കൊച്ചു കേരളം കണ്ടു കൊണ്ട് എനിക്കുണരണം, അത് കണ്ടുകൊണ്ടു എനിക്കുറങ്ങണം.അതാണെന്‍റെ ദൈവം അതാണെന്‍റെ മതം. എന്‍റെ സങ്കല്‍പ്പ ലോകത്തു ബിംബങ്ങളുമില്ല, പൂജാരിയുമില്ല, ആരാധകനുമില്ല, പ്രത്യയ ശാസ്ത്രങ്ങളുമില്ല - മൌനം മാത്രം.

      ph: 09495875338
      mail:jmattappally@gmail.com

      Delete
    2. ഇതൊരു വലിയ വാഴ്ത്താണ് . നിറയെ പദങ്ങൾ ചിതറിവീണ ഒരു പ്രപഞ്ചത്തിൽ , ഗുരുവിനെ പോലെ ഞാനും ഈ ഇരുപതുകളുടെ പാതിയിൽ 'സ്നേഹം' എന്നൊരു പദം മാത്രം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നു . പകൽ ഒരു മേഘക്കീറായും രാത്രിയിൽ അഗ്നിസ്തംഭമായും എന്നെ അനുധാവനം ചെയ്യുന്ന ആ സ്നേഹത്തെ യോർത്ത്, 'സ്നേഹമേ.... സ്നേഹിക്കപ്പെടാതെ പോയ എന്റെ സ്നേഹമേ' എന്നൊക്കെ എപ്പഴാണ് എനിക്കുമൊന്നു വിതുമ്പി കരയാനാകുക ??????

      Delete
  2. ഞാൻ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിലേക്ക് അൽമായശബ്ദത്തിലെ എന്റെ എല്ലാ സുഹൃത്തുക്കളെയും ക്ഷണിക്കുന്നു എന്നതേയുള്ളൂ . നന്ദി , നിറചൈതന്യത്തിന് മാത്രം . പരസ്പരം അറിയാനും സ്നേഹിക്കാനുമൊക്കെ ഇടയാക്കുന്ന ആ മഹാ ചൈതന്യത്തിന്.

    ReplyDelete
    Replies
    1. "എന്‍റെ സങ്കല്‍പ്പ ലോകത്തു ബിംബങ്ങളുമില്ല, പൂജാരിയുമില്ല, ആരാധകനുമില്ല, പ്രത്യയശാസ്ത്രങ്ങളുമില്ല - മൌനം മാത്രം." (റോഷൻ)

      "ഞാൻ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിലേക്ക് അൽമായശബ്ദത്തിലെ എന്റെ എല്ലാ സുഹൃത്തുക്കളെയും ക്ഷണിക്കുന്നു എന്നതേയുള്ളൂ." (ജീജോ ബേബി ജോസ്)

      ഇവർ ഇരുവരും വിരൽചൂണ്ടുന്ന ആ സ്വാതന്ത്ര്യം എത്രയോ നാളായി ഞാനും അനുഭവിക്കുന്നു. അങ്ങനെയല്ലാത്തവർ, സ്വാതന്ത്ര്യത്തിന്റെ രുചിയറിയാത്തവർ ഏറെയുണ്ടെന്ന് നമുക്കെല്ലാം അറിയാം. അല്മായശബ്ദത്തിലൂടെ, അത്തരം കുറെപ്പേരെയെങ്കിലും യഥാർത്ഥ സ്വതന്ത്ര്യത്തിന്റെ വശ്യലോകത്തേയ്ക്ക് കൊണ്ടുവരാനായാൽ എന്ന ചിന്ത മാത്രമേ എനിക്കുള്ളൂ,

      Delete
    2. വിദ്യാർത്ഥി : ശാസ്ത്രീയമായ ഒരടിസ്ഥാനം ആദ്ധ്യാത്മികതയ്ക്ക് ഉണ്ടെങ്കിൽ തന്നെ അതിലേക്കൊന്നും മനസ്സിനെ ഊന്നാതെ അവഗണിക്കുന്നതായിരിക്കും പ്രായോഗിക ജീവിതത്തിൽ പ്രസക്തമെന്നു പലരും അഭിപ്രായപ്പെടുന്നു .

      ജിജ്ഞാസു : സ്വാർത്ഥതയുടെ ഇടുങ്ങലിനെയാണ് പ്രായോഗികജീവിതമെന്ന് അർത്ഥമാക്കുന്നതെങ്കിൽ അതു ശരിതന്നെ . ഓരോ മനുഷ്യനും അണുബോംബിന്റെ മുകളിലാണ് ഇന്നിരിക്കുന്നത് എന്ന കാര്യം ആർക്കെങ്കിലും നിഷേധിക്കുവാൻ കഴിയുമോ ? സ്വന്തം സന്താനങ്ങളുടെ ഭാവിയെകുറിച്ച് ഉൽക്കണ്‍ഠപ്പെടാതിരിക്കുവാൻ ഇന്നത്തെ മനുഷ്യനു കഴിയുമോ ? വയസ്സാകുന്തോറും സ്വന്തം നാഡീവ്യൂഹവ്യവസ്ഥയിൽ നിന്നും സമൂഹത്തിൽ നിന്നുമുള്ള ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുവാൻ സ്വയം തയ്യാറാകുന്നവനല്ലേ ഉപഭോഗസംസ്കാരത്തിനു അടിമയായിത്തീരുന്ന ഇന്നത്തെ 'പ്രായോഗിക' മനുഷ്യൻ ? സ്വാർത്ഥതയുടെ പരിമിതികളെ അതിലംഘിച്ച് ഉള്ളിലെ ഉദാത്തമായ വികാസ മേഖലകളിലേക്കുള്ള ഒരു
      'Paradigm Shift', അതായത് , ഇന്നത്തെ ഇടുങ്ങിയ മാനസികസ്ഥിതിയിൽ നിന്ന് ഉദാത്തമായ മറ്റൊരു മാതൃകയിലേക്കുള്ള നീക്കമാണ് മനുഷ്യന്റെ ഈ ദയനീയ അവസ്ഥയിൽ നിന്ന് പരിണാമപരമായ മുന്നേറ്റത്തിനുള്ള പ്രായോഗിക മാർഗ്ഗം .ആ ഉത്തരവാദിത്വമാണ് തിരഞ്ഞെടുക്കലിനുള്ള സ്വാതന്ത്ര്യത്തിലൂടെ പ്രകൃതി മനുഷ്യനെ ഏൽപ്പിച്ചിരിക്കുന്നത് .അതു സംഭവിക്കുന്നില്ലെങ്കിൽ മനുഷ്യനും അവന്റെ പൊള്ളയായ പ്രായോഗികജീവിത സങ്കൽപ്പങ്ങളുമെല്ലാം അസംബന്ധവും അപ്രസക്തവുമായിത്തീരും. ഒരു പൊട്ടിത്തെറി മതിയല്ലോ എല്ലാം തീരാൻ . ആകാശത്തെ ഒരു തോൽക്കഷണം പോലെ ചുരുട്ടിയെടുക്കുവാനുള്ള സാങ്കേതികവിദ്യ വശമാക്കിയാൽ പോലും സ്വന്തം ഉള്ളിലെ അനശ്വരസത്യത്തെക്കുറിച്ചുള്ള അവബോധം ലഭിക്കാതിരിക്കുന്നിടത്തോളം കാലം മനുഷ്യനു സമാധാനമില്ല എന്ന ശ്വേതാശ്വതര ഉപനിഷത്തിലെ വാക്യത്തിന്റെ പ്രസക്തിക്കു മനുഷ്യന്റെ ഇന്നത്തെ അവസ്ഥയ്ക്കുപരി മറ്റെന്തെങ്കിലും ഒരു സാക്ഷ്യമാവശ്യമുണ്ടോ?

      Delete
  3. രണ്ടു പിള്ളേർ അനൂപും ജിജോയും അടുത്തകാലത്ത് ആകർഷകമായ തത്വചിന്തകൾ അല്മായ ശബ്ദത്തിൽ പോസ്റ്റ്‌ ചെയ്യുന്നത് വളരെയധികം സന്തോഷം നല്കുന്നുന്നുണ്ട്. യുവത്വത്തിന്റെ മാധുര്യം നിറഞ്ഞ മനസുമായി പോവുന്നതും എന്റെ മൂത്തുമുരടിച്ച മനസിന്‌ ഒരു ആശ്വാസവുമാണ്. അവർക്കെന്റെ അനുമോദനങ്ങൾ. സാക്ക് പറഞ്ഞതുപോലെ നമ്മളെല്ലാം പേനാ ഉന്തുകാരാണോ? അല്ലെന്നാണ് എനിക്ക് തോന്നുന്നത്. അല്മായ ശബ്ദത്തിൽ ഞാനെഴുതാൻ ആരംഭിക്കുന്നതിന് മുമ്പ് എനിക്കുണ്ടായിരുന്നത് ദൈവം വെറും പുരോഹിത സ്രുഷ്ടിയെന്നുള്ള സങ്കൽപ്പമായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ദൈവവുമായി എന്റെ ചിന്തകളെ അടുപ്പിച്ചുവെന്നുള്ള തോന്നലാണ്‌ ഇന്നെനിക്കുള്ളത്. കാരണം ഞാൻ പ്രകൃതിയെ അഗാധമായി ചിന്തിക്കുവാനും തുടങ്ങി. ഇതിലെ എഴുത്തുകാർ എല്ലാവരുംതന്നെ പ്രകൃതി സ്നെഹികളാണെന്നുള്ളതും എന്റെ ഉന്താനുള്ള പേനായ്ക്ക് ഊർജം നല്കുന്നു. വഴിയരികിലുള്ള കുരിശുപള്ളികൾ ഇടിച്ചുനിരത്തി ആല്മരങ്ങൾ നടണമെന്ന് സാക്ക് പറയുമ്പോഴെല്ലാം പ്രകൃതി സ്നേഹമായിരുന്നു എഴുത്തുകളിൽ പ്രതിഫലിച്ചിരുന്നത്. ഞങ്ങൾക്ക് ഇപ്പോൾ പൂക്കൾ ധാരാളമുള്ള കാലമാണ്. ഈ പ്രകൃതിയാണ് എന്നെ എന്നും ഇവിടെ എഴുതിപ്പിക്കാൻ ഉണർവ് തന്നതെന്ന് തോന്നുന്നു.

    നാട് വിട്ടുകഴിഞ്ഞ് സ്വയം നിലനില്പ്പിനും കുടുംബത്തിന്റെ നിലനില്പ്പിനായും വിശ്രമമില്ലാത്ത ഞാനും ഒരോട്ടമായിരുന്നു. ഒന്നിനെപ്പറ്റിയും ചിന്തിച്ചില്ല. ഭൌതികജീവിതത്തിൽ മാത്രമേ സൌന്ദര്യം കണ്ടിരുന്നുള്ളൂ. ശാസ്ത്രത്തിന്റെ നേട്ടങ്ങളും പുതിയ പുതിയ ടെക്കനോളജിയും വരുമ്പോൾ ജിഞാസയായിരുന്നു. ഇന്നെന്റെ ചിന്തകൾ ആകെ മാറിപ്പോയി.

    പ്രകൃതി നമ്മെ ചതിക്കില്ല. പെണ്ണും മനുഷ്യനും ചതിക്കും. ഭാരത്തത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ പ്രിയ ദർശനിക്കും പ്രേമം ഉണ്ടായിരുന്നു. ഒരിക്കൽ വിദേശത്ത് പഠിക്കുന്ന കാലങ്ങളിൽ ഇന്ദിരാ ഗുരുതരമായ രോഗം ബാധിച്ചു കെടന്നപ്പോൾ ഊണും ഉറക്കവും ഇല്ലാതെ അവരുടെ കാമുകൻ ഫെറോസ് അരികിലിരുന്ന് പരിപാലിച്ചുകൊണ്ടിരുന്നു. തമിഴനും കാഷ്മീരിയും ദളിതനും ബ്രാഹ്മണനും ഒന്നാണെന്ന് വാതോരാതെ പറഞ്ഞിരുന്ന നെഹ്രു സ്വന്തം മകളുടെ ജീവിതം പന്താടിയപ്പോൾ ജാതിയിൽതാണ ഫെരോസിന്റെയും മകൾ ഇന്ദിരയുടെയും ബന്ധത്തെ അനുകൂലിച്ചില്ല. അവരുടെ കുടുംബ ബന്ധത്തെ തകർത്തു. ഭാവിപ്രധാന മന്ത്രിയാകുമെന്ന് പ്രവചിച്ചിരുന്ന ഫെരൊസിന്റെ കഴിവിലുള്ള അസൂയയും ആ പിതാവിനെ വേദനിപ്പിച്ചിരുന്നു. ഫെരൊസ് ശേഷിച്ച തന്റെ ജീവിതം ഇന്ദിരയെ കാത്തിരുപ്പായിരുന്നു. ഇന്ദിര ചതിച്ചെങ്കിലും പ്രകൃതി ഫെരൊസിനൊപ്പമായിരുന്നു. ഇന്ദിരക്കായി അയാൾ റോസാപുഷ്പങ്ങൾ കൊണ്ടൊരു പൂന്തോട്ടം ഉണ്ടാക്കി. എന്നും അയാളിലെ കാമുകൻ സുപ്രഭാതത്തിൽ നെഹ്രു മണിമന്ദിരത്തിൽ എത്തും. പൂന്തോട്ടത്തിൽ നിന്നും അടർത്തിയ റാണിയായ റോസാ പുഷ്പത്തെ ഇന്ദിരയുടെ കൈകളിൾ മരണംവരെ അർപ്പിക്കുമായിരുന്നു. റോസാചെടികൾക്ക് വെള്ളം ഒഴിച്ചും പരിപാലിച്ചും ഫെരൊസിലെ കാമുകൻ പ്രകൃതിയെ സ്നേഹിച്ചു. പെണ്ണ് ചതിച്ചെങ്കിലും പ്രകൃതി അയാളെ ചതിച്ചില്ല. "എന്നെ സമാശ്വസിപ്പിക്കാൻ പ്രകൃതിയില്ലായിരുന്നെങ്കിൽ ഞാനുമില്ലായിരുന്നുവെന്ന്" ഫെരോസ് പറയുമായിരുന്നു. (തുടർന്ന് താഴെ വായിക്കുക)

    ReplyDelete
    Replies
    1. കൂടുതൽ ചിന്തിക്കുംതോറും ദൈവവുമായി നാം കൂടുതൽ അടുക്കുകയാണ്. ഈ അഭിപ്രായം അടുത്ത കാലത്ത് ഹാർവാർഡ് യൂണിവെർസിറ്റിയിലെ ഗവേഷണത്തിൽ കണ്ട ഫലമാണ്. ആത്മബോധത്തിൽക്കൂടി സ്വയം ചിന്തിക്കുന്നവന്റെ ദൈവവിശ്വാസം വർധിക്കുമെന്നായിരുന്നു ഗവേഷണത്തിലെ കണ്ടെത്തൽ.

      കുഞ്ഞായിരുന്ന ഒരു ശിശുവളർന്ന് പ്രായമാകുമ്പോൾ അനേകമനേക കാര്യങ്ങൾ പഠിക്കാറുണ്ട്. ദൈനംദിന ജീവിതത്തിൽ കാണപ്പെടുന്നതും അറിയപ്പെടുന്നതുമായ വിവര സാങ്കേതിക വസ്തുതകൾ മനസ്സിൽ നിറച്ച് അന്വേഷകൻ ജ്ഞാനം തുടർന്നുകൊണ്ടിരിക്കും. എങ്കിലും ശൈശവത്തിൽ പഠിപ്പിക്കുന്ന മതത്തിന്റെ വിശ്വാസങ്ങൾ മുഴുവൻ സത്യങ്ങളാണെന്ന് ഒരുവൻ മരണംവരെ ചിന്തിക്കുന്നതെങ്ങനെയെന്നും ഓർക്കാറുണ്ട്. പൗരാണിക കെട്ടുകഥകൾ നിറഞ്ഞതാണ്‌ എല്ലാ പ്രമുഖ മതങ്ങളുടെയും സാരം. ഈ കെട്ടുകഥകൾ താത്ത്വികമായി ചിന്തിക്കാതെ പലരും അതേപടി ഗ്രഹിക്കുകയാണ് ചെയ്യുക.

      മതത്തിന്റെ ചട്ടകൂട്ടിൽ നമുക്ക് ചിന്തിക്കണമെങ്കിൽ ഒരു ഭീകര രാക്ഷസ ദൈവത്തെ ഉൾബോധമനസ്സിൽ വാർത്തെടുക്കണം. പല ദൈവങ്ങളും ഉറക്കത്തിൽ ഞെട്ടി ഉണർത്തിക്കുന്നവരാണ്.ദൈവത്തെപ്പോലെ ശക്തിയുള്ള ക്രിസ്ത്യാനികളുടെ ശൈത്താനിൽ പേടിയില്ലാതെ ശൈശവം കഴിച്ചുകൂട്ടിയ നമ്മളിൽ ആരുണ്ട്‌.

      മതങ്ങൾ ദൈവത്തെ വിവേചിച്ചറിയുവാൻ സ്വാതന്ത്ര്യം കൊടുക്കുകയില്ല. ചിന്തകരിൽ പലരും അവരുടെ മതത്തിന്റെ ചട്ടകൂട്ടിൽ നിന്നായിരിക്കും ചിന്തിക്കുക. ഒരു വെന്തിക്കോസ് പാസ്റ്റർ ചിന്തിക്കും,കത്തോലിക്കരെ എങ്ങനെ ഇടിച്ചു താക്കാം. അതുപോലെ കത്തോലിക്കചിന്തകനും ഹൈന്ദവമതത്തിലെ ദൂഷ്യവശങ്ങൾ ചെകഞ്ഞ് തങ്ങളുടെ മതം മാത്രം മെച്ചമെന്ന് ലോകത്തെ അറിയിക്കും.

      ചില ബിഷപ്പുമാരും പുരോഹിതരും തത്ത്വശാസ്ത്രങ്ങൾ തട്ടി വിടുന്നത് കാണാം. എന്ത് നരകമാണ് അവർ പറയുന്നതെന്ന് എനിക്ക് ഇന്നും മനസിലാവുകയില്ല. ഭൌതികശാസ്ത്രത്തിന്റെയും പ്രകൃതിയുടെയും നിയമങ്ങൾ വെച്ച് ഇവർ യേശുവിനെയും ദൈവത്തെയും കണ്ടിരുന്നുവെങ്കിൽ മതം ഒന്നുകൂടി എനിക്ക് ആകർഷകമാകുമായിരുന്നു. മതം പറയുന്നത് അപ്പാടെ കേൾക്കാത്തവൻ ബുദ്ധിയില്ലാത്തവനെന്നാണ് വെപ്പ്. അങ്ങനെ ചിന്താശക്തിയുള്ളവരെയും മതത്തിന്റെ തത്ത്വങ്ങൾ മത്തുപിടിപ്പിച്ച് കുറ്റിയിൽ ആണിയടിച്ചിരിക്കുന്നതായും കാണാം. ചിന്തകരാണെങ്കിലും മതമൌലികത തലക്ക് പിടിച്ച് ബാല്യത്തിൽ പഠിച്ചതിൽ വിത്യാസം വരുത്താതെ അതേപടി ചിന്തയിൽ പകർത്തി മനസിനെ പരിപൊക്ഷിപ്പിച്ചു കൊണ്ടിരിക്കും.

      Delete
    2. അർദ്ധവൃദ്ധരുടെയും മുഴുവൃദ്ധരുടെയും കളിയരങ്ങത്തേയ്ക്ക് കൊച്ചു മിടുക്കന്മാർ കയറി വരുന്നത് എന്തെന്നില്ലാത്ത ആഹ്ലാദം തരുന്നു. അവരുടെ ഒന്നാമത്തെ സ്വഭാവഗുണം പ്രകൃതീസ്നേഹവും രണ്ടാമത്തേത് നേരിനോടുള്ള അടുപ്പവും ആണെന്നത് ഈ ബ്ലോഗിന് ശുഭപ്രതീക്ഷക്ക് വക നല്കുന്നുണ്ട്. എനിക്ക് ഏതാണ്ടൊരു നിരാശ വന്നു തുടങ്ങിയ സമയത്താണ് ജീജോയും അനൂപും പെട്ടെന്ന് കടന്നുവന്നത്. അവരിലൂടെ ഇനിയും പുതുരക്തം ഇങ്ങോട്ട് ഒഴുകട്ടെ. പ്രകൃതിയിലൂടെ ദൈവത്തിലേയ്ക്കു എന്ന വഴിയിലാണ് നാമിപ്പോൾ എന്നെനിക്കു തോന്നുന്നു.

      ഒരു കുഞ്ഞു സംഭവം: കുടുംബത്തിൽപെട്ട ഒരു വീട്ടിൽ ആട് പെറ്റു. രണ്ടോമനക്കുഞ്ഞുങ്ങൾ. ആദ്യമൊന്നും ഒരു കുഴപ്പവും കണ്ടില്ല. ഒരാഴച്ച കഴിഞ്ഞപ്പോൾ തള്ള കുഞ്ഞുങ്ങൾക്ക്‌ മുല കൊടുക്കില്ല. ചെറുപ്പക്കാരി വീട്ടമ്മ, അവൾ കറന്ന പാൽ കുപ്പിയിലാക്കി കൊടുത്ത് തുടങ്ങി. ആട്ടിൻകുഞ്ഞിനെ കാണുന്നത് എനിക്ക് സ്വർഗമാണ്. ഞാനും കാണാൻ പോയി. വീട്ടമ്മയുടെ തോളിലേയ്ക്ക്‌ കാലും കുത്തി നിന്ന് കുട്ടികൾ രണ്ടു കൈയിലും പിടിച്ചിരിക്കുന്ന കുപ്പികളിൽ നിന്ന് ആർത്തിയോടെ കുടിക്കുന്നു. ഒരു കുഞ്ഞിനെ വാരിയെടുത്തു ഞാൻ മുത്തി. നല്ല വാസന!

      വീട്ടമ്മക്ക്‌ വാത്സല്യം കവിഞ്ഞൊഴുകി. അവൾ കുഞ്ഞുങ്ങളെ കുളിപ്പിച്ച് എണ്ണപുരട്ടി പൌഡറും ഇട്ടാണ് ഒമനിക്കൽ. വെറുതെയല്ല തള്ള കുഞ്ഞുങ്ങൾക്ക്‌ മുല കൊടുക്കാതിരുന്നത്. കുളിപ്പിച്ചോളൂ, പക്ഷേ, മനുഷ്യനുണ്ടാക്കിയ കൃത്രിമ മണം അവയ്ക്ക് കൊടുത്താൽ തള്ള തള്ളിക്കളയും, ഞാൻ പറഞ്ഞു. അതാണ്‌ പ്രകൃതി. അവളോട്‌ അടുക്കണമെങ്കിൽ, അവളുടെ ഗന്ധവും അവളുടെ രീതികളും നമ്മൾ ഇഷ്ടപ്പെടണം.

      Delete
  4. സമഭാവനയോടെ മറ്റു മതങ്ങളെയും മതഗ്രന്ഥങ്ങളെയും പഠിക്കുക എന്നതാണ് ആദ്യം വേണ്ടത് .ഉണ്ണിഈശോ എന്ന് പറയുന്ന മാധുര്യത്തോടെ തന്നെ ഉണ്ണിക്കണ്ണൻ എന്നും പറയാൻ ക്രിസ്ത്യാനിക്ക് കഴിയണം .
    "ശാലോം "മിൽ ഒളിഞ്ഞിരിക്കുന്ന "ഓംകാരം" കാണണമെങ്കിൽ അകക്കണ്ണ് തുറക്കണം .

    ReplyDelete
  5. അത്മായാ ശബ്ദത്തില്‍ എഴുതുമ്പോള്‍ എന്നില്‍ ഒരു ചെറിയ അഹംഭാവം ഉണ്ടായിരുന്നു, ഞാനും ഒരു എഴുത്തുകാരനാണെന്ന ഭാവം. അല്‍പ്പകാലം കൊണ്ട് അത്മായാ ശബ്ദത്തില്‍ വന്ന വ്യത്യാസം അത് മുഴുവന്‍ ഒഴുക്കിക്കളഞ്ഞു. നല്ല നല്ല ചിന്തകള്‍, അതിനു ആധികാരികവും സുന്ദരവുമായ കമന്റുകള്‍.., അതാണ്‌ ഇപ്പോഴത്തെ സ്ഥിതി. സത്തയില്ലാത്ത പോസ്റ്റുകള്‍ എത്രമാത്രം വായനക്കാരെ അകറ്റുമെന്നു മനസ്സിലാക്കാന്‍ നിര്‍ബന്ധിതനാകുന്നു.

    സുന്ദരമായ ഭാഷയില്‍ മാന്യമായി കാര്യങ്ങള്‍ പറയുന്നത് എന്തുമാത്രം വ്യത്യാസം വായനക്കാരില്‍ ഉണ്ടാക്കുമെന്ന് കാണാന്‍ എനിക്ക് കഴിയുന്നുണ്ട്. വ്യക്തികളോടോ ആശയങ്ങളോടോ പകയുമായി എഴുതുന്നതും ക്രിയാത്മകമായി വിമര്‍ശിക്കുന്നതും എത്ര വ്യത്യസ്തം. ജിജോയും അനൂപുമൊക്കെ ചെറുപ്പക്കാരാണെന്നു പറഞ്ഞു കേട്ട അറിവേയുള്ളൂ. വിമര്‍ശനങ്ങള്‍ അതിന്‍റെ നല്ല അര്‍ത്ഥത്തില്‍ തന്നെ എടുത്തപ്പോള്‍ പലരുടെയും പോസ്റ്റുകള്‍ ഗുണത്തില്‍ ഗണ്യമായി ഉയരുന്നതും ഞാന്‍ കണ്ടു. എനിക്ക് തോന്നുന്നു സാക്കിനു ഇതില്‍ നല്ലൊരു പങ്കുണ്ടെന്ന്. ക്ഷമയോടെ പ്രതീക്ഷയോടെ സ്വന്തം ഉത്തരവാദിത്വമെന്നു കരുതി പരിശ്രമിച്ചപ്പോള്‍, അന്തസ്സോടെ കേരളാ കത്തോലിക്കാ അല്മായരെ സമരത്തിന്‍റെ മുഖ്യ ധാരയില്‍ എത്തിക്കാന്‍ ഇതിലൂടെ അദ്ദേഹത്തിനു കഴിഞ്ഞു.

    എന്‍റെ കോമാളി പോസ്റ്റുകള്‍ക്ക്‌ ഇനി ഇതില്‍ സ്ഥാനമുണ്ടോ ആവോ? സ്വന്തം പോസ്റ്റുകള്‍ എക്സ്പോസ് ചെയ്യുക എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാതെ മുഖ്യധാരയില്‍ ഒരേ ലക്ഷ്യത്തോടെ മുന്നെറുകയാവട്ടെ നമ്മുടെ ലക്‌ഷ്യം. കരയുന്ന അത്മായനോട് നമുക്ക് ചെയ്യാവുന്ന ഒരു വലിയ കാര്യമായിരിക്കും അത്.

    ReplyDelete
  6. ഇടക്കാലത്തായി അല്മായശബ്ദത്തിനു വന്ന രൂപമാറ്റം എല്ലാവരെയും സന്തോഷിപ്പിക്കുന്നു എന്നറിയുന്നു . ഒരേ അവബോധത്തിന്റെ മേശയിൽ നിന്നു ഭക്ഷിക്കുന്നവരാണ് നാം . ഭാരതീയമെന്നു ഗണിക്കാവുന്ന ആ പഴയ സംഘാവബോധം ഉള്ളിൽ പേറുന്നവർ .വ്യക്തിപരമായി ഇപ്പോഴെന്റെ ഊർജ്ജം പോലുമാതാണ് .

    'സംഘം ശരണം ഗച്ചാമി , ബുദ്ധം ശരണം ഗച്ചാമി' ..

    നഗരം വിടുവോളം നമുക്ക് ഒരുമിച്ചായിരിക്കെണ്ടതുണ്ട് .സർവ്വാഹന്തകളെയും ഒഴുക്കിക്കളഞ്ഞ് , അമ്മയുടെ സ്നേഹസ്തന്യം നുകരാനെന്നപോലെ പ്രകൃതിയിലേക്ക് അലിഞ്ഞു ചേരാനുള്ള ഉപാധിയാക്കാം നമ്മുടെ ചിന്തകളെ , വായനയെ , എഴുത്തിനെ ...

    ReplyDelete