കൊച്ചി നഗരത്തിനു അഭിമാനിക്കാന്‍ വകയേറെയാണ്. രാജ്യത്തെ വന്‍നഗരങ്ങളെ കവച്ചു വയ്ക്കുന്ന ഷോപ്പിംഗ്‌മാള്‍ കൊച്ചിയിലാണ്. ഇപ്പോള്‍ ഇതാ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ദേവാലയം കൊച്ചിയില്‍ ഉയരുന്നു. വത്തിക്കാന്‍ വിശുദ്ധ പദവി എടുത്തുകളഞ്ഞ ഗിവര്‍ഗീസ് പുണ്യവാളന്റെ(?) പേരില്‍. അയ്യായിരം പേര്‍ക്കിരിക്കാവുന്ന (യേശു ക്രിസ്തുവിന്റെയും അഞ്ചപ്പത്തിന്റെയും കുറവ് മാത്രം, അത്ഭുതം ആവര്‍ത്തിക്കാന്‍). ഏതാണ്ട് എണ്‍പത് ശതമാനം പണി പൂര്‍ത്തിയായിരിക്കുന്നു.
ഫ്രാന്‍സിസ് പാപ്പായുടെ ലാളിത്യമൊന്നും മലയാളികൾക്കോ, കേരള സഭയ്ക്കോ ഒരു പ്രശ്നമല്ല. നമ്മള്‍ പള്ളികള്‍ പണിയുന്ന കാര്യത്തില്‍, വീടു പണിയിലെന്നപോലെ തന്നെ, കിടമത്സരത്തിലാണ്!
ഇത്തരുണത്തില്‍, കാരുണികണ്‍ മാസിക പ്രസധീകരിച്ച ഫാ. സിപ്രിയന്റെ ലേഖനം, വനരോദനമാണ് എന്നറിഞ്ഞുകൊണ്ട് തന്നെ ഞങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു.
കാറ്റാടി പറമ്പിലെ ബിജു അച്ചനെപ്പറ്റി പറയുമ്പോള്‍ ഏഴു നാവാണ് തേരകകാട്ടിലെ ഔതയ്ക്കും കുടുംബത്തിനും. ആ കുടുംബത്തില്‍ പ്രത്യാശയുടെ തിരിനാളം തെളിയിച്ചത് ബിജു അച്ചനാണ്. ബിജു അച്ചന്‍ ഔതയുടെ ഇടവകയിലെ വികാരിയാണ്. സ്ഥലംമാറി അവിടെ വന്നിട്ട് എട്ട് മാസമേ ആയുള്ളൂ. വന്നു ചാര്‍ജ്ജെടുത്ത് ഒരു മാസം കഴിഞ്ഞപ്പോള്‍ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ ഭവന സന്ദര്‍ശന പരിപാടി. 350-ളം വീട്ടുകാരുള്ള ഇടവകയാണ്.
എല്ലാ കുടുംബങ്ങളേയും പരിചയപ്പെടുകയും അവരുടെ ജീവിതപ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഭവനസന്ദര്‍ശന പരിപാടിക്കിടയിലാണ് ഔതയുടെ വീട്ടിലും അച്ചന്‍ വന്നത്. ഭാര്യയും മൂന്ന് കുഞ്ഞുങ്ങളും, തളര്‍ന്നുകിടക്കുന്ന അപ്പനുമടങ്ങിയതാണ് ഔതയുടെ കുടുംബം. ഔതയ്ക്ക് അടുത്തൊരു പലചരക്കുകടയില്‍ സാധനങ്ങള്‍ എടുത്തുകൊടുക്കുന്ന ജോലിയാണ്. അതില്‍ നിന്നു കിട്ടുന്ന ചെറിയ വേതനം കൊണ്ടുവേണം കുടുംബത്തെ പോറ്റുവാനും മക്കളെ പഠിപ്പിക്കുവാനും രോഗിയായ അപ്പനെ ചികിത്സിക്കാനും. ഭാര്യ അടുത്ത വീടുകളില്‍ ചെറിയ ജോലികള്‍ ചെയ്തു കൊടുത്ത് കിട്ടുന്ന കൂലികൊണ്ട് അയാളെ സഹായിക്കുന്നു.
മൂത്തമകള്‍ പഠിക്കുന്നത് ഏഴാംക്ലാസ്സിലാണ്. കൂട്ടുകാരികളെല്ലാം ആദ്യകുര്‍ബാന സ്വീകരിച്ചുകഴിഞ്ഞുവെങ്കിലും അവള്‍ക്കതു സാധിക്കാത്തതിന്റെ വലിയ വിഷമത്തിലും മനോഭാവത്തിലുമായിരുന്നു അവള്‍. ആദ്യകുര്‍ബാനയ്ക്കുള്ള ഡ്രസ്സും മറ്റു ചിലവുകളുമൊക്കെ കടമെടുത്തെങ്കിലും എങ്ങനെയും സംഘടിപ്പിക്കാമെന്നുണ്ടായിരുന്നു ഔതയ്ക്ക്. പക്ഷേ പള്ളി പണിക്കുള്ള ഓഹരി മൂന്നുകൊല്ലമായി കൊടുക്കാന്‍ അയാള്‍ക്കു കഴിഞ്ഞിട്ടില്ല. അതായിരുന്നു മകളുടെ ആദ്യകുര്‍ബാന സ്വീകരണത്തിനുള്ള തടസ്സം. ബിജു അച്ചന്‍ കാര്യങ്ങളൊക്കെ മനസ്സിലാക്കിയിട്ടാണ് ഭവനസന്ദര്‍ശനം കഴിഞ്ഞു തിരിച്ചുപോയത്. അദ്ദേഹം ഔതയ്ക്കുണ്ടായിരുന്ന പള്ളിയിലെ കടബാധ്യതകളെല്ലാം ഇളവുചെയ്തു കൊടുക്കുകയും ആരുടെയൊക്കെയോ സഹായത്തോടെ മകളുടെ ആദ്യകുര്‍ബാന സ്വീകരണത്തിനു വേണ്ടതെല്ലാം ചെയ്തുകൊടുത്ത് ആ കുഞ്ഞിന്റെ വലിയ ആഗ്രഹം നിറവേറ്റിക്കൊടുക്കുകയുണ്ടായി. അതിന് ബിജു അച്ചനോട് അവര്‍ക്കുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.
ബിജു അച്ചനു മുമ്പിരുന്ന ജോര്‍ജ്ജച്ചനോട് ഔതക്കും കുടുംബത്തിനും പിണക്കമൊന്നുമില്ല. ഇടവകയ്ക്കുവേണ്ടി ഒരുപാട് കാര്യങ്ങളാണ് അദ്ദേഹം ചെയ്തത്. എല്ലാറ്റിനും ഒരു നിഷ്ഠയും നിര്‍ബന്ധവുമുള്ള ആളായിരുന്നുവെന്നു മാത്രം. അതുകൊണ്ടാണ് പള്ളിപണിക്കുള്ള തവണകള്‍ അടക്കാത്തവരോട് കര്‍ക്കശമായ നിലപാടുകളെടുത്തത്. മനോഹരവും ബ്രഹ്മാണ്ഡവുമായ ഒരു ദേവാലയമാണ് മൂന്നുകൊല്ലംകൊണ്ട് ഇടവകയില്‍ അദ്ദേഹം പണിതുയര്‍ത്തിയത്. പള്ളി പണിയാന്‍ മിടുക്കനായതുകൊണ്ടാണ് ആ ഇടവകയിലേയ്ക്ക് അദ്ദേഹത്തിനെ അയച്ചതുതന്നെ. എങ്ങനെയെങ്കിലും പണമുണ്ടാക്കികൊള്ളും. അതിനുവേണ്ടി എന്ത് അധ്വാനവും ബുദ്ധിമുട്ടും കാര്യമാക്കാറില്ല. പഴയപള്ളി പൊളിച്ച് പുതിയത് പണിയുന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഏകാഭിപ്രായമായിരുന്നില്ല. അത്യാവശ്യ സൗകര്യങ്ങളും സ്ഥലവും ഉള്ളതുകൊണ്ട് പഴയതുതന്നെ മതിയെന്നായിരുന്നു ഒരു കൂട്ടരുടെ അഭിപ്രായം. പിന്നെ വികാരിയച്ചന്റെ താത്പര്യവും ഉത്സാഹവും കണ്ടപ്പോള്‍ കൂടുതല്‍ പേര്‍ അച്ചന്റെ പക്ഷം ചേര്‍ന്നുവെന്നു മാത്രം. ഓരോ വീട്ടുകാര്‍ക്കുമുള്ള ഭാരമേറിയ തവണപ്പിരിവിന്റെ കാര്യം വന്നപ്പോള്‍ കുറേപ്പേര്‍ മറുപക്ഷം ചേര്‍ന്നു കളഞ്ഞു. ഏതായാലും പണിയെല്ലാം പൂര്‍ത്തിയാക്കി ആഘോഷമായ ഒരു പെരുനാളും നടത്തിയിട്ടാണ് അച്ചന്‍ സ്ഥലം മാറിപ്പോയത്.
ജോര്‍ജ്ജച്ചന്‍ എത്തിയ പുതിയ ഇടവകയില്‍ പഴയ പള്ളി പൊളിച്ച് പുതിയതു പണിതിട്ട് അധികനാളായിരുന്നില്ല. അതിനാല്‍ മറ്റൊരു പദ്ധതിയാണ് അവിടെ അച്ചന്‍ ആവിഷ്‌കരിച്ചത്. ഇടവകപ്പള്ളി വി.ഗീവര്‍ഗ്ഗീസിന്റെ നാമത്തിലായിരുന്നു. അച്ചന്റെ പേരിന്റെ കാരണഭൂതനും വി. ഗീവര്‍ഗ്ഗീസ് (ജോര്‍ജ്ജ്) ആണല്ലോ.
ഡോ. സിപ്രിയാന്‍ ഇല്ലിക്കാമുറി OFM Cap
Email: cypillick@gmail.com
തുടരും.....
This comment has been removed by the author.
ReplyDeletehttp://shalomtv.tv/media-gallery/mediaitem/81-gurucharanam
Deleteതകൃതിയായി രാജകീയ ദേവാലയങ്ങൾ പണിതുയർത്തുന്നവരും അതിനെ എതിർക്കുന്നവരും ഒരുപോലെ മനസ്സിരുത്തി ശ്രവിക്കേണ്ട വാക്കുകളാണ് മുകളിൽ ഉള്ള ലിങ്കിൽ കിട്ടുന്നത്.
ഇത്തരം ദേവാലയങ്ങൾ ഹരിതഭൂമിയായിരുന്ന കേരളത്തെ മരുഭൂമിയാക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. ഞാൻ ആവർത്തിച്ച് എഴുതിയിട്ടുള്ള കാര്യമാണ് അടിവാരം പള്ളിയുടെത്. പൂഞ്ഞാറിനപ്പുറത്തെയ്ക്ക് പടിഞ്ഞാട്ട് എല്ലാം മരുഭൂമിയായിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിയുടെ ശാന്തതയും അഗാധമായ കുളിർമ്മയും നിറഞ്ഞുനിന്നിരുന്ന അടിവാരത്ത് ഇപ്പോൾ ഉയർന്നുനില്ക്കുന്ന പള്ളിയും അതിന്റെ ചുറ്റുപാടും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന രാജകീയ ചിഹ്നങ്ങളും ആർക്കുവേണ്ടിയാണ് എന്ന് പണിയിക്കുന്നവർ ചിന്തിക്കുന്നില്ല എന്നത് പകൽപോലെ വ്യക്തമാണ്. ഇടയില്ലാത്തിടത്ത് സ്തൂപങ്ങൾ, കൊടിമരം, പള്ളിമുറിയിലേയ്ക്ക് നടക്കാൻ മദുബഹായ്ക്കു മുകളിൽ നിന്ന് സ്റ്റീലിൽ തീര്ത്ത അഴികളോടെ നടപ്പാത എന്നിങ്ങനെ എന്തെല്ലാം വികൃതികൾ! മിടുക്കന്മാരായ മേസ്ത്രിമാർ സുന്ദരമായി കെട്ടിയുയർത്തിയിരുന്ന കരിങ്കൽഭിത്തികളിൽ ഇപ്പോൾ സിമന്റു കൊണ്ടുള്ള ഫ്രെയ്മുകൾ ഒരു കലാബോധവുമില്ലാതെ തേച്ചുപിടിപ്പിച്ചിരിക്കുകയാണ്. അതിനുള്ളിൽ ഇനി ആരും രണ്ടുപ്രാവശ്യം വായിക്കാൻ പോകുന്നില്ലാത്ത വേദവാക്ക്യങ്ങൾ എഴുതിപ്പതിപ്പിക്കും. ആകെ അലങ്കോലം എന്നേ പറയാൻ തോന്നുന്നുള്ളൂ. അടിവാരത്തും മരുഭൂമിയുടെ ഒരു തുണ്ട് ഇതാ ഉണ്ടായിക്കഴിഞ്ഞു. പവിത്രഭൂമിയായിരുന്ന അടിവാരത്തെ ഒരച്ചനെ വിട്ട് പാലാ രൂപത ഇങ്ങനെ വികൃതമാക്കരുതായിരുന്നു.
പരിസ്ഥിതിയെക്കുറിച്ചും ആദ്ധ്യാത്മികതയെക്കുറിച്ചും അവരുടെ വികാരിമാരെ അവബോധമുള്ളവരാക്കാൻ പാലായിലെ തിരുമേനിമാർ എന്തെങ്കിലും ചെയ്യുന്നുണ്ടോ? മിസ്റ്റർ മുരിക്കൻ മെത്രാനെങ്കിലും സുബോധമുണ്ടെന്നു കരുതിയത് തെറ്റിയോ?