വി.ജെ.വടാച്ചേരി
അകത്തല്ലീശ്വരന്‍, പുറത്തല്ലീശ്വരന്അലിഞ്ഞിരിക്കുന്നു നിശ്ശൂന്യതതന്നില്‍
എനിക്കുള്ളീശ്വരന്‍ ത്രിമൂര്‍ത്തിനാമമായ്
നിനക്കുള്ളീശ്വരന്‍ ത്രിയേക ദൈവമായ്
അവനുമുണ്ടീശ, നവന്റെയള്ളാഹു!
ഒരിടത്തുമില്ലാതെവിടെയുമുണ്ടായ്
ഒളിഞ്ഞിരിപ്പവന്‍ പരാപരന്‍ ദൈവം!!
കടലലകളില്‍ ലവണമെന്നപോല്‍
ലയിച്ചിരിപ്പവന്‍ ദയാപരനീശന്‍
അവനെ നാം വൃഥാ തെരുവോരങ്ങളില്‍
ത്രിശൂലച്ചോട്ടിലോ കുരിശിന്‍ മൂട്ടിലോ
ശശികലയുടെ പടം വരഞ്ഞതാം
കുടത്തിനുള്ളിലോ ധനങ്ങളര്‍പ്പിച്ചു
കരഗതമാക്കാന്‍ ശ്രമിപ്പിലാകുമോ?......
.....................
സഹൃദയസമിതി: "
"
'via Blog this'
ശ്രീ വടാച്ചേരിയുടെ കവിത വളരെ മനോഹരമാണ്. പക്ഷെ കവിതയിലെ തത്ത്വങ്ങൾ ഉൾകൊള്ളുവാൻ സാധിക്കുന്നില്ല. ഇവിടെ കവിക്ക് സൂര്യചന്ദ്രാദികളും പ്രകൃതിയും വേണ്ട. ശൂന്യമായ ദൈവമാണ് ഭാവന. എനിക്കതിൽ എതിർപ്പി ല്ല.
ReplyDeleteഅനൂപ് പോസ്റ്റ് ചെയ്ത ഇംഗ്ലീഷ് കവിതയിലെ സൂര്യചന്ദ്രാദികളിൽ സ്നേഹം അർപ്പിച്ച ശേഷം ശ്രീ വടാച്ചെരിയുടെ കവിത പറയുന്നു, ദൈവം ഒരിടത്തും ഇല്ല എന്നാൽ എവിടെയും ഉണ്ട്. ഒന്നുകിൽ ദൈവമില്ലായെന്ന് പറയണം. അല്ലെങ്കിൽ എവിടെയും ഉണ്ട്. ഒളിഞ്ഞിരിക്കുന്നു. ഏതെങ്കിലും ഒന്ന് പറഞ്ഞിരുന്നുവെങ്കിൽ യുക്തിയോടെ ഈ കവിത വായിക്കാമായിരുന്നു.
ശൂന്യതയിൽ അലിഞ്ഞിരിക്കുന്നു. അപ്പോൾ പ്രപഞ്ച ശക്തി ശൂന്യതയിലെന്നാണൊ കവി പറയുന്നത്? എങ്കിൽ എന്തിന് നാം ഈശ്വരനെ പ്രപഞ്ചത്തിൽ കാണണം. ത്രി മൂർത്തിയായും ത്രി ദൈവമായും അള്ളായായും യുക്തിയനുസരിച്ച് ദൈവത്തെ ചിന്തിക്കുവാൻ അവന് അവകാശമില്ലേ? കവിയുടെ ദൈവം ശൂന്യതയിലെങ്കിൽ അപരന്റെ ദൈവത്തെ വെറുതെ വിട്ടുകൂടെ?
കടലിലെ ലവണം പോലെ ലയിച്ചിരിക്കുന്ന ദൈവം ദയാപരനെന്ന വികാരമുണ്ടെങ്കിൽ എങ്ങനെ ശൂന്യനാകും.? ത്രിശൂലത്തിലും കുരിശിൻ ചുവട്ടിലും ശശികലയിലും സർവ്വ ചരാചരങ്ങളിലും കാണുന്ന ദൈവത്തെ കവിക്ക് പരിഹസിക്കാമെങ്കിൽ ശൂന്യമായ ദൈവത്തെയും ഒന്ന് പരിഹസിച്ചുകൂടെ.?
വിധവയുടെ കൊച്ചുകാശുസഹിതം കുടത്തിനുള്ളിൽ ധനങ്ങളർപ്പിച്ച് ദരിദ്രന് നൽകുമെങ്കിൽ അത് ദൈവത്തിന് അർപ്പിക്കുന്നതല്ലേ? ദാനമെന്ന വാക്ക് കവി മറന്നുപോയി. "യേശുവിന്റെ വചനമായ ദൈവത്തിനുള്ളത് ദൈവത്തിന് കൊടുത്തതായി" കവിയുടെ തത്ത്വചിന്തകൾക്കു പുറമേ ഒരു വരികൂടി എന്റെതായി ഇവിടെ ചേർക്കുന്നു.
JM ന്റെ കമെന്റ് എനിക്ക് നന്നായി പിടിച്ചു. സത്യം തുറന്നു പറയുക പലപ്പോഴും എളുപ്പമല്ല. ആരെയും മുഷിപ്പിക്കാതിരിക്കാനും, പിന്നെ ധൈര്യക്കുറവുകൊണ്ടും നമ്മൾ മിക്കതും അങ്ങ് മൂളിക്ക്കേൾക്കുകയും ശരിയെന്നു പറഞ്ഞ് മനസ്സില്ലാമനസ്സോടെ അംഗീകരിക്കയുമാണ് പതിവ്. ചെറുപ്പത്തിൽ ഇങ്ങനെ കുറെ തത്ത്വങ്ങൾ മാതാപിതാക്കളും അദ്ധ്യാപരും നമ്മളെ പറഞ്ഞു കേൾപ്പിക്കുകയും വേണമെങ്കിലും വേണ്ടെങ്കിലും അതൊക്കെ വിശ്വസിച്ചോണം എന്ന് കെട്ടിയേല്പ്പിക്കുകയും ചെയ്തിട്ടുണ്ട്. അവയുടെ ഭാരവുമായി നടന്ന കാലങ്ങൾ എനിക്കുമുണ്ട്. സാവധാനമാണെങ്കിലും അതെല്ലാം വലിച്ചെറിഞ്ഞു കളഞ്ഞിട്ട് സ്വന്തം ഉള്ളിൽ ഗ്രഹിക്കാൻ പറ്റുന്ന ഒരു ദൈവസങ്കൽപ്പത്തെ കണ്ടെത്തുക എന്നത് സ്വാതന്ത്ര്യത്തിന്റെ തുടക്കമായിരുന്നു. അതും നൂറു ശതമാനം സത്യമാണെന്ന് തീര്ച്ചയില്ലെങ്കിലും നമുക്ക് സംവദിക്കാവുന്ന ഒരു സത്തയാണല്ലോ എന്ന ആശ്വാസമെങ്കിലും ഉണ്ടല്ലോ.
ReplyDeleteഅതുകൊണ്ട്, ഇവിടെനിന്നും അവിടെനിന്നുമൊക്കെ കേട്ടതെല്ലാംകൂടി സ്വരുമിപ്പിച്ചുണ്ടാക്കുന്ന വിശ്വാസസംഹിതകളെക്കാൾ ഓരോരുത്തര്ക്കും നല്ലത് നമുക്ക് കിട്ടിയ ജീവന്റെ അംശം മറ്റു ജീവികളുമായി പങ്കുവയ്ക്കുമ്പോൾ ഉള്ളിൽ തെളിഞ്ഞു വരുന്ന പ്രകാശത്തെ സ്നേഹിച്ചും വാഴ്ത്തിയും സന്തോഷത്തോടെ കഴിയുന്നതാണ്. ബാക്കിയെല്ലാം ഭയത്തിൽ നിന്നും സ്വാർത്ഥതയിൽ നിന്നും ഉരുത്തിരിയുന്ന ഇടക്കാലാശ്വാസങ്ങൾ മാത്രമായിരിക്കും.
ശ്രി ജോസഫ് മാത്യുവിന്‍റെ നിരീക്ഷണപാടവത്തെയും ശ്രി സക്കറിയാസിന്‍റെ വിലയിരുത്തലിനെയും ഉള്‍ക്കൊണ്ടു കൊണ്ട് പറയട്ടെ, ശ്രി. വടാച്ചേരിയുടെ കണ്‍ഫുഷന്‍ എല്ലാവരുടെതുമാണ്. ഈശ്വരന്‍ ഉണ്ടെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ബുദ്ധനു സമമായിരുന്നു. ശ്രി. വടാച്ചേരി അക്കാര്യം അവതരിപ്പിച്ചിരിക്കുന്നു. "ഒരിടത്തുമില്ലാതെവിടെയുമുണ്ടായ്
ReplyDeleteഒളിഞ്ഞിരിപ്പവന്‍ പരാപരന്‍ ദൈവം!!." എന്നല്ലേ അദ്ദേഹം പറഞ്ഞത്?
ഈശ്വരന്‍ ഉള്ളിലുണ്ടെന്നു നാം പറയുന്നു. അപ്പോള്‍ പുറത്തുള്ളതാരാ? "സ്വന്തം ഉള്ളിൽ ഗ്രഹിക്കാൻ പറ്റുന്ന ഒരു ദൈവസങ്കൽപ്പത്തെ കണ്ടെത്തുക എന്നത് സ്വാതന്ത്ര്യത്തിന്റെ തുടക്കമായിരുന്നു." ശ്രി. സക്കറിയാസ് പറഞ്ഞത് ഇത്രയും ശരി തന്നെ. ദൈവസങ്കല്‍പ്പത്തെ ഗ്രഹിക്കാനെ നമുക്ക് പറ്റൂ, ദൈവത്തെ ഗ്രഹിക്കാന്‍ പറ്റില്ല. ഹിമാലയത്തിന്‍റെ മുകളിലേക്കു പത്തു പേര്‍ പത്തിടങ്ങളില്‍ നിന്ന് പുറപ്പെടുന്നുവെന്നു വെയ്ക്കുക. ഈ പത്തു പേരും അതിന്‍റെ മുകളില്‍ ഒരിടത്ത് എത്തിച്ചേരുന്നിടം വരെ നല്‍കുന്ന വിശദീകരണങ്ങള്‍ തികച്ചും വ്യത്യസ്തമായിരിക്കും, കാരണം അവര്‍ കാണുന്നത് ഒന്നല്ല.
ഷേക്സ്പിയറിനെപ്പറ്റി പഠിക്കാന്‍ ഇംഗ്ലണ്ടില്‍ പോയ ഒരു ഇംഗ്ലിഷ് പ്രൊഫസ്സറുടെ കഥ കേട്ടിട്ടുണ്ട്. തലങ്ങും വിലങ്ങും പഠിച്ചതിനു ശേഷം നാട്ടില്‍ വന്ന് എഴുതിയത്, 'ഷേക്സ്പിയര്‍ നന്നായി എഴുതി' എന്ന് മാത്രം. പക്ഷേ, അതുപോലൊരു തിക്കുമുട്ടലില്‍ ശ്രി വടാച്ചേരി എത്തിയിട്ടാണ് ഇതെഴുതിയതെന്നു എനിക്കും തോന്നുന്നില്ല.
ദൈവത്തെപ്പറ്റി ആരെഴുതിയാലും തര്‍ക്കം ഉറപ്പ്. ഈ തര്‍ക്കം ഉണ്ടാക്കുന്നതും അത് നിലനിര്‍ത്തുന്നതും ദൈവം...."പരാപരന്‍" എന്നാണു കവി പറഞ്ഞത്. അപ്പോള്‍ ദൈവം ആണാണോയെന്നു അടുത്ത ചോദ്യം വരും. ഒരു വശം ആണും മറുവശം പെണ്ണും എന്നാണെന്‍റെ അഭിപ്രായം. ഏതു വശത്ത് കൂടി നോക്കണമെന്ന് ഭക്തന്‍ തീരുമാനിക്കട്ടെ.
ശ്രീ വടാച്ചേരിയുടെ കവിത പൂര്‍ണമായും പ്രസിദ്ധീകരിച്ചിട്ടുള്ളത് സഹൃദയസമിതി എന്ന ബ്ലോഗിലാണ്. അല്മായശബ്ദത്തില്‍ അവസാനം കുറെ ...... ഇട്ടിരുന്നു. അതിന്റെ ശേഷം ലിങ്ക കൊടുത്തിരുന്നതിന്റെ സൂചന മനസ്സിലാകാതെ പോയതിനാലാവും കമന്റുകള്‍ എഴുതിയവര്‍ ആരും അവിടെ പോയി അതു മുഴുവന്‍ വായിച്ചിട്ടില്ല എന്നു തോന്നുന്നു. ആ കവിതയുടെ ബാക്കി ഭാഗം കൂടി പകര്‍ത്തുന്നു.
ReplyDeleteനിനയ്ക്കില്‍ മാരിവില്‍ നിറങ്ങളേഴുമേ
ഹിരണ്മയന്‍തന്റെ കൊടികളല്ലയോ?
മഴവില്ലു കടഞ്ഞതിന്‍ നവനീതം
കരസ്ഥമാക്കുമ്പോള്‍ ഹിരണ്മയരൂപം
മനുഷ്യനേത്രങ്ങള്‍ കവര്‍ന്നുകൊണ്ടെങ്ങോ
അകന്ന ദൃശ്യ്മായ് മറഞ്ഞുപോകുന്നു!
മരണത്തിന്‍ സൈറണ്‍ മുഴക്കം തീരുമ്പോള്‍
ശരിക്കു നേര്‍ക്കുനേര്‍ക്കവനെക്കണ്ടിടാം!!
അകത്തുനിന്നവന്‍ പുറത്തിറങ്ങുമ്പോള്‍
പുറത്തുനിന്നോനുമകത്തിരുന്നോനും
ഒരുവനാണെന്നതറിഞ്ഞിടാനാവും!
അവസാനമാരാന്‍ മിഴിയിണകളെ
തഴുകിച്ചേര്‍ക്കുമ്പോഴവനും ഞാനുമായ്
ലയിച്ചുചേര്‍ന്നിട്ടൊരനന്വയമാകും!!
മൊത്തം വായിച്ചശേഷം അഭിപ്രായത്തില്‍ മാറ്റം തോന്നുന്നെങ്കില്‍ എഴുതുക. എന്റെ അഭിപ്രായം അതിനുശേഷം എഴുതാം.
മഴവില്ലും സപ്തനിറങ്ങളും വിഷ്ണു ഭഗവാന്റെ കൊടിയും വന്നപ്പോൾ പ്രകൃതിയുടെ സൌന്ദര്യം പൂർത്തിയായി. ഒരു ദൈവസങ്കല്പ്പവും മനസ്സിൽ വന്നു. ശ്രീ ജോസഫ് മറ്റപ്പള്ളിയുടെ ബുദ്ധഭഗവാന്റെ വിവരണം കൂടിയായപ്പോൾ കവിതയെപ്പറ്റി രൂപം കിട്ടി.
Deleteഒരു കവിത പോസ്റ്റ് ചെയ്യുമ്പോൾ അല്മായശബ്ദത്തിൽ വായിക്കുവാനാണ് ഞാൻ ഇഷ്ടപ്പെടുക. വൈറസ് ഉണ്ടാക്കുവാൻ ലോകത്തിൽ ഏറ്റവും മിടുക്കർ മലയാളികളെന്ന ധാരണ ഇവിടെ പൊതുവേ പരന്നിട്ടുണ്ട്. മലയാള അക്ഷരങ്ങളുള്ള ലിങ്കുകൾ ഭയന്ന് തുറക്കാറില്ല. മനസിന് ഉല്ലാസം നല്കുവാൻ പ്രകൃതി രമണീയതനിറഞ്ഞ ക്ലാസ്സിക്കൽ കവിതകളും അല്മായ ശബ്ദത്തിൽ വരുന്ന കവിതകളുമേ ഞാൻ വായിക്കാറുള്ളൂ.
നിറവർണ്ണങ്ങളാൽ മനോഹരമായ മഴവില്ലിൽക്കൂടി മനുഷ്യനേത്രങ്ങൾ വിഷ്ണുരൂപം കവർന്നെടുക്കുന്നുവെന്ന കവിയുടെ ഭാവനയും നന്നേ ഇഷ്ടപ്പെട്ടു. മറഞ്ഞുപോകുന്ന അദൃശ്യനായ ദൈവത്തെയും പ്രകൃതിയിൽക്കൂടി കാണുന്നു. എന്റെയും ദൈവസങ്കല്പം ഏതാണ്ടിതുപോലെതന്നെ. അകത്തുനിന്നവനും പുറത്തുനിന്നവനും അവനും ഞാനും പരബ്രഹ്മത്തിൽ ലയിക്കുന്നുവെന്നും കവി തന്റെ കവിത സമാപിച്ചതിൽ സന്തോഷം. സനാതനത്ത്വം ഇവിടെ മുഴങ്ങി കേൾക്കുന്നു. സനാതനത്ത്വം ഹിന്ദുവിന്റെ കുത്തകയല്ല. നമ്മുടെ നാടിന്റെ തത്ത്വചിന്തകളാണ്.