Translate

Friday, May 17, 2013

ആരെ പഴിക്കാന്‍?

Author :  Joseph Mattappally

ഇക്കഴിഞ്ഞ ദു:ഖവെള്ളിയാഴ്ച മലയാളികള്ക്ക്  വായിക്കാന്‍ ഒരു മലയാള ദിനപ്പത്രത്തില്‍. ഒരു ദുഃഖവാര്ത്തയുണ്ടായിരുന്നു. ചാലക്കുടിയിലെ ഒരു പ്രസിദ്ധ ധ്യാനകേന്ദ്രത്തില്‍ അഭയാ കേസിലെ പ്രതികള്‍ ധ്യാനം നയിച്ചുവെന്ന വാര്ത്തയായിരുന്നത്. പരി. ആത്മാവിന്‍റെ  നിറവും രോഗശാന്തി ശുശ്രൂഷയിലൂടെയുള്ള സൌഖ്യവും പ്രതീക്ഷിച്ച് ധ്യാനിക്കാന്‍ വന്നവര്‍ ഞെട്ടിയെങ്കില്‍ അത്ഭുതമില്ല. അവരുടെ പ്രഭാഷണങ്ങള്‍ അവര്‍ CBI യുടെ കൈയ്യില്‍ നിന്നും അനുഭവിച്ച യാതനകളുടെ വിശദീകരണങ്ങളും, അവരുടെ നിരപരാധിത്വം സംബന്ധിച്ച വാദഗതികളുമായിരുന്നു. അത് നാടാകെ പ്രചരിപ്പിക്കുകയെന്ന ദൌത്യം ധ്യാനത്തില്‍ പങ്കെടുക്കാന്‍ വന്ന പ്രേഷിതരെ ഭരമേല്പ്പിച്ചു ധ്യാനം അവസാനിപ്പിക്കുകയും ചെയ്തു.

ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ള അഭിഷിക്തര്‍ കുറ്റവാളികളാണെന്നു ലോകം മുഴുവന്‍ പറഞ്ഞതുകൊണ്ട് അവര്‍ കുറ്റവാളികളാകണമെന്നില്ല. പക്ഷെ, കേസ് സംബന്ധമായ് രേഖകള്‍ തിരുത്താനും, കേസ് അക്ഷരാര്ത്ഥത്തില്‍ മുടിനാരിഴ കീറി നേരിടാനും, അന്വേഷകരെ  സ്വാധീനിക്കാനും വേണ്ടി ഈ കേസില്‍ കോടിക്കണക്കിനു പണം ചിലവഴിക്കപ്പെട്ടുവെന്നത് പരക്കെ അറിയപ്പെടുന്ന ഒരു പരമാര്‍ത്ഥം. നാര്ക്കോ  അനാലിസിസിന്‍റെ CD പോലും തിരുത്തപ്പെട്ടുവെന്ന് ആരോപണം. ആരാണ് ഇത്രയും ധനശേഷിയുള്ള പ്രതി? കുറ്റവാളി ആരുമാവട്ടെ – ഒരു ധ്യാന കേന്ദ്രത്തില്‍ വന്ന് കേസിലെ പ്രതികളുടെ വാദഗതികള്‍ നിരത്താന്‍ അവര്ക്ക്  അവസരം കൊടുത്തത് ശരിയോ? അതാണോ ധ്യാനത്തിന്‍റെ ലക്ഷ്യവും ഉദ്ദേശ്യവും? നിരപരാധിയെന്ന് ഉറപ്പുള്ള ഏതെങ്കിലും കേസില്‍ പെട്ട ഒരു അല്മായന് ഇതുപോലെ സ്വയം വിശദീകരിക്കാന്‍ ആരെങ്കിലും അവസരം കൊടുത്തിട്ടുണ്ടോ?

അടുത്തകാലത്ത് വൈദികവൃത്തിയില്‍ നിന്നും അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മാറ്റി നിര്ത്തപ്പെട്ട ഒരു വൈദികന്‍ ഒരു പേരെടുത്ത ധ്യാനപ്രസംഗകനായിരുന്നു. വഞ്ചനാക്കേസില്‍ പ്രതിയായ ഒരു വൈദികന്‍ ഇപ്പോഴും ധ്യാനകേന്ദ്രം നടത്തുന്നു. നല്ലവരെന്നു നാം കരുതുന്നവരും,നല്ലവരായിട്ടുള്ളവരും നടത്തുന്ന ധ്യാനകേന്ദ്രങ്ങളുണ്ടിവിടെ. ധ്യാനം ധ്യാനത്തിന്‍റെ അരൂപിയില്‍ നടക്കണമെന്നു നിര്‍ബന്ധമുള്ള അത്തരക്കാരെയാണ്  ഇതൊക്കെ മുറിവേല്‍പ്പിക്കുന്നതെന്നു തീര്‍ച്ച.  മയക്കുവെടികള്‍ ഇതിലും നന്നായി വെയ്ക്കാവുന്ന വേദികളില്ലെന്നുള്ള തിരിച്ചറിവാണോ ധ്യാനകേന്ദ്രങ്ങളെ ഇവ്വിധം ദുരുപയോഗപ്പെടുത്താന്‍ കാരണം?

ധ്യാന കേന്ദ്രങ്ങള്‍ മാത്രമല്ല,
 ഓരോ പള്ളിയിലും നടക്കുന്ന മുഖപ്രസംഗങ്ങളും  വിശ്വാസികളെ മസ്തിഷ്ക പ്രശ്ചാളനം ചെയ്യാന്‍ ഉപയോഗിക്കപ്പെടുത്തുന്നുവെന്നത് നിഷേധിക്കാനാവാത്ത സത്യം. അടുത്തകാലത്ത് ഒരു വൈദികന്‍ ഇടവക മുഴുവന്‍ കയറിയിറങ്ങിയ ശേഷം പ്രസംഗിച്ചത് ഇങ്ങിനെ: ഞാന്‍ എല്ലാ വീടുകളിലും പോയി, എത്ര മനോഹരമായാണ് തിരുഹൃദയത്തിന്‍റെ രൂപം ഓരോരുത്തരും അലങ്കരിച്ചിരിക്കുന്നത്. അത് കണ്ടപ്പോള്‍ എനിക്കൊരു ദുഃഖം, പള്ളിയുടെ മുമ്പിലുള്ള യൂദാ തദ്ദേവൂസിന്‍റെ കുരിശടി ഇങ്ങിനെയിരുന്നാല്‍ മതിയോ?

മോനിക്കാ ദമ്പതികളുടെ ഭൂമി രൂപതയുടെ അറിവോടെ തട്ടിയെടുത്തെന്ന കുപ്രസിദ്ധമായ കേസ് കോടതിയില്‍ നടക്കുന്നു - ബിഷപ്പ് പ്രതിയുമാണ്. മോനിക്കാ ദമ്പതികള്‍ കേസ് പിന്‍വലിച്ചെന്നും, ക്ഷമ പറഞ്ഞെന്നും തുടങ്ങി നിരവധിയായ കള്ളകഥകള്‍ ഹൈറേഞ്ചു മേഖലയില്‍ വൈദികര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന വാര്‍ത്ത ഉത്തരവാദിത്വപ്പെട്ട ഒരു മലയാളം പത്രമാണ്‌ 2013 മാര്‍ച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. മോനിക്കാ അതിനെതിരെ സിവിലായും ക്രിമിനലായും കേസ് ഫയല്‍ ചെയ്യുമെന്ന് പത്രസമ്മേളനം നടത്തി പ്രതികരിക്കുകയും ചെയ്തിരിക്കുന്നു.

ഫാ. ബെനഡിക്റ്റ് ഇന്നില്ല; അദ്ദേഹമാണോ മറിയക്കുട്ടിയെ കൊന്നതെന്ന് എനിക്ക് നിശ്ചയവുമില്ല – ഞാന്‍ കണ്ടിട്ടില്ല. എന്തായാലും, അദ്ദേഹത്തെ ചതിച്ചവരും, വധശിക്ഷക്ക് വിധിച്ചവരും, അതിനു കൂട്ട് നിന്നവരുമെല്ലാം കഠിനയാതനകള്‍ ജീവിതത്തില്‍ അനുഭവിക്കുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ട് ഒരു വൈദികന്‍ ഫാ. ബെനഡിക്ടിനെപ്പറ്റി ഒരു പുസ്തകം എഴുതി പ്രസിദ്ധികരിക്കുകയുണ്ടായി അടുത്ത കാലത്ത്. കേരളത്തിലെ അല്മായാ സംഘടനകളുടെ നേതൃത്വത്തില്‍ ഇക്കാര്യം ഒരു സമിതി അന്വേഷിച്ചു. പുസ്തകത്തില്‍ പറഞ്ഞതുപോലെ ക്ഷമയാരും പറഞ്ഞിട്ടുമില്ല, അങ്ങിനെ ഒരു കുടുംബവുമില്ല, സൂചനയനുസരിച്ചുള്ള കുടുംബം വളരെ നല്ല നിലയിലുമാണ്. ജഡ്ജിയുടെ കുടുംബവും നല്ല നിലയില്‍ - ആര്‍ക്കും പറയത്തക്ക രോഗങ്ങളുമില്ല. തുടര്‍ന്ന് സമിതി ഗ്രന്ഥകര്‍ത്താവിനോട് വിശദീകരണം ആവശ്യപ്പെട്ടു - ഒരു കൊച്ചു തിരുത്ത് ഒരു കൊച്ചു ദിനപ്പത്രത്തിന്‍റെ കോണില്‍ ഉണ്ടായിരുന്നുവെന്നാണ് കേട്ടത്. പുസ്തകം അതുപോലെ തന്നെ ഇപ്പോഴും വില്‍പ്പനക്കുമുണ്ട്. വി. അല്ഫോന്സാമ്മയെപ്പറ്റി സഭ പ്രചരിപ്പിക്കുന്ന കഥകള്‍ മുഴുവന്‍ ശരിയല്ലായെന്നു അവരെ വളര്‍ത്തിയ വീട്ടുകാര്‍ പറയുന്നു. എന്തൊക്കെയാണ് പിശകെന്നു പറയാന്‍ ആര്‍ക്കും ധൈര്യം കിട്ടിയിട്ടുമില്ല. ആരാണ് കളിക്കുന്നത്?

ഓരോ ഞായറാഴ്ച്ചകളും കള്ള കഥകള്‍ പ്രചരിപ്പിക്കാനും അതാതു ഇടവകയിലുള്ള പ്രശ്നക്കാരെ വായടപ്പിക്കാനും വേണ്ടി സമര്‍ത്ഥമായി ഉപയോഗിക്കപ്പെടുന്നു. ഓരോ ധ്യാനകേന്ദ്രങ്ങളും വചനം വളച്ചൊടിക്കുന്നു. കത്തോലിക്കാ പ്രസിദ്ധികരണങ്ങളും ഈ ജോലി സ്തുത്യര്‍ഹമായി ചെയ്യുന്നു. നിരവധി നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്. വചനം കേള്‍ക്കാന്‍ വന്നവര്‍ക്ക് വിശന്നപ്പോള്‍ യേശു അവര്‍ക്ക് ആഹാരം കൊടുത്തു, ഒരു ദനാറാ പോലും ആരില്‍ നിന്നെങ്കിലും സംഭാവന സ്വീകരിച്ചതായി വി. ബൈബിള്‍ പറയുന്നില്ല. ഒരാളോടെങ്കിലും കള്ളം പറയുകയോ, സത്യം പറയാതിരിക്കുകയോ യേശു ചെയ്തിട്ടില്ല. ഇവിടെ കള്ളം പറയുകയും അതിനു വിലയും വാങ്ങുന്നത് നാം കാണുന്നു.
  
ഈ അടുത്ത ദിവസം,
 അത്ര സാമ്പത്തിക ഭദ്രതയില്ലാത്ത ഒരു വീട്ടിലെ ഒരു മകന്‍ നല്ല നിലയില്‍ പ്ലസ്സ്റ്റൂ പാസ്സായി. ആ കുട്ടിയെ തുടര്‍ന്ന് എഞ്ചിനീയറിങ്ങിനു വിടുന്നതിനെപ്പറ്റി, എല്ലാ ധ്യാനങ്ങളും പള്ളി പ്രസംഗങ്ങളും കേള്‍ക്കുന്ന ഒരു കത്തോലിക്കാ വീട്ടമ്മ ചോദിച്ചത്, പത്തു ലക്ഷം മുടക്കിയാല്‍ അത് തിരിച്ചു കിട്ടുമെന്ന് എന്താണുറപ്പെന്നാണ്. അവരെ സംബന്ധിച്ചിടത്തോളം ഉറപ്പായിട്ടും കൂടെ നില്‍ക്കുമെന്ന് കരുതാവുന്ന ഒരു ദൈവവുമില്ല, അത്രയും വലിയ ഭാവി ആ കൊച്ചിന് നേടാന്‍ മാത്രം നേര്‍ച്ച കാഴ്ചകള്‍ നല്‍കാനുള്ള ശേഷിയുമില്ല. നാല്‍പ്പത്തഞ്ചു വര്‍ഷങ്ങളിലെ പള്ളി പ്രയോഗങ്ങളില്‍ നിന്നും അവര്‍ക്ക് മനസ്സിലായത്‌ ഇതാണ്. ആരെ പഴിക്കാന്‍?

(സോള്‍ ആന്‍ഡ് വിഷന്‍ മേയ് 2013 ലക്കത്തില്‍ പ്രസിദ്ധികരിച്ച ശ്രീ. ജോസഫ് മറ്റപള്ളിയുടെ സമകാലികപ്രസ്‌ക്തമായ മേല്‍ ലേഖനം അല്‍മായശബ്ദത്തിന്റെ വായനകാരുടെ ശ്രദ്ധയ്ക്ക് ഞങ്ങളിവിടെ പോസ്റ്റു ചെയ്യുന്നു. വായനക്കാരുടെ സൃഷ്ടിപരമായ അഭിപ്രായങ്ങള്‍ സമൂഹ പരിവര്‍ത്തനത്തിന് സഹായകമായിരിക്കും.- ജി. കട്ടിക്കാരന്‍, എഡിറ്റര്‍, സോള്‍ ആന്‍ഡ് വിഷന്‍.))).).)

2 comments:

  1. തോമസ്‌ - മോനിക്കാ ദമ്പതികൾ ഈവണ്ണം ഭീകരമായി കബളിപ്പിക്കപ്പെട്ടു എന്നിനിയും അങ്ങു പൂർണ്ണമായി വിശ്വസിക്കാനാവുന്നില്ല . ഒരു നിശ്ചിത സ്ഥലം രൂപതയ്ക്ക് വിട്ടുകൊടുക്കാൻ ആ വൃദ്ധമാതാവ്‌ സന്നദ്ധയായിരുന്നു . ഭർത്താവിനെ പൂർണ്ണമായും തിരിച്ചു കിട്ടണം എന്ന വ്യഗ്രതയ്ക്കിടയിൽ അവർ മറ്റൊന്നും ആലോചിച്ചു കാണില്ല , കാൽച്ചുവട്ടിൽ മണ്ണൊലിപ്പുണ്ടാകുമെന്നു സ്വപ്നേപി കരുതിയില്ല ... ഹോ .....വിറയൽ വരുന്നു ....വെള്ളക്കുപ്പായത്തിനടിയിൽ ഇത്രയേറെ മാലിന്യങ്ങളുണ്ടോ ? ശ്രീമാൻ അറയ്ക്കനു സ്വന്തം സഹോരനോടു പോലും നീതി പുലർത്താനായില്ല . അയൽക്കാരനെ സ്നേഹിക്കണം എന്നു പഠിപ്പിക്കാൻ ഇദ്ദേഹത്തിനിനിയും ധൈര്യമുണ്ടാകുന്നു എങ്കിൽ ഇതിനെക്കാൾ ജീർണ്ണിച്ച ഒരു നാട് ഈ ഭൂമിയിൽ വേറെയുണ്ടാവില്ല . മാടിനെ അറക്കുന്നതിനെക്കാൾ ദയാരഹിതമാണിത് , ശ്രീ അറയ്ക്കൽ തിരുമേനീ. "അറക്കാൻ അറപ്പു തീർന്നവൻ അറയ്ക്കൻ" എന്ന് വിഗ്രഹിച്ചെഴുതിയാലും തെറ്റില്ല എന്ന് തോന്നുന്നു .

    ReplyDelete
  2. ജിജോയെന്നല്ല സര്‍വ്വ മനുഷ്യരും മോശം എന്ന് പറയുന്ന കാര്യമാണ് കാഞ്ഞിരപ്പള്ളിയില്‍ നടന്നത്. ഒരു പക്ഷെ അടുത്ത കാലത്തു കത്തോലിക്കാ സഭയില്‍ നടന്ന ഏറ്റവും മോശം കഥയെന്നു വേണമെങ്കിലും പറയാം. ഒരു മെത്രാനൊത്ത നിലയില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നു. അതിനനുസരിച്ചു നാണം കെട്ടുകൊണ്ടും ഇരിക്കുന്നു. ദീപിക കേസില്‍ പണവും മാനവും പോയി. ബാക്കിയുണ്ടായിരുന്നത് മോനിക്കായും കൊണ്ടുപോയി.
    ഇതിലും വലിയ കാഞ്ഞിരപ്പള്ളി കഥകള്‍ പുറകെ വരുന്നു. കാത്തിരിക്കുക.

    ReplyDelete