Translate

Friday, May 31, 2013

വിധേയത്വത്തിന്റെ വിശുദ്ധവഴികള്‍

വിധേയത്വനിര്‍മ്മാണത്തില്‍ സഭ വിശുദ്ധരായി പ്രഖ്യാപിക്കുന്നവരുടെ മിത്തുകള്‍ക്കുള്ള പങ്കു വളരെ വലുതാണ്‌. 

അവരുടെ അംഗീകൃത ജീവചരിത്രങ്ങളിലും അവരെക്കുറിച്ചുള്ള പള്ളിപ്രസംഗങ്ങളിലും ഏറ്റവുമധികം ഊന്നല്‍ ലഭിക്കുന്നത്‌ സഭയ്‌ക്ക്‌ അവര്‍ എത്രമാത്രം കീഴ്‌പ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു എന്നതിനാണ്‌. 

12-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ ലിയോണ്‍സില്‍ പീറ്റര്‍ വാല്‍ഡസ്‌(1140 - 1218) എന്നൊരു ധനവാന്‍ യേശുവിനെ അനുകരിച്ച്‌ സമ്പത്തെല്ലാമുപേക്ഷിച്ച്‌ ലളിതജീവിതം നയിക്കാന്‍ തുടങ്ങി. അദ്ദേഹം ഒരു പ്രാദേശികഭാഷയിലേക്കു ബൈബിള്‍ പരിഭാഷപ്പെടുത്തുകയും ദൈവത്തെയും പണത്തെയും ഒരേസമയം പൂജിക്കുന്ന പുരോഹിതന്മാരെ വിമര്‍ശിക്കുകയും ചെയ്‌തു. അദ്ദേഹവും അനുയായികളും ``ലിയോണ്‍സിലെ ദരിദ്രര്‍'' എന്നാണു സ്വയം വിളിച്ചിരുന്നത്‌. പിന്നീടവര്‍ വാല്‍ഡന്‍സിയന്‍സ്‌ എന്നറിയപ്പെടാന്‍ തുടങ്ങി. സഭ ആ സംഘത്തെ മുടക്കുകയും 1211-ല്‍ അവരില്‍ എണ്‍പതിലധികം പേര്‍ സ്‌ട്രാസ്‌ബൂര്‍ഗ്‌ പട്ടണത്തില്‍ വച്ചു ചുട്ടെരിക്കപ്പെടുകയും ചെയ്‌തു.5 
                 
വാല്‍ഡസിനു തൊട്ടുപിന്നാലെ വന്ന ഫ്രാന്‍സിസ്‌ അസ്സീസി(1182 -1226) എന്ന വിശുദ്ധന്റെ ജീവചരിത്രത്തില്‍ വാല്‍ഡസിനെപ്പോലുള്ള പരിഷ്‌ക്കര്‍ത്താക്കളെ അധിക്ഷേപിച്ചുകൊണ്ടുള്ള ധാരാളം പരാമര്‍ശങ്ങള്‍ കാണാം.

ഇതാണു രാക്ഷസീയമായ ഒരു അപരത്തെ നിര്‍മ്മിച്ചെടുത്ത്‌ ആ ഉമ്മാക്കി കാട്ടി കൂടെയൂള്ളവരില്‍ ഭീതിയും വിധേയത്വവും ജനിപ്പിക്കുന്ന ഫാസിസ്റ്റ്‌ തന്ത്രം. ഫ്രാന്‍സിസ്‌ അസ്സീസിയെ വാല്‍ഡസിന്റെ പിന്‍ഗാമിയെന്നു ന്യായമായും വിളിക്കാം. ധനികപുത്രനായിരുന്ന അദ്ദേഹവും വാല്‍ഡസിനെപോലെ സ്വയം നിസ്വനായി ലളിതജീവിതം തിരഞ്ഞെടുത്തു. തന്റെ ചെറുസംഘത്തിനു ``നിസ്സാരന്മാരുടെ സഭ'' എന്നു നാമകരണവും ചെയ്‌തു. 

വാല്‍ഡസിനെ മുടക്കിയ പോപ്പ്‌ ഇന്നസ്‌ന്റ്‌ മൂന്നാമന്റെയടുത്ത്‌ തന്റെ സംഘത്തന്‌ അംഗീകാരത്തിനായി ഫ്രാന്‍സിസ്‌ ചെന്നപ്പോള്‍ ``നീ പോയി പന്നികളോടു സുവിശേഷം പ്രസംഗിച്ചുകൊള്ളുക'' എന്നായിരുന്നു പോപ്പിന്റെ പരിഹാസം നിറഞ്ഞ പ്രതികരണം. അതൊരു കല്‍പനയായി ഏറ്റെടുത്ത്‌ ഫ്രാന്‍സിസ്‌ ഒരു പന്നിക്കൂട്ടത്തോടുതന്നെ വചനം പ്രസംഗിച്ചു എന്നാണ്‌ ജീവചരിത്രകാരന്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. തുടര്‍ന്നു സംഘത്തിന്‌ അംഗീകാരവും ഫ്രാന്‍സിസിനു വൈദികപട്ടവും കിട്ടി.                     

അദ്ദേഹം അവസാനംവരെ പുരോഹിതമേധാവികളോടു തികഞ്ഞ വിധേയത്വം പുലര്‍ത്തിയിരുന്നു. ദൂര്‍മ്മാര്‍ഗ്ഗിയായ ഒരു പുരോഹിതന്റെ കൈ വിശുദ്ധന്‍ പരസ്യമായി ചുമ്പിച്ചെന്നു വായിക്കുന്ന വിശ്വാസിക്കു പകര്‍ന്നുകിട്ടുന്ന സന്ദേശമെന്തെന്ന്‌ ഊഹിക്കാമല്ലോ. വിശുദ്ധ ഫ്രാന്‍സിസിനെ പോലുള്ളവരുടെ ജീവിതത്തില്‍ നിന്ന്‌ അന്ധമായ അനുസരണത്തിന്റെയും വിധേയത്വത്തിന്റെയും പാഠങ്ങളാണ്‌ വിശ്വാസികള്‍ക്കു സഭ പകര്‍ന്നുകൊടുക്കുന്നത്‌. ഇവ രണ്ടിന്റെയും പേരിലാണല്ലോ വി. അല്‍ഫോന്‍സാമ്മ പ്രകീര്‍ത്തിക്കപ്പെടുന്നതും. 

19-ാം നൂറ്റാണ്ടില്‍ കേരളത്തില്‍ നിന്നുമുണ്ടായി വി. ഫ്രാന്‍സിസിനൊരു അനുയായി - കുട്ടനാടുകാരനായ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍. അദ്ദേഹം തുടക്കംകുറിച്ച ``കയറുകെട്ടിയവരുടെ സഭ''യാണിന്നു കേരളത്തില്‍ അല്‍മായ മൂന്നാം സഭയെന്ന്‌ അറിയപ്പെടുന്ന ഭക്തസംഘടന. വാല്‍ഡസിനെപോലെ അദ്ദേഹവും സഭാവിലക്കനുഭവിച്ചെങ്കിലും സ്വയം കീഴടങ്ങി രക്ഷപ്പെട്ടു. 

അയിത്തജാതിക്കാരോടു സഹവസിച്ചിരുന്ന അദ്ദേഹത്തെ ഒരു നായര്‍സ്‌ത്രീ അപമാനിച്ചതിന്റെ വിവരണം ജീവചരിത്രത്തിലുണ്ട്‌. അതില്‍നിന്നൊട്ടും ഭിന്നമായിരുന്നില്ല പുരോഹിതന്മാരില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങളും. ഒരു പള്ളിയോഗത്തില്‍ താമസിച്ചെത്തിയ അദ്ദേഹത്തോടു വികാരിയച്ചന്‍ കല്‍പിച്ചത്‌ ഓരോ അംഗത്തിന്റെയും മുന്നില്‍ മുട്ടുകുത്തി മാപ്പിരക്കാനാണ്‌. അതദ്ദേഹം അതേപടി അനുസരിക്കുകയും ചെയ്‌തു. 7 
                      
ഈവക മിത്തുകളുടെയെല്ലാം വിധേയത്വനിര്‍മ്മാണശേഷി കുറച്ചൊന്നുമല്ല. തൊമ്മച്ചനെയും വിശുദ്ധനാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നു. മറിയക്കുട്ടിക്കൊലക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഫാദര്‍ ബെനഡിക്ടിനെ സഹനദാസനെന്നു വിശേഷിപ്പിക്കുന്ന ഒരു ബോര്‍ഡ്‌ അതിരമ്പുഴപ്പള്ളിയുടെ മുറ്റത്തുകാണാം. 

5. Ellwood, Robert S. and Gregory D. Alles, eds. The Encyclopedia of World Religions, p. 471. Infobase Publishing, New York: 2007
6. ഫാ. ലിയോ കപ്പൂച്ചിന്‍, അസ്സീസിയിലെ വി. ഫ്രാന്‍സിസ്‌, ജീവന്‍ ബുക്‌സ്‌, ഭരണങ്ങാനം, 2006
7. പ്രൊഫ. ജെയിംസ്‌ സെബാസ്റ്റ്യന്‍, സുവിശേഷ ഭാഗ്യങ്ങളുടെ മനുഷ്യന്‍, ഫ്രാന്‍സിസ്‌കന്‍ അല്‍മായ സഭ, ചങ്ങനാശ്ശേരി, 2010

(വിധേയത്വത്തിന്റെ നിര്‍മ്മാണവിദ്യകള്‍ എന്ന പേരില്‍ 2012 ഓഗസ്റ്റ്‌ ലക്കം പച്ചക്കുതിരയില്‍ വന്ന ലേഖനത്തില്‍ നിന്ന്‌))  

4 comments:

  1. ഫ്രാൻസിസ് അസ്സീസി ഒരിക്കലും വൈദികപട്ടം സ്വീകരിച്ചില്ല. മറിച്ചുള്ള പരാമർശം തെറ്റാണ്.

    ReplyDelete
  2. ഭാരതത്തിൽ ജന്മശ്രേണികളെ പടുത്തെടുത്ത ബ്രാഹ്മണരെപോലെ, സഭയിൽ അധികാര- ബഹുമാന പടവുകളുടെ ഏണികൾ നിര്മ്മിച്ച പുരോഹിതർ ആണ് സഭയിലെ ഫാസിസത്തിന്റെ നിർമാതാക്കൾ. ബ്രാഹ്മണ്യത്തിൽ മനുവിനുണ്ടായിരുന്ന സ്ഥാനമാണ് സഭയിൽ പോപ്പിന് ഇതുവരെ ഉണ്ടായിരുന്നത്. മനുവായിരുന്നു ഏറ്റവും വലിയ ഫാസിസ്റ്റ്. അയാൾ ഫ്രെഡാറിക് നീറ്റ്ഷെയുടെ ആദർശപുരുഷനും നീറ്റ്ഷെ ഹിറ്റ്ലരുടെ ഗുരുവും ആയിരുന്നു. വിശുദ്ധിയെ വിധേയത്വവുമായി ബന്ധപ്പെടുത്തിയാൽ പുരോഹിതഫാസിസത്തിന് വളരാൻ വഴി തെളിഞ്ഞു കിട്ടും.

    വിധേയത്വത്തിന് വേറൊരു വശവുമുണ്ട്. ഓരോ മനുഷ്യനും ഓരോ നിമിഷവും അന്യരുടെ ശ്രദ്ധ നേടാനുള്ള വഴികൾ തേടുന്നുണ്ട്, അറിയാതെ തന്നെ. സവിശേഷ ഡ്രെസ്സും മേയ്ക്കപും സൗഹൃദമായ പെരുമാറ്റവുമൊക്കെ അതിനുള്ള സൂത്രങ്ങളാകാം. ഇതും ഒരു തരം യാചനയാണ് - എന്നെ ഒന്ന് നോക്കണേ എന്ന്. അതും വിധേയത്വമാണ്. എല്ലാ വിധേയത്വവും സ്വാതന്ത്ര്യത്തിന്റെ നഷ്ടമാണ്. മേലാളരെന്നു നടിച്ചുകഴിയുന്നവരിൽ അധികവും വാസ്തവത്തിൽ ഇത്തരം അടിമകളാണ്.

    ReplyDelete
  3. സഭയ്‌ക്ക്‌ കീഴ്‌പ്പെട്ടു ജീവിക്കുന്നവരെ മാത്രമേ സഭ വിശുദ്ധഗണത്തിൽ ഉൾപ്പെടുത്തുകയുള്ളൂ. ഫ്രാൻസീസ് അസ്സീസ്സിയും പീറ്റര്‍ വാല്‍ഡസും പരസ്പര ധൃവങ്ങളിലായിരുന്നു സഞ്ചിരിച്ചത്. ഫ്രാൻസീസ് സ്വയം നിർധനജീവിതം തെരഞ്ഞെടുത്തെങ്കിലും ആഡംബര പ്രിയനായ അന്നത്തെ മാർപാപ്പായെയോ ബാബിലോണിയൻ വിശ്വാസസംഹിത സ്വീകരിച്ച കത്തോലിക്കാ സഭയെയോ വിമർശിച്ചിട്ടില്ല.

    മാർട്ടിൻ ലൂതറും സഭയെ എതിർത്തത് പീറ്റര്‍ വാല്‍ഡസിൻറെ അതെ തത്വങ്ങളിൽ തന്നെയായിരുന്നു. പീറ്റർ വാൽഡൊ സ്വയം ദരിദ്രനായി വേദം പ്രസംഗിച്ചെങ്കിലും അയാളുടെ സ്വത്തുക്കൾ മുഴുവൻ കൊടുത്തത് ഭാര്യക്കും മക്കൾക്കും ആയിരുന്നു. മക്കളെ അയാൾ കന്യാസ്ത്രികളുടെ സംരക്ഷണയിൽ ഏൽപ്പിച്ച് വിദ്യാഭ്യാസം നല്കിയിരുന്നു. മറ്റുള്ളവരെ ദാരിദ്ര്യം പഠിപ്പിച്ചതല്ലാതെ ഇയാളെങ്ങനെ ദരിദ്രനാകുമെന്ന ന്യായവും മനസിലാകുന്നില്ല.

    ഫ്രാൻസീസ് അസ്സീസ്സി ദരിദ്രനായശേഷം സ്വന്തം കുടുംബമായി ബന്ധം സ്ഥാപിച്ചതായി അറിവില്ല. അസ്സീസ്സി പ്രകൃതിയെ സ്നേഹിച്ച ഒരു ദിവ്യനായിരുന്നു. മനുഷ്യരെപ്പോലെ പക്ഷി മൃഗാദികളും അദ്ദേഹത്തിന്റെ തോഴരായിരുന്നു. പ്രകൃതിയെയും മൃഗങ്ങളെയും പക്ഷികളെയും സ്നേഹിക്കുന്ന ചരിത്രമൊന്നും ഫ്രാൻസീസിനെപ്പോലെ പീറ്റർ വാല്ഡോമിൽ പഠിക്കുവാൻ സാധിക്കുന്നില്ല.

    പുതിയ നിയമത്തിലെ സ്വത്തുക്കളിൽ ഒരു ഭാഗം സ്വയം ആവശ്യത്തിനെടുത്ത് പീറ്ററിന് മുമ്പിൽ വന്നെത്തുന്ന അനനിയാസിനെപ്പോലെ ഈ ദരിദ്രനെ കാണുമ്പോൾ തോന്നിപ്പോവുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഉണ്ടായ ചരിത്രത്തിൽ എത്രമാത്രം മായം ഉണ്ടെന്നും പഠിക്കുവാൻ പ്രയാസമാണ്.

    ഇദ്ദേഹത്തിന്റെ അനുയായികളായവരെ അനേകംപേരെ സഭ കൊന്നൊടുക്കിയിട്ടുണ്ട്. പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളിൽ അവർ തെക്കേ ഇറ്റലിയുടെ പർവത പ്രദ്ദേശങ്ങളിൽ ഒളിച്ചു താമസിച്ച് വേദങ്ങൾ പ്രസംഗിച്ചിരുന്നു. സഭയുടെ തത്ത്വങ്ങൾ പൊരുത്തപ്പെട്ടില്ലെങ്കിൽ മൃഗീയമായ അധികാരശക്തി സഭയ്ക്കും മാർപാപ്പാക്കും അക്കാലത്തുണ്ടായിരുന്നു.

    ലൂയീസ് മൂന്നാമൻ മാർപാപ്പാ പീറ്റര്‍ വാല്‍ഡസിനെ മഹറോൻ ചൊല്ലി. കുർബാനയിലെ അപ്പത്തിൽ യേശുവായി രൂപാന്തരികരണം ഉണ്ടാകുമെന്ന സഭയുടെ കാതലായ നിയമത്തെ അദ്ദേഹം എതിർത്തു. കുഞ്ഞുങ്ങൾക്ക്‌ നല്കുന്ന മാമ്മോദീസ, ശുദ്ധീകരണ സ്ഥലം എന്നെല്ലാം തെറ്റായ വിശ്വാസമെന്ന് സഭയെ തിരുത്തുവാൻ ശ്രമിച്ചു. 1215ലെ നാലാം ലാറ്റരൻ കൌണ്‍സിൽ അദ്ദേഹത്തെ സഭാവിരോധിയായി വിധി എഴുതി. പതിനാലാം നൂറ്റാണ്ടുവരെ ഒളിവിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ അനുയായികൾ മാർട്ടിൻ ലൂതറിന്റെ നവീകരണ സഭകളിൽ പിന്നീട് ലയിക്കുകയായിരുന്നു.

    പരസ്പര വിരുദ്ധങ്ങളായ ആശയങ്ങൾ സൂക്ഷിച്ചിരുന്ന അസ്സീസിയും വല്ഡസും ഏറ്റുമുട്ടിയെങ്കിൽ അത് സ്വാഭാവികമാണ്. യുക്തിയില്ലാത്തെ സ്വർഗവും നരകവും വിശ്വസിക്കാമെങ്കിൽ ശുദ്ധീകരണസ്ഥലവും അത്തരക്കാർക്കുള്ളതാണ്. പണമുണ്ടാക്കുവാൻ മൂന്നമോതൊരു ലോകവുംകൂടി ആരുടെയോ കുബുദ്ധിയിൽ സ്ഥാനം പിടിച്ചു. അതുമൂലം കൊയ്ത നവരത്നങ്ങൾക്കു കണക്കില്ല. ശുദ്ധീകരണസ്ഥലം വിറ്റ് വത്തിക്കാൻ കൊട്ടാരംതന്നെ പണിതു. യേശുവിനെ തഴഞ്ഞ് ബൈബളിനെ ദൈവമാക്കി ലോകം തന്നെ ഭ്രാന്താലയം ആക്കിയവരും വചനപ്രിയന്മാരാണ്. ശൈശവത്തിലെ മാമ്മൊദീസ്സ, ഉദരത്തിലെ മാമ്മൊദീസ്സ, മുതുക്കനായുള്ള മാമൊദീസ്സ എന്നൊക്കെ അക്ഷരംപ്രതി വചനമായുള്ള പടയും യുദ്ധങ്ങളും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പരിശുദ്ധാത്മാവ്‌ വരുന്നതും കാലവും സമയവും നോക്കിയെന്ന പാസ്റ്ററുടെ പരിഹാസവും ചന്തക്കവലകളിൽ കേൾക്കാം. ലോകം മുഴുവൻ വചനമയമായിരുന്നുവെങ്കിൽ നമ്മുടെ ലോകം പരന്നിരിക്കുമായിരുന്നു.സ്ത്രീകളെ തഴഞ്ഞുകൊണ്ടുള്ള സോക്രട്ടീസ്, മനു, പോൾ, മാർട്ടിൻ ലൂതർ തത്ത്വങ്ങൾ ലോകത്തു നടപ്പിലാക്കുമായിരുന്നു.

    ReplyDelete
  4. കത്തോലിക്ക സഭ ശീശ്മകളായി ശപിച്ചു തള്ളുകയും അവയുടെ ജനയിതാക്കളെ നശിപ്പിക്കുകയും ചെയ്ത പലതും സത്യമോ സഭയുടെ കാഴ്ച്ചപ്പാടിനെക്കാൾ സത്യത്തോട് ടുത്തതോ ആയിരുന്നു. ആദ്യകാലം മുതലുള്ള 'ശീശ്മകളെ' പുനരവലോകനം ചെയ്തു നിഷ്പക്ഷ നിലപാടെടുക്കാൻ സഭ എന്നെങ്കിലും ധൈര്യം കാണിക്കുമോ?

    ReplyDelete