Translate

Friday, October 24, 2014

സാത്താന്‍ എഴുതിച്ചതല്ല !

ചുവടെ കൊടുക്കുന്ന ഭാഗം ഈയുള്ളവനെക്കൊണ്ട് സാത്താന്‍ എഴുതിച്ചതല്ല. ഒരു മലയാളി കത്തോലിക്കന്‍റെ അതിവിശുദ്ധ പുസ്തകമായ പി.ഒ.സി. പ്രസിദ്ധീകരിച്ച, “കത്തോലിക്കാ സഭയുടെ മതബോധനഗ്രഥത്തില്‍ നിന്നുള്ള ഉദ്ധരണിയാണ് (പുറം 233) എന്ന് മുന്‍കൂറായി പറഞ്ഞുകൊള്ളുന്നു.
വി. പത്രോസിന്റെ പിന്‍ഗാമിയും റോമാമെത്രാനുമായ മാര്‍പാപ്പ മെത്രാന്‍മാരുടെയും വിശ്വാസികളുടെ കൂട്ടം മുഴുവന്‍റെയും ഐക്യത്തിന്‍റെ ശാശ്വതവും ദൃശ്യവുമായ ഉറവിടവും അടിസ്ഥാനവുമാണ്. എന്തുകൊണ്ടെന്നാല്‍ റോമിലെ മാര്പാപ്പയ്ക്ക് ക്രിസ്തുവിന്‍റെ വികാരി എന്ന നിലയിലും സഭ മുഴുവന്‍റെയും അജപാലകന്‍ എന്ന നിലയിലും ഉള്ള അധികാരം മൂലം സഭ മുഴുവന്‍റെയുംമേല്‍ എപ്പോഴും സ്വതന്ത്രമായി വിനിയോഗിക്കാന്‍ കഴിയുന്ന പൂര്‍ണ്ണവും പരമോന്നതവും സാര്‍വത്രികവുമായ അധികാരമുണ്ട്‌.
മെത്രാന്മാരുടെ സംഘം അഥവാ സമിതി അതിന്‍റെ തലവനും പത്രോസിന്‍റെ പിന്‍ഗാമിയുമായ റോമാ മാര്പാപ്പയോട് ഐക്യത്തില്‍ വര്ത്തിക്കുന്നില്ലെങ്കില്‍ അതിന് ഒരധികാരവുമുണ്ടായിരിക്കയില്ല. ഈ സംഘത്തിന് അതില്‍ത്തന്നെ സാര്‍വത്രിക സഭയുടെമേല്‍ പരമവും പരിപൂര്‍ണ്ണവുമായ അധികാരം ഉണ്ട്. പക്ഷെ, റോമാ മാര്പാപ്പയുടെ സമ്മതം കൂടാതെ ആ അധികാരം വിനിയോഗിക്കാന്‍ സാധ്യമല്ല.
മെത്രാന്‍സംഘം സാര്‍വത്രിക സൂനഹദോസില്‍ സാര്‍വത്രിക സഭയുടെമേല്‍ സാഘോഷമായി അധികാരം വിനിയോഗിക്കുന്നു. പക്ഷെ പത്രോസിന്‍റെ പിന്‍ഗാമി സ്ഥിരീകരിക്കുകയോ അംഗീകരിക്കുകയെങ്കിലുമോ ചെയ്യാതെ സാര്‍വത്രിക സൂനഹദോസ് ഒരിക്കലും ഉണ്ടാവുകയില്ല.
ഇതാണ് സഭ വിശ്വാസികളെ പഠിപ്പിക്കുന്നത്‌. പരിശുദ്ധസിംഹാസനത്തിന്‍റെ അപ്രമാദിത്വം, തെറ്റാവരം, കുന്തം, കുടച്ചക്രം.
പക്ഷെ, തങ്ങള്‍ക്കിഷ്ടപ്പെടാത്തത് പോപ്പാണെങ്കിലും കോപ്പാണെങ്കിലും തിരുമേനിമാര്‍ അനുസരിക്കുകയില്ല.
എന്നാണു ബിബിസി റിപ്പോര്‍ട്ടില്‍ നിന്നും (ലിങ്ക് ചുവടെ) മനസിലാക്കേണ്ടത്.
അങ്ങിനെയാണെങ്കില്‍, നമ്മുടെ ആലഞ്ചേരിയും കൂട്ടരും, പരിശുദ്ധസിംഹാസനത്തെ അനുസരിച്ചില്ല എന്ന ഒറ്റ കാരണത്താല്‍ കത്തോലിക്കന്‍ അല്ലാതായില്ലേ? ഇനിയും ഒരു കടുത്ത വിശ്വാസി അത്തരക്കാരെ അംഗീകരിക്കാമോ?
ചിന്തിക്കുക....

അലക്സ് കണിയാംപറമ്പില്‍ (posted from Facebook)

3 comments:

  1. 1.സർവ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവുമായ ഏക ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു.
    2. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു.
    3 . ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി,
    4. കന്യകാമറിയത്തിൽനിന്ന് പിറന്ന്,
    5. പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിന്മേൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്,
    6. പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽനിന്ന് മൂന്നാം നാൾ ഉയിർത്ത്
    7. സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി സർവ്വശക്തനായ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുന്നു.
    8. അവിടെ നിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു.
    9. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു.
    10. വിശുദ്ധവും സാർവ്വത്രികവുമായ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും,
    11. പാപങ്ങളുടെ മോചനത്തിലും,
    12. ശരീരത്തിന്റെ ഉയർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു.

    കത്തോലിക്കാ സഭയുടെ അടിസ്ഥാന വിശ്വാസങ്ങളെപ്പോലും അംഗീകരിക്കാൻ ഇന്ന് സുബോധമുള്ള ഒരാൾക്ക്‌ സാധ്യമല്ല. മുകളിൽ കൊടുത്തിരിക്കുന്ന സഭയുടെ Creed അല്ലെങ്കിൽ വിശ്വാസപ്രമാണം എന്നും പള്ളിയിലും വീടുകളിലും വിശ്വാസികൾ ഉരുവിടുന്നതാണ്. ഒന്നും ചിന്തിക്കാതെ, വെറുതേ യാന്ത്രികമായി. കാരണം, അതിൽ പറഞ്ഞിരിക്കുന്ന പന്ത്രണ്ടു കാര്യങ്ങളിൽ 'ഏക ദൈവത്തിൽ വിശ്വസിക്കുന്നു' എന്ന ആദ്യത്തെ ഒരു കാര്യത്തിലൊഴിച്ചു മറ്റൊന്നിലും ഈ യുഗത്തിൽ ജീവിക്കുന്ന, അല്പമെങ്കിലും ചിന്തിക്കുന്ന ഒരു മനുഷ്യനും വിശ്വാസമർപ്പിക്കാൻ പറ്റില്ല. അതായത്, തെളിഞ്ഞ ഭാഷയിൽ, അവയൊക്കെ വെറും അന്ധവിശ്വാസങ്ങൾ മാത്രമാണ്. അപ്പോൾ സഭയുടെ തന്നെ അടിസ്ഥാനം ഇല്ലാതാകുന്നു. പിന്നെന്തു കുന്തം, കൊടചക്രം?

    അതുപോലെ തന്നെ സഭക്ക് ആധാരമായ ബൈബിൾ. അതിലെ മുക്കാലിൽ കൂടുതൽ വരികൾ authentic അല്ല, യേശുവിൻറെ തനി വാക്കുകൾ അതിൽ കൂടിവന്നാൽ അര ഡസൻ കാണും എന്നാണ് പണ്ഡിതരുടെ മതം. ചരിത്രപരയായ സാധുതയുള്ളത് വളരെക്കുറച്ചും. ബാക്കിയൊക്കെ ഒരു നോവൽപോലെ കലാകാരന്മാർ സങ്കല്പിച്ചെഴുതിയതാണ്. അതുതന്നെ ഓരോ കാലത്തെ തോന്നലനുസരിച്ച്, ആവശ്യാനുസരണം ഓരോരുത്തർ മാറ്റിയും മറിച്ചും തിരുത്തിക്കൊണ്ടിരുന്നു. അതൊക്കെയെങ്ങനെ ദൈവവചനമാകും? അപ്പോൾ പിന്നെ സഭക്ക് ആധാരമാകാൻ അതിൽ എന്താണ് ബാക്കിയുള്ളത്? എല്ലാം വെറും അധികാരക്കളികൾ, വെട്ടിപ്പിടുത്തം. കുന്തം, കൊടചക്രം, അത്രതന്നെ!

    ഇതും ഈയുള്ളവനെക്കൊണ്ട് സാത്താന്‍ എഴുതിച്ചതല്ല. കാരണം, സാത്താൻ എന്നൊരു വസ്തു പേടിത്തൊണ്ടന്മാരുടെ സൃഷ്ടി മാത്രമാണ്.

    ReplyDelete
  2. സക്കരിയാചായാ ,ഉമ്മ ! ആ പൊന്നു കൈകല്ക്കാവിരൾക്കൂട്ടിനു ഒരു പൊന്നുമ്മ!! ജനമേ .ഇതിലെ ഇതിലെ... ഈ വഴി ചിന്തിക്കൂ നിങ്ങള്ക്കും സത്യം കണ്ടെത്താം സ്വമനസുകളിൽത്തന്നെ ! സാത്താനെ വിട ;സാത്താൻ വേഷധാരികളെ വിട ;ഏദനിലെ പാതിരിപ്പാമ്പേ വിട!!

    ReplyDelete
  3. https://www.youtube.com/watch?v=dDgoNlOn-hk

    Watch the above vidieo click in the link if you are brave and do not believe in satan

    ReplyDelete