Translate

Tuesday, October 7, 2014

വരൂ സഹജരെ...വരൂ!

അത്മായശബ്ദത്തിന് വ്യക്തമായ ഒരു ലക്ഷ്യമുണ്ട്, അതിനു ചേര്‍ന്ന ദിശാബോധത്തോടെ അത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കേരള കത്തോലിക്കാ സഭ തെറ്റായ ദിശയിലേക്കാണ് പോകുന്നതെന്ന് മനസ്സിലാക്കിയ കത്തോലിക്കര്‍ തന്നെയാണ് ഈ ബ്ലോഗ്ഗില്‍ എഴുതുന്നത്‌. സമൂലമായ ഒരു പുനര്‍ ചിന്തനത്തിന് പ്രേരകമായ പ്രസക്തമായ ലേഖനങ്ങളും വാര്‍ത്തകളും മാത്രമാണ് ഇതില്‍ പ്രത്യക്ഷപ്പെടുന്നതും.

സഭക്ക് തെറ്റുപറ്റിയിട്ടില്ലെന്നു വാദിക്കുന്ന അനേകരുണ്ട്. അടുത്ത കാലത്തുണ്ടായ ഒരൊറ്റ സംഭവം എടുത്താല്‍ മതി ആരാണ് ശരിയെന്നറിയാന്‍. ഇടുക്കിയില്‍ കേരള വനം വകുപ്പു മന്ത്രി ശ്രി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ വാഹനം ശ്രി. ജോയിസ് ജോര്‍ജ്ജ് MP തടഞ്ഞുവെന്നതും, ജോയിസ് ജോര്‍ജ്ജിന്‍റെ പേരില്‍ കേസുമായി പൊലീസ് മുന്നോട്ടു പോകുന്നുവെന്നതും കേരളം വായിച്ച വാത്തകള്‍. ഇന്ന് ശ്രി. തിരുവഞ്ചൂരിന്‍റെ പ്രസ്താവന ചാനലുകളില്‍ വന്നു, MP യുടെ പേരില്‍ കേസ് എടുക്കുന്നതില്‍ അദ്ദേഹത്തിന് താത്‌പര്യമില്ലായെന്ന് അറിയിച്ചുകൊണ്ട്‌. ശ്രി. ജോയിസ് ജോര്‍ജ്ജിന്‍റെ മാനസികാവസ്ഥ മാറ്റാന്‍ പര്യാപ്തമായ നടപടികളാണ് വേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇടുക്കിയിലെ അരമനക്ക് നേരെ പടക്കം എറിഞ്ഞ ആളിനെയും, ചങ്ങനാശ്ശേരിയില്‍ വൈദികനെ മര്‍ദ്ദിച്ചവരെയും മാതൃകാപരമായി ശിക്ഷിച്ചേ ഒക്കൂവെന്നാണ് സഭാധികാരികള്‍ പറഞ്ഞതെന്ന് ഓര്‍ക്കുക, അല്ലാതെ അവരുടെ മാനസികാവസ്ഥ മാറ്റിയതുകൊണ്ട് ആരെങ്കിലും തൃപ്തരാകുമെന്നല്ല.

സി. റാണി മരിയായുടെ ഘാതകരോട് ക്ഷമിക്കാന്‍ അവരുടെ ബന്ധുക്കള്‍ക്ക് കഴിഞ്ഞതും, ഭര്‍ത്താവിനെയും മക്കളെയും ചുട്ടു കൊന്ന അക്രമികളോട് നിരുപാധികം ക്ഷമിക്കാന്‍ ഒരു ക്രൈസ്തവ വനിതക്ക് കഴിഞ്ഞതുമൊക്കെ ഓരോ ക്രിസ്ത്യാനിയെയും ആവേശം കൊള്ളിക്കുമ്പോള്‍, കേരളത്തിലെ പാരമ്പര്യ സഭക്ക് അറിയാവുന്ന ഏക ഭാഷ പകയുടെയും പ്രതികാരത്തിന്‍റെയും അടിച്ചമര്‍ത്തലിന്‍റെയും ആണെന്ന് ആരെങ്കിലും പ്രത്യേകം പറയേണ്ടതുണ്ടോ? ഒരു സദ്മാതൃകക്ക് പത്തു ദുര്മാതൃക എന്ന തോതിലാണ് നമ്മുടെ മുന്നേറ്റം. പാളം തെറ്റിയാണ് നമ്മുടെ സഞ്ചാരമെന്നതിന് വേറെ തെളിവെന്തിന്?

എല്ലാ ധ്യാന പ്രസംഗങ്ങളിലും കേള്‍ക്കാം ഒറ്റപ്പെട്ട സംഭവങ്ങള്‍ ദയവായി പര്‍വ്വതീകരിക്കരുതെന്ന്. ഒറ്റപ്പെട്ട സംഭവങ്ങള്‍ എല്ലാം കൂടി എടുത്താല്‍ ഒത്തിരി വരും, ഒരു മലയോളം തന്നെ. ഒറ്റപ്പെട്ട സംഭവങ്ങള്‍ എല്ലാം കൂടി ചേര്‍ന്നപ്പോഴാണ് കേരളത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് ഇന്ത്യയിലെ ഏറ്റവും കൂടുതലായ 502 പോയിന്റില്‍ എത്തിയത്. ഒറ്റക്കും കൂട്ടായും തെറ്റിനെതിരെ പ്രതികരിക്കാതിരിക്കുന്നത് ദൈവം പോലും പൊറുക്കാത്ത തെറ്റായിരിക്കാനേ ഇടയുള്ളൂ. ഒറ്റപ്പെട്ടതാണോ എന്ന് നോക്കിയല്ല യേശു പലതിനെപ്പറ്റിയും അഭിപ്രായം പറഞ്ഞത്.

ലോകമാസകലമുള്ള സിറോ മലബാര്‍ സഭയിലെ എല്ലാ വിഭാഗത്തില്‍ പെട്ട ആളുകളും അത്മായാശബ്ദം വായിക്കുന്നുണ്ട്. അത്മായാ ശബ്ദത്തിന് പിന്തുണ പ്രഖ്യാപിച്ച് എഴുതാറുമുണ്ട്. ഇത് അവകാശ വാദമല്ല, അത്മായാ ശബ്ദത്തിന്‍റെ സന്ദര്‍ശക ഡയറി ആര്‍ക്കും കാണാവുന്നതേയുള്ളൂ. അടുത്ത കാലങ്ങളില്‍ വായനക്കാരുടെ എണ്ണത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അഭൂതപൂര്‍വ്വമായ വര്‍ദ്ധന  ഇതിന്‍റെ പ്രവര്‍ത്തകരെയും അഭ്യുദയകാംഷികളെയും സന്തോഷിപ്പിക്കുന്നു. ഈ ബ്ലോഗ്ഗ്, ശബ്ദിക്കാന്‍ അനുവാദമില്ലാത്തവരുടെ ശബ്ദമാണ്, അല്ലാതെ ഭീരുക്കളുടെ മാളമല്ല. സഭയെ കുറ്റപ്പെടുത്തിക്കൊണ്ടോ അനുകൂലിച്ചുകൊണ്ടോ പ്രത്യക്ഷപ്പെടുന്ന ഈ ബ്ലോഗ്ഗിലെ ഏതു പോസ്ടിനെപ്പറ്റിയും അഭിപ്രായം എഴുതാന്‍ വായനക്കാര്‍ക്ക് കഴിയും, വ്യവസ്ഥകള്‍ ഇത്ര മാത്രം – സ്വന്തം പേരില്‍, മാന്യമായ ഭാഷയില്‍ വസ്തുനിഷ്ടമായി കാര്യകാരണ സഹിതം  വസ്തുതകള്‍ പറയുക. അത്തരം അഭിപ്രായങ്ങളും ലേഖനങ്ങളും ഒരു തിരുത്തും കൂടാതെ മണിക്കൂറുകള്‍ക്കുള്ളില്‍ അത്മായ ശബ്ദത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുമെന്ന് ഉറപ്പു തരുന്നു. വായനക്കാര്‍ക്ക് അറിയേണ്ടത് സത്യമാണ്, സത്യം മാത്രം.

അത്മായാ ശബ്ദത്തിന്‍റെ വിമര്‍ശകര്‍ കൂടുതലും പറയുന്ന ഒരു കാര്യമുണ്ട്, സഭയെ ചെളിവാരിയെറിയുകയല്ലേ, ഇത് ചെയ്യുന്നതെന്ന്. ഇങ്ങിനെ പറയുന്നവര്‍ സഭയെന്നു പറയുന്നത് പിതാക്കന്മാരും അഭിഷിക്തരും മാത്രമാണെന്നാവാം ചിന്തിക്കുന്നത്. പക്ഷെ, അത്മായ ശബ്ദത്തിന്‍റെ പ്രവര്‍ത്തകര്‍ സഭയുടെ അനിഷേദ്ധ്യ ഘടകങ്ങളാണ് തങ്ങളെന്ന ഉത്തമ ബോദ്ധ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഓര്‍മ്മിപ്പിക്കട്ടെ. ഒപ്പമുള്ളത്, ഒരിക്കലും ബലിപീഠം ചുംബിച്ചിട്ടില്ലാത്ത ശുംഭന്‍മാര്‍ മാത്രമാണെന്നും ആരും ധരിക്കരുത്. അത്മായാശബ്ദം ചൂണ്ടിക്കാണിക്കുന്നത് കാണാമറയത്ത് നടക്കുന്ന അതിക്രമങ്ങളാണ്; ആവശ്യപ്പെടുന്നത്, പാരമ്പര്യത്തിലൂടെ നേടിയ മഹിമകളല്ല, പകരം യേശു പാടിയ സ്നേഹത്തിന്‍റെ ശീലുകളാണ്. ഓരോ ദിവസവും ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ ധര്‍മ്മ യുദ്ധത്തില്‍ പങ്കു ചേരാന്‍ എല്ലാവരെയും ഞങ്ങള്‍ ക്ഷണിക്കുന്നു – ആത്മാര്‍ഥമായി. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ദയവായി എഴുതുക:  almayasabdam@gmail.com.


അഡ്മിനിസ്ട്രെറ്റര്‍

4 comments:

  1. സഭയോടോത്ത് ചിന്തിക്കുക, പ്രവർത്തിക്കുക എന്ന പ്രബോധനത്തിൽ അടിസ്ഥാനപരമായി പ്രോത്സാഹിപ്പിക്കപ്പെടുന്നത് സ്വാർത്ഥത തന്നെയാണ്. അതിൽ ഏതെങ്കിലും തരത്തിൽ കാര്യലബ്ധിയുള്ള വിശ്വാസികളാണ് സഭയെ വിമർശിക്കുന്നവരോട് നീരസമുള്ളവരിൽ ഭൂരിഭാഗവും. പണമുള്ളവന് സമൂഹത്തിൽ പൊതുവായി ലഭിക്കുന്ന അംഗീകാരം സഭയിലും മറ്റൊന്നല്ലാത്തതുകൊണ്ട് ഒരു കാര്യത്തിലും അവർക്ക് സഭയോട് പിണങ്ങേണ്ടി വരുന്നില്ല. അതുകൊണ്ട് തന്നെ സഭയുടെ പിൻബലം നാട്ടുപ്രമാണിമാർ മുതൽ കള്ളുകച്ചവടക്കാർ വരെ നീളുന്ന കൌശലക്കാരായ ഈ വിശ്വാസികളാണ്. വിശ്വാസത്തിന്റെ തിളക്കം പണക്കൊഴുപ്പിലായത് കൊണ്ട് പ്രകടനമില്ലാത്തതും ആർഭാടമില്ലാത്തതുമൊന്നും വിശ്വാസത്തിന്റെ ഭാഗമേയല്ല. സഭയുടെ കാര്യത്തിൽ ആശയപരമായ ഒരു ധർമയുദ്ധത്തിന്റെ പ്രതിസന്ധി ഇതാണ്.

    ReplyDelete
  2. "വരൂ സഹജരെ...വരൂ!" എന്ന അല്മായശബ്ദത്തിന്റെ ഈ സ്വാഗതഗീതകം ലോകമനസാക്ഷി കേള്ക്കാതെപോകില്ല . പണ്ട് ഇസ്രയേൽ കൊന്നൊടുക്കിയ പ്രവാചകന്മാരുടെ പുനർജന്മമാണീ 'അല്മായശബ്ദ/സത്യജ്വാല' എഴുത്തുകാർ എന്ന് ഉറച്ചു വിശ്വസിക്കുന്ന കന്യാസ്ത്രീകളെ എനിക്കറിയാം ! നീചചിന്തകളില്നിന്നും ഉരുവായ സഭയിൽ ജനിച്ചതും , സഭയുടെ കപടോപദേശങ്ങൾ കേട്ട് അവരുടെ കരിനിയമത്തിന്റെ നിത്യത്തടവറയിൽ സ്വന്തം ജീവിതം ഹോമിക്കപ്പെട്ടതോർത്തു ഉള്ളിലെന്നും കരയുന്ന ഇവരുടെ കണ്ണുനീർ കാൽവരി വിലാപത്തെക്കാളും അതികഠിനം എന്നെനിക്കു സംശയമില്ല ! പ്രക്രിതിയിലാകമാനം ലയിച്ചുചേർന്ന "ലൈഗീകത" ഒരു പാപമായി ലോകത്തെ കബളിപ്പിച്ച സഭയുടെ അധര്മ്മത്തെ കാലമേ ,നീ തിരുത്തി എഴുതൂ വേഗം ...

    ReplyDelete
  3. Congratulations for the bold stand.

    josekommattam@gmail.com

    ReplyDelete
  4. എല്ലാ ഭാവുകളും നേരുന്നു..

    ReplyDelete